Rate Thariff
കടിക്കാത്ത പട്ടിയുടെ വായിൽ കോലിട്ടുകുത്തി കടിവാങ്ങിക്കുന്ന വികൃതിപ്പിള്ളേരേക്കാൾ ബുദ്ധിശ്യൂന്യരായിട്ടാണ് പലപ്പോഴും നമ്മുടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വങ്ങൾ, മതവും രാഷ്ട്രീയവും ഒരുപോലെ ഇഴപാകുന്ന പല പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നത്.
ഇന്ത്യ കണ്ട ഊർജ്ജസ്വലനും ചെറുപ്പക്കാരനുമായിരുന്ന രാജീവ്ഗാന്ധിയുടെ സമീപനവൈകല്യമാണ് അടഞ്ഞുകിടന്നിരുന്ന ബാബറി മസ്ജിദ് ആരാധനയ്ക്കായി തുറന്നുകൊടുക്കാനിടയായതും, പിന്നെ അതിന്റെ ഉന്മൂലനത്തിന് കാരണമായതും അത് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും നീചമായ വർഗീയ മുന്നേറ്റത്തിന് ആരൂഢമായതും.
കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നു ശഠിക്കുന്ന ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വങ്ങളുമാണ് ഭാരതീയരുടെ ശാപം. ആ ശാപം അയോധ്യവിട്ട് അമർനാഥിലെത്തിയിരിക്കുകയാണിപ്പോൾ. വിഎച്ച്പി അടക്കമുള്ള സംഘപരിവാർ സംഘടനകൾ ആ പ്രശ്നം അവരുടെ പ്രസ്റ്റീജ് ഇഷ്യുവാക്കിമാറ്റി അഖിലേന്ത്യാ ബന്ദ് വരെ നടത്തിക്കഴിഞ്ഞു. ഇതിനിടയിൽ രൂപം കൊണ്ട സംഘട്ടനത്തിൽ ആൾനാശവും സംഭവിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ദിവസങ്ങൾ അയോധ്യയ്ക്കുശേഷമുള്ള ചോരക്കളിയുടെ കിരാത ദിനങ്ങളായിരിക്കുമെന്നാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സൂചനകൾ.
അമർനാഥ് ക്ഷേത്രബോർഡിന് ഭൂമിനിഷേധിച്ച പ്രശ്നം രാജ്യമെമ്പാടും ആളിക്കത്തിക്കാൻ സംഘപരിവാർ തീരുമാനിച്ചുകഴിഞ്ഞുവെന്നതാണ് ഭീഷണമായ ഈ അവസ്ഥയിലേക്ക് ഭാരതം വഴുതിവീഴുമെന്ന ആശങ്കയ്ക്ക് കാരണം.
അയ്യായിരം വർഷം പഴക്കമുള്ളതാണ് അമർനാഥ് ക്ഷേത്രം. സമുദ്രനിരപ്പിൽനിന്ന് 3888 മീറ്റർ ഉയരത്തിൽ, ശ്രീനഗറിൽനിന്ന് 141 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ഗുഹാക്ഷേത്രത്തിൽ മഞ്ഞിൽ സ്വയംഭൂവാകുന്ന ശിവലിംഗം ദർശിച്ച് അനുഗ്രഹം നേടാൻ ലക്ഷക്കണക്കിന് ഭക്തന്മാരാണ് പ്രതിവർഷം എത്തുന്നത്. ഇവിടെ എത്തുന്ന ഭക്തന്മാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് 40 ഹെക്ടർ വനഭൂമി, ക്ഷേത്രബോർഡ് സർക്കാരിനോട് ആവശ്യപ്പെടുകയും സർക്കാർ അത് അനുവദിക്കുകയും ചെയ്തതാണ് പ്രശ്നത്തിന്റെ തുടക്കം.
ഈ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തെത്തുകയും ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സഖ്യകക്ഷി സർക്കാരിനുള്ള പിന്തുണ പിഡിപി (മുഫ്തിമുഹമ്മദ് സെയ്ദ്) പിൻവലിക്കുകയും ചെയ്തപ്പോൾ ഭൂമിനൽകാനുള്ള ഉത്തരവ് സർക്കാർ പിൻവലിച്ചു. ഇതാണ് പ്രശ്നം രൂക്ഷമാക്കിയത്.
സർക്കാരിന്റെ പുതിയ തീരുമാനത്തെ ഹിന്ദുസംഘടനകൾ വൈകാരിക പ്രശ്നമാക്കിമാറ്റി പ്രക്ഷോഭം ആരംഭിച്ചതോടെ താഴ്‌വരയിൽ വീണ്ടും അശാന്തി പുകയാൻ തുടങ്ങി. ഇവിടെ ഏറെ ശ്രദ്ധേയമായ വസ്തുത, സംസ്ഥാന ഗവർണർ എൻ.എൻ. വോറയാണ് ക്ഷേത്രബോർഡ് ചെയർമാൻ. ഇദ്ദേഹം നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഗുലാംനബി ആസാദ് സർക്കാർ ക്ഷേത്രത്തിന് 40 ഏക്കർ സ്ഥലം വിട്ടുകൊടുക്കാൻ ആദ്യം തീരുമാനിച്ചത്. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകൾ രംഗത്തെത്തിയപ്പോൾ സ്ഥലം വേണമെന്ന ആവശ്യത്തിൽനിന്ന് ക്ഷേത്രബോർഡ് പിൻവാങ്ങുകയും ചെയ്തു. ഇതിനെ ഗവർണർ ബോധപൂർവം കളിച്ച രാഷ്ട്രീയ നാടകമാണെന്ന് വ്യാഖ്യാനിച്ചാണ് സംഘപരിവാർ സംഘടനകൾ ഇപ്പോൾ പുതിയ പ്രക്ഷോഭത്തിന് വഴിമരുന്നിട്ടിരിക്കുന്നത്. കാശ്മീർ പണ്ഡിറ്റുകളെ താഴ്‌വരയിൽനിന്ന് തുരത്തിയോടിക്കുന്നു എന്ന സംഘപരിവാറിന്റെ ആരോപണത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ആ തുരത്തലിന്റെ തുടർച്ചയാണ് ഇപ്പോൾ ഭൂമി നിഷേധിച്ച നടപടിയെന്ന് വ്യാഖ്യാനിച്ചാണ്, തെരഞ്ഞെടുപ്പ് വർഷത്തിൽ ബിജെപി അടക്കമുള്ളവർ പുതിയ രഥയാത്രയ്ക്ക് സാഹചര്യം സൃഷ്ടിക്കുന്നത്.
