Tuesday, November 20, 2007

ജനാധിപത്യം.. ജബ... ജബ...

ദേവഗൗഡയല്ല ദൈവം തമ്പുരാന്‍ വിചാരിച്ചാലും യെദ്യൂരപ്പനെ ഇനി 'മുന്‍'
മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റാനാവില്ല! മുഖ്യമന്ത്രിപദത്തിനേക്കാള്‍
ഭദ്രം മുന്‍മുഖ്യമന്ത്രിപദമാണെന്ന്‌ കേവലം എട്ട്‌ ദിവസം കൊണ്ട്‌
യെദ്യൂരപ്പന്‍ എന്ന അപ്പന്‌ മനസിലായി.

'ഭാര'ം വഹിക്കുകയും 'തീ' തിന്നുകയും ചെയ്യുന്ന ഭാര-തീയരായ ജനങ്ങളുടെ
പാര്‍ട്ടിയാണ്‌ ഭാ ജ പ. അവര്‍ എത്രകാലം ക്യൂ നിന്നിട്ടാണ്‌
ദക്ഷിണഭാരതത്തില്‍ ഒരു മുഖ്യമന്ത്രിക്കസേര ഒപ്പിച്ചെടുത്തത്‌. കസേരയില്‍
ഇരുന്നത്‌ മാത്രമേ ഓര്‍മ്മയുള്ളൂ, ഠപേന്ന്‌ നിലം പൊത്തി.
'കാത്തുസൂക്ഷിച്ചൊരാ കസ്തൂരി മാമ്പഴം' ദേവഗൗഡയെന്ന കടല്‍കിഴവന്‍
കൊത്തിവിഴുങ്ങി!

ഇന്ത്യന്‍ ജനാധിപത്യം എന്ന്‌ പറയുന്ന സാധനം കടല്‍ക്കിഴവന്മാരുടെ
കോലുകളിയാണ്‌. നമ്മള്‍ ഒരുപാട്‌ കണ്ടതല്ലേ കരു-കപ്പന്റെ കളികള്‍! രാജ്യം
വല്യ കാര്യമായി കൊണ്ടാടുന്ന ജനാധിപത്യ ഭരണക്രമം കൊള്ളമുതല്‍
പങ്കുവയ്ക്കുന്ന കള്ളന്മാരുടെ തമ്മിലടിയെ നാണിപ്പിക്കുന്ന
തരത്തിലാക്കിയിട്ടും ആര്‍ക്കും ഒരു പ്രശ്നവുമില്ല. ദേശീയ കോണ്‍ഗ്രസ്‌
ഇതൊക്കെ വീക്ഷിച്ചുകൊണ്ട്‌ പുരപ്പുറത്തിരിപ്പാണ്‌. നരസിംഹ റാവു ചത്തു
പോയിട്ടും ആളുടെ സ്വഭാവം തന്നെയാണ്‌ പാര്‍ട്ടിക്ക്‌. ഒന്നും കാണില്ല
കേള്‍ക്കില്ല മിണ്ടില്ല.

ഗൗഡ ദാ ഡല്‍ഹിയിലേക്ക്‌ പോയിരിക്കുന്നു. ഇനി കോണ്‍ഗ്രസും ജനതാദളും കൂടി
കഞ്ഞിയും കറിയും വച്ചു കളിക്കും. നമ്മളത്‌ കണ്ട്‌ കയ്യടിക്കും.

കര്‍ണാടകത്തിലെ ദള്‍ നേതാക്കളൊക്കെയും 'വേണ്ടാ വേണ്ടാ വേണ്ടാ വേണ്ടാതീനം
വേണ്ടാ....'യെന്ന കീര്‍ത്തനമാലപിച്ച്‌ സോണിയാജിയെ കാണാന്‍
പുറപ്പെട്ടിരിക്കുന്നു! ഗൗഡ പറയുന്നതു നടക്കുമോ. സംസ്ഥാന കോണ്‍ഗ്രസ്‌
നേതാക്കള്‍ക്ക്‌ നിവേദനം കൊടുക്കാന്‍പോലും അനുമതി കിട്ടുമോ
എന്നൊക്കെയുള്ള കാര്യം കണ്ടുതന്നെ അറിയണം. കാരണം കോണ്‍ഗ്രസാണ്‌
പാര്‍ട്ടി.

