Saturday, January 19, 2008

പൊന്നുണ്ടാക്കാന്‍ കൗശലമുണ്ടേ...

'കപര്‍ദ്ദി പ്രാദുര്‍ഭ വ്യഗ്രാസായ' എന്നു വച്ചാല്‍ വയാഗ്രയല്ല, ഒന്നു വച്ചാല്‍ രണ്ടല്ല; രണ്ടു കോടിയുമല്ല, അതിലുമേറെ!

'പത്രത്തോടൊപ്പം ഒരു സംസ്ക്കാരവും പ്രചരിപ്പിക്കുന്ന' പത്രത്തിലാണ്‌ മാനവകുലത്തെ ഒറ്റയടിക്ക്‌ കരകയറ്റി വിടാന്‍ വേണ്ട ശേഷിയുള്ള 'കപര്‍ദ്ദി പ്രാദുര്‍ഭ വ്യഗ്രാസായ'യുടെ പരസ്യം കിടക്കുന്നത്‌!

വായനക്കാര്‍ക്ക്‌ ഇമ്മീഡിയറ്റ്‌ അപ്പോയിന്റ്മെന്റ്‌ കിട്ടാന്‍ വേണ്ടിയുള്ള ആറാം പേജിലെ കരിയര്‍ലൈന്‍ പേജിലാണ്‌ പരസ്യം കിടക്കുന്നത്‌. 'അലവലാതി' എന്ന്‌ നാട്ടുമലയാളത്തില്‍ അര്‍ത്ഥം പറയാവുന്ന മിസ്ലേനിയസ്‌ സബ്ടൈറ്റിലിനുകീഴെ നിങ്ങള്‍ വായിക്കൂ 'ഏറ്റവും ശക്തികൂടിയ മഹാമാന്ത്രിക ഏലസ്സ്‌ 800 രൂപയ്ക്ക്‌ നല്‍കുന്നു' എന്ന ഒറ്റമൂലി!

എത്ര ശ്രമിച്ചിട്ടും ധനാഭിവൃദ്ധി ഉണ്ടാകുന്നില്ലെങ്കില്‍....? നിങ്ങളുദ്ദേശിക്കുന്ന കാര്യങ്ങളൊന്നും നടക്കുന്നില്ലെങ്കില്‍....? അസ്വസ്ഥരാകേണ്ട.... ലോകത്തില്‍ ഇവിടെനിന്നു മാത്രം ലഭിക്കുന്നതും, മാന്ത്രിക ഏലസുകളിലെ ഏറ്റവും ശക്തികൂടിയതുമായ 'കപര്‍ദ്ദി പ്രാദുര്‍ഭവ്യഗ്രാസായ' ഏലസുകള്‍ ധരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുക എന്നാണ്‌ പരസ്യത്തിലൂടെ പ്രചരിപ്പിക്കുന്ന പുതിയ സംസ്ക്കാരം!

അതേ പേജില്‍തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രന്ഥത്തില്‍ നിന്നും തയ്യാറാക്കുന്ന മിനിറ്റുകള്‍ക്കകം നടപടിയുണ്ടാകുന്ന ഏലസിന്റെ പരസ്യവുമുണ്ട്‌. പ്രതീക്ഷിക്കാത്ത ധനം കൈവരും. രോഗശാന്തി കിട്ടും. തൊഴില്‍, വിവാഹലബ്ധി എന്നിവയ്ക്കായാണ്‌ ഏലസ്‌ ഡെഡിക്കേറ്റ്‌ ചെയ്തിരിക്കുന്നത്‌. വില പരസ്യത്തിലില്ല.

കയ്യില്‍ കാശുള്ളവരെല്ലാവരും ഉടന്‍തന്നെ ഇതിലേതെങ്കിലും ഓരോന്ന്‌ വാങ്ങി അരയില്‍ കെട്ടുക. കയ്യില്‍ കാശില്ലാത്ത ബിപി എല്ലും തോലും കാരെ സര്‍ക്കാര്‍ ചെലവില്‍ ഉടന്‍ ഏലസ്‌ കെട്ടിക്കുക.

ധനമന്ത്രി തോമസ്‌ ഐസക്‌ രണ്ടു കയ്യിലും അരയിലും ഏലസ്‌ ധരിക്കുക. കേരളം മിനിറ്റുകള്‍ക്കകം കാശുകാരുടെ കൂടാരമാകും!

നാട്ടുകാരായ കുഞ്ഞുകുട്ടി പരാധീനങ്ങളൊക്കെ ഏലസ്‌ കെട്ടിക്കഴിഞ്ഞാല്‍ അരിവില കൂടിയാല്‍ പ്രശ്നമില്ല, പെട്രോള്‍ വില കൂടിയാല്‍ പ്രശ്നമില്ല. ചുരുക്കത്തില്‍ യാതൊരു പ്രശ്നവും ബാക്കിവരില്ല.

ജപ്പാന്‍കാരും ചൈനക്കാരും ഇത്തരം ഏലസുകള്‍ ധരിച്ചുതുടങ്ങിയതില്‍ പിന്നെയാണ്‌ ആ രാജ്യങ്ങള്‍ കാശുണ്ടാക്കാന്‍ തുടങ്ങിയതെന്നാണ്‌ രഹസ്യമായി കിട്ടിയ വാര്‍ത്ത. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ചൈനയിലും ജപ്പാനിലുമൊക്കെ ചെന്നന്വേഷിച്ചാല്‍ മതി.

കുഞ്ചന്‍ നമ്പ്യാര്‍ പണമുണ്ടാക്കാന്‍ ഒരു കൗശലം ഉപദേശിച്ചിട്ടുണ്ട്‌.

'പൊന്നുണ്ടാക്കാന്‍ കൗശലമുണ്ടേ...
തൂമ്പയെടുത്തു കിളച്ചീടേണം...'
എന്നതാണാ കൗശലം!

പണിയെടുത്തു തിന്നണം എന്നതായിരുന്നു അന്നത്തെ സംസ്ക്കാരം. പത്രത്തോടൊപ്പം പ്രചരിക്കുന്ന സംസ്ക്കാരം വെറുതെയിരുന്നു തിന്നുന്ന സംസ്ക്കാരമാവരുത്‌!

എളമരം കരീം താങ്കള്‍ എവിടെയാണ്‌?

തങ്കച്ചന്റെ മരണത്തിനിടയാക്കിയ ഊരക്കാട്ട്‌ പാറമട ദുരന്തത്തിന്റെ പേരില്‍ വ്യവസായമന്ത്രി എളമരം കരീമിനെതിരെ പ്രേരണാകുറ്റത്തിന്‌ കേസെടുക്കണമെന്നാണ്‌ ഞങ്ങളുടെ അഭിപ്രായം.

കഴിഞ്ഞ 22-ാ‍ം തീയതി കുഴൂരില്‍ പാറമട ഇടിഞ്ഞുവീണ്‌ അഞ്ചുപേര്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന്‌ ജില്ലാ ഭരണകൂടം ജില്ലയിലെ പാറമടകള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തുകയും താലൂക്കിലെ പാറമടകളുടെ പ്രവര്‍ത്തനം നിരോധിക്കുകയും ചെയ്തിരുന്നു. ഈ നടപടിയെ അട്ടിമറിച്ചത്‌ വ്യവസായ മന്ത്രി എളമരം കരീമായിരുന്നു. കരീമിന്റെ അട്ടിമറി തങ്കച്ചനെന്ന തൊഴിലാളിയുടെ ദാരുണ മരണത്തില്‍ വിജയക്കൊടി പാറിച്ചിരിക്കയാണ്‌.

കൊടിവച്ച കാറില്‍ പാറിനടക്കുകയും മന്ത്രിമന്ദിരത്തിലെ സുഖശീതോഷ്ണമുറികളില്‍ ഉണ്ടുറങ്ങി കഴിയുകയും ചെയ്യുന്ന എളമരം കരീം അടക്കമുള്ള മന്ത്രിമാര്‍ക്ക്‌ അന്നന്നത്തെ അന്നത്തിനുവേണ്ടി പെടാപാടുപെടുന്ന തൊഴിലാളികള്‍, അവര്‍ ജോലിചെയ്യുന്ന മേഖലകളില്‍ അഭിമുഖീകരിക്കുന്ന അപകടങ്ങളെക്കുറിച്ച്‌ ചിന്തിക്കാന്‍പോലും സമയം കാണുകയില്ല. കാരണം ഈ തൊഴിലാളികളെ നിഷ്ക്കരുണം ചൂഷണം ചെയ്യുന്ന മുതലാളിമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍, നിയമം അട്ടിമറിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ എങ്ങനെ നടപ്പിലാക്കണമെന്ന്‌ ചിന്തിച്ച്‌ തലപുകയ്ക്കേണ്ടതുണ്ടല്ലോ....

കുഴൂരിലെ പാറമട ദുരന്തത്തെതുടര്‍ന്ന്‌ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണം നിര്‍മാണമേഖലയെ സ്തംഭിപ്പിച്ചുവെന്നാരോപിച്ച്‌ ക്വാറി അസോസിയേഷനും ലോറി ഓണേഴ്സ്‌ അസോസിയേഷനും പണിമുടക്ക്‌ ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുവന്നപ്പോള്‍ എളമരം കരീമിന്റെ മുട്ടിടിച്ചു, ഇവര്‍ക്കുമുമ്പില്‍ വ്യവസായവകുപ്പ്‌ മുട്ടുമടക്കി. പാറമടകള്‍ക്കെതിരെ ഒരു നടപടിയും പാടില്ലായെന്ന്‌ അങ്ങനെ എളമരം കരീം രേഖാമൂലം ജില്ലാ കലക്ടര്‍മാരോട്‌ നിര്‍ദേശിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം എട്ടുമുതല്‍ ക്വാറികള്‍ 'സജീവ'മായതിന്റെ തിരിച്ചടിയാണ്‌ തങ്കച്ചന്റെ ദുരന്തം.

വ്യവസായ വികസനവും പുരോഗതിയും കൊണ്ടുവരാന്‍ ഇത്തരം ചില നഷ്ടങ്ങള്‍ പൊതുജനങ്ങള്‍ സഹിക്കണമെന്നാണ്‌ അങ്ങ്‌ ബംഗാളിലെ ബുദ്ധദേവ്‌ മുതല്‍ ഇങ്ങ്‌ കേരളത്തിലെ എളമരം കരീം വരെയുള്ളവര്‍ ഉദ്ബോധിപ്പിക്കുന്നത്‌. വികസനത്തിനുവേണ്ടി കൊല്ലപ്പെടാനും കുടിയിറക്കപ്പെടാനും അതിനെതിരെ പ്രതിഷേധിച്ചാല്‍ പോലീസിന്റെയും പാര്‍ട്ടി സഖാക്കളുടെയും വെടിയേറ്റ്‌ മരിക്കാനുമാണ്‌ തൊഴിലാളി വര്‍ഗത്തിന്റെ ഗതിയെന്നാണ്‌ ഈ നവലിബറല്‍ സാമ്പത്തിക ശാസ്ത്രകാരന്മാരുടെ പുതിയ മാനിഫെസ്റ്റോ. അതുകൊണ്ട്‌ പാറമടകളില്‍ ദുരന്തമുണ്ടായാലും ആ ദുരന്തത്തില്‍ സാധുക്കളായ തൊഴിലാളികള്‍ ചതഞ്ഞരഞ്ഞു മരിച്ചാലും എളമരം കരീം കുടുങ്ങുകയില്ല. വ്യവസായ വികസനമെന്ന പാതയിലൂടെ ക്വാറിയുടമകള്‍ അടക്കമുള്ള ചൂഷകര്‍ക്കൊപ്പം കൊടിവച്ച കാറില്‍ ചീറിപ്പാഞ്ഞ്‌ പോകുകതന്നെ ചെയ്യും.

ജില്ലയില്‍ ഏതാണ്ട്‌ ആയിരത്തോളം പാറമടകള്‍ ഉണ്ടാകുമെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. മുന്നൂറോളം പാറമടകളുമായി ജില്ലയില്‍ ഒന്നാമത്‌ നില്‍ക്കുന്നത്‌ കുന്നത്തുനാട്‌ താലൂക്കാണ്‌. ഊരക്കാട്ട്‌ ഉള്‍പ്പെടെ ചെറുതും വലുതുമായ അന്‍പതോളം പാറമടകളാണ്‌ കിഴക്കമ്പലം പഞ്ചായത്തിലുള്ളത്‌. ഇതില്‍ ദുരന്തം നടന്ന മട 400 അടി താഴ്ചയിലാണ്‌.

കുഴൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, 20 അടി താഴ്ചയുള്ള പാറമടകളും തട്ടുതട്ടായി പാറപൊട്ടിച്ചെടുക്കുന്ന ക്വാറികളും നിരോധിക്കുമെന്ന്‌ മൈനിംഗ്‌ ആന്റ്‌ ജിയോളജി വകുപ്പധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജില്ലയില്‍ 20 അടി താഴ്ചയില്ലാത്ത ഒറ്റ മടപോലുമില്ല എന്നതാണ്‌ സത്യം.

നിയമവും ചട്ടങ്ങളും ഏട്ടിലുറങ്ങുമ്പോള്‍ അവ നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥര്‍ ക്വാറി ഉടമകളില്‍നിന്ന്‌ ആയിരവും പതിനായിരവും കൈക്കൂലി വാങ്ങി ഓഫീസുകളില്‍ സുരക്ഷിതരായി കഴിയുന്നതാണ്‌ ഇത്തരം ദുരന്തങ്ങള്‍ക്ക്‌ മറ്റൊരു കാരണം. ക്വാറികള്‍ നടത്തുന്നതുസംബന്ധിച്ചുള്ള സുരക്ഷാ നിയമങ്ങള്‍ ജില്ലയില്‍ എന്നല്ല കേരളത്തില്‍ ഒരിടത്തും പാലിക്കപ്പെടുന്നില്ല. കാലാകാലങ്ങളില്‍ ക്വാറികള്‍ പരിശോധിച്ച്‌ സുരക്ഷ ഉറപ്പുവരുത്തണമെന്ന ചട്ടവും ഇവര്‍ പാലിക്കാറില്ല. ക്വാറികളില്‍ അപകടമുണ്ടാകുമ്പോള്‍ പൊതുജനങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകളും അവരില്‍ നിന്നുണ്ടാകുന്ന പ്രതിഷേധങ്ങളും ഈ ഉദ്യോഗസ്ഥര്‍ക്ക്‌ പ്രശ്നവുമല്ല.

ഇന്ന്‌ ജില്ലയിലേയും മറ്റ്‌ ക്വാറികളിലും പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷവും അന്യസംസ്ഥാന തൊഴിലാളികളായതുകൊണ്ടുകൂടിയാണ്‌ സുരക്ഷാ നടപടികളുടെ കാര്യത്തില്‍ ഉടമകളും ഉദ്യോഗസ്ഥരും ഈ അനാസ്ഥ പുലര്‍ത്തുന്നത്‌. എന്നാല്‍ ഇതിന്റെ തിരിച്ചടിയേറ്റ്‌ ഞെരിഞ്ഞുമരിക്കുന്നത്‌ മലയാളികളായ തൊഴിലാളികളാണ്‌. ഒരു ക്വാറിയിലും എത്ര തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്‌ എന്ന വിവരം ബന്ധപ്പെട്ട വകുപ്പ്‌ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ നിശ്ചയം പോലുമില്ല. ഉടമകള്‍ പറയുന്നതാണ്‌ ഇവരുടെ കണക്ക്‌. ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഓടിയെത്തി ചില പ്രഖ്യാപനങ്ങള്‍ നടത്തി മരണമടയുന്നവരുടെ ആശ്രിതര്‍ക്കും പരിക്കുപറ്റുന്നവര്‍ക്കും നഷ്ടപരിഹാരത്തുക നല്‍കി പൊതുജനങ്ങളുടെയും, ഇത്തരം അപകടം പിടിച്ച മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെയും കണ്ണില്‍ പൊടിയിട്ട്‌ രക്ഷപ്പെടുകയാണ്‌ ഉദ്യോഗസ്ഥര്‍.

തൊഴില്‍രംഗത്ത്‌, തൊഴിലാളികളുടേതല്ലാത്ത കാരണങ്ങളാലുണ്ടാകുന്ന അപകടങ്ങളില്‍ മരണമടയുന്നവരുടെ ആശ്രിതര്‍ക്കും പരിക്കുപറ്റുന്നവര്‍ക്കും നഷ്ടപരിഹാരം കൊടുക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ എതിര്‍പ്പില്ല. എന്നാല്‍ ബന്ധപ്പെട്ട മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥമൂലമുണ്ടാകുന്ന ഇത്തരം അപകടങ്ങളില്‍പെടുന്നവര്‍ക്ക്‌ പൊതുജനത്തിന്റെ നികുതിപ്പണത്തില്‍ നിന്ന്‌ നഷ്ടപരിഹാരത്തുക നല്‍കുന്നതിനോട്‌ ഞങ്ങള്‍ക്ക്‌ എതിര്‍പ്പുണ്ട്‌. മറിച്ച്‌ ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട മന്ത്രിയില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും തൊഴിലുടമകളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കിവേണം അപകടത്തില്‍പെടുന്നവര്‍ക്ക്‌ നല്‍കേണ്ടത്‌. എങ്കില്‍ മാത്രമേ ഉത്തരവാദിത്തത്തോടെ, തൊഴിലാളി സ്നേഹത്തോടെ ജനക്ഷേമകരമായി ഇവരെല്ലാം പണിയെടുക്കുകയുള്ളൂ.

ജില്ലയിലെ ക്വാറികളില്‍നിന്ന്‌ ഇനിയും അപകടമരണത്തിന്റെ വാര്‍ത്തകള്‍ വരാനിരിക്കുന്നതേയുള്ളൂ. അത്രയ്ക്ക്‌ സ്ഫോടനാത്മകമാണ്‌ ഇവിടങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍. തക്കസമയത്ത്‌ പരിശോധന നടത്തി നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കും ഉദ്യോഗസ്ഥരെ പണിയെടുപ്പിക്കാത്ത മന്ത്രിക്കുമെതിരെ ജനരോഷം ശക്തമാണിപ്പോള്‍. ആ കരിമരുന്നിന്‌ തീപിടിച്ചാലുണ്ടാകുന്ന സ്ഫോടനം ചിന്താതീതമായിരിക്കും. അതില്‍ ചിതറിക്കപ്പെടുന്നതും ഞെരിഞ്ഞമര്‍ത്തപ്പെടുന്നതും മന്ത്രിയടക്കമുള്ളവരായിത്തീര്‍ന്നാല്‍ ആരും മൂക്കത്ത്‌ വിരല്‍വയ്ക്കുകയും ചെയ്യരുത്‌. അത്രയ്ക്ക്‌ തീഷ്ണമാണ്‌ ജനങ്ങളുടെ അസഹിഷ്ണുതയും പ്രതിഷേധവും.

ഇതെല്ലാം എളമരം കരീം, മന്ത്രിമന്ദിരത്തില്‍ ഇളവേല്‍ക്കുന്ന സമയങ്ങളില്‍ ഓര്‍ക്കുന്നത്‌ നന്ന്‌.

Friday, January 18, 2008

അമേരിക്കയിലേക്കുള്ള നഴ്സസ്‌ റിക്രൂട്ടിങ്ങില്‍ വഞ്ചന

  • ഏജന്‍സിക്കെതിരെ അമേരിക്കയില്‍ കേസ്‌
  • വഞ്ചിച്ചത്‌ J 2 C എന്ന ഏജന്‍സി
  • മിയാമി ആസ്ഥാനമായുള്ള ഏജന്‍സിക്ക്‌ കൊച്ചിയിലും ശാഖ
  • ഏജന്‍സിയുടെ ജീവനക്കാരായി കരുതി അമേരിക്കയിലെ മറ്റ്‌ ആശുപത്രികളിലെ സ്റ്റാഫ്‌ നഴ്സുമാര്‍ക്ക്‌ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു.
ഹിമജ
കൊച്ചി: അമേരിക്കയിലേക്ക്‌ നേഴ്സുമാരെ റിക്രൂട്ട്‌ ചെയ്തതില്‍ കൊടിയ വഞ്ചന. മിയാമി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതു കൊച്ചിയില്‍ ശാഖയുള്ളതുമായ ജോബ്‌ 2 കരിയര്‍ (ഖ 2 ഇ) ഏജന്‍സിയാണ്‌ നഴ്സുമാരെ റിക്രൂട്ട്‌ ചെയ്തത്‌.

ഫ്ലോറിഡ മെഡിക്കല്‍ സെന്ററില്‍ ഈ ഏജന്‍സി മുഖേന ജോലി ലഭിച്ച മലയാളികള്‍ അടക്കമുള്ള 22 നഴ്സുമാരാണ്‌ ഏജന്‍സിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്‌. ബ്രോവാര്‍ഡ്‌ കൗണ്ടിംഗ്‌ ഫെഡറല്‍ ഡിസ്ട്രിക്ട്‌ കോര്‍ട്ടിലാണ്‌ കേസ്‌ കൊടുത്തിട്ടുള്ളത്‌.

വാഗ്ദാനം ചെയ്തതിലും വളരെ കുറവ്‌ ശമ്പളമാണ്‌ ഏജന്‍സി നല്‍കുന്നതെന്നും ഈ ഏജന്‍സി റിക്രൂട്ട്‌ ചെയ്യുന്ന നഴ്സുമാരെ അമേരിക്കയിലെ ആശുപത്രികളില്‍ സ്റ്റാഫ്‌ നഴ്സുകളായി നിയമിക്കാതെ കോണ്‍ട്രാക്ട്‌ സമയം വരെ (2 വര്‍ഷം) ഏജന്‍സിയുടെ ജീവനക്കാരായാണ്‌ കണക്കാക്കുന്നതെന്നും ഇതുമൂലം മറ്റ്‌ ആശുപത്രികളില്‍ ജോലിചെയ്യുന്ന നഴ്സുമാര്‍ക്ക്‌ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക്‌ ലഭിക്കുന്നില്ല എന്നുമാണ്‌ ഹര്‍ജിയില്‍ പറയുന്നത്‌.

ആഴ്ചയില്‍ 36 മണിക്കൂര്‍ ജോലി വാഗ്ദാനം ചെയ്താണ്‌ ഏജന്‍സി കേരളത്തില്‍നിന്നും ഇന്ത്യയില്‍നിന്നും നഴ്സുമാരെ റിക്രൂട്ട്‌ ചെയ്തിട്ടുള്ളത്‌. എന്നാല്‍ പല ആഴ്ചകളിലും ജോലി ചെയ്യാതെ താമസസ്ഥലത്തിരിക്കേണ്ട ഗതികേടാണ്‌ തങ്ങള്‍ക്കുള്ളതെന്നും നഴ്സുമാര്‍ ആരോപിക്കുന്നു.

സ്റ്റാഫ്‌ നഴ്സുമാരാക്കാതെ ഏജന്‍സിയുടെ ജീവനക്കാരായി കരുതുന്നതുകൊണ്ട്‌ മറ്റ്‌ നഴ്സുമാര്‍ക്ക്‌ ലഭിക്കുന്ന മണിക്കൂര്‍ അനുസരിച്ചുള്ള വേതനമോ നൈറ്റ്‌ ഡ്യൂട്ടിയോ വാരാന്ത്യ അലവന്‍സോ ഇവര്‍ക്ക്‌ ലഭിക്കുന്നില്ല. മാത്രമല്ല, അവധിദിവസങ്ങളില്‍ ചെയ്യുന്ന ജോലിക്കും ഏജന്‍സി വേതനം നല്‍കാറില്ല.

ഏജന്‍സി റിക്രൂട്ട്‌ ചെയ്യുന്ന നഴ്സുമാരുടെ ആരോഗ്യ-സുരക്ഷ കാര്യങ്ങളിലും വന്‍വീഴ്ചയാണ്‌ വരുത്തിയിട്ടുള്ളത്‌. ഇന്‍ഷ്വറന്‍സ്‌ പരിരക്ഷയുടെ കാര്യത്തിലും കടുത്ത അവഗണനയും വഞ്ചനയുമാണ്‌ ഈ ഏജന്‍സിയില്‍ നിന്ന്‌ ഉണ്ടായിട്ടുള്ളതെന്നും ആരോപണമുണ്ട്‌. അമേരിക്കയിലെ സ്റ്റാഫ്‌ നഴ്സുമാര്‍ കുടുംബ ഇന്‍ഷ്വറന്‍സിന്‌ പ്രതിമാസം 150 ഡോളറില്‍ താഴെ പോളിസി അടക്കുമ്പോള്‍ ഈ ഏജന്‍സി റിക്രൂട്ട്‌ ചെയ്ത നഴ്സുമാര്‍ക്ക്‌ 750 ലധികം ഡോളര്‍ പോളിസിയായി നല്‍കേണ്ടിവരുന്നു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

എന്നാല്‍ ഏജന്‍സി റിക്രൂട്ട്‌ ചെയ്തിട്ടുള്ള നഴ്സുമാരുടെ വേതനവും സുരക്ഷയും മറ്റ്‌ സൗകര്യങ്ങളും സംരക്ഷിക്കുന്നതില്‍ ജെ2സി വീഴ്ച വരുത്തിയിട്ടില്ല എന്നാണ്‌ അഭിഭാഷകന്‍ ജോസഫ്‌ എം മാത്യൂസ്‌ അവകാശപ്പെടുന്നത്‌.

ആകാശം വഴി വികസനം വരുമ്പോള്‍...

കേരളം രക്ഷപ്പെടാന്‍ എന്താണൊരു വഴി? കേരളം രക്ഷപ്പെടാന്‍ ഒരുപാടു വഴിയുണ്ട്‌. അതിലൊരു വഴി ആകാശം വഴിയാണ്‌. അതിനാലാണ്‌ ഇപ്പോള്‍ കണ്ണൂരിലും അന്താരാഷ്ട്ര വിമാനത്താവളം പണിയാന്‍ പോണത്‌. നാലഞ്ചു കൊല്ലം കൊണ്ട്‌ പറ്റിയാല്‍ എല്ലാ പഞ്ചായത്തിലും ഓരോ വിമാനത്താവളം ഉണ്ടാക്കണം.

വിമാനത്താവളങ്ങള്‍ ഉണ്ടായാല്‍ രണ്ടാണുഗുണം. കേരളീയര്‍ക്ക്‌ ഒന്നാകെ വേറേതെങ്കിലുമൊക്കെ രാജ്യങ്ങളില്‍ പോയി പണിയെടുത്തോ തെണ്ടിയോ നാലുകാശുണ്ടാക്കമെന്നതാണാദ്യ ഗുണം.

കേരളീയര്‍ ഒന്നാകെ നാടുവിട്ടുകഴിയുമ്പോള്‍ വേറെ നാട്ടിലുള്ള ആണുങ്ങള്‍ക്ക്‌ സൗകര്യപ്പെടുമ്പോഴൊക്കെ കേരളത്തിലെത്തി ടൂറിസം വികസിപ്പിക്കാം എന്നതാണ്‌ രണ്ടാമത്തെ ഗുണം.

കേരളത്തിലുള്ള ആണുങ്ങളൊക്കെ നാടുവിട്ടുപോകുന്നതുമൂലം കേരളത്തിലുള്ള പെണ്ണുങ്ങള്‍ക്ക്‌ ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പുറത്തുനിന്നെത്തുന്ന അതിഥികള്‍ പരിഹാരം കണ്ടുകൊള്ളും.

അങ്ങനെ ടൂറിസമങ്ങു കൊഴുക്കും. ഒരുപാടു കാശു 'കിടന്നു'കിട്ടും!

വേറെയുമുണ്ട്‌ ഗുണങ്ങള്‍. ആണുങ്ങളൊക്കെ നാടുവിട്ടു കഴിഞ്ഞാല്‍ രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഇല്ലാതാകും. പിടിച്ചുപറി ഇല്ലാതാകും. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാകും. അറിയാമല്ലോ, എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കുന്നത്‌ ആണുങ്ങള്‍ എന്ന ഭീകരന്മാരാണ്‌!

തന്നെയുമല്ല; മാസാമാസം ഒരുപാട്‌ കാശിങ്ങു ഡ്രാഫ്റ്റായും ചെക്കായും എത്തും. ഒരുപാടു കാശുവന്നാല്‍ ഒരുപാട്‌ വികസനം വരും.

വികസിച്ചു വികസിച്ച്‌ കേരളം ഇന്ത്യയേക്കാള്‍ വലുതാവും.

ജപ്പാനെതന്നെ നോക്കുക അവിടെ ആകെ പത്തു അന്താരാഷ്ട്ര വിമാനത്താവളങ്ങളേയുള്ളൂ. അതുകൊണ്ടാണ്‌ അവരിനിയും വികസിക്കാത്തത്‌. ഇന്ത്യയിലാവട്ടെ ആകെ പത്ത്‌ അന്താരാഷ്ട്ര വിമാനത്താവളങ്ങളേ ഉള്ളൂ. അതില്‍ കണ്ണൂരുള്‍പ്പെടെ നാലെണ്ണവും കേരളത്തിലാണ്‌.

അല്ലായിരുന്നുവെങ്കില്‍ കാണാമായിരുന്നു കളി. കേരളം ഇതിലും കഷ്ടത്തിലായേനെ, തോറ്റുതുന്നം പാടിപ്പോയേനെ!

കണ്ണൂരിനി രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഇല്ലാതാവും. കാരണം വികസനം വന്നാല്‍, കൈ നിറയെ കാശുവരും. കൈ നിറയെ കാശുവന്നാല്‍ പിന്നെ ആരെങ്കിലും രാഷ്ട്രീയം പറയാന്‍ നടക്കുമോ? രാഷ്ട്രീയം പറയാണ്ടിരുന്നാല്‍ ആരെങ്കിലും പിന്നെ അടിയുണ്ടാക്കുമോ. ആകയാല്‍ ആകാശങ്ങളിലിരിക്കുന്ന തമ്പുരാനേ. ആകാശം വഴി ഞങ്ങളെ രക്ഷിക്കണമേ എന്ന്‌ പ്രാര്‍ത്ഥിപ്പിന്‍.

മില്‍മ: കേരളം കണികണ്ടുണരുന്ന തിന്മ

മലയാളിയുടെ ഭക്ഷണരീതി മാറ്റണമെന്നും കോഴിയിറച്ചിയും മുട്ടയും പാലും പുതിയ മെനു ആക്കണമെന്നും ആഹ്വാനം ചെയ്ത മന്ത്രി ദിവാകരന്റെ കീഴിലുള്ള മില്‍മ കേരളത്തിലെ പാല്‍ ഉപഭോക്താക്കളെയും ക്ഷീരകര്‍ഷരേയും ഒരുപോലെ വഞ്ചിച്ച്‌, സ്വകാര്യ-അന്യസംസ്ഥാന ഡയറി ഉടമകള്‍ക്ക്‌ ലാഭമുണ്ടാക്കി കൊടുത്തുകൊണ്ടിരിക്കുകയാണ്‌.

