Thursday, November 29, 2007

ബാലകൃഷ്ണനെ ശിഖണ്ഡിയാക്കി ഭൂമി മാഫിയയ്ക്കുവേണ്ടിയുള്ള ഗൂഢാലോചന

ഭീഷ്മരെ വീഴ്ത്താന്‍ ശിഖണ്ഡിയെ മുന്നില്‍നിര്‍ത്തി യുദ്ധം നടത്തിയ അധാര്‍മികതയുടെ ആവര്‍ത്തനമാണ്‌, 1970 ജനുവരി ഒന്നിന്‌ പ്രാബല്യത്തില്‍വന്ന കേരള ഭൂപരിഷ്കരണ നിയമം. കാലഹരണപ്പെട്ടു എന്നും, അതിനാല്‍ കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണനെക്കൊണ്ട്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയ തത്പര കക്ഷികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്‌, വ്യവസായമന്ത്രി എളമരം കരീം മാത്രമല്ല, ഇടതുപക്ഷ മന്ത്രിസഭയിലെ മൂലധന സമാഹരണ ശക്തികളും ഭൂമി മാഫിയയുടെ സംരക്ഷകരും ഈ ഗൂഢാലോചനയ്ക്കു പിന്നിലുണ്ട്‌.

വ്യവസായ വികസനത്തിലൂടെ പുരോഗതി എന്ന വ്യാജോക്തി ആവര്‍ത്തിച്ച്‌ നന്ദിഗ്രാമും, സിംഗൂരും സൃഷ്ടിച്ച്‌ ഭൂമി മാഫിയയ്ക്ക്‌ വിടുപണി ചെയ്യാനുള്ള അധമത്വ മനസ്സുകളില്‍നിന്നാണ്‌ ഇത്തരം ഒരു തന്ത്രം രൂപപ്പെട്ടതെന്നതില്‍ സംശയമില്ല. തലചായ്ക്കാനോ, ശവം മറവുചെയ്യാനോ ഒരുതുണ്ടു ഭൂമിപോലുമില്ലാത്തവര്‍ കേരള ജനസംഖ്യയുടെ 33 ശതമാനമാണെന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യം തമസ്കരിച്ചാണ്‌ ഈ വര്‍ഗ വഞ്ചകര്‍, പുതിയ ശിഖണ്ഡിയുദ്ധത്തിന്‌ കോപ്പുകൂട്ടുന്നത്‌.

ഐക്യ കേരളത്തില്‍, ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെ വിപ്ലവകരമായ രണ്ടുനീക്കങ്ങളില്‍ ഒന്നായിരുന്നു 1957 ഡിസംബര്‍ 19ന്‌ പ്രസിദ്ധപ്പെടുത്തിയ കര്‍ഷകബന്ധബില്‍. ഭൂമിയുടെ നീതിപൂര്‍വകമായ പുനര്‍വിതരണമെന്ന ഭൂപരിഷ്കരണം ലക്ഷ്യമിട്ടായിരുന്നു അന്ന്‌ റവന്യൂമന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ഈ ബില്ലിന്‌ രൂപം കൊടുത്തത്‌. ഒരു കുടുംബത്തിന്‌ കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയുടെ പരിധി 15 ഏക്കറായി നിജപ്പെടുത്തിയ ആ ബില്‍ 1959 ജൂണ്‍ 11-ന്‌ പാസ്സായി. അതിന്റെ പിറ്റേന്നു മുതലായിരുന്നു കേരള ചരിത്രത്തിലെ ഏറ്റവും കഠിന നികൃഷ്ടതയായി ചരിത്രം എക്കാലവും രേഖപ്പെടുത്തുന്ന വിമോചന സമരം ആരംഭിച്ചത്‌. അന്നത്തെ ഫ്യൂഡല്‍ മാടമ്പി വര്‍ഗത്തിന്റെ ഇന്നത്തെ ഹൈടെക്‌ നൃശംസതയായ ഭൂമി മാഫിയയ്ക്കും മൂലധന സമാഹര്‍ത്താക്കള്‍ക്കും വേണ്ടിയാണ്‌ അച്യൂതാനന്ദന്‍ മന്ത്രിസഭയിലെ വര്‍ഗ വഞ്ചകര്‍ ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കാന്‍ കരുക്കള്‍ നീക്കുന്നത്‌.

ബില്ലിന്‌ രൂപംകൊടുത്ത നിമിഷം മുതല്‍ അതിനെ തകര്‍ക്കാനുള്ള ഗൂഢാലോചനകളും ശക്തമായിരുന്നു. ആ പ്രതിലോമ ചിന്തകള്‍ക്ക്‌ 1961-ല്‍ സുപ്രീം കോടതിയും 63-ല്‍ കേരള ഹൈക്കോടതിയും അംഗീകാരം നല്‍കിയപ്പോള്‍ ബില്ലിലെ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. 67-ല്‍ അതിനനുസരിച്ച ഭേദഗതികളുണ്ടായി. ആ വികലതകളോടെയാണ്‌ 1970 ജനുവരി ഒന്നിന്‌ കേരള ഭൂപരിഷ്കരണ നിയമം പ്രാബല്യത്തില്‍ വന്നത്‌. അതിനുശേഷം 11 ഭേദഗതികള്‍ പിന്നാലെ വന്ന ഭരണക്കാര്‍ എഴുതിച്ചേര്‍ത്തത്‌ നിയമം നിര്‍മിച്ചവരുടെ വിശുദ്ധോദ്ദേശ്യത്തെ വ്യഭിചരിച്ചു. അതോടെ കേരളത്തില്‍ 7,20,000 ഏക്കര്‍ മിച്ചഭൂമിയുണ്ടാകും എന്ന ആദ്യ കണക്കുകൂട്ടലും തെറ്റിക്കപ്പെട്ടു. 1,70,991 ഏക്കര്‍ മിച്ചഭൂമിയേ കേരളത്തില്‍ ഉള്ളൂ എന്ന്‌ മാറിമാറി ഭരിച്ച കിരാതന്മാര്‍ ഔദ്യോഗികരേഖയാക്കി സ്ഥാപിച്ചെടുത്തു. എന്നിട്ടും 93,178 ഏക്കര്‍ മാത്രമേ ഏറ്റെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക്‌ നട്ടെല്ലുണ്ടായുള്ളൂ.

ഈ വിധേയത്വത്തിന്റ, ഈ വര്‍ഗവഞ്ചനയുടെ പരിസരങ്ങളിലാണ്‌ കുടിയേറ്റ-കൈയേറ്റ-വനംകൊള്ള ലോബിയും റിസോര്‍ട്ട്‌ മാഫിയയും അടങ്ങുന്ന വന്‍ഭൂമി മാഫിയസംഘം വടവൃക്ഷങ്ങളായി വളര്‍ന്നു പന്തലിച്ചത്‌. മൂന്നാറും ചിന്നക്കനാലും ടാറ്റാ, പോബ്സണ്‍ എസ്റ്റേറ്റുകളും അവരുടെ പാദസേവകരും ഈ തണലിലാണ്‌ വിശ്രമിക്കുന്നത്‌. അവരാണ്‌ ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാന്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെപ്പോലെയുളള ഉദ്യോഗസ്ഥ ശിഖണ്ഡികളെ സൃഷ്ടിച്ചെടുക്കുന്നതും.

