Wednesday, January 9, 2008

കുരങ്ങുകളിയുടെ രണ്ടാം ഇന്നിംഗ്സ്‌ ബഹുകേമം

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ അമ്പയറിംഗില്‍ നിന്ന്‌ സ്റ്റീവ്‌ ബക്ക്നറെ മാറ്റുകയും ഹര്‍ഭജന്‍സിംഗിനെ തുടര്‍ന്നുള്ള ടെസ്റ്റുകളില്‍ കളിക്കാന്‍ ഐസിസി അനുവാദം നല്‍കുകയും ചെയ്തപ്പോള്‍ ഇന്ത്യന്‍ തെരുവുകളിലെ പ്രതിഷേധ കൊടുങ്കാറ്റ്‌ ഒഴിഞ്ഞു; ഒഴിഞ്ഞവയറുമായിട്ട്‌ ഇന്ത്യക്കാര്‍ സന്തോഷത്തില്‍ ആറാടി.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വാംപയര്‍ എന്ന കുപ്രസിദ്ധമായ വിശേഷണം ലഭിച്ച അമ്പയര്‍ സ്റ്റീവ്‌ ബക്ക്നറുടെ വിക്കറ്റ്‌ തെറിപ്പിച്ചത്‌ ബിസിസിഐയുടെ ഗൂഗ്ലിയാണോ അതോ ഹര്‍ഭജന്റെ ദൂസരയാണോ അതുമല്ലെങ്കില്‍ ഐസിസിയുടെ യോര്‍ക്കറാണോ എന്ന്‌ ഇനി ചിന്തിച്ചിട്ട്‌ കാര്യമില്ലായെന്നാണ്‌ ഇന്ത്യന്‍ ടീമിന്റെയും ഇന്ത്യാക്കാരുടെയും ക്രിക്കറ്റിനെ കച്ചവടച്ചരക്കാക്കിയ ബഹുരാഷ്ട്ര കുത്തകകമ്പനികള്‍ക്കുമുള്ളത്‌.

ആശ്വാസമായി ക്രിക്കറ്റ്‌ ടെസ്റ്റ്‌ ഇനി തടസങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാകും!

എന്നാല്‍ നൂറ്റാണ്ട്‌ പഴക്കമുള്ള കീഴ്‌വഴക്കമാണ്‌ ഐസിസി ഈ തീരുമാനത്തിലൂടെ സിക്സറായി പറത്തിയിരിക്കുന്നത്‌. ക്രിക്കറ്റ്‌ മാന്യന്മാരുടെ കളിയല്ല എന്ന്‌ ലോകത്തെ മുഴുവന്‍ അങ്ങനെ അറിയിച്ചും കഴിഞ്ഞു.

നൂറാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന ഐസിസിയുടെ തീരുമാനം ബുദ്ധിപരമാണ്‌! ക്രിക്കറ്റ്‌ നിയമങ്ങള്‍, കളിക്കളത്തിലെ മാന്യത, ഇതുവരെ തുടര്‍ന്നുപോന്ന ശുദ്ധമായ പാരമ്പര്യം എന്നിവയില്‍നിന്നെല്ലാം വലുത്‌ പണം തന്നെയാണെന്ന്‌ ഐസിസി തെളിയിച്ചിരിക്കുന്നു. ക്രിക്കറ്റ്‌ ഒത്തുകളിയിലൂടെ കളിക്കാര്‍ നേരത്തെ ഈ സത്യം വെളിപ്പെടുത്തിയിരുന്നത്‌ ഓര്‍ക്കുക.

ബക്ക്നറെ നിലനിര്‍ത്തി, ഭാജിയെ പുറത്താക്കി ടെസ്റ്റ്‌ പരമ്പര തുടരാന്‍ കഴിയുകയില്ല എന്നു മാത്രമല്ല. അങ്ങനെ സംഭവിച്ചാല്‍ ഐസിസിക്ക്‌ ഇനി മുന്നോട്ടുപോകാന്‍ കഴിയുകയില്ല എന്ന വൃത്തിക്കെട്ട തിരിച്ചറിവ്‌, മുതലെടുപ്പിന്റെ വിവേകം ഒക്കെയാണ്‌ ഈ തീരുമാനങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്‌. ക്രിക്കറ്റ്‌ കായികവിനോദമല്ല, കറതീര്‍ന്ന കച്ചവടവും ഭാരതത്തിലെ ദരിദ്രവാസികളായ ക്രിക്കറ്റ്‌ ആരാധകരുടെ ദേശാഭിമാനപ്രതീകവുമാണെന്ന്‌ മനസിലാക്കിയാണ്‌ ഒരു മുറ്റത്ത്‌ രണ്ടു കച്ചവടത്തിന്‌ ഐസിസി ധൈര്യം കാട്ടിയത്‌. കാരണം ഐസിസിയുടെ വരുമാനത്തിന്റെ 80 ശതമാനവും ഇന്ത്യയില്‍ നിന്നാണ്‌. കച്ചവടത്തില്‍ ഉപഭോക്താവിനെ മാന്യമായ സ്ഥാനത്ത്‌ പ്രതിഷ്ഠിക്കണമെന്ന്‌ മാനേജ്മെന്റ്‌ തത്ത്വമാണ്‌ ഐസിസി നടപ്പിലാക്കിയിരിക്കുന്നത്‌.

