Friday, December 14, 2007

കോതമംഗലം: സുഖവിപണന കേന്ദ്രവും ഏമാന്മാരുടെ തരികിടയും

  • പെണ്‍കുട്ടിയെ തിരുവനന്തപുരത്തെത്തിച്ചത്‌ ഉന്നതര്‍ക്ക്‌ കാഴ്ചവയ്ക്കാന്‍
  • പിന്നില്‍ പ്രവര്‍ത്തിച്ചത്‌ രാഷ്ട്രീയത്തില്‍ ഉയര്‍ച്ച ആഗ്രഹിച്ച വ്യക്തി
  • ഈ വ്യക്തിക്ക്‌ പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്‌ പെണ്‍കുട്ടി പഠിച്ചിരുന്ന സ്ഥാപനത്തിലെ ജീവനക്കാരി
  • കന്യാകുമാരി പോലീസില്‍നിന്നുള്ള സന്ദേശം കോതമംഗലം പോലീസ്‌ ഒതുക്കി
  • പെണ്‍വാണിഭക്കാരെ കസ്റ്റഡിയിലെടുത്ത്‌ കേസിന്റെ സ്വഭാവം അട്ടിമറിക്കാന്‍ സംഘടിത നീക്കം
  • പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും എതിരായ ഭീഷണി വര്‍ദ്ധിക്കുന്നു
പി അജയന്‍
കോതമംഗലം: കോതമംഗലത്തെ പെണ്‍കുട്ടിയെ ആര്‌ എന്തിന്‌ തിരുവനന്തപുരത്ത്‌ (ശ്രദ്ധിക്കുക, കന്യാകുമാരിയിലല്ല) എത്തിച്ചു അല്ലെങ്കില്‍ കൊണ്ടുപോയി എന്നു പറയും മുന്‍പ്‌, ഇപ്പോള്‍ പോലിസ്‌ കസ്റ്റഡിയിലുള്ള (ശ്രദ്ധിക്കുക, പിടികിട്ടാപുള്ളിയെന്ന്‌ പോലിസ്‌ പറയുന്ന) കോലഞ്ചേരി സ്വദേശി (?) മോന്‍സിയുടെ നെല്ലിക്കുഴിയിലെ സുഖ വിപണന കേന്ദ്രത്തെക്കുറിച്ചും (നക്ഷത്ര വേശ്യലായം തന്നെ) അവിടെ വലിയ ഏമാന്റെ സംഘത്തില്‍ പെട്ട പോലിസുകാരുടെ അടിക്കടിയുള്ള സന്ദര്‍ശനത്തെക്കുറിച്ചും മുടങ്ങാതെ അവിടെ നിന്ന്‌ പറ്റുന്ന പടിയെക്കുറിച്ചും സുഖചികില്‍സയെക്കുറിച്ചും സൂചിപ്പിക്കേണ്ടതുണ്ട്‌.

ഒപ്പം മോന്‍സിയുള്‍പ്പെടെയുള്ളവരോട്‌ ഇപ്പോള്‍ പോലിസ്‌ കാണിക്കുന്ന 'നന്ദികേടും' പെണ്‍കുട്ടിയെ കോതമംഗലത്തുനിന്ന്‌ കടത്തിയവരുള്‍പ്പെടയുള്ളവരെ രക്ഷിക്കാന്‍ നടത്തുന്ന അട്ടിമറികളെക്കുറിച്ചും വിശകലനം ചെയ്യേണ്ടതുമുണ്ട്‌. അപ്പോള്‍ മാത്രമെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന്‌ പോലിസ്‌ അവകാശപ്പെടുന്നവര്‍ക്കായി പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി വഴിനീളെ ഒഴിഞ്ഞു കിടക്കുന്ന വീടുകളുണ്ടാകുന്നതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടുകയുള്ളു.

നെല്ലിക്കുഴിയിലെ സുഖവിപണന കേന്ദ്രത്തെക്കുറിച്ച്‌ നാട്ടുകാര്‍ക്ക്‌ നന്നായറിയാം. പലരും അവിടം സന്ദര്‍ശിച്ചിട്ടുണ്ട്‌. ജില്ലക്കു പുറത്തുനിന്നും സന്ദര്‍ശകര്‍ എത്താറുമുണ്ട്‌. നാലുമാസത്തിലധികമായി സിഐയുടെ സ്ക്വാഡില്‍ പെട്ട ചിലര്‍ കൃത്യമായ ഇടവേളകളില്‍ ഇവിടെയെത്തി മാസപ്പടിയും സുഖവും പറ്റാറുണ്ട്‌.

ഈ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്‌ മോന്‍സിയും സംഘവുമാണെന്ന്‌ പ്രചരിപ്പിച്ചാല്‍ നാട്ടുകാര്‍ അത്‌ വിശ്വസിക്കും, യഥാര്‍ഥ പ്രതികളെ രക്ഷപെടുത്താനും കഴിയും. ആ കണക്കുകൂട്ടലിലാണ്‌ പോലിസ്‌ മൊഴിമാറ്റി പറഞ്ഞുകൊണ്ടിരിക്കുന്നത്‌.

ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു. പിടികിട്ടാപ്പുള്ളികളെന്ന്‌ പോലിസ്‌ പറയുന്ന മാര്‍ബിള്‍ വ്യാപാരി ജോയിയും മോന്‍സിയും സിഐയുടെ സ്വദേശമായ ഊന്നുകല്ലില്‍ രഹസ്യ കേന്ദ്രത്തില്‍ സസുഖം കഴിയുന്നുണ്ട്‌. മോന്‍സിയെ 'പിടികൂടി' മുഖ്യ പ്രതിയാക്കി കേസ്‌ നടപടികള്‍ 'പൂര്‍ത്തിയാക്കി' കഴിയുമ്പോള്‍ ജോയിക്കും മോന്‍സിക്കും മുന്‍കൂര്‍ ജാമ്യം തേടാം; പ്രതികള്‍ക്ക്‌ ഇതിനിടയില്‍ സുരക്ഷ സ്ഥാനത്ത്‌ എത്താം, കണേണ്ടവരെ കാണാം കേസ്‌ അട്ടിമറിക്കാം.

ഇതിനുവേണ്ടിയുള്ള പോലിസിന്റെ തരികിടകളാണ്‌ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്‌.

രാഷ്ട്രീയ രംഗത്ത്‌ ഉയര്‍ന്നുവരാന്‍ ആത്മാര്‍ത്ഥതയും അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനവും പോര എന്ന അവസ്ഥയാണ്‌ ഇന്നുള്ളത്‌. മദ്യവും മതിരാക്ഷിയും ചേര്‍ന്നുള്ള സേവയും സേവനവും അതിനാവശ്യമാണ്‌. അത്തരത്തില്‍ ഒരു നീക്കത്തിന്റെ ഭാഗമായാണ്‌ കോതമംഗലം പെണ്‍വാണിഭം നടന്നതെന്ന്‌ വാസ്തവത്തിന്റെ അന്വേനഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്‌.

തിരുവനന്തപുരത്ത്‌ ചില ഉന്നത നേതാക്കന്മാര്‍ക്ക്‌ കാഴ്ചവയ്ക്കാനാണ്‌ കോതമംഗലത്തുനിന്ന്‌ പെണ്‍കുട്ടിയെ കൊണ്ടുപോയത്‌. എന്നാല്‍ അവിടെയെത്തി, നേതാക്കന്മാരുടെ പീഡനത്തില്‍ പെണ്‍കുട്ടി തളര്‍ന്ന്‌ അവശയായപ്പോള്‍ കോതമംഗലത്ത്‌ രഹസ്യവിവരം ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ആ വ്യക്തി ചിപ്സുകാരനെ ബന്ധപ്പെടുകയും ചിപ്സുകാരന്റെ ഭാര്യയുടെ പരിചയക്കാരിലൂടെ പെണ്‍കുട്ടിയെ 'രക്ഷപ്പെടുത്താന്‍' ശ്രമം നടക്കുകയും ചെയ്തു. ഇവരും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ട്‌ ആദ്യം കണ്ട വണ്ടിയില്‍ കയറി പെണ്‍കുട്ടി കന്യാകുമാരിയിലെത്തുകയായിരുന്നത്രേ. സംശയാസ്പദമായ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ കന്യാകുമാരി പോലീസ്‌ കണ്ടെത്തി ചോദ്യം ചെയ്യുകയും കോതമംഗലം പോലീസുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ മാന്‍ മിസിങ്ങിന്‌ പരാതി ലഭിച്ചിട്ടും പോലീസ്‌ ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചില്ല. എന്നുമാത്രമല്ല കന്യകുമാരിയില്‍നിന്ന്‌ ലഭിച്ച സന്ദേശം മുക്കുകയും ചെയ്തു എന്നാണ്‌ വാസ്തവത്തിന്റെ അന്വേഷണത്തില്‍, വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നു ലഭിച്ച വിവരങ്ങള്‍.

ഈ പെണ്‍വാണിഭത്തിലെ രാഷ്ട്രീയ ഇടപെടലുകള്‍ മറച്ചുപിടിക്കാനും യഥാര്‍ത്ഥ വ്യക്തികളെ രക്ഷപെടുത്താനുമാണ്‌ പോലീസ്‌ ശ്രമിക്കുന്നത്‌. അതിനായി പുതിയ കഥകള്‍ രചിക്കുകയാണ്‌. പെണ്‍വാണിഭവുമായി ബന്ധമുള്ള ചിലരെ ഉള്‍പ്പെടുത്തി കേസിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കാനാണ്‌ പോലീസും മാധ്യമപ്രവര്‍ത്തകനും ശ്രമിക്കുന്നത്‌.
(തുടരും)

ക്രിസ്മസ്‌ കാലം: മദ്യവര്‍ജന നിര്‍മ്മാര്‍ജന കാലം!

പിറവി തിരുനാളിന്‌ ദിവസങ്ങള്‍ മാത്രം ബാക്കി. ഈ ക്രിസ്മസ്‌ മദ്യവിമുക്തമാക്കാനാണ്‌ അഭിവന്ദ്യ പിതാക്കന്മാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്‌. 'നോമ്പു വീട്ടാന്‍' കരിക്കിന്‍ വെള്ളം കുടിക്കേണ്ട ഗതികേടിലാണ്‌ വിശ്വാസികള്‍. കമ്മ്യൂണിസ്റ്റുകാരേയും കുടിയന്മാരേയും ഒറ്റയടിക്ക്‌ ഒഴിവാക്കിയാല്‍ പിന്നെ കൂടെ കുറേ ചേട്ടത്തിമാര്‍ മാത്രമേ ഉണ്ടാകൂ എന്നതിനാലാവാം കുടിയന്മാരെ സഭയില്‍ നിന്നൊഴിവാക്കുമെന്ന ഭീഷണി ഉയര്‍ത്താന്‍ പിതാക്കന്മാര്‍ തയ്യാറാവാതിരുന്നത്‌!

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യക്കച്ചവടം നടക്കുന്ന കാലമാണ്‌ ക്രിസ്മസ്‌.

മദ്യപാനി ഒരിക്കലും ധനവാനാകില്ലെന്നാണ്‌ ബൈബിള്‍ പഠിപ്പിക്കുന്നത്‌. ധനവാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലെന്നും ബൈബിളിലുണ്ട്‌! എന്നാല്‍ പിന്നെ മദ്യപാനം ചെയ്ത്‌ ധനവാനല്ലാതായി സ്വര്‍ഗത്തില്‍ പോകാമല്ലോയെന്ന എളുപ്പവഴിയാണ്‌ നസ്രാണികള്‍ ഭൂരിപക്ഷവും തെരഞ്ഞെടുക്കുന്നത്‌!

ആ അചഞ്ചല വിശ്വാസം തന്നെ ബ്രേക്കിട്ടു നിര്‍ത്താന്‍ പിതാക്കന്മാര്‍ക്കാവുമോ എന്ന്‌ കണ്ടുതന്നെ അറിയണം. സമാന്തരമായി മദ്യക്കച്ചവടക്കാരും വ്യാജ മദ്യകച്ചവടക്കാരും ഉഷാറായി തന്നെ രംഗത്തുണ്ട്‌.

എത്രമാത്രം മദ്യംവേണം നിങ്ങള്‍ക്ക്‌?
കോപ്പ നിറയെ, കുപ്പി നിറയെ?
കേയ്സ്‌ നിറയെ, ലോറി നിറയെ?
ആസ്വദിക്കൂ ടണ്‍ കണക്കിന്‌ സ്പിരിറ്റ്‌!

സ്പിരിറ്റ്‌ വരുന്ന വഴികള്‍ ഭരിക്കുന്നവര്‍ക്കും ഭരിക്കപ്പെടുന്നവര്‍ക്കു അറിയാം. നാട്ടുകാര്‍ അടിച്ചുപൂക്കുറ്റിയായി നടന്നാലേ ഭരിക്കുന്നവര്‍ക്ക്‌ മനസമാധാനത്തോടെ ഭരിക്കാന്‍ പറ്റൂവെന്നും അറിയാം.

വിവരവും വിദ്യാഭ്യാസവുമുള്ള നാട്ടുകാര്‍ ഒഴിവുനേരങ്ങളിലൊക്കെ വെളിവോടെയിരുന്നാല്‍ ഭരിക്കുന്നവരെ വെറുതെ വിടുമോ? അടിച്ചു നിരപ്പാക്കില്ലേ?

കുടിക്കാത്ത ചേട്ടത്തിമാര്‍ സീരിയലോ റിയാല്‍റ്റി ഷോയോ കണ്ട്‌ മന്ദിച്ചിരിക്കട്ടെ കുടിക്കുന്ന ചേട്ടന്മാര്‍ പുളുവടിച്ച്‌ കപ്പലണ്ടി കൊറിച്ച്‌ മന്ദിച്ചിരിക്കട്ടെ.

ഭരണമങ്ങനെ പൊടിപാറി നടക്കട്ടെ. മദ്യവര്‍ജന നിര്‍മ്മാര്‍ജനമാണ്‌ പുതിയ കാലത്തിന്റെ വേദം!

ധനമന്ത്രിയുടെ ഇരട്ടത്താപ്പ്‌

അഹംഭാവവും ഡംഭും നിക്ഷിപ്തതാല്‍പ്പര്യങ്ങളും കൊണ്ട്‌ എങ്ങനെ ഒരു മുന്നണിഭരണത്തെ വെടക്കാക്കാമെന്നും എങ്ങനെ ഒരു ജനകീയപദ്ധതി പൊളിച്ചടുക്കാമെന്നും നേരത്തേ തെളിയിച്ചിട്ടുള്ള വിരുതനാണ്‌ ധനമന്ത്രി തോമസ്‌ ഐസക്‌. കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ നടപ്പിലാക്കിയ ജനകീയ ആസൂത്രണ പദ്ധതി വഴിതെറ്റിച്ചുവിട്ട്‌ അത്‌ വിദേശ ഫണ്ട്‌ സ്വീകരണത്തിനുള്ള മറയും രാഷ്ട്രത്തെ ഒറ്റിക്കൊടുക്കുന്ന വിഭവ ഭൂപട നിര്‍മ്മാണത്തിനുള്ള കുറുക്കുവഴിയുമാക്കി മാറ്റി കേരളീയരെ ഒന്നാകെ വഞ്ചിച്ച വ്യക്തിയാണ്‌, റിച്ചാഡ്‌ ഫ്രാങ്കിയുടെ ഈ അടുത്ത സുഹൃത്ത്‌.

പിന്നീട്‌ യുഡിഎഫ്‌ ഭരണമേറ്റപ്പോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ എഡിബിയില്‍നിന്നും വായ്പയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പല്ലും നഖവും ഉപയോഗിച്ചെതിര്‍ത്ത്‌ മാന്യനായ ദേശസ്നേഹിയായി വാര്‍ത്തകളില്‍ നിറഞ്ഞതും തോമസ്‌ ഐസക്‌ തന്നെ.

എന്നാല്‍ ധനമന്ത്രിയായപ്പോള്‍ മുന്‍പു പറഞ്ഞതെല്ലാം വിഴുങ്ങി സുസ്ഥിര നഗരവികസനം, ഭരണ നവീകരണം എന്നൊക്കെയുള്ള 'ഞായങ്ങള്‍' മുന്നോട്ടുവച്ച്‌ ജീവിച്ചിരിക്കുന്ന കേരളീയരെ മാത്രമല്ല ജനിക്കാന്‍ പോകുന്ന കേരളീയരെവരെ വിദേശ മൂലധന ചൂഷകര്‍ക്ക്‌ അടിയറ വച്ച കൗശലമാണ്‌ അദ്ദേഹം. അതുകൊണ്ടുതന്നെ എഡിബി പ്രമാണിമാരുടെ നിര്‍ദ്ദേശങ്ങള്‍ക്കപ്പുറം കടക്കാന്‍ കഴിയാത്തതുകൊണ്ട്‌, ധനപരമായ അച്ചടക്കം എന്ന്‌ ഓമനപ്പേരിട്ട്‌, മന്ത്രിസഭയിലെ മറ്റ്‌ വകുപ്പുകള്‍ മുന്നോട്ടുവയ്ക്കുന്ന ക്ഷേമപരിപാടികളെ ഭ്രൂണഹത്യക്ക്‌ വിധേയമാക്കി ധാര്‍ഷ്ട്യത്തോടെ മന്ത്രിയായി വിലസുകയാണ്‌ ഡോ.തോമസ്‌ ഐസക്‌.

കൃഷിവകുപ്പ്‌ മുന്നോട്ടുവച്ച കിസാന്‍ശ്രീ ഇന്‍ഷ്വറന്‍സ്‌ പദ്ധതിക്ക്‌ ഒരു നയാപൈസപോലും നല്‍കുകയില്ല എന്ന്‌ പറഞ്ഞ്‌ വിവാദം സൃഷ്ടിച്ച്‌ മുന്നണി ബന്ധങ്ങളില്‍ വന്‍ വിടവുസൃഷ്ടിക്കാന്‍ തോമസ്‌ ഐസക്കിന്‌ രണ്ടാമതൊന്ന്‌ ആലോചിക്കാനില്ലായിരുന്നു. മുല്ലക്കര രത്നാകരനും അദ്ദേഹം നേതൃത്വം നല്‍കുന്ന വകുപ്പിനും ഫയലുകള്‍ കൃത്യമായി പുട്ട്‌അപ്പ്‌ ചെയ്യാന്‍പോലും അറിയുകയില്ല എന്ന്‌ കൂട്ടത്തില്‍ അധിക്ഷേപിക്കാനും തോമസ്‌ ഐസക്‌ അവസരവും സമയവും സൃഷ്ടിച്ചെടുത്തു.

ആ തോമസ്‌ ഐസക്കാണ്‌ ശര്‍മ്മ ഭരിക്കുന്ന വകുപ്പിന്റെ ക്ഷേമപദ്ധതിക്കിപ്പോള്‍ വാരിക്കോരി നല്‍കിയിരിക്കുന്നത്‌.

കിസാന്‍ശ്രീ ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പാക്കാന്‍ ഒരുകോടി രൂപ അനുവദിക്കണമെന്നായിരുന്നു കൃഷിവകുപ്പിന്റെ ആവശ്യം. ബജ്ജറ്റില്‍ പദ്ധതിക്കായി നിര്‍ദ്ദേശമുണ്ടായിരുന്നില്ല എന്ന സാങ്കേതിക ഞായം പറഞ്ഞ്‌ ആ നിര്‍ദ്ദേശം മുളയിലേ നുള്ളി. എന്നാല്‍ ദേശീയ വിള ഇന്‍ഷ്വറന്‍സ്‌ പദ്ധതിക്ക്‌ വേണ്ടി നീക്കിവച്ചതില്‍ ബാക്കിയുള്ള തുകയാണ്‌ കൃഷിവകുപ്പ്‌ കിസാന്‍ശ്രീ പദ്ധതിക്കുവേണ്ടി ചോദിച്ചത്‌. 20 രൂപയാണ്‌ ഇന്‍ഷ്വറന്‍സ്‌ പ്രീമിയമായി നിശ്ചയിച്ചത്‌. ഇത്‌ കൂടുതലാണെന്ന അടുത്ത ഞായവും തോമസ്‌ ഐസക്കിന്റെ വായില്‍നിന്നും വീണു. എന്നാല്‍ കഴിഞ്ഞ ദിവസം ശര്‍മ്മ മുന്നോട്ടുവച്ച മത്സ്യത്തൊഴിലാളി ഇന്‍ഷ്വറന്‍സ്‌ പദ്ധതിക്ക്‌ ഒരു എതിര്‍പ്പും കൂടാതെ 80 ലക്ഷം രൂപ അനുവദിക്കാന്‍ തോമസ്‌ ഐസക്കിന്‌ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ 50 രൂപയാണ്‌ പ്രീമിയം. 2.80 ലക്ഷം മത്സ്യത്തൊഴിലാളികളാണ്‌ പദ്ധതിയുടെ പരിധിയില്‍ വരുന്നത്‌. ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ്‌ കമ്പനിയും സംസ്ഥാന ഇന്‍ഷ്വറന്‍സ്‌ വകുപ്പും ചേര്‍ന്ന്‌ രൂപം കൊടുത്തിട്ടുള്ള ഈ പദ്ധതി നടപ്പാക്കാന്‍ 1.41 കോടി രൂപ വേണ്ടിവരും.

