Wednesday, May 7, 2008

അക്ഷയ തൃതീയ; പോത്തിറച്ചി വാങ്ങൂ, സ്വർണ്ണം നേടൂ!

ക്ഷയിക്കാനിനി ബാക്കിയൊന്നുമില്ല. ജീവദായകമായ നദികളൊക്കെയും മണൽ വാരി വാരി ഇല്ലതാക്കി. കൃഷിയിടമായ കൃഷിയിടമൊക്കെയും ഇഷ്ടിക കളങ്ങളാക്കി.

കുന്നും മലകളും ഇടിച്ചു നിരപ്പാക്കി കോൺക്രീറ്റ്‌ സൗധങ്ങളുയർത്തി. മഞ്ഞും മഴയും വെയിലുമൊക്കെ തോന്നും പോലെയാക്കി.
 
പഴയ കിണ്ടിയും ഓട്ടുരുളിയുമൊക്കെ വിറ്റും വിത്തിനിട്ട ചേമ്പെടുത്തു ചുട്ടുതിന്നും തറവാടു കുളമാക്കി.

ക്ഷയിക്കാതിരിക്കാൻ ഇനിയെന്തു പോംവഴിയെന്നു ചിന്തിക്കാൻ തുടങ്ങുന്നത്‌ ഒക്കെയും ഇവ്വിധം നാനാവിധമാക്കിയശേഷമാണ്‌ എന്നതാണ്‌ കേരളത്തിന്റെ വർത്തമാനം!

അങ്ങനെയിരിക്കെ, മൂന്നാലുകൊല്ലമായി കൊല്ലത്തിലൊരുനാൾ അക്ഷയ തൃതീയ എന്നൊരു പ്രതിഭാസം കേരളത്തിനുമേൽ ഐശ്വര്യദായകമായി പെയ്തിറങ്ങാൻ തുടങ്ങി.

അക്ഷയതൃതീയാന്നുവച്ചാൽ എന്തുവാ?

എന്തു കുന്തമാണെന്നറിവീലെങ്കിലും എന്തെങ്കിലുമൊക്കെ വിറ്റിട്ടാണേലും സ്വൽപ്പം സ്വർണ്ണം വാങ്ങി വിട്ടിൽ വച്ചില്ലെങ്കിൽ എന്തോ ഭയങ്കര കുഴപ്പം സംഭവിക്കും എന്നു മാത്രം മലയാളിക്കിപ്പോൾ മനസിലായിക്കഴിഞ്ഞു.

മലയാളിയെ ഇങ്ങനൊരു നല്ല പാഠം പഠിപ്പിക്കാൻ കേരളത്തിലെ സ്വർണ്ണക്കച്ചവടക്കാർ നടത്തിയ പങ്കപ്പാടുകൾക്കു കണക്കൊന്നുമില്ല. കോടിക്കണക്കിനു രൂപയുടെ പരസ്യം ചെയ്താണ്‌ സ്വർണ്ണ കച്ചവടക്കാർ അക്ഷയ തൃതീയയുടെ മഹത്വം നാട്ടുകാരെ പഠിപ്പിച്ചെടുത്തത്‌.

അങ്ങനിരിക്കെ, അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണക്കച്ചവടം നടത്താൻ പ്രമുഖ ബാങ്കുകളും രംഗത്തെത്തിക്കഴിഞ്ഞിരിക്കുന്നു. കലക്കവെള്ളത്തിൽ മീൻ പിടിക്കുകതെന്നെ ബാങ്കുകളുടെ ലക്ഷ്യം!

ഗുരുവായൂരപ്പന്റെ ബാനറിൽ ദേവസ്വം ബോർഡും കോടിക്കണക്കിനു രൂപായുടെ സ്വർണ്ണ കച്ചവടമാണ്‌ നടത്തുന്നത്‌. ഗുരുവായൂരപ്പനു വരെ സ്വർണ്ണം വിറ്റ്‌ സ്വർണ്ണ കച്ചവടക്കാരും ബാങ്കുകാരുമൊക്കെ അക്ഷയ തൃതീയകൊണ്ട്‌ കാശുവാരുന്നത്‌ കണ്ട്‌, പ്രമുഖ ഗൃഹോപകരണ കച്ചവടക്കാർ അക്ഷയ തൃതീയ ദിനത്തിൽ ടിവിയും ഫ്രിഡ്ജും ഒക്കെ വാങ്ങുന്നവർക്ക്‌ സ്വർണ്ണ സമ്മാനം കൊടുത്ത്‌ ആളെ കൂട്ടാനുള്ള യത്നങ്ങൾ തുടങ്ങിയതാണ്‌ ഈ വർഷത്തെ പുതുമ!

