ചവുട്ടിവീഴ്ത്താനുള്ളവരോ നാടോടിസ്ത്രീകള്‍?
കംസന്മാരുടെ സ്വന്തം നാടായി കേരളം പരിണമിച്ചിരിക്കുന്നു? മലയാളി യുവാക്കളുടെ കൈക്കരുത്തും കാല്‍ക്കരുത്തും കാമക്കരുത്തും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട നിസ്സഹായ ജന്മങ്ങളായി നാടോടിസ്ത്രീകളും മാറിക്കഴിഞ്ഞു...!! ആ പൈശാചികത്വത്തിന്റെ പ്രകടനങ്ങളായിരുന്നു ഒക്ടോബര്‍ ഏഴിന് മലപ്പുറം ജില്ലയിലെ എടപ്പാളിലും കേരളപ്പിറവി ദിനത്തില്‍ തലസ്ഥാനനഗരിയിലും കണ്ടത്.
മോഷ്ടാക്കളായി, മദ്യപരായി, വ്യഭിചാരിണികളായി നടോടി സ്ത്രീകളെ വിശേഷിപ്പിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ അവരോട് അതിനീചമായി പ്രതികരിക്കാനും മലയാളി യുവത്വത്തിന്, പുരുഷത്വത്തിന് എന്ത് ആവേശമാണ്...! പകല്‍വെട്ടത്തിന്റെ സദാചാരത്തിന്റേയും സംഘബോധത്തിന്റേയും ആള്‍രൂപമാകാന്‍ എന്തൊരു വീറും വാശിയുമാണ്...!!
മോഷണം ആരോപിച്ചാണ് എടപ്പാള്‍ അങ്ങാടിയില്‍ രണ്ട് നാടോടിയുവതികളേയും മൂന്നു കുഞ്ഞുങ്ങളേയും തെരുവിലിട്ട് ചവുട്ടിയരച്ചത്; ദുശാസ്സനരൂപംപൂണ്ട്, വസ്ത്രമഴിച്ചുമാറ്റി നടുറോഡിലൂടെ വലിച്ചിഴച്ചതും! നവംബര്‍ ഒന്നിലെ ഹര്‍ത്താലിനോടനുബന്ധിച്ച് ബിജെപി നടത്തിയ പ്രകടനം മറികടന്നതിന്റെ പേരിലാണ് തിരുവനന്തപുരത്ത് ഒരു നാടോടിയുവതിയെ ചവുട്ടിവീഴ്ത്തിയത്.
പോക്കറ്റടി, മാലപൊട്ടിക്കല്‍, മദ്യപാനം, വ്യഭിചാരം, മയക്കുമരുന്ന് വില്‍പ്പന തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നാടോടി സ്ത്രീകളും പുരുഷന്മാരും ചെയ്യുന്നുണ്ടാകാം; അല്ല ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ അവര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കാനും ശിക്ഷ നടപ്പാക്കാനും മലയാളിക്ക്, പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക് എന്തു ധാര്‍മികാവകാശമാണുള്ളത്? പോക്കറ്റടി മുതല്‍ പെണ്‍വാണിഭം വരെയുള്ള 'കല'കളില്‍ മലയാളി പുരുഷന്മാരോടും സ്ത്രീകളോടും മത്സരിക്കാനുള്ള മികവൊന്നും നാടോടികള്‍ക്കില്ല. "ഹിരണ്യന്റെ നാട്ടില്‍ ചെന്നാല്‍ ഹിരണ്യായ നമഃ" എന്ന പൊതുതത്വം അവരും പാലിക്കുന്നുവെന്നല്ലേയുള്ളൂ? മാന്യതയുടെയും വൃത്തിയുടേയും സാക്ഷരതയുടേയും സമ്പത്തിന്റേയും മൂടുപടമിട്ട് മലയാളികള്‍ കേരളത്തിനകത്തും പുറത്തും വിദേശത്തും നടത്തുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ ഏഴയലത്ത് എത്തുകയില്ലല്ലോ ഈ നാടോടികളുടെ വൃത്തികേടുകള്‍? അപ്പോള്‍ അവരെ കുറ്റം വിധിക്കാനും തെരുവില്‍ ചവുട്ടിവീഴ്ത്താനും വലിച്ചിഴയ്ക്കാനും മലയാളിക്ക് ആരാണ് അധികാരം നല്‍കിയത്?
ഏതോ ഒരു വീട്ടമ്മയുടെ അശ്രദ്ധമൂലം കൈക്കുഞ്ഞിന്റെ പാദസരം നഷ്ടമായതിന് പിഴമൂളാനും പീഡനമേല്‍ക്കാനും വിധിക്കപ്പെട്ടത് രണ്ട് നാടോടി അമ്മമാരും അവരുടെ മൂന്നു കുഞ്ഞുങ്ങളുമായിരുന്നു. പൊതുജനം ചവുട്ടിയരച്ചിട്ടും അവരില്‍നിന്ന് 'മോഷണമുതല്‍' കണ്ടെത്താന്‍ കഴിഞ്ഞില്ല. നാട്ടുകാരുടെയും പോലീസിന്റേയും മര്‍ദ്ദനവും അധിക്ഷേപവും സഹിക്കവയ്യാതെ ജീവനും കൊണ്ട് പലായനം ചെയ്ത ആ നാടോടികളില്‍ ഒരാളെ പിടികൂടി വീണ്ടും പോലീസ് മുറയില്‍ ചോദ്യം ചെയ്യുന്നത് നാം ലൈവ് ആയി കണ്ടു. നാട്ടുകാരുടെ കൊടിയ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷനേടാന്‍ 'ഗര്‍ഭിണിയാണെന്ന് അവകാശപ്പെട്ടതിന്റെ' പേരിലായിരുന്നു പിന്നത്തെ പീഡനം. മദ്യലഹരിയില്‍ കൗമാരക്കാരിയെ പ്രാപിക്കാന്‍ നാടോടികളുടെ താമസസ്ഥലത്ത് രാത്രി അഴിഞ്ഞാടിയ കശ്മലന്മാരുടെ ചവിട്ടേറ്റ് ഒരു പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടത് കേരളത്തിലായിരുന്നല്ലോ. ആ കാമപ്പിശാചുക്കളെ വെറുതേവിട്ടവരാണ് എടപ്പാളില്‍ സദാചാരത്തിന്റെ പോലീസ് ചമഞ്ഞതെന്നോര്‍ക്കണം.
അപ്പോഴും ഒരു സത്യം ഈ മര്‍ദ്ദകര്‍ ബോധപൂര്‍വം വിസ്മരിച്ചു. കളഞ്ഞുപോയി എന്ന് വീട്ടമ്മ പറഞ്ഞ പാദസരം അവരുടെ വീട്ടില്‍ നിന്നുതന്നെ കണ്ടെടുത്തു. സ്വന്തം കുഞ്ഞിനെക്കുറിച്ച് ഒരു 'പണമിട'പോലും ഉത്തരവാദിത്തമില്ലാതിരുന്ന ഒരു വീട്ടമ്മയ്ക്ക് സ്വര്‍ണാഭരണത്തോടുണ്ടായിരുന്ന അമിതാസക്തിയായിരുന്നു എടപ്പാള്‍ അങ്ങാടിത്തെരുവില്‍, കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതകള്‍ക്ക് കാരണമായത്. നിരപരാധികളായ നാടോടി വീട്ടമ്മമാര്‍ക്ക് നേരെ ഉയര്‍ന്ന കൈയും കാലും യഥാര്‍ത്ഥത്തില്‍ ഉയരേണ്ടിയിരുന്നത് ഒരു വീട്ടമ്മയ്ക്ക് നേര്‍ക്കായിരുന്നില്ലേ? സ്വന്തം കുഞ്ഞിന്റെ കാലിലെ പാദസരം സൂക്ഷിക്കാന്‍ കഴിയാത്ത അവര്‍ക്ക് നഷ്ടത്തെക്കുറിച്ച് വിലപിക്കാന്‍ ഒട്ടും അര്‍ഹതയില്ല. മാത്രമല്ല അവരുടെ അശ്രദ്ധമൂലം ആക്രമിക്കപ്പെടുകയും പരസ്യമായി അധിക്ഷേപിക്കപ്പെടുകയും പൊതുനിരത്തില്‍ നഗ്നരാക്കപ്പെടുകയും ചെയ്തത് ആ വീട്ടമ്മയെപ്പോലെ ശാരീരികാവയവങ്ങളും ശാരീരികധര്‍മ്മവും ലജ്ജയുമൊക്കെയുണ്ടായിരുന്ന നിസ്വരും നിസ്സഹായരുമായ വീട്ടമ്മമാരായിരുന്നു. അതും അവരുടെ കുഞ്ഞുങ്ങളുടെ മുന്നില്‍വച്ച്!
