Wednesday, November 21, 2007

പാംഓയില്‍: അച്യുതാനന്ദന്‍ പറഞ്ഞതാണ്‌ ശരി

മലേഷ്യയില്‍ നിന്ന്‌ പാംഓയില്‍ ഇറക്കുമതി ചെയ്ത്‌ 35 ലക്ഷം വരുന്ന കേരകര്‍ഷകരുടെ കഞ്ഞിയില്‍ മണ്ണിടാന്‍ ചില കുത്തകകള്‍ക്ക്‌ കേരള ഹൈക്കോടതി അനുമതി നല്‍കിയതിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി അച്യുതാനന്ദനില്‍ നിന്നുണ്ടായ ചില പ്രയോഗങ്ങള്‍ 'നിരുത്തരവാദപരവും ജുഡീഷ്യറിയുടെ മേലുള്ള കടന്നുകയറ്റവുമാണെന്ന' ജസ്റ്റിസ്‌ സിരിജഗന്റെ നിലപാട്‌ ഒരു തരത്തിലും ന്യായീകരിക്കാവുന്നതോ സ്വീകാര്യമോ അല്ല.

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിന്‌ സ്റ്റേ നല്‍കി പാംഓയില്‍ ഇറക്കുമതിക്ക്‌ അനുമതിനല്‍കിയതിനെ എങ്ങനെ ന്യായീകരിക്കണമെന്നാണ്‌ ജസ്റ്റിസ്‌ പറയുന്നതെന്ന്‌ മനസിലാകുന്നില്ല. പാംഓയിലിന്റെ ഇറക്കുമതിമൂലം വെളിച്ചെണ്ണയുടെ വിലയിടിയുന്നതും കേരകര്‍ഷകരുടെ നടുവൊടിയുന്നതും കേന്ദ്ര സര്‍ക്കാരിനുബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ഒക്ടോബര്‍ 16ന്‌ ഇറക്കുമതി നിരോധിച്ചുകൊണ്ട്‌ ഉത്തരവിറങ്ങിയത്‌. ഈ ഉത്തരവുണ്ടാകാന്‍ നിരവധി നാളുകളുടെ സമ്മര്‍ദ്ദം വേണ്ടിവന്നു. ആദ്യമൊക്കെ കേരളത്തിന്റെ ആവശ്യത്തോട്‌ മുഖം തിരിച്ചുനിന്ന കേന്ദ്രം പിന്നീട്‌ യാഥാര്‍ത്ഥ്യം മനസിലാക്കിയാണ്‌ കേരളത്തിലെ തുറമുഖങ്ങളിലൂടെയുള്ള പാംഓയില്‍ ഇറക്കുമതിക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌.

ഇതിനെ ചോദ്യം ചെയ്ത്‌ കോഴിക്കോട്ടെ പാരിസണ്‍സ്‌ ഫുഡ്‌ പ്രോഡക്ടസും മുംബൈയിലെ ലിബര്‍ട്ടിയും ഒക്ടോബര്‍ 23ന്‌ കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക്‌ അനുകൂലമായി ഉത്തരവ്‌ ഇറക്കുകയുമാണ്‌ ഉണ്ടായത്‌. കേരളത്തിലെ കര്‍ഷകരുടെ സ്ഥിതിബോധമുള്ള ഒരു ന്യായാധിപനില്‍നിന്നും ഇത്തരത്തിലൊരു വിധി ഉണ്ടാകാന്‍ സാധ്യതയില്ല. രാഷ്ട്രീയക്കാര്‍ക്ക്‌ ബോധ്യമാകുന്ന യാഥാര്‍ത്ഥ്യങ്ങള്‍പോലും ന്യായാസനങ്ങള്‍ക്ക്‌ മനസിലാകുന്നില്ല എന്നു വരുമ്പോള്‍ അതിനു ചില അടിസ്ഥാന കാരണങ്ങള്‍ ഉണ്ടായേതീരൂ. ആഗോളീകരണത്തിന്റെ ദുഷ്ടവും അദൃശ്യവുമായ ചരടുകള്‍ നീതിവ്യവസ്ഥയേയും ബന്ധിക്കുന്നില്ലേയെന്ന്‌ സംശയിക്കപ്പെടുന്നത്‌ അപ്പോഴാണ്‌. ആ സംശയത്തിന്റെ ബഹിര്‍സ്ഫുരണമാണ്‌ മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്‌. പാംഓയില്‍ ഇറക്കുമതിക്ക്‌ അനുമതി നല്‍കിയ കോടതിവിധിക്ക്‌ ഈ മണ്ണിന്റെ ഗുണമല്ല, മലേഷ്യയില്‍നിന്നുള്ള ആരുടെയോ ഗുണമാണുള്ളതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞെങ്കില്‍ തീര്‍ച്ചയായും 35 ലക്ഷം കേരകര്‍ഷകരുടെയും അവരുടെ ആശ്രിതരുടെയും പ്രതിഷേധത്തിന്റെ പ്രകടനമായിട്ടുവേണമായിരുന്നു ജസ്റ്റിസ്‌ സിരിജഗന്‍ അതിനെ വിലയിരുത്തേണ്ടിയിരുന്നത്‌.

ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ വിധി പ്രഖ്യാപിക്കുന്നതെന്ന ന്യായാധിപന്മാരുടെ ന്യായം അംഗീകരിക്കേണ്ടതുതന്നെയാണ്‌. എന്നാല്‍ അടുത്തകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പല ഉത്തരവുകളിലും ഈ ന്യായംമഷിയിട്ടുനോക്കിയാല്‍പോലും കാണാത്ത അനുഭവമാണ്‌ കേരളീയര്‍ക്കുണ്ടായിട്ടുള്ളത്‌. ഉദാഹരണത്തിന്‌ കൊക്കകോള കേസിലും സ്വാശ്രയകേസിലുമുണ്ടായ വിധികള്‍ മാത്രം പരിശോധിച്ചാല്‍ മതി. കഴിഞ്ഞ ദിവസം ഈ പംക്തിയില്‍ ചൂണ്ടിക്കാണിച്ച ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെയും സൂര്യനെല്ലി പീഡനക്കേസിന്റെയും വിധികളും ഇത്തരത്തില്‍ അസ്വീകാര്യങ്ങളായി തുടരുന്നു.

അതുകൊണ്ടാണ്‌ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയ്ക്ക്‌, സംസ്ഥാനത്തെ ജനങ്ങളുടെ മുഴുവന്‍ വികാരവും ഉള്‍ക്കൊണ്ട്‌ മുഖ്യമന്ത്രിപ്രതികരിച്ചത്‌. അതിനെ ജുഡീഷ്യറിക്കെതിരായ കടന്നുകയറ്റമായി വ്യാഖ്യാനിക്കുമ്പോള്‍, കോടതിയില്‍നിന്നുണ്ടാകുന്ന ജനവിരുദ്ധമായ വിധികള്‍ ജനങ്ങളുടെ മുകളിലുള്ള കുതിരകയറ്റമായി വ്യാഖ്യാനിക്കേണ്ടിവരും. ആ വ്യാഖ്യാനത്തില്‍ ചിലപ്പോള്‍ കോടതികള്‍ക്കും ന്യായാധിപന്മാര്‍ക്കും ദഹിക്കാത്ത ചില പ്രയോഗങ്ങള്‍ ഉണ്ടായി എന്നുംവരും. അതിന്റെ പേരില്‍ മുഷിവുകാണിച്ചിട്ടോ കേസ്‌ കേള്‍ക്കുന്നതില്‍നിന്ന്‌ പിന്‍വാങ്ങിയിട്ടോ കാര്യമില്ല. സത്യം എല്ലായ്പ്പോഴും സുഖകരമായിരിക്കുകയില്ല. അതുമനസിലാക്കാനുള്ള കേവല ബുദ്ധിയും മര്യാദയും കോടതികള്‍ക്കും ന്യായാധിപന്മാര്‍ക്കും ഉണ്ടാകണം. അതില്ലാതെ പോകുമ്പോള്‍ എന്താണ്‌ കാരണമെന്ന്‌ വിവേകമുള്ള, മനുഷ്യസ്നേഹമുള്ള, പൗരബോധമുള്ളവര്‍ വിശകലനം ചെയ്യും. ആ വിശകലനത്തില്‍ ലഭിക്കുന്ന ഉത്തരം മറയില്ലാതെ പ്രകടിപ്പിക്കുകയും ചെയ്യും. അതാണ്‌ മുഖ്യമന്ത്രി അച്യുതാനന്ദന്‍ ചെയ്തത്‌.