പാല്‍വില തോന്നുമ്പോള്‍ തോന്നുമ്പോള്‍ വര്‍ധിപ്പിക്കുകയും എന്നാല്‍ അതിന്റെ ലാഭവിഹിതം ക്ഷീരകര്‍ഷകര്‍ക്ക്‌ നല്‍കാതെയും അരാജകത്വം സൃഷ്ടിച്ച്‌ മില്‍മ ഇങ്ങനെ കൊമ്പുകുത്തി മറിയുമ്പോഴും നടപടിയെടുക്കാന്‍ മന്ത്രി ദിവാകരനോ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനോ തയ്യാറാകുന്നില്ല. പാല്‍ക്ഷാമത്തെക്കുറിച്ച്‌ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട്‌ ചോദിച്ചപ്പോള്‍ "പാഷാണമോ" എന്ന്‌ തിരിച്ചുചോദിച്ച്‌ പ്രശ്നത്തില്‍നിന്ന്‌ വി.എസ്‌. ശൈലിയില്‍ ഒളിച്ചോടുകയായിരുന്നു മുഖ്യമന്ത്രി.

പാല്‍ക്ഷാമം കടുത്ത യാഥാര്‍ത്ഥ്യമാണ്‌. ഉപ്പിനുവരെ വിലവര്‍ധിച്ച സാഹചര്യത്തില്‍ മില്‍മ പാല്‍വില വര്‍ധിപ്പിച്ചത്‌ കേരളീയര്‍ സഹിച്ചതാണ്‌. എന്നാല്‍ എട്ടര രൂപയ്ക്ക്‌ ലഭിച്ചിരുന്ന പാലിന്റെ വിതരണം നിയന്ത്രിച്ച്‌ റിച്ച്‌ പാല്‍ വിതരണം കൂട്ടി. മില്‍മ നടത്തിയ കള്ളക്കളിയാണ്‌ അസഹനീയമായിട്ടുള്ളത്‌. കേരളത്തില്‍ പാലുല്‍പ്പാദനം കുറവാണെന്നും പ്രതിദിന ആവശ്യത്തിനുള്ള പാല്‍ കര്‍ണാടക ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനങ്ങളില്‍നിന്ന്‌ 'ഇറക്കുമതി' ചെയ്യണമെന്നുമൊക്കെയാണ്‌ മില്‍മ അധികൃതരുടെ വിശദീകരണം. എന്നുമാത്രമല്ല കഴിഞ്ഞ ദിവസം വിലവര്‍ധിപ്പിച്ച റിച്ച്‌ പാലിന്‌ ഇനിയും ലിറ്ററിന്‌ മൂന്നു രൂപ കൂട്ടിയേതീരൂ എന്ന ദുശാഠ്യത്തിലുമാണവര്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാലുവട്ടമാണ്‌ മില്‍മ പാല്‍വില വര്‍ധിപ്പിച്ചത്‌. ഇതിനിടയില്‍ ആരുമറിയാതെ തൈരിന്റെ വിലയും മില്‍മ വര്‍ധിപ്പിച്ചു.

കേരളത്തില്‍ ക്ഷീരോല്‍പ്പാദനം കുറവാണ്‌ എന്നത്‌ സത്യമാണ്‌. ഇതിന്‌ നിരവധി കാരണങ്ങളുണ്ട്‌. കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേക്കുള്ള മാറ്റമാണ്‌ കാലിവളര്‍ത്തല്‍ എന്ന ജീവിതരീതി ഇല്ലാതാക്കിയത്‌. തിരക്കും സാമ്പത്തികസൗകര്യവും ചേര്‍ന്നപ്പോള്‍ മാര്‍ക്കറ്റില്‍നിന്ന്‌ പായ്ക്കറ്റ്‌ പാല്‍ വാങ്ങുന്ന ഉപഭോക്തൃസംസ്ക്കാരം നഗരങ്ങളില്‍ വ്യാപകമായത്‌ സ്വാഭാവികം. എന്നാല്‍ ഇന്ന്‌ ഗ്രാമങ്ങളിലും ഇതാണ്‌ അവസ്ഥ. നെല്‍കൃഷി ഇല്ലാതായതും പുല്‍മേടുകള്‍ നശിച്ചതും കാലിത്തീറ്റയ്ക്ക്‌ വിലവര്‍ധിച്ചതും കാലിവളര്‍ത്തല്‍ രംഗത്ത്‌ ഇന്നും നിലനില്‍ക്കുന്നവര്‍ക്ക്‌ വന്‍ തിരിച്ചടിയായിട്ടുണ്ട്‌. തമിഴ്‌നാട്‌ പോലുള്ള അന്യസംസ്ഥാനങ്ങളില്‍ കാലിത്തീറ്റ കുറഞ്ഞവിലയ്ക്ക്‌ ലഭിക്കുമ്പോള്‍ മില്‍മ വിതരണം ചെയ്യുന്ന കാലിത്തീറ്റയ്ക്കുപോലും പൊള്ളുന്ന വിലയാണ്‌. ഇതെല്ലാം സഹിച്ച്‌ പാലുല്‍പ്പാദിപ്പിച്ചാല്‍ ചെലവിന്‌ ആനുപാതികമായ ലാഭം ക്ഷീരകര്‍ഷകര്‍ക്ക്‌ നല്‍കാന്‍ മില്‍മ തയ്യാറുമല്ല. ഈ സാഹചര്യത്തില്‍ പാലുല്‍പ്പാദനം കുറഞ്ഞില്ലെങ്കില്‍ അതിശയിച്ചാല്‍പോര.

കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പുരോഗതിക്കും കേരളീയര്‍ക്ക്‌ മായം ചേര്‍ക്കാത്ത പാല്‍ ലഭിക്കുന്നതിനും വേണ്ടിയാണ്‌ മില്‍മ രൂപീകരിച്ചത്‌. എന്നാല്‍ ഈ സംവിധാനത്തിന്റെ മറവില്‍ അഴിമതിയുടെ തൊഴുത്തുകള്‍ കെട്ടി അനധികൃതമായ വരുമാനം കറന്നെടുക്കാനാണ്‌ മില്‍മയെ നയിക്കുന്നവര്‍ക്ക്‌ വ്യഗ്രത. ഈ കറന്നെടുപ്പിന്റെ ഭാഗമായിട്ടാണ്‌ പാലിന്റെ വില അസഹനീയമായി വര്‍ധിപ്പിച്ചതും സാധാരണ പാലിന്റെ വിതരണം നിയന്ത്രിച്ചതും. ഇതിനിടയില്‍ മറ്റൊരു വഞ്ചനകൂടി മില്‍മ നടത്തിയിട്ടുണ്ട്‌. ഹൈറേഞ്ചിലെ ക്ഷീരകര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കൊഴുപ്പുകൂടിയ പാല്‍ ശേഖരിച്ച്‌ അത്‌ കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന പാലാണെന്ന്‌ പ്രചരിപ്പിച്ച്‌ വില വര്‍ധിപ്പിച്ചതാണ്‌ അത്‌.

മില്‍മയുടെ ഇത്തരം നിലപാട്‌ മൂലം ലാഭം കൊയ്യുന്നത്‌ സ്വകാര്യ ഡയറി ഉടമകളും അന്യസംസ്ഥാനത്തുനിന്ന്‌ ഇവിടെ പാല്‍ കൊണ്ടുവരുന്ന സംഘങ്ങളുമാണ്‌. സ്വകാര്യ ഡയറി ഉടമകള്‍ വിതരണം ചെയ്യുന്ന പാലില്‍ വ്യാപകമായി മായം ഇല്ലെങ്കിലും അന്യസംസ്ഥാനത്തുനിന്നുകൊണ്ടുവന്ന്‌ കേരളത്തില്‍ വിതരണം ചെയ്യുന്ന പാലില്‍ മായം ചേര്‍ക്കല്‍ ചിന്തിക്കാവുന്നതിലും അധികമാണ്‌. നിലവാരം കുറഞ്ഞ ക്യാനുകളിലാണ്‌ പലുകൊണ്ടുവരുന്നത്‌. മാത്രമല്ല, പാലിന്റെ കൊഴുപ്പ്‌ കൂട്ടാനും പാല്‍ നശിച്ചുപോകാതിരിക്കാന്‍ ആരോഗ്യത്തിന്‌ ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുമുണ്ട്‌. പാലിന്റെ കൊഴുപ്പ്‌ വര്‍ധിപ്പിക്കുവാന്‍ സ്റ്റാര്‍ച്ച്‌, അമോണിയം സള്‍ഫേറ്റ്‌, യൂറിയ, പഞ്ചസാര, ഉപ്പ്‌ എന്നിവയാണ്‌ സാധാരണ ഉപയോഗിക്കുന്നത്‌. എന്നാല്‍ പാല്‍ പെട്ടെന്ന്‌ കേടാകാതിരിക്കാന്‍, ശവശരീരം സൂക്ഷിക്കുന്ന ഫോര്‍മാലിന്‍പോലും പാലില്‍ ചേര്‍ക്കാറുണ്ട്‌. ഹൈഡ്രജന്‍ പെറോക്സൈഡ്‌, സോപ്പ്‌, ഡിറ്റര്‍ജന്റുകള്‍, പാല്‍പ്പൊടി, ഹൈഡ്രേറ്റഡ്‌ ലൈം, സോഡിയം കാര്‍ബണേറ്റ്‌, സോഡിയം ബൈ കാര്‍ബണേറ്റ്‌ തുടങ്ങിയ രാസവസ്തുക്കള്‍ ന്യൂട്രലൈസറുകളായും ഉപയോഗിക്കുന്നുണ്ട്‌. രാസവസ്തുക്കളടങ്ങിയ ഈ പാല്‍ വിവിധതരം ഉദരരോഗങ്ങള്‍ക്ക്‌ കാരണമാകുമെന്ന്‌ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിട്ടും ആരോഗ്യവകുപ്പ്‌ അധികൃതര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. മാത്രമല്ല, അന്യസംസ്ഥാനങ്ങളില്‍നിന്ന്‌ കൊണ്ടുവരുന്ന പാല്‍ ചെക്ക്പോസ്റ്റുകളില്‍ കര്‍ശനമായ പരിശോധനയ്ക്ക്‌ വിധേയമാക്കിയശേഷമേ കേരളത്തില്‍ വിതരണത്തിന്‌ അനുവദിക്കാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശവും കാറ്റില്‍പറത്തിയ അവസ്ഥയാണ്‌.

ഈ നശീകരണങ്ങള്‍ക്കെല്ലാം കാരണം മില്‍മയുടെ നിലപാട്‌ ഒന്നുമാത്രമാണ്‌. ഈജിയന്‍ തൊഴുത്തിനേക്കാള്‍ വൃത്തികെട്ട അവസ്ഥയിലാണ്‌ മില്‍മയുടെ പ്രവര്‍ത്തനം. ഇത്‌ നേരെചൊവ്വേ ആക്കാന്‍ ഹെര്‍ക്കുലീസുമാര്‍ പല ജന്മങ്ങളെടുക്കേണ്ടതുണ്ട്‌. ദിവാകരനെപോലെ എരണംകെട്ട മന്ത്രിമാര്‍ ഭരിക്കുമ്പോള്‍ ഇതൊന്നും നടക്കാനും പോകുന്നില്ല. കേരളം കണികണ്ടുണരുന്ന തിന്മയായി മില്‍മയങ്ങനെ കൊഴുത്തുകൊഴുത്ത്‌.......

Thursday, January 17, 2008

'വാ'ക്കത്തി സംസ്കാരം!

പപ്പനാവന്‌ മാഷെ പണ്ടേ അറിയാവുന്നതാണ്‌. പപ്പനാവന്‍ ഒന്നു പറഞ്ഞാല്‍ മാഷ്‌ രണ്ട്‌ പറയും എന്നും പപ്പനാവന്‌ അറിയാവുന്നതാണ്‌. എന്നിട്ടും പപ്പനാവന്‍ അത്‌ ചെയ്തു. മാഷ്‌ ഒരുപാട്‌ സംഗതികള്‍ വെട്ടിപ്പിടിച്ചു എന്നാണ്‌ കോഴിക്കോട്‌ മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ കൊച്ചുപിള്ളേര്‍ മുമ്പാകെ പപ്പനാവന്‍ വച്ചുകാച്ചിയത്‌!

മാഷ്‌ വിടുമോ?
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ സിപിഎം ജില്ലാ സമ്മേളനത്തോട്‌ അനുബന്ധിച്ചുനടന്ന സാംസ്ക്കാരിക സമ്മേളനത്തില്‍വച്ച്‌ പപ്പനാവനിട്ട്‌ മാഷ്‌ ശരിക്കും പിടച്ചു. അപ്പന്‍ പറഞ്ഞിരുന്നത്‌ പപ്പനാവന്‍ ശുദ്ധനാണെന്നാണ്‌. എന്നാലിപ്പോള്‍ അപ്പന്‍ പറഞ്ഞപോലല്ല പപ്പനാവന്‍ എന്നാണ്‌ മാഷ്‌ പറഞ്ഞത്‌.

ഒറ്റ വെടിക്ക്‌ രണ്ടു പക്ഷിയാണ്‌ താഴെ വീണത്‌. ഒന്ന്‌ അപ്പന്‍ പറയുന്നത്‌ കാര്യത്തിലെടുക്കാനാവില്ല. ആള്‍ നിരൂപിച്ചതത്രയും കാര്യത്തിലെടുക്കാനാവില്ല. രണ്ട്‌ പപ്പനാവന്‍ ശുദ്ധനല്ല. ശുദ്ധനല്ലാച്ച്വാല്‍ അശുദ്ധന്‍!

ഉത്തരത്തിനടിയില്‍ ഇര കാത്തിരിക്കുന്ന പല്ലിയുടെ വിചാരം ഉത്തരം താങ്ങിനിര്‍ത്തുന്നത്‌ ശക്തനായ താനാണെന്നാണ്‌. (പല്ലിയുടെ ഉള്ളിലിരിപ്പ്‌ കണ്ടുപിടിച്ചു പുറത്താക്കിയത്‌ ഏതു വിദ്വാനാണെന്നറിയില്ല!). കേരളത്തില്‍ അങ്ങുമിങ്ങും പാഞ്ഞുനടന്ന്‌ സാംസ്ക്കാരിക പ്രവര്‍ത്തനം നടത്തുന്ന സാംസ്ക്കാരിക നായകരുടെ ഉള്ളിലിരിപ്പും അതുപോലെതന്നെയാണ്‌. (സാംസ്ക്കാരിക നായകരുടെ ഉള്ളിലിരിപ്പ്‌ ഇതാണെന്നു കണ്ടെത്താന്‍ വിദ്വാനാവേണ്ട, ഏതു പൊട്ടനും സാധിക്കും). പരിഷ്ക്കാരങ്ങള്‍ ഏറിയേറി സംസ്ക്കാരം എന്നൊരു സാധനം കണികാണാനില്ലാതാവുന്ന നാടാകുന്നു കേരളം. നിലവിലുള്ള 'ഉത്തരം' താങ്ങുന്ന പല്ലിയേക്കാള്‍ കഷ്ടമാണ്‌ നിലവിലില്ലാത്ത സംസ്ക്കാരം താങ്ങിനിര്‍ത്തുന്ന നായകന്മാരുടെ സ്ഥിതി!

സാംസ്ക്കാരിക സമ്മേളനം എന്നു കേട്ടാല്‍ തന്നെ ജീവനില്‍ കൊതിയുള്ള മലയാളികളാരും ആ വഴിക്കൊന്നും പോകാതായിട്ട്‌ നാളേറെയായി. അബദ്ധവശാല്‍ നാലാളു പ്രസംഗം കേള്‍ക്കാന്‍ ചെന്നാലാവട്ടെ ഇതാണു സ്ഥിതി. ഒരു തരം കത്തിയേറ്‌. 'വാ'ക്കത്തിയേറെന്നു പറയാം!

അരിമേടിക്കാന്‍ ഗതിയില്ലാത്ത പാവങ്ങളോടാണ്‌ അവാര്‍ഡ്‌ വീരസ്യങ്ങള്‍ മുഴക്കി സാംസ്ക്കാരിക നായകര്‍ 'സംസ്ക്കാരം' സംരക്ഷിക്കുന്നത്‌. സംസ്ക്കാരം സംരക്ഷിക്കാന്‍ ഇതിലും ഭേദം നടേശഗുരുതന്നെയാണ്‌. നടേശഗുരു ആരെ ആക്രമിച്ചാലും കേട്ടിരിക്കാനൊരു സുഖമുണ്ടാവും. കുറച്ചു കാലമായി ജഗതിയെ വെല്ലുന്ന നമ്പരുകളാണ്‌ ഗുരു ഇറക്കിക്കൊണ്ടിരിക്കുന്നത്‌.

സാംസ്ക്കാരിക നായകരുടെ 'വാ'ക്കത്തിയേറാവട്ടെ അറുബോറ്‌. വെറുതെയല്ല, സാംസ്ക്കാരിക സമ്മേളനങ്ങളില്‍ ഇന്നസെന്റും ഹരിശ്രീ അശോകനുമൊക്കെ കസറുന്നത്‌.

സാംസ്ക്കാരിക നായകരേക്കാള്‍ സംസ്ക്കാരമുള്ളവര്‍ സിനിമാ നടന്മാരാണെന്നുവരുന്നതില്‍ വല്യ കുഴപ്പമൊന്നുമില്ല. വളരട്ടെ ഒരു സിനിമാ സംസ്ക്കാരം!

ഈ (അ)ന്യായാസനങ്ങള്‍ ഇടിച്ചുനിരത്തി അവിടെ ചൊറുതണം നടണം

തിരുവനന്തപുരത്തെ ഹജൂര്‍കച്ചേരി ഇടിച്ചുനിരത്തി അവിടെ ചൊറുതണം നടണമെന്ന്‌ സി. കേശവന്റെ ആഹ്വാനം ഇപ്പോള്‍ നമ്മുടെ ചില (അ)ന്യായാസനങ്ങള്‍ക്കുനേരെ പ്രയോഗിക്കേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു.

ആഗോളീകരണത്തിന്റെ നീരാളികൈകള്‍ ഇന്ത്യയിലെ (അ)ന്യായാസനങ്ങളിലും പിടിമുറുക്കിക്കഴിഞ്ഞു എന്നാണ്‌ കഴിഞ്ഞ കുറെനാളായി വന്നുകൊണ്ടിരിക്കുന്ന വിധികള്‍ വ്യക്തമാക്കുന്നത്‌. സാധാരണ പൗരന്‌ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍പോലും നിഷേധിക്കുന്ന രീതിയിലാണ്‌ നിയമഞ്ജര്‍ എന്ന്‌ നാം ഒക്കെ അംഗീകരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിമാരില്‍നിന്നും ജസ്റ്റിസ്മാരില്‍നിന്നും ഉത്തരവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. മൂലധന സമാഹര്‍ത്താക്കള്‍ക്കും അവരുടെ കങ്കാണിമാര്‍ക്കും അനുകൂലമായി വിധിപ്രഖ്യാപിക്കുമ്പോള്‍ നീതി അല്ല നടപ്പിലാക്കപ്പെടുന്നതെന്നും മറിച്ച്‌ നീതിനിഷേധമാണ്‌ ഉത്തരവിലൂടെ നടത്തിയെടുക്കുന്നതെന്നും ഇവര്‍ അറിയുന്നില്ല എന്നു പറയുന്നത്‌ വിഡ്ഢിത്തമായിരിക്കും. ന്യായാസനങ്ങള്‍ക്കുമുന്‍പാകെ ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലും കീഴ്‌വഴക്കങ്ങളുടെ ബലത്തിലുമാണ്‌ വിധിപ്രഖ്യാപിക്കുന്നതെന്ന്‌ ഈ ന്യായാധിപന്മാര്‍ക്ക്‌ ന്യായീകരിക്കാന്‍ കഴിയുമെങ്കിലും അത്‌ ഈ നാട്ടിലെ സാധാരണക്കാരായ പൗരന്മാരുടെ അവകാശങ്ങള്‍ക്കുമേലുള്ള ജുഡീഷ്യല്‍ അധിനിവേശമായിട്ടാണ്‌ അനുഭവപ്പെടുന്നത്‌.

ആ നികൃഷ്ടതയുടെ ഒടുവിലത്തെ ഉദാഹരണമാണ്‌ ഇന്നലെ കൊച്ചി ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതി (രണ്ട്‌)യില്‍ നിന്നുണ്ടായ അസാധാരണമായ വിധി. കുടിവെള്ള ക്ഷാമത്തെത്തുടര്‍ന്ന്‌ റോഡ്‌ ഉപരോധിച്ച സ്ത്രീകള്‍ അടക്കമുള്ള സമരക്കാര്‍ക്ക്‌ 200 രൂപ വീതം പിഴ ശിക്ഷയാണ്‌ മജിസ്ട്രേട്ട്‌ വിധിച്ചത്‌. ചെല്ലാനം പഞ്ചായത്തിലെ നാല്‌, അഞ്ച്‌ വാര്‍ഡുകളില്‍പെട്ട വീട്ടമ്മമാരടങ്ങിയ സമരക്കാരെയാണ്‌ കോടതി ശിക്ഷിച്ചത്‌.

കുടിവെള്ളം ഇന്ത്യന്‍ പൗരന്റെ മാത്രമല്ല, ലോകത്ത്‌ ഏതൊരാളുടെയും മൗലികാവകാശമാണ്‌. പൗരന്റെയും വ്യക്തിയുടെയും മൗലികാവകാശം സംരക്ഷിക്കുക എന്നതാണ്‌ സര്‍ക്കാരിന്റെയും കോടതികളുടെയും പ്രാഥമികമായ ഉത്തരവാദിത്തം. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ സര്‍ക്കാരുകള്‍ ഈ അവകാശങ്ങള്‍ ലംഘിക്കുന്നത്‌ ലോകത്തെല്ലായിടത്തും പതിവാണ്‌. അധികാരദുര മൂത്ത അതിജീവന രാഷ്ട്രീയക്കാര്‍ക്ക്‌ സാധാരണ പൗരനും അവന്‌ ഭരണഘടന സംരക്ഷണം നല്‍കുന്ന കേവല അവകാശങ്ങളും ഒരിക്കലും വിഷയമേയല്ല. വോട്ടുബാങ്കുകളുടെ അടിസ്ഥാനത്തിലാണ്‌ സര്‍ക്കാര്‍ പലപ്പോഴും നിലപാടുകള്‍ സ്വീകരിക്കുന്നതും നിയമങ്ങള്‍ നിര്‍മിക്കുന്നതും. രാഷ്ട്രീയത്തിന്റെ വഴിവിട്ട ഈ കടന്നുകയറ്റത്തില്‍നിന്ന്‌ പൗരനെ രക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ളത്‌ കോടതികള്‍ക്കാണ്‌. കോടതികളാണ്‌ സാധാരണ പൗരന്റെ അവസാനത്തെ അത്താണി. എന്നാല്‍ അടുത്തകാലത്തായി സര്‍ക്കാരും കോടതികളും ഒരേ നിലപാട്‌ സ്വീകരിച്ച്‌ പൗരന്മാരെ പീഡിപ്പിക്കുന്നതില്‍ ഒരുതരം വികൃതമായ ആനന്ദം അനുഭവിക്കുന്നില്ലേ എന്നാണ്‌ അനുഭവങ്ങളില്‍നിന്നുയരുന്ന സന്ദേഹം.

കുടിവെള്ളത്തിനുവേണ്ടി ചെല്ലാനം ഉള്‍പ്പെടെയുള്ള ദ്വീപ്‌ നിവാസികള്‍ പ്രക്ഷോഭം ആരംഭിച്ചിട്ട്‌ ദശാബ്ദങ്ങളായി. നിവേദനങ്ങളും സമാധാനപരമായ സമരങ്ങളുമായി സമയം നഷ്ടപ്പെടുത്തിയതല്ലാതെ അവരുടെ അവസ്ഥയ്ക്ക്‌ തെല്ലെങ്കിലും പുരോഗതിയുണ്ടാക്കാന്‍ ഈ ജനകീയമുന്നേറ്റങ്ങള്‍ക്ക്‌ സാധിച്ചിരുന്നില്ല. അപ്പോഴും അധികാരത്തിന്റെ സുഖം നുകര്‍ന്ന്‌ രാഷ്ട്രീയ നേതാക്കളും മതപുരോഹിതന്മാരും മറ്റ്‌ പ്രമാണിമാരും ബാര്‍ജുകളില്‍ വെള്ളമെത്തിച്ച്‌ കുതിരകൂര്‍ക്കരി ദ്വീപുപോലുള്ള സ്ഥലങ്ങളില്‍ മഴനൃത്തം സൃഷ്ടിച്ച്‌ സന്ധ്യകള്‍ ലഹരിയില്‍ മുക്കിക്കൊല്ലുകയായിരുന്നു. ഇന്നും നഗരത്തിലെ സമ്പന്ന വിഭാഗത്തിന്റെ സ്വിമ്മിംഗ്‌ പൂളുകള്‍ക്ക്‌ കുളിര്‍മ നല്‍കുന്നത്‌ ജില്ലയിലെ സാധാരണക്കാര്‍ക്ക്‌ അവകാശപ്പെട്ട കുടിവെള്ളമാണ്‌. ഇങ്ങനെ ഒരുവശത്ത്‌ സ്വാധീനമുള്ളവരും സമ്പന്നരും പ്രകൃതിയുടെ കനിവിനെ ക്രൂരമായി ചൂഷണം ചെയ്ത്‌ അവരുടെ നൈമിഷിക സുഖാസ്വാദനം അഭംഗുരം തുടരുമ്പോള്‍ കുടിനീരില്ലാതെ തൊണ്ടവരണ്ട്‌ വിഷമിക്കുകയാണ്‌ ചെല്ലാനംപോലുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍.

രാഷ്ട്രീയക്കാരുടെയും ഭരണകൂടത്തിന്റെയും ന്യായാസനങ്ങളുടെയും വാഗ്ദാനങ്ങളും നിര്‍ദേശങ്ങളും ഉത്തരവുകളും സ്വീകരിച്ച്‌ പ്രതീക്ഷയോടെ കാത്തിരുന്ന നാളുകളില്‍ തങ്ങള്‍ അതിനീചമായ രീതിയില്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന തിരിച്ചറിവിലാണ്‌ റോഡ്‌ ഉപരോധമടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക്‌ ദ്വീപ്‌ നിവാസികള്‍ തയ്യാറായത്‌. ഇതാകട്ടെ മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കുമുകളിലുള്ള കടന്നുകയറ്റമായിരുന്നില്ല മറിച്ച്‌ തങ്ങള്‍ക്ക്‌ നിഷേധിക്കപ്പെട്ട ഏറ്റവും അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും പൊതുജനങ്ങളെ ധരിപ്പിച്ച്‌ അവരുടെ കൂടെ സഹകരണത്തോടെ അവ നേടിയെടുക്കാനുള്ള ശ്രമം മാത്രമായിരുന്നു. പക്ഷേ ഈ യാഥാര്‍ത്ഥ്യത്തിലേക്ക്‌ കണ്‍തുറക്കാന്‍ എന്തുകൊണ്ടോ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതിക്ക്‌, മുന്നില്‍ അവതരിപ്പിക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ കഴിയാതെ പോയിരിക്കുന്നു. കുടിവെള്ളം അടക്കമുള്ള പ്രശ്നങ്ങളില്‍ പൊതുജനം അനുഭവിക്കുന്ന ദുരിതവും ദുരന്തവും കോടതികള്‍ക്ക്‌ വ്യക്തമാകാന്‍ ഇതുവരെ നടന്ന പ്രക്ഷോഭങ്ങള്‍ തെളിവല്ല എന്നു വരുന്നത്‌ തികച്ചും പ്രതിഷേധാര്‍ഹമായ ഒരവസ്ഥ ജുഡീഷ്യല്‍ സിസ്റ്റത്തില്‍ ഇപ്പോള്‍ സംജാതമായതുകൊണ്ടാണ്‌.

കൊക്കക്കോള കേസിലും സ്വാശ്രയകേസിലും ഐസ്ക്രീം പാര്‍ലര്‍-കിളിരൂര്‍ കവിയൂര്‍ പെണ്‍വാണിഭ കേസുകളിലുമെല്ലാം ഇത്തരത്തിലുള്ള അവസ്ഥകള്‍ സംജാതമായത്‌ കേരളം കണ്ടതാണ്‌. നീതിനിഷേധിക്കപ്പെടുന്നവര്‍ക്കുവേണ്ടിയല്ല മറിച്ച്‌ പീഡകര്‍ക്കും ചൂഷകര്‍ക്കും വേണ്ടിയാണ്‌ ഇന്ത്യയിലെ നിയമം വ്യാഖ്യാനിക്കപ്പെടുന്നതെന്ന്‌ ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

കുടിവെള്ളം ജനങ്ങള്‍ക്കെത്തിക്കാത്ത സര്‍ക്കാരിനെയും സംവിധാനങ്ങളെയും ശിക്ഷിക്കാതെ കുടിവെള്ളം ലഭിക്കാത്തതുകൊണ്ട്‌ പ്രക്ഷോഭം നടത്തിയവരെ ശിക്ഷിക്കുകയും ചെയ്യുന്ന കോടതിവിധി ഒരുവിധത്തിലും നീതിയുടെയും ന്യായത്തിന്റെയും പക്ഷത്താണെന്ന്‌ ഞങ്ങള്‍ കരുതുന്നില്ല. കടുത്ത അന്യായവും അനീതിയുമാണിത്‌. ന്യായാസനങ്ങളില്‍ നിന്ന്‌ ലഭിക്കേണ്ടത്‌ ന്യായവും നീതിയുമാണ്‌. അത്‌ ലഭിക്കാതെവരുമ്പോള്‍ ആ സംവിധാനങ്ങളുടെ സത്യസന്ധതയെക്കുറിച്ച്‌ ചിന്തിക്കേണ്ടിവരുന്നത്‌ സ്വാഭാവികം. ഇത്തരം അന്യായങ്ങളാണ്‌ വിധികളായി പുറത്തുവരുന്നതെങ്കില്‍ അത്തരം സംവിധാനങ്ങള്‍ ജനകീയമോ ജനക്ഷേമകരമോ അല്ല. അവ ഉന്മൂലനം ചെയ്യപ്പെടേണ്ടവയാണ്‌. ഇടിച്ചുനിരത്തി ചൊറുതണം നടാന്‍ പറ്റിയ ഇടം.

Tuesday, January 15, 2008

കഴിഞ്ഞത്‌ ധൂര്‍ത്തിന്റെ മാമാങ്കം

48-ാ‍മത്‌ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ കൊടിയിറങ്ങിയപ്പോള്‍, കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞ കോഴിക്കോടിന്‌ ആഹ്ലാദം. ഒന്നാം സ്ഥാനം പ്രതീക്ഷിച്ച ആതിഥേയ ജില്ലയുള്‍പ്പെടെ പലര്‍ക്കും നിരാശത.

