Saturday, November 24, 2007

അമ്മയെനിക്ക്‌ കാച്ചിയ പാഷാണം തരും

പത്തമ്പതുകൊല്ലം മുന്‍പ്‌ സര്‍ക്കാര്‍ ഉസ്കൂളുകളില്‍ കുട്ടികള്‍ ഒരു പാഠം പഠിച്ചിരുന്നു.

'അമ്മ എനിക്ക്‌ കാച്ചിയ പാല്‍ തരും, അതു കുടിക്കാഞ്ഞാല്‍ അമ്മ കരയും' എന്നായിരുന്നു പാഠം. അന്നത്തെ കാലത്ത്‌ കാലിവയറുമായി ഉസ്കൂളില്‍ പോയിരുന്ന ദരിദ്ര കുട്ടിനാരായണന്മാര്‍ പാല്‍ എന്ന സാധനം കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. പാലുപോയിട്ട്‌ കഞ്ഞിവെള്ളം പോലും തരാത്ത അവരുടെ അമ്മമാരെ ക്ടാങ്ങള്‍ പ്രാകി! അതൊരു കാലം. ഉസ്കൂള്‍ വിട്ടുവരുന്ന ക്ടാങ്ങള്‍ക്ക്‌ എന്തു തിന്നാന്‍ കൊടുക്കും എന്നോര്‍ത്തായിരുന്നു അന്നത്തെ അമ്മമാര്‍ കണ്ണുകലങ്ങിയിരുന്നത്‌. മക്കളൊന്നും തിന്നുന്നില്ലെന്നു പറഞ്ഞാണ്‌ ഇന്നത്തെ അമ്മമാരുടെ കരച്ചില്‍ - കഷ്ടം!

അക്കാലത്ത്‌ പാല്‍ ചുരത്തിയിരുന്നത്‌ പശുക്കള്‍ എന്നറിയപ്പെടുന്ന ഗോമാതാക്കളായിരുന്നു. പില്‍ക്കാലത്ത്‌ മില്‍മ എന്നറിയപ്പെടുന്ന വെള്ളാന പാല്‍ ചുരത്താന്‍ തുടങ്ങി അതും കഴിഞ്ഞ്‌ പിഡിഡിപി അച്ചന്മാര്‍ പാല്‍ ചുരത്താന്‍ തുടങ്ങി. അതും കഴിഞ്ഞ്‌ അബ്കാരികളായ അബ്കാരികളൊക്കെ പാല്‍ ചുരത്താന്‍ തുടങ്ങി.

സ്പിരിറ്റു കൊണ്ടുവരുന്ന ടാങ്കര്‍ ലോറികളിലൊക്കെയും മില്‍ക്‌ എന്നെഴുതാന്‍ തുടങ്ങി. പണ്ടുകാലം മുതല്‍ സര്‍ക്കാരിന്‌ ചെലവിനു കൊടുക്കുന്നത്‌ അബ്കാരികളാകയാല്‍ അവരുടെ പാലുകച്ചവടവും കള്ളു കച്ചവടവും മുറപോലെ നടന്നു. അങ്ങനെ പാല്‍ എന്നാല്‍ കള്ള്‌ എന്നായി മാറി! വെള്ളമടിച്ച്‌ പുക്കുറ്റിയായി നാലുകാലില്‍ വീട്ടിലെത്തുന്ന കണവന്മാരോട്‌ ഭാര്യമാര്‍ 'പാലുകുടിച്ചാല്‍ വയറ്റില്‍ കിടക്കണം, എന്റടുത്ത്‌ വേണ്ട' എന്ന്‌ ഗുണദോഷിക്കാന്‍ തുടങ്ങി.

ഇപ്പോള്‍ കേരളത്തില്‍ ആവശ്യത്തിന്‌ പാലില്ലെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. ചേച്ചിമാര്‍ അത്‌ സമ്മതിച്ചു കൊടുക്കാന്‍ സാദ്ധ്യതയില്ല. ആവശ്യത്തിന്‌ കള്ളില്ലാഞ്ഞിട്ടും നാടുമുഴുവന്‍ കള്ളു കിട്ടുന്നുണ്ടല്ലോ എന്ന ചോദ്യം പാലുപോലെ പിരിഞ്ഞു കിടക്കുന്നു. 'മേശക്കള്ള്‌' എന്നറിയപ്പെടുന്ന ഒരു ദിവ്യൗഷധമാണ്‌ സര്‍ക്കാര്‍ ഇന്ന്‌ കേരളത്തിലെ കുടിയന്മാര്‍ക്ക്‌ ആത്മഹര്‍ഷമേകാനായി അനുവദിച്ചിരിക്കുന്നത്‌.

'പാല്‍' എന്നെഴുതിവച്ച ടാങ്കറില്‍ കൊണ്ടുവരുന്ന സ്പിരിട്ടാണ്‌ കള്ളുഷാപ്പുകളിലൂടെ വിതരണം ചെയ്യുന്ന മേശക്കള്ളിന്‌ സ്പിരിട്ടേകുന്നത്‌. മേശക്കള്ളിന്‌ മേശയുമായോ തെങ്ങുമായോ ചെത്തുകാരുമായോ കള്ളുമായോ പുലബന്ധംപോലുമില്ല. കോണ്‍ഗ്രസും ഗാന്ധിസവും തമ്മിലും കമ്യൂണിസവും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും പോലുള്ളൊരു ബന്ധം മാത്രം!

പറഞ്ഞുവരുന്നത്‌, മേശപ്പാല്‍ എന്നൊരു സംഗതിയുടെ സാധ്യതയാണ്‌. സൂചികുത്താന്‍ പോലും സ്ഥലമില്ലാത്ത കേരളത്തില്‍ ഗോമാതാക്കളെ വളര്‍ത്തി പാലുണ്ടാക്കാന്‍ എവടെ സ്ഥലം, എവടെ നേരം! നല്ല സുന്ദരി ഗോമാതാക്കളുടെ പടമടിച്ച അടിപൊളി പ്ലാസ്റ്റിക്‌ കൂടുകളില്‍ എന്തു പാഷാണം കലക്കിത്തന്നാലും നമ്മള്‍ കുടിക്കാന്‍ തയ്യാറാണെന്ന്‌ ഈ ചേട്ടന്മാര്‍ക്കൊന്നും അറിയില്ലേ???

പാഠം ഒന്ന്‌: 'അമ്മയെനിക്ക്‌ കാച്ചിയ പാഷാണം തരും.'

1 comments :

  1. Anonymous said...

    നിങ്ങളുടെ സ്ഥിരം വായനക്കാരനായ ഞാന്‍ wordpress ന്റെ ബ്ലോഗ്‌ ലിസ്‌റ്റില്‍ വാസ്‌തവത്തില്‍ പേരു കണ്ടില്ല. അതുകൊണ്ട്‌ add ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു.