Saturday, November 10, 2007

ചീറ്റിക്കും ചീറ്റിക്കും കരിഒാ‍യില്‍ ഞങ്ങള്‍ ചീറ്റിക്കും!

കരിഓയില്‍ ഒരു മാരകായുധമാകുന്നു. ഈ ആയുധം ആര്‍ക്കും എപ്പോഴും കൈവശം വയ്ക്കാവുന്നതും ലൈസന്‍സ്‌ വേണ്ടാത്തതും ആകുന്നു.

ഉഗ്രപ്രതാപിയായ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ എന്ന യുദ്ധക്കൊതിയനുമുതല്‍ കിഴുക്കാംതൂക്ക്‌ പഞ്ചായത്തിലെ സുപ്രഭാതം ആര്‍ട്സ്‌ ക്ലബ്‌ പ്രസിഡന്റ്‌ ജോര്‍ജുകുട്ടി എന്ന എറച്ചിക്കൊതിയനുവരെ ഈ ആയുധത്തെ പേടിയാകുന്നു. ഏതെങ്കിലും ഒരുത്തന്‌ ഹാലിളകിയാല്‍ ഏതുനേരവും തങ്ങളുടെ ചിത്രത്തെയെങ്കിലും കരിഓയിലില്‍ കുളിപ്പിച്ച്‌ കിടത്തിയേക്കാം എന്നതാണ്‌ ഈ കരിഓയില്‍ പേടിയുടെ ഹേതു! ആരെയും പേടിയില്ലാത്ത ലീഡര്‍ കരുണാകരന്‍വരെ കരിഓയിലിനെ പേടിക്കേണ്ട അവസ്ഥവന്നിരിക്കുന്നു. ലീഡര്‍ കരുണാകരന്‍ കൊടുങ്ങല്ലൂര്‍ പോലീസ്‌ സ്റ്റേഷന്‍ മൈതാനിയില്‍ കുറച്ചു ദിവസം മുന്‍പ്‌ വരെ വെളുക്കെ ചിരിച്ച്‌ ഫ്ലക്സുബോര്‍ഡായി സ്ഥിതിചെയ്തിരുന്നു. 'ലീഡര്‍ക്ക്‌ കോണ്‍ഗ്രസിലേക്ക്‌ സ്വാഗതം' എന്നുപറഞ്ഞാണ്‌ മൃഗങ്ങളെ 'സ്റ്റഫ്‌' ചെയ്യുന്നമാതിരി ലീഡറെ യൂത്ത്കോണ്‍ഗ്രസുകാര്‍ ഫ്ലക്സു ചെയ്തിരുന്നത്‌.

രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ കരിഓയിലില്‍ കുളിപ്പിക്കുന്നതും ഭവാന്‍ എന്നു പറഞ്ഞപോലെ രണ്ടു നാലു ദിനം കഴിഞ്ഞപ്പോള്‍ ഫ്ലക്സുലീഡര്‍ കരിഓയിലില്‍ കുളിച്ച്‌ ചിരിച്ചിരിക്കുന്നതാണ്‌ നാട്ടുകാര്‍ കണ്ടത്‌. ലീഡര്‍ക്ക്‌ സ്വാഗതമോതിയ യൂത്തുകോണ്‍ഗ്രസുകാരുടെ നടപടി സ്ഥലത്തെ ചാണ്ടി പക്ഷക്കാരായ മൂത്ത കോണ്‍ഗ്രസുകാര്‍ക്ക്‌ പിടിച്ചില്ലെന്നു ചുരുക്കം! ശരിക്കും യൂത്തുകോണ്‍ഗ്രസുകാരുടെ മേല്‍തന്നെ കരിഓയില്‍ ഒഴിക്കുകയാണ്‌ വേണ്ടിയിരുന്നത്‌. പണ്ടേ അടികൊണ്ട്‌ ശീലമില്ലാത്തതിനാല്‍ അടിവാങ്ങുന്ന ആ പണിക്കുപോയില്ല ആ മൂത്തവന്മാര്‍. രാത്രിയില്‍ തക്കം നോക്കി ലീഡറുടെ മേല്‍തന്നെ കരിഓയില്‍ അഭിഷേകം നടത്തി ആനന്ദതുന്ദിലരായി മൂത്തവന്മാര്‍!

പണ്ട്‌ മലയാള ഭാഷാ പ്രേമം മൂത്ത്‌ നമ്പാടന്‍ എന്നൊരു മാഹാനുഭാവന്‍ ഗ്രാമ ഗ്രാമാന്തരങ്ങളിലും പട്ടണവീഥികളിലും ഇംഗ്ലീഷ്ബോര്‍ഡുകള്‍ മായിക്കാനായി കരിഓയില്‍ കന്നാസുമായി നടന്ന കഥ യവന ചരിത്രത്തിലില്ലെങ്കിലും കേരളചരിത്രത്തിലുണ്ട്‌. റാന്തലുമായി പകല്‍വെളിച്ചത്തില്‍ ഇറങ്ങിനടന്ന ഡയോജനിസ്‌ ആശാന്റെ ഉത്തമ ശിഷ്യനായിരുന്നു അന്നു നമ്പാടന്‍. ആശാനെയും ശിഷ്യനെയും നാട്ടുകാര്‍ക്കുമാത്രം മനസ്സിലായില്ലെന്നത്‌ വേറെ കാര്യം. ഇനിയിപ്പോള്‍ ആണവായുധങ്ങളും ജൈവായുധങ്ങളും പരാജയപ്പെടുന്നിടത്ത്‌ കരിഓയിലായുധം കരിങ്കൊടി പാറിക്കും.

പാടത്തിന്റെ വരമ്പത്തും ലോകത്തെല്ലാ മൂലയിലും ചീറ്റിക്കും ചീറ്റിക്കും കരിഒാ‍യില്‍ ഞങ്ങള്‍ ചീറ്റിക്കും!