അഞ്ചുദിവസം നീണ്ടുനിന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്കൂള്‍ കലോത്സവം അവസാനിച്ചപ്പോള്‍ നേട്ടങ്ങളുടെ പട്ടികയില്‍ ചില പേരുകള്‍ ചേര്‍ക്കപ്പെട്ടെങ്കിലും കലാകേരളത്തിന്‌ പൊതുവേയും കേരളത്തിന്‌ പ്രത്യേകിച്ചും ഈ മേളകൊണ്ട്‌ എന്തു നേട്ടമാണുണ്ടായത്‌?

ഇത്തവണ ചാനലുകള്‍ അവരുടെ സ്റ്റുഡിയോകള്‍ പ്രധാനവേദിക്കുസമീപം സ്ഥാപിച്ച്‌ കലോത്സവത്തെ മറ്റൊരു മാമാങ്കമാക്കിയത്‌ ഒഴിച്ചുനിര്‍ത്തിയാല്‍ മികവിന്റെ എന്തു സ്ഫുരണങ്ങളാണ്‌ ഉണ്ടായതെന്ന്‌ ചിന്തിക്കുന്നത്‌ നന്നായിരിക്കും. വിജയികളെ തിളക്കം കുറച്ച്‌ കാണിക്കാനല്ല ഈ പറഞ്ഞത്‌. അപ്പോഴും ആശാസ്യമല്ലാത്ത പലതും ഇത്തവണത്തെ മേളയിലും അരങ്ങേറിയെന്ന തിരിച്ചറിവാണ്‌ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്‌.

സമ്പന്നവിഭാഗത്തിന്റെ മാത്രം കുത്തകയായി സ്കൂള്‍ കലാമേള അധഃപതിച്ചിട്ട്‌ വര്‍ഷങ്ങളായി. സിദ്ധിക്കും സാധനയ്ക്കും അപ്പുറം സമ്പത്തിന്റെ സ്വാധീനമാണ്‌ പല രംഗത്തും പ്രകടമായത്‌. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്‌ ഓരോ ഐറ്റത്തിലുമുണ്ടായ അപ്പീലുകള്‍. കഴിഞ്ഞവര്‍ഷം വരെ അപ്പീലിന്‌ 500 രൂപയായിരുന്നു ഫീസ്‌. ഇത്തവണ അത്‌ 5000 ആയി ഉയര്‍ത്തിയിട്ടും അപ്പീലുകള്‍ക്ക്‌ കുറവുണ്ടായില്ല. എന്നു മാത്രമല്ല, ഈ അപ്പീലുകള്‍ കാരണം പല മത്സരങ്ങളുടെയും നടത്തിപ്പ്‌ ക്രമംതെറ്റുന്നതും മണിക്കൂറുകള്‍ക്കുമുന്‍പ്‌ ചമയമണിഞ്ഞിരിക്കേണ്ടിവന്നതുകൊണ്ട്‌ മത്സരാര്‍ഥികള്‍ ബോധംകെട്ടുവീഴുന്നതും കൊല്ലത്ത്‌ കണ്ടു.

കേരളത്തിലെ ഏറ്റവും മികച്ച വിധികര്‍ത്താക്കളെയാണ്‌ സ്കൂള്‍ കലോത്സവത്തിന്‌ ഏര്‍പ്പെടുത്തുന്നത്‌. ഇവരുടെ വിധിനിര്‍ണയത്തെയാണ്‌ മത്സരാര്‍ഥികളും അവരുടെ അധ്യാപകരും മാതാപിതാക്കളും വെല്ലുവിളിക്കുന്നത്‌. ഈ വെല്ലുവിളിക്ക്‌ തീര്‍പ്പുകല്‍പ്പിക്കുന്നതാകട്ടെ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും. ഏതായാലും കലോത്സവത്തില്‍ വിധികര്‍ത്താക്കളായി നിയോഗിക്കപ്പെടുന്നവരേക്കാള്‍ മികവുള്ളവരായിരിക്കില്ല ഇവരാരുംതന്നെ. എന്നിട്ടും അപ്പീലുകള്‍ അനുവദിക്കപ്പെടുന്നത്‌ ഈ രംഗത്തുനടക്കുന്ന അനാശാസ്യമായ ഒരു പ്രവണതയാണ്‌ വ്യക്തമാക്കുന്നത്‌. വിധികര്‍ത്താക്കള്‍ പക്ഷപാദിത്വപരമായി ചിലപ്പോഴെങ്കിലും മാര്‍ക്കിടാറുണ്ട്‌ എന്ന യാഥാര്‍ത്ഥ്യം കാണാതെയല്ല ഈ പറയുന്നത്‌. ഈ അനാശാസ്യപ്രവണതയാണ്‌ കലോത്സവ മത്സരങ്ങളെ യുദ്ധക്കളമാക്കി മാറ്റുന്നതും അനാവശ്യ മത്സരങ്ങളും വാക്കേറ്റങ്ങളും സൃഷ്ടിക്കുന്നതും സമയനിഷ്ഠ തെറ്റിക്കുന്നതും.

ഈ സത്യം അറിഞ്ഞിട്ടും അതനുസരിച്ചുള്ള സംവിധാനം ഒരുക്കത്തക്കവണ്ണം മാന്വല്‍ പരിഷ്ക്കരിക്കാത്ത വിദ്യാഭ്യാസവകുപ്പ്‌ തന്നെയാണ്‌ ഇക്കാര്യത്തില്‍ പ്രാഥമികമായും കുറ്റക്കാര്‍. മാന്വല്‍ പരിഷ്ക്കരണത്തെക്കുറിച്ച്‌ എല്ലാ കലോത്സവവേളകളിലും വിദ്യാഭ്യാസ മന്ത്രിമാര്‍ വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഉത്തരവാദിത്തത്തോടെ ഇതുവരെ ആരും പ്രശ്നത്തെ സമീപിച്ചിട്ടില്ല. തന്മൂലം സമ്പന്നന്മാരുടെയും അവരുടെ സ്വാധീനശക്തികളുടെയും വിരല്‍ത്തുമ്പിലാണ്‌ ഇപ്പോഴും കലോത്സവ മത്സര വിധിയെഴുത്തുകള്‍.

നൃത്തവിഭാഗത്തില്‍ ആഹാര്യം (ഉടുത്തുകെട്ട്‌) എന്ന ഘടകത്തിന്‌ പ്രാധാന്യമുണ്ട്‌. അതാകട്ടെ മത്സരത്തിനല്ലാതെ അവതരിപ്പിക്കുമ്പോള്‍ മാത്രം കണക്കിലെടുക്കേണ്ട ഘടകമാണ്‌. ആഹാര്യത്തിനും അണിഞ്ഞൊരുങ്ങലിനുമാണ്‌ പതിനായിരങ്ങള്‍ ഇപ്പോള്‍ ചെലവാക്കേണ്ടിവരുന്നത്‌. ഈ ഘടകത്തിനുനല്‍കുന്ന അമിതപ്രാധാന്യം ഒഴിവാക്കിയാല്‍ സിദ്ധിയും സാധനയുമുള്ള സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും കലോത്സവ മത്സരങ്ങളില്‍ മാറ്റുരയ്ക്കാനും മികവ്‌ തെളിയിക്കാനും അവസരം ലഭിക്കും.

ആഹാര്യമുള്‍പ്പെടെയുള്ള അണിഞ്ഞൊരുങ്ങലിനുവേണ്ടി വാദിക്കുന്നവരെ തല്‍ക്കാലം അവഗണിക്കുകയാണ്‌ വേണ്ടത്‌. കാരണം കലാമണ്ഡലത്തില്‍ നൃത്തയിനങ്ങള്‍ അഭ്യസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ ചുരിദാറാണ്‌ ധരിക്കുന്നത്‌. ചുരിദാര്‍ ധരിച്ച്‌ ഇവര്‍ നൃത്തം ചെയ്യുന്നതുകൊണ്ട്‌ ലാസ്യ-താണ്ഡവ ഭാവങ്ങളൊന്നും നഷ്ടപ്പെടുന്നില്ല. അതേസമയം, വ്യക്തിയുടെ മികവ്‌ കുറെക്കൂടി വ്യക്തമായി മനസിലാക്കാന്‍ സാധിക്കുകയും ചെയ്യും. അതുകൊണ്ട്‌ നൃത്തയിനങ്ങളില്‍ ആഹാര്യത്തിനുനല്‍കുന്ന അനാവശ്യമായ പ്രാധാന്യം ഒഴിവാക്കിയേതീരൂ.

കലാരംഗം മുന്‍പും സമ്പന്നന്റെയും മാടമ്പിയുടെയും കുത്തകയായിരുന്നു. ആ വൃത്തികെട്ട പാരമ്പര്യം ഈ ജനാധിപത്യയുഗത്തിലും സ്കൂള്‍തലം മുതല്‍ നടപ്പിലാക്കുമ്പോള്‍ ബന്ധപ്പെട്ടവരുടെ മനസ്സിലിരുപ്പ്‌ വ്യക്തം.

കായികരംഗത്തേക്ക്‌ കണ്ണോടിക്കുക. കേരളത്തിന്‌ അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ എക്കാലത്തും സൃഷ്ടിച്ചിട്ടുള്ളത്‌ സമ്പന്ന കുടുംബങ്ങളില്‍നിന്നുള്ള കുട്ടികളല്ല. ദാരിദ്ര്യത്തെയും പ്രതികൂല സാഹചര്യങ്ങളെയും ഇച്ഛാശക്തികൊണ്ടും കഠിനപ്രയത്നം കൊണ്ടും എതിര്‍ത്തുതോല്‍പ്പിച്ചവരാണ്‌ അവരെല്ലാം. അതേ മാനസികഭാവവും അതേ ഉത്കര്‍ഷേച്ഛയുമുള്ള കുട്ടികള്‍ കലാരംഗത്തുമുണ്ട്‌. അവര്‍ക്ക്‌ കൂടി മികവ്‌ പരിശോധിക്കാന്‍ അവസരം നല്‍കാത്ത കാലത്തോളം സ്കൂള്‍ കലോത്സവം എന്നത്‌ ന്യൂനപക്ഷത്തിന്റെ സമ്പദ്പ്രദര്‍ശനത്തിനുള്ള വേദിമാത്രമാണ്‌.

ഈ വര്‍ഷത്തോടെ സ്കൂള്‍ കലോത്സവം അവസാനിക്കുകയാണ്‌. അടുത്തവര്‍ഷം മുതല്‍ വി.എച്ച്‌.എസ്‌.ഇ, പ്ലസ്ടു വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിയാവും കലോത്സവം സംഘടിപ്പിക്കുക എന്നാണ്‌ വിദ്യാഭ്യാസ മന്ത്രിയുടെ വെളിപ്പെടുത്തല്‍. മന്ത്രിയായ നിമിഷം മുതല്‍ വിദ്യാഭ്യാസവകുപ്പ്‌ കുളമാക്കിയ വ്യക്തിയാണ്‌ ബേബി. രണ്ടാം മുണ്ടശ്ശേരി എന്നവകാശപ്പെട്ട്‌ അദ്ദേഹം കൊണ്ടുവന്ന നിയമനിര്‍മാണങ്ങള്‍ ഉപരിവിദ്യാഭ്യാസ മേഖലയെ എങ്ങനെ സാധാരണക്കാരില്‍നിന്ന്‌ അകറ്റി നിര്‍ത്തിയെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല. ഹീനമായ ആ ലക്ഷ്യംതന്നെയാണ്‌ കലോത്സവം ഏകീകരിക്കുന്നതിലൂടെ ബേബി നടപ്പിലാക്കാന്‍ പോകുന്നത്‌. സ്കൂള്‍ കലോത്സവം നേരെചൊവ്വേ നടത്തിക്കൊണ്ടുപോകാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നിട്ടാണ്‌ പരിഷ്ക്കാരം എന്ന പേരില്‍ കുളമാക്കലിന്റെ പുതിയ തന്ത്രവുമായി അദ്ദേഹം അവതരിച്ചിട്ടുള്ളത്‌.

എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ സാധാരണക്കാരുടെ കുട്ടികള്‍ക്ക്‌ സാമ്പത്തികഭാരമില്ലാതെ കലാമികവ്‌ തെളിയിക്കാനും മത്സരിക്കാനുമുള്ള അവസരം ലഭിക്കാത്ത കാലത്തോളം ഇത്തരം കലാമേളകള്‍ എതിര്‍ക്കപ്പെടേണ്ടതാണ്‌. അവയുടെ മാന്വല്‍ പരിഷ്ക്കരിച്ച്‌ നടപ്പിലാക്കിയില്ലെങ്കില്‍ നടത്താന്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്‌. കാരണം ഒരു മുറ്റത്ത്‌ രണ്ടു കച്ചവടം അംഗീകരിക്കാന്‍ കഴിയുകയില്ലല്ലോ.

Monday, January 14, 2008

കണ്ണൂരെന്നു കേട്ടാല്‍ തിളയ്ക്കണോ ചോര ഞരമ്പുകളില്‍....

കണ്ണൂരില്‍ വീണ്ടും കൊലവിളി ഉയരുകയാണ്‌.

സിപിഎം പ്രവര്‍ത്തകന്‍ ധനേഷ്‌ വെട്ടേറ്റ്‌ വീണതോടെയാണ്‌ ഇടക്കാലത്ത്‌ സമാധാന ജീവിതത്തിലേക്ക്‌ മടങ്ങിയ കണ്ണൂരിന്റെ അന്തരീക്ഷത്തില്‍ കൊലക്കത്തികള്‍ പായാന്‍ തുടങ്ങിയത്‌. ധനേഷിനെ വെട്ടിവീഴ്ത്തിയത്‌ ആര്‍എസ്‌എസുകാരാണെന്ന്‌ ആരോപിച്ച്‌ മാര്‍ക്സിസ്റ്റ്‌ സഖാക്കള്‍ തിരിച്ചടിയുടെ ആയുധങ്ങള്‍ക്ക്‌ മൂര്‍ച്ച കൂട്ടിക്കഴിഞ്ഞു. അതിന്റെ തെളിവാണ്‌ കഴിഞ്ഞദിവസം ബിജെപി നേതാവ്‌ സികെ പത്മനാഭന്റെ വീടിനുനേരെയുണ്ടായ ആക്രമണം.

ആക്രമണത്തോടുള്ള പ്രതികരണമായി ബിജെപി ഇന്ന്‌ സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കുകയാണ്‌. ഉച്ചക്ക്‌ 12 മണിവരെ പറയത്തക്ക അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇത്‌ കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തതയായിട്ടേ വ്യാഖ്യാനിക്കാന്‍ കഴിയൂ.

സിപിഎം ജില്ലാ സമ്മേളനം ആരംഭിക്കാനിരിക്കെ ധനേഷിനെ വെട്ടിക്കൊന്നത്‌ ആരായാലും പ്രകോപനം ഉണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന കാര്യത്തില്‍ സംശയമില്ല. നവംബര്‍ മുതല്‍ ഇപ്പോള്‍ നാലുസഖാക്കളെയാണ്‌ സിപിഎമ്മിന്‌ നഷ്ടമായിട്ടുള്ളത്‌. തീര്‍ച്ചയായും അതിന്‌ പ്രതികാരം ചെയ്യാതെ അടങ്ങിയിരിക്കുന്ന സ്വഭാവമല്ല പാര്‍ട്ടിക്കും പാര്‍ട്ടി സഖാക്കള്‍ക്കുമുള്ളത്‌. അതുകൊണ്ടാണ്‌ ആശങ്കകള്‍ ആകാശത്തോളം ഉയരുന്നത്‌.

ഇന്ത്യയില്‍ ഏറ്റവും അധികം കുറ്റകൃത്യം നടക്കുന്ന ജില്ലയാണ്‌ കണ്ണൂര്‍. ദേശീയ ക്രൈം റെക്കോഡ്സ്‌ ബ്യൂറോ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച്‌ 2006 ല്‍ കണ്ണൂരില്‍ 737 കലാപം നടന്നിട്ടുണ്ട്‌. സിപിഎം- ആര്‍എസ്‌എസ്‌ സംഘട്ടനങ്ങളുടെ പേരിലാണ്‌ ഇവയില്‍ ഭൂരിപക്ഷവും നടന്നത്‌. ഈ ഏറ്റുമുട്ടലില്‍ 150 പേര്‍ കൊല്ലപ്പെട്ടു.

കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ബീജാവാപം നടന്ന ജില്ലയാണ്‌ കണ്ണൂര്‍. ഇന്ന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന നേതാക്കന്മാരില്‍ ഭൂരിപക്ഷവും കണ്ണൂരില്‍നിന്നുള്ളവരാണ്‌. ആരോഗ്യമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നാട്‌ പക്ഷെ കമ്മ്യൂണിസ്റ്റ്‌ മൂല്യങ്ങളില്‍ ഊന്നിയുള്ള സൗഹൃദമല്ല ഇതുവരെ വിടര്‍ത്തിയിട്ടുള്ളത്‌. പകരം പ്രതികാരത്തിന്റെയും അസഹിഷ്ണുതയുടെയും വടിവാള്‍ ശക്തിയുടെയും പൈശാചികതയാണ്‌ ശാശ്വതമാക്കിയിട്ടുള്ളത്‌. സാധാരണ ഡിസംബര്‍ മാസത്തിലാണ്‌ കണ്ണൂരില്‍ കലാപത്തിന്റെ കനലുകള്‍ എരിയുക. ഈ വര്‍ഷം പക്ഷെ ഡിസംബര്‍ ശാന്തമായിരുന്നു. ആ ശാന്തത ഭംഞ്ജിച്ചുകൊണ്ടാണ്‌ ശനിയാഴ്ച എട്ടംഗ സംഘം മുഖംമൂടി ധരിച്ചെത്തി ധനേഷിനെ വെട്ടിവീഴ്ത്തിയത്‌.

കണ്ണൂരിന്റെ ചോരക്കൊതി അവസാനിക്കുന്നില്ല എന്നാണ്‌ ഈ സംഭവം വ്യക്തമാക്കുന്നത്‌. ജില്ലാ സമ്മേളനം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉണ്ടായ തുടര്‍ച്ചയായ തിരിച്ചടിക്ക്‌ മറുപടി പറയാന്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ആയുധമേന്തിയാല്‍ പോലീസിന്‌ നിസംഗരായി, കാഴ്ചക്കാരായി നില്‍ക്കാനേ കഴിയുകയുള്ളൂ. കാരണം ആഭ്യന്തരവകുപ്പ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കൈകളിലാണ്‌.

ഈ ഭയത്തിന്റെ കനലുകളെ ആളിക്കത്തിക്കുന്നതാണ്‌ ബിജെപി അഖിലേന്ത്യാ പ്രസിഡന്റ്‌ രാജ്നാഥ്‌ സിംഗിന്റെ പ്രസ്താവന. സിപിഎമ്മിന്‌ മുഖമടച്ച്‌ മറുപടിനല്‍കാന്‍ കേരളത്തിലെ ബിജെപിക്കാര്‍ക്ക്‌ കെല്‍പ്പുണ്ട്‌ എന്നായിരുന്നു അഹന്തനിറഞ്ഞ പ്രസ്താവന.

വെട്ടിയും കുത്തിയും കൊന്ന്‌ രാഷ്ട്രീയ പകപോക്കലിന്‌ അണികള്‍ തയ്യാറാവുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വത്തിനാണ്‌. ഈ ആരോപണത്തില്‍നിന്ന്‌ തലയൂരാന്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കോ ബിജെപിക്കോ ആര്‍എസ്‌എസിനോ കഴിയുകയില്ല. രക്തസാക്ഷികളെ സൃഷ്ടിച്ച്‌, അവര്‍ അമരന്മാരാണെന്ന്‌ മുദ്രാവാക്യം മുഴക്കി മാര്‍ക്സിസ്റ്റ്‌ യുവാക്കളുടെ ഞരമ്പുകളില്‍ പക ചുരമാന്തുമ്പോള്‍ ബലിദാനത്തിന്റെ പേരില്‍ വടിത്തല്ലുകാരനും ആക്രോശിക്കുന്നതാണ്‌ കണ്ണൂരിന്റെ ശാപം, കേരളത്തിന്റെ ദുരന്തം! കണ്ടിട്ടും കൊണ്ടിട്ടും നേതൃത്വങ്ങള്‍ ഒന്നും പഠിച്ചില്ല എന്നല്ല മറിച്ച്‌ ചോരപ്പുഴയൊഴുക്കി പാര്‍ട്ടിക്ക്‌ ശക്തിപകരാനുള്ള നീചവും ഹീനവുമായ തന്ത്രങ്ങള്‍ ഇവര്‍ ആവിഷ്കരിക്കുന്നതുകൊണ്ടാണ്‌ പകയുടെ അഗ്നിനാളത്തില്‍ ഈയാംപാറ്റകളെപ്പോലെ യുവാക്കള്‍ ചത്തൊടുങ്ങുന്നത്‌.

ഈ യാഥാര്‍ത്ഥ്യം വിവേകമുള്ളവര്‍ വളരെ മുമ്പുതന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്‌ പക്ഷെ ശ്രദ്ധിക്കാനുള്ള വിനയവും മനസും പാര്‍ട്ടിനേതൃത്വങ്ങള്‍ക്ക്‌ ഇനിയും ഉണ്ടായിട്ടില്ല. പാര്‍ട്ടികള്‍ക്ക്‌ രക്തസാക്ഷികളെ ലഭിക്കുമ്പോള്‍ നഷ്ടമാകുന്നത്‌ ചില ഭവനങ്ങളുടെ ആധാരങ്ങളായ യുവാക്കളാണ്‌.

വിപ്ലവബോധമെന്നും ഭാരതീയ സംസ്കാര പാരമ്പര്യ ഗൗരവമെന്നുമൊക്കെ പറയുന്നത്‌ തെരുവുതെമ്മാടിയുടെ ആവേശവും ക്രൗര്യവുമാണെന്ന്‌ സ്ഥാപിച്ചെടുക്കുകയാണ്‌ ഈ നേതൃത്വം. ഇവര്‍ക്കെതിരെ വേണം പ്രതിഷേധത്തിന്റെയും പ്രതികാരത്തിന്റെയും യുവത്വം തിരിയേണ്ടത്‌. കണ്ണൂരെന്നുകേട്ടാല്‍ ഞരമ്പുകളില്‍ ചോര തിളക്കുകയല്ല വേണ്ടത്‌; മറിച്ച്‌ മനസില്‍ മനുഷ്യത്വത്തിന്റെയും സമഷ്ടിസ്നേഹത്തിന്റെയും മൂല്യങ്ങള്‍ ഉരുവാകുകയാണ്‌ അനിവാര്യം. അതിനുള്ള പരിസരമൊരുക്കാന്‍ നേതൃത്വങ്ങള്‍ തയ്യാറായില്ലെങ്കില്‍ ഇപ്പോള്‍ അവര്‍ കുടത്തില്‍നിന്ന്‌ തുറന്നുവിട്ടിട്ടുള്ള പകയുടെയും ചോരക്കൊതിയുടേയും ഭൂതങ്ങള്‍ അവര്‍ക്കെതിരെ തിരിയും. അതാകട്ടെ ഒരിക്കലും ശുഭകരമായിരിക്കുകയുമില്ല.

കുരയ്ക്കുന്നവരുടെ സംഭാവന കുറച്ചു കാണരുത്‌, പ്ലീസ്‌!

'കേരളം വളരുന്നു
പശ്ചിമ ഘട്ടങ്ങളെ
താണ്ടിയും കടന്നും ചെന്ന-
ന്യമാം ദേശങ്ങളില്‍...'

മഹാകവി പാലാനാരായണന്‍ നായര്‍ ഈ വരികള്‍ കുറിക്കുന്ന കാലത്ത്‌ കേരളത്തില്‍ സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞം നടന്നിരുന്നില്ല.

സമ്പൂര്‍ണ്ണ സാക്ഷരത നേടി റെക്കോര്‍ഡിട്ട കേരളത്തിന്‌ പിന്നങ്ങോട്ട്‌ വച്ചടി വച്ചടി കേറ്റമായിരുന്നു!

സാക്ഷരന്മാര്‍ എല്ലാവരും രാക്ഷസന്മാരായി മാറിയോ എന്ന സംശയം തോന്നും വിധത്തിലായി പ്രകടനം. 'അന്യമാം ദേശങ്ങളില്‍' നിന്നെത്തുന്ന സായ്പന്മാരെ കൊള്ളയടിച്ചും മദാമ്മമാരുടെ അസ്ഥാനങ്ങളില്‍ തോണ്ടിയും മാന്തിയും കേരളമങ്ങനെ വളര്‍ന്നുകൊണ്ടേയിരുന്നു!

ദേശീയ ക്രൈം റെക്കോര്‍ഡ്സ്‌ ബ്യൂറോ പുറത്തുവിട്ട വിവരങ്ങള്‍ വായിച്ചാല്‍ നാണവും മാനവുമുള്ള കേരളീയന്‍ പിന്നെ വീടിനു പുറത്തിറങ്ങില്ല!

പൊതുജനങ്ങള്‍ക്കുനേരെയുള്ള അക്രമത്തില്‍ ദേശീയ ശരാശരി ആറുശതമാനത്തില്‍ താഴെയാണെങ്കില്‍, കേരളം ഇരുപതു ശതമാനത്തിനു മുകളില്‍!

ഗുജറാത്തും ബീഹാറുമല്ല, കലാപബാധിത പ്രദേശങ്ങളില്‍ ഒന്നാം സ്ഥാനം കണ്ണൂരിന്‌!

കേരളമിങ്ങനെ റെക്കോര്‍ഡിട്ടു കേമനായതിനു പിന്നില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സംഭാവനകള്‍ കുറച്ചു കാണരുത്‌. രാഷ്ട്രീയ പ്രബുദ്ധരാണെന്നു വീമ്പുപറയുകയും 'ഞാന്‍ജി'യേയും 'മോന്‍ജി'യേയും മുതല്‍ അഞ്ചാറുകൂട്ടം കേകോണ്‍ഗ്രസുകളെയും നാലഞ്ചു കൂട്ടം ആറെസ്പികളെയും തക്കവും തരവും പോലെ ചുമന്നു നടക്കുന്ന ഇടതു വലതു മുന്നണികള്‍ തന്നെ മുഖ്യ പ്രതി.

ആശയം കൊണ്ട്‌ ആളെക്കൂട്ടാനാവില്ലെന്നു തിരിച്ചറിഞ്ഞ ബീജേപ്പി മുതല്‍ എന്‍ഡീഎഫുവരെയുള്ള പ്രസ്ഥാനങ്ങള്‍ അക്രമം കൊണ്ട്‌ അണികളെ ഉന്മത്തരാക്കി നിര്‍ത്തുന്ന നാട്ടില്‍ ഇതും ഇതിലപ്പുറവും നടക്കും.

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ മിക്കതിനും ഉജ്ജ്വലമായ ഒരു ചരിത്ര പാരമ്പര്യം ഉണ്ട്‌.

വിത്തിനിട്ടതെല്ലാമെടുത്തു ചുട്ടു തിന്നുന്ന പുതു തലമുറ നേതാക്കള്‍ അരങ്ങു വാഴാനെത്തിയതിന്റെ കെടുതികള്‍ തുടങ്ങിയിട്ടേയുള്ളൂ. ഇനിയും നമ്മള്‍ നാറാനിരിക്കുന്നതേയുള്ളൂ!

തൊട്ടതിനും പിടിച്ചതിനും കേരള മോഡല്‍ പുലമ്പുന്ന നേതാക്കന്മാരേ, തല്‍ക്കാലം തമ്മിലടി നിര്‍ത്തി ഒന്നൊരുമിച്ചിരിക്കുക.

മാനം കപ്പലുകയറി പോകുന്ന തരം റെക്കോര്‍ഡുകള്‍ പുറത്തുവരുമ്പോള്‍ എന്താണിനി പോംവഴി എന്ന്‌ കേരളത്തിനു വേണ്ടി ചിന്തിക്കാന്‍ ബീഹാറില്‍ നിന്നും ആളെ വരുത്തേണ്ടി വരുന്നത്‌ നമ്മുടെ പ്രബുദ്ധതയ്ക്ക്‌ ക്ഷീണമ്മല്ലേ...?

Friday, January 11, 2008

സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണം -തോപ്പില്‍ രാമചന്ദ്രപിള്ള

കൊച്ചി: സത്യത്തിനും നീതിക്കും വേണ്ടി പീഡാനുഭവങ്ങള്‍ സഹിക്കാന്‍ പത്രപ്രവര്‍ത്തകര്‍ തയ്യാറാവണമെന്ന്‌ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കേരളശബ്ദം മുന്‍ പത്രാധിപരുമായ തോപ്പില്‍ രാമചന്ദ്രപിള്ള. 'വാസ്തവം' ദിനപത്രത്തിന്റെ നൂറാംദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുദിനം മാറിവരുന്ന ലോകത്ത്‌ വായനക്കാരുടെ മാറുന്ന അഭിരുചികള്‍ക്കനുസരിച്ച്‌ പത്രപ്രവര്‍ത്തനത്തിലും മാറ്റമുണ്ടാകണം. ഇപ്പോള്‍ പൊതുവെ കണ്ടുവരുന്ന പ്രവണതകള്‍ ആശാവഹമല്ല. അധികാര സ്ഥാനങ്ങളെ പ്രീണിപ്പിക്കാനും സമ്പന്നവര്‍ഗത്തിന്റെ വൃത്തികേടുകള്‍ക്ക്‌ കൂട്ടുനില്‍ക്കാനും പത്രപ്രവര്‍ത്തകര്‍ മുന്നോട്ടുവരുന്നത്‌ നാടിനെ പിന്നോട്ടുനയിക്കും - അദ്ദേഹം പറഞ്ഞു.

'ഭയകൗടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ' എന്ന്‌ സ്വദേശാഭിമാനി മുഖപ്രസംഗമെഴുതിയ ചരിത്രം നാം ഓര്‍ക്കണം. ഈശ്വരന്‍ തെറ്റു ചെയ്താലും ഞാനത്‌ റിപ്പോര്‍ട്ട്‌ ചെയ്യും എന്ന സ്വദേശാഭിമാനിവചനം പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പാഠമാകണമെന്നും തോപ്പില്‍ രാമചന്ദ്രന്‍പിള്ള പറഞ്ഞു.

വാസ്തവം ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ ചീഫ്‌ എഡിറ്റര്‍ ടൈറ്റസ്‌ കെ. വിളയില്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ്‌ എഡിറ്റര്‍ കെ.ജെ. സാബു സ്വാഗതവും ഓണ്‍ലൈന്‍ എഡിറ്റര്‍ ആന്റണി ഡെയ്ന്‍ നന്ദിയും പറഞ്ഞു.