ഇവിടെ മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. കേന്ദ്ര സര്‍ക്കാരിന്റെ ഇറക്കുമതി നിരോധന ഉത്തരവ്‌ നിലവിലിരിക്കെയാണ്‌ മലേഷ്യയില്‍നിന്ന്‌ പാംഓയിലുമായി കപ്പല്‍ കൊച്ചിയിലേക്ക്‌ തിരിച്ചത്‌. കേസിന്റെ വാദത്തിനിടയില്‍ പാംഓയില്‍ ഇറക്കുമതി അനുവദിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ നാളികേരവില ഇടിയുമെന്നും അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ ബോധിപ്പിച്ചപ്പോള്‍ "ഈ കപ്പല്‍ മലേഷ്യയില്‍ നിന്ന്‌ എത്തുമ്പോള്‍, ഇറക്കുമതി നിരോധിച്ചാല്‍ ചെലവ്‌ ആര്‌ വഹിക്കും" എന്നാണ്‌ കോടതി ചോദിച്ചത്‌. നിരോധനം നിലവിലിരിക്കെ ഒരു കപ്പല്‍ പാംഓയിലുമായി വന്നെങ്കില്‍ അവര്‍ക്ക്‌ ചെലവുകൊടുക്കേണ്ട കാര്യമൊന്നുമില്ല. പകല്‍പോലെ വ്യക്തമാണ്‌ ഈ സാങ്കേതികത. പക്ഷെ കോടതിക്ക്‌ അത്‌ ബോധ്യമായില്ല. പകരം കപ്പലുടമകള്‍ക്കും പാംഓയില്‍ ഇറക്കുമതിക്കാര്‍ക്കും ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ചായിരുന്നു ഉത്കണ്ഠ. ഇത്തരം ഉത്കണ്ഠകളെ നിശിതമായി വിമര്‍ശിച്ചേതീരൂ. അതിന്‌ മുഖം കറുപ്പിച്ചിട്ടോ കഠിനപദങ്ങളില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടോ കോടതിക്കെതിരായുള്ള കടന്നുകയറ്റമാണെന്ന്‌ വ്യാഖ്യാനിച്ചിട്ടോ കാര്യമൊന്നുമില്ല. ഇവിടെ കോടതിയെ സ്വാധീനിച്ചത്‌ കേരകര്‍ഷകരുടെ അവസ്ഥയല്ലെന്ന്‌ തീര്‍ച്ചയാണ്‌. ഏതായാലും പാംഓയില്‍ ഇറക്കുമതിക്ക്‌ താല്‍ക്കാലിക സ്റ്റേ അനുവദിച്ചത്‌ നന്നായി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിന്‌ നല്‍കിയ ഇളവിന്റെ മറവില്‍ പതിനായിരക്കണക്കിന്‌ ടണ്‍ പാംഓയിലാണ്‌ കേരളത്തിലേക്കൊഴുകിയത്‌. പാംഓയില്‍ ലോബി അങ്ങനെ ലക്ഷ്യം കണ്ടപ്പോള്‍ നാളികേര കര്‍ഷകരുടെ പ്രതീക്ഷകള്‍ക്കാണ്‌ വെള്ളിടിയേറ്റത്‌. കേസ്‌ കേള്‍ക്കുന്നതില്‍ നിന്ന്‌ ഒരു ന്യായാധിപന്‍ മാറിയതുകൊണ്ടുമാത്രം ഈ നഷ്ടം നികത്താന്‍ കഴിയുകയില്ല. പകരം ഈ നഷ്ടം ആര്‌ നികത്തുമെന്ന ചോദ്യം ന്യായാധിപനോട്‌ തിരിച്ചുചോദിക്കുകയാണ്‌ വേണ്ടത്‌. ഇത്തരത്തിലുള്ള നീതിബോധവും ന്യായാധിപന്മാരുമാണ്‌ ആഗോളീകരണത്തിന്റെ ശക്തികള്‍ക്ക്‌ ഇന്ത്യയിലേക്കും കേരളത്തിലേക്കും കടന്നുവരാനുള്ള കപ്പല്‍ച്ചാലുകളും വിമാനറൂട്ടുകളും തുറന്നുകൊടുക്കുന്നത്‌. അതിനെ എന്തുവിലകൊടുത്തും എതിര്‍ത്തേ തീരൂ.

