Friday, November 2, 2007

ചിരിച്ചുചിരിച്ചു മരിക്കും

വെട്ടിപ്പിടിക്കാന്‍ ഇനി സാമ്രാജ്യങ്ങളൊന്നുമില്ല. ഉഷാ ഉതുപ്പ്‌ പൊട്ടിക്കരയുകയാണ്‌. ഗൃഹാങ്കണങ്ങളില്‍ കണ്ണീര്‍ പ്രളയം സൃഷ്ടിച്ച മെഗാപരമ്പരകളെ കടത്തിവെട്ടി ഏഷ്യാനെറ്റിലെ സ്റ്റാര്‍സിംഗര്‍ റിയാലിറ്റി ഷോ കണ്ണീരില്‍ കുതിര്‍ന്നുകിടക്കുന്നു! അവതാരികയുടെ മട്ടും ഭാവവും കണ്ടാല്‍ ടെര്‍മിനേഷന്‍ റൗണ്ടില്‍ ഷോയില്‍ നിന്നല്ല; ജീവിതത്തില്‍ നിന്നുതന്നെ ഓരോരുത്തര്‍ ടെര്‍മിനേറ്റ്‌ ചെയ്യപ്പെടുകയാണെന്നുതന്നെ തോന്നും. ചേച്ചിയുടെ ഓരോ കണ്ണില്‍നിന്നും വടിച്ചെറിയുന്ന്‌ ഓരോ കുടം കണ്ണീര്‍!

എം.ജി. അണ്ണന്റെ മുഖത്ത്‌ ആരു ചത്താലും തനിക്കെന്തെന്ന ഭാവം തന്നെ. കൂടിവന്നാല്‍ ചിരിക്കല്‍പ്പം വോള്‍ട്ടേജ്‌ കുറയും അത്രമാത്രം.ശരത്‌ എന്ന അണ്ണാച്ചിക്ക്‌ അഗാധ മൗനം. സ്വതവേ കനപ്പെട്ട 'മോന്ത'യില്‍ സങ്കടക്കടല്‍ ഇരമ്പിയാര്‍ക്കുന്നതുകാണാം.'പാര്‍ട്ടിസിപ്പന്റ്‌' ഈ ലോകത്തോട്‌ വിടപറയുന്നതിന്റെ ദുഃഖസാന്ദ്രമായ വയലിന്‍ നാദം. ഷോ കണ്ടിരിക്കുന്ന കുഞ്ഞുകുട്ടി പരാധീനങ്ങള്‍ കരഞ്ഞുകരഞ്ഞു തളര്‍ന്ന്‌ കഞ്ഞിപോലും കുടിക്കാതെ കിടന്നുറങ്ങിപ്പോകുന്നു!

സൂപ്പര്‍ ഡാന്‍സറെ കണ്ടുപിടിക്കാനായി നടത്തുന്ന ഗവേഷണ പരിപാടികളില്‍ ചാനലുകള്‍ ശരിക്കുപറഞ്ഞാല്‍ അര്‍മാദിക്കുകയാണ്‌! കിളുന്തു പെമ്പിള്ളേര്‍ ഉറഞ്ഞുതുള്ളുമ്പോള്‍ പിടിവിട്ടു പോകാതിരിക്കാന്‍ തമ്പുരാനെ വിളിച്ചുപോവുകയാണ്‌ കാണികള്‍! റിയാലിറ്റി ഷോകളില്‍ കുഴഞ്ഞാടുന്ന പെമ്പിള്ളാരുടെ അച്ഛനമ്മമാരെയും ആങ്ങളമാരെയുമാണ്‌ ലിമോസിന്‍ കാര്‍ നല്‍കി ആദരിക്കേണ്ടതെന്ന്‌ ചുരുക്കം.പണ്ടത്തെപ്പോലെ സി ക്ലാസ്‌ തീയേറ്ററുകളില്‍ പീസുപടം കാണാന്‍ ചെറുപ്പക്കാരും മധ്യവയസ്ക്കരും പോകാതായിരിക്കുന്നു. നല്ല നല്ല പീസുകള്‍ വീടിന്റെ നടുമുറിയിലിരുന്നാല്‍ മാന്യമായിതന്നെ കാണാമല്ലോ! അന്നന്നത്തേക്കുള്ളത്‌ അന്നന്നുതന്നെ കിട്ടും!

