Thursday, December 13, 2007

കോതമംഗലം: മാതാവിന്റെ വെളിപാടും വനിതാ മെമ്പറുടെ മൗനവും

  • പോലീസും പെണ്‍കുട്ടിയും മൊഴിമാറ്റി പറയുന്നു.
  • ഊരു ചുറ്റാനുള്ള പോലീസിന്റെ ആഗ്രഹം പൊലിഞ്ഞു.
  • പ്രതികള്‍ ഇന്നും പോലീസ്‌ സംരക്ഷണയില്‍
  • വനിതാമെമ്പറുടെ മൗനം വിവാദമാകുന്നു
  • കസ്റ്റഡിയിലെടുക്കപ്പെട്ടവര്‍ സമാന കേസില്‍ നിരീക്ഷണത്തിലിരുന്നവര്‍
  • പ്രതികള്‍ക്ക്‌ മുന്‍ കൂര്‍ ജാമ്യം കിട്ടാന്‍ പോലീസ്‌ സാഹചര്യമൊരുക്കുന്നു.
  • മാധ്യമപ്രവര്‍ത്തകന്റെ വ്യാജ വാര്‍ത്തകള്‍ പൊടിപൊടിക്കുന്നു
  • കേസൊതുക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെമേല്‍ സമ്മര്‍ദ്ദം
  • പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയക്കാര്‍ രംഗത്ത്‌
  • ഡിഐസി നേതാക്കള്‍ നിരീക്ഷണത്തില്‍

പി.അജയന്‍

കോതമംഗലം: പീഡനത്തിനിരയായ ഹോംനഴ്സിംഗ്‌ വിദ്യാര്‍ത്ഥിനി നല്‍കിയെന്ന്‌ പോലീസ്‌ അവകാശപ്പെട്ട മൊഴി പോലീസ്‌ തന്നെ തിരുത്തിപ്പറയുമ്പോള്‍ കോതമംഗലം പീഡനക്കേസിലെ ദുരൂഹതകള്‍ വര്‍ദ്ധിക്കുകയാണ്‌.

മുഖ്യപ്രതികള്‍ ആന്ധ്രാപ്രദേശിലേക്ക്‌ കടന്നുവെന്ന്‌ അവകാശപ്പെട്ട പോലീസ്‌ ഇപ്പോള്‍ പറയുന്നു മുഖ്യപ്രതികളിലെരാളെ കോലഞ്ചേരിയില്‍ നിന്നാണ്‌ അറസ്റ്റുചെയ്തതെന്ന്‌. കാക്കിധാരികളും ശുഭ്രവസ്ത്രധാരിയായ മാധ്യമപ്രവര്‍ത്തകനും ദിനംപ്രതി പുതിയ കഥകള്‍ ചമയ്ക്കുമ്പോള്‍ യഥാര്‍ഥ പ്രതികള്‍ ചിരിക്കുകയാണ്‌.

ഇവര്‍ക്ക്‌ മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കാനും ഈ കേസിലെ ഉന്നതന്മാര്‍ക്കെതിരായ തെളിവുകള്‍ തേച്ചുമാച്ചു കളയാനുമാണ്‌ ദിവസേന പുതിയ കഥകള്‍ മെനഞ്ഞുകൊണ്ടിരിക്കുന്നത്‌.

ഇതിനിടയില്‍, പെണ്‍കുട്ടിയുടെ തിരോധാനം മുതല്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നതുവരെയുള്ള ദിവസങ്ങളില്‍ പ്രശ്നത്തില്‍ സജീവമായിരുന്ന ഒരു വനിതാ വാര്‍ഡ്മെമ്പറുടെ പെട്ടെന്നുള്ള പിന്‍മാറ്റം ദുരൂഹതകളുടെ ആക്കം വര്‍ദ്ധിപ്പിക്കുന്നു. പെണ്‍കുട്ടിയുടെ സമീപവാര്‍ഡിലെ ഈ മെമ്പര്‍ ഇക്കാര്യത്തില്‍ ശുഷ്കാന്തി കാണിച്ചതും, സംഭവം നടന്നത്‌ കുറുപ്പംപടി സിഐയുടെ കീഴിലുള്ള പോലീസ്സ്റ്റേഷന്‍ പരിധിയിലായിരുന്നിട്ടും കോതമംഗലം സ്റ്റേഷനില്‍ പരാതി നല്‍കിയതും നാട്ടുകാര്‍ക്കിടയില്‍ സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌.