കാറോടിക്കാന്‍ റോഡാരുതരും?

ബാഗി ജീന്‍സും ഷൂസുമണിഞ്ഞ്‌ ടൗണില്‍ ചെത്തിനടക്കാന്‍ ഹണ്‍ഡ്രഡ്‌ സീസീ ബൈക്കും അതിലൊരു പൂജാഭട്ടും വേണമെന്നായിരുന്നു അഞ്ചുപത്തു കൊല്ലം മുമ്പുവരെ മലയാളികളുടെ മുന്തിയ ആശ!

അരിക്കും പൊരിക്കും മില്‍മാ പാലിനുംവരെ ക്ഷാമം മൂത്തെങ്കിലും ആശക്കുമാത്രം യാതൊരു ക്ഷാമവുമില്ലാത്ത നാട്ടുകാര്‍ക്ക്‌ ഒരു ലക്ഷം രൂപാക്കു കാറു കിട്ടാന്‍ പോണു!

പൂജാഭട്ടിനെ കിട്ടീല്ലെങ്കില്‍ പോട്ടെ വേറെയേതെങ്കിലും വട്ടുകേസിനെ പുറകിലിരുത്തി പായാന്‍ ലോണെടുത്തുടനടി ഒരു കാറുവാങ്ങണം.

ഇനി ആര്‍ക്കൊക്കെ, എന്തൊക്കെ ഇനത്തില്‍ ലോണ്‍ കൊടുക്കണം എന്നാലോചിച്ചു തലപുകഞ്ഞു നടക്കണ സഹകരണബാങ്കുകള്‍ മുതല്‍ ബാങ്കിന്റെ മുന്നീക്കുടി പോയാല്‍പോലും അകത്തേക്ക്‌ തോളിലെടുത്തു കൊണ്ടുപോയി ഒരു ലോണ്‍ പാസാക്കിത്തന്നു 'സഹായിക്കുന്ന' ന്യൂ ജനറേഷന്‍ ബാങ്കുകള്‍ വരെ, ഏതു പൊട്ടനും ഒരു കാറുവാങ്ങാന്‍ പാട്ടുംപാടി ഒരു ലക്ഷം രൂപാ തരും!

ഒരു ലക്ഷം രൂപാക്ക്‌ കാറു കിട്ടുമ്പോള്‍ ചുരുങ്ങിയതൊരു പത്തുലക്ഷം മലയാളികളെങ്കിലും കാറുമേടിക്കും.

ഇന്നു കാലത്തുവരെ നിലവിലുണ്ടായിരുന്ന റോഡുകളൊന്നും വൈകുന്നേരത്തോടെ പോരാതെ വരും. അന്നേരം ഈ കാറുകളൊക്കെ എവിടെ കൊണ്ടുപോയിട്ട്‌ ഓടിക്കുമെന്ന പ്രശ്നമാണിനി ബാക്കിയുള്ളത്‌. വേറൊരു കുഞ്ഞുപ്രശ്നം കൂടി പിന്നാലെ വരുന്നുണ്ട്‌. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ മലയാളികള്‍ക്ക്‌ അച്ചുമാമനിലുള്ള വിശ്വാസംപോലെ തീര്‍ന്നുതീര്‍ന്നു പോണൊരു ലോകത്ത്‌, എന്തൊഴിച്ചു നാളെയീ വണ്ടിയുരുട്ടും എന്നതാണി കുഞ്ഞുപ്രശ്നം!

ഇങ്ങനെ പ്രശ്നങ്ങളും എഴുന്നള്ളിച്ചു കൊണ്ടിരുന്നാല്‍ പുരോഗതിയുണ്ടാകുമോയെന്നാണ്‌ വികസനവാദികളുടെ ചോദ്യം?

ആ ചോദ്യത്തിനുള്ള ഉത്തരം ജപ്പാനില്‍ കിടപ്പുണ്ട്‌. സര്‍ക്കാരു പറയുന്ന ദിവസങ്ങളില്‍ മാത്രമേ സ്വകാര്യ കാറുകള്‍ നിരത്തിലിറക്കാവൂ എന്നാണവിടെയിപ്പോഴത്തെ സ്ഥിതി.

എല്ലാവരും കാറിലിറങ്ങിപ്പുറപ്പെട്ടതോടെ, നടന്നുപോലും സ്ഥലത്തെത്താനാവാത്തത്ര വലിയ ട്രാഫിക്‌ ജാം ജപ്പാനെ പെരുവഴിയിലാക്കിയതോടെയായിരുന്നു ഇങ്ങനൊരു നിയമം കൊണ്ടുവന്നതത്രെ!

കാക്കത്തൊള്ളായിരം ഉന്നതോദ്യോഗസ്ഥര്‍ ഓഫീസിലിരുന്നും നാലഞ്ചു സൂപ്പര്‍വൈസര്‍മാര്‍ സംഭവസ്ഥലത്തുനിന്നും മേല്‍നോട്ടം വഹിച്ച്‌ മൂന്നു നാലു മറുനാടന്‍ തൊഴിലാളികളെക്കൊണ്ട്‌ ഇടപ്പള്ളി റെയില്‍വേ മേല്‍പ്പാലം 'അതിവേഗത്തില്‍'പണിതീര്‍ക്കുന്ന ഉത്സാഹികളുടെ നാടാണിത്‌. ഇങ്ങനെ അതിവേഗത്തില്‍ പണിത്‌ 2009ല്‍ പൂര്‍ത്തിയാക്കിക്കളയും എന്നാണ്‌ അധികാരികളുടെ ഭീഷണി. ഇത്രയും വേഗത്തില്‍ റോഡുപണിയും നടത്താനാണ്‌ പ്ലാനെങ്കില്‍ ഒരു ലക്ഷമല്ല വെറും ഒരു രൂപയ്ക്ക്‌ കാറുതന്നിട്ടും കാര്യമില്ലല്ലോ റ്റാറ്റാ സാറേ!

ഇടപെടലിന്റെ, പ്രലോഭനത്തിന്റെ, ഭീഷണിയുടെ 100 പതിപ്പുകള്‍

ആരെങ്കിലും ഒരാള്‍ സത്യം പറയണം. അത്‌ ഞങ്ങളായിരിക്കണം എന്ന നിഷ്ഠാബദ്ധമായ പ്രതിജ്ഞയോടുകൂടിയായിരുന്നു വാസ്തവം ദിനപത്രം ആരംഭിച്ചത്‌. ആരോടും പകയില്ലാതെ ആരോടും പ്രത്യേക മമതയില്ലാതെ പത്രം പ്രസിദ്ധീകരിക്കണമെന്ന നിശ്ചയവും ഞങ്ങള്‍ക്കുണ്ടായിരുന്നു.

കഴിഞ്ഞ 100 പതിപ്പുകളില്‍ ഈ നിലപാട്‌ വെള്ളം ചേര്‍ക്കാതെ തുടര്‍ന്നുപോരാന്‍ കഴിഞ്ഞു എന്നത്‌ അഭിമാനത്തോടെ ഞങ്ങളിവിടെ സ്മരിക്കുന്നു. ഈ 100 പതിപ്പുകളില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം തമസ്കരിച്ച വിഷയങ്ങള്‍ അവയുടെ തനിമയോടെ, ആര്‍ജ്ജവത്വത്തോടെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞു എന്നതും ചാരിതാര്‍ത്ഥ്യം നല്‍കുന്ന വസ്തുതയാണ്‌.

ഇതോടുകൂടി പ്രലോഭനത്തിന്റെയും പ്രതിസന്ധി സൃഷ്ടിക്കലിന്റെയും ഭീഷണിയുടെയും കൈകള്‍ പലഭാഗത്തുനിന്നും ഉയരാന്‍ തുടങ്ങി. സാമം ദാനം ഭേദം ദണ്ഡം എന്ന ചതുരുപായം ഉപയോഗിച്ച്‌ വാസ്തവത്തിന്റെ കണ്ണുകെട്ടാനും വായടപ്പിക്കാനുമാണ്‌ ഈ ശക്തികള്‍ ശ്രമിച്ചത്‌. ഇതില്‍ രാഷ്ട്രീയക്കാരുണ്ട്‌, മതനേതാക്കന്മാരുണ്ട്‌, പോലീസ്‌ ഓഫീസര്‍മാരുണ്ട്‌, ജനപ്രതിനിധികളുണ്ട്‌, പെണ്‍വാണിഭക്കാരുണ്ട്‌, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുണ്ട്‌.

ഇവരുടെ ഇംഗിതങ്ങള്‍ക്ക്‌ വഴങ്ങുന്നില്ല എന്ന്‌ ബോധ്യപ്പെട്ടപ്പോള്‍ അപവാദം പ്രചരിപ്പിക്കാനും അതിലൂടെ വെടക്കാക്കി തനിക്കാക്കുന്ന തന്ത്രം നടപ്പിലാക്കാനും ശ്രമിച്ചവരുമുണ്ട്‌.

നേരത്തേ സൂചിപ്പിച്ചല്ലോ, ആരോടും പകയോ മമതയോ ഇല്ലെന്ന്‌, അതുകൊണ്ടുതന്നെ വായനക്കാരുടേതൊഴികെ ആരുടെയും പിന്‍ബലവും ഞങ്ങള്‍ക്കില്ല. ആത്മവിശ്വാസവും വാര്‍ത്തകളെ അവയുടെ വാസ്തവത്തില്‍ കാണാനുള്ള നേത്രങ്ങളും വായനക്കാരും വിതരണക്കാരും സുഹൃത്തുക്കളും വിമര്‍ശകരും നിര്‍ലോപം നല്‍കുന്ന പ്രചോദനവുമാണ്‌ ഞങ്ങളെ മുന്നോട്ട്‌ നയിക്കുന്നത്‌. ഭീഷണിയും പ്രലോഭനങ്ങളും നിരന്തരം ഉയര്‍ന്നപ്പോള്‍ വാസ്തവവുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ തയ്യാറായ മാധ്യമപ്രവര്‍ത്തകരും സുഹൃത്തുക്കളും ഞങ്ങള്‍ക്കുണ്ട്‌.

ആത്മപ്രശംസയല്ല, എന്നാല്‍ ആത്മവിശ്വാസമാണ്‌ ഈ വാക്കുകള്‍ക്ക്‌ പിന്നിലുള്ളത്‌. ഞങ്ങള്‍ക്ക്‌ പക്ഷമുണ്ടെന്നും തുടക്കത്തില്‍ രേഖപ്പെടുത്തിയിരുന്നു. അത്‌ നീതി നിക്ഷേധിക്കപ്പെടുന്നവരുടെയും ദുര്‍ബലരാക്കപ്പെടുന്നവരുടെയും പ്രാന്തവല്‍ക്കരിക്കപ്പെടുന്നവരുടെയും നിശ്ശബ്ദരാക്കപ്പെടുന്നവരുടെയും പക്ഷമാണ്‌. ഈ പക്ഷത്ത്‌ നിന്നുകൊണ്ട്‌ പോരാടാന്‍ കഴിഞ്ഞു എന്നതാണ്‌ ഞങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന രാസത്വരകം. ആവര്‍ത്തിക്കട്ടെ, ഇതിന്‌ ഞങ്ങള്‍ക്ക്‌ ശക്തിപകരുന്നത്‌ വാസ്തവത്തിന്റെ വായനക്കാരും വിമര്‍ശകരും സുഹൃത്തുക്കളുമാണ്‌.

100 വര്‍ഷം പൂര്‍ത്തിയാക്കിയ വാര്‍ത്താമാധ്യമങ്ങളുള്ള മലയാളത്തില്‍ 100 പതിപ്പ്‌ ഇറക്കിയ ഒരു പ്രസിദ്ധീകരണത്തിന്‌ എന്താണിത്ര നെഗളിക്കാന്‍ എന്ന ചോദ്യം ഇപ്പോള്‍തന്നെ കേള്‍ക്കുന്നുണ്ട്‌. അത്‌ വാസ്തവത്തിന്റെ പ്രചാരണം ഇല്ലാതാക്കാന്‍ ശ്രമിച്ച ശക്തികളില്‍ നിന്നാണ്‌. ഏജന്റുമാരെയും വിതരണക്കാരെയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പിന്‍മാറ്റിയവരില്‍നിന്ന്‌. കോര്‍പ്പറേറ്റ്‌ വാറിന്റെ മാന്യമായ മൂല്യങ്ങള്‍ ഞങ്ങള്‍ക്ക്‌ മനസിലാകും. എന്നാല്‍ ഉന്മൂലനത്തിന്റെ ശ്രമങ്ങളെ ഞങ്ങള്‍ ചെറുത്തുനില്‍ക്കുകയും ചെയ്യും. ഇതിനെ വേണമെങ്കില്‍ അഹങ്കാരമെന്ന്‌ വിശേഷിപ്പിക്കാം.

ഈ നിലപാടോടെ, നിഷ്പക്ഷരല്ലാതെ പക്ഷം ചേര്‍ന്നുതന്നെ വാസ്തവം മുന്നോട്ടുപോകുമെന്നും ഇതുവരെ തുടര്‍ന്നുപോന്ന നിലപാടില്‍ മാറ്റം വരുത്തുകയില്ല എന്നും സുമനസുകളായ വായനക്കാര്‍ക്കും വിമര്‍ശകര്‍ക്കും വിതരണക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും പരസ്യദാതാക്കള്‍ക്കും ഒരിക്കല്‍കൂടി ഉറപ്പുനല്‍കാന്‍ ഈ അവസരം വിനിയോഗിക്കട്ടെ.

വാസ്തവം പ്രവര്‍ത്തകര്‍ക്കുവേണ്ടി,

ടൈറ്റസ്‌ കെ. വിളയില്‍
ചീഫ്‌ എഡിറ്റര്‍

Thursday, January 10, 2008

അന്യസംസ്ഥാന ലോട്ടറി ബഹിഷ്ക്കരണത്തിന്റെ മറുപുറം

  • കേരളത്തിന്റെ വാര്‍ഷിക പദ്ധതി 7700 കോടിയുടേത്‌
  • ലോട്ടറി മാഫിയയില്‍ നിന്ന്‌ നികുതിയിനത്തില്‍ പിരിഞ്ഞുകിട്ടാനുള്ളത്‌ 8470 കോടി
  • മാഫിയയെ സംരക്ഷിക്കുന്നത്‌ ധനമന്ത്രി തോമസ്‌ ഐസക്‌

പ്രസീദ പത്മ

കൊച്ചി :കേരളത്തിലെ 120 സാധാരണക്കാരെ ആത്മഹത്യയിലേക്ക്‌ തള്ളിവിടുകയും സര്‍ക്കാറിന്‌ 8,470 കോറ്റിയുടെ കുടിശ്ശിക വരുത്തുകയും ചെയ്ത ലോട്ടറി മാഫിയയ്ക്ക്‌ നിയമപരമായ ഒത്താശ നല്‍കി സംരക്ഷിച്ചത്‌ നിയമമന്ത്രി ഡോ.തോമസ്‌ ഐസക്‌. ലോട്ടറി രാജാവ്‌ സാന്തിയാഗൊ മാര്‍ട്ടിനില്‍ നിന്ന്‌ പാര്‍ട്ടിപത്രത്തിന്‌ ലഭിച്ച രണ്ടു കോടി രൂപയുടെ സംഭാവനയ്ക്കുള്ള നന്ദിപ്രകാശനമാണ്‌ ഈ ജനവഞ്ചനയെന്ന്‌ സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍ വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: കേരളത്തിന്റെ വാര്‍ഷിക പദ്ധതി 7,700 കോടിയുടേതാണ്‌. എന്നാല്‍ ലോട്ടറി മാഫിയയില്‍ നിന്നും പിരിഞ്ഞുകിട്ടാനുള്ളത്‌ 8,470 കോടി.) ലോട്ടറിയുമായി പുലബന്ധമില്ലാത്ത സുപ്രീംകോടതിയുടെ ഒരു വിധി മറയാക്കിയാണ്‌ ലോട്ടറിക്കുടിശിക പോലും പിരിച്ചെടുക്കാതെ മാര്‍ട്ടിനും കൂട്ടര്‍ക്കും കേരളത്തിലെ സാധരണക്കാരെ കൊള്ളയടിക്കാന്‍ തോമസ്‌ ഐസക്‌ പരിസരമൊരുക്കിയത്‌.

ഒറ്റയക്ക-ഓണ്‍ലൈന്‍-അന്യസംസ്ഥാന ലോട്ടറി മാഫിയയുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും അവരെ നിയമപരമായി നിയന്ത്രിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും വിജിലന്‍സ്‌ ഡയറക്ടര്‍ സിബി മാത്യൂ നല്‍കിയ വിശദമായ റിപ്പോര്‍ട്ട്‌ മാര്‍ട്ടിനും കൂട്ടര്‍ക്കും വേണ്ടി കോള്‍ഡ്‌ സ്റ്റോറേജില്‍ തള്ളിയതും തോമസ്‌ ഐസക്‌.

2006 ഏപ്രിലില്‍ സുപ്രീം കോടതി ജസ്റ്റിസ്‌ റുമ പാല്‍ പുറപ്പെടുവിച്ച ഒരു വിധി ദുര്‍വ്യാഖ്യാനിച്ചാണ്‌ തോമസ്‌ ഐസക്കും സെയില്‍ടാക്സ്‌ വകുപ്പിലെ ചില ഉന്നതരും ചേര്‍ന്ന്‌ മാര്‍ടിനേയും കൂട്ടരേയും സംരക്ഷിച്ചത്‌ .ആ വിധി മറയാക്കി ലോട്ടറി ടിക്കറ്റ്‌ വില്‍പ്പനച്ചരക്കല്ലെന്നും വില്‍പ്പനച്ചരക്കാണെങ്കില്‍ മാത്രമെ നികുതി ചുമത്താന്‍ കഴിയുകയുള്ളു എന്നായിരുന്നു ധനമന്ത്രിയുടേയും കോക്കസ്സിന്റേയും നിലപാട്‌.

എന്നാല്‍ ജസ്റ്റിസ്‌ റുമ പാലിന്റെ ഉത്തരവ്‌ ഇന്‍ഡസ്റ്റ്രിയല്‍ സ്പിരിറ്റുമായി ബന്ധപ്പെട്ട്‌ എക്സൈസ്‌ ഡ്യൂട്ടി ചുമത്തുന്നത്‌ സംബന്ധിച്ചായിരുന്നു.ലോട്ടറി ടിക്കറ്റ്‌ വില്‍പ്പനയുമായി അതിന്‌ പുലബന്ധം പോലുമില്ലായിരുന്നു.പിന്നീട്‌ സംസ്ഥാന അക്കൗണ്ടന്റ്‌ ജനറല്‍ , കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍കം ടാക്സ്‌ കൗണ്‍സല്‍ നന്ദകുമാര മേനോന്‍ന്റെ നിയമോപദേശം തേടിയപ്പോഴാണ്‌ തോമസ്‌ ഐസക്കിന്റേയും കോക്കസ്സിന്റേയും കള്ളക്കളി പൊളിഞ്ഞത്‌.റുമ പാലിന്റെ വിധി ലോട്ടറി ടിക്കറ്റിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ടതല്ലെന്നും നികുതിക്കുടിശിക മുഴുവനും പിരിച്ചെടുക്കാമെന്നുമായിരുന്നു നന്ദകുമാര മേനോന്‍ന്റെ ഉപദേശം.

എന്നാല്‍ ലോട്ടറി മാഫിയയ്ക്കെതിരെ ശക്തമായ നടപടികളെടുത്തിരുന്ന ഡയറക്ടര്‍ കെ സുരേഷ്‌ കുമാറിനെ അതിനുമുന്‍പ്‌ തന്നെ തല്‍സ്ഥാനത്തു നിന്ന്‌ പറപ്പിച്ചിരുന്നു.കൂടാതെ ലോട്ടറി കുടിശിക പിരിച്ചെടുക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും ലോട്ടറിക്കേസ്സുകളുടെ നടത്തിപ്പ്‌ കര്യക്ഷമമക്കാനും വേണ്ടി മുഖ്യ മന്ത്രി വി എസ്‌ അച്യുതാനന്ദന്‍ വിളിച്ചു കൂട്ടിയ ധനവകുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം പോളിറ്റ്ബ്യൂറോയെ കൊണ്ട്‌ മാറ്റിവയ്പ്പിക്കുകയും ചെയ്ത മാര്‍ടിന്‍ സംരക്ഷകനാണ്‌ തോമസ്‌ ഐസക്‌.

തീര്‍ന്നില്ല സര്‍ക്കാര്‍ തന്നെ ഒറ്റയക്ക ലോട്ടറി ആരംഭിച്ച്‌ മര്‍ട്ടിനും കൂട്ടര്‍ക്കും നുഴഞ്ഞുകയറ്റത്തിന്‌ കൗശലപ്പാത തീര്‍ത്ത ശേഷമാണ്‌ ഇന്നലെ മുതല്‍ എം വി ജയരാജന്റെ നേതൃത്വത്തിലുള്ള കേരള ലോട്ടറി ഏജന്റ്സ്‌ ആന്റ്‌ സെല്ലെഴ്സ്‌ യൂണിയന്‍ ( സി ഐ ടി യു ) ഇന്നലെ മുതല്‍ അന്യസംസ്ഥാന ലോട്ടറി ബഹിഷ്ക്കരണം ആരംഭിച്ചിട്ടുള്ളത്‌.

ഇനി ഒരു ജന്മമുണ്ടെങ്കില്‍ സിപിഐക്കാരനായി ജനിക്കണം

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി, 1964ല്‍ പിളര്‍ന്നത്‌ അന്ന്‌ നേതൃസ്ഥാനത്തിരുന്നവരെ വലതുപക്ഷ വ്യതിയാനം മൂലമായിരുന്നു. ഈ വലതുപക്ഷ വ്യതിയാനക്കാരുടെ കേരളത്തിലെ നേതാക്കള്‍ പക്ഷേ ആദര്‍ശത്തിന്റെയും അര്‍പ്പണത്തിന്റെയും സമഷ്ടിബോധത്തിന്റെയും കമ്മ്യൂണിസ്റ്റ്‌ മൂല്യങ്ങളുടെയും സമാനതകളില്ലാത്ത സംരക്ഷകരും വക്താക്കളുമായിരുന്നു. സഖാക്കളായ എം.എന്‍. ഗോവിന്ദന്‍നായര്‍, ടി.വി. തോമസ്‌, സി. അച്യുതമേനോന്‍, പി.എസ്‌. ശ്രീനിവാസന്‍, പി.കെ. വാസുദേവന്‍നായര്‍ എന്നിങ്ങനെ നീളുന്നു ആ ആദര്‍ശശാലികളുടെ നിര. കേരളത്തില്‍ ഇ.എം.എസിന്റെ നേതൃത്വത്തിന്‍കീഴില്‍ വലതുപക്ഷവ്യതിയാനമില്ലാത്ത കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റ്‌ അനുഭാവികളും വന്‍ശക്തിയായി വളര്‍ന്നപ്പോഴും മേല്‍ സൂചിപ്പിച്ച വ്യക്തിത്വങ്ങള്‍ ഉന്നത ശീര്‍ഷരായിത്തന്നെ അവരുടെ മരണം വരെ തുടര്‍ന്നുപോന്നു.

വിശുദ്ധവും സമ്പന്നവും അഭിമാനാര്‍ഹവുമായ ആ പാരമ്പര്യം വെളിയം ഭാര്‍ഗവന്റെ കാലത്തെത്തിയപ്പോള്‍ വെളിവുകെട്ട ധനാര്‍ത്തിയുടെ ദുര്‍ഗന്ധപൂരിതമായിത്തീര്‍ന്നു. ആ മാലിന്യത്തില്‍ നുരയ്ക്കുന്ന പുഴുക്കളായി സി. ദിവാകരനും മുല്ലക്കര രത്നാകരനും കെ.പി. രാജേന്ദ്രനും ബിനോയ്‌ വിശ്വവുമൊക്കെ നിറഞ്ഞാടുമ്പോള്‍ കോടികളാണ്‌ പാര്‍ട്ടിഫണ്ട്‌ എന്ന പേരിലും പാര്‍ട്ടിപത്രം പുനഃപ്രകാശനം ചെയ്യാനുള്ള ധനസമാഹരണം എന്ന പേരിലും ഇവരുടെയെല്ലാം പോക്കറ്റിലെത്തുന്നത്‌.

നഗ്നമായ അഴിമതി നടത്തുകയും മൂലധനസമാഹരണത്തിന്റെ ഹീനമായ പാതകളില്‍ ഞെളിഞ്ഞുനടക്കുകയും മൂലധനശക്തികള്‍ക്കുമുമ്പില്‍ സാഷ്ടാംഗം നമസ്കരിക്കുകയും ചെയ്യുമ്പോഴും കെട്ടുനാറിയ ആദര്‍ശത്തിന്റെയും വിപ്ലവവീര്യത്തിന്റെയും വായ്ത്താരി മുഴക്കാന്‍ ഈ കള്ളക്കൂട്ടങ്ങള്‍ക്ക്‌ ഉളുപ്പൊട്ടുമില്ല. വെളിയം ഭാര്‍ഗവനും പന്ന്യന്‍ രവീന്ദ്രനും കെ.ഇ. ഇസ്മായീലുമൊക്കെ അഴിമതിക്കെതിരെയും ധനസമാഹരണത്തിനെതിരെയും ചാട്ടുളികളായി വാക്കുകള്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും കേരള കോണ്‍ഗ്രസിനുമെതിരെ പ്രയോഗിച്ചത്‌ ഇപ്പോള്‍ 'ഉള്‍പ്പുളകത്തോടെയല്ലാതെ സ്മരിക്കാന്‍' കഴിയുകയില്ല. സോഷ്യലിസത്തിന്‌ പ്രസക്തി നഷ്ടപ്പെട്ടുവെന്നും മുതലാളിത്തത്തിനാണ്‌ ഇന്ന്‌ ഇന്ത്യയില്‍ പ്രയോഗസാധ്യതയെന്നുമൊക്കെ വ്യാഖ്യാനിക്കാവുന്ന രീതിയില്‍ കഴിഞ്ഞ ദിവസം ജ്യോതിബസു നടത്തിയ ഒരു പ്രസ്താവനയ്ക്കെതിരെ കെ.ഇ. ഇസ്മായേല്‍ ഉറഞ്ഞുതുള്ളിയതും ഹര്‍ഷോന്മാദത്തോടും ആത്മപ്രഹര്‍ഷത്തോടും കൂടിയേ ഓര്‍മിക്കാന്‍ കഴിയൂ.

അതിന്റെ തൊട്ടുപിന്നാലെയാണ്‌, ഏറ്റവും സൗമ്യനെന്നും മാന്യനെന്നും സുതാര്യ ജീവിതത്തിന്റെ മാതൃകയെന്നുമൊക്കെ വാഴ്ത്തിപ്പാടപ്പെട്ട ബിനോയ്‌ വിശ്വമെന്ന പെരുംകള്ളന്റെ തനിനിറം വെളിവായത്‌. സേവി മനോ മാത്യു എന്ന ലാന്റ്‌ മാഫിയാ തലവന്‌, ഇന്ന്‌ സംസ്ഥാനത്ത്‌ ജീവിച്ചിരിക്കുന്നവരുടെയും ഇനി ജനിക്കാന്‍ പോകുന്നവരുടെയും സ്വത്തായ, പരിസ്ഥിതി ദുര്‍ബല വനപ്രദേശമെന്ന്‌ നോട്ടിഫൈ ചെയ്ത പ്രദേശം വിട്ടുകൊടുത്തതിന്റെ പ്രതിഫലമെന്നോണം 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന വാര്‍ത്ത പുറത്തുവന്നത്‌. ഇന്നലെവരെ ഷേഡിക്യാരറ്റര്‍ എന്നും പണത്തിനുവേണ്ടി എന്തും ചെയ്യാനും പറയാനും മടിയില്ലാത്ത വ്യക്തിയെന്നും ഒക്കെയായിരുന്നു ബിനോയ്‌ വിശ്വം സേവി മനോ മാത്യുവിനെ അധിക്ഷേപിച്ചിരുന്നത്‌. സേവിയെ അറിയുകയില്ല എന്നല്ല, സേവിയെ അറിയുന്നവരെപ്പോലും അറിയില്ല എന്നായിരുന്നു നിയമസഭയില്‍പോലും ബിനോയ്‌ വിശ്വം ഗദ്ഗദത്തോടെ അവകാശപ്പെട്ടത്‌. പച്ചവെള്ളം ചവച്ചുമാത്രം കുടിക്കുന്ന പഞ്ചപാവമായ ബിനോയ്‌ വിശ്വത്തെ മെര്‍ക്കിസ്റ്റണ്‍ വിവാദത്തില്‍ വലിച്ചിഴച്ചത്‌ അന്തഃകരണമാണെന്ന്‌ കേരളത്തിലെ ഭൂരിപക്ഷം പേരും വിശ്വസിച്ചിരുന്നു. ആ വിവാദത്തില്‍നിന്ന്‌ അഗ്നിശുദ്ധിയോടെ ബിനോയ്‌ പുറത്തുവരണമെന്ന്‌ പ്രാര്‍ത്ഥിക്കുകയും നേര്‍ച്ചനേരുകയും ചെയ്തവര്‍പോലും കേരളത്തിലുണ്ട്‌.

അവരെയെല്ലാം ഒറ്റയടിക്ക്‌ കുപ്പിയിലിറക്കുകയായിരുന്നു ഈ മാന്യനെന്ന്‌ ഇപ്പോള്‍ വ്യക്തമായി. സേവി മനോ മാത്യുവിനെ സ്വന്തം ചേംബറില്‍ വിളിച്ചുവരുത്തി ബിനോയ്‌ വിശ്വം തന്നെയാണ്‌ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ ഇരിക്കുന്ന സ്ഥലം ഡി-നോട്ടിഫൈ ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നുകൂടി അറിയുമ്പോഴാണ്‌ പെരുംകള്ളത്തരത്തിന്റെ ഉള്ളുകള്ളികള്‍ ബോധ്യമാവുക.

സേവി മനോ മാത്യുവും ബിനോയ്‌ വിശ്വവും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സുഹൃത്തുക്കളാണെന്ന പി.സി. ജോര്‍ജ്‌ എം.എല്‍.എയുടെ ആരോപണം 101 ശതമാനം സത്യമാണെന്ന്‌ ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു.