ക്ഷേത്രത്തിന് ഭൂമി ആവശ്യമുണ്ടെങ്കിൽ അത് വിലകൊടുത്തുവാങ്ങണം എന്ന് ഹുറിയത്ത് കോൺഫറൻസ് ചെയർമാൻ മിർവായിസ് ഉമർ ഫറൂഖ് പ്രസ്താവനയിറക്കിയതോടെ സർക്കാരിന്റെ ന്യൂനപക്ഷ പ്രീണന നടപടിയാണ് ഭൂമി നിഷേധിച്ചതെന്ന് വ്യാഖ്യാനിക്കാൻ സംഘപരിവാർ സംഘടനകൾക്ക് അവസരവും നൽകി.
ഇപ്പോൾ ഈ പ്രശ്നം സംഘപരിവാർ ഉയർത്തിക്കൊണ്ടുവന്നതിന്റെ പിന്നിൽ അമർനാഥ് തീർത്ഥാടക ഭക്തന്മാരോടുള്ള പ്രതിബദ്ധതയൊന്നുമല്ല ഉള്ളത്. മറിച്ച് ആണവപ്രശ്നത്തിൽ തട്ടി മൻമോഹൻസിംഗ് സർക്കാർ താഴെവീഴുമെന്നും ഉടനെ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നുമുള്ള പൊതുവായ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലുള്ള വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ നീചമായ മാനിഫെസ്റ്റോയാണിത്.
രാമജന്മഭൂമി പ്രശ്നത്തിന് ഇനി ഓളം സൃഷ്ടിക്കാൻ കഴിയുകയില്ലായെന്ന് പ്രവീൺകുമാർ തൊഗാഡിയ അടക്കമുള്ള സംഘപരിവാർ ശിങ്കങ്ങൾക്കും അദ്വാനിയുൾപ്പെടെയുള്ള ബിജെപി നേതൃത്വത്തിനും അറിയാം. ഇടയ്ക്കുയർത്തികൊണ്ടുവന്ന രാമസേതുപ്രശ്നം ക്ലച്ചുപിടിച്ചതുമില്ല. ഇതിനിടയിൽ നേപ്പാൾ പ്രശ്നം ചൂടുപിടിച്ച ചർച്ചയാക്കാൻ ആർഎസ്‌എസ് സർസംഘചാലക് കെ.എസ്. സുദർശൻ നടത്തിയ നീക്കങ്ങൾ പാളിപ്പോകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അമർനാഥ് പ്രശ്നം ആളിക്കത്തിക്കാൻ സംഘപരിവാർ തീരുമാനിച്ചിട്ടുള്ളതും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രക്ഷോഭങ്ങൾ ആരംഭിച്ചിട്ടുള്ളതും. ഓർക്കണം അമർനാഥ് തീർത്ഥാടകർക്കുനേരെ ഭീകരാക്രമണം ഉണ്ടായപ്പോൾ നിശബ്ദത പാലിച്ചവരാണ് ഇപ്പോൾ അഖിലേന്ത്യാ ബന്ദ് അടക്കമുള്ള സമരപരിപാടികളുമായി ഈ പ്രശ്നം ഉയർത്തിക്കൊണ്ടുവന്നിട്ടുള്ളത്.
ഒരു നൂറ്റാണ്ടുമുൻപ് ഈസ്റ്റ് ഇന്ത്യാ കമ്പനി 60 ലക്ഷം രൂപയും, കാശ്മീർ പർവതനിരകളിൽ മേഞ്ഞുനടന്നിരുന്ന ആടുകളുടെ കഴുത്തിൽനിന്നു മുറിച്ചെടുത്ത ലോലമായ 'പഷ്മിന' രോമം കൊണ്ടുതുന്നിയ ആറ് ഉത്തരീയങ്ങളും കപ്പമായി നിശ്ചയിച്ച് രാജ ഹരിസംഗിന് വിട്ടുകൊടുത്തതാണ് കാശ്മീർ. മുസ്ലീങ്ങൾ ബഹുഭൂരിപക്ഷം വരുന്ന ഒരു പ്രദേശത്തിന്റെ ഭരണനേതൃത്വം ഒരു ഹിന്ദുവിന് വിട്ടുകൊടുത്തപ്പോൾ സായിപ്പിന്റെ മനസിൽ വിഭജിച്ചുഭരിക്കുന്ന വൃത്തികേടായിരുന്നു ആളിക്കത്തിയത്. അതിന്റെ ജ്വാലകൾ ഇനിയും അടങ്ങിയിട്ടില്ല. ഭാരതം സ്വതന്ത്രമാകുകയും ഒരു ഭരണഘടനയ്ക്കുകീഴിൽ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്തപ്പോഴും കാശ്മീർ ഒരു പ്രത്യേക പ്രദേശമായി നിലനിൽക്കുകയും അവിടത്തെ പൗരന്മാർ വേറിട്ട ഇന്ത്യക്കാരായി ജീവിക്കുകയും അവർക്ക് വ്യത്യസ്തമായ അവകാശാധികാരങ്ങൾ അനുവദിച്ചുകൊടുക്കുകയും ചെയ്തതിന്റെയൊക്കെ തിരിച്ചടിയാണ് താഴ്‌വരയിൽനിന്ന് ഭീകരവാദത്തിന്റെ രൂപത്തിൽ ഇന്ത്യയുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നത്.
കൂനിന് മുകളിൽ കുരുവെന്നപോലെ ഇപ്പോൾ അമർനാഥ് പ്രശ്നവും രൂക്ഷമായിരിക്കുന്നു. വിവരം കെട്ട രാഷ്ട്രീയ നേതൃത്വവും ബുദ്ധിയില്ലാത്ത ഉദ്യോഗസ്ഥ സംഘവും ഒന്നിച്ചുചേരുമ്പോൾ എന്തെല്ലാം അപാകങ്ങളും അപായങ്ങളും ഉണ്ടാകാമോ അതാണിപ്പോൾ അമർനാഥ് പ്രശ്നമായി ആളിക്കത്താൻപോകുന്നത്. ഗവർണർ ക്ഷേത്രബോർഡിന്റെ ചെയർമാനായതാണ് ഏറ്റവും ബുദ്ധിശൂന്യമായ നടപടി. അദ്ദേഹം ഒരു അപേക്ഷ മുന്നോട്ടുവയ്ക്കുകയും സർക്കാർ അത് അനുവദിക്കുകയും മുസ്ലീങ്ങൾ അതിനെതിരെ പ്രതികരിക്കുകയും അപ്പോൾ അപേക്ഷ പിൻവലിക്കുകയും ചെയ്തതൊക്കെ ശീർഷകത്തിൽ പറഞ്ഞ സ്റ്റുപ്പിഡ് പൊളിറ്റീഷ്യൻസിന്റെയും ഇഡിയോട്ടിക് ബ്യൂറോക്രാറ്റ്സിന്റെയും രാഷ്ട്രബോധവും പൗരസ്നേഹവുമില്ലാത്ത അവസരവാദ നടപടികളായിരുന്നു.