ഇവിടെയാണ്‌ ധനമന്ത്രിയുടെ ഇരട്ടത്താപ്പും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞെന്ന നിലപാടും വ്യക്തമാക്കുന്നത്‌. മുന്നണി ഭരണത്തിന്റെ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ട്‌ വല്ല്യേട്ടന്റെ ഏകാധിപത്യ സ്വഭാവമാണ്‌ തോമസ്‌ ഐസക്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്‌ അതുകൊണ്ട്‌ ചോദിക്കുന്നവര്‍ക്കെല്ലാം വാരിക്കോരി നല്‍കാന്‍ കഴിയില്ല എന്നുപറയുന്ന തോമസ്‌ ഐസക്‌, ധനമന്ത്രിയെന്ന നിലയ്ക്ക്‌ തന്നില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വന്‍ പരാജയമാണെന്ന്‌ തെളിയിച്ചുകഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം പിരിച്ചെടുക്കേണ്ട നികുതിയുടെ പകുതി മാത്രമേ ഖജനാവില്‍ എത്തിയിട്ടുള്ളൂ. ബജ്ജറ്റിലും സോഷ്യല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ടിലും പ്രഖ്യാപിച്ചിരുന്ന നികുതി ലക്ഷ്യം 1140 കോടി രൂപയാണ്‌. ഇതില്‍ മൂല്യവര്‍ദ്ധിത നികുതി 6150 കോടിയും ഇതരനികുതി 4990 കോടി രൂപയുമാണ്‌. ഓരോ മാസവും പിരിച്ചെടുക്കാന്‍ ലക്ഷ്യമിട്ടിരുന്നത്‌ 928.53 കോടി രൂപയാണ്‌. എന്നാല്‍ 220 കോടി രൂപ മാത്രമാണ്‌ പ്രതിമാസം പിരിച്ചെടുക്കുന്നത്‌.

അതായത്‌ നികുതി വെട്ടിപ്പുകാരായ വരേണ്യവര്‍ഗ്ഗത്തിന്‌ ഓശാനപാടുകയും നാമമാത്ര കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമടങ്ങുന്ന അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കഞ്ഞിയില്‍ പാറ്റയിടുകയും ചെയ്യുന്ന ധനതത്വശാസ്ത്രമാണ്‌ തോമസ്‌ ഐസക്‌ നടപ്പിലാക്കുന്നത്‌. ഇതിനു പിന്നില്‍ ഭയങ്കരമായ ഒരു ഹിഡന്‍ അജണ്ടയുണ്ട്‌. അതായത്‌ വികസനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട്‌ ഇല്ല എന്ന്‌ വരുത്തിത്തീര്‍ത്ത്‌ വിദേശ ഫണ്ടിംഗ്‌ ഏജന്‍സികളില്‍നിന്ന്‌ പണം പറ്റി കേരളത്തെയും കേരളീയരെയും ചതിക്കാനുള്ള ദുഷ്ടലാക്കാണത്‌. ഇങ്ങനെ വിപ്ലവത്തിന്റെ ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളാണ്‌ ഇപ്പോള്‍ കേരളം ഭരിക്കുന്ന മാര്‍ക്സിസ്റ്റ്‌ മന്ത്രിമാരെന്ന്‌ പറയേണ്ടിവരുന്നു. ഒരു ജനതയുടെ അഭിലാഷങ്ങളെ തല്ലിക്കൊഴിച്ച്‌, നവലിബറല്‍ ധനതത്വശാസ്ത്രത്തിലൂടെ മൂലധന സമാഹരണശക്തികള്‍ക്കും ചൂഷകര്‍ക്കും ഈ നാടിന്റെ ഈടുവയ്പ്പുകളും വിഭവങ്ങളും അടിയറവയ്ക്കുകയാണ്‌ തോമസ്‌ ഐസക്‌. അതിന്‌ പരിസരമൊരുക്കാനാണ്‌ ചില ക്ഷേമപദ്ധതികള്‍ നിരസിക്കുന്നതും മറ്റുചിലതിനൊക്കെ വാരിക്കോരി നല്‍കുന്നതും.

Thursday, December 13, 2007

കോതമംഗലം: മാതാവിന്റെ വെളിപാടും വനിതാ മെമ്പറുടെ മൗനവും

  • പോലീസും പെണ്‍കുട്ടിയും മൊഴിമാറ്റി പറയുന്നു.
  • ഊരു ചുറ്റാനുള്ള പോലീസിന്റെ ആഗ്രഹം പൊലിഞ്ഞു.
  • പ്രതികള്‍ ഇന്നും പോലീസ്‌ സംരക്ഷണയില്‍
  • വനിതാമെമ്പറുടെ മൗനം വിവാദമാകുന്നു
  • കസ്റ്റഡിയിലെടുക്കപ്പെട്ടവര്‍ സമാന കേസില്‍ നിരീക്ഷണത്തിലിരുന്നവര്‍
  • പ്രതികള്‍ക്ക്‌ മുന്‍ കൂര്‍ ജാമ്യം കിട്ടാന്‍ പോലീസ്‌ സാഹചര്യമൊരുക്കുന്നു.
  • മാധ്യമപ്രവര്‍ത്തകന്റെ വ്യാജ വാര്‍ത്തകള്‍ പൊടിപൊടിക്കുന്നു
  • കേസൊതുക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെമേല്‍ സമ്മര്‍ദ്ദം
  • പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയക്കാര്‍ രംഗത്ത്‌
  • ഡിഐസി നേതാക്കള്‍ നിരീക്ഷണത്തില്‍

പി.അജയന്‍

കോതമംഗലം: പീഡനത്തിനിരയായ ഹോംനഴ്സിംഗ്‌ വിദ്യാര്‍ത്ഥിനി നല്‍കിയെന്ന്‌ പോലീസ്‌ അവകാശപ്പെട്ട മൊഴി പോലീസ്‌ തന്നെ തിരുത്തിപ്പറയുമ്പോള്‍ കോതമംഗലം പീഡനക്കേസിലെ ദുരൂഹതകള്‍ വര്‍ദ്ധിക്കുകയാണ്‌.

മുഖ്യപ്രതികള്‍ ആന്ധ്രാപ്രദേശിലേക്ക്‌ കടന്നുവെന്ന്‌ അവകാശപ്പെട്ട പോലീസ്‌ ഇപ്പോള്‍ പറയുന്നു മുഖ്യപ്രതികളിലെരാളെ കോലഞ്ചേരിയില്‍ നിന്നാണ്‌ അറസ്റ്റുചെയ്തതെന്ന്‌. കാക്കിധാരികളും ശുഭ്രവസ്ത്രധാരിയായ മാധ്യമപ്രവര്‍ത്തകനും ദിനംപ്രതി പുതിയ കഥകള്‍ ചമയ്ക്കുമ്പോള്‍ യഥാര്‍ഥ പ്രതികള്‍ ചിരിക്കുകയാണ്‌.

ഇവര്‍ക്ക്‌ മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കാനും ഈ കേസിലെ ഉന്നതന്മാര്‍ക്കെതിരായ തെളിവുകള്‍ തേച്ചുമാച്ചു കളയാനുമാണ്‌ ദിവസേന പുതിയ കഥകള്‍ മെനഞ്ഞുകൊണ്ടിരിക്കുന്നത്‌.

ഇതിനിടയില്‍, പെണ്‍കുട്ടിയുടെ തിരോധാനം മുതല്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നതുവരെയുള്ള ദിവസങ്ങളില്‍ പ്രശ്നത്തില്‍ സജീവമായിരുന്ന ഒരു വനിതാ വാര്‍ഡ്മെമ്പറുടെ പെട്ടെന്നുള്ള പിന്‍മാറ്റം ദുരൂഹതകളുടെ ആക്കം വര്‍ദ്ധിപ്പിക്കുന്നു. പെണ്‍കുട്ടിയുടെ സമീപവാര്‍ഡിലെ ഈ മെമ്പര്‍ ഇക്കാര്യത്തില്‍ ശുഷ്കാന്തി കാണിച്ചതും, സംഭവം നടന്നത്‌ കുറുപ്പംപടി സിഐയുടെ കീഴിലുള്ള പോലീസ്സ്റ്റേഷന്‍ പരിധിയിലായിരുന്നിട്ടും കോതമംഗലം സ്റ്റേഷനില്‍ പരാതി നല്‍കിയതും നാട്ടുകാര്‍ക്കിടയില്‍ സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌.

നവംബര്‍ 28-ാ‍ം തീയതിയാണ്‌ പെണ്‍കുട്ടിയെ കാണാതാവുന്നത്‌. ഇതുസംബന്ധിച്ച്‌ പെണ്‍കുട്ടിയുടെ മാതാവ്‌ സമീപവാര്‍ഡിലെ വനിതാ മെമ്പറോടാണ്‌ ആദ്യം പരാതി പറയുന്നത്‌. "പെണ്‍കുട്ടിയുടെ അമ്മയ്ക്ക്‌ വെളിപാടുണ്ടായതുകൊണ്ടാണ്‌ ഈ വാര്‍ഡുമെമ്പറോട്‌ രാത്രിയില്‍ പരാതി പറഞ്ഞ"തെന്നാണ്‌ അന്വേഷണ സംഘത്തിലെ ഒരു കോണ്‍സ്റ്റബിള്‍ വാസ്തവത്തോട്‌ പറഞ്ഞത്‌. പിറ്റേന്ന്‌ വൈകിട്ട്‌ കുറുപ്പുംപടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസില്‍ പരാതി നല്‍കേണ്ടതിനു പകരം കോതമംഗലം സ്റ്റേഷനിലാണ്‌ വാര്‍ഡുമെമ്പര്‍ പെണ്‍കുട്ടിയുടെ മാതാവിനൊപ്പമെത്തി പരാതി നല്‍കുന്നത്‌.

ഇവിടം മുതല്‍ ആരംഭിക്കുന്നു ദുരൂഹതകള്‍. അതിനെ വര്‍ദ്ധിപ്പിക്കുന്നതാണ്‌ പിന്നീട്‌ പെണ്‍കുട്ടിയുടെതെന്ന്‌ പറഞ്ഞ്‌ പോലീസ്‌ പുറത്തുവിട്ട വാര്‍ത്തകള്‍.

കോതമംഗലം റവന്യൂ ടവറില്‍ സ്റ്റുഡിയോ നടത്തുന്ന കോഴിപ്പിള്ളി മരങ്ങാട്ട്‌ ഐസോളാണ്‌ മുഖ്യപ്രതി എന്നാണ്‌ ഇപ്പോള്‍ പോലീസ്‌ പറയുന്നത്‌. ഐസോളിനെ ഇന്നലെ അറസ്റ്റുചെയ്ത്‌ കോടതിയില്‍ ഹാജരാക്കുകയും കോടതി റിമാന്റ്‌ ചെയ്കയുമുണ്ടായി. രണ്ടും മൂന്നും പ്രതികളായി പോലീസ്‌ ചൂണ്ടിക്കാട്ടുന്നത്‌ കോതമംഗലം ബൈപാസ്‌ റോഡിലെ മാര്‍ബിള്‍ വ്യാപാരി ജോയ്‌, കോലഞ്ചേരി സ്വദേശി മോണ്‍സി എന്നിവരെയാണ്‌.

റവന്യൂ ടവറിലെ ബേസില്‍ സ്റ്റുഡിയോയില്‍ ഫോട്ടോ എടുക്കാന്‍ വന്ന പെണ്‍കുട്ടിയെ ഐസോള്‍ വശീകരിച്ച്‌ സുഹൃത്തുക്കളായ ജോയ്‌, മോണ്‍സി എന്നിവരോടൊപ്പം തട്ടിക്കൊണ്ടുപോയി മുവാറ്റുപുഴയിലേയും കോലഞ്ചേരിയിലേയും ആളൊഴിഞ്ഞ വീടുകളില്‍ പാര്‍പ്പിച്ച്‌ രണ്ടുദിവസം പീഡിപ്പിച്ചുവെന്നും പിന്നീട്‌ മുവാറ്റുപുഴയില്‍ ഇറക്കിവിട്ട പെണ്‍കുട്ടിയെ മോണ്‍സിയുടെ സുഹൃത്തുക്കളായ അഞ്ചംഗസംഘം കന്യാകുമാരിയിലേക്ക്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പിന്നീട്‌ വല്ലാര്‍പാടത്ത്‌ ഉപേക്ഷിച്ചുവെന്നുമാണ്‌ പോലീസ്‌ ഭാഷ്യം.

പെണ്‍കുട്ടിയുടെ മൊഴിപോലെതന്നെ പോലീസിന്റെ ഈ ഭാഷ്യവും നിരവധി വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്‌. ഒരു സ്ത്രീയും യുവാവും ചേര്‍ന്ന്‌ ടാറ്റാ സുമോയില്‍ തട്ടിക്കൊണ്ടുപോയെന്നും മയക്കുമരുന്ന്‌ മണപ്പിച്ച്‌ ബോധം കെടുത്തി എന്നുമൊക്കെയായിരുന്നു പെണ്‍കുട്ടിയുടെ മൊഴിയെന്ന്‌ പോലീസ്‌ പറയുന്നു. ഇപ്പോള്‍ പോലീസ്‌ പറയുന്നത്‌ ഐസോളില്‍നിന്നും ലഭിച്ച വിവരങ്ങളാണെന്നാണ്‌.

ഈ രണ്ട്‌ വിവരങ്ങളും ആരെയൊക്കെയോ രക്ഷാക്കാനുള്ള പോലീസിന്റെ തന്ത്രങ്ങളാണെന്ന്‌ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 6 വരെയുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി പ്രകാരം പോലീസ്സ്റ്റേഷനില്‍ പരാതിപ്പെട്ട വനിതാ മെമ്പറുടെ മൊബെയില്‍ഫോണിലേക്കാണ്‌ ഡിസംബര്‍ ആറാം തീയതി വെളുപ്പിന്‌ പെണ്‍കുട്ടി വല്ലാര്‍പാടത്തുണ്ടെന്ന അജ്ഞാത സന്ദേശം ലഭിക്കുന്നത്‌. അതനുസരിച്ച്‌ വെളുപ്പിന്‌ നാലുമണിക്ക്‌ വനിതാമെമ്പര്‍ പോലീസ്‌ സ്റ്റേഷനിലെത്തുകയും എസ്‌ഐയും വനിതാപോലീസും അടങ്ങുന്ന സംഘത്തോടൊപ്പം വല്ലാര്‍പാടത്തേക്ക്‌ തിരിക്കുകയും ചെയ്തു. സംഘം ആലുവയിലെത്തിയപ്പോഴാണ്‌ മുളവുകാട്‌ പോലീസില്‍നിന്ന്‌ പെണ്‍കുട്ടി കസ്റ്റഡിയിലുണ്ടെന്ന ഔദ്യോഗിക അറിയിപ്പ്‌ ലഭിക്കുന്നത്‌. പോലീസിന്‌ അറിവ്‌ ലഭിക്കും മുമ്പ്‌ വനിതാമെമ്പര്‍ക്ക്‌ വിവരം നല്‍കിയത്‌ ആരായിരിക്കണം? വനിതാമെമ്പറുടെ മൊബെയില്‍ഫോണ്‍ പരിശോധിച്ചാല്‍ കണ്ടെത്താവുന്നതേയുള്ളൂ ഇത്‌. എന്നാല്‍ ആ ദിശയിലുള്ള അന്വേഷണം പോലീസ്‌ ബോധപൂര്‍വ്വം 'തടഞ്ഞിരിക്കുകയാണ്‌'.

"താളുംതണ്ടുപോലെ കൊച്ച്‌ തളര്‍ന്നുപോയിരുന്നു. മെമ്പറെ കണ്ടയുടനെ അവരുടെ ദേഹത്തേക്ക്‌ കൊച്ച്‌ വീഴുകയായിരുന്നു" സംഘത്തോടൊപ്പമുണ്ടായിരുന്ന ഒരു കോണ്‍സ്റ്റബിള്‍ വാസ്തവത്തോടു പറഞ്ഞു.

കുട്ടിയുടെ അവസ്ഥ മനസിലാക്കി എസ്‌ഐയാണ്‌ ആശുപത്രിയിലെത്തിക്കുന്നതും പരിശോധനയ്ക്ക്‌ നിര്‍ദ്ദേശിക്കുന്നതും ആ പരിശോ ധനയിലാണ്‌ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന്‌ തെളിഞ്ഞത്‌.

പോലീസ്‌ സ്റ്റേഷനില്‍ വച്ച്‌ മെമ്പറുടെ ദേഹത്തേക്ക്‌ പെണ്‍കുട്ടി വീഴണമെങ്കില്‍ അവര്‍ തമ്മില്‍ നേരത്തേ നല്ല പരിചയമുണ്ടായിരുന്നിരിക്കണം. എന്നാല്‍ പെണ്‍കുട്ടിയെ നാട്ടിലെത്തിക്കുന്നതുവരെ അന്വേഷണകാര്യത്തില്‍ ഏറെ ശുഷ്കാന്തിയോടെ ഇടപെട്ട മെമ്പര്‍ പാലിക്കുന്ന മൗനം നാട്ടുകാരുടെ ഇടയില്‍ പല കഥകള്‍ പ്രചരിക്കുന്നതിനും കാരണമായിട്ടുണ്ട്‌.

ഐസോളിലും കൂട്ടുകാരിലും പോലീസ്‌ കേന്ദ്രീകരിക്കാനുള്ള സാഹചര്യത്തെളിവുകള്‍ ഐസോളിന്റെ സ്റ്റുഡിയോയിലെ കമ്പ്യൂട്ടറില്‍ പെണ്‍കുട്ടിയുടെ ചിത്രമുണ്ടായിരുന്നു എന്നതും മുമ്പ്‌ സമാനമായ കേസില്‍ ഇവര്‍ പങ്കാളികളായിരുന്നു എന്നതും മാത്രമാണ്‌. എന്നാല്‍ തന്നെ പീഡിപ്പിച്ചവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പെണ്‍കുട്ടി പോലീസിന്‌ നല്‍കിയിരുന്നു. അവരെ ഒഴിവാക്കിക്കൊണ്ടാണ്‌ ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്‌. ഒളിവിലാണെന്ന്‌ പോലീസ്‌ പറയുന്ന മാര്‍ബിള്‍ വ്യാപാരി ജോയ്‌ പോലീസ്‌ കസ്റ്റഡിയിലുണ്ടെന്നും സിഐയുടെ വീടിനു സമീപമുള്ള രഹസ്യസ്ഥലത്ത്‌ പാര്‍പ്പിച്ചിരിക്കുകയാണെന്നും വിശ്വസിക്കാനുതകുന്ന തെളിവുകളാണ്‌ വാസ്തവത്തിന്റെ അന്വേവഷണത്തില്‍ ലഭിച്ചിട്ടുള്ളത്‌.

പെണ്‍കുട്ടിയെ തിരുവനന്തപുരത്ത്‌ എത്തിച്ചതില്‍ മുഖ്യപങ്കുണ്ടെന്ന്‌ സംശയിക്കപ്പെടുന്ന ചിപ്സ്‌ വ്യാപാരിയേയോ അയാളുടെ തിരുവനന്തപുരം സ്വദേശി ഭാര്യയേയോ നിരീക്ഷിക്കാന്‍ പോലും പോലീസ്‌ തയ്യാറായിട്ടില്ല. എന്നാല്‍ പെണ്‍കുട്ടി മടങ്ങിവന്നശേഷം കോതമംഗത്തെ ചില ഡിഐസി നേതാക്കന്മാരുടെ വീടുകളില്‍ അന്വേഷണം നടത്തുകയും ചെയ്തു. ഇത്‌ കേസിന്‌ പുതിയ മാനം നല്‍കുന്നുണ്ട്‌.

(തുടരും)

'സി' ക്ലാസ്‌ സന്യാസിമാര്‍!

പണി പഠിച്ച ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും രോഗികള്‍ക്കിട്ട്‌ 'പണി കിട്ടുന്ന' ഇക്കാലത്ത്‌ പത്താം ക്ലാസുപോലും പാസാകാത്ത ഒരാളെ അറിഞ്ഞുകൊണ്ടാരും ഡോക്ടറാകാന്‍ സമ്മതിക്കില്ല.

എഞ്ചിനീയര്‍, വക്കീല്‍ തുടങ്ങി പള്ളീലച്ചന്‍ വരെയുള്ള എല്ലാ പണിക്കും കുറെയേറെക്കാലം കുത്തിരുന്നു പഠിക്കണം, പരീക്ഷ പാസാവണം.

എന്നാല്‍ ഒരാള്‍ സന്യാസിയാവാന്‍ തീരുമാനിച്ചാല്‍ ഇത്തരം പ്രശ്നങ്ങളൊന്നുമില്ല. 'വടക്കുനോക്കി യന്ത്ര'ത്തിലെ ശ്രീനിവാസ കഥാപാത്രം 'വിജയന്‍' കെട്ടിയവളെയും മക്കളെയും ഉപേക്ഷിച്ച്‌ സന്യാസിയാവാന്‍ പോകുന്നത്‌ പണിയെടുക്കാതെയും ജീവിക്കാമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്‌.