ബിനോയ്‌ വിശ്വത്തിന്റെ ഭാര്യ ഷൈല ജോര്‍ജ്‌ മാനേജരായിട്ടുള്ള പേരൂര്‍കടയിലെ ബാങ്ക്‌ ഉദ്ഘാടനം ചെയ്ത ദിവസം തന്നെ ആറരലക്ഷത്തിലധികം രൂപ സേവി മനോ മാത്യു നിക്ഷേപിച്ചത്‌ എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടിയെന്ന്‌ തിരിച്ചറിയാന്‍ ഇനി കവടി നിരത്തേണ്ട. സൗത്ത്‌ മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ആ ശാഖ ഉദ്ഘാടനം ചെയ്തത്‌ ബിനോയ്‌ വിശ്വമായിരുന്നു. സേവി മനോ മാത്യുവിന്റെ അഭിഭാഷകന്‍ വിമല്‍ റോയിയുടെ പേരിലാണ്‌ അക്കൗണ്ട്‌ തുറന്നതെങ്കിലും പണം പോയത്‌ ആരുടെ പോക്കറ്റിലേക്കാണെന്ന്‌ ഇനി പറയേണ്ടതില്ല.

കഴിഞ്ഞ മൂന്നു നാലു ദശാബ്ദമായി കേരളത്തില്‍ ഇടതുപക്ഷത്തിന്‌ ഭരണം കിട്ടിയാല്‍ അഴിമതി നടക്കുന്നതിന്റെ അച്ചാരം വാങ്ങിയെടുത്തിട്ടുള്ള പാര്‍ട്ടിയാണ്‌ സിപിഐ. കഴിഞ്ഞ മന്ത്രിസഭയിലും ഈ മന്ത്രിസഭയിലും ഏറ്റവുമധികം അഴിമതിയാരോപണങ്ങള്‍ക്കും ആഢംബരഭ്രമത്തിനും വിവരക്കേടിനും ഇരയായിട്ടുള്ളത്‌ ഇവരൊക്കെത്തന്നെയാണ്‌.

ഓര്‍മയുണ്ടാകണം മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടി. കേരള ജനത രാഷ്ട്രീയ വ്യത്യാസം മറന്ന്‌ ഒരേ മനസോടെ, ജാഗ്രതയോടെ, താല്‍പ്പര്യത്തോടെയൊക്കെയാണ്‌ മുഖ്യമന്ത്രി അച്യുതാനന്ദന്റെ ആ നടപടിക്കുപിന്നില്‍ അണിനിരന്നതും അതിനെ പ്രോല്‍സാഹിപ്പിച്ചതും. എന്നാല്‍ ജനയുഗത്തിന്റെ മറവില്‍ റിസോര്‍ട്ട്‌ മാഫിയകളില്‍നിന്നും ലാന്റ്‌ മാഫിയകളില്‍നിന്നും ടാറ്റാ എസ്റ്റേറ്റ്‌ ഉടമകളില്‍നിന്നും കോടികള്‍ കൈപ്പറ്റിയവര്‍ക്ക്‌ ഇരിക്കപ്പൊറുതിയുണ്ടായില്ല. ഇസ്മയേലിന്റെയും പന്ന്യന്‍ രവീന്ദ്രന്റെയും മൂന്നാറിലെ പ്രത്യക്ഷ സാന്നിധ്യത്തോടെ വെളിയം ഭാര്‍ഗവന്റെ റിമോര്‍ട്ട്‌ കണ്‍ട്രോളിലൂടെ ആ ദൗത്യം അവര്‍ പൊളിച്ചടുക്കി. അന്ന്‌ പന്ന്യന്‍ രവീന്ദ്രന്റെ വാക്കുകള്‍ക്ക്‌ അഗ്നിസ്ഫുലിംഗങ്ങളേക്കാള്‍ ചൂടും നശീകരണശക്തിയുമുണ്ടായിരുന്നു.

ഇതെല്ലാം കാണുമ്പോഴും കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും ഒരു പ്രാര്‍ത്ഥന മനസിലിപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്‌. അതായത്‌ ഇനിയൊരു ജന്മമുണ്ടെങ്കില്‍ സിപിഐക്കാരനായി ജനിക്കണം.

കനിയുമോ ഈശ്വരന്‍ അതിന്‌.

ശത്രുവിന്റെ ശത്രുവുമായി ടൈയ്യപ്പ്‌ മാത്രം ഇനി രക്ഷ!

'തിരികെ ഞാന്‍ വരുമെന്ന (ദുഃഖ) വാര്‍ത്ത' കേട്ട നാള്‍ തുടങ്ങിയതാണ്‌ ഉമ്മന്റെ വൈക്ലബ്യം!

ആക്രാന്തക്കാരനായ കാരണോരും ധൂര്‍ത്തനായ പുത്രനും പടിയിറങ്ങിയ അന്നുമുതല്‍ തറവാട്ടില്‍ എന്തു സ്വസ്ഥതയായിരുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം! ഒറ്റയടിക്കതൊക്കെ തവിടുപൊടി!

കാരണോര്‍ കളിയാക്കാന്‍ പറഞ്ഞതാണെങ്കിലും 'ഉമ്മന്‍ കോണ്‍ഗ്രസ്‌' എന്ന പ്രയോഗം അത്രമേല്‍ മനസ്സങ്ങിഷ്ടപ്പെട്ടിരുന്നു.

ചെന്നി'ത്തല'യില്‍ കാര്യമായൊരു 'സംഗതി'കളും ഇല്ലാത്ത കാലത്തോളം അടക്കിവാഴാമെന്നായിരുന്നു ആശ.

ആ ആശയ്ക്ക്‌ വളമിടാനും വെള്ളമൊഴിക്കാനും മലയാളത്തിന്റെ സുപ്രഭാതം മുതല്‍ കര്‍ത്തവ്യ നിര്‍വ്വഹണം വരെയും പള്ളീലച്ചന്മാര്‍ മുതല്‍ മെത്രാനച്ചന്മാര്‍ വരെയും മത്സരിച്ചു രംഗത്തുവരികയും ചെയ്തിട്ടും...... കാക്ക കൊത്തിപ്പോയി..........

ഇന്നലെ കാരണോര്‍ ഇന്ദിരാഭവനിലെത്തിയപ്പോള്‍ എന്തു മുഖവും വച്ചാണവിടെ ചെല്ലുക? അതുകൊണ്ടാണു പോവാഞ്ഞത്‌!

വന്ന അന്നുതന്നെ ഡെല്‍ഹിയില്‍ വച്ചടിച്ച അടി കേട്ടില്ലേ - വിമത നേതാവാണ്‌ താനെന്ന്‌! ഇനി കാരണോരെ തെക്കോട്ടെടുക്കണവരെ എന്തൊക്കെ കേള്‍ക്കേണ്ടിവരുമെന്റെ യേശുവേ.

ചതിയന്‍ ചെന്നിനായകന്‍ പറഞ്ഞതുകേട്ടോ. കാരണോരെ വരവേല്‍ക്കുന്നത്‌ വളരെ സന്തോഷത്തോടെയാണുപോലും! ചെന്നിനായകനെ നമ്പാന്‍ പറ്റില്ല. കൂട്ടത്തില്‍ കുറിയവനാണാ നായകന്‍. കള്ള ബടുക്കൂസ്‌!

ഫെബ്രുവരി ഒന്നിന്‌ കൊച്ചിയില്‍ പ്രവര്‍ത്തകരുടെ കൂട്ടായ്മ നടത്തുമെന്നാണ്‌ കാരണോര്‍ കാച്ചിയിരിക്കുന്നത്‌. തൊട്ടുകൂടായ്മ എത്രവേഗമാണ്‌ കൂട്ടായ്മയായി മാറിയത്‌. ചതിയന്മാരാണൊക്കെ!

അന്തോണിച്ചനും പേരില്‍ ധീരനും കാരണോരുടെ മുന്നില്‍ വാലുമടക്കിക്കളഞ്ഞു!

അന്തോണിച്ചനും പേരില്‍ ധീരനുമൊന്നുമല്ല, മുരളീധരനാണു വീരകുമാരന്‍. എന്‍സിപിയില്‍ നിന്നുകൊണ്ടാണെങ്കിലും കാരണോര്‍ക്കെതിരെ പീപ്പി വിളിക്കാന്‍ കുമാരനെങ്കിലും ത്രാണിയുണ്ടായല്ലോ. ശത്രുവിന്റെ ശത്രു മിത്രമാകുമെന്നാണ്‌ പുണ്യപുരാണ കീഴ്‌വഴക്കം. കുമാരനുമായൊരു ടൈയ്യപ്പുണ്ടാക്കുകയല്ലാതെ കാരണോരെ തളക്കാനിനി എന്തു വഴിയാണുള്ളതെന്റെ തമ്പുരാനേ...

Wednesday, January 9, 2008

സേവിമേനോ മാത്യുവില്‍നിന്ന്‌ 25 ലക്ഷം




  • പാര്‍ട്ടിയും നേതാക്കളും സംശയത്തിന്റെ മുനയില്‍

ടൈറ്റസ്‌ കെ.വിളയില്‍

കൊച്ചി:മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ ഇടപാടിലെ 'ഷേഡി ക്യാരക്റ്റര്‍ ' സേവി മനൊ മാത്യൂവില്‍ നിന്നും സി പി ഐ നേതൃത്വം 25 ലക്ഷം രൂപ കൈപ്പറ്റിയതിന്‌ തെളിവുകള്‍.ജനയുഗം പത്രം പുനപ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ ഈ തുക കൈപ്പറ്റിയത്‌.പണം നല്‍കിയെന്ന്‌ സേവി മനൊ മാത്യൂ സമ്മതിച്ചു

പണം കൈപ്പറ്റിയതിന്റെ തെളിവായി മൂന്ന്‌ രസീതുകള്‍ ഇന്നലെ ഇന്‍ഡ്യ വിഷന്‍ ചാനലില്‍ കാണിച്ചിരുന്നു.5000 രൂപയുടെ മൂന്ന്‌ രസീതുകളാണ്‌ ചാനലിന്‌ ലഭിച്ചത്‌.

എന്നാല്‍ അഞ്ചു ലക്ഷത്തിനാണ്‌ 5000-ത്തിന്റെ രസീത്‌ നല്‍കിയതെന്നും ഇത്തരത്തില്‍ അഞ്ച്‌ രസീതുകളുണ്ടെന്നും അതനുസരിച്ച്‌ 25 ലക്ഷം രൂപ സേവിയില്‍ നിന്ന്‌ സി പി ഐ കൈപ്പറ്റിയിട്ടുണ്ടെന്നും പി സി ജോര്‍ജ്‌ എം എല്‍ എ ഇന്ന്‌ തിരുവനന്തപുരത്ത്‌ പത്രസമ്മേളന ത്തില്‍ ആരോപിച്ചു.

2007 മെയ്‌ അഞ്ചിനാണ്‌ സേവി പണം നല്‍കിയതെന്നാണ്‌ രസീതുകള്‍ സൂചിപ്പിക്കുന്നത്‌.വിവാദമായ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ പരിസ്ഥിതി ദുര്‍ബല പ്രദേശമല്ലെന്ന്‌ സര്‍ക്കാര്‍ ഉത്തരവ്‌ (ഡീ നോട്ടിഫിക്കേഷന്‍ )ഇറക്കണമെന്നുള്ള സേവി മനൊ മാത്യൂവിന്റെ അപേക്ഷ വനം മന്ത്രി ബിനോയ്‌ വിശ്വത്തിന്റെ കൈവശമിരിക്കുമ്പോഴാണ്‌ ജനയുഗം ഫണ്ടിലേക്ക്‌ സി പി ഐ ഈ പണം പറ്റിയിട്ടുള്ളതെന്ന്‌ രേഖകള്‍ വ്യക്തമാക്കുന്നു.

2007 മാര്‍ച്ച്‌ 30-നാണ്‌ സേവി മനൊ മാത്യൂ ഡീ നോട്ടിഫിക്കേഷന്‌ അപേക്ഷ നല്‍കിയത്‌.2007 ജൂണ്‍ 12-ന്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങുകയും ചെയ്തു.അതിനു മുന്‍പാണ്‌ പണം കൈമാറിയിരിക്കുന്നത്‌.

"സേവി മനൊ മാത്യൂവില്‍ നിന്ന്‌ ഒരു രൂപപോലും കൈപ്പറ്റിയിട്ടില്ല എന്ന സി പി ഐ യുടെ നേതാക്കളുടെ ഇന്നലെ വരെയുള്ള അവകാശപ്പെടലിന്റെ കള്ളി വെളിച്ചത്തു വന്നിരിക്കുന്നു. ലാന്റ്മാഫിയകളില്‍ നിന്നും ലക്ഷങ്ങളല്ല കോടികള്‍ തന്നെ സി പി ഐ നേതാക്കള്‍ പറ്റിയിട്ടുണ്ട്‌. മൂന്നാര്‍ ഒഴിപ്പിക്കല്‍ അട്ടിമറിച്ചതിന്റെ പിന്നിലും ഇതുപോലത്തെ നാറിയ ഇടപാടുകളുണ്ട്‌.ജനങ്ങളെ കട്ടുമുടിക്കുന്ന കള്ളക്കൂട്ടങ്ങളാണ്‌ സി പി ഐ അടക്കമുള്ള ഇടതുപക്ഷം "-പി സി ജോര്‍ജ്‌ വാസ്ത്തവത്തോട്‌ പറഞ്ഞു

"ബിനോയ്‌ വിശ്വം എന്റെ അനിയനെപ്പോലെയാണ്‌.അയാള്‍ കരഞ്ഞുപറഞ്ഞ്‌ നടന്നപ്പോള്‍ ഞാനും കരുതി അതൊക്കെ സത്യമാണെന്ന്‌.പക്ഷെ ഇപ്പോഴല്ലേ സത്യം പുര്‍ത്തുവന്നത്‌ "പി സി ജോര്‍ജ്‌ കൂട്ടിച്ചേര്‍ത്തു

"പണത്തിനു വേണ്ടി എന്തുകള്ളവും പറയുന്ന ഷേഡീ ക്യാരക്ടറാണയാള്‍.അയാള്‍ പറയുന്നതില്‍ ഒരു തരിമ്പും സത്യമില്ല "എന്നായിരുന്നു ഇതുവരെ ബിനോയ്‌ വിശ്വവും പറഞ്ഞിരുന്നത്‌ .

കുരങ്ങുകളിയുടെ രണ്ടാം ഇന്നിംഗ്സ്‌ ബഹുകേമം

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ അമ്പയറിംഗില്‍ നിന്ന്‌ സ്റ്റീവ്‌ ബക്ക്നറെ മാറ്റുകയും ഹര്‍ഭജന്‍സിംഗിനെ തുടര്‍ന്നുള്ള ടെസ്റ്റുകളില്‍ കളിക്കാന്‍ ഐസിസി അനുവാദം നല്‍കുകയും ചെയ്തപ്പോള്‍ ഇന്ത്യന്‍ തെരുവുകളിലെ പ്രതിഷേധ കൊടുങ്കാറ്റ്‌ ഒഴിഞ്ഞു; ഒഴിഞ്ഞവയറുമായിട്ട്‌ ഇന്ത്യക്കാര്‍ സന്തോഷത്തില്‍ ആറാടി.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വാംപയര്‍ എന്ന കുപ്രസിദ്ധമായ വിശേഷണം ലഭിച്ച അമ്പയര്‍ സ്റ്റീവ്‌ ബക്ക്നറുടെ വിക്കറ്റ്‌ തെറിപ്പിച്ചത്‌ ബിസിസിഐയുടെ ഗൂഗ്ലിയാണോ അതോ ഹര്‍ഭജന്റെ ദൂസരയാണോ അതുമല്ലെങ്കില്‍ ഐസിസിയുടെ യോര്‍ക്കറാണോ എന്ന്‌ ഇനി ചിന്തിച്ചിട്ട്‌ കാര്യമില്ലായെന്നാണ്‌ ഇന്ത്യന്‍ ടീമിന്റെയും ഇന്ത്യാക്കാരുടെയും ക്രിക്കറ്റിനെ കച്ചവടച്ചരക്കാക്കിയ ബഹുരാഷ്ട്ര കുത്തകകമ്പനികള്‍ക്കുമുള്ളത്‌.

ആശ്വാസമായി ക്രിക്കറ്റ്‌ ടെസ്റ്റ്‌ ഇനി തടസങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാകും!

എന്നാല്‍ നൂറ്റാണ്ട്‌ പഴക്കമുള്ള കീഴ്‌വഴക്കമാണ്‌ ഐസിസി ഈ തീരുമാനത്തിലൂടെ സിക്സറായി പറത്തിയിരിക്കുന്നത്‌. ക്രിക്കറ്റ്‌ മാന്യന്മാരുടെ കളിയല്ല എന്ന്‌ ലോകത്തെ മുഴുവന്‍ അങ്ങനെ അറിയിച്ചും കഴിഞ്ഞു.

നൂറാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന ഐസിസിയുടെ തീരുമാനം ബുദ്ധിപരമാണ്‌! ക്രിക്കറ്റ്‌ നിയമങ്ങള്‍, കളിക്കളത്തിലെ മാന്യത, ഇതുവരെ തുടര്‍ന്നുപോന്ന ശുദ്ധമായ പാരമ്പര്യം എന്നിവയില്‍നിന്നെല്ലാം വലുത്‌ പണം തന്നെയാണെന്ന്‌ ഐസിസി തെളിയിച്ചിരിക്കുന്നു. ക്രിക്കറ്റ്‌ ഒത്തുകളിയിലൂടെ കളിക്കാര്‍ നേരത്തെ ഈ സത്യം വെളിപ്പെടുത്തിയിരുന്നത്‌ ഓര്‍ക്കുക.

ബക്ക്നറെ നിലനിര്‍ത്തി, ഭാജിയെ പുറത്താക്കി ടെസ്റ്റ്‌ പരമ്പര തുടരാന്‍ കഴിയുകയില്ല എന്നു മാത്രമല്ല. അങ്ങനെ സംഭവിച്ചാല്‍ ഐസിസിക്ക്‌ ഇനി മുന്നോട്ടുപോകാന്‍ കഴിയുകയില്ല എന്ന വൃത്തിക്കെട്ട തിരിച്ചറിവ്‌, മുതലെടുപ്പിന്റെ വിവേകം ഒക്കെയാണ്‌ ഈ തീരുമാനങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്‌. ക്രിക്കറ്റ്‌ കായികവിനോദമല്ല, കറതീര്‍ന്ന കച്ചവടവും ഭാരതത്തിലെ ദരിദ്രവാസികളായ ക്രിക്കറ്റ്‌ ആരാധകരുടെ ദേശാഭിമാനപ്രതീകവുമാണെന്ന്‌ മനസിലാക്കിയാണ്‌ ഒരു മുറ്റത്ത്‌ രണ്ടു കച്ചവടത്തിന്‌ ഐസിസി ധൈര്യം കാട്ടിയത്‌. കാരണം ഐസിസിയുടെ വരുമാനത്തിന്റെ 80 ശതമാനവും ഇന്ത്യയില്‍ നിന്നാണ്‌. കച്ചവടത്തില്‍ ഉപഭോക്താവിനെ മാന്യമായ സ്ഥാനത്ത്‌ പ്രതിഷ്ഠിക്കണമെന്ന്‌ മാനേജ്മെന്റ്‌ തത്ത്വമാണ്‌ ഐസിസി നടപ്പിലാക്കിയിരിക്കുന്നത്‌.

അഞ്ചു ലോകകപ്പ്‌ മത്സരങ്ങളും 120 ടെസ്റ്റുകളും നിയന്ത്രിച്ച മികച്ച അമ്പയറായിട്ടാണ്‌ സ്റ്റീവ്‌ ബക്ക്നര്‍ അറിയപ്പെടുന്നത്‌. ഐസിസിയുടെ എലൈറ്റ്‌ പാനലിലെ ഏറ്റവും പരിചയസമ്പന്നനും പ്രമുഖനും ബക്ക്നര്‍തന്നെ. എന്നിട്ടും ഭാജിയോടുകാണിച്ച ഇളവ്‌ എന്തുകൊണ്ട്‌ ബക്ക്നറോട്‌ പുലര്‍ത്തിയില്ല എന്ന വിശകലനം ചെയ്യുമ്പോഴാണ്‌, ഇന്നലെ ചൂണ്ടിക്കാട്ടിയതുപോലെ ഈ വിവാദങ്ങള്‍ സൃഷ്ടിച്ചതിന്റെയും പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടതിന്റെയും പിന്നിലുള്ള കച്ചവടതാല്‍പ്പര്യങ്ങള്‍ വ്യക്തമാകുന്നത്‌.

ഇതിലൂടെ ആശാസ്യമല്ലാത്ത കീഴ്‌വഴക്കമാണ്‌ ഐസിസി നടപ്പിലാക്കിയിരിക്കുന്നത്‌. ഇതുവരെ ക്രിക്കറ്റ്‌ കളിയില്‍ അമ്പയറുടെ തീരുമാനമായിരുന്നു അന്തിമം. ഇനി അങ്ങനെയല്ല എന്ന്‌ ഏതു കളിക്കാരനും ഏതു രാജ്യത്തിനും വാദിക്കാന്‍ അവസരമൊരുങ്ങിയിരിക്കുന്നു. ക്രിക്കറ്റിലൂടെ ഐസിസിക്കും ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്കും വരുമാനമുണ്ടാക്കുന്ന രാജ്യത്തിന്റെതാണ്‌ പ്രതിഷേധമെങ്കില്‍ അത്‌ അംഗീകരിക്കപ്പെടുമെന്ന ഹീനമായ അവസ്ഥയാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. ഏതുകളിക്കാരനുവേണമെങ്കിലും അമ്പയറെ ചോദ്യം ചെയ്യാം. ഏത്‌ രാജ്യത്തിനുവേണമെങ്കിലും അമ്പയറെ മാറ്റിയില്ലെങ്കില്‍ കളി തുടരില്ലെന്ന ഭീഷണിപ്പെടുത്താം. ഒരു കായിക വിനോദത്തിന്റെ ഇതുവരെയുണ്ടായിരുന്ന അല്ലെങ്കില്‍ ഉണ്ടായിരുന്നുവെന്ന്‌ പരക്കെ അംഗീകരിച്ചിരുന്ന മാന്യതയാണ്‌, കീഴ്‌വഴക്കമാണ്‌ ഐസിസി ഇവിടെ കാറ്റില്‍പ്പറത്തിയിരിക്കുന്നത്‌.

ഭാജിക്ക്‌ നല്‍കിയ ഇളവെങ്കിലും ബക്ക്നര്‍ അര്‍ഹിക്കുന്നുണ്ടായിരുന്നു. രണ്ടാം ടെസ്റ്റിലെ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ ഏകപക്ഷീയവും പിഴവുകള്‍ നിറഞ്ഞവയായിരുന്നെങ്കില്‍ അദ്ദേഹത്തെ താക്കീത്‌ ചെയ്ത്‌ തുടര്‍ന്നുള്ള ടെസ്റ്റുകളിലും അമ്പയറാകാന്‍ അനുവദിക്കണമായിരുന്നു. ആ മാന്യത ഐസിസി സ്വീകരിച്ചില്ല. സിമണ്ട്സിനെ വംശീയമായി അധിഷേപിച്ചതിന്റെ പേരില്‍ ഹര്‍ഭജന്‍ സിംഗിന്‌ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്‌ നീക്കാന്‍ ഐസിസിക്ക്‌ കഴിയുമായിരുന്നെങ്കില്‍ തീര്‍ച്ചയായും ബക്ക്നറോടും അതേ മനോഭാവം പുലര്‍ത്താന്‍ കഴിയണമായിരുന്നു. ഇവിടെ മറ്റൊരു ചോദ്യം ഉന്നയിച്ചാല്‍ അതിന്‌ മറുപടി നല്‍കാന്‍ ഐസിസി തയ്യാറാകുമെന്ന്‌ തോന്നുന്നില്ല. കാരണം ബക്ക്നര്‍ കറുത്ത വര്‍ഗക്കാരനായതുകൊണ്ടും ബക്ക്നറുടെ നാട്ടില്‍ ക്രിക്കറ്റ്‌ ആരാധകര്‍ കുറയുന്നതുകൊണ്ടുമല്ലേ ഇന്ത്യക്ക്‌ അനുകൂലമായി ഇങ്ങനെയൊരു തീരുമാനമുണ്ടായത്‌. പണത്തിനുമേല്‍ ഐസിസിയും പറക്കില്ലെന്ന്‌ ബോധ്യമായി.

കളിക്കളത്തില്‍ ചത്തേ എന്ന ആരോപണം പേറുന്ന ഇന്ത്യ ക്ക്‌ കളിക്കളത്തിനുപുറത്തുള്ള കളിയില്‍ ചക്ദേ ഇന്ത്യ എന്ന്‌ അഭിമാനിക്കാന്‍ ഇതുകൊണ്ട്‌ കഴിഞ്ഞേക്കും.

ഷെയിം...... ഷെയിം......

സത്യം ദുഃഖമാണുണ്ണീ.., എന്നാലും ചുവപ്പ്‌ സുഖപ്രദം!

ഇങ്ങനെ വിളിച്ചുകൂവാമോ ചരിത്രപരമായ സത്യങ്ങളും! അറ്റ്ലീസ്റ്റ്‌ രക്തസാക്ഷിമണ്ഡപങ്ങള്‍ പണിയാന്‍ പിരിവെടുത്ത ബക്കറ്റുകളെയെങ്കിലും ഓര്‍ക്കാമായിരുന്നില്ലേ സഖാവേ ബുദ്ധദേവേ.......!

അങ്ങരേ പറഞ്ഞിട്ട്‌ എന്തുകാര്യം! സോഷ്യലിസത്തിനും (കൃത്യമായി) അര്‍ത്ഥമൊന്നുമില്ലെന്ന്‌ സുപ്രീം കോടതിവരെ അഭിപ്രായപ്പെട്ട സ്ഥിതിക്ക്‌, വായേതോന്നുന്നത്‌ കോതയ്ക്കുപാട്ട്‌!

ഇതിത്തിരി നേരത്തേ പറഞ്ഞിരുന്നെങ്കില്‍ കൊടിപിടിക്കാന്‍ നടന്ന സമയത്ത്‌ ഞങ്ങടെതായ വയലെല്ലാം ഞങ്ങള്‍ കൊയ്തുമെതിച്ചേനെ. ഇപ്പോ അതും പോയി ഇതും പോയി! അരി കിട്ടാന്‍ ആന്ധ്രക്കാരന്‍ കനിയുന്നതുവരെ ആന്ധ്രവായു പുറന്തള്ളി ഇന്നലെകളുടെ ദുഷിപ്പിന്റെ നാറ്റം സഹിക്കുന്നു!

വര്‍ഗസമരം എന്ന പേരില്‍ ജന്മിത്തം തുടച്ചുനീക്കിയതിനെ 'അളമുട്ടിയാല്‍ ചേരയും കടിക്കും' എന്ന യൂണിവേഴ്സല്‍ ലോ അനുസരിച്ചല്ലെ ഇനി പൊക്കിക്കൊണ്ടുനടക്കാന്‍ പറ്റൂ!

സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും രക്തസാക്ഷി സാക്ഷാത്ക്കാരത്തിനും പിന്നീടവര്‍ക്ക്‌ സ്മാരകങ്ങള്‍ നിര്‍മിക്കാനും വാര്‍ഷികങ്ങള്‍ ആചരിക്കാനും ചെലവാക്കിയ ഊര്‍ജവും പണവും സംഭരിച്ച്‌ വിനിയോഗിച്ചിരുന്നുവെങ്കില്‍ എന്നേ സമത്വസുന്ദര 'സ്വപ്ന'ലോകമായി മാറിയേനെ ഈ ഭൂമി! ശേഷം ചൊവ്വയിലെ സോഷ്യലിസവും ഏതാണ്ട്‌ പൂര്‍ത്തിയായേനെ!

'സഖാവ്‌ ഫില്ലിന്‍ ദ ബ്ലാങ്ക്സ്‌ രക്തസാക്ഷിദിനാചരണം'
ഈ പരിപാടി നിങ്ങള്‍ക്കായി സ്പോണ്‍സര്‍ ചെയ്യുന്നത്‌ ടാറ്റാ, ബൈ ബൈ, സീയു!

Tuesday, January 8, 2008

ഗംഭീരമാകുന്നു ഈ 'കുരങ്ങുകളി'

ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ആന്‍ഡ്രൂ സിമണ്ട്സിനെ ഇന്ത്യയുടെ ഹര്‍ഭജന്‍ സിങ്‌ കുരങ്ങന്‍ എന്ന്‌ വിളിച്ച്‌ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളും വിശകലനങ്ങളും വിമര്‍ശനങ്ങളും കഥയറിയാതെയുള്ള ആട്ടം കാണലോ അല്ലെങ്കില്‍ കഥ അറിഞ്ഞുകൊണ്ടുള്ള ആട്ടം ആടിക്കലോ ആണ്‌.

കൊളീസിയത്തില്‍ മനുഷ്യനും സിംഹവും തമ്മിലുള്ള മല്‍പ്പിടുത്തത്തിന്റെ വാര്‍ത്ത പ്രചരിപ്പിച്ച്‌ റോമന്‍ ചക്രവര്‍ത്തിമാര്‍ ജനങ്ങള്‍ക്കിടയില്‍ ഭരണത്തോടുള്ള അമര്‍ഷം ശമിപ്പിച്ച്‌ അവരില്‍ അരാജകത്വം വളര്‍ത്തിയതിന്‌ തത്തുല്യമായാണ്‌ ഇന്ത്യപോലുള്ള ഒരു ദരിദ്ര രാഷ്ട്രത്തില്‍ ഉണ്ണാനും ഉടുക്കാനും കിടക്കാനും സ്ഥലമില്ലാത്ത ലക്ഷക്കണക്കിന്‌ സാധാരണക്കാരെ ടെലിവിഷന്‌ മുന്നില്‍ പിടിച്ചിരുത്തി ക്രിക്കറ്റ്‌ കളി കാണിച്ച്‌ വഞ്ചിക്കുന്നത്‌. ഈ വഞ്ചനക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ ബഹുരാഷ്ട്ര കുത്തകകമ്പനികളാണ്‌. കാരണം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട്‌ ജഡിലമായ ഇന്ത്യന്‍ മനസ്സില്‍ ദൈവങ്ങളേക്കാള്‍ ഉയര്‍ന്ന സ്ഥാനമാണ്‍്‌ ക്രിക്കറ്റ്‌ താരങ്ങള്‍ക്കുള്ളത്‌. ഈ താരങ്ങളെ ബ്രാന്‍ഡ്‌ അംബാസിഡര്‍മാരാക്കി തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച്‌ ബഹുകോടികള്‍ പോക്കറ്റിലാക്കാന്‍ കഴിയുമെന്ന്‌ ഈ കമ്പനികള്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ്‌ അവര്‍ ക്രിക്കറ്റ്‌ കളിയുടെ സ്പോണ്‍സര്‍മാരായി രംഗത്തെത്തിയത്‌.