അഞ്ചു ലോകകപ്പ്‌ മത്സരങ്ങളും 120 ടെസ്റ്റുകളും നിയന്ത്രിച്ച മികച്ച അമ്പയറായിട്ടാണ്‌ സ്റ്റീവ്‌ ബക്ക്നര്‍ അറിയപ്പെടുന്നത്‌. ഐസിസിയുടെ എലൈറ്റ്‌ പാനലിലെ ഏറ്റവും പരിചയസമ്പന്നനും പ്രമുഖനും ബക്ക്നര്‍തന്നെ. എന്നിട്ടും ഭാജിയോടുകാണിച്ച ഇളവ്‌ എന്തുകൊണ്ട്‌ ബക്ക്നറോട്‌ പുലര്‍ത്തിയില്ല എന്ന വിശകലനം ചെയ്യുമ്പോഴാണ്‌, ഇന്നലെ ചൂണ്ടിക്കാട്ടിയതുപോലെ ഈ വിവാദങ്ങള്‍ സൃഷ്ടിച്ചതിന്റെയും പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടതിന്റെയും പിന്നിലുള്ള കച്ചവടതാല്‍പ്പര്യങ്ങള്‍ വ്യക്തമാകുന്നത്‌.

ഇതിലൂടെ ആശാസ്യമല്ലാത്ത കീഴ്‌വഴക്കമാണ്‌ ഐസിസി നടപ്പിലാക്കിയിരിക്കുന്നത്‌. ഇതുവരെ ക്രിക്കറ്റ്‌ കളിയില്‍ അമ്പയറുടെ തീരുമാനമായിരുന്നു അന്തിമം. ഇനി അങ്ങനെയല്ല എന്ന്‌ ഏതു കളിക്കാരനും ഏതു രാജ്യത്തിനും വാദിക്കാന്‍ അവസരമൊരുങ്ങിയിരിക്കുന്നു. ക്രിക്കറ്റിലൂടെ ഐസിസിക്കും ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്കും വരുമാനമുണ്ടാക്കുന്ന രാജ്യത്തിന്റെതാണ്‌ പ്രതിഷേധമെങ്കില്‍ അത്‌ അംഗീകരിക്കപ്പെടുമെന്ന ഹീനമായ അവസ്ഥയാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. ഏതുകളിക്കാരനുവേണമെങ്കിലും അമ്പയറെ ചോദ്യം ചെയ്യാം. ഏത്‌ രാജ്യത്തിനുവേണമെങ്കിലും അമ്പയറെ മാറ്റിയില്ലെങ്കില്‍ കളി തുടരില്ലെന്ന ഭീഷണിപ്പെടുത്താം. ഒരു കായിക വിനോദത്തിന്റെ ഇതുവരെയുണ്ടായിരുന്ന അല്ലെങ്കില്‍ ഉണ്ടായിരുന്നുവെന്ന്‌ പരക്കെ അംഗീകരിച്ചിരുന്ന മാന്യതയാണ്‌, കീഴ്‌വഴക്കമാണ്‌ ഐസിസി ഇവിടെ കാറ്റില്‍പ്പറത്തിയിരിക്കുന്നത്‌.

ഭാജിക്ക്‌ നല്‍കിയ ഇളവെങ്കിലും ബക്ക്നര്‍ അര്‍ഹിക്കുന്നുണ്ടായിരുന്നു. രണ്ടാം ടെസ്റ്റിലെ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ ഏകപക്ഷീയവും പിഴവുകള്‍ നിറഞ്ഞവയായിരുന്നെങ്കില്‍ അദ്ദേഹത്തെ താക്കീത്‌ ചെയ്ത്‌ തുടര്‍ന്നുള്ള ടെസ്റ്റുകളിലും അമ്പയറാകാന്‍ അനുവദിക്കണമായിരുന്നു. ആ മാന്യത ഐസിസി സ്വീകരിച്ചില്ല. സിമണ്ട്സിനെ വംശീയമായി അധിഷേപിച്ചതിന്റെ പേരില്‍ ഹര്‍ഭജന്‍ സിംഗിന്‌ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്‌ നീക്കാന്‍ ഐസിസിക്ക്‌ കഴിയുമായിരുന്നെങ്കില്‍ തീര്‍ച്ചയായും ബക്ക്നറോടും അതേ മനോഭാവം പുലര്‍ത്താന്‍ കഴിയണമായിരുന്നു. ഇവിടെ മറ്റൊരു ചോദ്യം ഉന്നയിച്ചാല്‍ അതിന്‌ മറുപടി നല്‍കാന്‍ ഐസിസി തയ്യാറാകുമെന്ന്‌ തോന്നുന്നില്ല. കാരണം ബക്ക്നര്‍ കറുത്ത വര്‍ഗക്കാരനായതുകൊണ്ടും ബക്ക്നറുടെ നാട്ടില്‍ ക്രിക്കറ്റ്‌ ആരാധകര്‍ കുറയുന്നതുകൊണ്ടുമല്ലേ ഇന്ത്യക്ക്‌ അനുകൂലമായി ഇങ്ങനെയൊരു തീരുമാനമുണ്ടായത്‌. പണത്തിനുമേല്‍ ഐസിസിയും പറക്കില്ലെന്ന്‌ ബോധ്യമായി.