ആര്‍ഷഭാരതം മുന്നോട്ടുവച്ച അതുല്യമായ ജീവിതാന്തസത്രെ സന്യാസം. സന്യാസിയെന്നാല്‍ സമ്യക്കായി ത്യജിക്കുന്നവന്‍ എന്നര്‍ത്ഥം!

ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും പാര്‍സിയായാലും ജൈനനായാലും സിഖായാലും അസൂയ, കുശുമ്പ്‌, ആക്രാന്തം, കളവ്‌, തട്ടിപ്പ്‌, വെട്ടിപ്പ്‌, പറ്റിപ്പ്‌ തുടങ്ങിയ സുകുമാര കലകളില്‍ കാര്യമായ വ്യത്യാസം കാണിക്കാറില്ല. സംശയമുള്ളവര്‍ എന്നത്തെയെങ്കിലും പത്രമെടുത്തു നോക്കിയാല്‍ മതി.

മതവും ദര്‍ശനവും കടലാസില്‍ ഭദ്രം! മതവിശ്വാസികള്‍ മതമനുസരിച്ചു ജീവിച്ചാല്‍ ലോകത്ത്‌ പോലീസും പട്ടാളവും തോക്കും ആണവായുധവുമൊന്നും വേണ്ട.

പറഞ്ഞുവന്നത്‌ സന്യാസത്തെ കുറിച്ചാണ്‌. ശിവഗിരി സന്യാസിമാരോട്‌ ആത്മസംയമനം പാലിക്കാന്‍ പരമോന്നത ന്യായാസനം ഉപദേശിച്ചിരിക്കുന്നു. ബ്രഹ്മചാരിയായ അഴീക്കോട്‌ മുതല്‍ അബ്കാരിയായ നടേശന്‍ വരെ ഉപദേശിച്ചിട്ടു നടക്കാത്ത കാര്യമാണ്‌ ന്യായാസനം ഉപദേശിച്ചിരിക്കുന്നത്‌.

എല്ലാം ത്യജിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ എല്ലാം വെട്ടിപ്പിടിക്കാന്‍ നടക്കുന്നതിന്റെ കെടുതി വലിയൊരു ദര്‍ശനത്തെയാണ്‌ പങ്കിലമാക്കുന്നത്‌.

ഏത്‌ ആക്രാന്തക്കാരനും കാവി ധരിച്ചാല്‍ സന്യാസിയാവാം എന്നു വരുമ്പോള്‍ ആരെങ്കിലും കയറി ഇടപെടുന്നത്‌ നല്ലതാണ്‌. ഇടപെടാന്‍ വേണ്ട ആത്മശുദ്ധിയുള്ളവര്‍ ആരുണ്ട്‌ എന്ന ചോദ്യമാണ്‌ ബാക്കിയാവുന്നത്‌. മന്ത്രി സുധാകരന്‍ ഇടപെടും മുന്‍പ്‌ ആരെങ്കിലും ഇടപെട്ടേ തീരൂ!

വയറുനിറയെ തിന്ന്‌, ഏമ്പക്കവും വിട്ട്‌ സുഖമായുറങ്ങി ലാവിഷായി ജീവിക്കാന്‍ കൊതിക്കുന്ന നിര്‍ദോഷികളായ പാവങ്ങളെ സന്യാസിയാക്കാതിരിക്കാന്‍ എന്തെങ്കിലുമൊരു വഴി കണ്ടുപിടിക്കണം. അത്തരക്കാര്‍ക്കു പ്രവര്‍ത്തിക്കാന്‍ എത്രയെത്ര രാഷ്ട്രീയ പാര്‍ട്ടികള്‍ കിടക്കുന്നു ഈ കൊച്ചുകേരളത്തില്‍!

അമ്മ വേലിചാടിയാല്‍...

"പെണ്ണ്‌ ഉള്ളേടത്തെല്ലാം പെണ്‍വാണിഭം ഉണ്ടാകും" എന്ന മുന്‍ മുഖ്യമന്ത്രി അന്തരിച്ച സഖാവ്‌ ഇ.കെ. നായനാരുടെ ലൈനില്‍ കേരളത്തിലെ പെണ്‍വാണിഭ സംഭവങ്ങളെ വിലയിരുത്താന്‍ ഞങ്ങള്‍ തയ്യാറല്ല.

മാറിയ ജീവിതസാഹചര്യവും സുഖലോലുപതയോടുള്ള ആര്‍ത്തിയും ശിഥിലമായ കുടുംബ-സാമൂഹികബന്ധങ്ങളും സാമ്പത്തിക അസമത്വവുമൊക്കെയാണ്‌ പെണ്‍വാണിഭ സംഘങ്ങള്‍ക്ക്‌ തഴച്ചുവളരാന്‍ പരിസരം ഒരുക്കുന്നതെന്നും ഇവരുടെ വലയിലേക്ക്‌ അറിഞ്ഞും അറിയാതെയും ഇരകള്‍ പതിക്കുന്നതെന്നും നിരീക്ഷിക്കാനാണ്‌ ഞങ്ങള്‍ക്ക്‌ താല്‍പ്പര്യം.

കേരളത്തെ ഞെട്ടിച്ച പെണ്‍വാണിഭകേസുകളിലെല്ലാം ഇരകളായ പെണ്‍കുട്ടികളെ വാണിഭറാക്കറ്റുകളുടെ പോക്കറ്റിലെത്തിച്ചിട്ടുള്ളത്‌ മധ്യവയസ്ക്കകളായ സ്ത്രീകളാണ്‌. സ്ത്രീയുടെ ശത്രു സ്ത്രീയാണെന്ന്‌ വ്യക്തമാക്കുന്ന തെളിവുകളാണ്‌ ഈ സംഭവങ്ങളില്‍നിന്ന്‌ നിരീക്ഷകര്‍ക്ക്‌ ലഭിക്കുന്നത്‌. റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടവയുടെ പത്തിരട്ടിയിലധികം സംഘടിത പെണ്‍വാണിഭം കേരളത്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലും നിത്യേന നടക്കുന്നു എന്നതാണ്‌ യാഥാര്‍ത്ഥ്യം. പെണ്‍വാണിഭം തടയാനും റാക്കറ്റുകളെ വലയിലാക്കാനും പോലീസ്‌ നടത്തുന്ന ശ്രമം അമ്പേ പരാജയമാണെന്ന്‌ ദിനംപ്രതി പുറത്തുവരുന്ന ഇത്തരം വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.

സമൂഹത്തില്‍ താഴെക്കിടയിലുള്ള, സാമ്പത്തികമായി മധ്യവര്‍ഗത്തിനും താഴെയുള്ള കുടുംബങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളും യുവതികളും വീട്ടമ്മമാരും ആണ്‌ ഈ റാക്കറ്റിന്റെ വലയില്‍പെടുന്നവരില്‍ ഭൂരിപക്ഷവും. സമ്പന്ന സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടെങ്കിലും അവയ്ക്ക്‌ സംഘടിതമായ, ആസൂത്രിതമായ മുതലെടുപ്പിന്റെ സ്വഭാവം ഇല്ലാത്തതുകൊണ്ട്‌ പെണ്‍വാണിഭമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നില്ല.

ഇപ്പോള്‍ കോതമംഗലത്തുനിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളതടക്കം സംഘടിത പെണ്‍വാണിഭ വാര്‍ത്തകള്‍ക്കെല്ലാം സമാനസ്വഭാവമാണുള്ളത്‌. എന്നുമാത്രമല്ല, കേരളത്തില്‍ കോളിളക്കം ഉണ്ടാക്കിയിട്ടുള്ള ഇത്തരം സംഭവങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച സംഘങ്ങള്‍ കോതമംഗലം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നവയുമാണ്‌.

ആദ്യം സൂചിപ്പിച്ച ജീവിതസാഹചര്യങ്ങളിലെ മാറ്റവും സുഖാര്‍ത്തിയുമാണ്‌ കൗമാര പ്രായക്കാരെ സെക്സ്‌റാക്കറ്റിന്റെ വലയിലെത്തിക്കുന്നത്‌. ഇവരെ ഈ നിലയില്‍ എത്തിക്കുന്നതില്‍ കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനുമുള്ള പങ്ക്‌ വിസ്മരിച്ചുകൊണ്ട്‌ പെണ്‍വാണിഭക്കാരെ മാത്രം കുറ്റപ്പെടുത്തുന്നത്‌ പ്രശ്ന പരിഹാരത്തിനുള്ള ക്രിയാത്മകമായ മാര്‍ഗമല്ല.

ശിഥിലബന്ധങ്ങളും ജാരസംസര്‍ഗവും സാമ്പത്തിക ബുദ്ധിമുട്ടും മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കും അകല്‍ച്ചയും ഒക്കെയുള്ള കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ്‌ ഇത്തരത്തില്‍ വഴിതെറ്റിപ്പോകുന്നത്‌. സ്നേഹവും സംരക്ഷണവും സഹാനുഭൂതിയും കുടുംബങ്ങളില്‍നിന്ന്‌ ലഭിക്കാതെ പോകുമ്പോഴാണ്‌ അതുതേടി പെണ്‍കുട്ടികള്‍ പുറത്തേക്കിറങ്ങുന്നത്‌. ഇത്തരത്തില്‍ ഇറങ്ങിവരുന്നവരെ മാത്രമല്ല സുദൃഢമായ ബന്ധങ്ങളുള്ള കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടികളെപോലും വശീകരിച്ചടുപ്പിക്കാനുള്ള കൗശലങ്ങളും തന്ത്രങ്ങളും ഉള്ളവരാണ്‌ പെണ്‍വാണിഭ റാക്കറ്റുകള്‍. അപ്പോള്‍പിന്നെ ശിഥിലകുടുംബങ്ങളില്‍നിന്നുള്ളവരെ വലവീശിപ്പിടിക്കാന്‍ അധികമൊന്നും ഇവര്‍ക്ക്‌ പ്രയത്നിക്കേണ്ടിവരുന്നില്ല.

റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട പെണ്‍വാണിഭകേസുകളിലെ ഇരകളുടെ കുടുംബ പശ്ചാത്തലം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മാത്രമല്ല ഈ പെണ്‍കുട്ടികളുടെ മാനസികാവശ്യങ്ങള്‍പോലെതന്നെ ഭൗതികാവശ്യങ്ങളും തിരിച്ചറിഞ്ഞ്‌ അവ തങ്ങളുടെ നിലയ്ക്കൊത്ത്‌ പരിഹരിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകാത്തതും മറ്റൊരു കാരണമാണ്‌. അമ്മയുടെ ജാരനെക്കുറിച്ച്‌ നിത്യം വഴക്കുണ്ടാക്കുന്ന ഒരു പിതാവിന്റെ മകള്‍ എങ്ങനെ വഴിതെറ്റിപോകാതിരിക്കും. അമ്മയുടെ ജാരനെ കൊന്ന അച്ഛന്റെ മകള്‍ക്ക്‌ എങ്ങനെ മറിച്ച്‌ ചിന്തിക്കാതിരിക്കാന്‍ കഴിയും. പിതാവിന്റെ അപഥസഞ്ചാരത്തെക്കുറിച്ച്‌ വഴക്കുണ്ടാക്കുന്ന അമ്മയ്ക്കൊത്തുകഴിയുന്ന പെണ്‍കുട്ടിയുടെ മനസ്‌ എങ്ങനെ വഴിതെറ്റിപോകാതിരിക്കും?

പെണ്‍വാണിഭസംഘങ്ങള്‍ ഈ നാട്ടിലെ മാത്രം പ്രത്യേകത അല്ല. ലോകമെമ്പാടും കൈനീട്ടിയിരിക്കുന്ന നീരാളിസംഘങ്ങളാണ്‌ ഇവര്‍. പോലീസിന്റെയും രാഷ്ട്രീയക്കാരുടെയും സമൂഹത്തിലെ മാന്യന്മാര്‍ എന്നവകാശപ്പെടുന്നവരുടെയും മതനേതാക്കന്മാരുടെയും ഗുണ്ടകളുടെയും സംരക്ഷണം ഇവര്‍ക്കുണ്ട്‌.

ഇവരുടെ ചതിക്കുഴിയില്‍ സ്വന്തം പെണ്‍മക്കള്‍ വീഴാതിരിക്കണമെങ്കില്‍ മാതാപിതാക്കന്മാര്‍ പൊതുവേയും മാതാക്കള്‍ പ്രത്യേകിച്ചും ധാര്‍മികശ്രദ്ധയും ഉത്തരവാദിത്തവും പുലര്‍ത്തേണ്ടതുണ്ട്‌. മൊബെയില്‍ഫോണുകളുടെ ആവിര്‍ഭാവം ആശയവിനിമയം ലളിതവും സൗകര്യപ്രദവുമാക്കിത്തീര്‍ത്തിട്ടുണ്ട്‌, സംശയമില്ല. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ വാര്‍ത്താവിനിമയ സംവിധാനം അത്രയ്ക്കൊന്നും അനിവാര്യമല്ല. അത്‌ തിരിച്ചറിയാതെ സമ്പന്നന്റെ മക്കള്‍ക്കൊപ്പം തന്റെ മക്കളുമെത്തണം എന്ന ചിന്തയിലോ അതല്ലെങ്കില്‍ സാമൂഹിക ശാസ്ത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്ന ഗ്രൂപ്പ്‌ ലോയല്‍റ്റി പുലര്‍ത്താനോ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക്‌ മൊബെയില്‍ഫോണ്‍ വാങ്ങിനല്‍കുന്ന മാതാപിതാക്കളും ഇത്തരം മുതലെടുപ്പിന്‌ കൂട്ടുനില്‍ക്കുന്നവരാണ്‌.

ഇവിടെയാണ്‌ മലയാളത്തിലെ ആ പഴയ ചൊല്ല്‌ മാതാപിതാക്കന്മാരുടെ കണ്ണുതുറപ്പിക്കേണ്ടത്‌: അമ്മ വേലിചാടിയാല്‍ മകള്‍ മതില്‍ ചാടും. അതുകൊണ്ട്‌ അമ്മമാര്‍ സൂക്ഷിക്കുക.

Wednesday, December 12, 2007

കോതമംഗലം: കേസ്‌ അട്ടിമറിക്കുന്നു





  • പോലീസ്‌ വ്യാപകമായി ബ്ലാക്ക്മെയില്‍ ചെയ്യുന്നു

  • രണ്ടരലക്ഷം രൂപ 'പിരിച്ചെടുത്തു'

  • പിരിവിനുനേതൃത്വം നല്‍കുന്നത്‌ മണല്‍മാഫിയയുമായി ബന്ധമുള്ള കോണ്‍സ്റ്റബിള്‍

  • വ്യാജ വാര്‍ത്ത ചമയ്ക്കാന്‍ മാധ്യമപ്രവര്‍ത്തകന്‍

  • കസ്റ്റഡിയിലെടുത്തവര്‍ സിഐയുടെ വീടിനുസമീപം രഹസ്യകേന്ദ്രത്തില്‍

  • പ്രതികളെ രക്ഷിക്കാന്‍ പുതിയ കഥകള്‍ മെനയുന്നു

  • ചിപ്സ്‌ വ്യാപാരിയും ഭാര്യയും സുരക്ഷിതര്‍

  • പെണ്‍കുട്ടിയെ ചിപ്സ്‌ വ്യാപാരിക്ക്‌ പരിചയപ്പെടുത്തിയത്‌ ഫോണിലൂടെ

  • പ്രതികളുടെ ബന്ധുക്കള്‍ നിയമസഹായം തേടി മൂവാറ്റുപുഴയില്‍

  • സംഭവം കുറുപ്പുംപടി സിഐയുടെ പരിധിക്കുള്ളില്‍

  • അന്വേഷണം കോതമംഗലം സിഐയുടെ കീഴില്‍

പി. അജയന്‍


കോതമംഗലം: ഹോംനഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയിലായിട്ടും ദുരൂഹതകള്‍ ബാക്കി. കേസന്വേഷണം അട്ടിമറിക്കാനും കേസ്‌ തേച്ചുമാച്ചുകളയാനും അണിയറയില്‍ പ്രവര്‍ത്തനം ശക്തം.

സ്ഥലത്തെ ഒരു പ്രമുഖ സ്റ്റുഡിയോ ഉടമയുടെ മകനും മാര്‍ബിള്‍ വിപണനകേന്ദ്രത്തിന്റെ നടത്തിപ്പുകാരനുമാണ്‌ പിടിയിലായത്‌. ഇവരെ സിഐയുടെ വീടിനുസമീപം രഹസ്യ സങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതായി വിവരം.

കേസ്‌ വഴിതിരിച്ചുവിടാന്‍, പഴയ കോതമംഗലം പീഡനക്കേസുമായി ബന്ധപ്പെട്ടവരേയും പോലീസ്‌ വേട്ടയാടുന്നതായി പരാതി. കേസില്‍ പ്രതിചേര്‍ക്കുമെന്ന്‌ ഭീഷണിപ്പെടുത്തി പലരില്‍നിന്നായി രണ്ടരലക്ഷം രൂപ പിരിച്ചെടുത്തതായി അറിയുന്നു. പിരിവിന്‌ നേതൃത്വം നല്‍കുന്നത്‌ മണല്‍മാഫിയയുമായി ബന്ധമുള്ള കോണ്‍സ്റ്റബിളും ഒരു പത്രപ്രവര്‍ത്തകനുമാണത്രെ.

സെപ്റ്റംബര്‍ 28ന്‌ കുളങ്ങാട്ടുകുഴിയില്‍നിന്ന്‌ കോട്ടപ്പടിയിലുള്ള മാനസികരോഗികളുടെ പുനരധിവാസകേന്ദ്രത്തിലേക്ക്‌ പുറപ്പെട്ട ഹോംനഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയെ കാണാതായതാണ്‌ സംഭവത്തിന്‌ തുടക്കം.

ഇതുമായി ബന്ധപ്പെട്ട്‌ 29ന്‌ പിണ്ടിമന പഞ്ചായത്തിലെ ഒരു വനിതാ മെമ്പറുടെ സഹായത്താല്‍ പെണ്‍കുട്ടിയുടെ മാതാവ്‌ കോതമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു. നഴ്സിംഗ്‌ വിദ്യാലയത്തിലേക്ക്‌ പോയ മകളെ കാണാനില്ലെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കോതമംഗലം പോലീസ്‌ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെക്കുറിച്ച്‌ വിവരമൊന്നും ലഭിച്ചില്ല.

എന്നാല്‍ ഡിസംബര്‍ ആറിന്‌ ലഭിച്ച ഒരു അജ്ഞാതസന്ദേശത്തെ തുടര്‍ന്ന്‌ വനിതാ മെമ്പറുടെ സഹായത്തില്‍ നടത്തിയ അന്വേഷണത്തില്‍ എറണാകുളം വല്ലാര്‍പാടം പള്ളിക്കുസമീപം അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. മുളവുകാട്‌ പോലീസ്‌ കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയെ കോതമംഗലം പോലീസിന്‌ കൈമാറുകയും എസ്‌ഐയുടെ നിര്‍ദേശപ്രകാരം വൈദ്യപരിശോധനയ്ക്ക്‌ വിധേയ മാക്കുകയും ചെയ്തപ്പോഴാണ്‌ ദിവസങ്ങള്‍ നീണ്ട പീഡനവിവരം പുറത്തറിഞ്ഞത്‌.

കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എം. ജിജിമോന്റെ നേതൃത്വത്തില്‍ നടന്ന തുടര്‍ അന്വേഷണത്തിലാണ്‌ രണ്ടുപേര്‍ കസ്റ്റഡിയിലായത്‌.

പെണ്‍കുട്ടിയുടെ തിരോധാനവും പീഡനവും സംബന്ധിച്ച്‌ ഇതുവരെ പുറത്തുവന്ന വാര്‍ത്തകള്‍ ബോധപൂര്‍വം കെട്ടിച്ചമച്ചവയാണെന്നും 'വാസ്തവ'ത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടി പോലീസിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്നവകാശപ്പെട്ടാണ്‌ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്‌.