നവംബര്‍ 28-ാ‍ം തീയതിയാണ്‌ പെണ്‍കുട്ടിയെ കാണാതാവുന്നത്‌. ഇതുസംബന്ധിച്ച്‌ പെണ്‍കുട്ടിയുടെ മാതാവ്‌ സമീപവാര്‍ഡിലെ വനിതാ മെമ്പറോടാണ്‌ ആദ്യം പരാതി പറയുന്നത്‌. "പെണ്‍കുട്ടിയുടെ അമ്മയ്ക്ക്‌ വെളിപാടുണ്ടായതുകൊണ്ടാണ്‌ ഈ വാര്‍ഡുമെമ്പറോട്‌ രാത്രിയില്‍ പരാതി പറഞ്ഞ"തെന്നാണ്‌ അന്വേഷണ സംഘത്തിലെ ഒരു കോണ്‍സ്റ്റബിള്‍ വാസ്തവത്തോട്‌ പറഞ്ഞത്‌. പിറ്റേന്ന്‌ വൈകിട്ട്‌ കുറുപ്പുംപടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസില്‍ പരാതി നല്‍കേണ്ടതിനു പകരം കോതമംഗലം സ്റ്റേഷനിലാണ്‌ വാര്‍ഡുമെമ്പര്‍ പെണ്‍കുട്ടിയുടെ മാതാവിനൊപ്പമെത്തി പരാതി നല്‍കുന്നത്‌.

ഇവിടം മുതല്‍ ആരംഭിക്കുന്നു ദുരൂഹതകള്‍. അതിനെ വര്‍ദ്ധിപ്പിക്കുന്നതാണ്‌ പിന്നീട്‌ പെണ്‍കുട്ടിയുടെതെന്ന്‌ പറഞ്ഞ്‌ പോലീസ്‌ പുറത്തുവിട്ട വാര്‍ത്തകള്‍.

കോതമംഗലം റവന്യൂ ടവറില്‍ സ്റ്റുഡിയോ നടത്തുന്ന കോഴിപ്പിള്ളി മരങ്ങാട്ട്‌ ഐസോളാണ്‌ മുഖ്യപ്രതി എന്നാണ്‌ ഇപ്പോള്‍ പോലീസ്‌ പറയുന്നത്‌. ഐസോളിനെ ഇന്നലെ അറസ്റ്റുചെയ്ത്‌ കോടതിയില്‍ ഹാജരാക്കുകയും കോടതി റിമാന്റ്‌ ചെയ്കയുമുണ്ടായി. രണ്ടും മൂന്നും പ്രതികളായി പോലീസ്‌ ചൂണ്ടിക്കാട്ടുന്നത്‌ കോതമംഗലം ബൈപാസ്‌ റോഡിലെ മാര്‍ബിള്‍ വ്യാപാരി ജോയ്‌, കോലഞ്ചേരി സ്വദേശി മോണ്‍സി എന്നിവരെയാണ്‌.

റവന്യൂ ടവറിലെ ബേസില്‍ സ്റ്റുഡിയോയില്‍ ഫോട്ടോ എടുക്കാന്‍ വന്ന പെണ്‍കുട്ടിയെ ഐസോള്‍ വശീകരിച്ച്‌ സുഹൃത്തുക്കളായ ജോയ്‌, മോണ്‍സി എന്നിവരോടൊപ്പം തട്ടിക്കൊണ്ടുപോയി മുവാറ്റുപുഴയിലേയും കോലഞ്ചേരിയിലേയും ആളൊഴിഞ്ഞ വീടുകളില്‍ പാര്‍പ്പിച്ച്‌ രണ്ടുദിവസം പീഡിപ്പിച്ചുവെന്നും പിന്നീട്‌ മുവാറ്റുപുഴയില്‍ ഇറക്കിവിട്ട പെണ്‍കുട്ടിയെ മോണ്‍സിയുടെ സുഹൃത്തുക്കളായ അഞ്ചംഗസംഘം കന്യാകുമാരിയിലേക്ക്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പിന്നീട്‌ വല്ലാര്‍പാടത്ത്‌ ഉപേക്ഷിച്ചുവെന്നുമാണ്‌ പോലീസ്‌ ഭാഷ്യം.