യെദ്യൂരപ്പന്‍ പറഞ്ഞതാണ്‌ നല്ല തമാശ. ജനതാദളിന്റെ വഞ്ചനയ്ക്ക്‌ ജനങ്ങളുടെ
കോടതിയില്‍ പകരം ചോദിക്കുമെന്നാണ്‌ ആ മഹത്‌വചനം. അടുത്ത
തെരഞ്ഞെടുപ്പിനുശേഷം നൂറ്റമ്പതില്‍പ്പരം എം.എല്‍.എമാരുടെ പിന്തുണയോടെ
താന്‍ മുഖ്യമന്ത്രിയായി വരുമെന്നും യെദ്യൂരപ്പന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു!

ചിരിക്കാന്‍ വരട്ടെ. ജനാധിപത്യമാണ്‌, അതിലു അതിലപ്പുറവും നടന്നേക്കും!
നാട്ടുകാരുടെ തലയിലെഴുത്തു മായ്ക്കാന്‍ ഏതു സോപ്പിട്ടു കുളിച്ചിട്ടു
കാര്യമില്ല. വരാനുള്ളത്‌ ഭാരതബന്ദ്‌ നടത്തിയാലും വഴിയില്‍ തങ്ങില്ല!

ബിജെപി നാണം കെട്ടെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്‌. നാണം
കെട്ടത്‌ നാട്ടുകാരാണെന്നതാണ്‌ വാസ്തവം. നാലാംകിട സിനിമകളെ വെല്ലുന്ന
ബ്ലാക്ക്മെയിലിംഗിന്റെ പുതുവഴികള്‍ രാഷ്ട്രീയത്തിലേക്കും വെട്ടിത്തെളിച്ച
നേതാക്കളെയോര്‍ത്ത്‌ കന്നഡികര്‍ തലയില്‍ മുണ്ടിട്ടു നടക്കണം.

ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ആരെയും തെരഞ്ഞെടുക്കുന്നില്ലെന്ന പാഠം
ഒരിക്കല്‍കൂടി തെളിയിക്കപ്പെടുന്നു.

അടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക്‌ ഒറ്റക്കു ഭരിക്കണമെന്നാണ്‌
ബിജെപിയുടെ മോഹം. അതുതന്നെയാണ്‌ ജനതാദളിന്റെ മോഹം. അങ്ങനെതന്നെയാണ്‌
കോണ്‍ഗ്രസിന്റെ മോഹം.

മോഹങ്ങള്‍ ഒന്നുമില്ലാതായിപോകുന്ന ഒരു ജനതയ്ക്ക്‌ ഇതിലും
വലുതെന്തെങ്കിലും സംഭവിക്കും!

6 comments :

  1. Unknown said...

    അനിഷേധ്യമായ വാസ്തവം !!

  2. മുക്കുവന്‍ said...

    അപ്പറഞ്ഞത് വാസ്തവം!

    huവരാനുള്ളത്‌ ഭാരതബന്ദ്‌ നടത്തിയാലും വഴിയില്‍ തങ്ങില്ല

  3. RR said...

    very true... നാണം കെട്ടത് നാട്ടുകാര് തന്നെ!

  4. Joe said...

    Good post friend

  5. Anonymous said...

    http://keralaactors.blogspot.com/

    Suhasini: Picture Gallery

    Suhasini is the niece of renowned Indian actor Kamal Haasan, and the daughter of another popular actor Chaaru Haasan. In 1988, she married acclaimed filmmaker Mani Ratnam. They have a 15-year old son.

    http://keralaactors.blogspot.com/

  6. MuralidhariN said...

    ശ്രീവാസ്തവം....