സംഘപരിവാർ വടിവെട്ടാൻ പോയിട്ടേയുള്ളൂ. അടിവരാൻ ഇരിക്കുന്നതേയുള്ളൂ.
0 comments Labels: മുഖപ്രസംഗം
പത്തു ലഭിച്ചാൽ നൂറിനു ദാഹം
നൂറിനെ ആയിരമാക്കാൻ മോഹം
ആയിരമോ പതിനായിരമാകണം
ആശയ്ക്കുലകിതിൽ അളവുണ്ടാമോ...
0 comments Labels: മഞ്ഞക്കണ്ണട
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് ഒരു ഹാസ്യകഥാപാത്രമൊന്നുമല്ല. പ്രശ്നങ്ങളെ അവയുടെ അർഹിക്കുന്ന ഗൗരവത്തിൽ കാണുകയും അദ്ദേഹം ഉൾക്കൊണ്ട മാർക്ക്സിയൻ വീക്ഷണം അനുസരിച്ച് വിശകലനം ചെയ്യുകയും അദ്ദേഹം നേതൃത്വം നൽകുന്ന സംഘടനയുടെ താൽപര്യമനുസരിച്ച് പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ഗൗരവസ്വഭാവമുള്ള സഖാവ് തന്നെയാണ്. പാർട്ടിക്കുള്ളിലെ വിഭാഗീയതാ തർക്കത്തിൽ പിണറായിക്കൊപ്പം നിൽക്കുന്നത് ആ സഖാവിന്റെ നിലപാടാണ് പാർട്ടിക്കും പാർട്ടിയിലെ യുവനേതാക്കന്മാർക്കും അണികൾക്കും ഏറെ ഗുണകരമെന്ന് തിരിച്ചറിഞ്ഞിട്ടുതന്നെയാണ്. സ്വരാജിനെപ്പോലെ വിടുവായിത്തം പറയുന്ന സ്വഭാവം രാജേഷിന് ഇല്ലേയില്ല. എന്നിട്ടും കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ രണ്ട് പ്രസ്താവനകൾ ചിരിച്ചുമണ്ണുകപ്പാൻ വകനൽകുന്നതാണ്.
ആത്മീയവ്യാപാരത്തിനും ആർഭാട വിവാഹത്തിനുമെതിരെ സംസ്ഥാനമൊട്ടാകെ ഡിവൈഎഫ്‌ഐ പ്രചാരണമാരംഭിക്കുമെന്നാണ് പത്രസമ്മേളനം വിളിച്ചുകൂട്ടി അദ്ദേഹം പറഞ്ഞത്. കേരളത്തിന് നഷ്ടമായ യുക്തിബോധം വീണ്ടെടുക്കുന്ന രണ്ടാം നവോത്ഥാന പ്രസ്ഥാനമായിരിക്കും ഇതെന്നും അദ്ദേഹം അഭിമാനപൂർവം അവകാശപ്പെട്ടു.
'ആചാരരഹിതം, ആർഭാടരഹിതം വിവാഹം' എന്ന മുദ്രാവാക്യം സംസ്ഥാനത്തൊട്ടാകെ പ്രചരിപ്പിക്കാൻ വേണ്ടി പഞ്ചായത്ത്-നഗരസഭാ തലത്തിൽ നവകേരള സമിതികൾ രൂപീകരിച്ചായിരിക്കും രാജേഷിയൻ നവോത്ഥാനപ്രസ്ഥാനത്തിന്റെ പടയോട്ടം ആരംഭിക്കുക. ആത്മീയവ്യാപാരത്തിന്റെ മറവിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകളും ദുരൂഹതകളും പുറത്തുകൊണ്ടുവരുന്നതിനൊപ്പം ആഘോഷവേളകൾ മദ്യവിമുക്തമാക്കാനുള്ള പ്രചാരണവും നടത്തും. അരാജകത്വമാഫിയാ പ്രവർത്തനങ്ങൾക്ക് മദ്യം ഇന്ധനമാകുമെന്നാണ് രാജേഷിന്റെ പുതിയ കണ്ടുപിടുത്തം. വിവാഹധൂർത്തിനെതിരെ ഈ സമിതികൾ പോരാടുന്നതു കൂടാതെ ഡിവൈഎഫ്‌ഐയുടെ ഉത്തരവാദിത്തപ്പെട്ടവർ സ്ത്രീധനം വാങ്ങുന്നത് ശ്രദ്ധയിൽപെട്ടാൽ അവർക്കെതിരെ നടപടിയുമെടുക്കും. തീർന്നില്ല, സമൂഹവിവാഹം പ്രോത്സാഹിപ്പിക്കുകയും മിശ്രവിവാഹിത സംഗമങ്ങൾ നടത്തുകയും ചെയ്യും.
ശ്രീനാരായണ ഗുരുവിനുശേഷം സമഗ്രമായ സാമുഹിക പരിഷ്ക്കരണ പാക്കേജ് മുന്നോട്ടുവയ്ക്കുന്നത് ടി.വി. രാജേഷാണ്. അതിൽ അദ്ദേഹത്തിന് എന്തുകൊണ്ടും അഭിമാനിക്കാം. മുൻപ് കേരളത്തിലെ ചെറുപ്പക്കാർക്ക് സർക്കാർ ജോലികൾ മാത്രം പ്രതീക്ഷിക്കാൻ കഴിഞ്ഞിരുന്ന കാലത്ത് ഡിവൈഎഫ്‌ഐ നടത്തിയ പുളകകാരികളായ സമരപ്രക്ഷോഭങ്ങളുടെ ഓർമകളെ തട്ടിയുണർത്തുന്നതാണ് ടി.വി. രാജേഷിന്റെ ഈ പത്രസമ്മേളന പ്രഖ്യാപനം. അഴിമതിക്കെതിരെ കാസർകോടുമുതൽ കന്യാകുമാരിവരെ മനുഷ്യച്ചങ്ങല തീർക്കുകയും വില്ലേജ് ഓഫീസുകൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ സക്രിയമായി ഇടപെടുകയും ചെയ്ത ഒരു കാലം ഡിവൈഎഫ്‌ഐക്കുണ്ടായിരുന്നു. അന്ന് യുഡിഎഫ് സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും എല്ലാ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ ആദ്യം പിടഞ്ഞെതിർത്തിരുന്നത് ഡിവൈഎഫ്‌ഐ ആയിരുന്നു. അതിന്റെ പേരിൽ അന്നത്തെ നേതാക്കന്മാരിൽ ഭൂരിപക്ഷത്തിനും പോലീസിന്റെ ലാത്തിയടി ഇഷ്ടം പോലെ ലഭിച്ചതാണ്. അങ്ങനെ അധികാരവർഗത്തിന്റെ മർദ്ദനോപാധികളെ അതിജീവിച്ച് വിപ്ലവത്തിന്റെ തീയിൽ കുരുത്തവരുടെ സന്തതിപരമ്പരയ്ക്കാണ് ടി.വി. രാജേഷ് ഇപ്പോൾ നേതൃത്വം നൽകുന്നത്. സർക്കാർ ജോലി കൂടാതെ മറ്റു ജോലികൾ ഇന്ന് സുലഭമായതുകൊണ്ട് ഡിവൈഎഫ്‌ഐയുടെ രാഷ്ട്രീയ സമരങ്ങൾക്ക് ആളെ കിട്ടാനില്ലാത്തതുകൊണ്ടൊന്നുമല്ല സാമുഹിക പരിഷ്ക്കരണത്തിന് ടി.വി. രാജേഷും ഡിവൈഎഫ്‌ഐയും ഇപ്പോൾ പ്രാമുഖ്യം നൽകുന്നതെന്ന് പ്രബുദ്ധരായ മലയാളികൾ പ്രത്യേകം മനസിലാക്കണം. ബോധവൽക്കരണമാണ് സാമുഹികവും രാഷ്ട്രീയവും സാമുദായികവും സാംസ്ക്കാരികവുമായ വിപ്ലവത്തിന് ഇന്റർനെറ്റിന്റെയും മൊബെയിൽഫോണിന്റെയും ലാപ്ടോപ്പിന്റെയും ഈ കാലഘട്ടത്തിൽ ഏറ്റവും ചെലവുകുറഞ്ഞതും മെനക്കേടില്ലാത്തതുമായ രീതിയെന്ന് ടി.വി. രാജേഷും തിരിച്ചറിഞ്ഞിരിക്കുന്നു.