ഏതായാലും പ്രതികളില്‍നിന്ന് 15000 രൂപ വീതം പിഴ ഈടാക്കി 75000 രൂപ ആ നാടോടി സ്ത്രീകള്‍ക്ക് നല്‍കാന്‍ വിധിച്ച മനുഷ്യാവകാശ കമ്മീഷന്‍ എല്ലാ അര്‍ത്ഥത്തിലും അഭിനന്ദനം അര്‍ഹിക്കുന്നു (പിഴപ്പണം ഏറ്റ നോവിനും അനുഭവിച്ച ആത്മക്ഷതത്തിനും പകരമാകുകയില്ലെങ്കില്‍ കൂടിയും).
കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് സംഘപരിവാര്‍ സംഘടിപ്പിച്ച പ്രകടനം മറികടന്ന രണ്ട് നാടോടിയുവതികളില്‍ ഒരാളെയാണ് ബിജെപിയുടെ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലം സെക്രട്ടറി, വലിയശാല സ്വദേശി സതീഷ് നടുവിന് ചവുട്ടിവീഴ്ത്തിയത്. അഭിനവ കംസനായി സതീഷ് ഉറഞ്ഞുതുള്ളുന്നതും നാം ലൈവ് ആയി കണ്ടു, ആ സ്ത്രീകള്‍ മദ്യപിച്ചിരുന്നു എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ് ആരോപിച്ചത്. മദ്യപാനം കൊടിയ സദാചാരവിരുദ്ധ പ്രവൃത്തിയാണെന്ന് നെഞ്ചില്‍ കൈവച്ച് പറയാന്‍ എത്ര ബിജെപിക്കാര്‍ക്ക് അര്‍ഹതയുണ്ടെന്ന് കൃഷ്ണദാസിന് പറയാന്‍ കഴിയുമോ?
ഇനി കഴിയുമെന്നു തന്നെയിരിക്കട്ടെ അപ്പോഴും മദ്യപിച്ച ഒരു നാടോടിസ്ത്രീയെ ബിജെപിയുടെ പ്രകടനം മുറിച്ചുകടന്നതിന്റെ പേരില്‍ പട്ടാപ്പകല്‍ നടുറോഡില്‍ ചവുട്ടിവീഴ്ത്താന്‍ ബിജെപി 'ശിങ്ക'ങ്ങള്‍ക്ക് ഏത് 'സ്മൃതി'യാണ് അധികാരം നല്‍കുന്നത്? അവകാശം അനുവദിച്ചിട്ടുള്ളത്? കൃഷ്ണദാസ് വ്യക്തമാക്കിയേതീരൂ.
ബിജെപിക്കാരന് കാവിക്കൊടിപോലെ, കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഖദര്‍പോലെ, കമ്യൂണിസ്റ്റ് സഖാവിന് ചെങ്കൊടിപോലെ മുസ്ലീം ലീഗ് വിശ്വാസിക്ക് പച്ചക്കൊടിപോലെ തികച്ചും വ്യക്തിപരമായ കാര്യമല്ലേ നാടോടികള്‍ക്ക് മദ്യപാനം. അത് തെറ്റാണെന്ന് ശഠിക്കാന്‍ ഏത് മലയാളി മാന്യനാണ് ധാര്‍മികാടിത്തറയുള്ളത്? തിണ്ണമിടുക്ക് കാട്ടാനും പെണ്ണുങ്ങളെ മര്‍ദിച്ചൊതുക്കാനും ബാങ്ക് ബാലന്‍സ് വര്‍ധിപ്പിക്കാനും പിന്നെ മാന്യന്‍ ചമയാനും മലയാളിക്കുള്ള മികവ് പണ്ടേ വിശ്രുതമാണല്ലോ അല്ലേ..? കഷ്ടം!!
0 comments :
Post a Comment