Tuesday, March 4, 2008

ചാണകമെന്നാല്‍... പാരിന്‍ നടുവില്‍...

ഗോമാതാവിന്‌ നല്ലകാലം തെളിയുകയാണ്‌. മില്‍മ പാല്‍ വില കൂട്ടിയതിനാലാണ്‌ പൊടുന്നനെ ഗോമാതാവിന്‌ നല്ല കാലം വരുന്നതെന്ന്‌ തെറ്റിദ്ധരിക്കരുത്‌. ഇക്കണ്ട കാലം മുഴുവന്‍ സംഘപരിവാരം കൊണ്ടു പിടിച്ചു ശ്രമിച്ചിട്ടും നടക്കാതെ പോയ കാര്യമാണ്‌ സഖാവ്‌ വെളിയം ഭാര്‍ഗ്ഗവന്‍ ഒറ്റയടിക്ക്‌ സാധിക്കാന്‍ പോകുന്നത്‌!

പാര്‍ട്ടിയിലെ പാര്‍ലമന്ററി വ്യാമോഹികളെ അടിച്ചു പുറത്താക്കി ചാണകവെള്ളം തളിക്കല്‍ പാര്‍ട്ടി പരിപാടിയില്‍ ഉള്‍പ്പെടുത്താനാണ്‌ സഖാവ്‌ തീരുമാനിച്ചിട്ടുള്ളതത്രെ!

സാധാരണ ജീവജാലങ്ങള്‍ അപ്പിയിട്ടാല്‍ 'റോ'ഗാണു, കീ'ഠാ'ണു തുടങ്ങിയ ഭീകരന്മാര്‍ രോഗം പരത്തി മനുഷ്യന്റെ ഊപ്പാടിളക്കുമെങ്കിലും ഗോമാതാക്കള്‍ അപ്പിയിട്ടാല്‍ അത്‌ ഡെറ്റോളുപോലെ കീടാണു നാശിനിയായി മാറും!

ചാണകം ഒരു സവര്‍ണ്ണ ഫാസിസിറ്റ്‌ ബിംബമാണെന്നും പറഞ്ഞ്‌ നിലവിളക്കിനും നിറപറയ്ക്കും എതിരെ തിരിഞ്ഞ പോലെ ദളിത്‌ പക്ഷ വാദികള്‍ തിരിഞ്ഞാല്‍ തന്നെ എന്ത്‌, ചാണകത്തിന്റെ മാര്‍ക്കറ്റ്‌ വാല്യു ഉയരുന്നതു വഴി കേരളത്തിന്റെ സാമ്പത്തിക നില വല്ലാണ്ടു മെച്ചപ്പെടും!

സിപിഐയിലെ പാര്‍ലമന്റ്‌ വ്യാമോഹികള്‍, സിപിഎമ്മിലെ പാര്‍ലമന്റ്‌ വ്യാമോഹികള്‍ എന്നിവര്‍ക്ക്‌ മാത്രമല്ല, ആര്‍എസ്പി, ഫോര്‍വേഡ്‌ ബ്ലോക്‌ തുടങ്ങി സിപിഐഎംഎല്‍ റെഡ്‌ ഫ്ലാഗിലെ പാര്‍ലമന്ററി വ്യാമോഹികള്‍ക്കു വരെ ചാണകവെള്ളം പ്രയോജനം ചെയ്യും.

കോണ്‍ഗ്രസ്‌, കേ കോണ്‍ഗ്രസ്‌, ജനതാ ദള്‍, എന്‍സിപി തുടങ്ങിയ പാര്‍ട്ടികളില്‍ പാര്‍ലമന്ററി വ്യാമോഹം ഇല്ലാത്തവര്‍ ഇല്ലാത്തതിനാല്‍ പള്‍സ്‌ പോളിയോ തുള്ളിമരുന്ന്‌ പദ്ധതി പോലെ സകല വമ്പന്മാര്‍ക്കും ചാണകവെള്ളം തളിക്കാനുള്ള സാധ്യതയാണ്‌ തെളിഞ്ഞിരിക്കുന്നത്‌.