കേരള ചരിത്രത്തിൽ നാഴികക്കല്ലായ കുണ്ടറ വിളംബരം പോലെ നാളെ ചരിത്രം രേഖപ്പെടുത്താൻ പോകുന്നതാണ് രാജേഷിന്റെ ഈ ആലപ്പുഴ വിളംബരം. ഈ വിളംബരത്തിൽ ഊന്നൽ നൽകിയിട്ടുള്ള ക്രിയാത്മകത സവിശേഷ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. ആത്മീയതയും വിവാഹധൂർത്തും മദ്യപാനവും യുവജനങ്ങൾ അടക്കമുള്ളവരിൽ നേടിയിട്ടുള്ള സ്വാധീനത്തിന്റെ തായ്‌വേര് പിഴുതെറിയാൻ സമരമല്ല മറിച്ച് പ്രചാരണമാണ് ഏറ്റവും ശക്തമായ ആയുധമെന്ന് രാജേഷും കണ്ടെത്തിയിരിക്കുന്നു. രാജേഷിന്റെയും ഡിവൈഎഫ് ഐയുടെയും ഈ പുതിയ നവോത്ഥാന വിപ്ലവം ഫലം കാണുമെന്നുതന്നെ വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം. വെറുതെ എന്തിന് ദോഷൈക ദൃക്‌കാകണം. രാജേഷും ഡിവൈഎഫ്‌ഐയും മുന്നോട്ടുവയ് ക്കുന്നതു കൊണ്ടുമാത്രം ഒരാശയവും നിരീശ്വരവാദപരമാണെന്നും അത് വളർന്നുവരുന്ന തലമുറയെ നശിപ്പിക്കുമെന്നുമൊക്കെ പറയാൻ ഞങ്ങൾ ബിഷപ് ജോസഫ് കാരക്കാശേരിയോ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തോ ഡോ. ഡാനിയേൽ അച്ചാരുപറമ്പിലോ മാർ ആൻഡ്രൂസ് താഴത്തോ ഒന്നുമല്ല. അത്രയ്ക്ക് സങ്കുചിതമൊന്നുമല്ല ഞങ്ങളുടെ മനസും വീക്ഷണവും.
അതിന്റെ ഫലശ്രുതി എന്തായിരിക്കുമെന്ന് അദ്ദേഹം തന്നെ പറയാതെ പറഞ്ഞിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ നക്ഷത്രവിവാഹം ആഡംബരമേ ആയിരുന്നില്ലായെന്നാണ് രാജേഷിന്റെ വാദം. വിവാഹത്തിനു പങ്കെടുക്കാൻ വന്നവർക്ക് ഒരുപിടി ചോറും മറ്റും മറ്റും നൽകുന്നത് മലബാറിന്റെ സംസ് ക്കാരമാണെന്ന് ബിനീഷ് കോടിയേരിതന്നെ എത്ര ചാനലുകളിലൂടെയാണ് പറഞ്ഞുറപ്പിച്ചത്. അതുതന്നെയാണ് രാജേഷിന്റെയും നിലപാട്. സ്വരാജിനെപ്പോലെയുള്ളവർ നായർപെണ്ണിനെത്തന്നെ കണ്ടെത്തി നിറപറയും നിലവിളക്കും കുരവയുമൊക്കെയായി കല്യാണം കഴിച്ച സ്ഥിതിക്ക് സിന്ധുജോയിയെപോലുള്ളവരുടെ കാര്യത്തിൽ അത്തരം ആർഭാടങ്ങളൊന്നും അനുവദിക്കുകയില്ലാ എന്നു പറയുന്നതിൽ യുക്തിയൊക്കെയുണ്ട്. കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള മാർക്ക്സിസ്റ്റ് മന്ത്രിമാർ വീട് മോടിപിടിപ്പിക്കാൻ ചെലവിട്ട നികുതിപ്പണവും അവരുടെ യാത്രയും ജീവിതവും സുരക്ഷിതമാക്കാനുപയോഗിക്കുന്ന പോലീസ് അകമ്പടിയുമൊന്നും ആഡംബരത്തിന്റെ ഭാഗമല്ല എന്നാണ് ഭംഗ്യന്തരേണ രാജേഷ് പറഞ്ഞുവയ്ക്കുന്നത്.
ഇപ്പോൾ വ്യക്തമാകുന്നില്ലേ രാജേഷും ഡിവൈഎഫ്‌ഐയും ആരംഭിക്കാൻ പോകുന്ന രണ്ടാം നവോത്ഥാന വിപ്ലവത്തിന്റെ ലക്ഷ്യമെന്താണെന്നും മാർഗമെന്തായിരിക്കുമെന്നും?
കെഎസ്‌യു പിള്ളേരും എംഎസ്ഫ് പിള്ളേരും കുറെ പാതിരിമാരും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അനാവശ്യ പ്രക്ഷുബ്ധതകൾക്കിടയിൽ ഇത്തരം ചില നർമോക്തികൾ വീണുകിട്ടുന്നതുകൊണ്ടല്ലേ നമ്മളൊക്കെ പൂർണമായും അരസികന്മാരായി പരിണമിക്കാത്തത്....?