പെണ്‍കുട്ടിയുടെ തിരോധാനത്തെക്കുറിച്ച്‌ അല്ലെങ്കില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതുസംബന്ധിച്ച്‌ ഇതുവരെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടവയായിരുന്നു. സംഭവ ദിവസം രാവിലെ ഒന്‍പതുമണിക്ക്‌ കോതമംഗലം ബസ്‌ സ്റ്റാന്റിനുസമീപത്തുനിന്ന്‌ ഒരു സ്ത്രീയുടെ പ്രേരണയാല്‍ ടാറ്റാസുമോയില്‍ കയറ്റികൊണ്ടുപോയി അഞ്ചുപേര്‍ ചേര്‍ന്ന്‌ പീഡിപ്പിച്ചു എന്ന്‌ പെണ്‍കുട്ടി മൊഴിനല്‍കി എന്നാണ്‌ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്‌. ടാറ്റാസുമോയില്‍ കയറിയ പെണ്‍കുട്ടിയെ മയക്കുമരുന്ന്‌ മണപ്പിച്ച്‌ ബോധംകെടുത്തിയെന്നും ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ ബോധംവീണുവെന്നുമാണ്‌ പെണ്‍കുട്ടി മൊഴി നല്‍കിയതായാണ്‌ വാര്‍ത്തകള്‍.
എന്നാല്‍ അന്നു രാവിലെ ഒന്‍പതരയ്ക്ക്‌ കോതമംഗലത്തുനിന്ന്‌ കുളങ്ങാട്ടുകുഴി വഴി പോകുന്ന ബസില്‍ കയറിയ പെണ്‍കുട്ടി പഠിച്ചുകൊണ്ടിരുന്ന കോട്ടപ്പടിയിലെ സ്ഥാപനത്തിനുമുമ്പില്‍ ഇറങ്ങിയതിന്‌ വ്യക്തമായി തെളിവുകളുണ്ട്‌. അതായത്‌ ഈ സ്ഥാപനത്തിലെത്തിയശേഷമാണ്‌ പെണ്‍കുട്ടി സ്വമനസാലേ പീഡകര്‍ക്കൊപ്പം പോകുകയോ പീഡകര്‍ തട്ടിക്കൊണ്ടുപോകുകയോ ചെയ്തിട്ടുള്ളത്‌.

കോട്ടപ്പടിയിലുള്ള സ്ഥാപനത്തില്‍ ആറുമാസം മുന്‍പാണ്‌ എഎന്‍എം വിദ്യാര്‍ത്ഥിനിയായി പെണ്‍കുട്ടി ചേരുന്നത്‌. ഇവിടെ ചേരാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്‌ അയല്‍വാസിയായ രേഖയാണെന്നറിയുന്നു. രേഖയ്ക്ക്‌ പെണ്‍വാണിഭസംഘവുമായി ബദ്ധമുണ്ടെന്ന്‌ തെളിവുകള്‍ സൂചിപ്പിക്കുന്നു. ആറുമാസം മുന്‍പ്‌ കാണാതായ രേഖയെക്കുറിച്ച്‌ പിന്നീട്‌ വിവരം ലഭിക്കുന്നത്‌ മൂന്നുമാസം കഴിഞ്ഞാണ്‌. തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്നു എന്നാണ്‌ അറിവായത്‌.

രേഖയും ഈ പെണ്‍കുട്ടിയും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൂചനകളുണ്ട്‌. ഇപ്പോള്‍ കസ്റ്റഡിയിലുള്ള മാര്‍ബിള്‍ വ്യാപാരിക്ക്‌ പെണ്‍കുട്ടിയെ പരിചയപ്പെടുത്തികൊടുത്തത്‌ രേഖയാണ്‌. അതും ഫോണിലൂടെ. വ്യാപാരി വിവാഹിതനാണ്‌. ഭാര്യ തിരുവനന്തപുരം സ്വദേശിയും. ഇവരുടെ കൂടെ അറിവോടും സമ്മതതോടുമാണ്‌ പെണ്‍കുട്ടിയെ കന്യാകുമാരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതെന്ന്‌ അനുമാനിക്കേണ്ടിയിരിക്കുന്നു. ഇവര്‍ക്ക്‌ പെണ്‍കുട്ടിയെ പരിചയപ്പെടുത്തികൊടുത്തത്‌ കോട്ടപ്പടിയില്‍ പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനത്തിലെ ഒരു ജീവനക്കാരിയാണ്‌.

ആസൂത്രിതമായി നടത്തിയ നീക്കങ്ങളാണ്‌ ഈ പീഡനത്തിനുപിന്നിലുള്ളതെന്ന്‌ ഇതില്‍നിന്നുതന്നെ വ്യക്തം. കോതമംഗലം കേന്ദ്രമാക്കി അന്യസംസ്ഥാനങ്ങളില്‍ ബന്ധമുള്ള റാക്കറ്റാണ്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും വ്യക്തം. രാഷ്ട്രീയ-വ്യാപാര-പോലീസ്‌ ഉന്നതന്മാര്‍ക്ക്‌ ഈ റാക്കറ്റുമായി ബന്ധമുണ്ടെന്ന്‌ സൂചന. ഇവരെ രക്ഷിക്കാനാണ്‌ പെണ്‍കുട്ടി നല്‍കിയ മൊഴി എന്ന അടിസ്ഥാനത്തില്‍ പോലീസ്‌ ചില കഥകള്‍ പുറത്തുവിടുന്നതും മാധ്യമപ്രവര്‍ത്തകന്‍ അത്‌ പൊലിപ്പിച്ച്‌ പ്രചരിപ്പിക്കുന്നതും.

കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉന്നതന്മാര്‍ അടക്കമുള്ളവര്‍ നാട്ടില്‍തന്നെ ഉണ്ടെന്നാണ്‌ സൂചന. എന്നാല്‍ പ്രതികളില്‍ ചിലര്‍ സംസ്ഥാനം വിട്ടു എന്ന്‌ പ്രചരിപ്പിക്കാനാണ്‌ പോലീസിനു താല്‍പ്പര്യം. അതേസമയം പ്രതികളുടെ ബന്ധുക്കളില്‍ ചിലര്‍ നിയമസഹായം തേടി മൂവാറ്റുപുഴയിലെത്തിയതായി വാസ്തവത്തിന്‌ വിവരം ലഭിച്ചു. പഴയ കോതമംഗലം പീഡനക്കേസിലെ പ്രതികളെ രക്ഷിച്ച അഭിഭാഷകനെ തേടിയാണ്‌ ഇവരെത്തിയത്‌.
(തുടരും)
* നിയമപരമായ കാരണങ്ങളാല്‍ പീഡിതയുടെ ചിത്രം അവ്യക്തമാക്കിയിരിക്കുന്നു

വിപ്ലവം തോക്കിന്‍കുഴലിലൂടെ!

ഒന്നുപറഞ്ഞ്‌ രണ്ടാം വാക്കിന്‌ തോക്കെടുക്കുക. വെടിവെയ്ക്കുക!

ഈ രാജ്യം പുരോഗമിച്ചില്ലെന്ന്‌ ആരുപറഞ്ഞു. ചുരുങ്ങിയത്‌ വെടിവയ്ക്കുന്ന കാര്യത്തിലെങ്കിലും ലോക നിലവാരത്തിലെത്തിയിരിക്കുന്നു ഇന്ത്യാ മഹാരാജ്യം!

ഹരിയാനയിലെ ഗുഡ്ഗാവില്‍ വെടിയേറ്റു മരിച്ച അഭിഷേക്‌ ത്യാഗിയും വെടിയുതിര്‍ത്ത ആകാശും എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥികളാണ്‌. പണ്ടിതൊക്കെ അമേരിക്കായിലും ലണ്ടനിലും മറ്റും നടന്നിരുന്ന കലാപരിപാടികളായിരുന്നു. ഇവിടത്തെ എട്ടാം ക്ലാസുകാരന്‍ എട്ടുംപൊട്ടും തിരിയാത്ത കുട്ടി മാത്രമായിരുന്നു; അക്കാലത്ത്‌. കുട്ടികളെ ഇന്റര്‍നാഷണല്‍ വിദ്യാഭ്യാസം നല്‍കി ആഗോള പൗരന്മാരാക്കാന്‍ നടക്കുന്ന തന്ത തള്ളമാരുടെ നെഞ്ചത്തേക്കാണിനി വെടിയുണ്ടകള്‍ പായാന്‍ പോകുന്നത്‌!

എട്ടാം ക്ലാസില്‍ പഠിക്കുന്ന കൊച്ചന്‍ കളിത്തോക്കല്ല; അച്ഛന്റെ, ലൈസന്‍സുള്ള തോക്കാണ്‌ കൊണ്ടുനടന്നിരുന്നത്‌. പ്രായം കൊണ്ടും പദവികൊണ്ടും ഇരുത്തംവന്ന പിണറായിയുടെ കയ്യില്‍ 'ഉണ്ട' കണ്ടതിന്‌ നമ്മളുണ്ടാക്കിയ പുകിലുകള്‍ ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു.

പിണറായിയെ പരിഹസിച്ചവന്മാര്‍ അപരിഷ്കൃതരായ മണ്ടന്മാരായിരുന്നെന്ന്‌ ഇപ്പോള്‍ ബോധ്യമായില്ലെ!

ഇത്തരം തോക്കിടപാടുകളൊന്നും കൊച്ചുപിള്ളേരുടെ തലയില്‍ കയറിക്കൂടാതിരിക്കാനാണ്‌ കേരളത്തില്‍ ഡിപിഇപി നടപ്പിലാക്കിയത്‌.

പത്താം ക്ലാസുവരെയുള്ള പിള്ളേര്‍ക്ക്‌ ടീച്ചറുടെ മുതുകില്‍ കേറി ആന കളിച്ചുനടക്കാന്‍ കഴിയുന്ന മധുരമനോഹര മനോജ്ഞ വിദ്യാഭ്യാസം!

എന്നിട്ടെന്തായി, ശാസ്ത്രസാഹിത്യ വിരോധികളായ പ്രമാണിമാരൊക്കെയും കൂടി ചെറുത്തുതോല്‍പ്പിച്ചു ആ കലാപരിപാടി!

എന്തൊക്കെ ഗുണങ്ങളായിരുന്നു വരാനിരുന്നത്‌. ഇന്റര്‍നാഷണല്‍ ഉസ്കൂളുകളില്‍ നിന്നും ഐടി, സാങ്കേതിക പ്രൊഫഷണലുകള്‍ വിരിഞ്ഞിറങ്ങുന്ന ലോകത്ത്‌, വേലികെട്ടാനും തെങ്ങുകയറാനും ഒരുപാടു പണിക്കാരെ ഒരുക്കിയിറക്കാന്‍ വലിയൊരു സാധ്യതയാണ്‌ തെളിഞ്ഞുവന്നത്‌. അതു ചീറ്റി!

കാലത്തെ നട്ട ചെമ്പരത്തിക്കൊമ്പിന്‌ വൈകുന്നേരത്തോടെ വേരുവന്നുകാണുമോ എന്നു ഗവേഷണം നടത്തിയ ഡിപിഇപി കുട്ടിയുടെ ശാസ്ത്രബോധത്തെ തകര്‍ത്തു തരിപ്പണമാക്കിക്കളഞ്ഞില്ലേ.

ഇനിയിപ്പോള്‍ സര്‍ക്കാര്‍ കുട്ടികള്‍ക്ക്‌ ഓരോ തോക്കു മേടിച്ചുകൊടുക്കുക. അന്നന്നത്തെ അപ്പത്തിനുള്ളത്‌ അവന്‍ ആരെയെങ്കിലും വിരട്ടി കയ്യിലാക്കിക്കൊള്ളും!

അരിയില്ല, അരവണയില്ല; ഭരണം നായനക്കി

വീണ്ടും അരി-അരവണ-ഭരണ വിഷയത്തെക്കുറിച്ച്‌ ഈ പംക്തിയില്‍ എഴുതേണ്ട അവസ്ഥയോളം സാഹചര്യങ്ങളും സംഭവങ്ങളും വഷളായിരിക്കുന്നു, അല്ല ബന്ധപ്പെട്ടവരെല്ലാം ചേര്‍ന്ന്‌ വഷളാക്കിയിരിക്കുന്നു.

പൊതുജനാഭിലാഷവും ഭക്തകോടികളുടെ ആഗ്രഹങ്ങളും സംസ്ഥാനത്തിന്റെ വികസനപ്രതീക്ഷകളും ഔദദ്ധ്യത്തോടെ തട്ടിത്തെറിപ്പിച്ച്‌ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണം കൊടിപാറിച്ച്‌ മുന്നേറുകയാണ്‌. ജീവിതത്തിന്റെ സമസ്തമേഖലകളില്‍നിന്നും തിരിച്ചടിയേറ്റുവാങ്ങാനാണ്‌ കേരളത്തിലെ പൊതുസമൂഹത്തിന്റെ വിധി. സുതാര്യവും അഴിമതിരഹിതവും ജനഹിതവുമനുസരിച്ചുള്ള ഭരണം കാഴ്ചവയ്ക്കുമെന്ന്‌ വാഗ്ദാനം ചെയ്ത്‌ അധികാരത്തിലേറിയവരാണ്‌ രണ്ടു വര്‍ഷം പൂര്‍ത്തിയാകും മുമ്പ്‌ ജനങ്ങളെ ഇങ്ങനെയിട്ട്‌ കഷ്ടപ്പെടുത്തുന്നത്‌.

രണ്ടു വര്‍ഷത്തെ ഭരണം കൊണ്ട്‌ സാധാരണക്കാരന്‌ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമൊരുക്കി എന്നതാണ്‌ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഏകനേട്ടം. അരിയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ കേരളം പുളയുമ്പോള്‍ അധിക്ഷേപത്തിന്റെ വാക്കുകള്‍ ചൊരിഞ്ഞ്‌ നിറഞ്ഞാടുകയാണ്‌ സുധാകരനും ദിവാകരനും ബേബിയും തോമസ്‌ ഐസക്കും തുടങ്ങിയ പുംഗവന്മാര്‍.

ഭരണം എന്നൊന്ന്‌ മഷിയിട്ടുനോക്കിയാല്‍പോലും കാണാനാവാത്ത ദുരവസ്ഥയിലാണ്‌ കേരളം. സിപിഎമ്മിന്റെയും സിപിഐയുടെയും ആര്‍എസ്പിയുടെയും പാര്‍ട്ടി സമ്മേളനങ്ങള്‍ കൊഴുപ്പിക്കാനും എതിരാളികളെ കൊയ്ത്‌ വീഴ്ത്താനുമുള്ള തന്ത്രങ്ങളുമായി മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ തമ്പടിച്ചിരിക്കുകയാണ്‌. അതുകൊണ്ട്‌ സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥഭരണവും ഫയലുകളില്‍ ചിതലുകളുടെ വിളയാട്ടവുമാണ്‌ നടക്കുന്നത്‌. പാര്‍ട്ടി സമ്മേളനത്തിനുവേണ്ടി മന്ത്രിസഭായോഗം പോലും മാറ്റിവയ്ക്കേണ്ടിവരുന്ന അവസ്ഥയിലാണ്‌ കേരളം. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഡല്‍ഹിയില്‍ രാഷ്ട്രീയചര്‍ച്ചയ്ക്ക്‌ പോയതുകൊണ്ട്‌ ഒരു ദിവസം വൈകിയും ഈയാഴ്ച പാര്‍ട്ടി സമ്മേളനത്തില്‍ പ്രസംഗിക്കാനുള്ളതുകൊണ്ട്‌ ഒരു ദിവസം നേരത്തേയും, വഴിപാട്‌ കണക്കെ മന്ത്രിസഭാ യോഗം ചേരുകയായിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആഴ്‌ന്ന ഈ വേളയില്‍ അതിനു പരിഹാരം നിര്‍ദേശിക്കേണ്ട ധനമന്ത്രി ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതുപോലുമില്ല.

ഇപ്പോള്‍ ജനതാദളിന്റെ മാത്യു ടി. തോമസും കേരളാ കോണ്‍ഗ്രസ്‌ (ജെ) ന്റെ മോന്‍സ്‌ ജോസഫും മാത്രമാണ്‌ സെക്രട്ടേറിയറ്റിലെത്തുന്നത്‌. ഗുജറാത്ത്‌ തെരഞ്ഞെടുപ്പിലെ നിരീക്ഷകരായി മുതിര്‍ന്ന ഐഎഎസ്‌ ഓഫീസര്‍മാരെ നിയമിച്ചതുകൊണ്ട്‌ ഉദ്യോഗസ്ഥതലത്തിലും മന്ദതയും അലംഭാവവുമാണ്‌ ഭരണസിരാകൂടത്തില്‍ നടമാടുന്നത്‌.

കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട്‌ അരിവില ഇരട്ടിയായി ഉയര്‍ന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ക്രിയാത്മകമായ ഒരു നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അരിവില വര്‍ധനമൂലം നട്ടംതിരിയുന്ന കേരളത്തിന്‌ കൂനിന്മേല്‍കുരുവെന്നപോലെ ആന്ധ്രയുടെ ഭീഷണിയും- ഒരു മണി അരി തല്‍ക്കാലം തരാന്‍ ഉദ്ദേശ്യമില്ല. പാചകവാതക ദൗര്‍ലഭ്യം മുതല്‍ മറ്റ്‌ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം കൂടിയായപ്പോള്‍ നരകത്തീയില്‍ പതിച്ച അവസ്ഥയിലാണ്‌ കേരളീയര്‍. പക്ഷെ ഇതൊന്നും അച്യുതാനന്ദന്‍ അടക്കമുള്ള മന്ത്രിപുംഗവന്മാര്‍ക്ക്‌ പ്രശ്നമല്ല. അവര്‍ക്ക്‌ വലുത്‌ അവരുടെ പാര്‍ട്ടിയും പാര്‍ട്ടി സമ്മേളനങ്ങളും തെരഞ്ഞെടുപ്പും വെട്ടിനിരത്തലും വിജയങ്ങളുമൊക്കെയാണ്‌.

ഈ ദുരിതകാലത്താണ്‌ മണ്ഡലതീര്‍ത്ഥാടനമണഞ്ഞത്‌. സംസ്ഥാനത്തുനിന്നും സംസ്ഥാനത്തിനുപുറത്തുനിന്നും പതിനായിരക്കണക്കിന്‌ അയ്യപ്പഭക്തരാണ്‌ ദിവസേന ശബരീശനെ തൊഴുതുമടങ്ങുന്നത്‌. പക്ഷെ ഇവര്‍ക്ക്‌ നല്‍കാന്‍ ആവശ്യത്തിന്‌ അരവണ ഇല്ല. ദേവസ്വം മന്ത്രിയും ബോര്‍ഡംഗങ്ങളും നാക്കുകൊണ്ടും വാക്കുകൊണ്ടും അന്യോന്യം കുത്തിപരിക്കേല്‍പ്പിക്കുമ്പോള്‍ അരവണ കിട്ടാതെ ദുഃഖിതരായി മടങ്ങുകയാണ്‌ ഭൂരിപക്ഷം അയ്യപ്പന്മാരും. അതേസമയം കരിഞ്ചന്തയില്‍ അരവണ ലഭ്യമാണെന്ന്‌ സര്‍ക്കാര്‍ ഏജന്‍സികള്‍തന്നെ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇത്തരത്തില്‍ അരാജകത്വം അതിന്റെ കൊടിയ ഭാവങ്ങളോടെ ഭരണരംഗത്ത്‌ അഴിഞ്ഞാടുകയാണ്‌. ജനാഭിലാഷവും ഉത്തരവാദിത്തങ്ങളും വിസ്മരിച്ച്‌, മന്ത്രിസ്ഥാനം നല്‍കുന്ന സുഖലോലുപതയില്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്തുകയാണ്‌ മുഖ്യമന്ത്രിയടക്കമുള്ളവര്‍. ഒരു ജനതയ്ക്ക്‌ അവര്‍ അര്‍ഹിക്കുന്ന ഭരണസംവിധാനം ലഭിക്കുമെന്ന ചൊല്ല്‌ എത്ര സാര്‍ത്ഥകമായിരിക്കുന്നു കേരളത്തില്‍.

ഇപ്പോള്‍ കേരളം എന്നു കേള്‍ക്കുമ്പോള്‍ തിളക്കുന്നില്ലേ ചോര ഞരമ്പുകളില്‍.

Tuesday, December 11, 2007

ഐടി യുഗത്തില്‍ തൊണ്ണൂറിന്റെ യൗവ്വനം!

വലിയ താമസമില്ലാതെ ഇന്ത്യാ മഹാരാജ്യം ലോക പോലീസാവും!

കാരണം ബിജെപി ഒരു യുവതുര്‍ക്കിയെ തങ്ങളുടെ പ്രധാനമന്ത്രിയാക്കാന്‍ കണ്ടുവച്ചുകഴിഞ്ഞു. പ്രായാധിക്യത്താല്‍ വാജ്പേയി പിന്മാറിയതോടെയാണ്‌ എണ്‍പതുകാരനായ ചുള്ളന്‍ അദ്വാനിക്ക്‌ നറുക്കു വീണിരിക്കുന്നത്‌!

എസ്‌.ഡി. ശര്‍മ എന്നൊരു രാഷ്ട്രപതി ലോകരാഷ്ട്രവേദികളില്‍ പാത്തത്താറാവിനെപ്പോലെ ഇന്ത്യാ മഹാരാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു നടന്ന കാലം ഓര്‍മവരുന്നു.