കളിക്കളത്തില്‍ ചത്തേ എന്ന ആരോപണം പേറുന്ന ഇന്ത്യ ക്ക്‌ കളിക്കളത്തിനുപുറത്തുള്ള കളിയില്‍ ചക്ദേ ഇന്ത്യ എന്ന്‌ അഭിമാനിക്കാന്‍ ഇതുകൊണ്ട്‌ കഴിഞ്ഞേക്കും.

ഷെയിം...... ഷെയിം......

2 comments :

  1. സാജന്‍| SAJAN said...

    തീരുമാനം നിക്ഷപക്ഷമല്ലാതിരിക്കാം , പക്ഷേ അവാസ്തവമായിക്കൂടാ,
    ഡെയിലിടെല്‍ഗ്രാഫ് എന്ന ഓസി പത്രത്തിന്റെ ഓണ്‍ലൈന്‍ സര്‍വേയില്‍, 80 % ആളുകള്‍ക്ക് മുകളില്‍ ഓസ്ട്രെലിയ നല്ല സ്പിരിറ്റിലല്ല കളിച്ചതെന്ന് രേഖപ്പെടുത്തുക്യുണ്ടായി (നാട്ടിലെ പോലെ 150 പേരല്ല അതില്‍ വോട്ട് ചെയ്തത് 8000 പേരിനു മുകളില്‍ ഉണ്ടായിരുന്നു )
    അതുപോലെ യൂ ട്യൂബില്‍ ഒന്നു പരതി നോക്കിയാല്‍ സ്റ്റീവ് ബക്ക്നെറുടെ തീരുമാനങ്ങള്‍ ഓരോന്നോരോന്നായി പല ആങ്കിളില്‍ നിന്നും കാണാം
    എറര്‍ വരുത്തുന്നത് മാനുഷികമാണെങ്കിലും ഏകദേശം പത്തോളം തീരുമാനങ്ങള്‍ ഇന്‍ഡ്യക്ക് പ്രതികൂലമായി എടുത്തു എന്നതില്‍ ആകസ്മികതയേക്കാള്‍ മറ്റെന്തൊക്കെയോ ആണ് മുഴച്ചു നില്‍ക്കുന്നത്.അത്തരം മന‍പൂര്‍വമായ എറര്‍ ഇനി ഉണ്ടാവാതിരിക്കാന്‍ ,വെള്ളകാരന്റെ വായാട്ടിപട്ടികള്‍ ആയി വരുന്ന ഓരോ അമ്പയറിനും ഒരു പാഠമാവാനും ഇതു നല്ലതു തന്നെ!

    മാര്‍ക്കിനെയോ ബെന്‍സണേയോ മാറ്റാന്‍ ഇന്‍ഡ്യ പറഞ്ഞില്ലല്ലൊ, സ്റ്റീവിന്റെ അമ്പയറിങ്ങും ഹര്‍ബജന്റെ ഇഷ്യൂമായി കൂട്ടിക്കുഴക്കേണ്ട കാര്യോം ഇല്ല റേസിസ്റ്റ് ഇഷ്യൂ, അതിനിയും തെളിയിക്കപ്പെടാന്‍ ഇരിക്കുന്നതല്ലേയുള്ളൂ.

    നാളിത് വരേയും വെള്ളക്കാരനും അവരുടെ ശിങ്കിടികളും പറഞ്ഞത് മൂളിക്കേട്ടിട്ടേയുള്ളൂ ഓരോ ഇന്‍ഡ്യനും , ഇന്ന് ഇതുകൊണ്ടെങ്കിലും നമുക്ക് വോയിസുണ്ടെന്ന് ലോകം കണ്ടെങ്കില്‍ ഞാന്‍ അഭിമാനിക്കുന്നു,
    കാരണം ഇന്‍ഡ്യ തിരിച്ചുകൊടുക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ നേരിടാന്‍ ഇപ്പോ ക്രികെറ്റ് കളിക്കുന്ന മറ്റൊരു രാജ്യത്തിനും ചങ്കുറപ്പില്ല ! ആ വാസ്തവം ലോകം കണ്ട നാളുകള്‍ കൂടെയായിരുന്നു കഴിഞ്ഞു പോയത്.

  2. ഏ.ആര്‍. നജീം said...

    പണ്ട് ക്രിക്കറ്റ് കളിക്കാരുടേയും കാണികളുടേയും സ്വപ്നഭൂമിയായിരുന്ന ഷാര്‍ജയുടേ അവസ്ഥയും ഇതായിരുന്നല്ലോ....അവര്‍ കച്ചവട തന്ത്രം മാത്രമായിരുന്നെങ്കില്‍ ഇവിടെ മറ്റെന്തൊക്കെയോ ആണെന്ന് മാത്രം...