എന്‍എസ്‌എസ്സിനെ ശുചീകരിക്കാന്‍ നടേശഗുരുവിനും, എസ്‌എന്‍ഡിപിയെ ശുദ്ധീകരിക്കാന്‍ പണിക്കരു ചേട്ടനും പരസ്പരം ചാണകവെള്ളം തളിക്കാവുന്നതാണ്‌!

മൂലമ്പിള്ളിയില്‍ പാര്‍ലമന്ററി വ്യാമോഹം മൂത്ത കുറേ 'നക്സലുകളെ' അടിച്ചു പുറത്താക്കി ചാണകവെള്ളം തളിച്ച മുഹമ്മദ്‌ ഹനീഷ്‌ എന്ന ദിവ്യന്‌, കൊച്ചിയിലെ സകല ദരിദ്രന്മാരെയും അടിച്ചു പുറത്താക്കി ചാണകവെള്ളം തളിച്ച്‌ ക്ലീന്‍ കൊച്ചിയെന്ന സ്മാര്‍ട്ട്‌ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാവുന്നതാണ്‌.

ചെങ്ങറയില്‍ ഭൂമി കയ്യേറിയ ദരിദ്രവാസികളെ തുരത്തി ചാണകവെള്ളം തളിക്കാന്‍ ചെന്ന പോലീസുകാര്‍ ഇന്നലെ തോറ്റു പിന്മാറി എന്നത്‌ ശരിയാണ്‌. കഴിയും വേഗം ജലപീരങ്കികളില്‍ 'ചാണാമ്പെള്ളം' നിറച്ച്‌ അവറ്റകളെ ചീറ്റിച്ച്‌ പുറത്താക്കാവുന്നതാണ്‌!

ചാണാത്തിന്‌ ഇങ്ങനെ ഡിമാന്റ്‌ ഏറി വരുന്നതിനനുസരിച്ച്‌ നഷ്ടത്തിലോടുന്ന മില്‍മയ്ക്ക്‌ മോരുമ്പെള്ളം പോലെ ചാണാമ്പെള്ളവും പാക്കറ്റിലാക്കി മാര്‍ക്കറ്റു ചെയ്യാവുന്നതാണ്‌. ചാണകം സംസ്കരിച്ച്‌ മറുനാടുകളിലേക്ക്‌ കയറ്റി അയയ്ക്കുന്നതിന്റെ സാധ്യതകള്‍ കൂടി അധികാരികള്‍ അറിയേണ്ടതുണ്ട്‌.

ഇവിടെ മാത്രമല്ല, അമേരിക്കയിലും പാക്കിസ്ഥാനിലും റഷ്യയിലുമൊക്കെ പാര്‍ലമന്ററി വ്യാമോഹികളുടെ എണ്ണം പെരുകുകയാണ്‌...

1 comments :

  1. കടവന്‍ said...

    സാധാരണ ജീവജാലങ്ങള്‍ അപ്പിയിട്ടാല്‍ 'റോ'ഗാണു, കീ'ഠാ'ണു തുടങ്ങിയ ഭീകരന്മാര്‍ രോഗം പരത്തി മനുഷ്യന്റെ ഊപ്പാടിളക്കുമെങ്കിലും ഗോമാതാക്കള്‍ അപ്പിയിട്ടാല്‍ അത്‌ ഡെറ്റോളുപോലെ കീടാണു നാശിനിയായി മാറും!

    ചാണകം ഒരു സവര്‍ണ്ണ ഫാസിസിറ്റ്‌ ബിംബമാണെന്നും പറഞ്ഞ്‌ നിലവിളക്കിനും നിറപറയ്ക്കും എതിരെ തിരിഞ്ഞ പോലെ ദളിത്‌ പക്ഷ വാദികള്‍ തിരിഞ്ഞാല്‍ തന്നെ എന്ത്‌, ചാണകത്തിന്റെ മാര്‍ക്കറ്റ്‌ വാല്യു ഉയരുന്നതു വഴി കേരളത്തിന്റെ സാമ്പത്തിക നില വല്ലാണ്ടു മെച്ചപ്പെടും!hahahhahahhahh