1 comments Labels: മഞ്ഞക്കണ്ണട
"വാക്കുകൾ കൂട്ടിച്ചൊല്ലാൻ കഴിയാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ" എന്ന് വൈലോപ്പിള്ളിയും "ചിൽഡ്രൻ ആർ ഫാദേഴ്സ് ഓഫ് മെൻ" എന്ന് ബെർണാഡ്ഷായും നിരീക്ഷിക്കുമ്പോൾ വളർന്നുവരുന്ന തലമുറയ്ക്ക് പുതിയ കാലഘട്ടത്തിലുള്ള പ്രസക്തിയും പ്രാധാന്യവുമാണ് അവരുദ്ദേശിച്ചത്. മാതാപിതാക്കളുടെ കാലത്തിനെ ഉല്ലംഘിച്ച് പുതിയൊരു സംസ്ക്കാരത്തിനും ജീവിതരീതിക്കും കുഞ്ഞുങ്ങൾ വഴിയൊരുക്കുമെന്ന പ്രതീക്ഷയും ഈ വാക്കുകളിൽ മിന്നിമറയുന്നുണ്ട്. എല്ലാ കുഞ്ഞുങ്ങളെക്കുറിച്ചും എല്ലാ മാതാപിതാക്കൾക്കും പൊതുവെ ഇതേ പ്രതീക്ഷതന്നെയാണ് ഉള്ളത്.
എന്നാൽ ചാനലുകളുടെ തള്ളിക്കയറ്റത്തിൽ, ലാഭമുണ്ടാക്കാൻ അവർ രൂപംകൊടുത്ത റിയാലിറ്റി ഷോകളുടെ പെരുമഴക്കാലത്ത്, മാതാപിതാക്കൾ മക്കളുടെ അന്തകരായിമാറിക്കൊണ്ടിരിക്കുകയാണെന്ന് ചുറ്റുപാടും നിന്നുള്ള വാർത്തകൾ നമ്മേ ബോധ്യപ്പെടുത്തുന്നു. റിയാലിറ്റി ഷോകളിലൂടെ സീരിയലുകളിലേക്കും അവിടെനിന്ന് സിനിമയിലേക്കും അതിലൂടെ ലഭിക്കുന്ന പ്രശസ്തിയും സാമ്പത്തികലാഭവുമാണ് ഇപ്പോൾ പല മാതാപിതാക്കൾക്കും മക്കളിൽനിന്നുള്ള പ്രതീക്ഷ. മുൻപൊക്കെ പഠിച്ച് വലുതായി ഒരു ജോലി സമ്പാദിച്ച് കുടുംബം പുലർത്തുന്ന മക്കളെക്കുറിച്ചായിരുന്നു മാതാപിതാക്കൾ സ്വപ്നം കണ്ടിരുന്നത്. അതിനനുഗുണമായ രീതിയിൽ പഠനകാലത്ത് കർശനമായ ചില ചിട്ടകളും നിയന്ത്രണങ്ങളും കുഞ്ഞുങ്ങളുടെ ജീവിതത്തിൽ അവർ വരുത്തിയിരുന്നു. കൗമാരത്തിന്റെ തിളപ്പിൽ ഇത്തരം നിയന്ത്രണങ്ങളോട് ആരോഗ്യകരമായി പ്രതികരിക്കാൻ കഴിയാത്ത ചിലരെല്ലാം ഉണ്ടായിരുന്നെങ്കിലും ഒരിക്കൽപോലും അത് മാതാപിതാക്കളും മക്കളും തമ്മിലുള്ള മാനസിക സംഘർഷങ്ങളിലേക്കോ, അല്ലെങ്കിൽ മക്കളുടെ മാനസികാരോഗ്യാധപതനത്തിലേക്കോ നിപതിച്ചിരുന്നില്ല.
എന്നാൽ പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കൊത്ത് മക്കളെ വളർത്താൻ മാതാപിതാക്കൾ അവലംബിക്കുന്ന പലരീതികളും മാനസികമായും ശാരീരികമായും ധാർമികമായിപ്പോലും അവരെ കൊല്ലാക്കൊല ചെയ്യുന്നതാണ്. പഠനകാര്യം മുതൽ ആരംഭിക്കുന്ന ഇത്തരം അനാവശ്യ നിർബന്ധങ്ങളാണ് കൗമാരക്കാരിലെ വഴിപിഴച്ച ജീവിതത്തിന് പ്രധാന കാരണമെന്ന് മനഃശാസ്ത്രകാരന്മാരും സാമൂഹികശാസ്ത്രകാരന്മാരും ചൂണ്ടിക്കാട്ടുന്നു. മക്കളെക്കാൾ വിദ്യാസമ്പന്നരെന്നും അനുഭവസമ്പന്നരെന്നും അഭിമാനിക്കുന്ന മാതാപിതാക്കൾ പക്ഷെ ഈ മുന്നറിയിപ്പുകൾ ഒരിക്കലും ശ്രദ്ധിക്കുന്നതായി അനുഭവങ്ങൾ പറയുന്നില്ല.
അനാശാസ്യമായ ഇത്തരം സാഹചര്യത്തിലേക്കാണ് റിയാലിറ്റി ഷോകളുടെ കുത്തൊഴുക്കുണ്ടായത്. ഈ പ്രദർശനങ്ങളിൽ തങ്ങളുടെ കുഞ്ഞുങ്ങൾ ഒന്നാം സ്ഥാനത്തെത്തണമെന്ന അധാർമികമായ വിജയക്കൊതിമൂലം പല മാതാപിതാക്കളും കുഞ്ഞുങ്ങളെ കഠിനമായി ശിക്ഷിക്കുന്നതായി വാർത്തകൾ വന്നെങ്കിലും ആരും അതിന് വലിയ പ്രാധാന്യം നൽകിയതായി തോന്നുന്നില്ല. എന്നാൽ ഇപ്പോൾ ബംഗാളിൽനിന്ന് പുറത്തുവന്നിട്ടുള്ള ഒരു വാർത്ത, ഷിഞ്ജിനി സെൻഗുപ്ത എന്ന പതിനൊന്നാം ക്ലാസുകാരിയുടെ അതിദാരുണമായ അവസ്ഥ ഇക്കാര്യത്തിൽ മാതാപിതാക്കൾ എത്രമാത്രം ക്രൂരമായാണ് കുഞ്ഞുങ്ങളോട് പെരുമാറുന്നതെന്ന് വ്യക്തമാക്കുന്നു. പഠിക്കാൻ മിടുക്കിയും സുന്ദരിയും കലാപരമായി ഒട്ടേറെ കഴിവുകളും ഉണ്ടായിരുന്ന പെൺകുട്ടിയായിരുന്നു ഷിഞ്ജിനി സെൻഗുപ്ത. അതുകൊണ്ടുതന്നെ സീരിയലിലും സിനിമയിലും ഈ ചെറുപ്രായത്തിനിടയിൽതന്നെ ശ്രദ്ധേയമായ വേഷം ഷിഞ്ജിനിക്ക് ലഭിച്ചിരുന്നു. എന്നാൽ മകളുടെ ഈ നേട്ടങ്ങളിൽ തൃപ്തിപ്പെടുന്നവരായിരുന്നില്ല മാതാപിതാക്കൾ. അതുകൊണ്ടാണവർ ഒരു ബംഗാളി ടിവി ചാനൽ നടത്തിയ ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ഷിഞ്ജിനിയെ നിർബന്ധിച്ചത്.