മൂന്നാലുപേര്‍ താങ്ങിയെടുത്താണ്‌ ആ അഭിമാനഭാജനത്തെ കൊണ്ടുനടന്നിരുന്നത്‌. വലിയൊരു സാമ്പത്തിക ശക്തിയായി വളരാന്‍ വെമ്പി നില്‍ക്കുന്നൊരു രാജ്യത്തിന്‌ കുഴിയിലേക്കു കാലുനീട്ടിയിരിക്കുന്ന കാരണവന്മാരെ മാത്രമേ ഭരിക്കാന്‍ കിട്ടൂവെന്നു പറയുന്നത്‌ ഇന്നാട്ടില്‍ യോഗ്യതയില്ലാത്ത ചെറുപ്പക്കാരില്ലാത്തതിനാലത്രെ!

അതുകൊണ്ടുതന്നെയാണ്‌ 'ചിന്നന്‍' ബാധിച്ച ലീഡറെ തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ്‌ തലചൂടായി നടക്കുന്നത്‌. കരുണാകരനെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ബിജെപിയെ ഞെട്ടിച്ചു കളയുമോ എന്നേ ഇനി അറിയാനുള്ളു!

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കൊണ്ട്‌ ലോകം കോലുകളിക്കുന്ന കാലമാണ്‌! രാമന്‍, രാവണന്‍, ഹനുമാന്‍ തുടങ്ങിയ ഇതിഹാസ നായകരെയോര്‍ത്ത്‌ വ്യസനിച്ചും അഭിമാനിച്ചും നടക്കുന്ന കാരണവന്മാര്‍ ഇതിനിടയില്‍ എന്തുചെയ്യാനാണ്‌ എന്നു സംശയിക്കേണ്ട!

ലോകത്തെ കിടുകിടെ വിറപ്പിക്കാന്‍പോന്ന തരം കിടിലന്‍ അസ്ത്രങ്ങള്‍ പുരാണങ്ങളില്‍ കിടക്കുന്നു! അതെല്ലാമെടുത്ത്‌ അദ്വാനിയൊന്നു പെരുമാറിയാല്‍ അമേരിക്കയുടെ ആണവായുധമൊക്കെ വെറും തൃണം!

നമ്മുടെ കയ്യില്‍ ഇരിക്കുന്നു; ആര്‍ഷഭാരത സംസ്ക്കാരം. സംസ്ക്കാരങ്ങളെ തകര്‍ക്കാന്‍ നടക്കുന്നു സാമ്രാജ്യത്വം. ലോകത്തെ കീഴടക്കാന്‍ നമ്മുടെ മന്ത്രകീര്‍ത്തനങ്ങള്‍ ധാരാളം. എടുത്തൊന്നു പെരുമാറിയാല്‍ നിലംപൊത്തും അധിനിവേശം!

രാജ്യത്തെ സകല പാര്‍ട്ടികളെയും നയിക്കുന്നത്‌ വയോവൃദ്ധന്മാരാണ്‌. അതുകൊണ്ടാണ്‌ വൃദ്ധസദനങ്ങള്‍ ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബില്ലുകൊണ്ടുവന്നത്‌.

ഒരു പണിയുമില്ലാതെ ചെറുപ്പക്കാര്‍ ചൊറികുത്തി നടക്കുന്നു. അവരെ നോക്കാന്‍ ആര്‍ക്കുണ്ടു നേരം എന്നു പരിഭവം വേണ്ട. മാതാപിതാ ഗുരു ദൈവം എന്നാണ്‌ ഭാരതമതം. വയസായവരില്‍ ഈശ്വരനെ കാണണം. ഭരിക്കുന്നവന്‍ രാജാവായാലും പ്രധാനമന്ത്രിയായാലും ഈശ്വരന്‍തന്നെ. ഈശ്വരോ രക്ഷതു!

'നിന്റെ കണ്ണുകളില്‍ ഞാന്‍ ഈശ്വരനെ കാണുന്നു' എന്നു പരമഹംസര്‍ നരേന്ദ്രന്‍ എന്ന വിവേകാനന്ദനോട്‌ പറഞ്ഞു. ഇപ്പോള്‍ ചെറുപ്പക്കാരുടെ കണ്ണുകളില്‍ ഈശ്വരനില്ല. അവിടെ നിരാശയുടെ പടുകുഴികള്‍ മാത്രം!
 
നാടേ കേഴുക!

ഭരണക്കെടുതി: സുധാകരനും തോമസ്‌ ഐസക്കിനുമെതിരെ സിപിഐ

ഹിമജ
 
കൊച്ചി: ഇടതുമുന്നണിയിലെ സംഘര്‍ഷം രൂക്ഷം. ഘടകകക്ഷികള്‍ പല്ലും നഖവും ഉപയോഗിച്ച്‌ അന്യോന്യം എതിര്‍ക്കുന്നിടംവരെ കാര്യങ്ങള്‍ വഷളായിരിക്കുന്നു. ചില മന്ത്രിമാരുടെ നിലപാടുകളും തുടര്‍ച്ചയായുള്ള അഹന്തനിറഞ്ഞ പ്രസ്താവനകളുമാണ്‌ ഇപ്പോള്‍ മുന്നണിക്കുള്ളില്‍ പൊട്ടിത്തെറിയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത്‌.

ദേവസ്വം മന്ത്രി ജി. സുധാകരന്റെ പ്രസ്താവനകളാണ്‌ സിപിഐയെ രോക്ഷാകുലരാക്കിയിട്ടുള്ളത്‌. ശബരിമല അരവണപ്രശ്നത്തില്‍ ദേവസ്വംബോര്‍ഡ്‌ അംഗങ്ങളായ പി. നാരായണനെയും സുമതിക്കുട്ടിയമ്മയേയും വെടക്കുകളെന്നും ഇസ്ക്കാന്‍മാത്രമാണ്‌ ദേവസ്വംബോര്‍ഡ്‌ അംഗങ്ങളായതെന്നും സുധാകരന്‍ വിശേഷിപ്പിച്ചതാണ്‌ പുതിയ തര്‍ക്കത്തിന്‌ കാരണം. അരവണ നിര്‍മാണത്തിലുണ്ടായ പാകപ്പിഴ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും തന്നെ ആകെ നാണക്കേടുണ്ടാക്കിയ സാഹചര്യത്തില്‍ അതിന്റെ ഉത്തരവാദിത്തമുള്ള മന്ത്രി ബോര്‍ഡംഗങ്ങളെ മാത്രം തെരഞ്ഞുപിടിച്ച്‌ കുറ്റപ്പെടുത്തിയത്‌ സിപിഐക്ക്‌ സഹിക്കാന്‍ കഴിയുന്നില്ല. ഇഎംഎസിന്റെ മരുമകനായ ദേവസ്വംബോര്‍ഡ്‌ പ്രസിഡന്റ്‌ സി.കെ. ഗുപ്തനെ സംരക്ഷിക്കാന്‍ സുധാകരന്‍ കാണിക്കുന്ന വ്യഗ്രതയും സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്‌. അരവണ പ്രശ്നത്തില്‍ അംഗങ്ങള്‍ക്കെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടതോടെ കടുത്ത രോക്ഷത്തിലാണ്‌ സിപിഐ. അസിസ്റ്റന്റ്‌ സെക്രട്ടറി സി.എം. ചന്ദ്രന്‍, മന്ത്രി സുധാകരനെ തകരപാത്രത്തില്‍ തലകുടുങ്ങിയ ജീവിയെന്ന്‌ വിശേഷിപ്പിച്ചത്‌ ഈ സാഹചര്യത്തിലാണ്‌.

ധനമന്ത്രി ടി.എം. തോമസ്‌ ഐസക്കിന്റെ നിലപാട്‌ സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്‌. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും കിസാന്‍ശ്രീ ഇന്‍ഷുറന്‍സ്‌ പദ്ധതിക്കും ധനവകുപ്പ്‌ അംഗീകാരം നല്‍കാത്തതാണ്‌ പ്രധാന പ്രശ്നം. മാത്രമല്ല കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ കൃഷിമന്ത്രിയുടെ ഉള്‍വിളിയാണെന്ന ആക്ഷേപവും സിപിഐ ഗൗരവത്തില്‍ എടുത്തിട്ടുണ്ട്‌. ധനമന്ത്രിയുടെ അധിക്ഷേപാര്‍ഹമായ നിലപാട്‌ അവര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചുകഴിഞ്ഞു. അടുത്ത ഇടതുമുന്നണി യോഗത്തില്‍ പ്രശ്നം അവതരിപ്പിക്കുമെന്ന ഉറച്ച നിലപാടിലാണ്‌ സിപിഐ. വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ധനമന്ത്രി പണം അനുവദിക്കുന്നില്ലെന്ന പരാതി മറ്റു വകുപ്പുകള്‍ക്കുമുണ്ട്‌. പൊതുമരാമത്ത്‌ മന്ത്രി മോണ്‍സ്‌ ജോസഫ്‌ ഇക്കാര്യം തുറന്നടിച്ചത്‌ അടുത്ത ദിവസമാണ്‌. നേരത്തെ ടി.യു. കുരുവിളയും ഈ പരാതി പലവട്ടം ഉയര്‍ത്തിയിരുന്നു. ധനമന്ത്രിയുടെ നിലപാടിനെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡനും കടുത്ത പദങ്ങളുപയോഗിച്ചാണ്‌ വിമര്‍ശിച്ചത്‌.

വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ ഈ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു എന്ന അഭിപ്രായം ഘടകകക്ഷികള്‍ക്കെല്ലാമുണ്ട്‌. വിലക്കയറ്റം നിയന്ത്രിക്കുന്നതിനുപകരം മലയാളിയുടെ ഭക്ഷണശൈലി മാറ്റാനാണ്‌ ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ ആവശ്യപ്പെട്ടത്‌. ഒരു ഗ്ലാസ്‌ പാലും രണ്ടു മുട്ടയും കോഴിയിറച്ചിയുമെന്ന ദിവാകര മെനു സംസ്ഥാനത്താകെ പ്രതിഷേധത്തിന്‌ കാരണമായി. വെളിയം ഭാര്‍ഗവനുതന്നെ ദിവാകരനെതിരെ പ്രസ്താവനയുമായി രംഗത്തിറങ്ങേണ്ട ഗതികേടുണ്ടായി. ഘടകകക്ഷികളില്‍ നിന്നു മാത്രമല്ല, പ്രതിപക്ഷ കക്ഷികളില്‍നിന്നും ഈ വിഷയത്തില്‍ കടുത്ത എതിര്‍പ്പാണ്‌ ഭക്ഷ്യമന്ത്രി ഇപ്പോഴും നേരിടുന്നത്‌.

ഇതിനിടയിലാണ്‌ മുന്നണിക്കെതിരെ കടുത്ത വിമര്‍ശനവുമായി ജനതാദള്‍ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ എം.പി. വീരേന്ദ്രകുമാര്‍ രംഗത്തെത്തിയത്‌. ജനതാദള്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവേ കടുത്ത വിമര്‍ശനമാണ്‌ സര്‍ക്കാരിനെതിരെ അദ്ദേഹം അഴിച്ചുവിട്ടത്‌. സര്‍ക്കാരിന്‌ ദിശാബോധം നഷ്ടമായെന്നും ഓരോ മന്ത്രിയും ഓരോ മന്ത്രിസഭപോലെയാണ്‌ പെരുമാറുന്നതെന്നും ആയിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഇതിനിടയിലാണ്‌ എം.പി. വീരേന്ദ്രകുമാറും ടി.ജെ. ചന്ദ്രചൂഡനും തമ്മില്‍ കഴിഞ്ഞ ദിവസം രഹസ്യചര്‍ച്ച നടത്തിയത്‌. മുക്കാല്‍മണിക്കൂറോളം നീണ്ടുനിന്ന ഈ ചര്‍ച്ചയില്‍ മുന്നണി തര്‍ക്കങ്ങളാണ്‌ വിഷയമായത്‌. പ്രത്യേക ദൂതന്‍വഴി വിവരമറിയിച്ചശേഷമാണ്‌ വീരേന്ദ്രകുമാര്‍ ആര്‍എസ്പി ഓഫീസിലെത്തി രഹസ്യചര്‍ച്ച നടത്തിയത്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഏകപക്ഷീയമായ ഭരണശൈലിയാണ്‌ കൂടുതലും ചര്‍ച്ച ചെയ്യപ്പെട്ടത്‌. ഇതില്‍ ധനമന്ത്രി തോമസ്‌ ഐസക്കിന്റെയും ദേവസ്വം മന്ത്രി ജി. സുധാകരന്റെയും നിലപാടുകളും പ്രസ്താവനകളുമാണ്‌ വിശദമായ പരിശോധനയ്ക്ക്‌ വിധേയമായത്‌. മുന്നണിയുമായി സഹകരിച്ചുപോകാന്‍ കഴിയാത്തവര്‍ക്ക്‌ വിട്ടുപോകാമെന്ന സുധാകരന്റെ പ്രസ്താവനയും ഇവര്‍ മാത്രമല്ല സിപിഐയും രോഷാകുലരാണ്‌.

18 മാസം ഭരണം പിന്നിട്ടപ്പോള്‍ ഘടകകക്ഷികളുടെയും കേരളത്തിലെ വോട്ടര്‍മാരുടെയും വികാരം മാനിക്കാതെ ഏകാധിപത്യശൈലിയിലാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഭരണം നടത്തുന്നതെന്ന ആരോപണമാണ്‌ ഘടകകക്ഷികള്‍ക്കുള്ളത്‌. എല്ലാ പെരുമാറ്റചട്ടങ്ങളും മാന്യതകളും ലംഘിച്ചാണ്‌ സുധാകരനും തോമസ്‌ ഐസക്കും നിലപാടെടുക്കുന്നതെന്നും പ്രസ്താവനകളിറക്കുന്നതെന്നും ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. എന്നാല്‍ ഈ മന്ത്രിമാരെ നിയന്ത്രിക്കാനോ ശാസിക്കാനോ മുഖ്യമന്ത്രി തയ്യാറാകാത്തത്‌ മുന്നണിക്കുള്ളിലെ സംഘര്‍ഷം രൂക്ഷമാക്കിയിട്ടുണ്ട്‌.

കണ്ടവരുണ്ടോ അച്യുതാനന്ദനെ?

യുഡിഎഫ്‌ ഭരണത്തെക്കാള്‍ വെടക്കായരീതിയില്‍ എല്‍ഡിഎഫിന്റെ ഭരണം പൊടിപാറിക്കുമ്പോള്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ ഏതു മാളത്തിലാണ്‌ പോയി ഒളിച്ചിരിക്കുന്നതെന്ന സംശയമാണ്‌ ഇന്ന്‌ കേരളീയര്‍ക്കുള്ളത്‌.

ഭരണത്തിന്റെ രണ്ടുവര്‍ഷം പൂര്‍ത്തിയാകുംമുന്‍പുതന്നെ പാളയത്തിലെ പട അനിയന്ത്രിതമാകുകയും അഴിമതി വകുപ്പുകളിലും ഭരണത്തിന്റെ സര്‍വമേഖലകളിലും കൊടികുത്തിവാഴുകയും ചെയ്യുന്ന അസഹനീയ അവസ്ഥയാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌.

അഴിമതിയും മന്ത്രിമാരുടെ അഹന്തയും അനുദിനം ശക്തിപ്രാപിക്കുമ്പോള്‍ വാണംപോലെ കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി എന്ന നിലയ്ക്ക്‌ അച്യുതാനന്ദന്റെ ഭാഗത്തുനിന്നോ മന്ത്രിസഭ എന്ന നിലയ്്ക്ക്‌ കൂട്ടായ ശ്രമമോ നടക്കുന്നില്ല. അരിവില കിലോയ്ക്ക്‌ 20 രൂപയ്ക്കടുത്തെത്തിയിട്ടും വില നിയന്ത്രിക്കാനുള്ള ക്രിയാത്മകമായ നടപടികള്‍ ഒരു ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മറിച്ച്‌ മലയാളികളെ കളിയാക്കുന്ന രീതിയിലാണ്‌ ഭക്ഷ്യമന്ത്രി പ്രതികരിച്ചത്‌. വിഷം വാങ്ങിത്തിന്ന്‌ ജീവിതം അവസാനിപ്പിക്കാന്‍പോലും കഴിവില്ലാത്തവരോടാണ്‌ ഒരു ഗ്ലാസ്‌ പാലിന്റെയും രണ്ടു മുട്ടയുടേയും കോഴിക്കറിയുടേയും പോഷകസമ്പുഷ്ടതയെക്കുറിച്ച്‌ അദ്ദേഹം വാചാലനായത്‌. അദ്ദേഹത്തിന്റെ പാര്‍ട്ടി സെക്രട്ടറിപോലും ശാസനയുമായി രംഗത്തെത്തിയിട്ടും മുഖ്യമന്ത്രി പാലിക്കുന്ന മൗനം തികച്ചും പ്രതിഷേധാര്‍ഹമാണ്‌.

ഇതിലും കഷ്ടമാണ്‌ ജി. സുധാകരന്‍ സൃഷ്ടിച്ചിട്ടുള്ള വെടക്ക്‌ പ്രശ്നങ്ങള്‍. തൊട്ടതിനും പിടിച്ചതിനും താനാണ്‌ സര്‍വജ്ഞനെന്ന മട്ടില്‍ അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ മാത്രമല്ല മുന്നണിക്കാകെതന്നെ നാണക്കേടുണ്ടാക്കുന്നതാണ്‌. വാമൊഴി വഴക്കത്തിന്റെ ഭംഗിയെന്ന്‌ ഭാഷാശാസ്ത്രകാരന്മാര്‍ ചിലപ്പോള്‍ അദ്ദേഹത്തിന്റെ പ്രയോഗങ്ങളെ പ്രശംസിച്ചു എന്നിരിക്കാം. എന്നാല്‍ മദ്യപിച്ച്‌ സുബോധം നഷ്ടപ്പെടുന്നവര്‍പോലും പറയാന്‍ അറയ്ക്കുന്ന പദാവലികളാണ്‌ ആ മഹാന്റെ നാവിന്‍ത്തുമ്പില്‍ കളിയാടുന്നത്‌. ഇതിന്റെ പേരില്‍ ഒരിക്കല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ജി. സുധാകരനെ താക്കീത്‌ ചെയ്തതാണ്‌ . എന്നാല്‍ ഒരു നിയന്ത്രണത്തിനും താന്‍ വഴങ്ങില്ല എന്ന്‌ നിരന്തരം വ്യക്തമാക്കി കരിമ്പിന്‍കാട്ടില്‍ കയറിയ ഒറ്റയാനെപ്പോലെ തിമിര്‍ത്താടുകയാണ്‌ അദ്ദേഹം.

വാക്കുകള്‍കൊണ്ട്‌ അന്യര്‍ക്കുമേല്‍ ചെളിതെറിപ്പിക്കുന്ന സുധാകരന്‍ പക്ഷേ അരവണ പ്രശ്നത്തില്‍ തന്റെ ഉത്തരവാദിത്തം മറന്ന്‌ പ്രസ്താവനകളില്‍ അഭിരമിക്കുകയാണ്‌. കോടിക്കണക്കിന്‌ അയ്യപ്പഭക്തന്മാരെയാണ്‌ ഈയൊരു മനുഷ്യന്‍ നിരാശരും ദുഃഖിതരുമാക്കിയിരിക്കുന്നത്‌. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം അയ്യപ്പഭക്തര്‍ക്ക്‌ അനുഗുണമായ രീതിയില്‍ ക്രമീകരിക്കേണ്ട സുധാകരന്‍ പക്ഷേ ഘടകകക്ഷികളെ അധിക്ഷേപിക്കുന്ന അധരവ്യായാമത്തിലേര്‍പ്പെട്ട്‌ സമയം കളയുകയാണ്‌. ഇതൊന്നും അച്യുതാനന്ദന്‍ അറിയുന്നില്ലേ?

വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ധനമന്ത്രാലയം പണം അനുവദിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ട്‌ ഒരു വര്‍ഷത്തിലേറെയായി. എന്നാല്‍ താന്‍ പിടിച്ച മുയലിന്‌ മൂന്നു കൊമ്പ്‌ എന്ന ധാര്‍ഷ്ട്യത്തോടെയാണ്‌ തോമസ്‌ ഐസക്കിന്റെ സമീപനവും പെരുമാറ്റവും. കര്‍ഷക ആത്മഹത്യ തെരഞ്ഞെടുപ്പ്‌ വിഷയമാക്കിയാണ്‌ ഈ മുന്നണി അധികാരത്തിലെത്തിയത്‌. എന്നാല്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം കര്‍ഷകര്‍ക്ക്‌ ഗുണകരമാക്കാനും കര്‍ഷകശ്രീ ഇന്‍ഷുറന്‍സ്‌ പദ്ധതി വ്യാപകമാക്കാനുമുള്ള കൃഷിവകുപ്പിന്റെ ശ്രമത്തിന്‌ ഇടംകോലിട്ട്‌ വിലസുകയാണ്‌ തോമസ്‌ ഐസക്‌. എന്നുമാത്രമല്ല കൃഷിമന്ത്രി മുല്ലക്കര രത്നാകരനെ വ്യക്തിപരമായി അധിക്ഷേപിക്കാനും അദ്ദേഹം മുതിര്‍ന്നു. എഡിബിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ കേരളീയരെ പിഴിഞ്ഞ്‌ രസിക്കുകയാണ്‌ അക്ഷരാര്‍ത്ഥത്തില്‍ തോമസ്‌ ഐസക്ക്‌. സുസ്ഥിര നഗര വികസനത്തിനെന്ന പേരില്‍ എഡിബിയില്‍ നിന്ന്‌ അനാവശ്യമായി സ്വീകരിച്ച വായ്പാപണത്തിനോടുള്ള നന്ദി പ്രദര്‍ശനമാണ്‌, കേരളത്തിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്‌ പണം അനുവദിക്കാത്ത ഈ പ്രതിലോമ നിലപാട്‌.

