Thursday, November 22, 2007

ആരാണീ ഭാര്‍ഗവന്‍...? ദിവാകരന്‍...? രാജേന്ദ്രന്‍...?

വടക്കേ ഇന്ത്യയിലെ ഗുണ്ടാത്തലവന്മാരെപ്പോലെ പോലീസ്‌ സ്റ്റേഷനില്‍
കടന്നുകയറി, അറസ്റ്റുചെയ്ത പ്രതിയെ ബലമായി പുറത്തിറക്കിയപ്പോള്‍ വെളിയം
ഭാര്‍ഗ്ഗവന്‍ എന്ന നേതാവിന്‌ അണികളുടെ കയ്യടി ലഭിച്ചിരിക്കാം. എന്നാല്‍
തങ്ങള്‍ക്കുകൂടി പങ്കാളിത്തമുള്ള ഭരണത്തില്‍ എന്തു തോന്ന്യാസവും
കാണിക്കാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അംഗങ്ങള്‍ക്ക്‌ അവകാശവും
അധികാരവും ഉണ്ട്‌ എന്ന വികലമായ സന്ദേശമാണ്‌ വെളിയം ഭാര്‍ഗ്ഗവന്‍ ഇന്നലെ
നല്‍കിയത്‌. ഭാര്‍ഗ്ഗവന്റെ ഈ ധാര്‍ഷ്ട്യത്തിനും ഗര്‍വിനും
കൂട്ടുനില്‍ക്കാന്‍ മന്ത്രിമാരായ ദിവാകരനും രാജേന്ദ്രനും ചെറുഗുണ്ടകളായി
ഒപ്പമുണ്ടായിരുന്നു.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണം വന്നാല്‍ പോലീസ്‌
സ്റ്റേഷനുകളെ അവരുടെ അടുക്കളകളാക്കി മാറ്റുമെന്ന ആരോപണത്തെ കുറേക്കൂടി
വൃത്തികെട്ട രീതിയില്‍ സാര്‍ത്ഥകമാക്കാനാണ്‌ ഭാര്‍ഗ്ഗവന്റെ തന്റേടത്തിന്‌
കഴിഞ്ഞിട്ടുള്ളൂ. ഇത്‌ വെളിയം ഭാര്‍ഗ്ഗവനെപ്പോലെ മുതിര്‍ന്ന ഒരു
നേതാവില്‍നിന്ന്‌ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത, വികല്‍പ്പങ്ങള്‍
നിറഞ്ഞ നടപടിയായിരുന്നു.

കുത്തകകള്‍ ഇന്ത്യയുടെ പൊതുവിതരണ രംഗത്ത്‌ കടന്നുവരുന്നതിനെ, അവര്‍ക്ക്‌
അതിന്‌ അവസരം നല്‍കുന്ന കേന്ദ്രനയത്തെ എല്ലാരീതിയിലും എതിര്‍ത്ത്‌
തോല്‍പ്പിക്കേണ്ടതുണ്ട്‌. അതിനായി ഏതു പ്രക്ഷോഭമാര്‍ഗ്ഗവും സ്വീകരിക്കാം;
തെറ്റില്ല. എന്നാല്‍ അതിന്റെ പേരില്‍ പോലീസിനെ കയ്യേറ്റം
ചെയ്യാനൊരുങ്ങുന്നത്‌ ഒരിക്കലും നീതിമത്കരിക്കാന്‍ കഴിയുന്ന
പ്രവൃത്തിയല്ല. ആ വൃത്തികേടാണ്‌ രാഖി രവികുമാറില്‍നിന്നും ഉണ്ടായത്‌.
സ്വാഭാവികമായും പോലീസ്‌ അവരെ കസ്റ്റഡിയില്‍ എടുക്കും. അതേ നടന്നതുമുള്ളൂ.