കടുത്ത മാനസിക സമ്മർദ്ദത്തോടെയാണ് റിയാലിറ്റി ഷോകളിൽ കുട്ടികൾ പങ്കെടുക്കുന്നത്. മാതാപിതാക്കൾ ഏൽപ്പിക്കുന്ന മാനസികാഘാതത്തിനൊപ്പം മത്സരവിധികർത്താക്കളുടെ ക്രൂരമായ പരാമർശങ്ങളും കുട്ടികളുടെ മാനസികാവസ്ഥയെ വല്ലാതെ ഹനിക്കാറുണ്ട്. ഷിഞ്ജിനിയും ഇത്തരമൊരു അനാശാസ്യതയുടെ ഇരയാണ്. കഴിഞ്ഞ മെയ് 19ന് നടന്ന റിയാലിറ്റി ഷോയിൽ ഷിഞ്ജിനിയുടെ പ്രകടനത്തെ വിധികർത്താക്കൾ അതികഠിനമായാണ് വിമർശിച്ചത്. വേദിയിൽനിന്ന് ആ കുട്ടി മാനസികമായി ഉരുകുന്നത് പക്ഷെ വിധികർത്താക്കളോ മാതാപിതാക്കളോ മനസിലാക്കിയില്ല. അന്ന് ഏറ്റ മാനസികാഘാതത്തോടെ വീട്ടിലെത്തിയ ഷിഞ്ജിനിക്ക് വിശ്രമിക്കാൻപോലും അവസരം കൊടുക്കാതെ അടുത്ത സീരിയൽ സെറ്റിലേക്ക് നിർബന്ധിച്ചുകൊണ്ടുപോകുകയായിരുന്നു മാതാപിതാക്കൾ. അവിടെവച്ചാണ് ഷിഞ്ജിനിക്ക് തന്റെ മനസിന്റെമേൽ ഉണ്ടായിരുന്ന എല്ലാ നിയന്ത്രണവുമറ്റതും സംസാരിക്കാൻപോലുമാകാതെ തളർന്നുവീണതും. ഇപ്പോൾ ബാംഗ്ലൂരിൽ നിംഹാൻസിൽ വിദഗ്ധ ചികിത്സയിലാണ് ഷിഞ്ജിനി. സംസാരശേഷി മാത്രമല്ല, ചലനശേഷിപോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് ആ കുട്ടി. തങ്ങളുടെ മകളെ ഇത്തരമൊരവസ്ഥയിൽ എത്തിച്ചതിൽ തങ്ങൾക്കുള്ള പങ്ക് പിതാവ് ഡി.കെ. ഗുപ്തയും മാതാവ് സിബാനി സെൻഗുപ്തയും പ്രായശ്ചിത്തത്തോടെ ഇപ്പോൾ അംഗീകരിക്കുന്നു.
ഷിഞ്ജിനിയെപ്പോലെ ശാരീരികമായി തളർന്നിട്ടില്ലെങ്കിലും മാനസികമായി തകർന്ന നിരവധി കുട്ടികൾ കേരളത്തിലുണ്ട്. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തിയും പണവും ചുളുവിൽ നേടാമെന്ന് ആഗ്രഹിക്കുന്ന വൃത്തികെട്ട മാതാപിതാക്കൾക്കൊപ്പം ഈ കുട്ടികളെ മത്സരവേദിയിൽ ക്രൂരവും ലൈംഗികാതിപ്രസരവുമുള്ള പരാമർശങ്ങളിലൂടെ തളർത്തുന്ന ശരത്തിനെയും എം.ജി. ശ്രീകുമാറിനെയും പോലെയുള്ള വിധികർത്താക്കളും ഒന്നിക്കുമ്പോൾ കുഞ്ഞുങ്ങളുടെ മാത്രമല്ല, മുതിർന്നവരുടെപോലും മാനാഭിമാനവും മാനസികാരോഗ്യനിലയും തകരുന്ന കാഴ്ച ഓരോ റിയാലിറ്റി ഷോയുടെയും ബോണസ് എപ്പിസോഡുകളാണ്.
മക്കളെ വേദിയിൽനിന്ന് കണ്ണീരൊലിപ്പിച്ച് എസ്‌എംഎസിനുവേണ്ടി കരയിക്കുന്ന മാതാപിതാക്കളും നിരവധിയാണ്. കഴിഞ്ഞ ഒരു റിയാലിറ്റി ഷോയുടെ ഫൈനൽ മത്സരത്തിനുമുൻപ് തന്റെ മകൾക്കുവേണ്ടി എസ്‌എംഎസ് അയക്കണമെന്നാവശ്യപ്പെട്ട് ഒരു പിതാവ് അപേക്ഷ കാർഡുകൾ അച്ചടിച്ച് എറണാകുളം ജില്ലയിൽ വിതരണം ചെയ്തിരുന്നു. ചില ബസുകളിൽ സഹായം അഭ്യർഥിച്ച് കാർഡുകളുമായെത്തുന്ന ഭിക്ഷക്കാരെ തോൽപ്പിക്കുന്ന നാണംകെട്ട തന്ത്രമായിരുന്നു ആ പിതാവ് അവലംബിച്ചത്. ഇനി അതിന്റെ ചുവടുപിടിച്ച് അടുത്ത റിയാലിറ്റി ഷോകളുടെ ഫൈനൽ മത്സരത്തിനുമുൻപ് ഇത്തരം കുറെ അശ്ലീലതന്ത്രങ്ങളും കാണാൻ നമുക്കെല്ലാം ഭാഗ്യമുണ്ടാകുമെന്നുതന്നെയാണ് ഞങ്ങളുടെ കണക്കുകൂട്ടൽ.