വരും വർഷങ്ങളിൽ അക്ഷയ തൃതീയ ദിനത്തിൽ പോത്തിറച്ചി വാങ്ങിയാൽ വരെ ഒരുകിലോ സ്വർണ്ണ നാണയം സമ്മാനമായി കിട്ടും എന്ന നിലയിലേക്ക്‌ ഈ പുരോഗതിയെ കൊണ്ടുചെന്നെത്തിക്കാനായാൽ,
ക്ഷയം പിടിച്ചു ചാവാൻ കിടക്കുന്ന കേരളം വീണ്ടും ശ്വാസം വലിച്ചു തുടങ്ങും!

(ബുഷിന്റെ കുരു പിന്നേം പൊട്ടി ഒലിക്കുകയും ചെയ്യും!)

അനുബന്ധം:
അക്ഷയ തൃതീയയുടെ പേരിൽ പകൽക്കൊള്ള വ്യാപകം
വാസ്തവം ലേഖകൻ
കൊച്ചി: അക്ഷയ തൃതീയയുടെ പേരിൽ ജ്വല്ലറി ഉടമകൾ ജനങ്ങളെ കബളിപ്പിച്ച്‌ വൻ ലാഭം കൊയ്യുന്നു. സ്വർണ്ണം വാങ്ങാൻ അനുയോജ്യമായ ദിവസമാണ്‌ അക്ഷയ തൃതീയയെന്ന്‌ അവകാശപ്പെട്ടാണ്‌ ജ്വല്ലറി ഉടമകൾ ജനങ്ങളെ ചൂഷണം ചെയ്യുന്നത്‌.

ജ്യോതിഷപ്രകാരം ഇന്ന്‌ രാവിലെ 10നും 10.30നും ഇടയിലായിരുന്നു അക്ഷയ തൃതീയയുടെ ശുഭ മുഹൂർത്തം. പക്ഷെ ജ്വല്ലറി ഉടമകൾ രണ്ട്‌ ദിവസമായിട്ടാണ്‌ ഇത്‌ ആഘോഷിക്കുന്നത്‌.

കറുത്ത പക്ഷത്തിൽ നിന്നും വെളുത്ത പക്ഷത്തിലേക്ക്‌ പോകുന്ന ദിവസം അമാവാസി കഴിഞ്ഞ്‌ മൂന്നംനാളാണ്‌ അക്ഷയ തൃതീയ എന്ന്‌ ജ്യോതിഷിമാർ പറയുന്നു. ശ്രീകൃഷ്ണ സഹോദരൻ ബലരാമന്റെ അവതാരദിവസമാണ്‌ അക്ഷയ തൃതീയ. സ്വർണ്ണം വാങ്ങാൻ മാത്രമല്ല, മറ്റ്‌ തീരുമാനമെടുക്കാനും നല്ല സമയമാണ്‌ അക്ഷയ തൃതീയ.

അര മണിക്കൂർ സമയം മാത്രം ദൈർഘ്യമുള്ള അക്ഷയ തൃതീയ ജ്വല്ലറി ഉടമകൾ കൊട്ടിഘോഷിക്കുന്നതു പോലെ രണ്ടു ദിവസം വരില്ല. കച്ചവട താൽപര്യത്തെ മുന്നിൽ കണ്ടുകൊണ്ട്‌ പകൽക്കൊള്ളയാണ്‌ നടത്തുന്നത്‌ എന്നാണ്‌ ജ്വല്ലറി ഉടമകൾക്കെതിരെ ഉയർന്നുവരുന്ന ആരോപണം.

4 comments :

  1. മൂര്‍ത്തി said...

    പത്രപരസ്യത്തിലൊക്കെ രണ്ട് ദിവസം എന്നാണ് കണ്ടത്. അടുത്ത കൊല്ലം 3 ദിവസം ആയിരിക്കും. തൃതീയ അല്ല ശരി എന്നും ത്രിതീയ ആണ് ശരീ എന്നും അപ്പോള്‍ 3 ദിവസം ആകാം എന്നു ഏതെങ്കിലും ജോത്സ്യന്‍ വെച്ച് കാച്ചും..

  2. iqbal reemas said...

    ജ്വല്ലറിക്കാരെ കണക്കിനൊന്നു കൊട്ടി.നന്നായി... ഇപ്പോള്‍ മൂന്നു കൊല്ലത്തോളമായി ഈ അക്ഷയ തൃതീയ തുടങിയിട്ട്.

  3. ഷാഫി said...

    ജ്വല്ലറിക്കാര്‍ മാത്രം കാശ്‌ വാരിയാല്‍ പോരല്ലോ. റിയല്‍ എസ്‌റ്റേറ്റ്‌ മാഫിയക്കും ടെക്‌സ്റ്റൈല്‍ വമ്പന്മാര്‍ക്കും ബ്ലേഡുകാര്‍ക്കും കൊള്ളബാങ്കുകള്‍ക്കും വേണം തൃതീയ ദിനങ്ങള്‍. ജനങ്ങള്‍ വാങ്ങി മുടിയട്ടെ. അങ്ങനെ സോഷ്യലിസം വരട്ടെ. യേത്‌?

  4. ഹരീഷ് തൊടുപുഴ said...

    ലേഖനത്തിനു അഭിനന്ദനങ്ങള്‍........