പോലീസിനെതിരെ കയ്യുയര്‍ത്തിയ രാഖി രവികുമാറിനെ കയ്യോടെ പുറത്തിറക്കാനാണ്‌
മുണ്ടുമാടിക്കെട്ടി ഗുണ്ടാസ്റ്റെയിലില്‍ ഭാര്‍ഗ്ഗവനും ദിവാകരനും രാഘവനും
പോലീസ്‌ സ്റ്റേഷനിലെത്തിയത്‌. സാധാരണ പ്രതികളോട്‌ പോലീസ്‌ പറയുന്ന
അസഭ്യങ്ങള്‍ പുലമ്പിയും സ്റ്റേഷന്‍ ഫോണില്‍നിന്നും ആഭ്യന്തര മന്ത്രിയെ
ഭീഷണിപ്പെടുത്തിയും ഭാര്‍ഗ്ഗവന്‍ കാണിച്ചുകൂട്ടിയ വികല്‍പ്പങ്ങള്‍ ആ
പാര്‍ട്ടിക്കുമുകളില്‍ ഇപ്പോള്‍ പതിച്ചിട്ടുള്ള ആരോപണങ്ങളുടെ ചെളി
തൂത്തുതെറിപ്പിക്കാന്‍ ഒരുതരത്തിലും സഹായകമായിട്ടില്ല മറിച്ച്‌
അവര്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെ ശക്തിപ്പെടുത്തുകയാണ്‌
ചെയ്തത്‌.

മൂന്നാറും മെര്‍ക്കിസ്റ്റണ്‍ ഇടപാടും സിപിഐയ്ക്ക്‌ വരുത്തിവച്ച അപമാനത്തെ
ശാശ്വതീകരിക്കുന്നതാണ്‌ ഇപ്പോള്‍ അരവണ കരാര്‍ നല്‍കുന്നതില്‍
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ സിപിഐ നോമിനി നാരായണ്‍ സ്വീകരിച്ച
നിലപാട്‌. ഇത്‌ അഴിമതി നിറഞ്ഞതാണെന്ന്‌ ആരോപിച്ചത്‌ ദേവസ്വം
മന്ത്രിതന്നെയാണ്‌. മാത്രമല്ല, നാരായണന്‍ ഉള്‍പ്പെടെയുള്ള
അംഗങ്ങള്‍ക്കെതിരെ വിജിലന്‍സ്‌ അന്വേഷണത്തിനും മന്ത്രി
ഉത്തരവിട്ടിട്ടുണ്ട്‌. ഇത്തരത്തില്‍ പൊതുജനമദ്ധ്യത്തിലും ഭരണരംഗത്തും
അഴിമതികൊണ്ട്‌ ഒറ്റപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്ത സിപിഐ യുടെ
മുഖം രക്ഷിക്കാനുള്ള ഗുണ്ടായിസമാണ്‌ ഭാര്‍ഗ്ഗവ-ദിവാകര-രാജേന്ദ്രന്മാര്‍
കാട്ടിക്കൂട്ടിയത്‌. മന്ത്രിമാരും പാര്‍ട്ടി നേതാക്കളും ആയിരിക്കെ ഇവര്‍
ഇങ്ങനെയൊക്കെ പെരുമാറുമെങ്കില്‍ ഇവരുടെയുള്ളില്‍ സക്രിയമായിരിക്കുന്ന
ക്രിമിനല്‍ സ്വഭാവം എത്രയെന്ന്‌ ഊഹിക്കുക. ഇവര്‍ കമ്മ്യൂണിസ്റ്റുകളല്ല;
കറതീര്‍ന്ന ക്രിമിനലുകളാണ്‌. ഗുണ്ടാനിയമം ഇത്തരക്കാര്‍ക്കെതിരെയാണ്‌
നടപ്പിലാക്കേണ്ടത്‌.