റിയാലിറ്റി ഷോകളെ ബാലവേലയായി കണക്കാക്കണമെന്ന ദേശീയ ശിശുസംരക്ഷണാവകാശ കമ്മീഷന്റെ നിർദേശത്തോട് ഞങ്ങൾ പൂർണമായും യോജിക്കുന്നു. മാത്രമല്ല ഷിഞ്ജിനി സെൻഗുപ്തയെ ഈ ദുരവസ്ഥയിലാക്കിയ മാതാപിതാക്കൾ ഡി.കെ. ഗുപ്തയ്ക്കും സിബാനി സെൻഗുപ്തയ്ക്കുമെതിരെ കൊലപാതക കേസ് ചുമത്തി കടുത്ത ശിക്ഷ നൽകണമെന്നുമാണ് ഞങ്ങളുടെ അഭിപ്രായം. എങ്കിലേ മക്കളെ കൊല്ലാക്കൊല ചെയ്ത് പ്രശസ്തിക്കുവേണ്ടി തന്ത്രങ്ങളൊരുക്കുന്ന മാതാപിതാക്കൾ ഒരു പാഠം പഠിക്കൂ.
1 comments Labels: മുഖപ്രസംഗം
രാഷ്ട്രീയപാർട്ടികൾ, ജാതിമത സംഘടനകൾ, റോഡ്, കെട്ടിടനിർമാണ കോൺട്രാക്ടർമാർ തുടങ്ങിയവർ നേരിടുന്ന പൊതുവായ ഒരു പ്രതിസന്ധി എന്തെന്നറിയാമോ? പണ്ടത്തെപ്പോലെ ആളെക്കിട്ടാനില്ലായെന്നതാണ് ആ പ്രതിസന്ധി!
ഡിഫി നേതാവ് രാഗേഷ് ആളെക്കിട്ടാനില്ലാത്തതിന്റെ സാമൂഹ്യമായ കാരണങ്ങൾ വെളിപ്പെടുത്തിയത് കഴിഞ്ഞയാഴ്ചയാണ്. ഇടതുസർക്കാർ ഭരണത്തിലേറിയ അന്നുമുതൽ യുഡിഎഫും മതജാതിസംഘടനകളും യൂത്തുകോൺഗ്രസും യുവമോർച്ചയുംവരെ പോരിനിറങ്ങിയിട്ടു സമരങ്ങളൊന്നും വേണ്ടത്ര ക്ലച്ചുപിടിക്കാത്തതിനു കാരണവും ആളെക്കിട്ടാനില്ല എന്നതുതന്നെ!
പണ്ടായിരുന്നെങ്കിൽ 'പാലായിലെ പാതിരിമാരും സമസ്തകേരള നായന്മാരും' ഒരുമ്പെട്ടിറങ്ങിയാൽ കമ്യൂണിസ്റ്റുകാരുടെ ഭരണം പറഞ്ഞമാത്രയിൽ 'ഭണ്ഡാര' മടങ്ങിയേനെ!
റോഡ്, തോട്, കെട്ടിടനിർമാണ രംഗങ്ങളിൽ ആളെക്കിട്ടാനില്ലായെന്ന സ്ഥിതിവന്നതോടെയാണ് ആന്ധ്രാ, കർണാടക, ബീഹാർ, ഉത്തർപ്രദേശ്, നേപ്പാൾ തുടങ്ങിയ നാടുകളിൽനിന്നും കോൺട്രാക്ടർമാർ ആളെപ്പിടിക്കാനിറങ്ങിയത്!
സത്യം പറഞ്ഞാൽ മറുനാടൻ തൊഴിലാളികൾക്കാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നു വന്നിരിക്കുന്നത്. നമ്മുടെ കേരള മഹാരാജ്യത്തിൽ, മിനിമം പത്താം ക്ലാസുകടന്നുകൂടിയവർവരെ ഫീൽഡ് ആപ്പീസർമാരായി ടൈയുംകെട്ടി ബാഗുംതൂക്കി കൊച്ചുവെളുപ്പാൻകാലത്തേ പണിക്കിറങ്ങിയതോടെയാണ് വേറൊരു പണിക്കും ആളെക്കിട്ടാനില്ലായെന്ന സ്ഥിതി വന്നുചേർന്നതെന്നാണ് ഒരു കാരണം. എന്നാൽ എട്ടുമണിക്കൂർ വേലചെയ്ത് പത്തോ മുന്നൂറോ രൂപ കൂലികിട്ടുന്നതിലും ഭേദം വല്ല പറമ്പുകച്ചവടത്തിനും പോകുന്നതാണെന്ന് മലയാളികൾ തിരിച്ചറിഞ്ഞതാണ് ഒരു പണിക്കും ആളെക്കിട്ടാനില്ലാതായതെന്നാണ് വേറൊരു കാരണം.
വേറെ കാര്യമായൊന്നും ഉൽപ്പാദിപ്പിക്കപ്പെടാത്ത കേരളത്തിൽ സുലഭമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന മാൻപവർ എന്ന മനുഷ്യവിഭവം വൻതോതിൽ മറുനാടുകളിലേക്ക് കയറ്റി അയക്കപ്പെടുന്നതാണ് ആളെക്കിട്ടാനില്ലാതായതിന്റെ മറ്റൊരു കാരണം.
ഒരു പണിക്കും കൊള്ളാത്തവർ എണ്ണത്തിൽ കുറവാണ് എന്നതാണിപ്പോൾ രാഷ്ട്രീയപാർട്ടികൾ, മതജാതി സംഘടനകൾ നേരിടുന്ന പ്രശ്നത്തിനു കാരണമെന്നാണ് ചുരുക്കത്തിൽ മനസിലാക്കേണ്ടത്.
ഇങ്ങനെ കാര്യങ്ങൾ പുരോഗമിക്കുന്ന കാലത്ത് മറുനാടുകളിൽനിന്നും ജാഥാതൊഴിലാളികളെ ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
ജാഥകൾ, കുത്തിയിരിപ്പു ധർണകൾ, വഴിതടയലുകൾ ഒക്കെയും അന്യംനിന്നുപോകുന്നൊരു വരും കാലത്ത്, എസ്‌എംഎസ് സമരായുധമാകുന്നതിന്റെ സാധ്യതകളാണ് തെളിയുന്നത്!
രണ്ടുമൂന്നുകോടി വരുന്ന കേരളീയർ കുത്തിരുന്ന് എസ്സെമ്മസ് അയച്ചാൽ കേരള ഭരണം മാത്രമല്ല, കേരളം തന്നെ തകർത്തുകളയാൻ പറ്റില്ലേ...