മിച്ചഭൂമി ഏറ്റെടുക്കലും വിതരണവും ഇത്തരത്തില്‍ തുരങ്കം വയ്ക്കപ്പെട്ടതുകൊണ്ട്‌ ആദ്യ മന്ത്രിസഭയിലെ ക്രാന്തദര്‍ശികള്‍ സ്വപ്നംകണ്ട രീതിയില്‍ ഭൂരഹിതര്‍ക്ക്‌ ഭൂമിനല്‍കാന്‍ കഴിയാതെപോയി. അര്‍ഹരായവരെ ആട്ടിപ്പായിച്ച്‌ പാദസേവകരും സ്തുതിപാഠകരുമടങ്ങുന്ന മറ്റൊരുകൂട്ടം വര്‍ഗവഞ്ചകര്‍ കൃഷി ഭൂമിയുടെ ഉടമകളായി. ജന്മി-കുടിയാന്‍ബന്ധമെന്ന ചൂഷണത്തിന്റെ അനീതിയും പാട്ടകൃഷി എന്ന തൊഴില്‍പരമായ അശ്ലീലതയും തുടച്ചുനീക്കാന്‍ കഴിയാതെപോയി. എന്നും നിലത്തിന്റെ സംരക്ഷകരും അധ്വാനികളും പുലയ-പറയ വിഭാഗമായിരുന്നു. അവരാണ്‌ കാര്‍ഷികവൃത്തി നടത്തിയിരുന്നത്‌. അവര്‍ക്ക്‌ കൃഷിഭൂമി നല്‍കാതെ കുടിയാന്മാരെന്ന സവര്‍ണവിഭാഗത്തിന്‌ ഭൂമിയുടെ ഉടമസ്ഥതാവകാശം നല്‍കപ്പെട്ടതോടെ ഭൂപരിഷ്കരണ നിയമത്തിന്റെ വിശുദ്ധി പിച്ചിചീന്തപ്പെട്ടു. ഈ പുതിയ ഭൂപ്രഭുക്കന്മാര്‍ മാറിയ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സാഹചര്യങ്ങള്‍ മുതലെടുത്ത്‌ സമ്പത്ത്‌ വര്‍ധിപ്പിച്ചപ്പോള്‍ കൃഷി അന്യം നില്‍ക്കുകയും കൃഷിഭൂമി മറ്റുള്ള ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കപ്പെടുകയും ചെയ്തു. അതുകൊണ്ട്‌ അന്നും ഇന്നും ദുര്‍ബല വിഭാഗങ്ങള്‍ക്ക്‌ കൃഷിചെയ്യാനോ കയറിക്കിടക്കാനോ മരിച്ചാല്‍ കുഴിച്ചിടാനോ ഒരുതുണ്ടു ഭൂമിപോലും ഇല്ലാതെയായി.

കൃഷി തമിഴനും ആന്ധ്രാക്കാരനും നല്‍കി സര്‍ക്കാര്‍ ഉദ്യോഗത്തിന്റെയും ഗള്‍ഫ്‌ പണത്തിന്റെയും പിന്നാലെ കൃഷിഭൂമികിട്ടിയവര്‍ പോയപ്പോള്‍ പുതിയ ചൂഷക ശക്തികളായി ഭൂമിമാഫിയ അവതരിക്കുകയും ചെയ്തു. വികസനത്തിന്‌ അവര്‍ കൊലച്ചതിയുടെ പരിപ്രേഷ്യം ചമച്ചു. വന്‍ വ്യവസായങ്ങളും ഐടി മേഖലയുമാണ്‌ പുരോഗതിയുടെ മാനദണ്ഡമെന്നവര്‍ സ്ഥാപിച്ചെടുത്തു. ഈ പുതിയ മൂലധന വാമനന്മാര്‍ക്ക്‌, കുത്തക ഭീമന്മാര്‍ക്ക്‌ മൂന്നടി മണ്ണുനല്‍കുന്ന ചതിയന്‍ മാവേലിമാരായി ഭരണകര്‍ത്താക്കള്‍ പരിണമിച്ചു. പ്രാന്തവത്കൃത കര്‍ഷകനും കര്‍ഷകത്തൊഴിലാളിയും ദുര്‍ബലനും അവരുടെ കിടക്കപ്പായില്‍നിന്നുപോലും കുടിയിറക്കപ്പെടുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു. ആ വര്‍ഗവഞ്ചന ആവര്‍ത്തിക്കാനാണ്‌ ബാലകൃഷ്ണന്റെ രൂപത്തില്‍, ഭരിക്കുന്ന ഇടതുപക്ഷ മൂലധന സമഹര്‍ത്താക്കള്‍ ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കാന്‍ പിന്‍വാതില്‍ പ്രവേശനം നടത്തുന്നത്‌. പിന്‍വാതിലിലൂടെ പ്രവേശിക്കുന്നവന്‍ തസ്കരനോ ജാരനോ ആണെന്ന്‌ തിരിച്ചറിയാന്‍ കേരളത്തിലെ ആദിവാസികള്‍ക്ക്‌ കഴിയുന്നു, പക്ഷേ സാക്ഷരര്‍ക്ക്‌ കഴിയുന്നില്ല.

ആവര്‍ത്തിക്കട്ടെ കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചുപേക്ഷിക്കാനുള്ളതല്ല തിരിച്ചറിഞ്ഞ്‌ പ്രതിരോധത്തിന്റെ പടമുഖം തീര്‍ക്കാനുള്ള ആഹ്വാനമാണ്‌.