Friday, November 2, 2007

റാഗിംഗ്‌: താന്തോന്നികളുടെ മുഠാളത്തം

റാഗിംഗിന്റെ പേരില്‍ നടക്കുന്ന പേക്കൂത്തുകളും തോന്ന്യാസങ്ങളും സഭ്യതയുടേയും സഹനത്തിന്റെയും സീമകളെല്ലാം തകര്‍ത്ത്‌ കേരളത്തിലെ കാമ്പസുകളില്‍ വേതാളനൃത്തം നടത്തുകയാണ്‌.

തുടക്കക്കാരുടെ സങ്കോചമകറ്റാന്‍ പ്രൊഫഷണല്‍ കോളേജുകളില്‍ ആരംഭിച്ച 'പരിചയപ്പെടല്‍ നടപടി' കണ്ണില്‍ ചോരയില്ലാത്ത ഗുണ്ടായിസത്തിന്റെയും ക്രൂരതയുടെയും പര്യായമായി പരിണമിച്ചിരിക്കുന്നു. മുന്‍പ്‌ ആണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന കോളേജുകളില്‍ അഴിഞ്ഞാടിയിരുന്ന ഈ താന്തോന്നിത്തം ഇന്ന്‌ അടക്കവും ഒതുക്കവും അന്തസ്സും ആഭിജാത്യവും സമ്പത്തും മാന്യതയുമുള്ള കുടുംബങ്ങളിലെ പെണ്‍മക്കള്‍ പഠിക്കുന്ന വനിതാ കോളേജുകളിലും തുണിയഴിച്ചാടുന്നു; തുണിയുരിച്ച്‌ തുമ്പിതുള്ളുന്നു!

സീനിയോരിറ്റിയുടെയും സംഘബലത്തിന്റെയും സംഘടനാ മുഷ്ക്കിന്റെയും ലഹരിയുടേയും പിന്‍ബലത്തില്‍ ഒരുപറ്റം മുഠാളന്മാര്‍ നടത്തുന്ന ഈ പൈശാചികതയുടെ ഇരകളാകുന്നത്‌ താരതമേന്യ സമ്പത്ത്‌ കുറഞ്ഞ വീടുകളില്‍ നിന്നെത്തുന്ന സാധു വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളാണ്‌. തന്റെയും കുടുംബത്തിന്റെയും ഭാസുരമായ ഭാവി സ്വപ്നംകണ്ട്‌, കഠിനാധ്വാനവും അര്‍പ്പണബോധവും അച്ചടക്കവും പുലര്‍ത്തി പഠിക്കാനെത്തുന്ന ഈ സാധുക്കളെ ആത്മഹത്യയിലേക്കും കലാലയത്തോട്‌ എന്നേക്കും വിടപറയുന്ന മാനസിക അവസ്ഥയിലേക്കും തള്ളിവിടുകയാണ്‌ റാഗിംഗ്‌ വീരന്മാരായ സമ്പന്ന പുത്രന്മാരും പുത്രികളും. റാഗിംഗ്‌ എന്ന കാട്ടാളത്തം മൂലം കുസാറ്റിലെ ആറ്‌ ദളിത്‌ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനം ഉപേക്ഷിക്കേണ്ടിവന്നു. മണ്ണൂത്തി വെറ്ററിനറി കോളേജിലെ മനു എന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കൈയിലെ ഞരമ്പുമുറിച്ച്‌ ആത്മഹത്യയ്ക്കൊരുങ്ങി. ചിലര്‍ സ്വവര്‍ഗരതിക്ക്‌ നിര്‍ബന്ധിക്കപ്പെട്ടു. ചിലരെ നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ചു. വനിതാ കോളേജില്‍, ആദ്യരാത്രി അഭിനയിച്ചുകാണിക്കാന്‍ ഭീഷണിപ്പെടുത്തി. ഇങ്ങനെ കേട്ടാലറയ്ക്കുന്ന കാട്ടാളത്തങ്ങള്‍ അരങ്ങേറിയപ്പോള്‍, ഇരകളായവര്‍ രേഖാമൂലം പരാതി നല്‍കിയിട്ടും നടപടി എടുക്കാന്‍ പ്രിന്‍സിപ്പല്‍മാരോ മാനേജര്‍മാരോ മനസുകാട്ടിയില്ല. പകരം അനധികൃത മാര്‍ഗത്തിലൂടെ സമ്പത്ത്‌ സ്വരുക്കൂട്ടിയവരുടെ തെമ്മാടി സന്തതികളെ സംരക്ഷിക്കാനായിരുന്നു വ്യഗ്രത. മാത്രമല്ല ഇരകളായ ദുര്‍ബലരേയും നിസ്വരേയും വീണ്ടും വീണ്ടും കടിച്ചു കുടയാനായിരുന്നു ഈ വിദ്യാഭ്യാസ വേട്ടനായ്ക്കള്‍ ശൗര്യം കാട്ടിയത്‌. അതുകൊണ്ടാണ്‌ റാഗിംഗിന്‌ ഇരയായ ഒരു വിദ്യാര്‍ത്ഥിക്ക്‌ സെക്രട്ടേറിയറ്റിനുമുന്നില്‍ സത്യഗ്രഹം നടത്തി സത്യം വിളിച്ചുപറയേണ്ടിവന്നത്‌.