2 comments :

  1. Midhu said...

    വെളിയത്തിനു മന്ത്രിപ്പണി വേണോ? -----വേണ്ടമൂന്നാര്കയ്യേറ്റം ഒഴിപ്പിക്കണോ?---------വേണ്ടമെര്‍ക്കിസ്റ്റണ് ഭൂമിയിടപാട് സി.ബി.ഐ. അന്വേഷിക്കണോ?..............വേണ്ടശബരിമല അരവണക്കരാറ് വിജിലന്സ് അന്വഷിക്കണോ?............... വേണ്ടപോലീസുകാരിയെ ത്തല്ലിയാല് കേസുവേണോ……………… വേണ്ട

  2. Radheyan said...

    സ:വെളിയം ഭാര്‍ഗ്ഗവന്‍ എന്ന മേല്‍പ്പറഞ്ഞ ഗുണ്ടയെ 1945-50 കാലത്ത് പോലീസ് പിടിച്ചിട്ടുണ്ട്.അന്നും അദ്ദേഹം ഇതു പോലെ എന്തെങ്കിലും പോക്രിത്തരം കാട്ടി കാണും.എന്തായാലും അദ്ദേഹത്തിന്റെ അധികമുള്ള ഏതാനും വാരിയെല്ലുകള്‍ ചവുട്ടി ഒടിച്ചാണ് അന്നത്തെ സിപിയുടെയും റ്റികെ നാരായമ്മപിള്ളയുടെയും പോലീസ് അന്നു വിട്ടത്.അതിനു ചുറ്റും ഒരു ബെല്‍റ്റ് കെട്ടിയാണ് അദ്ദേഹം അതിനു മേല്‍ ഒറ്റമുണ്ട് മടക്കി കുത്തി അദ്ദേഹം ഇന്നു ഗുണ്ടയെ പോലെ പിന്നെയും പോലീസ് സ്റ്റേഷന് മുന്നില്‍ വന്നു നിന്നത്.ചവുട്ടി ഒടിക്കേണ്ടേ ആ നട്ടെലു കൂടി.

    ത്യാഗത്തിന്റെ പേരിലായാലും അനുഭവസമ്പത്തിന്റെ പേരിലായലും ഇതിനകം പലകുറി എം.എല്‍.ഏയും മന്ത്രിയുമാകേണ്ട ആളാണ് വെളിയം.മണ്ടനായതു കൊണ്ട് 1957 നു ശേഷം ഒരിക്കലും അദ്ദേഹം അതിനി ശ്രമിച്ചില്ല എന്നു തോന്നുന്നു.

    അരാണീ ഭാര്‍ഗ്ഗവന്‍ എന്നൊക്കെ ഉറക്കെ അട്ടഹസിക്കുന്നതിനു മുന്‍പ് കേരളത്തിലെ കമ്യു.പാര്‍ട്ടിയുടെ ചരിത്രമൊന്നു മറിച്ചു നോക്കുന്നതു നല്ലത്.അത് ദിനം പ്രതി വിപ്ലവ ഗീര്‍വ്വാണം മുഴക്കുന്ന ബ്ലോഗ് റ്റീം ആയാലും താന്‍ മാത്രം വിപ്ലവകാരി എന്നു നടിക്കുന്ന മന്ത്രി ആയാലും.വെളിയം ഭാര്‍ഗ്ഗവന്‍ എന്ന ഈ ഗുണ്ട കൂടി കൊണ്ട കൊടിയ മര്‍ദ്ദനത്തിന്റെ കൂടി ഫലമാണ് ജന്മിത്തത്തെ തിരുവതാംകൂറി നിന്നും തുരത്താനും അമേരിക്കന്‍ മോഡലിനെ അറബിക്കടലി കെട്ടി താഴ്ത്താനും കഴിഞ്ഞത്.