എന്നാല്‍ ഇവരുടെ ഈ അമിത പ്രതീക്ഷക്ക്‌ കഴിഞ്ഞ ലോകകപ്പ്‌ കനത്ത പ്രഹരമാണേല്‍പ്പിച്ചത്‌. രണ്ടാം റൗണ്ടുപോലും കാണാതെ ഇന്ത്യ പുറത്തായപ്പോള്‍ ക്രിക്കറ്റ്‌ സ്പോണ്‍സര്‍മാരായ ഐടിസി, പെപ്സി, സെവന്‍അപ്‌, പ്യൂമ, എല്‍ജി തുടങ്ങിയവര്‍ക്ക്‌ കോടികളുടെ നഷ്ടമാണ്‌ ഉണ്ടായത്‌. ധോണിയേയും സൗരവ്‌ ഗാംഗുലിയേയും സച്ചിന്‍ ടെണ്ടുല്‍ക്കറേയും നായകന്മാരാക്കി ഏതാണ്ട്‌ ഒന്നര ഡസനോളം പുതിയ പരസ്യ ചിത്രങ്ങളാണ്‌ ലക്ഷങ്ങള്‍ മുടക്കി ഇവര്‍ ഷൂട്ട്‌ ചെയ്തിരുന്നത്‌. എന്നാല്‍ ഇന്ത്യയുടെ തോല്‍വിയോടെ അവയെല്ലാം പരണത്തുവെക്കേണ്ട അവസ്ഥയാണുണ്ടായത്‌.

ഇന്ത്യയുടെ ദയനീയമായ തോല്‍വി തെരുവില്‍ സംഘര്‍ഷമായും താരങ്ങളോടുള്ള രോഷമായും വളര്‍ന്നു. കോലങ്ങള്‍ കത്തിച്ചും താരങ്ങളുടെ വീടുകള്‍ക്ക്‌ നേരെ കല്ലെറിഞ്ഞുമാണ്‌ ഇന്ത്യയിലെ ക്രിക്കറ്റ്‌ ആരാധകര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്‌. അതോടെ ക്രിക്കറ്റിനോട്‌ ഇന്ത്യക്കാര്‍ക്കുണ്ടായിരുന്ന കടുത്ത ഭ്രമവും താരങ്ങളോട്‌ കാട്ടിയിരുന്ന ആരാധനയും ഒരുപരിധിവരെ അവസാനിച്ചു. പിന്നീട്‌ നടന്ന ഇന്ത്യ-ബംഗ്ലാദേശ്‌ പരമ്പരക്ക്‌ കാണികളില്‍ നിന്ന്‌ തണുത്ത പ്രതികരണമാണ്‌ ഉണ്ടായത്‌.

ഐസിസിയുമായി ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ്‌ ഒപ്പുവെച്ച എല്‍ജി അതില്‍ നിന്ന്‌ പിന്മാറിയതും സീ ഗ്രൂപ്പ്‌ ക്രിക്കറ്റ്‌ ലീഗ്‌ രൂപീകരിച്ച്‌ പുതിയ മത്സരങ്ങള്‍ ആരംഭിച്ചതും ഈ പ്രതികരണങ്ങളുടെ പ്രതിഫലനങ്ങളായിരുന്നു.

എന്നാല്‍ ട്വന്റി-20 മത്സരത്തില്‍ ധോണിയുടെ ടീം ലോകചാമ്പ്യന്മാരായപ്പോള്‍ വീണ്ടും ക്രിക്കറ്റ്‌ ഭ്രമം തെണ്ടികളായ ഇന്ത്യക്കാരുടെ തലക്കുപിടിച്ചു. ഈ അവസരം മുതലെടുക്കാന്‍ നേരത്തെ സൂചിപ്പിച്ച സ്പോണ്‍സര്‍മാരും അവരുടെ മാര്‍ക്കറ്റിംഗ്‌ ബ്രയിനുകളും കണ്ടെടുത്ത കുതന്ത്രമായിരുന്നു കളത്തില്‍ താരങ്ങള്‍ തമ്മിലുള്ള അസഭ്യം പറച്ചിലും അതുപെരുപ്പിച്ച്‌ കാട്ടി വാര്‍ത്തയാക്കി വിവാദമാക്കിയതും. ഈ തിരക്കഥയുടെ ആദ്യ ഘട്ടമായിരുന്നു ഓസ്ട്രേലിയന്‍ ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ കണ്ടത്‌. അന്ന്‌ മലയാളിയായ ശ്രീശാന്ത്‌ പോലും കുരച്ചുചാടിയതും വിവാദങ്ങളുണ്ടാക്കിയതുമെല്ലാം ഇങ്ങനെ മുന്‍കൂട്ടി തയ്യാറാക്കിയ മാര്‍ക്കറ്റിങ്‌ തന്ത്രമനുസരിച്ചായിരുന്നു. അതിന്റെ രണ്ടാം ഭാഗമാണ്‌ ഇപ്പോള്‍ അരങ്ങേറുന്നത്‌.

ഓസ്ട്രേലിയന്‍ താരത്തെ വംശീയമായി അധിക്ഷേപിച്ചു എന്നതിന്റെ പേരില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബൗളറെ മത്സരത്തില്‍ നിന്ന്‌ മാറ്റിനിര്‍ത്തുക വഴി പുതിയ വിവാദമാണ്‌ ഐസിസി സൃഷ്ടിച്ചിരിക്കുന്നത്‌. ഇത്‌ ഇന്ത്യ ഏറ്റുപിടിച്ചുകഴിഞ്ഞു. പത്രങ്ങളിലും ചാനലുകളിലും ഇത്‌ ഇന്ന്‌ ചൂടേറിയ ചര്‍ച്ചാവിഷയമാണ്‌. വിദഗ്ദ്ധരും സാധാരണക്കാരും ഒരേപോലെ രംഗത്തും അണിയറയിലും ഇരുന്ന്‌ അഭിപ്രായങ്ങള്‍ പടച്ചുവിട്ട്‌ വീണ്ടും ഇന്ത്യക്കാരനെ കുരങ്ങുകളിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌.

ഈ സത്യം തിരിച്ചറിയാനും ക്രിക്കറ്റിന്റെ പേരില്‍ നടക്കുന്ന കള്ളക്കളികളും ചതിക്കുഴികളും മനസ്സിലാക്കാനും സാക്ഷരരായ കേരളീയര്‍ക്കുപോലും കഴിയുന്നില്ല. എല്ലാ കായിക രംഗത്തിനും അതിന്റേതായ മഹത്വമുണ്ട്‌. അത്‌ പങ്കെടുക്കുന്നവരിലും കാണികളിലും സ്പോര്‍ട്സ്മാന്‍സ്പിരിറ്റ്‌ എന്ന ഉത്കര്‍ഷാവസ്ഥ സൃഷ്ടിക്കും. എന്നാല്‍ ക്രിക്കറ്റ്‌ അലസതയും അനാവശ്യവാശിയുമാണ്‌ ഇതുവരെ കാണികളുടെ മനസ്സില്‍ ജനിപ്പിച്ചിട്ടുള്ളത്‌. ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ അതിന്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന്റേയും വംശീയതയുടേയും സ്പര്‍ദ്ധ ലഭിക്കുന്നത്‌ അതുകൊണ്ടാണ്‌. ഒത്തുകളിയുടെ വൃത്തികെട്ട കഥകള്‍ ഒത്തിരി പുറത്തുവന്നത്‌ ക്രിക്കറ്റ്‌ ഫീല്‍ഡില്‍ നിന്നാണ്‌. ഇത്തരത്തില്‍ വികൃതമായ ഒരു കായിക രൂപത്തെ പണമുണ്ടാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായി കൗശലശാലികളായ വന്‍കിട ബിസിനസ്‌ ഗ്രൂപ്പുകള്‍ തിരിച്ചറിഞ്ഞതിന്റെ കളികളാണ്‌ ഇപ്പോള്‍ കാണുന്നത്‌.

എല്ലാവരും എല്ലാവരുടേയും നിര്‍ദ്ദേശപ്രകാരം ചാടിക്കളിക്കുന്ന കുഞ്ഞിരാമന്മാരായില്ലെങ്കില്‍ അവരവര്‍ക്കുകൊള്ളാം.

പ്രതിരോധശേഷിക്ക്‌ പോളിയോ!

പണക്കാരെന്നോ പാവങ്ങളെന്നോ വ്യത്യാസമില്ലാതെ നാട്ടില്‍ കുറെയേറെ കാര്യങ്ങളില്‍ സാമൂഹ്യനീതി നടപ്പാവുന്നുണ്ട്‌.

മഴ, മഞ്ഞ്‌, വെയില്‍, കാറ്റ്‌, കൊതുകുകടി തുടങ്ങി സര്‍ക്കാരുകള്‍ക്ക്‌ യാതൊരു നിയന്ത്രണവുമില്ലാത്ത ചില സംഗതികള്‍ എല്ലാവര്‍ക്കും തുല്യമായിത്തന്നെ കിട്ടും!

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒരു സംഗതി നിര്‍ബന്ധമായും എല്ലാവര്‍ക്കും കിട്ടും. ആ സംഗതിയാകുന്നു പോളിയോ തുള്ളിമരുന്ന്‌!

യാതൊരു കുഴപ്പവുമില്ലാതെ തുള്ളിച്ചാടി നടക്കുന്ന കൊച്ചുപിള്ളേര്‍ നാളെയൊരുകാലത്ത്‌ പോളിയോ വന്ന്‌ തൊങ്കിച്ചാടി നടക്കണ കാണാനുള്ള ശേഷി സര്‍ക്കാരിന്റെ മനസ്സിനില്ലാത്തതാണ്‌ ഈ ഉത്സാഹത്തിനു കാരണം.

പോളിയോ മുതലായ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നത്‌ പോഷകാഹാരക്കുറവിനാലാണെന്നാണ്‌ ആരോഗ്യ വകുപ്പ്‌ ഭീകരന്മാര്‍ പണ്ടേ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. എന്നാല്‍ പിന്നെ തൊട്ടതിനും പിടിച്ചതിനും പ്രതിരോധമരുന്നു കൊടുക്കുന്നതിനു പകരം പിള്ളേര്‍ക്ക്‌ പോഷകാഹാരം കിട്ടാനുള്ള വഴിയുണ്ടാക്കിയാല്‍ പോരേയെന്നു ചോദിക്കരുത്‌.

പോഷകാഹാരക്കുറവു നികത്താന്‍ സര്‍ക്കാര്‍ കൊടുക്കുന്ന ഉച്ചക്കഞ്ഞിയും ചെറുപയറും കൃത്യമായി വിതരണം ചെയ്യാന്‍ ഇല്ലാത്ത താല്‍പര്യം പ്രതിരോധ മരുന്നു കൊടുക്കുന്നതില്‍ മാത്രം കാണുന്നതെന്തെന്നും ചോദിക്കരുത്‌.

കഥയില്‍ പണ്ടേ ചോദ്യമില്ല. പ്രതിരോധമരുന്ന്‌ ആര്‍ക്കൊക്കെ എന്തിനൊക്കെ കൊടുക്കണമെന്നു തീരുമാനിക്കുന്നത്‌ സര്‍ക്കാരല്ല, മരുന്നു കമ്പനിക്കാരാണ്‌. പോളിയോ പ്രതിരോധമരുന്നു കഴിച്ച്‌ ഒരുപാടു പിള്ളേര്‍ക്ക്‌ വേറൊരുപാടു കുഴപ്പങ്ങളും മരണം വരെയും സംഭവിക്കുന്നുണ്ടെന്ന ആക്ഷേപമൊന്നും മരുന്നു കമ്പനികളുടെ താല്‍പര്യങ്ങളേക്കാള്‍ വലുതല്ല.

കല്ലുപ്പു കഴിച്ചാല്‍ ഗോയിറ്റര്‍ വരുമെന്നു സര്‍ക്കാരുകള്‍ കണ്ടുപിടിച്ചത്‌ രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ്‌. പിന്നെ, രുചിയുണ്ടാക്കാനല്ല, അനായാസേന തൂവാനുള്ള സംഗതിയായി അയോഡൈസ്ഡ്‌ ഉപ്പ്‌ അടുക്കള ഭരണം തുടങ്ങി. പലചരക്കു കടയുടെ വരാന്തയിലിരുന്ന ഉപ്പ്‌ അങ്ങനെ കടയ്ക്കകത്ത്‌ ഷോക്കേസില്‍ കയറി വിലസി!

ഉപ്പ്‌ അയോഡൈസ്‌ ചെയ്യുന്നതിനുപയോഗിക്കുന്ന രാസത്വരകങ്ങള്‍ കാന്‍സര്‍ മുതല്‍ ആമവാതം വരെയുള്ള പത്തമ്പത്താറു കൂട്ടം രോഗങ്ങള്‍ വരുത്തുമെന്ന വിദഗ്ധരുടെ കണ്ടെത്തലൊക്കെ മുക്കി സര്‍ക്കാര്‍ നമ്മളെ ഗോയിറ്റര്‍ വിമുക്തരാക്കി!

ഗോയിറ്റര്‍ വന്നോ, പോളിയോ വന്നോ ദുരിതം പേറുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ രാജ്യത്ത്‌ സൈക്കിള്‍ ഇടിച്ചു ചാവുന്നുണ്ടാവും.

സൈക്കിള്‍ ഇടിക്കെതിരെയുള്ള ഒരു പ്രതിരോധ മരുന്നിനു കൂടി മരുന്നു കമ്പനികള്‍ക്ക്‌ സാധ്യത തെളിയുകയാണ്‌!

സര്‍ക്കാരുകളെ പ്രതിരോധിക്കാനുള്ള ശേഷി ഇല്ലാതാക്കാനുള്ളതരം പ്രതിരോധമരുന്നുകള്‍ തന്നു തന്ന്‌, അത്‌ നമ്മള്‍ തിന്നു തിന്ന്‌ ഈ രാജ്യം മന്ദബുദ്ധികളുടെ മഹാരാജ്യമാകും!

Monday, January 7, 2008

സിപിഎം Vs മാര്‍ക്സിസം


സമകാലീന സാഹചര്യങ്ങളില്‍ സോഷ്യലിസം പ്രായോഗികമല്ലെന്നും വ്യവസായം വരാന്‍ മുതലാളിത്തം വേണമെന്നും പശ്ചിമബംഗാള്‍മുന്‍ മുഖ്യമന്ത്രി ജ്യോതിബസു...

ദാരിദ്ര്യം ചിതറിച്ചു ദൂരെക്കളയുക!

ഭൂമധ്യരേഖപോലെതന്നെയാണ്‌ ദാരിദ്ര്യരേഖയും. ഭൂമധ്യരേഖകൊണ്ട്‌ ഭൂമിക്ക്‌ യാതൊരുഗുണവുമില്ല എന്നതുപോലെ ദാരിദ്ര്യരേഖകൊണ്ട്‌ ദരിദ്രര്‍ക്കും യാതൊരു ഗുണവുമില്ല!

രണ്ടു രേഖകളും സാധാരണ മനുഷ്യന്മാരുടെ സാധാരണ കണ്ണുകൊണ്ട്‌ നോക്കിയാല്‍ കാണാനും പറ്റില്ല.

പത്തറുപതുകൊല്ലമായി ജനാധിപത്യവും പരമാധികാരവും ചുമന്നു നടക്കുന്ന നമ്മുടെ നാട്ടില്‍ ഓരോദിവസം ചെല്ലുന്തോറും ദരിദ്രന്മാര്‍ കൂടിക്കൂടിയാണ്‌ വരുന്നത്‌.

ദാരിദ്ര്യരേഖയുടെ താഴേക്ക്‌ കേരളത്തില്‍ മാത്രം പുതുതായി പത്തുലക്ഷത്തോളം കുടുംബങ്ങളെ കൂടി കുടിയിരുത്തിയതായി മന്ത്രി പാലൊളി അറിയിച്ചത്‌ കഴിഞ്ഞ ദിവസമാണ്‌.

കൂടുതല്‍പേരെ ദാരിദ്രരേഖയ്ക്ക്‌ താഴെ തറടിക്കറ്റില്‍ ഇരുത്തിയത്‌ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ആനുകൂല്യമാണെന്ന്‌ മന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നുവത്രെ!

വികസന സൂചിക ഉയര്‍ന്നുയര്‍ന്നുപോകുന്നുവെന്ന്‌ ഒരു വശത്ത്‌ കൊട്ടിഘോഷിക്കുമ്പോള്‍ പത്തറുപത്കൊല്ലംകൊണ്ട്‌ പത്തുപേരെയെങ്കിലും ഈ രേഖയ്ക്ക്‌ മുകളില്‍ കൊണ്ടുചെന്നിരുത്തിയെങ്കില്‍ 'നേട്ടം' എന്നഭിമാനിക്കാമായിരുന്നു. പത്തുലക്ഷം പേരെ രേഖയ്ക്കു താഴെയാക്കിയത്‌ എങ്ങനെയാണ്‌ നേട്ടമാകുന്നതെന്ന്‌ തല്‍ക്കാലം പാലൊളിയോടുതന്നെ ചോദിക്കണം!

ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ളവരുടെ ലിസ്റ്റ്‌ (ബി.പി.എല്‍) ഇനി രണ്ടായി തിരിക്കും. ദരിദ്രര്‍, അതി ദരിദ്രര്‍ എന്നിങ്ങനെയാണ്‌ രണ്ടാക്കുന്നത്‌!

കുറച്ചുനാളുകൂടി കഴിഞ്ഞ്‌ അത്‌ വീണ്ടും രണ്ടാക്കേണ്ടി വന്നേക്കാം...
പടുദരിദ്രര്‍ കൊടും ദരിദ്രര്‍ എന്നിങ്ങനെയാകാം ആ തരംതിരിക്കല്‍.

ഉദാരവല്‍ക്കരണ സുവര്‍ണകാലം തുടങ്ങും മുമ്പ്‌ എല്ലാ പൗരന്മാര്‍ക്കും ഒരേതരം റേഷന്‍കാര്‍ഡായിരുന്നു നിലനിന്നിരുന്നത്‌. അക്കാലത്ത്‌ അരിവില, പഞ്ചസാരവില, ഗോതമ്പുവില, മണ്ണെണ്ണവില തുടങ്ങിയതിന്‌ സര്‍ക്കാര്‍ വിലകൂട്ടിയാല്‍ പൗരന്മാര്‍ ഒന്നിച്ചായിരുന്നു സമരം.

അക്കാലത്ത അരി കിലോ ഒന്നിന്‌, കൂടിയാല്‍ കാല്‍ രൂപയായിരുന്നു വര്‍ധന. നാട്ടുകാര്‍ സമരംചെയ്ത്‌ അതില്‍ പത്തുപൈസയയെങ്കിലും കുറപ്പിക്കും.

റേഷന്‍കാര്‍ഡ്‌ രണ്ടായതോടെ ബി.പി.എല്‍ എന്നൊരുജാതി പൗരന്മാര്‍കൂടി ഉണ്ടായി. അരിവില കൂടിയാല്‍ ഈ താഴ്‌ന്ന ജാതിക്കാര്‍ പേരിനൊരു സമരം നടത്തുന്ന സ്ഥിതിയായി. കിലോ ഒന്നിന്‌ രണ്ടും മൂന്നും രൂപ കൂടിയാലും സമരം ചെയ്താല്‍ പത്തോ പതിനഞ്ചോ പൈസയേ കുറയുവെന്നായി!

റേഷന്‍ കാര്‍ഡിപ്പോള്‍ മൂന്നുതരമായി തിരിയും. സമരം മൂന്നിലൊന്നായി സംഹരിക്കപ്പെടും. ഇനി നാടന്‍ സായിപ്പുമാരും ചിതറിച്ചുതന്നെ ഭരിക്കും, പൗരന്മാരെ നൂറുതരമാക്കും.

Saturday, January 5, 2008

ഭ്രാന്തുപുലമ്പുന്ന മന്ത്രിയും സുഖിമാന്മാരായ ബോര്‍ഡംഗങ്ങളും താന്തോന്നിയായ പ്രസിഡന്റും

പൂച്ചക്ക്‌ പൊന്നുരുക്കുന്നിടത്ത്‌ എന്തുകാര്യം എന്ന ചൊല്ല്‌ രാഷ്ട്രീയക്കാര്‍ക്ക്‌ പ്രത്യേകിച്ച്‌ കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ ശബരിമലയില്‍ എന്തുകാര്യം എന്ന്‌ തിരുത്തേണ്ടത്‌ അനിവാര്യമായിരിക്കുന്നു. "മനുഷ്യനെ മയക്കുന്ന കറുപ്പണ്‌ മത'മെന്ന്‌ പറഞ്ഞ മാര്‍ക്സ്‌ തന്നെയാണ്‌ മതം അശരണരുടെ അത്താണിയും ആലംബഹീനരുടെ ആശാകേന്ദ്രവുമാണെന്ന്‌ പറഞ്ഞത്‌. മാര്‍ക്സിനെ മതകാര്യത്തില്‍ ഉദ്ധരിക്കുന്ന ആ വാക്യത്തിന്റെ രണ്ടാം ഭാഗമാണെന്ന്‌ തോന്നുന്നു കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയുടെ കാര്യത്തില്‍ പ്രാവര്‍ത്തികമാക്കുന്നത്‌.

വര്‍ഷംതോറും ലക്ഷക്കണക്കിന്‌ വിശ്വാസികളാണ്‌ ശബരിമലയില്‍ എത്തുന്നത്‌. ഇവരെ പിഴിഞ്ഞ്‌ ജീവിക്കാനാണ്‌ ദേവസ്വംബോര്‍ഡും ബന്ധപ്പെട്ടവരും വര്‍ഷം മുഴുവന്‍ ശ്രമിക്കുന്നതെന്ന്‌ അറിഞ്ഞുകൊണ്ട്‌ തന്നെയാണ്‌ പലരും ശബരിമലയില്‍ കാണിക്കയര്‍പ്പിക്കുന്നത്‌. ശബരിമല മാത്രമല്ല, ജനലക്ഷങ്ങള്‍ വിശ്വാസത്തോടെയെത്തുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. ആ കേന്ദ്രങ്ങളുടെയെല്ലാം നടത്തിപ്പ്‌ അതാത്‌ മതവിശ്വാസമുള്ളവരിലാണ്‌ നിക്ഷിപ്തമായിട്ടുള്ളത്‌. ചക്കരക്കുടത്തില്‍ കയ്യിട്ടാല്‍ നക്കുന്ന സ്വഭാവമുള്ളവര്‍ അവിടെയും ഉണ്ടെങ്കിലും ഒരിക്കലും അവരുടെ പ്രവര്‍ത്തനം ഭക്തന്മാര്‍ക്ക്‌ വിനയായി തീര്‍ന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ശബരിമലയില്‍ സംഭവിക്കുന്നത്‌ കറതീര്‍ന്ന വെട്ടിപ്പും അതുമൂലം അയ്യപ്പഭക്തന്മാര്‍ക്ക്‌ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളുമാണ്‌. ദേവസ്വംബോര്‍ഡ്‌ എന്ന കൊടുംകള്ളക്കൂട്ടങ്ങള്‍ അയ്യപ്പഭക്തന്മാരെ മാത്രമല്ല അയ്യപ്പനെത്തന്നെ വിറ്റ്‌ സുഖിച്ച്‌ വാഴുകയാണ്‌.
1950 ലാണ്‌ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ രൂപീകൃതമാകുന്നത്‌. അന്ന്‌ ബോര്‍ഡിലെ ഒരംഗത്തെ തിരുവിതാംകൂര്‍ മഹാരാജാവും ഒരംഗത്തെ മന്ത്രിസഭയിലെ ഹിന്ദുമന്ത്രിമാരും മൂന്നാമതൊരംഗത്തെ നിയമസഭയിലെ ഹിന്ദുസാമജികരുമായിരുന്നു തെരഞ്ഞെടുത്തിരുന്നത്‌.

എന്നാല്‍ 1962 നുശേഷം രൂപീകൃതമായ ബോര്‍ഡുകളിലാണ്‌ മഹാരാജാവിന്റെ പ്രതിനിധി ഒഴികെയുള്ള രണ്ടുപേരും രാഷ്ട്രീയക്കാരായിത്തീര്‍ന്നത്‌. 74 ലെ നിയമ ഭേദഗതിയെ തുടര്‍ന്ന്‌ മഹാരാജാവിന്‌ ദേവസ്വം ഭരണത്തില്‍ ഉണ്ടായിരുന്ന നാമമാത്രമായ അധികാരവും നഷ്ടപ്പെട്ടു. അങ്ങനെ വിശ്വാസികളുടെ ആവശ്യത്തിന്‌ രൂപീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ രാഷ്ട്രീയ വേതാളങ്ങളുടെ അത്താണിയും ആശാകേന്ദ്രവുമായിത്തീര്‍ന്നു. ഈ കാളികൂളിപ്പടയുടെ നിയന്ത്രണത്തില്‍നിന്ന്‌ ദേവസ്വംബോര്‍ഡിനെ പൂര്‍ണ്ണമായും മുക്തമാക്കണമെന്നാണ്‌ ജസ്റ്റിസ്‌ പരിപൂര്‍ണ്ണന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ മുഖ്യ ശിപാര്‍ശ.

62 മുതല്‍ അമ്പലംവിഴുങ്ങിശളാണ്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണം ഏറ്റെടുത്തതെങ്കില്‍ ജി.രാമന്‍പിള്ള പ്രസിഡന്റും പുനലൂര്‍ മധു, എം.ബി.ശ്രീകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ കഴിഞ്ഞ ദേവസ്വംബോര്‍ഡ്‌ മുതലാണ്‌ മദ്യപാനം മുതല്‍ വ്യഭിചാരം വരെയുള്ള സ്വകാര്യ ആവശ്യത്തിന്‌ സന്നിധാനത്തെ മാറ്റിയെടുത്തത്‌. ഈ സുഖാനുഭവങ്ങള്‍ക്കൊപ്പം ലക്ഷങ്ങളാണ്‌ ഇവര്‍ വെട്ടിച്ചെടുത്തത്‌.

അഴിമതിയുടെ ഈജ്യന്‍ തൊഴുത്തായ ദേവസ്വംബോര്‍ഡിനെ ശുദ്ധീകരിക്കാനാണ്‌ ഹെര്‍ക്കുലീസിന്റെ ഭാവത്തില്‍ ജി.സുധാകരന്‍ ദേവസ്വംമന്ത്രിയായതും ഗുപ്തനേയും നാരായണനെയും സുമതിക്കുട്ടിയെയും അംഗങ്ങളാക്കി ബോര്‍ഡ്‌ പുനഃസംഘടിപ്പിച്ചതും. മുമ്പ്‌ ഈ പംക്തിയില്‍ ചൂണ്ടിക്കാട്ടിയതുപോലെ അയ്യപ്പന്മാര്‍ക്ക്‌ അരവണപോലും നല്‍കാതെ അഴിമതിയിലും സുഖലോലുപതയിലും അഭിരമിക്കാനായിരുന്നു ഇവര്‍ക്കെല്ലാം താല്‍പ്പര്യം. കെട്ടുനാറുന്ന വ്യക്തിവിരോധത്തിന്റെയും അധികാരക്കൊതിയുടെയും സുഖാന്വേഷണങ്ങളുടെയും കഥകളാണ്‌ പിന്നീട്‌ പുറത്തുവന്നുകൊണ്ടിരുന്നത്‌. മാളികയ്ക്കൊത്ത വീടിന്‌ ശീതീകരിച്ച കാറിനും വേണ്ടി, ദേവസ്വംബോര്‍ഡ്‌ ചെലവില്‍ അടിവസ്ത്രം വരെ വാങ്ങാനും ഒക്കെയായിരുന്നു ഇവര്‍ തമ്മില്‍ മത്സരിച്ചിരുന്നത്‌. ഈ മത്സരത്തിനിടയിലാണ്‌ വൃത്തികെട്ട, വായ്നാറ്റമുള്ള ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവന്നത്‌. അരവണയില്ലാതെ അയ്യപ്പന്മാര്‍ തൊഴുതു മടങ്ങിയപ്പോള്‍ പോലും ഈ വേതാളങ്ങളെ നിയന്ത്രിക്കേണ്ടതിനു പകരം അഗ്നിയില്‍ എണ്ണപകരുന്ന രീതിയില്‍ ഹീനമായ പ്രസ്താവനകളിറക്കി രസിക്കുകയായിരുന്നു മന്ത്രി സുധാകരന്‍. ഒരുതരം നാറാണത്തുഭ്രാന്തന്റെ സ്വഭാവം.

ആ ഭ്രാന്തുപുലമ്പല്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത്‌ മകരവിളക്കുകാലത്ത്‌ ശബരിമലയില്‍ യുഡിഎഫും ബിജെപിയും ചേര്‍ന്ന്‌ സ്ഫോടനങ്ങള്‍ ഉണ്ടാക്കുമെന്നും ഇന്റലിജെന്‍സ്‌ വിഭാഗം റിപ്പോര്‍ട്ട്‌ ചെയ്തു എന്നൊക്കെയാണ്‌. അങ്ങനെയൊരു റിപ്പോര്‍ട്ട്‌ കിട്ടിയിട്ടുണ്ടോ എന്ന്‌ ജനങ്ങളോട്‌ വിശദീകരിക്കാന്‍ ആഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണന്‌ ഉത്തരവാദിത്തമുണ്ട്‌. അദ്ദേഹം മൗനം പാലിക്കുകയാണെങ്കില്‍ പ്രകോപനം ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ്‌ സുധാകരന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്ന്‌ അനുമാനിക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കില്‍ എന്താണ്‌ സുധാകരന്റെ ഉദ്ദേശ്യമെന്ന്‌ വ്യക്തം. ഭ്രാന്തുപുലമ്പുന്ന ഈ മന്ത്രിയും സുഖാന്വേഷണങ്ങള്‍ക്ക്‌ പുറകെ പായുന്ന ബോര്‍ഡ്‌ അംഗങ്ങളും മുഖ്യമന്ത്രിപോലും സന്നിധാനത്തിലെത്തി പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ടിട്ടും താന്തോന്നിത്തം കാണിക്കുന്ന പ്രസിഡന്റും ജനകീയ വിചാരണക്ക്‌ വിധേയരാകേണ്ടിവരും.

അല്ല, അവരെ ജനകീയ വിചാരണയ്ക്ക്‌ വിധേയരാക്കേണ്ടതുണ്ട്‌.

വേണം ബിപിഎല്‍ കലോത്സവങ്ങള്‍!

സ്കൂള്‍ കലോത്സവങ്ങള്‍ നിര്‍ത്തലാക്കിയാല്‍ എന്തു സംഭവിക്കും?
മിക്കവാറും ലോകം അവസാനിക്കും!

കാശുള്ളവന്റെ മക്കള്‍ മാത്രം തുള്ളിച്ചാടി സമ്മാനം മേടിക്കാന്‍ കലോത്സവങ്ങള്‍ നടത്തിയാല്‍ മതിയോ എന്ന്‌ പാവങ്ങളുടെ പടത്തലവനും ജന്മനാ കലകാരനുമായ എം എ ബേബി മാഷ്‌ മനസിരുത്തി ഒന്നാലോചിക്കണം!