ദൈവമേ... റിയാലിറ്റി ഷോകളിങ്ങനെ വള്‍ഗാരിറ്റി ഷോകളായി മാറുന്ന കാണുമ്പോള്‍ ഏതു ചാനലാണിനി 'സൂപ്പര്‍ കാബറെ ഡാന്‍സര്‍' എന്ന ഷോയുമായി വരാനിരിക്കുന്നതെന്നോര്‍ത്തു പേടിയാകുന്നു!

മണ്ടന്മാര്‍ നമ്മള്‍, എസ്‌എംഎസ്‌ അയച്ചയച്ച്‌ മൊബെയില്‍ കമ്പനികള്‍ കോടികള്‍ കൊയ്യുന്നു. ചാനലുകാര്‍ കാണികളെ ഇക്കിളിയാക്കികൊണ്ടേയിരിക്കുന്നു. ചിരിച്ചു ചിരിച്ചു കരഞ്ഞുകരഞ്ഞ്‌ കയ്യിലുള്ളതൊക്കെ കമ്പനിക്കാര്‍ ചോര്‍ത്തുന്നതറിയാതെ നമ്മള്‍ പാവങ്ങള്‍!

ഓര്‍ത്താല്‍ ചിരിച്ചുചിരിച്ച്‌ മരിക്കും!!!

:::ഈഡിസ് ഈജിപ്തി:::

7 comments :

 1. Anonymous said...

  biased views pal. aloru kapada budhijeevi aanennu thonnunnu.

 2. കുറുമാന്‍ said...

  കലക്കി മാഷെ...........വാസ്തവം വാസ്തവം.

 3. സപ്ന അനു ബി. ജോര്‍ജ്ജ് said...

  വാസ്തവങ്ങള്‍ മാത്രമേയുള്ളോ അതോ ജീവിതത്തിന്റെ സ്വപ്നങ്ങളും ഉണ്ടോ? സ്വപ്നങ്ങള്‍ ഇല്ലാതെ എന്തു ജീവിതം!!!!വാസ്തവത്തിനു എല്ലാ ഭാവുകങ്ങളും

 4. arun said...

  Yes...my dear......dain..VASTAVAM

 5. ഏ.ആര്‍. നജീം said...

  :)

 6. മറ്റൊരാള്‍\GG said...

  ....പെമ്പിള്ളേര്‍ ഉറഞ്ഞുതുള്ളുമ്പോള്‍ പിടിവിട്ടു പോകാതിരിക്കാന്‍ തമ്പുരാനെ വിളിച്ചുപോവുകയാണ്‌ കാണികള്‍! റിയാലിറ്റി ഷോകളില്‍ കുഴഞ്ഞാടുന്ന പെമ്പിള്ളാരുടെ അച്ഛനമ്മമാരെയും ആങ്ങളമാരെയുമാണ്‌ ലിമോസിന്‍ കാര്‍ നല്‍കി ആദരിക്കേണ്ടതെന്ന്‌ ചുരുക്കം... വാസ്തവം! വാസ്തവം!

  ഞാന്‍ ഈ ഉറഞ്ഞുതുള്ളല്‍ കാണാന്‍ മിനക്കെടാറില്ല.

  പിന്നെ നിങ്ങള്‍ പറയുംപോലെ ഉഷചേച്ചിയുടെ ‘കണ്ണീര്‍‘ വളരെ ഓവറാണെന്ന് എനിയ്ക്കും തോന്നുന്നു.

  വാസ്തവത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

 7. Meenakshi said...

  സ്റ്റാര്‍ സിംഗറില്‍ കാണിക്കുന്ന വികാരപ്രകടനങ്ങള്‍, അഭിനയം മാത്രമാണ്‌, മുതലക്കണ്ണീരിണ്റ്റെ എപിസോഡുകളാണ്‌ Elinination Round കള്‍. വാസ്തവം പറഞ്ഞത്‌ തികച്ചും വാസ്തവം തന്നെ. അഭിനന്ദനങ്ങള്‍