Tuesday, November 6, 2007

കലാഹൃദയമുള്ള ഐഎഎസുകാരുണ്ടോ, മരുന്നിനൊരെണ്ണം?

കലാഹൃദയമുള്ളവര്‍ ഭാഗ്യവാന്മാരത്രെ! അവരുടെ ലോകം കുറെക്കൂടി ചേതോഹരമായിരിക്കും. നമ്മുടെ മന്ത്രി ബേബിമാഷിനെതന്നെ നോക്കുക. ടി എം ജേക്കബ്‌, പി ജെ ജോസഫ്‌, നാലകത്ത്‌ സൂപ്പി, ഇ ടി മുഹമ്മദ്‌ ബഷീര്‍ തുടങ്ങിയ 'വിദ്യാഭ്യാസ വിചക്ഷണന്മാര്‍' ഭരിച്ചുഭരിച്ച്‌ 'ഈജിയന്‍ തൊഴുത്തു'പോലാക്കിയ വിദ്യാഭ്യാസവകുപ്പിനെ ബേബിമാഷ്‌ അടിപൊളിയാക്കിയതു വളരെ പെട്ടെന്നാണ്‌!

അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കിരീടത്തില്‍ അങ്ങനെ ഒരു പൊന്‍തൂവലായി ഉല്ലസിക്കുകയാണ്‌ ബേബിമാഷ്‌!എന്തൊക്കെ അപരാധങ്ങള്‍ ആരോപിച്ചാലും ബേബിമാഷൊരു കമ്യൂണിസ്റ്റാണെന്ന്‌ ശത്രുക്കള്‍പോലും ആരോപിക്കില്ല.നൃത്തത്തോടും നര്‍ത്തകിയോടും ഗായകരോടും വിശിഷ്യാ ഗായികമാരോടുമൊക്കെ മാനസികവും ശാരീരികവുമായി സംവദിക്കാന്‍ ത്രസിച്ചുനില്‍ക്കുന്നൊരു മനുഷ്യനെ വെറുതെ കമ്യൂണിസ്റ്റാക്കി കുറച്ചുകളയാന്‍ പാരിസ്‌ മോഹനനെങ്കിലും സമ്മതിക്കില്ല!

പക്ഷേയൊരു പ്രശ്നം.
ഭാവനാസമ്പന്നനും കലാകാരനുമായ ബേബിമാഷോട്‌ സ്വരം ലയിച്ചുപാടാന്‍ വേണ്ട സംഗീത ബോധമില്ലാത്തവരായിപ്പോയി നമ്മുടെ ഐഎഎസുകാര്‍. കമ്യൂണിസ്റ്റുകാര്‍ക്ക്‌ പണ്ടേ ഐഎഎസുകാരെ കണ്ടുകൂടാ. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മന്ത്രി സുധാകരനോട്‌ തന്നെ ചോദിച്ചാല്‍ മതി!

ഇപ്പോള്‍ കണ്ടില്ലേ, വിദ്യാഭ്യാസവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാവാന്‍ ധൈര്യമുള്ള ഒറ്റൊരുവനും ഐഎഎസുകാരിലില്ല. അതിന്‌ കലാബോധം വേണം! ബേബിമാഷ്‌ ദീര്‍ഘവീക്ഷണമില്ലാതെ എടുക്കുന്ന തീരുമാനങ്ങള്‍ തങ്ങളെ പുലിവാലു പിടിപ്പിക്കുമെന്നാണ്‌ ഐഎഎസുകാരുടെ നിലപാട്‌.

ഇതു ബ്യൂറോക്രാറ്റുകളുടെ ഒരുതരം അഹമ്മതിയാണ്‌. ഒന്നരമാസമായി സെക്രട്ടറിയുടെ പണികൂടി ചെയ്തിട്ടുവേണം ബേബിമാഷിന്‌ കലാപ്രവര്‍ത്തനം നടത്താന്‍. അഡീഷണല്‍ സെക്രട്ടറിയുണ്ടെങ്കിലും ആള്‍ ഒപ്പിട്ടാല്‍ ശരിയാവില്ല. മന്ത്രിതന്നെ ഒപ്പിട്ടു. കാരണം അഡീഷണല്‍ സെക്രട്ടറിയുടെ ഒപ്പുകാണാന്‍ ഒരു ശേലുമില്ല. ഒരു തരിയെങ്കിലും കലാബോധമില്ലാത്തവര്‍ ഈ പണിക്കിറങ്ങുന്നത്‌ ബേബിമാഷ്ക്ക്‌ ഇഷ്ടമല്ല.

ബേബിമാഷ്‌ മുണ്ടശേരി മാഷ്ടെ അനുയായിയാണ്‌. മുണ്ടശേരി മാഷിന്‌ ഒരു കുറവേ കണ്ടെത്താനുള്ളൂ. ആള്‍ കലകാരനായിരുന്നില്ല. ആ കുറവ്‌ ബേബിമാഷ്‌ നികത്തും. ഒരു കലാകാരനെ ഉള്‍ക്കൊള്ളാന്‍ വേണ്ട കലാഹൃദയ വിസ്താരം അച്യുതാനന്ദനുണ്ട്‌, ഐഎഎസുകാര്‍ക്കില്ല.

ബേബിമാഷെ നന്നാക്കണോ, ഐഎഎസുകാരെ നന്നാക്കണോ എന്നതാണ്‌ അച്യുതാനന്ദന്‍ നേരിടുന്ന പ്രശ്നം!

1 comments :

  1. എം.കെ.ഹരികുമാര്‍ said...

    താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
    എം.കെ. ഹരികുമാര്‍