പെണ്‍കുട്ടിയുടെ മൊഴിപോലെതന്നെ പോലീസിന്റെ ഈ ഭാഷ്യവും നിരവധി വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്‌. ഒരു സ്ത്രീയും യുവാവും ചേര്‍ന്ന്‌ ടാറ്റാ സുമോയില്‍ തട്ടിക്കൊണ്ടുപോയെന്നും മയക്കുമരുന്ന്‌ മണപ്പിച്ച്‌ ബോധം കെടുത്തി എന്നുമൊക്കെയായിരുന്നു പെണ്‍കുട്ടിയുടെ മൊഴിയെന്ന്‌ പോലീസ്‌ പറയുന്നു. ഇപ്പോള്‍ പോലീസ്‌ പറയുന്നത്‌ ഐസോളില്‍നിന്നും ലഭിച്ച വിവരങ്ങളാണെന്നാണ്‌.

ഈ രണ്ട്‌ വിവരങ്ങളും ആരെയൊക്കെയോ രക്ഷാക്കാനുള്ള പോലീസിന്റെ തന്ത്രങ്ങളാണെന്ന്‌ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 6 വരെയുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി പ്രകാരം പോലീസ്സ്റ്റേഷനില്‍ പരാതിപ്പെട്ട വനിതാ മെമ്പറുടെ മൊബെയില്‍ഫോണിലേക്കാണ്‌ ഡിസംബര്‍ ആറാം തീയതി വെളുപ്പിന്‌ പെണ്‍കുട്ടി വല്ലാര്‍പാടത്തുണ്ടെന്ന അജ്ഞാത സന്ദേശം ലഭിക്കുന്നത്‌. അതനുസരിച്ച്‌ വെളുപ്പിന്‌ നാലുമണിക്ക്‌ വനിതാമെമ്പര്‍ പോലീസ്‌ സ്റ്റേഷനിലെത്തുകയും എസ്‌ഐയും വനിതാപോലീസും അടങ്ങുന്ന സംഘത്തോടൊപ്പം വല്ലാര്‍പാടത്തേക്ക്‌ തിരിക്കുകയും ചെയ്തു. സംഘം ആലുവയിലെത്തിയപ്പോഴാണ്‌ മുളവുകാട്‌ പോലീസില്‍നിന്ന്‌ പെണ്‍കുട്ടി കസ്റ്റഡിയിലുണ്ടെന്ന ഔദ്യോഗിക അറിയിപ്പ്‌ ലഭിക്കുന്നത്‌. പോലീസിന്‌ അറിവ്‌ ലഭിക്കും മുമ്പ്‌ വനിതാമെമ്പര്‍ക്ക്‌ വിവരം നല്‍കിയത്‌ ആരായിരിക്കണം? വനിതാമെമ്പറുടെ മൊബെയില്‍ഫോണ്‍ പരിശോധിച്ചാല്‍ കണ്ടെത്താവുന്നതേയുള്ളൂ ഇത്‌. എന്നാല്‍ ആ ദിശയിലുള്ള അന്വേഷണം പോലീസ്‌ ബോധപൂര്‍വ്വം 'തടഞ്ഞിരിക്കുകയാണ്‌'.

"താളുംതണ്ടുപോലെ കൊച്ച്‌ തളര്‍ന്നുപോയിരുന്നു. മെമ്പറെ കണ്ടയുടനെ അവരുടെ ദേഹത്തേക്ക്‌ കൊച്ച്‌ വീഴുകയായിരുന്നു" സംഘത്തോടൊപ്പമുണ്ടായിരുന്ന ഒരു കോണ്‍സ്റ്റബിള്‍ വാസ്തവത്തോടു പറഞ്ഞു.

കുട്ടിയുടെ അവസ്ഥ മനസിലാക്കി എസ്‌ഐയാണ്‌ ആശുപത്രിയിലെത്തിക്കുന്നതും പരിശോധനയ്ക്ക്‌ നിര്‍ദ്ദേശിക്കുന്നതും ആ പരിശോ ധനയിലാണ്‌ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന്‌ തെളിഞ്ഞത്‌.