കലോത്സവ മത്സരഫലങ്ങള്‍ പരിശോധിച്ചാല്‍ സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ ചിത്രത്തിലെങ്ങുമില്ല.
സാധാരണക്കാരില്‍ കലാബോധം തീരെയില്ലാതായിപ്പോയത്‌ എന്തുകൊണ്ടാണെന്ന്‌ പരിഷത്തുകാരെക്കൊണ്ട്‌ ഒരു പഠനമെങ്കിലും നടത്തിക്കാന്‍ പറ്റിയ സമയമാണ്‌. (പരിഷത്തിനിപ്പോള്‍ വേറെ പണിയൊന്നുമില്ലല്ലൊ).

നിര്‍മ്മാണമേഖലയിലെ പോലെ, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും അന്യസംസ്ഥാനങ്ങളില്‍ നിന്നും 'സാമൂഹ്യ പ്രവര്‍ത്തക തൊഴിലാളികളെ' ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയിലേക്ക്‌ നാം പുരോഗമിച്ചു കഴിഞ്ഞു!

മത്സര വേദിയില്‍ മക്കളും പിന്നാമ്പുറത്ത്‌ തള്ളതന്തമാരും നടത്തുന്ന പോരാട്ടങ്ങള്‍ കേരളത്തിന്റെ കലാ പാരമ്പര്യത്തിന്‌ മുതല്‍ക്കൂട്ടുന്നത്‌ എന്തൊക്കെയാണെന്ന്‌ ബേബിമാഷ്‌ പറഞ്ഞ്‌ തരുമോ? രണ്ടു മൂന്നു സിനിമാ നടിമാരെ കിട്ടിയെന്നതാണ്‌ നാളിതുവരെ നടന്ന സ്കൂള്‍ കലോത്സവങ്ങളുടെ ബാക്കിപത്രം!

പത്തമ്പതിനായിരം രൂപാ ചെലവാക്കി തങ്ങളുടെ മക്കളുടെ കലാഭിരുചി വളര്‍ത്താന്‍, റേഷന്‍ വാങ്ങാന്‍ പോലും ഗതിയില്ലാത്ത പാവങ്ങള്‍ക്കാവുമൊ?

സാധാരണക്കാരുടെ കലാഭിരുചിയുള്ള മക്കള്‍ക്ക്‌ അപകര്‍ഷതാബോധം വളര്‍ത്താന്‍ മാത്രം എന്തിനാണവരെ ഈ പൊങ്ങച്ചമേളകളിലേക്ക്‌ ആട്ടിത്തെളിക്കുന്നത്‌?

കലാബോധം പോയിട്ട്‌ യാതൊരു ബോധവും തൊട്ടുതീണ്ടാത്ത പ്രാദേശിക രാഷ്ട്രീയ നേതാക്കളും, എല്ലാം തികഞ്ഞവരെന്ന വിവരക്കേടു പേറുന്ന അദ്ധ്യാപക യൂണിയന്‍കാരും നടത്തുന്ന കലോത്സവ മാമാങ്കങ്ങളില്‍ നിന്നും പാവങ്ങള്‍ പിളേരെ രക്ഷിക്കുകയെങ്കിലും ചെയ്യുക.

ബേബിമാഷ്‌ ഒന്നോര്‍ക്കണം. മുണ്ടശേരി മാഷെ വെല്ലാന്‍ കച്ചകെട്ടിയിറങ്ങിയ ബേബി മാഷിന്‌ ചെയ്തതൊന്നും നേരെ ചൊവ്വെ ചെയ്യാനായിട്ടില്ല. കലോത്സവമെന്ന ഈ ആര്‍ഭാടാഭാസാഭ്യാസം നിറുത്തലാക്കിയാല്‍ ലോകം തന്നെ അവസാനിക്കും എന്നുള്ളതുകൊണ്ട്‌, തുടക്കം കുറിക്കൂ സാധാരണക്കാരന്റെ കുട്ടികള്‍ക്കായി ബിപിഎല്‍ കലോത്സവങ്ങള്‍.

Friday, January 4, 2008

ലീഗില്‍ രാമനിഫക്ടിന്റെ അലയൊലികള്‍!

രാമന്‍ എന്നു കേട്ടാല്‍ പണ്ടേ മുസ്ലീം ലീഗുകാര്‍ക്ക്‌ ഒരുള്‍ക്കിടിലമുണ്ടാകും. പതിനാറു ഭാഷയറിയാവുന്ന മഹാപണ്ഡിതനായ നരസിംഹറാവു, രാജ്യത്തിന്റെ പതിനാറടിയന്തിരം നടത്താന്‍ പ്രധാനമന്ത്രിയായി വാണകാലത്തു തുടങ്ങിയതാണീ മനോരോഗം! ലോകത്തുള്ള സകല ഹിന്ദുക്കളുടെയും സകല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കച്ചകെട്ടിയിറങ്ങിയ സംഘപരിവാരമായിരുന്നു അന്ന്‌ രാമന്റെ ആള്‍ക്കാര്‍.

മിണ്ടാണ്ട്‌ ഇരുന്നുകൊടുത്ത റാവുവിന്റെ മുന്നിലിട്ട്‌ പരിവാരം ബാബറിപ്പള്ളി തച്ചുതകര്‍ത്തു.

കേന്ദ്രത്തിലും കേരളത്തിലും റാവുവിന്റെ മൂടു താങ്ങികളായിരുന്നു അന്നും ലീഗുകാര്‍. റാവുവിനെപ്പോലെ തന്നെ പള്ളിപൊളിക്കണ കാഴ്ചകണ്ടാസ്വദിച്ചു ധര്‍ണ നടത്തി നേരം പോക്കിയ ലീഗിന്‌ ആ ഇനത്തില്‍ ഒരുപാട്‌ പഴികേള്‍ക്കേണ്ടിയും വന്നു.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ലീഗിന്‌ ബാബറിനേക്കാളും പള്ളിയേക്കാളും വലുത്‌ വേറെ ചില കച്ചോടങ്ങളായിരുന്നു. അതുകൊണ്ടാണൊന്നും മിണ്ടാണ്ടിരുന്നത്‌. നാണം കെട്ടുപോയെന്നാലും പ്രശ്നമങ്ങനെ ഒതുങ്ങിപ്പോയി.

ഇപ്പോഴിതാ, ദേ വരുന്നു ഒരു രാമനിഫക്ട്‌. മതേതര പാര്‍ട്ടിയായ(!) ലീഗിന്റെ മതേതര എം.എല്‍.എയായ യു.സി. രാമനാണ്‌ ഇപ്പോള്‍ ഉള്‍ക്കിടിലത്തിനു കാരണം!

രാമന്‍ അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന്‌ വിജിലന്‍സ്‌ കണ്ടെത്തിയതാണു കുഴപ്പമായത്‌. ആരും അനധികൃത സ്വത്തുണ്ടാക്കുന്നതില്‍ ലീഗിനെതിര്‍പ്പില്ല. വിജിലന്‍സുകാരു കാണും വിധത്തില്‍ അത്‌ മുറ്റത്തുകൊണ്ടുവയ്ക്കേണ്ട കാര്യമുണ്ടോ രാമാ! 2001ല്‍ സര്‍ക്കാര്‍ ഗ്രാന്റ്‌ വാങ്ങി പണിത ഒരു കൊച്ചുവീട്ടിലാണ്‌ രാമന്‍ അന്തിയുറങ്ങിയത്‌. പാണക്കാട്ട്‌ തറവാടിന്റെ കെട്ടുംമട്ടും കണ്ടും അവിടെ വരണവന്മാരുടെ തട്ടും മുട്ടും കൊണ്ടും രാമനും ഒന്നു പ്രൊഫഷണലായീന്നു മാത്രം. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലാണല്ലോ രാമന്‍! ദേശീയപാതക്കടുത്ത്‌ 21 സെന്റ്‌ സ്ഥലം വാങ്ങി 25 ലക്ഷത്തിന്റെ വീടുവച്ചു എന്നൊക്കെയാണിപ്പോള്‍ വല്യ അപരാധമായി കൊണ്ടാടുന്നത്‌.

ഇച്ചെറുകാരണത്താല്‍ ലീഗുകാര്‍ രാമനെ കൈവിടുമോ, പരിവാരം സംഘമായി രാമനെ തോളിലേറ്റുമോ എന്നൊക്കെയാണിനി കാണാനുള്ളത്‌.

രാമന്‍ ഒട്ടും പുറകോട്ടില്ല. എന്തന്വേഷണവും നേരിട്ടുകളയും എന്നാണ്‌ രാമന്റെ പ്രഖ്യാപനം! കുഞ്ഞാലിക്കുട്ടിടെ ശിഷ്യനുമാണ്‌; മോശം വരുമോ? കൊക്കെത്ര കുളം കണ്ടിരിക്കുന്നു!

ഭരിച്ചുമുടിക്കാന്‍ വിപ്ലവപുംഗവന്മാര്‍

വിവരമില്ലായ്മയുടെയും അഹങ്കാരത്തിന്റെയും അതില്‍നിന്ന്‌ ജനിക്കുന്ന തന്നിഷ്ടത്തിന്റെയും ജീവിക്കുന്ന പ്രതിരൂപങ്ങളാണ്‌ അച്യുതാന്ദന്‍ മന്ത്രിസഭയിലെ എല്ലാ വിപ്ലവ വായാടികളുമെന്ന്‌ സര്‍ക്കാര്‍തന്നെ പുറത്തുവിട്ട റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

സംസ്ഥാന ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ്‌ തയ്യാറാക്കിയ ഒക്ടോബറിലെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ സംസ്ഥാന പദ്ധതിയുടെ ഭാഗമായി വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ നടപ്പുസാമ്പത്തിക വര്‍ഷം നീക്കിവച്ചിട്ടുള്ള 6950 കോടി രൂപയില്‍ ആദ്യ ആറുമാസം കഴിഞ്ഞപ്പോള്‍ 1406 കോടി രൂപമാത്രമേ വിവിധ വകുപ്പുകള്‍ ചെലവഴിച്ചിട്ടുള്ളു എന്നുപറയുന്നു.

ഈ റിപ്പോര്‍ട്ട്‌ മറ്റൊരു വലിയൊരു വഞ്ചനയുടെ കണക്കും ഉദ്ധരിക്കുന്നു. സംസ്ഥാന ഖജനാവ്‌ തൊട്ടുമുന്‍പ്‌ ഭരിച്ച യുഡിഎഫ്‌ മന്ത്രിമാര്‍ കട്ടും തിന്നും മുടിച്ചു എന്നാരോപിച്ച്‌ വികസനത്തിനുവേണ്ടി (സംയോജിത നഗരവികസനം) ഏഷ്യന്‍ ബാങ്കില്‍നിന്ന്‌ വായ്പയെടുത്തേതീരു എന്നു ശഠിച്ച ധനമന്ത്രി തോമസ്‌ ഐസക്കിന്റെയും മുഖ്യമന്ത്രി അറിയാതെ വായ്പാകരാറില്‍ ഒപ്പിടാന്‍ അനുവദിച്ച പാലൊളി മുഹമ്മദ്‌ കുട്ടിയുടെയും പിന്നെ ചില ഉദ്യോഗസ്ഥരുടെയും സത്യാവസ്ഥയാണത്‌. വായ്പയെടുത്ത തുക വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ട രീതിയില്‍ വിനിയോഗിക്കാന്‍ കഴിഞ്ഞില്ല എന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

എന്നുമാത്രമല്ല, കേന്ദ്രം പല പദ്ധതികള്‍ക്ക്‌ തിരിച്ചടവില്ലാതെ അനുവദിച്ച തുകപോലും ഒരു വകുപ്പും ക്രിയാത്മകമായി, ജനക്ഷേമപരമായി വിനിയോഗിച്ചിട്ടില്ല.

ഓര്‍ക്കുക കൃഷിമന്ത്രി മുല്ലക്കര രത്നാകരനും ധനമന്ത്രി ഡോ. തോമസ്‌ ഐസക്കും തമ്മില്‍ കഴിഞ്ഞമാസം നടന്ന തര്‍ക്കം. കാര്‍ഷികമേഖലയിലെ വികസനങ്ങള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ധനമന്ത്രി തുക അനുവദിക്കുന്നില്ല എന്നായിരുന്നു മുല്ലക്കര രത്നാകരന്റെ വെളിപ്പെടുത്തല്‍. അന്ന്‌ ഈ പ്രശ്നത്തില്‍ തോമസ്‌ ഐസക്‌ സ്വീകരിച്ച പ്രതിലോമകരമായ നിലപാടിനെ ഈ പംക്തിയിലൂടെ ഞങ്ങള്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ കഴിവുകേടിന്റെ സൗമത്യയാണ്‌ മുല്ലക്കര രത്നാകരനെന്ന്‌ ഇപ്പോള്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കാര്‍ഷികോത്പാദന വര്‍ധനവിനുള്ള 26.84 കോടി രൂപയില്‍ 52 ലക്ഷം രൂപമാത്രമാണ്‌ ഒക്ടോബര്‍ മാസംവരെ ചെലവഴിച്ചിട്ടുള്ളത്‌. കാര്‍ഷികപദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നേരിട്ടുനല്‍കിയ 29.12 കോടി രൂപയില്‍ ഇതുവരെ ചെലവഴിച്ചത്‌ 2.27 കോടി മാത്രം. ഇങ്ങനെ നീളുന്നു മുല്ലക്കര രത്നാകരന്‍ എന്ന മന്ത്രിയുടെ കഴിവുകേടിന്റെ കണക്കുകള്‍.

അന്ന്‌ മുല്ലക്കരയ്ക്കൊപ്പം ധനമന്ത്രിയെ വിമര്‍ശിക്കാനും കേരളീയരെ മുട്ടയും പാലും കോഴിയിറച്ചിയും തീറ്റിക്കാനും മറ്റൊരു വിപ്ലവ വായാടിയുണ്ടായിരുന്നു - സി. ദിവാകരന്‍. മൃഗസംരക്ഷണവും 'അങ്ങോരുടെ കീഴിലാണ്‌'. ക്ഷീരോത്പാദന പ്രവര്‍ത്തനങ്ങള്‍ക്ക്‌ സംസ്ഥാന ബജറ്റില്‍ നീക്കിവച്ചത്‌ 58.85 കോടി രൂപയായിരുന്നു. എന്നാല്‍ ഒക്ടോബര്‍ വരെ ചെലവഴിച്ചത്‌ 6.94 കോടിമാത്രം. ഇതേ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്‌ 2.81 കോടി രൂപ. ചെലവഴിച്ചത്‌ 8.34 കോടി രൂപ. പഞ്ചഗവ്യം എന്ന വിശിഷ്ടവസ്തുവില്‍ പശുവിന്റെ മൂത്രം കൂടി ഉള്‍പ്പെടുന്നുണ്ട്‌. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഗോമൂത്രം കുടിച്ചാല്‍പോരെ എന്ന്‌ ദിവാകരന്‍ ചോദിക്കാതിരുന്നത്‌ അദ്ദേഹത്തിന്റെ വിനയം കൊണ്ടല്ല മറിച്ച്‌ പഞ്ചഗവ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരക്കേടുകൊണ്ടാണ്‌...

ചിക്കുന്‍ഗുനിയ പടര്‍ന്നുപിടിച്ചപ്പോഴും എസ്‌എടി ആശുപത്രിയില്‍ നവജാതശിശുക്കള്‍ മരിച്ചപ്പോഴും ഡോക്ടര്‍മാരുടെ സമരം മൂലം രോഗികള്‍ വലഞ്ഞപ്പോഴും പട്ടുസാരി ഉടുത്തുവിലസിയ ശ്രീമതിയുടെ പ്രകടനം ഇവരെക്കാളൊക്കെ 'മികച്ച'താണ്‌. സംസ്ഥാന ബജറ്റില്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുനീക്കിവച്ച 94.64 കോടിയില്‍ ചെലവഴിച്ചത്‌ 31.21 കോടി. സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നീക്കിവച്ച 85.77 കോടി രൂപയില്‍ ചെലവഴിച്ചത്‌ 2.35 കോടിമാത്രം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച്‌ 208 കോടിയില്‍ ചെലവഴിച്ചത്‌ 58.10 കോടി.

അഴിമതിയാരോപണങ്ങളില്‍നിന്ന്‌ മുക്തനായും വാര്‍ത്തകളില്‍ നിറയാതെയും നില്‍ക്കുന്ന വ്യക്തിയാണ്‌ മന്ത്രി എം.കെ. പ്രേമചന്ദ്രന്‍. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അദ്ദേഹം എടുത്ത നിലപാട്‌ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ സഹായകമാകുകയും ചെയ്തു. അപ്പോള്‍ കേരളം കരുതിയത്‌ കാര്യക്ഷമതയുള്ള മന്ത്രിയാണ്‌ പ്രേമചന്ദ്രന്‍ എന്നാണ്‌. എന്നാല്‍ അദ്ദേഹവും ഈ കള്ളക്കൂട്ടങ്ങളില്‍ ഒരാളാണെന്ന്‌ സര്‍ക്കാര്‍ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. ജലവിഭവശേഷിക്ക്‌ നീക്കിവച്ച 1195 കോടിയില്‍ ഒക്ടോബര്‍വരെ ചെലവഴിച്ചത്‌ 391 കോടി. 100 ശതമാനം സഹായമായി കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍നിന്ന്‌ അനുവദിച്ച 75 കോടിയില്‍ ചെലവിട്ടത്‌ 31.86 കോടി. കുടിവെള്ള വിതരണം അടക്കമുള്ള വിവിധ പദ്ധതിക്ക്‌ എഡിബിയില്‍ നിന്ന്‌ കടംകൊണ്ട 1862.14 കോടി രൂപയില്‍ ചെലവഴിച്ചത്‌ 279 കോടി. കടം വാങ്ങിയ മുഴുവന്‍ തുകയ്ക്കും സര്‍ക്കാര്‍ പലിശകൊടുത്തുകൊണ്ടിരിക്കുമ്പോഴാണ്‌ പ്രേമചന്ദ്രന്റെ ഈ വെള്ളം ചേര്‍ക്കല്‍.

നിത്യവും വെള്ളയുടുത്ത്‌ മുടിയും മീശയും കറുപ്പിച്ച്‌ സിനിമാ നടന്മാരെ വെല്ലുന്ന രീതിയില്‍ ചാനലുകളുടെ മുമ്പില്‍ അവതരിക്കുന്ന ഈ പുംഗവന്മാരെ ഇങ്ങനെ വച്ചുവാഴിക്കുന്ന അച്യുതാനന്ദനെയും കേരളത്തിലെ ചിന്തിക്കുന്ന ജനങ്ങളെയും വേണ്ടേ കുറ്റം പറയാന്‍. ആവര്‍ത്തിക്കട്ടെ, ഒരു ജനതക്ക്‌ അവര്‍ അര്‍ഹിക്കുന്ന ഭരണനേതൃത്വത്തെ ലഭിക്കും. ഭരിച്ചുമുടിക്കാന്‍ ഇത്തരം ചില വിപ്ലവകോമരങ്ങളെ തെരഞ്ഞെടുത്തവര്‍ ഇതും ഇതിലപ്പുറവം അനുഭവിച്ചേതീരൂ.

Thursday, January 3, 2008

കോതമംഗലം പെണ്‍വാണിഭം: പുതിയ പ്രതിയെ തിരുകാന്‍ ശ്രമം

പി. അജയന്‍
കോതമംഗലം: നഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി തിരുവനന്തപുരത്ത്‌ ഉന്നതന്മാര്‍ക്ക്‌ കാഴ്ചവച്ച സംഭവം അട്ടിമറിക്കാനുള്ള പോലീസിന്റെ ശ്രമം ശക്തമായി. പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ട മാര്‍ബിള്‍ വ്യാപാരിയെ ഇപ്പോഴും ഒളിപ്പിച്ചുവച്ചിട്ടുള്ള പോലീസ്‌ അയാളെ പ്രതിസ്ഥാനത്തുനിന്നും മാറ്റാനും പകരം മറ്റൊരാളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനുമാണ്‌ ഇപ്പോള്‍ ശ്രമിക്കുന്നത്‌.

ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌ രണ്ടുപോലീസുകാരുടെ ബുദ്ധിയാണ്‌. ഒന്ന്‌ മണല്‍മാഫിയയുമായി ബന്ധമുള്ള കോണ്‍സ്റ്റബിളും, രണ്ട്‌ സിഐയുടെ ഓഫീസില്‍ ക്ലറിക്കല്‍ ജോലി ചെയ്യുന്ന ഹെഡ്കോണ്‍സ്റ്റബിളുമാണ്‌. ഇവരുടെ ഈ നീക്കത്തിന്‌ സിഐയുടെ അറിവും ആശീര്‍വാദവുമുണ്ട്‌. ഈ മൂവര്‍സംഘത്തിന്റെ പ്രവര്‍ത്തനം മൂലം കേസിന്റെ യഥാര്‍ത്ഥ അവസ്ഥ പുറത്തുകൊണ്ടുവരണമെന്ന്‌ ആഗ്രഹിക്കുന്ന മറ്റ്‌ പോലീസ്‌ ഉദ്യോഗസ്ഥരും പൊതുജനമധ്യത്തില്‍ അപമാനിക്കപ്പെടുകയാണ്‌.

ഒന്നാം പ്രതി ഐസോളിന്‌ ജില്ലാ കോടതി ജാമ്യം അനുവദിച്ചെങ്കിലും ഹൈക്കോടതി ഇടപെട്ട്‌ ആ ഉത്തരവ്‌ റദ്ദാക്കിയിരുന്നു. തിരിച്ചറിയില്‍ പരേഡിനുശേഷം മാത്രമേ ജാമ്യാപേക്ഷയും തീരുമാനമെടുക്കാവൂ എന്നാണ്‌ ഹൈക്കോടതി നിര്‍ദേശം.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മൂവാറ്റുപുഴ സബ്‌ ജയിലില്‍ തിരിച്ചറിയല്‍ പരേഡ്‌ നടത്തി. നാലു പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞുവെന്ന്‌ പോലീസ്‌ അവകാശപ്പെടുകയും ചെയ്തു.

അതേസമയം, തിരിച്ചറിയല്‍ പരേഡ്‌ തികഞ്ഞ പ്രഹസന്മായിരുന്നുവെന്ന്‌ വാസ്തവത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായി. രണ്ടുമണിക്ക്‌ മൂവാറ്റുപുഴയില്‍ നടക്കേണ്ടിയിരുന്ന തിരിച്ചറിയില്‍ പരേഡിനുവേണ്ടി പെണ്‍കുട്ടിയെ വെളുപ്പിനുതന്നെ ഓട്ടോറിക്ഷയില്‍ വീട്ടില്‍നിന്ന്‌ കൊണ്ടുപോയി എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.

മൂവാറ്റുപുഴയില്‍വച്ച്‌ പെണ്‍കുട്ടിയെ ഏറ്റുവാങ്ങിയെന്നാണ്‌ പോലീസ്‌ പറയുന്നത്‌. എന്നാല്‍ പോലീസിന്റെ നിര്‍ദേശത്തോടെയാണ്‌ വെളുപ്പിനുതന്നെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന്‌ മാറ്റി തിരിച്ചറിയല്‍ പരേഡിന്‌ ഒരുക്കിയതെന്ന്‌ വ്യക്തം.

പോലീസുമായി സഹകരിക്കുന്നതുകൊണ്ട്‌ പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും ഉണ്ടായിരുന്ന ഭീഷണി കുറഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ പണം നല്‍കി പെണ്‍കുട്ടിയെകൊണ്ട്‌ പോലീസ്‌ കെട്ടിച്ചമച്ച കേസിന്‌ അനുകൂലമായി മൊഴിപറയുന്നതിനുമുള്ള ശ്രമം വിജയിക്കുന്നുണ്ടെന്നും വാസ്തവത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

ലേഖകന്‌ പോലീസിന്റെയും ഭീഷണി
കൊച്ചി: കോതമംഗലം പെണ്‍വാണിഭകേസിന്റെ യഥാര്‍ത്ഥചിത്രം റിപ്പോര്‍ട്ട്‌ ചെയ്തതിന്റെ പേരില്‍ വാസ്തവം ലേഖകന്‌ പോലീസിന്റെയും ഭീഷണി. ഇന്നലെ കോതമംഗലത്തുനടക്കുന്ന റവന്യു കലോത്സവത്തിന്റെ മീഡിയാ റൂമില്‍വച്ച്‌ എസ്‌ഐ കെ.കെ. രാമചന്ദ്രന്‍ ലേഖകനോട്‌ വിവരങ്ങള്‍ തിരക്കുകയും കൂടുതല്‍ ഭീഷണിയുണ്ടാകുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ്‌ ലേഖകനുനേരെ ഭീഷണിയുണ്ടായത്‌.

ഇതിനുമുമ്പ്‌ വനിതാമെമ്പറില്‍ നിന്നും മണല്‍മാഫിയാ ബന്ധമുള്ള കോണ്‍സ്റ്റബിളില്‍നിന്നും ലേഖകന്‌ ഭീഷണിയുണ്ടായിരുന്നു. നേര്യമംഗലത്തെ മണല്‍മാഫിയയുടെ ഗുണ്ടകളെ കൊണ്ട്‌ ലേഖകനെ വകവരുത്തുമെന്നായിരുന്നു അന്നത്തെ ഭീഷണി.

കൂടാതെ ഒന്നാം പ്രതി ഐസോളിന്റെ പിതാവിനെയും വാസ്തവത്തിന്റെ പേരില്‍ പോലീസ്‌ ഭീഷണിപ്പെടുത്തിയിട്ടുണ്ട്‌. 'വാസ്തവം അജയന്‌ വിവരങ്ങള്‍ നല്‍കിയാല്‍ പിടിച്ച്‌ അകത്തിടുമെന്നാണ്‌' പോലീസ്‌ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്‌.

മക്കളെയോര്‍ത്ത്‌ കരയുക!

പെണ്ണുള്ളിടത്തെല്ലം പെണ്‍വാണിഭം നടക്കുമെന്ന്‌ പറഞ്ഞത്‌ അന്തരിച്ച സഖാവ്‌ നായനാരാണ്‌. സഖാവ്‌ അതു പറഞ്ഞപ്പോള്‍ കേരളത്തിലെ സദാചാര കമ്മറ്റിക്കാര്‍ ഉറഞ്ഞുതുള്ളി.

സഖാവു പറഞ്ഞത്‌ വെറും പച്ചപ്പരമാര്‍ത്ഥം!

താപ്പിനൊരു പെണ്ണിനെ കിട്ടിയാല്‍ അറിയാം നമ്മുടെ സദാചാരകമ്മറ്റിക്കാരുടെ തനിനിറം!

ഫോര്‍ട്ടുകൊച്ചിയില്‍ പുതുവത്സരാഘോഷത്തിനിടെ ഒരു മദാമ്മയെ ഒരു കിളുന്തു പയ്യന്‍ പുന്നാരിപ്പിക്കാന്‍ ചെന്നതാണ്‌ ഒടുവിലത്തെ വാര്‍ത്ത. കൊച്ചിയിലെ പതിനാറുകാരന്റെ അതേ ത്രില്ലിലാണ്‌ ഇക്കാര്യത്തില്‍ മലേഷ്യയിലെ 61കാരനായ ആരോഗ്യമന്ത്രിയും!

ക്വാലാലംപൂരില്‍ നിന്നുള്ള വാര്‍ത്ത ഇന്നത്തെ പത്രങ്ങളുടെ പിന്നമ്പുറത്താണ്‌. മലേഷ്യന്‍ ആരോഗ്യമന്ത്രി ചുവാസോയ്‌ ലെക്‌ ഹോട്ടല്‍ മുറിയില്‍ വനിതാ സുഹൃത്തിനെ പുന്നാരിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതാണ്‌ വാര്‍ത്ത. വാര്‍ത്ത പുറത്തായതോടെ മന്ത്രിയും പുറത്തായി!

പുറത്താവാത്ത ഒരുപാട്‌ പുന്നാര ദൃശ്യങ്ങള്‍ ലോകമെമ്പാടും നടക്കുന്നു.
'എന്നെയൊന്നു പുന്നരിപ്പിക്കൂ' എന്ന്‌ പറയാതെ പറയുന്ന തരം അല്‍പ വസ്ത്രങ്ങളണിഞ്ഞ്‌ മദാമ്മമാരും നാടന്‍ 'നടാമ്മമാരും' തെരുവുകള്‍ കീഴടക്കുന്നു.

കൊച്ചുപുസ്തകങ്ങളും ടിവി ചാനലുകളും ഇന്റര്‍നെറ്റും ആവേശഭരിതരാക്കുന്ന തൊട്ടാല്‍ പൊട്ടുന്ന പ്രായക്കാരായ ആമ്പിളേര്‍ ഇതൊക്കെ ആരുടെമേല്‍ പരീക്ഷിക്കും എന്നു തിരഞ്ഞു നടപ്പാണ്‌!

മക്കളെ ഇവ്വിധം അലങ്കോലമാക്കി പുറത്തേക്കുവിടുന്ന പെറ്റമ്മമാരെയാണ്‌ തല്ലിക്കൊല്ലേണ്ടത്‌. പെണ്‍മക്കളെ സിനിമാ സീരിയല്‍ നടിമാരാക്കാന്‍ 'എന്തു ത്യാഗവും' സഹിക്കാന്‍ തയ്യാറായ അമ്മമാരുടെ എണ്ണം ഏറിയേറി വരുന്ന കാര്യം സദാചാരകമ്മറ്റിക്കാര്‍ മാത്രം കാണുന്നില്ല.

നമ്മുടെ നാട്ടിലിപ്പോള്‍ നല്ല ആങ്ങളമാരും പെങ്ങന്മാരുമാണില്ലാതായിവരുന്നത്‌. ന്യൂക്ലിയര്‍ കുടുംബങ്ങള്‍ വരുത്തിവയ്ക്കുന്ന ദുര്‍ഗതി!

ആരാന്റമ്മയ്ക്ക്‌ ഭ്രാന്തു പിടിച്ചാല്‍ കണ്ടു നില്‍ക്കുന്നവര്‍ക്ക്‌ ചിരിക്കാം. തലയില്‍ മുണ്ടിട്ട നിലയില്‍ എന്നാണ്‌ നമ്മുടെ മക്കള്‍ പോലീസ്‌ ജീപ്പ്പില്‍ കയറുന്ന വര്‍ണ്ണചിത്രം പത്രത്തില്‍ വരുന്നതെന്നോര്‍ത്ത്‌ കരുതിയിരിക്കുക.

ക്രിസ്തു പറഞ്ഞപോലെ, എന്നെയോര്‍ത്തല്ല, നിങ്ങളുടെ മക്കളെയോര്‍ത്ത്‌ കരയുവിന്‍!