1 comments :

  1. N.J Joju said...

    "കര്‍ഷകരുടെ സ്ഥിതിബോധമുള്ള ഒരു ന്യായാധിപനില്‍നിന്നും"

    ന്യായാസനത്തിന്റെ കര്‍ഷകരുടെ ദയനീയ സ്ഥിതി നോക്കേണ്ടകാര്യമല്ല. വിധികള്‍ വികാരപരമാവാന്‍ പാടില്ല. സ്ഥിതി ബോധം ന്യായാസനത്തിനു വേണം എന്നു വാദിക്കുന്നത് നീതിന്യായ വ്യവസ്ഥയെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ്. നീതിദേവതയുടെ കണ്ണ് കെട്ടിയത് അബദ്ധവശാലല്ല.

    നയപരമായ തീരുമാനങ്ങള്‍ കൈക്കോള്ളേണ്ടത് സര്‍ക്കാരാണ്. അത് കേന്ദ്രമായാലും സംസ്ഥാനമായാലും. അതേ സമയം കോടതിയ്ക്ക് അങ്ങനെയൊരു നയമില്ല, ഉണ്ടാവാനും പാടില്ല.

    സമ്പന്നനോട് പ്രത്യേക താത്പര്യമോ ദരിദ്രനോട് സഹതാപമോ ഒരു നീതിപീഠത്തിനുണ്ടാവാന്‍ പാടില്ല.

    സമ്പന്നന്റെ പോക്കറ്റടിച്ച കള്ളന്റെ ദയനീയ സ്ഥിതി മനസിലാക്കി നീതിപീഠം അവനെ കുറ്റവിമുക്തനാക്കാന്‍ പാടുണ്ടോ?

    കോടതി വിധിയെ വിമര്‍ശിയ്ക്കാന്‍ അച്യുതാനന്ദന് വ്യക്തിപരമായും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ പ്രത്യേകിച്ചും അവകാശമുണ്ട്. അതേ സമയം അദ്ദേഹം ഉപയോഗിച്ച ഭാഷ ന്യായാധിപനെ അപമാനിയ്ക്കുന്ന തരത്തിലായിരുന്നു. അത് ഒഴിവാകാവുന്നതുമായിരുന്നു.

    ദീപികയിലെ വാര്‍ത്ത പ്രകാരം പാമോയിലിന് വെളിച്ചെണ്ണയേക്കാള്‍ വിലയുണ്ട്.

    ഇവിടുത്തെ കൂലിപ്പണികാര്‍ ഉള്‍പ്പെടുന്ന സാധാരണക്കാരന്‍ പത്തുരൂപയ്ക്കു തേങ്ങയും നൂറുരൂപകൊടുത്ത് വെളിച്ചെണ്ണയും വാങ്ങണനെന്നാണോ അച്യുതാന്ദന്‍ ആഗ്രഹിക്കുന്നത് എന്ന മറുചോദ്യത്തിനും പ്രസക്തിയുണ്ട്.