മൂന്നാര്‍ കുടിയൊഴിപ്പിക്കല്‍ അട്ടിമറിക്കപ്പെട്ടത്‌, സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിനേറ്റ തിരിച്ചടി, മെര്‍ക്കിസ്റ്റണ്‍ ഇടപാട്‌ തുടങ്ങി ഭരണത്തിന്റെ രണ്ടാം വര്‍ഷാദ്യം ഏറ്റ പ്രഹരങ്ങള്‍ക്കുപിന്നാലെയാണ്‌ മേല്‍സൂചിപ്പിച്ച താന്തോന്നിത്തങ്ങള്‍. ഇതിനുപുറമെയാണ്‌ പിണറായിയും അച്യുതാനന്ദനും തമ്മിലുള്ള പോരിന്റെ ബാക്കിപത്രമായ ഭരണനിശ്ചലതയും കത്തോലിക്കാസഭയുമായുള്ള ഏറ്റുമുട്ടലും. ഇതും പോരാഞ്ഞിട്ടാണ്‌ പാര്‍ട്ടി സമ്മേളനങ്ങള്‍ കൊഴുപ്പിക്കാന്‍ മന്ത്രിമാര്‍ പോകുന്നതുമൂലമുണ്ടായിട്ടുള്ള ഭരണസ്തംഭനം.

ഇതൊക്കെ നേരചൊവ്വേ പരിഹരിച്ച്‌ നിയന്ത്രിക്കേണ്ടവരെ നിയന്ത്രിച്ചും ശാസിക്കേണ്ടവരെ ശാസിച്ചും ക്ഷേമപദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കിയും ഭരണത്തിന്‌ നേതൃത്വം നല്‍കേണ്ട അച്യുതാനന്ദന്‍ പക്ഷേ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ മൗനം പാലിക്കുന്നതാണ്‌ ഏറെ വലിയ വെടക്കിടപാടും പ്രതിഷേധാര്‍ഹമായ നിലപാടും.

Monday, December 10, 2007

വെടക്കുകളുടെ കരകാട്ടം!

മാലാഖമാര്‍ കയറാന്‍ മടിക്കുന്നിടത്ത്‌ ചെകുത്താന്മാര്‍ കേറി സിനിമാറ്റിക്‌ ഡാന്‍സ്‌ കളിക്കും!

'പരിപാവന'മായ ക്ഷേത്രഭരണത്തിനായുള്ള ദേവസ്വം ബോര്‍ഡില്‍ വെടക്കുകള്‍ കേറി കരകാട്ടം നടത്തും!

'വെടക്കുകള്‍ക്ക്‌ പ്രവേശനമില്ലെന്റെ മുറിയില്‍...' എന്ന്‌ ചുള്ളിക്കാട്‌ പാടിയിട്ടില്ല. കാരണം വെടക്കുകള്‍ക്കാണ്‌ ജനാധിപത്യത്തില്‍ ഭൂരിപക്ഷം!

ഒരു വെടക്കു കയറി പ്രധാനമന്ത്രിയായ കാലത്താണ്‌ ബാബറി പള്ളി പൊളിക്കപ്പെട്ടത്‌. ഒരു വെടക്കു കയറി ആഭ്യന്തരമന്ത്രിയായ കാലത്താണ്‌ രാജനെ ഉരുട്ടിക്കൊന്നത്‌. ഒരു വെടക്ക്‌ ഗുജറാത്തില്‍ വീണ്ടും വിഷം ചീറ്റുന്നു. ഒരു വെടക്ക്‌ എന്‍സിപിയില്‍ കേറി അടിയുണ്ടാക്കുന്നു!

വെടക്കുകള്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല മതത്തിലും ജാതി സംഘടനകളിലും തേര്‍വാഴ്ച നടത്തുന്നു.

നസ്രാണികള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പോസ്റ്ററൊട്ടിക്കില്ലെന്ന്‌ എഴുതി നല്‍കണമെന്നാണ്‌ പുതിയ 'വെടക്കു' പ്രസ്താവന. ഐക്യമുന്നണി പണ്ടേ ഒരു വെടക്കു മുന്നണിയായിരുന്നു. ഇടതു മുന്നണിയിലും അടുത്ത കാലത്തായി വെടക്കുകളാണ്‌ അധിപതികള്‍.

കഞ്ഞി കുടിക്കാന്‍ ഗതിയില്ലാത്തവരോട്‌ മുട്ടേം പാലും കഴിക്കാന്‍ പറയുന്നതരം വെടക്കുകള്‍ ഇതാദ്യമായാണ്‌ ഇടതുമുന്നണിയില്‍ കയറി വാഴുന്നത്‌!

സാംസ്കാരിക രംഗത്തും സ്ഥിതി വ്യത്യസ്തമല്ല. മേധാപട്കറെ ഇപ്പോള്‍ മിക്കവാറും വെടക്കുകള്‍ അറിയില്ല. യുഡിഎഫ്‌ ഭരിക്കുമ്പോള്‍ പ്രതികരണശേഷി കൂടുകയും എല്‍ഡിഎഫ്‌ ഭരിക്കുമ്പോള്‍ മുസ്ലിപവര്‍ കഴിച്ചിട്ടും ശേഷികൂടാത്തവരുമായ ഒരുതരം വെടക്കുകളുടെ ഘോഷയാത്രയാണവിടെ!

ഒക്കെയും നേരെയാക്കാന്‍ നടക്കുന്ന ദൃശ്യമാധ്യമങ്ങളാവട്ടെ എല്ലാത്തരം വെടക്കുകളേയും സ്റ്റുഡിയോയില്‍ വിളിച്ചു വരുത്തി നാട്ടാരെ മുഴുവന്‍ 'വെടക്കു' വര്‍ത്താനങ്ങള്‍ കേള്‍പ്പിക്കുന്നു.

ഈ വക വെടക്കുകള്‍ ഉണ്ടാക്കിവക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കില്ലാത്തതാണ്‌. മരങ്ങളായ മരങ്ങളൊക്കെ വെട്ടിയൊതുക്കി ഉണ്ടാക്കുന്ന ടണ്‍ കണക്കിന്‌ കടലാസാണ്‌ ഇവന്മാരുടെ വെടക്കു പ്രസ്താവനകള്‍ അടിച്ചുനിരത്താന്‍ പ്രിന്റ്‌ മീഡിയ നശിപ്പിക്കുന്നത്‌.

ചുറ്റും വെടക്കുകള്‍ അഴിഞ്ഞാടുമ്പോള്‍ നാട്ടാര്‍ വെറും വെടക്കുകളായി മാറുന്ന കാലം വരും. അന്നാളില്‍ ജി. സുധാകരന്‍ വരെ അറിയും, പൗരന്മാര്‍ വെടക്കുകളായാലത്തെ ഗുണദോഷങ്ങള്‍!

ഒരു 'വായാടി'യും,ചില 'വെടക്കു'കളുംനാണംകെട്ട 'ഇസ്കലും'

നാക്കിന്‌ എല്ലില്ലെങ്കില്‍ എങ്ങനെ ഒരു ഭരണസംവിധാനത്തെ അവമതിക്കാമെന്നും എങ്ങനെ ദേവസ്വം ഭരണം വെടക്കാക്കാമെന്നും തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌ മന്ത്രി സുധാകരനും ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ സി.കെ. ഗുപ്തനും അംഗങ്ങളായ പി. നാരായണനും സുമതിക്കുട്ടിയമ്മയും.

ഇവരുടെ തമ്മില്‍ത്തല്ലും തൊഴുത്തില്‍ക്കുത്തും ആരോപണ പ്രത്യാരോപണങ്ങളും മൂലം ദുരിതമനുഭവിക്കുന്നതും കഷ്ടപ്പെടുന്നതും മനസ്സറിയാതെയാണെങ്കിലും ഭരണത്തെ പ്രാകിപോകുന്നതും ശബരിമല തീര്‍ത്ഥാടകരാണ്‌.

ശബരിമല തീര്‍ത്ഥാടകരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രസാദമാണ്‌ അരവണ. ഭക്തര്‍ക്ക്‌ അത്‌ സൗജന്യമായല്ല നല്‍കുന്നത്‌. പണം നല്‍കിയാണ്‌ അയ്യപ്പന്മാര്‍ അപ്പം-അരവണകളടങ്ങുന്ന പ്രസാദം വാങ്ങുന്നത്‌. എന്നാല്‍ ഇത്തവണ അരവണ പ്രസാദമില്ലാതെ മലയിറങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ്‌ അയ്യപ്പന്മാര്‍.

അയ്യപ്പഭക്തരെ സംബന്ധിച്ചിടത്തോളം ഒരിക്കലും സഹിക്കാന്‍ കഴിയാത്ത വേദനയാണ്‌ അരവണയില്ലാതെയുള്ള മടക്കയാത്ര. അരവണയിനത്തില്‍ കോടികളാണ്‌ വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡിനും അതിലൂടെ കേരള സര്‍ക്കാരിനും ലഭിച്ചിരുന്നത്‌. ഒപ്പം ഈ പ്രസാദവിതരണം അഴിമതിയുടെ അപ്പചെമ്പാക്കി മാറ്റാന്‍ ദേവസ്വം അധികൃതരും കരാറുകാരും ശ്രമിക്കുകയും ചെയ്തിരുന്നു. ഈശ്വരനെ വിറ്റ്‌ ഇവരില്‍ ചിലര്‍ കാശാക്കിയപ്പോഴും അയ്യപ്പ ഭക്തന്മാര്‍ക്ക്‌ ആവശ്യത്തിന്‌ അരവണ ലഭിച്ചിരുന്നു. അതുകൊണ്ട്‌ ദേവസ്വം അധികൃതരുടെ അഴിമതി, ഭക്തര്‍ ഗൗനിച്ചിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം സംഗതിയാകെ തകിടം മറിഞ്ഞു.

സന്നിധാനത്തേയും ദേവസ്വം ബോര്‍ഡിനേയും അഴിമതിയില്‍ നിന്ന്‌ മുക്തനാക്കിയേ അടങ്ങൂ എന്ന വാശിയോടെയാണ്‌ ഈശ്വരഭക്തനല്ലെങ്കിലും ജി. സുധാകരന്‍ വകുപ്പേറ്റെടുത്തത്‌. അദ്ദേഹം ദേവസ്വം മന്ത്രിയാകും മുമ്പ്‌ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു സംഘമായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണം കയ്യാളിയിരുന്നത്‌. ആ അഴിമതി വേതാളങ്ങളെ പിണ്ഡംവച്ച്‌ പുറത്താക്കി സുതാര്യവും അഴിമതിരഹിതവുമായ ദേവസ്വം ഭരണം കാഴ്ചവെക്കാനാണ്‌ ഇഎംഎസിന്റെ മരുമകനെ പ്രസിഡന്റായും സിപിഐയുടെ പി. നാരായണനെയും ആര്‍എസ്പിയുടെ സുമതിക്കുട്ടിയമ്മയേയും അംഗങ്ങളാക്കി ദേവസ്വം ബോര്‍ഡ്‌ പുനഃസംഘടിപ്പിച്ചത്‌.
കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും എന്ന്‌ പറഞ്ഞതുപോലെ ഇവര്‍ അധികാരമേറ്റ ദിവസം മുതല്‍ തന്നെ പാരവെപ്പും കാലുവാരലും ആരംഭിച്ചു. ആ കലാപരിപാടി അനസ്യൂതം നടന്നപ്പോള്‍, അവരെ നിയന്ത്രിക്കേണ്ട മന്ത്രി തന്റെ വായ്മൊഴി വഴക്കത്തിന്റെ ഭംഗികൊണ്ട്‌ പ്രശ്നം കൂടുതല്‍ വഷളാക്കുകയും ചെയ്തു.. അങ്ങനെ ഈ വഷളന്മാര്‍ വാര്‍ത്തകളില്‍ നിറഞ്ഞാടിയപ്പോള്‍ നടക്കാതെ പോയത്‌ അരവണ തയ്യാറാക്കലായിരുന്നു.

മണ്ഡല-മകരവിളക്ക്‌ കാലമൊഴിച്ചാല്‍ മാസത്തില്‍ അഞ്ച്‌ ദിവസം മാത്രം നടതുറക്കുന്ന ശബരിമലയില്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത്‌ അരവണ നിര്‍മ്മിച്ച്‌ സ്റ്റോക്ക്‌ ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ വെടക്കുകളെന്ന്‌ സുധാകരന്‍ വിശേഷിപ്പിക്കുന്ന അംഗങ്ങള്‍ക്ക്‌ അതിന്‌ സമയം കണ്ടെത്താന്‍ കഴിഞ്ഞില്ല. പകരം സുധാകരന്റെ തന്നെ ആരോപണമനുസരിച്ചുള്ള ഇസ്കലിന്‌ കളമൊരുക്കുകയായിരുന്നു ഇവരെന്ന്‌ ഇപ്പോള്‍ അനുഭവപ്പെടുന്ന അരവണ ക്ഷാമം വ്യക്തമാക്കുന്നു.

ഇതിനിടയില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു ആരോപണവും പ്രസക്തമാവുന്നു. ഇത്തവണത്തെ അരവണ നിര്‍മ്മാണത്തിന്‌ കരാര്‍ നല്‍കിയതിലെ ക്രമക്കേടാണ്‌ അത്‌. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ക്വട്ടേഷനുകള്‍ അവഗണിച്ച്‌, ദേവസ്വം ബോര്‍ഡിലെയും വകുപ്പിലെയും ആരുടെയൊക്കെയോ താല്‍പര്യക്കാരനായ ഒരു വ്യക്തിക്ക്‌ കരാര്‍ നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവര്‍ കമ്മീഷന്‍ പറ്റുകയും ചെയ്തു. എന്നാല്‍ നടതുറന്ന ദിവസം തന്നെ അരവണക്ഷാമം അനുഭവപ്പെട്ടപ്പോഴാണ്‌ ഇതിലെ കള്ളക്കളി വ്യക്തമായത്‌. എമ്പ്രാനും അമ്പലവാസികളും കട്ടുമുടിക്കുന്ന കഥ പുറത്തുവന്നപ്പോള്‍ കരാര്‍ റദ്ദാക്കി അരവണ നിര്‍മ്മാണം ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാക്കി. അതോടെ എല്ലാം കുളമായി.

ഇവിടം മുതലാണ്‌ മന്ത്രിയും ബോര്‍ഡ്‌ അംഗങ്ങളും തമ്മില്‍ തെറ്റുന്നത്‌. ആ തെറ്റലിന്റെ പരിണതിയിലാണ്‌ പി. നാരായണനേയും സുമതിക്കുട്ടിയമ്മയേയും വെടക്കുകളെന്നും ഇസ്കാനാണ്‌ അവര്‍ അംഗങ്ങളായതെന്നും സുധാകരന്‍ ആരോപിച്ചത്‌. പക്ഷേ, പശ്ചാത്തലത്തില്‍ സുധാകരനെതിരെ ഒരു ആരോപണത്തിന്റെ ശക്തമായ ഹുങ്കാരം കേള്‍ക്കാനുണ്ട്‌. ആരോപണം ഉന്നയിച്ചതാകട്ടെ വെളിയം ഭാര്‍ഗവനും. സുധാകരന്‌ താല്‍പര്യമുള്ള ആര്‍ക്കോ അരവണ നിര്‍മ്മാണത്തിന്റെ ക്വട്ടേഷന്‍ കൊടുക്കാന്‍ കഴിയാത്തതാണ്‌ മന്ത്രിയുടെ വായാടിത്തത്തിന്‌ കാരണമെന്നാണ്‌ വെളിയം പറഞ്ഞത്‌.

ഇതിലെ ന്യായാന്യായങ്ങള്‍ അയ്യപ്പഭക്തരെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ പ്രസക്തമല്ല. നോമ്പുനോറ്റ്‌ ശബരീശനെ തൊഴുത്‌ മടങ്ങുമ്പോള്‍ ആ ദര്‍ശന പുണ്യത്തിന്റെ പ്രതീകമായി അരവണ പായസം ലഭിക്കേണ്ടതാണ്‌ അവരുടെ ആവശ്യം. ഈ ഭക്തര്‍ കാണിക്കയായി അര്‍പ്പിക്കുന്ന കോടികള്‍ സ്വന്തമാക്കുകയും അവര്‍ക്ക്‌ അത്യാവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതിരിക്കുകയും ചെയ്യുന്ന വൃത്തികേടിന്റെ മറ്റൊരു മുഖമാണ്‌ അരവണ നിഷേധത്തിലൂടെ ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്‌. പാലുള്ള അകിടില്‍ നിന്ന്‌ ചോരമാത്രം ഊറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്ക്‌ അയ്യപ്പഭക്തന്മാരുടെ വികാരം മനസിലാക്കാന്‍ കഴിയാത്തത്‌ സ്വാഭാവികമെന്ന്‌ പറഞ്ഞൊഴിയുന്നത്‌ മാന്യമല്ല. ഇത്‌ വഞ്ചനയാണ്‌. കൊടിയ വഞ്ചന. കോടികള്‍ പോക്കറ്റിലാക്കി കോടിക്കണക്കിന്‌ അയ്യപ്പഭക്തരെ ദുഃഖിതരും പ്രകോപിതരുമാക്കുന്ന വഞ്ചന.

അയ്യപ്പന്‍ പുലിരൂപത്തില്‍ അവതരിച്ച്‌ ഈ വായാടികളെയും വെടക്കുകളെയും ഇസ്കലുകാരെയും നിഗ്രഹിച്ചിരുന്നെങ്കിലെന്ന്‌ ആശിക്കാനേ ഇപ്പോള്‍ കഴിയൂ.

Sunday, December 9, 2007

ഊണും ഉറക്കവും എന്തിന്‌? പോരാട്ടമാണ്‌ കാര്യം!

കേരളത്തിലെ മന്ത്രിമാരുടെ കഴിവുകളെയും കഴിവുകേടുകളെയും കുറിച്ച്‌ തര്‍ക്കമുള്ളവരുണ്ടാകാം. എന്നാല്‍ കൂട്ടത്തില്‍ ഏറ്റവും മണ്ടന്‍, ദിവാകരനാണെന്ന കാര്യത്തില്‍ സി.പി.ഐക്കാര്‍ക്ക്‌ പോലും തര്‍ക്കം കാണില്ല!

ജനത്തെ ഏറ്റവും ബാധിക്കുന്ന ഭക്ഷ്യവകുപ്പുതന്നെ ദിവാകരനു നല്‍കിയവന്മാരുടെ ബുദ്ധിയും അപാരം. ചോറുതന്നെ ഉണ്ണണ്ണം എന്നാരും വാശിപിടിക്കരുതെന്നാണ്‌ ദിവാകരന്‍ അരുള്‍ ചെയ്തത്‌. പൗരന്മാരുടെ വോട്ടുകൂമ്പാരത്തിനുമുകളില്‍ കയറി നിന്നാണ്‌ ആള്‍ മുണ്ടുപൊക്കിക്കാട്ടുന്നത്‌!

ഭരണത്തിന്റെ രണ്ടാം വര്‍ഷം എത്തും മുമ്പെ ഇതാണ്‌ നിലപാടെങ്കില്‍ ഇനിയങ്ങോട്ട്‌ എന്തൊക്കെ വെളിപാടുകളാണ്‌ മന്ത്രിയദ്ദേഹം പുറത്തുവിടാന്‍ പോകുന്നതെന്നോര്‍ത്തിട്ട്‌ പേടിയാകുന്നു.

'ഉണ്ണണ്ണം' എന്നാരും വാശിപിടിക്കരുതെന്നാവാം അടുത്ത തിരുവചനം ഊണും ഉറക്കവുമൊക്കെ ബൂര്‍ഷ്വാ ജീവിതശൈലികളത്രെ. തൊഴിലാളികള്‍ക്കുമുന്നില്‍ 'പോരാട്ടം' എന്നൊരു സംഗതി മാത്രമേയുള്ളൂ!

ഒരു പോരാളിക്ക്‌ ഊര്‍ജം പകരുന്നത്‌ മുട്ടയും പാലുമല്ല; കഞ്ഞിയും പയറുമല്ല. പിന്നെയോ; ദിനേശ്‌ ബീഡിയും കട്ടന്‍ ചായയുമത്രെ!

ബീഡിയും കട്ടനും കഴിച്ച്‌ കാലയാപനം നടത്താന്‍ ഇനിയും പാര്‍ട്ടിയില്‍ ആളെ കിട്ടില്ലെന്ന്‌ സിപിഎം കാര്‍ക്കറിയാം. സഖാവ്‌ ജയരാജന്‍ പാര്‍ട്ടിയെ 'കോടി' പുതപ്പിക്കാന്‍ നടക്കുന്നത്‌ അതിനാലാണ്‌!