മാടായി കോളേജ്‌, കോറോം എന്‍എസ്‌എസ്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌, കുറ്റിപ്പുറം എഞ്ചിനീയറിംഗ്‌ കോളേജ്‌, ഒല്ലൂര്‍ വൈദ്യരത്നം ആയുര്‍വേദ കോളേജ്‌, എരുമപ്പെട്ടി വേലൂര്‍ തലയ്ക്കാട്ടുകര വിദ്യാ അക്കാഡമി, പുഷ്പഗിരി മെഡിക്കല്‍ കോളേജ്‌, കുസാറ്റ്‌, കൊച്ചിയിലെ ഒരു വനിതാ കോളേജ്‌ എന്നിവിടങ്ങളില്‍ ഈ വര്‍ഷം താണ്ഡവമാടിയ റാഗിംഗിലെ ദുഷ്ടതകളാണ്‌ പുറത്തുവന്നിട്ടുള്ളത്‌. ഭയവും മാനഹാനിയും മൂലം വിദ്യാര്‍ത്ഥികള്‍ പുറത്തുപറയാത്ത സംഭവങ്ങള്‍ വേറെയുമുണ്ട്‌. റാഗിംഗ്‌ എന്ന പേരില്‍ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കൊപ്പം ലൈംഗിക ആഭാസത്തരങ്ങളും ഈ കോളേജുകളില്‍ അരങ്ങേറി.

ഇത്രയൊക്കെ സംഭവിച്ചിട്ടും ഇരകളായ ദുര്‍ബലരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനോ, അവരുടെ രക്ഷകര്‍ത്താക്കളുടെ ആശങ്കയകറ്റാനോ ഒരു എസ്‌എഫ്‌ഐ നേതാവും മുന്നോട്ടുവന്നില്ല. എബിവിപിക്കാരന്‍ മനസുകാട്ടിയില്ല. കെഎസ്‌യു നേതൃത്വം തയ്യാറായില്ല. എഐഎസ്‌എഫ്‌, എംഎസ്‌എഫ്‌ ചുണക്കുട്ടന്മാര്‍ ചുണ്ടുപോലുമനക്കിയില്ല. മറിച്ച്‌, റാഗിംഗ്‌-കിരാതന്മാരുടെ തന്തമാര്‍ക്കും അവരുടെ കള്ളപ്പണം എണ്ണിവാങ്ങി തഴയ്ക്കുന്ന മാനേജ്മെന്റുകള്‍ക്കും സംരക്ഷണം നല്‍കാനാണ്‌ വിപ്ലവ വിദ്യാര്‍ത്ഥി സംഘടനപോലും തയ്യാറായത്‌.

നാടിനേയും നാട്ടാരേയും നിയമത്തേയും ധിക്കരിച്ച്‌ അനധികൃത സമ്പത്ത്‌ സ്വരുക്കൂട്ടി, അതിന്റെ ബലത്തില്‍ മക്കളെ ദുര്‍ഗുണ വിശാരദന്മാരാക്കി കോളേജിലേക്ക്‌ അയയ്ക്കുന്ന തന്തമാരും തള്ളമാരുമാണ്‌ റാഗിംഗ്‌ എന്ന കാട്ടാളത്തത്തിന്റെ യഥാര്‍ത്ഥ സ്പോണ്‍സര്‍മാര്‍. ഈ ദുഷ്ടക്കൂട്ടങ്ങള്‍ക്കെതിരായിട്ടാവണം പട്ടികകളും ദണ്ഡുകളും ഉയരേണ്ടത്‌. അല്ലാതെ പാവം പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കുനേരെയല്ല.

0 comments :