    സമരസഖാക്കളെ മോചിപ്പിക്കാന്‍ ആദ്യമായി ആണ് നേതാക്കള്‍ പോലീസ് സ്റ്റേഷനില്‍ എത്തുന്നത് എന്ന് തോന്നും ചിലരുടെ പ്രതികരണ കൌതുകം കണ്ടാല്‍.1996ല്‍ സെയില്‍ റ്റാക്സുകാരെ തല്ലിയ വ്യാപാരി വ്യവസായി ഏകോപന സമിത് നേതാക്കളെ മോചിപ്പിക്കാന്‍ ആലപ്പുഴ എം.എല്‍.എ കെസി വേണുഗോപാലും അന്നത്തെ ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാനും ഇന്നതെ ഡി.സി.സി പ്രസിഡന്റ് ഷുക്കൂറും ആലപ്പുഴ പോലീസ് സ്റ്റേഷനില്‍ കാട്ടിക്കൂട്ടിയത് ആലപ്പുഴക്കാരെങ്കിലും ഓര്‍ക്കുന്നുണ്ടാവും.അതേ കാലത്ത് ഉമ്മന്‍ ചാണ്ടിയും പ്രതികളെ മോചിപ്പിക്കാന്‍ സ്റ്റേഷനില്‍ സത്യാഗ്രഹം നടത്തിയിട്ടുണ്ട്.എസ്.എഫ്.ഐയുടെ ചാര്‍ജ്ജുകാരന്‍ എന്ന നിലയ്ക്ക് എത്ര തവണ യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സമരക്കാരെ ഇറക്കാന്‍ ഇന്നത്തെ ആഭ്യന്തരമന്ത്രിയും ഈ.പി.ജയരാജനും ശിവദാസമേനോനും പോലീസ് സ്റ്റേഷനില്‍ കയറിയിരിക്കുന്നു.ഈ ഭരണകാ‍ലത്ത് തന്നെ എസ്.എഫ്.ഐയുടെ പത്തനംതിട്ട ജില്ലാ നേതാവായ മനുവിനെ പാര്‍ട്ടിക്കാര്‍ സ്റ്റേഷന്‍ അക്ഷരാര്‍ദ്ധത്തില്‍ ആക്രമിച്ച് ഇറക്കി കൊണ്ടു പോയി.അന്നൊന്നും ഇല്ലാത്ത ചങ്കു വേദന ഇന്ന് വന്നത് വിചിത്രം തന്നെ.

    ഇനി എന്താണ് വെളിയം ചെയ്തത്?പെണ്‍കുട്ടികളെ,(അവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്),ജാമ്യത്തില്‍ വിട്ടാ‍ലേ പോകൂ എന്ന് ശഠിച്ച് സ്റ്റേഷനില്‍ നിന്നു.ഒരു ഘട്ടത്തിലും മന്ത്രിമാ‍ര്‍ സ്റ്റേഷനില്‍ കയറുകയോ പോലീസുകാരെ ഭീഷണി പെടുത്തുകയോ ചെയ്തില്ല.അവര്‍ ആ മുറ്റത്തു നിന്നു എന്നു മാത്രമാണ് സത്യം.അതു പോലെ വെളിയം പുലഭ്യം പറഞ്ഞു എന്നൊക്കെ പറയുന്നത് ശുദ്ധ കളവാണ്.1948-52 കാ‍ലത്തെ വീര്യം ഇന്നും വെളിയത്തിലുള്ളതു കൊണ്ട് അദ്ദേഹം തന്റെ സമര സഖാക്കള്‍ക്കായി നില കൊണ്ടു.അതില്‍ ഒരു തെറ്റുമില്ല എന്ന് അദ്ദേഹത്തിന്റെ സഖാക്കള്‍ വിശ്വസിക്കുന്നു.അതിനെ ധര്‍ഷ്ട്യം എന്നു വിളിച്ചത് 1948ല്‍ ജന്മിത്ത ശക്തികളാണെങ്കില്‍ ഇന്ന് ചില കുളിമുറി വിപ്ലവകാരികളാണ്.