പാര്‍ട്ടിയില്‍ ആളെ കൂട്ടാന്‍ അമ്യൂസ്മെന്റ്‌ പാര്‍ക്കില്‍ ഊഞ്ഞാലാട്ടിക്കൊടുക്കേണ്ട കാലമാണ്‌ വരുന്നത്‌. സിപിഐക്കാര്‍ അത്‌ സമ്മതിക്കില്ല. ഒറിജിനല്‍ കമ്യൂണിസം അവരുടെ കയ്യിലിരിക്കുകയാണ്‌.

വിലക്കയറ്റം എന്നത്‌ വെറുമൊരു കുപ്രചരമാണ്‌. ഇവിടെ വിലക്കയറ്റം എന്നൊന്നില്ല. ഏതു പാവപ്പെട്ടവനും സുഖമായി ജീവിക്കാം - ഈ സര്‍ക്കാരിന്റെ കാലത്ത്‌. സിപിഐ ജനയുഗം തുടങ്ങിതുകണ്ടില്ലേ. യുഡിഎഫാണ്‌ ഭരിച്ചിരുന്നതെങ്കില്‍ ജനയുഗം പോയിട്ട്‌ ഒരു നോട്ടീസ്‌ പോലും ഇറക്കാന്‍ വകുപ്പുണ്ടാകുമോ?

ബൂര്‍ഷാ മാധ്യമമായ വീക്ഷണവും വിപ്ലവ മാധ്യമമായ ജനയുഗവും തമ്മില്‍ വല്ല വ്യത്യാസവുമുണ്ടോ? ഒരേതരം പേപ്പര്‍, ഒരേതരം ലേ ഔട്ട്‌, ഒരേതരം പ്രിന്റിംഗ്‌, ഒരേതരം ഉള്ളടക്കം! അതാണ്‌ ഇടതുസര്‍ക്കാരിന്റെ ഗുണം.
നാട്ടുകാരുടെ ഊണും ഉറക്കവും കുറഞ്ഞാലും കമ്യൂണിസം നടപ്പാവും.

ആരും ഒന്നിനും വാശിപിടിക്കരുത്‌!

Saturday, December 8, 2007

അലക്സാണ്ട്രയുടെ കീക്കും കരുണാകരന്റെ പാലും ദിവാകരന്റെ മുട്ടയും

"റൊട്ടിയില്ലെങ്കില്‍ കേക്ക്‌ കഴിച്ചുകൂടെ" എന്നു ചോദിച്ച റഷ്യന്‍ ചക്രവര്‍ത്തിനി അലക്സാണ്ട്രയുടെയും "പാലു കഴിക്കൂ, അരി ആഹാരങ്ങള്‍ കുറയ്ക്കൂ" എന്നാഹ്വാനം ചെയ്ത കരുണാകരന്റെയും അധികാര വൈതാളികത്വം ഒന്നിച്ച്‌ ജന്മം കൊണ്ടതാണ്‌ പൊതുവിതരണ മന്ത്രി സി. ദിവാകരന്‍ എന്ന്‌ വിശ്വസിക്കേണ്ടിവരുന്നു.

വിശപ്പടക്കമുള്ള ജനങ്ങളുടെ അടിസ്ഥാന വികാരങ്ങളും ആവശ്യങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത ഭരണവര്‍ഗ പൈശാചികത്വത്തിന്റെ ബീഭല്‍സതയായാണ്‌ ദിവാകരനിപ്പോള്‍ കേരള ജനതയ്ക്കുമുന്നില്‍ നില്‍ക്കുന്നത്‌. അടിസ്ഥാനവര്‍ഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെയാണ്‌ താനൊരു ജനനേതാവും ഇപ്പോള്‍ മന്ത്രിയും ആയതെന്ന്‌ വിനയാന്വിതനായി സമ്മതിക്കുന്ന ദിവാകരന്റെ ഉള്ളില്‍, പക്ഷെ ആഢംബരവും ഡംഭും വിഡ്ഢിത്തരവും അധികാരഗര്‍വുമാണ്‌ നിറഞ്ഞുലയുന്നതെന്ന്‌ അദ്ദേഹം മന്ത്രിയായി അധികാരമേറ്റ നിമിഷംതന്നെ മനസിലായതാണ്‌. ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച നന്ദികേടാണ്‌ ദിവാകരന്‍. ഭാര്യയുടെയും വാസ്തുവിദഗ്ധരുടെയും ജ്യോതിഷികളുടെയും വാക്കുകളായിരുന്നു, ജനാഭിലാഷത്തെക്കാള്‍ ദിവാകരനപ്പോള്‍ പഥ്യം.

എന്നാല്‍ ലക്ഷങ്ങള്‍ മുടിച്ചശേഷം മോടിപിടിപ്പിച്ച ഔദ്യോഗിക വസതിയില്‍നിന്ന്‌ മൂടുംതട്ടിപ്പോയി ആദര്‍ശധീരത തെളിയിക്കാന്‍ തെല്ലും ഉളുപ്പുമില്ലായിരുന്നു. 60-ാ‍ം വയസിലും ഡൈ ചെയ്ത്‌ കറുപ്പിച്ച മുടിയുമായി കാപട്യത്തിന്റെ ജീവിക്കുന്ന പ്രതീകമായി ദിവാകരന്‍ മന്ത്രിസ്ഥാനത്തു തുടരുമ്പോള്‍ ഇത്തരം കൊള്ളരുതായ്മകള്‍ വാക്കുകളായി പുറത്തുവരുന്നത്‌ കാവ്യനീതിയാണ്‌.

അരിയുള്‍പ്പെടെയുളള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ കേരളത്തിലെ ജനങ്ങള്‍ വീര്‍പ്പുമുട്ടുമ്പോള്‍ പരിഹാരത്തിന്റെ ഏതെങ്കിലുമൊരു ശ്രമം നടത്താതെ ഉദ്ബോധനത്തിന്റെ വൃത്തിക്കേടുകളിലേക്ക്‌ കൂപ്പുകുത്തുകയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ്‌ അരിവില വര്‍ധനയുടെ തിരിച്ചടിയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ കേരളീയന്റെ ആഹാരരീതി പരിഷ്ക്കരിക്കണമെന്നു പറയാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞത്‌. അരിയാഹാരത്തിനുപകരം രണ്ടുമുട്ടയും ഒരു ഗ്ലാസ്‌ പാലും, കോഴിയിറച്ചിയും കഴിച്ചാല്‍ വിലവര്‍ധനയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന്‌ രക്ഷപ്പെടാമെന്നാണ്‌ ദിവാകരസൂക്തം.

കൂട്ടില്‍ കോഴിയുണ്ട്‌, വീട്ടില്‍ പശുവുണ്ട്‌ അതുകൊണ്ട്‌ നമുക്ക്‌ ചോറുതന്നെ വേണോ? ഒരു ഗ്ലാസ്‌ പാലും കോഴിയിറച്ചിയും പോരെ? എന്നാണ്‌ പെരിങ്ങോട്ടുകരയില്‍ ആരംഭിച്ച സംസ്ഥാന മൃഗസംരക്ഷണമേള ഉദ്ഘാടനം ചെയ്തുകൊണ്ട്‌ ദിവാകരന്‍ ചോദിച്ചത്‌. ഇതിന്‌ അദ്ദേഹത്തിന്‌ രണ്ട്‌ 'ഞായം' പറയാനുണ്ടായിരുന്നു. ഒന്ന്‌ ആദ്യം സൂചിപ്പിച്ച വിലക്കയറ്റം. രണ്ട്‌ ഓംലെറ്റും ചിക്കന്‍ഫ്രൈയും പാലും കഴിക്കാന്‍ തമിഴ്‌നാടിന്‌ 1500 കോടി രൂപയാണ്‌ കേരളം നല്‍കുന്നത്‌. ആ തുക ലാഭിക്കാം.

വിവരക്കേടിന്റെ നരച്ച തല കറുപ്പിച്ചാല്‍ അത്‌ ദിവാകരനാകുമെന്ന്‌ ഇപ്പോള്‍ വ്യക്തമായി. കിലോയ്ക്ക്‌ 14-16 രൂപ വിലയുള്ള അരി വാങ്ങാന്‍ കഴിയാത്തവരോടാണ്‌ പാലും മുട്ടയും കോഴിയിറച്ചിയും കഴിച്ച്‌ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താനുള്ള ഉപദേശം. സാധാരണ ഹോട്ടലിലെ കണക്കുവച്ച്‌ ഒരു ഗ്ലാസ്‌ പാലിനും രണ്ടു മുട്ടയ്ക്കും ഒരു പ്ലേറ്റ്‌ കോഴിയിറച്ചിക്കും ഒരു നേരത്തിന്‌ 38 രൂപയാകും. നാലംഗങ്ങളുള്ള ഒരു കുടുംബത്തിന്‌ ഒരു നേരത്തേക്ക്‌ 152 രൂപ. ഒരു ദിവസത്തേക്ക്‌ അപ്പോള്‍ 456 രൂപ.

ഇത്തരം വിഡ്ഢിത്തങ്ങളും വിവരക്കേടുകളും വിളമ്പുന്ന പുംഗവന്മാര്‍ ഭരിക്കുമ്പോള്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കുന്നതെങ്ങിനെ? നാക്കിനെല്ലില്ലാത്ത മറ്റൊരു മന്ത്രി പുംഗവന്‍ അവകാശപ്പെട്ടത്‌ തന്റെ ഭാര്യയ്ക്ക്‌ പ്രതിമാസം 30,000 രൂപ ശമ്പളമുണ്ടെന്നും 22 ലക്ഷത്തിന്റെ സമ്പാദ്യമുണ്ടെന്നുമാണ്‌. ഇതിന്‌ സമാനമായ സമ്പാദ്യം ദിവാകരനുമുണ്ടായിരിക്കും. കാരണം അങ്ങോരുടെ ഭാര്യ സംസ്ഥാന പിആര്‍ഡി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയാണല്ലോ. ഇത്തരം സുഖിമാന്മാരുടെ ഉപദേശം കേള്‍ക്കാന്‍ മാത്രം കേരളീയര്‍ എന്തുതെറ്റാണ്‌ ചെയ്തത്‌? വോട്ട്‌ ചെയ്ത്‌ വിജയിപ്പിച്ച്‌ അവരെ മന്ത്രിമാരാക്കിയതോ?

അടിസ്ഥാന വര്‍ഗങ്ങളുടെയും ദുര്‍ബലവിഭാഗത്തിന്റെയും പ്രാന്തവല്‍ക്കൃത ജനസമൂഹത്തിന്റെയും ഉന്നമനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു എന്നവകാശപ്പെടുന്ന സഖാവ്‌ അച്യുതാനന്ദന്‍ നേതൃത്വം കൊടുക്കുന്ന മന്ത്രിസഭയിലെ അംഗങ്ങളാണ്‌ ഇത്തരം വായാടികള്‍. ഇവരെ വച്ചുപൊറുപ്പിക്കുന്ന അച്യുതാനന്ദനാണ്‌ യഥാര്‍ത്ഥത്തില്‍ കുറ്റവാളി. ജനങ്ങളെയും അവരുടെ വികാരങ്ങളെയും ആവശ്യങ്ങളെയും തിരിച്ചറിയാന്‍ കഴിയാത്ത ഇത്തരം വേതാളങ്ങളെ പേറാന്‍ കേരളീയര്‍ വിക്രമാദിത്യന്മാരൊന്നുമല്ല. വേതാളങ്ങളുടെ ഉപദേശങ്ങള്‍ കേട്ടില്ലെങ്കില്‍ തലപൊട്ടിത്തെറിക്കാനും പോകുന്നില്ല. അതുകൊണ്ട്‌ കൂട്ടിലെ കോഴി, വീട്ടിലെ പശു, തിന്നടാ തിന്ന്‌ എന്നൊക്കെ ഉപദേശിക്കുന്ന ഈ ഉപരിവര്‍ഗ വിപ്ലവ വിവരക്കേടുകളെ ഉന്മൂലനം ചെയ്യുകയാണ്‌, കേരളീയന്റെ സമാധാന ജീവിതത്തിന്‌ അത്യാന്താപേക്ഷിതമായ കാര്യം.

Friday, December 7, 2007

ഒലയ്ക്കക്കടിച്ചു വളര്‍ത്തുക

പെറ്റതള്ളക്കും പോറ്റിയ തന്തക്കും ചെലവിനു കൊടുക്കണമെങ്കില്‍ പോലും നിയമനടപടി വേണമെന്നായിരിക്കുന്നു!

കലികാലം എന്ന കാലത്ത്‌ ഇതിനപ്പുറവും നടക്കും. ഇന്നലെ പാര്‍ലമെന്റില്‍ പാസാക്കിയ നിയമം 'മെയ്ന്റനന്‍സ്‌ ആന്റ്‌ വെല്‍ഫെയര്‍ ഓഫ്‌ പാരന്റ്സ്‌ ആന്റ്‌ സീനിയര്‍ സിറ്റിസണ്‍സ്‌ 2007' അനുസരിച്ച്‌ നിയമലംഘര്‍ക്ക്‌ മൂന്നുമാസം തുറുങ്കില്‍ കിടക്കേണ്ടിവരും!

മെയ്ന്റനന്‍സ്‌ ആന്റ്‌ വെല്‍ഫെയര്‍ ഓഫ്‌ പാരന്റ്സ്‌ എന്ന്വച്ചാല്‍ തള്ളതന്തമാരുടെ 'അറ്റകുറ്റപ്പണിയും' ക്ഷേമവും!

തള്ളയ്ക്കും തന്തയ്ക്കും 'പാര'വയ്ക്കുന്ന മക്കള്‍ക്ക്‌ പാരന്റ്സിന്റെ വക പാര!

ബില്ലുപ്രകാരം കരുണാകരന്‍ എന്ന വയോവൃദ്ധന്‍ പരാതി നല്‍കിയാല്‍ മുരളിയുടെ എന്‍സിപി മൂന്നു മാസത്തേക്ക്‌ പൂട്ടും!

കരുണാകരന്റെ ക്ഷേമം നോക്കാതെ രാജ്യക്ഷേമം നോക്കുന്ന മുരളിയെ വെറുതെ വിടാമോ? കുറുമ്പ്‌ ഇനിയുമെടുത്താല്‍ ബാലകൃഷ്ണപിള്ളക്ക്‌ ഗണേശനിട്ടും ഈ ബില്ലുവച്ച്‌ വില്ലുകുലക്കാം. ഗണേശന്റെ കോണ്‍ഗ്രസ്‌ സൊപ്പനം കട്ടപ്പൊക!

പാരന്റ്സിന്റെ പരാതി പരിഗണിക്കാന്‍ ജില്ലകള്‍ തോറും ട്രൈബ്യൂണലുകള്‍ വരും. ഇത്രയൊക്കെ ചെയ്തിട്ടും ക്ഷേമം നടപ്പായില്ലെങ്കിലോ എന്ന ആശങ്കയുള്ളതിനാല്‍ വൃദ്ധസദനങ്ങള്‍ തുറക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്‌. മാമ്പൂകണ്ടും മക്കളെ കണ്ടും സ്വപ്നമൊന്നും കാണരുതെന്ന്‌ പഴമക്കാര്‍ പറഞ്ഞുവച്ചിട്ടുണ്ട്‌. മക്കളെ മുന്തിയ ഇനം പഠിത്തത്തിനുവിട്ട്‌ വല്യ ഉദ്യോഗസ്ഥ പ്രമാണികളാക്കാന്‍ ഉറക്കം നില്‍ക്കുന്ന തള്ളതന്തമാരാണ്‌ രണ്ടാമതൊന്ന്‌ ചിന്തിക്കേണ്ടത്‌. വയസാം കാലത്ത്‌ ട്രൈബ്യൂണല്‍ വരാന്ത നിരങ്ങി 'അറ്റകുറ്റപ്പണിക്കും' അരിമേടിക്കാനും മക്കള്‍ക്കെതിരെ കേസുകൊടുക്കേണ്ട ഗതികേട്‌ നിങ്ങള്‍ക്കും വന്നേക്കാം!

കൈക്കൂലി കൊടുത്തു വാങ്ങുന്ന സീറ്റില്‍ പഠിച്ചുവളരുന്ന മക്കള്‍ കൈക്കൂലിക്കാരുതന്നെയാവും. അവര്‍ നിങ്ങളോടു കണക്കുപറയും! ആരാന്റെ മക്കളെ തോപ്പിക്കാന്‍ ജൂറിയംഗങ്ങള്‍ക്കു കൈക്കൂലി കൊടുത്തു കലാതിലകമാക്കുന്ന മക്കള്‍ ഭാവിയില്‍ പതിനെട്ടടവും പയറ്റി നിങ്ങളെ തോല്‍പ്പിക്കും!

സ്വാതന്ത്ര്യം കിട്ടി ഇക്കാലമത്രയുംകൊണ്ട്‌ കാക്കത്തൊള്ളായിരം നിയമങ്ങളുണ്ടാക്കിവച്ച സര്‍ക്കാര്‍ ഈ നിയമവും തമാശയ്ക്കുണ്ടാക്കിയെന്നേയുള്ളൂ. അത്‌ കാര്യത്തിലെടുക്കേണ്ട.

ആകയാല്‍ മക്കളുടെ അറ്റകുറ്റപ്പണികള്‍ മുറക്ക്‌ ചെയ്തുവളര്‍ത്തുക. ഒന്നുള്ളതിനെ ഒലയ്ക്കക്കുതന്നെ അടിച്ചുവളര്‍ത്തുക!

സൂക്ഷിച്ചാല്‍ കേസിനു പോകേണ്ട!

തലരക്ഷിക്കാത്ത നിയമങ്ങളുടെ വധശിക്ഷകള്‍!

ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്ക്‌ വീണ്ടും ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വരുന്നു. വാഹനാപകടങ്ങളില്‍ പെടുന്നവരുടെ തല രക്ഷിക്കാനാണ്‌ ഹെല്‍മറ്റ്‌ എന്ന്‌ അധികൃതരും ഡോക്ടര്‍മാരും പറയുന്നു.

എന്നാല്‍ ഹെല്‍മറ്റ്‌ അസഹനീയമായ ഏടാകൂടമാണെന്ന്‌ അതുപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍ പരാതിപ്പെടുന്നു. ഏതെങ്കിലും ഒരു നിയമം പാസാക്കി നടപ്പിലാക്കുമ്പോള്‍ വ്യക്തികളുടെ സൗകര്യമല്ല സമൂഹത്തിന്റെ നന്മയും സുരക്ഷയുമാണ്‌ ലക്ഷ്യമിടുന്നത്‌. ആ അര്‍ത്ഥത്തില്‍, പ്രത്യേകിച്ച്‌ പെരുകിവരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കുന്ന നിയമം സ്വീകാര്യമാകേണ്ടതും അതുകൊണ്ട്‌ ലക്ഷ്യമിടുന്ന നന്മ സാര്‍ത്ഥകമാകേണ്ടതുമാണ്‌.

എന്നാല്‍ കേരളത്തില്‍ അനുഭവം നേരെ തിരിച്ചാണ്‌. ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കിയതിന്‌ ശേഷമുണ്ടായ വാഹനാപകടങ്ങളില്‍ മാരകമായി തലയ്ക്ക്‌ പരിക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണം ഭയാനകമായ വിധത്തില്‍ പെരുകുകയാണ്‌.

ഇടയ്ക്ക്‌ ഇളവനുവദിച്ച ഹെല്‍മറ്റ്‌ നിയമം സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ഈ വര്‍ഷം ആദ്യം വീണ്ടും നിര്‍ബന്ധമാക്കുകയായിരുന്നു. നിയമം നിലവില്‍വന്നതിന്‌ ശേഷമുള്ള ആറുമാസത്തെ ഇരുചക്ര വാഹനാപകടങ്ങളുടെയും ആ അപകടത്തില്‍ പെട്ട്‌ മരിച്ചവരുടെയും എണ്ണം ഞെട്ടിപ്പിക്കുന്നതാണ്‌.

എറണാകുളം ജില്ലയില്‍ മാത്രം ഈ ആറുമാസത്തിനിടയില്‍ 84 പേരാണ്‌ വാഹനാപകടത്തില്‍ മരിച്ചത്‌. 996 പേര്‍ അപകടത്തില്‍ പെട്ടു. അതേസമയം ഹെല്‍മറ്റ്‌ നിര്‍ബന്ധമല്ലാതിരുന്ന കഴിഞ്ഞവര്‍ഷം 1922 അപകടങ്ങളും 120 മരണവുമാണ്‌ ഉണ്ടായത്‌. 2005 ല്‍ 103 മരണവും 2004 ല്‍ 81 മരണവുമാണ്‌ ഉണ്ടായത്‌.