പുതുവത്സരപ്പിറവി പീഡനപര്‍വ്വമാകുമ്പോള്‍

പുതുവര്‍ഷത്തെ ഹര്‍ഷാരവത്തോടെ സ്വീകരിക്കാന്‍ മദ്യം അടക്കമുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത്‌ ലോകമെമ്പാടും പതിവുള്ള സംഗതിയാണ്‌. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഈ പുതുലഹരി ആസ്വദിച്ച്‌ തെരുവുകളില്‍ ആട്ടവും പാട്ടുമായി നീങ്ങുന്ന വിദേശിയരെ അനുകരിച്ച്‌ ഇന്ത്യയിലും ഈ കലാപരിപാടി ഓരോവര്‍ഷവും 'പൂര്‍വ്വാധികം ഭംഗിയായി ഇന്ത്യയിലെ യുവാക്കളും കൊണ്ടാടാറുണ്ട്‌.

എന്നാല്‍ വിദേശികളെ ഇക്കാര്യമുള്‍പ്പെടെ പലതിലും പച്ചയായി അനുകരിക്കുന്ന നമ്മുടെ യുവാക്കള്‍ പാശ്ചാത്യനാട്ടുകാര്‍ അവിടുത്തെ സ്ത്രീളോട്‌ പുലര്‍ത്തുന്ന മാന്യത അനുകരിക്കാന്‍ പലപ്പോഴും തയ്യാറാകുന്നില്ല. അതുകൊണ്ടാണ്‌ പീഡനവും പെണ്‍വാണിഭവും അനുദിനം നടക്കുന്നതും വാര്‍ത്തയാകുന്നതും.

ഈ പുതുവര്‍ഷപ്പുലരി ശ്രദ്ധേയമായത്‌ വികസനത്തിന്റെ കാര്യത്തില്‍ പ്രത്യേക നേട്ടങ്ങള്‍ കൊയ്തിട്ടുള്ള മൂന്ന്‌ പട്ടണങ്ങളില്‍ നടന്ന സ്ത്രീപീഡനത്തിന്റെ പേരിലാണ്‌.

പെണ്‍വാണിഭം നിത്യസംഭവമായ കേരളത്തിലെ ഫോര്‍ട്ട്‌ കൊച്ചിയില്‍ ലഹരി ബാധിതനായ ഒരു പതിനാറുകാരനാണ്‌ പീഡകനായത്‌. കുടുംബാംഗങ്ങളോടൊപ്പം ഫോര്‍ട്ട്കൊച്ചിയിലെ പുതുവര്‍ഷ പരിപാടികള്‍ ആസ്വദിക്കാനെത്തിയ വിദേശിയായ ഒരു കൗമാരക്കാരിയാണ്‌ പീഡനത്തിന്‌ ഇരയായത്‌. പോലീസിന്റെ മൂക്കിനു കീഴിലായിരുന്നു സംഭവം.

മുബൈയില്‍ 70 പേരടങ്ങുന്ന ഒരു സംഘമാണ്‌ രണ്ട്‌ യുവതികള്‍ക്ക്‌ മേല്‍ ചാടിവീണ്‌ അവരെ വിവസ്ത്രരാക്കിയതും പുതുവര്‍ഷം ആഘോഷമായി കൊണ്ടാടിയതും.

തലസ്ഥാന നഗരിയില്‍ ഡല്‍ഹി പോലീസിന്റെയും റെയില്‍വെ സുരക്ഷാഉദ്യോഗസ്ഥരുടെയും സംരക്ഷണത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി ലാലുപ്രസാദ്‌ യാദവിന്റെ രണ്ട്‌ പുത്രന്മാരാണ്‌ അഴിഞ്ഞാടിയതും മെഹ്‌റൗളിക്കടുത്ത്‌ ഒരു ഫാംഹൗസില്‍ നടന്നിരുന്ന പുതുവര്‍ഷപാര്‍ട്ടിയില്‍ കയറിയതും അവിടെയുണ്ടായിരുന്ന പെണ്‍കുട്ടികളോട്‌ അപമര്യാദയായി പെരുമാറിയതും.

ഇത്രയും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട വാര്‍ത്തകള്‍. മാന്യതയും മാനക്കേടും ഓര്‍ത്ത്‌ പല പീഡിതരും അനുഭവങ്ങള്‍ വാര്‍ത്താലേഖകരെ അറിയിക്കാതിരുന്നതുകൊണ്ട്‌ പീഡകവര്‍ഗ്ഗത്തിന്റെ തനിനിറം നാം അറിയുന്നില്ലെന്നേയുള്ളൂ.

എന്തുകൊണ്ടാണ്‌ ഇന്ത്യയിലെ ചെറുപ്പക്കാര്‍ ഇങ്ങനെ സ്ത്രീകളോട്‌ അപമര്യാദയായി പെരുമാറുന്നത്‌?

ഇത്തരം സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടികള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങിയിരുന്നാല്‍ ഇങ്ങനെ സംഭവിക്കുകയില്ല എന്ന ന്യായം നിരത്തുന്നവരാകും ഭൂരിപക്ഷവും. അപ്പോഴും കുറ്റം പെണ്‍വര്‍ഗ്ഗത്തിന്‌! ആണ്‍വര്‍ഗ്ഗം ചെയ്ത തോന്ന്യാസത്തിന്‌ പരോക്ഷമായ പിന്തുണ!!

ഇന്ത്യക്കാരന്റെ അധമമായ ലൈംഗിക സദാചാരബോധമാണ്‌ സ്ത്രീ ദര്‍ശനത്തില്‍ തന്നെ പൊട്ടിത്തെറിക്കുന്ന ബീജസംഭരണികളാക്കി പുരുഷന്മാരെ മാറ്റിയിട്ടുള്ളത്‌. ലൈംഗീകതയോട്‌ ആരോഗ്യപരമായ സമീപനം പുലര്‍ത്താനുള്ള ശിക്ഷണമില്ലായ്മയാണ്‌ ഇതിന്‌ കാരണം. ലൈംഗിക വിദ്യാഭ്യാസം വീട്ടില്‍നിന്ന്‌ തുടങ്ങി വിദ്യാലയങ്ങളിലൂടെ വ്യക്തികളില്‍ എത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ഈ സംഭവങ്ങള്‍ കൈ ചൂണ്ടുന്നത്‌.

പ്രൈമറി സ്കൂള്‍ തലം മുതല്‍ ലൈംഗികവിദ്യാഭ്യാസം ആരംഭിക്കണമെന്ന സാമൂഹിക-മനശാസ്ത്രകാരന്മാരുടെ വിവേകപൂര്‍ണ്ണമായ നിര്‍ദ്ദേശത്തെ കണ്ണടച്ച്‌ തള്ളാനാണ്‌ ഇന്ത്യയിലെ മുതിര്‍ന്ന തലമുറയ്ക്ക്‌ ഇപ്പോഴും വ്യഗ്രത. ഇക്കാര്യത്തില്‍ സാക്ഷരരെന്നു പറയുന്ന കേരളീയരുടെ നിലപാടും വ്യത്യസ്ഥമല്ല. അനാവശ്യമായ പാപബോധം ലൈംഗികതയുടെ കാര്യത്തില്‍ വ്യക്തികളില്‍ അടിച്ചേല്‍പ്പിക്കുന്ന മത നേതൃത്വവും യുവജനങ്ങളുടെ ഈ വഴിവിട്ട പെരുമാറ്റരീതിക്ക്‌ വളം വയ്ക്കുന്നു എന്ന യാഥാര്‍ത്ഥ്യവും കാണാതിരുന്നുകൂടാ. അമ്മയും പെങ്ങളും സ്ത്രീയാണെന്ന്‌ തിരിച്ചറിയുന്ന അതേ വിശുദ്ധ ബോധത്തോടും വിവേകമുള്ള മിഴികളോടും മറ്റ്‌ സ്ത്രീകളെയും കാണാന്‍ ശ്രമിക്കുമ്പോള്‍ മാത്രമെ ദര്‍ശനമാത്രയിലുള്ള ഈ പൊട്ടിത്തെറികള്‍ ഇല്ലതാകുകയുള്ളൂ.

അതിനുള്ള സാഹചര്യമൊരുക്കാന്‍ ലൈംഗികതയോടുള്ള തങ്ങളുടെ മാനസിക നിലപാടിലും സമീപനങ്ങളിലും വിശ്വാസപ്രമാണങ്ങളിലും മാറ്റം വരുത്താന്‍ മുതിര്‍ന്ന തലമുറ തയ്യാറായേ തീരൂ.

Wednesday, January 2, 2008

കണക്കെടുപ്പില്‍ വെണ്ണപ്പാളിയുടെ വിമ്മിട്ടങ്ങള്‍ മാത്രം!

പോയവര്‍ഷത്തിന്റെ കഷ്ടനഷ്ടങ്ങളും വരും വര്‍ഷത്തിന്റെ പ്രതീക്ഷകളും പ്രശ്നങ്ങളും മാധ്യമങ്ങളിലെ മുഖ്യവിഷയമായി തുടരുകയാണ്‌, പുതുവര്‍ഷത്തിലെ രണ്ടാം ദിവസമായ ഇന്നും.

പക്ഷെ, തീര്‍ത്തും പക്ഷപാതപരമായാണ്‌ മുഖ്യധാരാ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ പ്രശ്നങ്ങളെ സമീപിച്ചതും അവയെ വിശകലനം ചെയ്തതുമെന്ന്‌ പറയേണ്ടിയിരിക്കുന്നു.

സമൂഹത്തെ ഏകശിലാരൂപത്തില്‍ കാണാതെ നഗരവല്‍കൃതമായ ജീവിതസാഹചര്യങ്ങളും അവിടെ അഹങ്കാരത്തോടെ വ്യാപരിക്കുന്ന വരേണ്യവര്‍ഗ്ഗത്തിന്റെ പ്രശ്നങ്ങളും മാത്രമാണ്‌ വിലയിരുത്തലിനും വിശകലനത്തിനും വിഷയമാക്കപ്പെട്ടത്‌.

വരേണ്യവര്‍ഗ്ഗത്തിന്റെ ജീവിതരീതിയില്‍ പോയവര്‍ഷം പുലര്‍ത്തിയ സ്വാധീനവും വരുത്തിയ മാറ്റങ്ങളും വര്‍ണ്ണച്ചിത്രങ്ങളുടെയും വമ്പന്‍ പണക്കാരുടെയും അകമ്പടിയോടും അഭിപ്രായത്തോടും ഈ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടിയപ്പോള്‍ തമസ്കരിക്കപ്പെട്ടത്‌ കോടിക്കണക്കിനു വരുന്ന ഈ നാട്ടിലെ സാധാരണ ജനങ്ങളുടെ ജീവസന്ധാരണ പ്രശ്നങ്ങളാണ്‌.

നഗരവല്‍കൃത ജീവിതത്തിന്റെയും സമ്പന്ന സംസ്കാരത്തിന്റെയും പാശ്ചാത്യ ഇടപെടലുകളുടെയും ഫലമായുണ്ടായ ലൈംഗിക വ്യതിയാനങ്ങളെക്കുറിച്ചും അത്‌ സ്കൂള്‍തലം മുതല്‍ വീടിന്റെ അകത്തളം വരെ വരുത്തിയ ചലനങ്ങളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും അത്യുക്തിയുടെയും അതിഭാവുകത്വത്തിന്റെയും ഭാഷയുപയോഗിച്ച്‌ വര്‍ണ്ണിച്ചപ്പോള്‍ ലൈംഗികവിവേചനം മൂലം സമൂഹത്തിന്റെ അടിത്തട്ടുമുതല്‍ മേല്‍ത്തട്ടുവരെ ഏതെങ്കിലുമൊക്കെ കാരണങ്ങളാല്‍ ബന്ധപ്പെടുന്ന സാധാരണക്കാരനുഭവിക്കുന്ന തിരസ്കരണവും ചൂഷണവും ആരുടെയും വിഷയമായി തീര്‍ന്നില്ല.

വളരുന്ന നഗരങ്ങളെക്കുറിച്ചും അവ സ്മാര്‍ട്ടാകുമ്പോള്‍ സംഭവിക്കാവുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ചും വിദഗ്ധര്‍തന്നെ ഉപന്യാസങ്ങളെഴുതിയപ്പോള്‍ മരിച്ചുകൊണ്ടിരിക്കുന്ന ഗ്രാമങ്ങളെക്കുറിച്ചോ, വികസനം നഗരകേന്ദ്രീകൃതമാകുന്നതുകൊണ്ട്‌ ഗ്രാമീണരനുഭവിക്കുന്ന വിവേചനത്തെക്കുറിച്ചോ കഷ്ടപ്പാടുകളെക്കുറിച്ചോ ഒരു വരിയെങ്കിലും എഴുതാന്‍ ഈ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക്‌ മനസും സമയവും ഇല്ലാതെ പോയി. ഐടി ബന്ധിത ഭാവിയെക്കുറിച്ചും അവ സൃഷ്ടിക്കുന്ന പുതിയ ലോകത്തെക്കുറിച്ചും വര്‍ണ്ണശബളമായ വാക്കുകളും ചിത്രങ്ങളും പകര്‍ത്തിവച്ചവര്‍ക്ക്‌ ചെറുകിട ഉല്‍പ്പാദന മേഖലകളിലേക്ക്‌ കുത്തകകള്‍ കടന്നുകയറുന്നതുമൂലം സൃഷ്ടിക്കപ്പെടുന്ന വ്യതിയാനങ്ങളും വ്യത്യാസങ്ങളും കാണാന്‍ കണ്ണില്ലാതെ പോയി.

വിദ്യാഭ്യാസമേഖലയുടെ വളര്‍ച്ചയില്‍ വരേണ്യവര്‍ഗ്ഗവും നഗരസമൂഹങ്ങളും കയ്യടക്കിയ നേട്ടങ്ങളെക്കുറിച്ച്‌ വാഴ്ത്തിപ്പാടിയപ്പോള്‍ ഇരുന്ന്‌ പഠിക്കാന്‍ ബലമുള്ള ബഞ്ചുകളോ സുരക്ഷിതമായ കെട്ടിടങ്ങളോ അത്യാവശ്യത്തിനുപോലും സാനിട്ടേഷന്‍ സൗകര്യങ്ങളോ ഇല്ലാത്ത, സാധാരണക്കാരന്റെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന ഇടിഞ്ഞുപൊളിഞ്ഞ്‌ വീഴാറായ സ്കൂളുകളെ ബോധപൂര്‍വ്വം വിസ്മരിച്ചു.

ആരോഗ്യമേഖലയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങളും സംവിധാനങ്ങളും വരുത്തിയ വികസനവും നാനോ ടെക്നോളജി മൂലം സൃഷ്ടിക്കപ്പെട്ട ഏറ്റവും മുന്തിയ ചികിത്സാ രീതികളെക്കുറിച്ചും ഖണ്ഡികകള്‍ എഴുതിത്തള്ളിയപ്പോള്‍ ചിക്കുന്‍ഗുനിയ പോലുള്ള പകര്‍ച്ചവ്യാധികള്‍ക്ക്‌ ഇരയാകുന്ന, അങ്ങനെ ഇരയാക്കപ്പെടുമ്പോള്‍ ആവശ്യത്തിന്‌ ചികിത്സ കിട്ടാതെ പോകുന്ന കോടിക്കണക്കിന്‌ മനുഷ്യര്‍ വിസ്മൃതരാകുകയും ചെയ്യും.

പാശ്ചാത്യ-ചൈനീസ്‌ ഭക്ഷണരീതികള്‍ ഈ വെണ്ണപ്പാളിയില്‍ സൃഷ്ടിച്ചിട്ടുള്ള സ്വാധീനം മൂലം സംജാതമായിട്ടുള്ള ജീവിത സാഹചര്യരോഗങ്ങളെക്കുറിച്ചും അവയുടെ നിവാരണത്തെക്കുറിച്ചും ഇന്റര്‍നെറ്റ്‌ പരതി ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിച്ച്‌ വിശകലനങ്ങള്‍ പടച്ചുവിട്ടവര്‍ പക്ഷെ മൂന്ന്‌ നേരം തികച്ച്‌, അത്യാവശ്യം പോഷകാഹാരം കിട്ടാതെ അധ്വാനിക്കുന്ന സാധാരണക്കാരെ ബോധപൂര്‍വ്വം അവരുടെ സര്‍വ്വേകളില്‍നിന്നും കാഴ്ചപ്പാടുകളില്‍നിന്നും ഒഴിവാക്കിനിര്‍ത്തി.

ഇങ്ങനെ തീര്‍ത്തും പക്ഷപാതപരവും പ്രതിഷേധാര്‍ഹവും സമൂഹത്തിലെ ഭൂരിപക്ഷത്തെയും തമസ്കരിക്കുന്നതുമായ കണക്കെടുപ്പുകളാണ്‌ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്‌. ഇത്‌ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരവും വൈജാത്യവും വര്‍ദ്ധിപ്പിക്കാന്‍ മാത്രമെ സഹായകമാവുകയുള്ളൂ. എന്നാല്‍ ഒരു പ്രകൃതി ദുരന്തമുണ്ടായാല്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ വിസ്മരിച്ച ഭൂരിപക്ഷത്തിനൊപ്പം, വിശകലനത്തിന്‌ വിധേയരാക്കിയ ന്യൂനപക്ഷ വരേണ്യവര്‍ഗ്ഗവും ഇരകളായിത്തീരുമെന്ന യാഥാര്‍ത്ഥ്യം മറക്കാതിരിക്കുക. മനുഷ്യനെന്നാല്‍ സമൂഹത്തിലെ വെണ്ണപ്പാളിയോ സമ്പന്ന വിഭാഗമോ അല്ലെന്നും തിരിച്ചറിയുക. അതിന്‌ മനസുകാട്ടിയില്ലെങ്കില്‍, മാധ്യമ പ്രചാരണത്തിലൂടെയുള്ള ഈ വിവേചന പ്രക്രിയ ഇങ്ങനെ തുടര്‍ന്നാല്‍ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നവര്‍ അവരുടേതായ രീതയില്‍ സംഘടിതരാകുകയും മുതലെടുപ്പിന്റെ ശക്തികള്‍ക്കെതിരെ ആഞ്ഞടിക്കുകയും ചെയ്യും. ഈ വര്‍ഗ്ഗസമരത്തിന്‌ പിന്‍ബലവും നേതൃത്വവും നല്‍കാനെത്തുന്നവരെ മാവോയിസ്റ്റുകളെന്നുവിളിച്ച്‌ അധിക്ഷേപിച്ചിട്ടോ അറസ്റ്റുചെയ്ത്‌ ജയിലിലടച്ചിട്ടോ കാര്യമുണ്ടാവുകയില്ല.

കാര്യം കാണാന്‍ സമദൂരം; ഈശ്വരന്‍ ബഹുദൂരം

എന്‍എസ്‌എസിനൊരു ന്യൂഇയര്‍ ആശങ്ക. ഈശ്വരവിശ്വാസം ഇടതു സര്‍ക്കാര്‍ ഇല്ലാതാക്കുമോ? ആശങ്കക്ക്‌ അടിസ്ഥാനമില്ലാതില്ല. സര്‍ക്കാര്‍ ഉസ്കൂളുകള്‍, റേഷന്‍കടകള്‍ തുടങ്ങി ഒരുപാടു സംഗതികള്‍ ഇടതും വലതുമായ സര്‍ക്കാരുകള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കാലത്ത്‌ ഈശ്വര വിശ്വാസവും ഇല്ലാതാക്കി കളഞ്ഞേക്കാം!

ലോകബാങ്കീന്നും ഏഡീബീന്നും വായ്പയെടുക്കുമ്പോള്‍ സര്‍ക്കാരിന്റെ ഒരുപാടു ക്ഷേമപരിപാടികള്‍ ഇല്ലാതാക്കിയേക്കാമെന്നൊരു വ്യവസ്ഥകൂടി സായ്പന്മാര്‍ ഒപ്പിടീച്ചു വാങ്ങുന്നുണ്ടത്രെ. അക്കൂട്ടത്തില്‍ ഈശ്വര വിശ്വാസം കൂടി ഇല്ലാതാക്കാമെന്ന്‌ ഇവന്മാര്‍ ഒപ്പിട്ടുകൊടുത്തു കാണുമോ?

പണ്ടേ കമ്മ്യൂണിസ്റ്റുകാര്‍ ഈശ്വരവിരുദ്ധന്മാരാണ്‌. ഈശ്വരന്‍ ഉണ്ടെന്നു തെളിയിക്കാന്‍ പറ്റാത്ത പോലെതന്നെ കേരളത്തില്‍ ഇപ്പോള്‍ കമ്യൂണിസ്റ്റുകാരും ഉണ്ടെന്നു തെളിയിക്കാനാവാത്ത സ്ഥിതിയാണെന്നാലും എന്‍.എസ്‌.എസിന്‌ ആശങ്കപ്പെടാതെ വയ്യ! അരിപ്രശ്നമാണ്‌!

ഈശ്വരന്റെ കൃപയൊന്നുകൊണ്ടുമാത്രമാണ്‌ എന്‍.എസ്‌.എസ്‌. ഇപ്പോഴും അടിപൊളിയായി നിലനില്‍ക്കുന്നത്‌. കേരളത്തില്‍ മേറ്റ്ല്ലാ ജാതിക്കാര്‍ക്കും സംഘടനകളുണ്ടെങ്കിലും ഒന്നും എന്‍.എസ്‌.എസിനോളം വരില്ല. കാശുകൊണ്ടും കാര്യപ്രാപ്തികൊണ്ടും എന്‍.എസ്‌.എസ്‌. തന്നെയാണഗ്രഗണ്യന്‍! കാര്യം കാണാന്‍ സമദൂരം; ഈശ്വരന്‍ ബഹുദൂരം. എന്നതാണ്‌ പോളിസി.

യുഡിഎഫ്‌ ഭരണകാലത്ത്‌ ഈശ്വരവിശ്വാസത്തിന്‌ യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല. എന്നാലും ഇടതുസര്‍ക്കാര്‍ ഭരണത്തില്‍ വരുമ്പോള്‍ ഈശ്വര വിശ്വാസം ഇല്ലാതാക്കുമെന്ന്‌ പണ്ടേ മനസിലാക്കിയ മഹാനാണ്‌ നാരായണപ്പണിക്കര്‍. അതിനാലാണ്‌ നടേശഗുരുവിനെ കൂട്ടുപിടിച്ച്‌ ഐക്യമുണ്ടാക്കാന്‍ നടന്നത്‌. നായരുപിടിച്ച പുലിവാലായിപ്പോയി ആ നായരീഴവ ഐക്യം. അത്‌ കഷ്ടകാലം കൊണ്ടെന്നേ പറയാനാവൂ. മോരും മുതിരയും ഐക്യപ്പെടുംപോലെ ഒരുപാട്‌ ഗ്യാസ്‌ ട്രബിളുണ്ടാക്കി ആ ഐക്യം! നടേശഗുരു നാടുനീളെ നടന്നു നാറ്റിച്ചു; നമ്മുടെ പണിക്കരു ചേട്ടനെ!

നാടുതന്നെ ഇല്ലാതാക്കാന്‍ പറ്റിയതരം വിഭാഗീയതകള്‍, ഈശ്വര വിശ്വാസികള്‍ എന്നു നടിക്കുന്ന പൗവ്വത്തിലും പണിക്കരും നടേശഗുരുവും 'കാക്കാ'ന്മാരുടെ കാക്കത്തൊള്ളായിരം സംഘടനകളും ചേര്‍ന്ന്‌ ആസൂത്രണം ചെയ്യുന്ന നാട്ടില്‍നിന്നും ഈശ്വരന്‍ പണ്ടേ സ്ഥലം വിട്ടുകാണുമെന്ന ആശങ്ക മാത്രം ആര്‍ക്കുമില്ലല്ലോ ഈശ്വരാ!

കള്ള ബടുക്കൂസുകളായ ഇത്രയും ഈശ്വര സംരക്ഷകരുടെ കൂടെക്കഴിഞ്ഞിട്ടും ഇല്ലാതാവാത്ത ഈശ്വര വിശ്വാസം, പാവപ്പെട്ട മനുഷ്യരില്‍ നിന്നും ഇല്ലാതാക്കാന്‍ ഇപ്പോള്‍ നിലവിലുള്ള കമ്മ്യൂണിസ്റ്റുകാരൊന്നും പോര. പണിക്കരുചേട്ടന്‍ സമാധാനിക്ക്യ!

Tuesday, January 1, 2008

പുതുവര്‍ഷം നവഹര്‍ഷം

പ്രതീക്ഷകളുടെ പുതിയ ചക്രവാളം...
പരാജയങ്ങളില്‍ നിന്നുള്ള മോചനം...
വിജയങ്ങളിലേക്കുള്ള കുതിപ്പ്‌...
ആലസ്യത്തില്‍നിന്നുള്ള ഉണര്‍ച്ച...
കര്‍മ്മനിരതരാകാനുള്ള ആഹ്വാനം...
ഇന്നലെയെന്നത്‌ മറക്കാവുന്ന നോവ്‌....
നാളെ വരാനിരിക്കുന്ന പ്രതീക്ഷ...
2007 ന്റെ വേദനകള്‍ മറക്കാം....
2008 ന്റെ വെല്ലുവിളികളെ വരവേല്‍ക്കാം....

"ഹരിതസാന്ദ്രം,ഘനശ്യാമം
വനസ്ഥലിയെങ്കിലും
താണ്ടാനുണ്ടേറേ ദൂരം.....
നിറവേറ്റണം വാഗ്ദാനമൊത്തിരി"
എന്നതാകട്ടെ പുതുവര്‍ഷ പ്രതിജ്ഞ.
..........
..........
പ്രകാശഭരിതവും
പ്രസന്നവുമായ
പുതുവര്‍ഷം പുലരട്ടെ
പരക്കെ, സുമാനസങ്ങളില്‍


- വാസ്തവം പ്രവര്‍ത്തകര്‍

തീരുമാനങ്ങളുടെ ഗതികേടേ!

എല്ലാ ജനുവരി ഒന്നിനും ചെയ്യാറുള്ളതുപോലെ ഇന്നു മുതല്‍ വെള്ളമടി, ബീഡിവലി തുടങ്ങിയ തഴക്കദോഷങ്ങള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ച ധീരദേശാഭിമാനികള്‍ക്ക്‌ അഭിവാദ്യങ്ങള്‍!

നടക്കാതെ പോകുന്ന തീരുമാനങ്ങള്‍ കൂടിയാണ്‌ ലോക ചരിത്രത്തെ സമ്പന്നമാക്കുന്നത്‌. നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതികളെല്ലാം അതേപടിയെങ്ങാന്‍ നടപ്പിലായാലത്തെ കഥ ആലോചിച്ചല്‍ ഇക്കൊല്ലം മുഴുവനിരുന്നു പൊട്ടിപ്പൊട്ടിച്ചിരിക്കാം!

കേരളത്തിലെ ആദിവാസി ക്ഷേമത്തിനായി ഇതുവരെയുള്ള സര്‍ക്കാരുകള്‍ തീരുമാനിച്ച പരിപാടികളെല്ലാം നടപ്പിലായിരുന്നുവെന്നു വെറുതെ വിചാരിക്കുക. ഇപ്പോള്‍ ആദിവാസികളൊക്കെ 'ക്രീമീലെയറില്‍' നെഞ്ചുവിരിച്ചു നടന്നേനെ!

കേരളത്തിലെ ഗതാഗത വികസനത്തിനായി തീരുമാനിക്കപ്പെട്ട പദ്ധതികളൊക്കെ നടപ്പിലായെന്നു വെറുതെ വിചാരിക്കുക. കാലുകുത്താന്‍ സ്ഥലമില്ലാത്തത്ര റോഡുകൊണ്ടു നിറഞ്ഞേനെ കേരളം!

കേരളത്തിലെ ആരോഗ്യം സംരക്ഷിക്കാനായി തീരുമാനിച്ച പദ്ധതികളൊക്കെ നടപ്പിലായെന്നു വെറുതെ വിചാരിക്കുക. കേരളത്തിലെ കുഞ്ഞുകുട്ടി പരാധീനങ്ങളെല്ലാം ധാരാസിങ്ങുമാരായി വിലസിയേനെ!

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും എന്ന കരുണാകരന്റെ ഇന്നലത്തെ തീരുമാനം നടപ്പിലാവുമെന്നു വയ്ക്കുക. അടുത്ത ന്യൂ ഇയറില്‍ കേരളത്തില്‍ വേറൊരൊറ്റ പാര്‍ട്ടിയും മരുന്നിനുപോലും ഉണ്ടാവില്ലെന്ന ഗതി വരില്ലേ!
എല്ലാ കയ്യേറ്റങ്ങളും തടയും എന്ന ഇടതു സര്‍ക്കാരിന്റെ തീരുമാനം നടപ്പിലായെന്നു വയ്ക്കുക. അടുത്ത ന്യൂ ഇയറില്‍ കേരള കോണ്‍ഗ്രസ്‌ മുതല്‍ കത്തോലിക്കാ കോണ്‍ഗ്രസ്‌ വരെയും പെട്ടിക്കടമുതല്‍ ഗോകുലം പാര്‍ക്ക്‌ വരെയും ഭൂമുഖത്തുണ്ടാവില്ലെന്ന ഗതികേടു വന്നേനെ!

ഇങ്ങനെയങ്ങു വിചാരിക്കാന്‍ പോയാല്‍ ഒരു തീരുമാനവും എടുക്കാന്‍ പറ്റില്ല. അതിനാല്‍ 'എന്തൊരു മനോഹരമായ നടക്കാത്ത സ്വപ്ന'ങ്ങള്‍, സിനിമയില്‍ പറയുമ്പോലെ.

നടന്നാലും നടന്നില്ലെങ്കിലും തീരുമാനങ്ങള്‍ എടുക്കുക. പിറന്നു വീണ വര്‍ഷത്തില്‍ ചുരുങ്ങിയത്‌ ഒരു രണ്ടായിരത്തെട്ട്‌ തീരുമാനങ്ങളെങ്കിലും എടുക്കുക. എട്ടെണ്ണമെങ്കിലും നടന്നു കിട്ടിയാല്‍ ഭാഗ്യമെന്നു പറയാം.

ഇന്ത്യാമഹാരാജ്യം ഭരിക്കുന്നവരുടെ തീരുമാനങ്ങള്‍ പോലും അമേരിക്കയില്‍ ഇരുന്ന്‌ ബുഷ്‌... ബുഷ്‌... എന്ന്‌ ചീറ്റിച്ചു കളയുന്ന ആഗോളീകരണകാലത്ത്‌ വെള്ളമടി, ബീഡിവലി തുടങ്ങിയ തഴക്കദോഷങ്ങള്‍ നിര്‍ത്താന്‍ തീരുമാനിക്കാനുള്ള അവകാശത്തെയാണ്‌ മനുഷ്യാവകാശം എന്നു പറയുന്നത്‌!