പോലീസ്‌ സ്റ്റേഷനില്‍ വച്ച്‌ മെമ്പറുടെ ദേഹത്തേക്ക്‌ പെണ്‍കുട്ടി വീഴണമെങ്കില്‍ അവര്‍ തമ്മില്‍ നേരത്തേ നല്ല പരിചയമുണ്ടായിരുന്നിരിക്കണം. എന്നാല്‍ പെണ്‍കുട്ടിയെ നാട്ടിലെത്തിക്കുന്നതുവരെ അന്വേഷണകാര്യത്തില്‍ ഏറെ ശുഷ്കാന്തിയോടെ ഇടപെട്ട മെമ്പര്‍ പാലിക്കുന്ന മൗനം നാട്ടുകാരുടെ ഇടയില്‍ പല കഥകള്‍ പ്രചരിക്കുന്നതിനും കാരണമായിട്ടുണ്ട്‌.

ഐസോളിലും കൂട്ടുകാരിലും പോലീസ്‌ കേന്ദ്രീകരിക്കാനുള്ള സാഹചര്യത്തെളിവുകള്‍ ഐസോളിന്റെ സ്റ്റുഡിയോയിലെ കമ്പ്യൂട്ടറില്‍ പെണ്‍കുട്ടിയുടെ ചിത്രമുണ്ടായിരുന്നു എന്നതും മുമ്പ്‌ സമാനമായ കേസില്‍ ഇവര്‍ പങ്കാളികളായിരുന്നു എന്നതും മാത്രമാണ്‌. എന്നാല്‍ തന്നെ പീഡിപ്പിച്ചവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പെണ്‍കുട്ടി പോലീസിന്‌ നല്‍കിയിരുന്നു. അവരെ ഒഴിവാക്കിക്കൊണ്ടാണ്‌ ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്‌. ഒളിവിലാണെന്ന്‌ പോലീസ്‌ പറയുന്ന മാര്‍ബിള്‍ വ്യാപാരി ജോയ്‌ പോലീസ്‌ കസ്റ്റഡിയിലുണ്ടെന്നും സിഐയുടെ വീടിനു സമീപമുള്ള രഹസ്യസ്ഥലത്ത്‌ പാര്‍പ്പിച്ചിരിക്കുകയാണെന്നും വിശ്വസിക്കാനുതകുന്ന തെളിവുകളാണ്‌ വാസ്തവത്തിന്റെ അന്വേവഷണത്തില്‍ ലഭിച്ചിട്ടുള്ളത്‌.

പെണ്‍കുട്ടിയെ തിരുവനന്തപുരത്ത്‌ എത്തിച്ചതില്‍ മുഖ്യപങ്കുണ്ടെന്ന്‌ സംശയിക്കപ്പെടുന്ന ചിപ്സ്‌ വ്യാപാരിയേയോ അയാളുടെ തിരുവനന്തപുരം സ്വദേശി ഭാര്യയേയോ നിരീക്ഷിക്കാന്‍ പോലും പോലീസ്‌ തയ്യാറായിട്ടില്ല. എന്നാല്‍ പെണ്‍കുട്ടി മടങ്ങിവന്നശേഷം കോതമംഗത്തെ ചില ഡിഐസി നേതാക്കന്മാരുടെ വീടുകളില്‍ അന്വേഷണം നടത്തുകയും ചെയ്തു. ഇത്‌ കേസിന്‌ പുതിയ മാനം നല്‍കുന്നുണ്ട്‌.

(തുടരും)

1 comments :

  1. ഒരു “ദേശാഭിമാനി” said...

    sorry to say this:

    ഇങ്ങനെ ഉള്ള കേസുകളില്‍, പോലീസിന്റെ ഭാഗത്തുനിന്നു, ഇതുമാതിരി ഗുരുതരമായ തെറ്റായ ഇടപെടലുകള്‍ ഉണ്ടായാല്‍, ഞാന്‍ പറയുന്നതു തെറ്റാണന്നറിഞ്ഞു കൊണ്ടു പറയട്ടെ - പൊതുജനങ്ങള്‍ നിയമം കൈയ്യില്‍ എടുക്കേണ്ടി വരാന്‍ സാധ്യതകല്‍ തള്ളികളയരുത്!

    ഇമ്മതിരി കേസുകളില്‍ കള്ളകളി കളിക്കുന്നവരെ നാട്ടുകാര്‍, പേപ്പട്ടിയെ തല്ലുന്ന പോലെ തല്ലിപ്പോയാല്‍ അത്ബ്ധുധപ്പെടേണ്ട!