കൊച്ചി നഗരത്തില്‍ കഴിഞ്ഞവര്‍ഷം 941 അപകടങ്ങളിലായി 57 മരണം സംഭവിച്ചപ്പോള്‍ ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കിയ ശേഷമുള്ള ആദ്യ ആറുമാസത്തിനിടയില്‍ 629 അപകടവും 35 മരണവും സംഭവിച്ചു. ഇതിന്‌ ആനുപാതികമാണ്‌ മറ്റു ജില്ലകളില്‍ നിന്നുള്ള കണക്കുകളും.

ഇരുചക്ര വാഹനാപകടത്തിന്‌ നിരവധി കാരണങ്ങളുണ്ട്‌. റോഡുകളുടെ ശോച്യാവസ്ഥ, വാഹനങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധന, ട്രാഫിക്‌ നിയമങ്ങള്‍ പാലിക്കുന്നതിലുള്ള വീഴ്ച തുടങ്ങി കാരണങ്ങള്‍ നീളുന്നു. എന്നാല്‍ ഇരുചക്ര വാഹനം ഓടിക്കുന്ന യുവാക്കളാണ്‌ അപകടത്തില്‍ പെടുന്നവരില്‍ 90 ശതമാനത്തിലധികം പേരും. ഇതിനു കാരണമായി പറയുന്നത്‌ യുവജനങ്ങളുടെ ലഹരി ആസക്തിയും അമിത വേഗവുമാണ്‌. ജോര്‍ജ്ജ്‌ ഓണക്കൂറിന്റെ ഒരു കഥാപാത്രമുണ്ട്‌. പൈലറ്റാകാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട യുവാവ്‌. അതുകൊണ്ട്‌ തന്റെ ബുള്ളറ്റ്‌ ബൈക്കിലെ സെയിലന്‍സര്‍ ഊരിമാറ്റി അമിതവേഗത്തില്‍ ബൈക്കോടിച്ചാണ്‌ തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നത്‌. ഈ മനസ്ഥിതി പല യുവാക്കള്‍ക്കുമുണ്ടെന്ന്‌ റോഡിലൂടെയുള്ള അവരുടെ ഇരുചക്ര വാഹനത്തിലൂടെയുള്ള ചീറിപ്പായല്‍ വ്യക്തമാക്കുന്നുണ്ട്‌. കൂടാതെ യൗവ്വനത്തിലെ ലൈംഗിക ഊര്‍ജ്ജവും ഇരുചക്രവാഹനം ഓടിക്കുന്നതിലെ സ്പീഡും പരസ്പര പൂരകങ്ങളാണെന്ന്‌ ലൈംഗിക ശാസ്ത്രകാരന്മാരും ചൂണ്ടിക്കാട്ടുന്നു.
ഈ ശാസ്ത്രീയ വസ്തുതകളൊന്നും, ദിനംപ്രതി വര്‍ദ്ധിക്കുന്ന വാഹനാപകടത്തെയോ മരണത്തെയോ സാധൂകരിക്കുന്നില്ല. ഹെല്‍മറ്റ്‌ വച്ചിട്ടും അപകടത്തില്‍പെട്ട്‌ തലതകര്‍ന്ന്‌ മരിക്കാനാണ്‌ വിധിയെങ്കില്‍ ഈ നിയമം ആദ്യം സൂചിപ്പിച്ച സാമൂഹിക ക്ഷേമമല്ല ലക്ഷ്യമിടുന്നത്‌.

അങ്ങനെ ചിന്തിക്കാനുള്ള തെളിവുകളാണ്‌ ലഭിച്ചിട്ടുള്ളത്‌. ഹെല്‍മറ്റ്‌ നിയമം നടപ്പിലാക്കിയ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍, 'ഹെല്‍മറ്റ്‌ വേട്ട'യിലൂടെ 1.23 ലക്ഷം രൂപയാണ്‌ പോലീസിന്‌ പിഴയിനത്തില്‍ ലഭിച്ചത്‌. മറ്റുജില്ലകളില്‍നിന്ന്‌ ഇതിന്‌ ആനുപാതികമായ തുക ലഭിച്ചിട്ടുണ്ട്‌. പോലീസിന്റെ പോക്കറ്റ്‌ ഇങ്ങനെ വീര്‍ത്തപോലെ ഹെല്‍മറ്റ്‌ കമ്പനിക്കാരുടെ പേഴ്സും വീര്‍ത്തിട്ടുണ്ട്‌. അതായത്‌ നടപ്പിലാക്കിയ ഈ നിയമം ചില തല്‍പ്പര കക്ഷികള്‍ക്ക്‌ ലാഭം കൊയ്യാനുള്ള കുറുക്കുവഴിയാണെന്ന്‌ സാരം. ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ ഹെല്‍മറ്റിന്റെ വില ഈടാക്കുകയും അപകടത്തില്‍ പെട്ടാല്‍ അവരെ മരണത്തിലേക്ക്‌ എളുപ്പം തള്ളിവിടുകയും ചെയ്യുന്ന ഈ നിയമം വീണ്ടും കര്‍ക്കശമാക്കുമെന്നാണ്‌ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രസ്തവിച്ചത്‌. സുരക്ഷക്ക്‌ വേണ്ടി ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങള്‍ ശിക്ഷകളായി പരിണമിക്കുമ്പോള്‍ ഇരകള്‍ക്കും ആശ്രിതര്‍ക്കും നഷ്ടപരിഹാരം ലഭിക്കാനുള്ള ചട്ടങ്ങള്‍ കൂടി രൂപീകരിച്ചിട്ടുവേണം ഇത്തരം നിയമങ്ങള്‍ക്ക്‌ രൂപം കൊടുക്കേണ്ടത്‌; നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കേണ്ടത്‌.

ക്രമസമാധാന വഴിപാടുകള്‍

അവനവന്‍ കരകയറാനും ആരാന്‍ കുഴിയില്‍ ചാടാനും, കാണാതെപോയ കുഞ്ഞുകമ്മല്‍ തിരിച്ചുകിട്ടാനും, അയല്‍വക്കക്കാരുടെ പ്ലാവ്‌ ഉണങ്ങിപ്പോകാനും, പരീക്ഷയില്‍ പാസാകാനും, പ്രണയം സഫലമാവാനും, ക്രിക്കറ്റില്‍ ഇന്ത്യ ജയിക്കാനും, മോന്‍ ഗള്‍ഫീന്നു പണമയക്കാനും തുടങ്ങി കാക്കത്തൊള്ളായിരം കാര്യങ്ങള്‍ക്ക്‌ മനുഷ്യര്‍ വഴിപാടുകള്‍ നടത്താറുണ്ട്‌.

വഴിപാടു നടത്തുന്നതുകൊണ്ട്‌ രണ്ടുണ്ടു കാര്യം. ഒന്ന്‌ മനസമാധാനം കിട്ടും, ക്രമസമാധാനം വരെയേ പോലീസിനു നടപ്പാക്കാനാവൂ!

രണ്ടാമത്തെ കാര്യം, മനുഷ്യന്മാരുടെ ക്ഷേമത്തിനായി കുടികൊള്ളുന്ന സകല ഈശ്വരന്മാരുടെയും ക്ഷേമത്തിനുള്ള വരുമാനം നടത്തിപ്പുകാര്‍ക്കും കിട്ടും. മനുഷ്യന്മാര്‍ക്ക്‌ ചെലവിനു കൊടുക്കുന്നതിലും ചെലവാണ്‌ ഈശ്വരന്മാര്‍ക്ക്‌ ചെലവിനുകൊടുക്കാന്‍!

വഴിപാടു കാര്യത്തില്‍ സര്‍ക്കാരുകളും പിന്നിലല്ല. ഇന്നത്തെ വഴിപാട്‌ ബാബറി പള്ളി തച്ചുടച്ച ദാരുണ സംഭവത്തിന്റെ പേരിലാണ്‌. ബാബറി പള്ളി തച്ചുടച്ചത്‌ ആരാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സര്‍ക്കാരിനു മാത്രമറിയില്ല. ഇന്നലെ വൈകുന്നേരം മുതല്‍ കേരളത്തിലെ സകല അമ്പലങ്ങള്‍ക്കുമുന്നിലും സര്‍ക്കാര്‍ ഓരോ പോലീസുകാരനെ ലാത്തിയും കൊടുത്തുനിര്‍ത്തിയിരിക്കുന്നു. ഈ വഴിപാട്‌ ആര്‌ ആര്‍ക്കുവേണ്ടി നേര്‍ന്നതാണെന്നുമാത്രം പിടികിട്ടില്ല. ഒരു ലാത്തിയും കൊണ്ട്‌ ഒരു പോലീസുകാരന്‌ 'അയ്യപ്പ ബൈജു'വിനെ പോലും നേരിടാനാവില്ല! പിന്നത്തെ കാര്യം അതിലും ഗൗരവമുള്ളതാണ്‌.

ഡിസംബര്‍ ആറിന്‌ തകര്‍ക്കപ്പെട്ടത്‌ ഏതെങ്കിലും ഒരു അമ്പലമല്ല; ബാബറി പള്ളിയാണ്‌. കാവല്‍ നില്‍ക്കേണ്ടത്‌ ആര്‍ക്കാണ്‌?
രാജ്യത്തെ പൗരന്മാരെ വെറുതെ ഉമ്മാക്കി കാട്ടി പേടിപ്പിക്കയാണിപ്പോള്‍ സര്‍ക്കാരുകള്‍. എല്ലാ കെടുതികള്‍ക്കും ഒടുവില്‍ വഴിപാടുകള്‍ നടത്താന്‍മാത്രം ഒരിന്റലിജന്‍സ്‌ ബ്യൂറോയുടെ ആവശ്യമുണ്ടോ?

അപകടങ്ങള്‍ മണത്തറിയാന്‍ കഴിവുള്ള ഷാജി കൈലാസ്‌, രണ്‍ജി പണിക്കര്‍ - സുരേഷ്ഗോപി കൂട്ടുകെട്ടിനെയോ, കുറ്റം തെളിയിക്കാന്‍ കെല്‍പ്പുള്ള ജോഷി - എസ്‌.എന്‍. സ്വാമി, മമ്മൂട്ടി കൂട്ടുകെട്ടിനെയോ ഇന്റലിജന്റ്സ്‌ ബ്യൂറാ പോലുള്ള ബുദ്ധിയുള്ളവരിരിക്കേണ്ട സ്ഥാനങ്ങളില്‍ ഇരുത്തിക്കൂടേ?

ഇപ്പോ നടത്തണ വഴിപാടിലും ഭേദം സിനിമാക്കാരുടെ വഴിപാട്‌ തന്നെയാവും!

Thursday, December 6, 2007

ഡിസംബര്‍ ആറ്‌: മുസ്ലീം ഫോബിയ പ്രചരിപ്പിക്കുന്നത്‌ ആര്‍ക്കുവേണ്ടി...?

ആഗോളഭീകരവാദമെന്ന ഉമ്മാക്കിയും ഇസ്ലാമിക ടെററിസമെന്ന പ്രയോഗവും ജോര്‍ജ്‌ ഡബ്ല്യൂ ബുഷ്‌ ജൂനിയറിന്‌, തന്റെ ലോകപോലീസെന്ന അധിനിവേശതാല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അനിവാര്യമായിരിക്കാം.

എന്നാല്‍ കഴിഞ്ഞ ഒന്നരദശാബ്ദമായി ഡിസംബര്‍ ആറാം തീയതി, ബാബറി മസ്ജിദിന്റെ പേരില്‍, രാഷ്ട്രമാകെ മുസ്ലീം ഭീതി വളര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്‌ എന്തിനുവേണ്ടിയാണ്‌, ആര്‍ക്കുവേണ്ടിയാണ്‌?

ഈ ദിവസം രാജ്യത്തിന്റെ മുക്കിലും മൂലയിലും പോലീസി നെയും പട്ടാളത്തെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ച്‌ സുരക്ഷ ശക്തമാക്കി ജനമനസില്‍ ഭീതിവളര്‍ത്തു ന്നത്‌, ബാബറിമസ്ജിദ്‌ തകര്‍ത്ത സംഘപരിവാര്‍ ഭീകരവാദ ത്തിന്റെ പര്യായമായിട്ടുമാത്രമേ ഞങ്ങള്‍ക്ക്‌ കാണാന്‍ കഴിയൂ. ഡിസംബറിന്റെ തുടക്കം മുതല്‍ തന്നെ ഈ ദിവസത്തെ ക്കുറിച്ചുള്ള ഭീതിയും ഭീഷണിയും ജനങ്ങളില്‍ അടിച്ചേല്‍ പ്പിക്കാന്‍ കണിശതയോടെ രൂപം നല്‍കിയ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകളും പുറത്തുവിടാറുണ്ട്‌. ഇതെല്ലാം കാണുമ്പോഴും കേള്‍ക്കുമ്പോഴും തോന്നുക, 15 വര്‍ഷം മുമ്പ്‌ ഇന്ത്യയുടെ മതേതര മനസിലേയ്ക്ക്‌ ഭീതിയുടെ ബോംബെറിഞ്ഞത്‌ മുസ്ലീങ്ങളാണോ എന്നാണ്‌.

മുസ്ലീങ്ങളെ പ്രാന്തവല്‍ക്കരിച്ച്‌ അവരെ പ്രകോപിപ്പിച്ച്‌ അവരില്‍ പ്രതിഷേധത്തിന്റെ കനലുകളാളിക്കത്തിക്കാനുള്ള ഹീനശ്രമം ആരംഭിച്ചത്‌ ഇംഗ്ലീഷുകാരായിരുന്നു. ഭിന്നിപ്പിച്ചുഭ രിക്കുന്ന അധികാര രാഷ്ട്രീയത്തിന്റെ കാപട്യവും കൗശലവു മായിരുന്നു അത്‌. അതേ ഹീനത തന്നെയാണ്‌ ജനാധിപത്യ ഭാരതത്തിലെ ഭരണവര്‍ഗ്ഗവും അനുവര്‍ത്തിച്ചു പോരുന്നത്‌. ഭൂരിപക്ഷ വര്‍ഗ്ഗീയ ഭീകരതയ്ക്ക്‌ അരുനിന്ന്‌ ന്യൂനപക്ഷ വിഭാഗങ്ങളെ ഭീകരവാദത്തിന്റെ നരകപ്പാതയിലേക്ക്‌ ക്ഷണി ക്കുന്ന കൊലച്ചതിയാണിത്‌.

എന്തായിരുന്നു 15 വര്‍ഷം മുമ്പ്‌ ഒരു ഡിസംബര്‍ ആറിന്‌ സംഭവിച്ചത്‌? നൂറ്റാണ്ടുകളായി ഭാരതത്തിന്റെ മതനിരപേക്ഷത യുടെ കുംഭഗോപുരങ്ങളാണ്‌ അന്ന്‌ തകര്‍ന്നുവീണത്‌, അല്ല സംഘപരിവാര്‍ ഭീകരവാദികള്‍ തകര്‍ത്തത്‌. ഇതൊരു ഗുഢപദ്ധതിയുടെ ഭാഗമായി, അതീവ രഹസ്യമായി നടത്തിയ ആക്രമണമായിരുന്നില്ല. ഭാരതത്തിലെ ഏഴുലക്ഷം ഗ്രാമങ്ങളില്‍ നിന്ന്‌ വന്‍ പ്രചാരണ കോലാഹലത്തോടെയാണ്‌ ഇഷ്ടികകള്‍ ശേഖരിച്ച്‌ അയോദ്ധ്യയില്‍ ശിലാന്യാസം നടത്താന്‍ സംഘപരി വാര്‍ തയ്യാറായത്‌. ഓരോ വര്‍ഷവും, ബാബറി മസ്ജിദ്‌ തകര്‍ത്ത ദിവസം സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഇന്റലിജന്‍സ്‌ വിഭാഗത്തിന്‌ 1992 ഡിസംബര്‍ ആറിന്‌ ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെടുമെന്ന്‌ വിവരം ലഭിച്ചില്ല എന്ന്‌ പറയുമ്പോള്‍ അത്‌ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളല്ല ഇന്ത്യയിലെ മുസ്ലീംങ്ങള്‍.

അന്ന്‌ കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെയും അന്ന്‌ നിര്‍ണ്ണായക വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെയും സഹായത്തോടെയും സഹകരണത്തോടെ യുമായിരുന്നു സംഘപരിവാര്‍ ഭീകരവാദികള്‍ ബാബറി മസ്ജി ദിനെ കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ തകര്‍ത്തത്‌. ആന്തരിക സ്ഫോടനം എന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്‌ ഇന്ത്യയുടെ മതേതരത്വത്തിന്റെ ഏറ്റവും അഭിമാനാര്‍ഹമായ പ്രതീകത്തെ മണ്ണോടു മണ്ണാക്കി മാറ്റിയത്‌.

അന്നും തുടര്‍ന്നും നടന്ന വര്‍ഗ്ഗവെറിയുടെ സംഹാരതാ ണ്ഡവത്തില്‍ പിച്ചിച്ചീന്തപ്പെട്ടത്‌ നിരപരാധികളായ ആയിരക്കണ ക്കിന്‌ മുസ്ലീങ്ങളായിരുന്നു. ഭൂരിപക്ഷ വര്‍ഗ്ഗീതയുടെ ഈ ഭീകരത്വം പില്‍കാലത്ത്‌ പല സംസ്ഥാനങ്ങളിലും തലപൊക്കു കയുണ്ടായി. ഗുജറാത്തില്‍ അതിന്റെ ഏറ്റവും സംഹാരരുദ്രമായ ഭാവം പ്രകടമാവുകയും ചെയ്തു. ഗര്‍ഭസ്ഥശിശുക്കളെപ്പോലും ത്രിശൂലത്തില്‍ കോര്‍ത്തട്ടഹസിച്ചായിരുന്നു ഈ കാപാലികര്‍ ഗോധ്രയിലും പരിസരങ്ങളിലും അഴിഞ്ഞാടിയത്‌.

92 ഡിസംബര്‍ മുതല്‍ ഇങ്ങനെ ഭൂരിപക്ഷ വര്‍ഗ്ഗീയത അതിന്റെ സര്‍വ്വ പൈശാചികഭാവത്തോടും പ്രത്യക്ഷപ്പെട്ടിട്ടും പഴി ഇപ്പോഴും മുസ്ലീങ്ങള്‍ക്കാണ്‌. ഇന്ത്യന്‍ ഭരണഘടന അനുസരിക്കുന്ന, നികുതി നല്‍കുന്ന, ഇന്ത്യയുടെ സ്വാതന്ത്ര്യ ത്തിനുവേണ്ടിയുള്ള രണാങ്കണത്തില്‍ സര്‍വ്വതും ബലിയര്‍പ്പിച്ച ദേശസ്നേഹത്തിന്റെ കോരിത്തരിപ്പുണ്ടാക്കുന്ന ഭൂതകാലമാണ്‌ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കുള്ളത്‌. എന്നാല്‍ അവരുടെ പിന്‍മുറക്കാരെ രണ്ടാംതരം പൗരന്മാരായി വേര്‍തിരിച്ച്‌ ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക്‌ വിഭാവനം ചെയ്തിട്ടുള്ള അവകാശ ങ്ങളും അധികാരങ്ങളും കവര്‍ന്നെടുത്ത്‌ പ്രാന്തവല്‍ക്കരിച്ച്‌ അവരുടെ മനസില്‍ പ്രതികാരത്തിന്റെ കനല്‍ കോരിയിട്ടത്‌ കഴിഞ്ഞ 50 വര്‍ഷമായി ഇവിടം ഭരിച്ചിരുന്ന സര്‍ക്കാരുകളാണ്‌. ഈ സര്‍ക്കാരുകളെല്ലാം ഭൂരിപക്ഷ വര്‍ഗ്ഗീയ-ഭീകരവാദത്തിന്റെ സംരക്ഷകകരുമായിരുന്നു. മുസ്ലീങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന്‌ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അടിവരയിട്ട്‌ പറയുന്നു. എന്നിട്ടും ആ സാധുക്കളെ ഭീകരവാ ദികളായി ചിത്രീകരിച്ച്‌ ഭൂരിപക്ഷ വര്‍ഗ്ഗീയ വാദത്തെ സംരക്ഷി ക്കാനാണ്‌ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കുപോലും ഇപ്പോള്‍ താല്‍പ്പര്യം. 15 വര്‍ഷം മുമ്പുനടന്ന ഏറ്റവും ദാരുണമായ സംഭവ ത്തിന്‌ മുസ്ലീങ്ങളോട്‌ ക്ഷമപറയേണ്ടവരാണ്‌ എല്ലാ ഡിസംബര്‍ ആറിനും സുരക്ഷ ശക്തമാക്കി അവരെ ഭീകരന്മാരായി ചിത്രീകരിച്ച്‌ അനാശാസ്യമായ മാനസികാവസ്ഥ സൃഷ്ടിക്കുന്നത്‌.

തകര്‍ക്കണം ഇത്തരം സമീപനങ്ങളെയും നിലപാടുകളെയും അവയുടെ സംരക്ഷകരെയും. അത്‌ ഓരോ മതേതര ജനാധിപത്യ വിശ്വാസിയുടെ ധര്‍മ്മവും ഉത്തരവാദിത്വവുമാണ്‌.