    ഇനി ജി.സുധാകരനെയും അദ്ദേഹം ഉണ്ടാക്കുന്ന വിവാദങ്ങളെയും കുറിച്ച്: (ശ്രീ സുധാകരന്റെ പത്നിയുടെ വളരെ പ്രിയപ്പെട്ട ശിഷ്യനാണ് ഞാന്‍.കുടുംബപരമായും എനിക്ക് അദ്ദേഹത്തോട് അടുപ്പമുണ്ട്.)

    അദ്ദേഹം ആലപ്പുഴയില്‍ വളരെ കാലമായി നിലനില്‍ക്കുന്ന സി.പി.ഐ-സി.പി.എം സംഘര്‍ഷം സംസ്ഥാനതലത്തിലേക്ക് വളര്‍ത്താനാണ് ശ്രമിക്കുന്നത്.അദ്ദേഹം ജില്ലാ സെക്രട്ടറി ആയിരുന്ന കാ‍ലത്താണ് ഏറ്റവും അധികം സംഘര്‍ഷം ഉണ്ടായിരുന്നത്.അദ്ദേഹത്തിന്റെ നാവു ദോഷം ഒന്നു മാത്രമാണ് അതിനു കാരണം.

    ഈ ബോര്‍ഡ് വന്നതിന്റെ പിറ്റേന്ന് സുധാകരന്‍ പറഞ്ഞു.കാശു കൊടുക്കാതെ നാരായണന്‍ അരവണ വാങ്ങി എന്ന്.പിറ്റേന്ന് നാ‍രായണന്‍ ബില്ലുമായി വന്നു.സുധാകരന്‍ സൂത്രത്തില്‍ പിന്നെ വേറെ വിഷയത്തിലേക്ക് മാറി.

    ഇപ്പോഴത്തെ അരവണ കരാറ് ഉണ്ടാക്കിയപ്പോള്‍ പ്രസിഡന്റ് ഒരു ഡിസന്റിംഗ് നോട്ട് എഴുതിയിരുന്നെങ്കില്‍ അദ്ദേഹത്തെ ഒഴിവാക്കി അന്വേഷിക്കുന്നതില്‍ ന്യാമുണ്ടെന്നു മനസ്സിലാക്കാം.പക്ഷെ ഇ.എം.എസിന്റെ മരുമോനെ തൊടാന്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ ചാടിക്കളിക്കുന്ന സുധാകരന്‍ എന്ന കുഞ്ഞിരാമന് ---- വിറയ്ക്കും.അതു കൊണ്ട് ഘടകകക്ഷി അംഗങ്ങളുടെ പേരില്‍ അന്വേഷണം.അന്വേഷിക്കുന്നതിനു മുന്‍പേ ആരാണ് അഴിമതി നടത്തിയന്ന് സുധാകരന്‍ മണത്ത് കണ്ടുപിടിച്ചെങ്കില്‍ അങ്ങു തൂക്കി കൊല്ലണം സര്‍.

    1969ല്‍ ഇതു പോലെ ഒരു കുരുട്ടു ബുദ്ധി അന്നത്തെ മുഖ്യനു തോന്നി.ദീര്‍ഘകാലം തന്റെ സഖാക്കളായിരുന്ന റ്റിവിക്കിട്ടും എം.എന്നിട്ടും ഒന്നു പണിയണമെന്ന് നമ്പൂതിരിപ്പാടിനു തോന്നി.കാര്യമൊന്നുമില്ല,സി.പി.ഐയോടുള്ള ചൊറിച്ചില്‍ മാത്രം.ഫലമോ 11 കൊല്ലം പ്രതിപക്ഷത്തിരുന്നു ചൊറികുത്തി പഴുപ്പും മണത്ത് ഇരിക്കേണ്ടി വന്നു തിരുമേനിക്കും കൂട്ടര്‍ക്കും.

    ഓര്‍മ്മകളുണ്ടായിരിക്കണം