0 comments Labels: മഞ്ഞക്കണ്ണട
ഏറ്റവും ഭീകരമായ വിപത്ത് വളർന്നുവരുന്ന തലമുറയെ നിരീശ്വരവാദികളാക്കാനും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രചിന്താഗതിക്കാരാക്കാനും നടത്തുന്ന ശ്രമങ്ങളാണ്. ഇതിന്റെ ഭാഗമായാണ് കുഞ്ഞുമനസ്സുകളിൽ നിരീശ്വരവാദവും മതനിഷേധവും പാർട്ടി പ്രത്യയശാസ്ത്രവും അടിച്ചേൽപ്പിക്കുന്ന പാഠപുസ്തകങ്ങൾ കേരള വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനക്കളരികളിൽ വികസിച്ച ആശയങ്ങൾ ഇടതുസർക്കാർ പാഠപുസ്തകങ്ങളുടെ രൂപത്തിൽ കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഔദ്യോഗിക സംവിധാനത്തിലൂടെ കുരുന്നിലേ കമ്യൂണിസ്റ്റ് വിപ്ലവ ആശയങ്ങൾ കുത്തിവച്ച് പാർട്ടി വളർത്താനുള്ള കുറുക്കുവഴിയായിട്ടാണ് വിദ്യാഭ്യാസവകുപ്പ് അനുദിനം മുന്നോട്ടുപോകുന്നത്.
ദൈവത്തിൽ വിശ്വസിക്കുകയും വിശ്വാസമനുസരിച്ച് ജീവിക്കുകയും ചെയ്യുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ജന്മാവകാശമാണ്. മതേതരരാഷ്ട്രമായ ഭാരതത്തിൽ വിശ്വാസ മനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ നിരീശ്വരവാദം വളർത്തിയെടുക്കാനും വിശ്വാസികളിൽ ആശയക്കുഴപ്പം ഉണ്ടാക്കി ആത്മീയനേതൃത്വത്തിനെതിരെ അവരെ തിരിച്ചുവിടുവാനുള്ള ശ്രമങ്ങൾ സംഘടിതമായി നടക്കുന്നു. പ്രത്യേകിച്ച്, ക്രൈസ്തവ വിശ്വാസത്തെ ശിഥിലമാക്കാനും സഭയുടെ സാമൂഹിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷകളെ ചെറുതാക്കി കാണിക്കാനും പുരോഹിതരുടെയും സന്ന്യസ്തരുടെയും വിശ്വസ്തത നശിപ്പിക്കാനുമുള്ള ബോധപൂർവശ്രമം.
ഏറ്റവും ഭീകരമായ വിപത്ത് വളർന്നുവരുന്ന തലമുറയെ നിരീശ്വരവാദികളാക്കാനും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രചിന്താഗ തിക്കാരാക്കാനും നടത്തുന്ന ശ്രമങ്ങളാണ്. ഇതിന്റെ ഭാഗമായാണ് കുഞ്ഞുമനസ്സുകളിൽ നിരീശ്വരവാദവും മതനിഷേധവും പാർട്ടി പ്രത്യയശാസ്ത്രവും അടിച്ചേൽപ്പിക്കുന്ന പാഠപുസ്തകങ്ങൾ കേരള വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനക്കളരികളിൽ വികസിച്ച ആശയങ്ങൾ ഇടതുസർക്കാർ പാഠപുസ്തകങ്ങളുടെ രൂപത്തിൽ കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഔദ്യോഗിക സംവിധാനത്തിലൂടെ കുരുന്നിലേ കമ്യൂണിസ്റ്റ് വിപ്ലവ ആശയങ്ങൾ കുത്തിവച്ച് പാർട്ടി വളർത്താനുള്ള കുറുക്കുവഴിയായിട്ടാണ് വിദ്യാഭ്യാസവകുപ്പ് അനുദിനം മുന്നോട്ടുപോകുന്നത്.
ലക്ഷ്യം നേടാനുള്ള തന്ത്രങ്ങൾ
അധികാരവും ശക്തിയും സ്വാധീനവും ഉപയോഗിച്ച് ലക്ഷ്യം നേടാൻ പല ഗൂഢപദ്ധതികളുമാണ് സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നത്. കേരളത്തിലെ സാംസ്ക്കാരിക നായകന്മാർ ഈ പാഠപുസ്തകങ്ങൾ വിവാദമാക്കേണ്ട എന്ന് പറയുന്നതും ചില ടെലിവിഷൻ ചാനലുകളിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും മാതാപിതാക്കളും ഈ പാഠപുസ്തകങ്ങൾ പഠിക്കുന്നതും പഠിപ്പിക്കുന്നതും തെറ്റില്ല എന്ന് അഭിപ്രായപ്പെടുന്നതും ചില പത്രമാസികകളും ചാനലുകളും അഭിപ്രായ സർവേകൾ നടത്തി വിവാദ പാഠപുസ്തകങ്ങൾ പിൻവലിക്കേണ്ട എന്ന് ഭൂരിപക്ഷത്തോടെ സമർത്ഥിക്കുന്നതും ഈ ലക്ഷ്യം സാധിക്കുന്നതിനുവേണ്ടി ഏതുതരത്തിലുള്ള തന്ത്രങ്ങളാണ് സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നത് എന്നതിന് തെളിവാണ്. ഇവ കൂടാതെ ഇടതുപക്ഷ അധ്യാപക സംഘടനകളുടെ സ്വാധീനത്തോടെ അധ്യാപകരിൽ ഭൂരിഭാഗത്തെ ഇടത് ചിന്താധാരയിലുള്ള ബോധനരീതിയുടെ പ്രയോക്താക്കളാക്കി മാറ്റിയശേഷം വിദ്യാർഥികളെ ഇടതു ആശയഗതിക്കാരായി തങ്ങളോടൊപ്പം ചേർക്കുക എന്ന പാർട്ടിയുടെ മിനിമം പരിപാടിയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിടുന്നത്.
ഏഴാം ക്ലാസിലെ സാമൂഹികപാഠം
പുതുതായി പരിഷ്കരിച്ച പാഠപുസ്തകങ്ങൾ പൗളോ ഫെയർ എന്ന വിദ്യാഭ്യാസ സാമൂഹിക ശാസ്ത്രജ്ഞൻ വികസിപ്പിച്ച ഭവിമർശനാത്മക ബോധനശാസ്ത്രം അനുസരിച്ച് തയ്യാറാക്കിയിട്ടുള്ളതാണ്. സമൂഹത്തിലെ വ്യവസ്ഥാപിത സ്ഥാപനങ്ങളായ മതം, കുടുംബം, പാരമ്പര്യങ്ങൾ എന്നിവയെ തകർക്കാനാണ് പൗളോ ഫെയർ ഈ സിദ്ധാന്തം വികസിപ്പിച്ചത്. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിൽ നിറഞ്ഞുകാണുന്ന ഇടതുപക്ഷ രാഷ്ട്രീയം ഹിഡൻ അജണ്ടയ്ക്കു തെളിവാണ്. ആദ്യപാഠത്തിൽ കേരളത്തിൽ നടപ്പായ ഭൂപരിഷ്ക്കരണം ഇടതുപക്ഷ ചായ്‌വോടെ അവതരിപ്പിച്ചിരിക്കുകയാണെങ്കിൽ രണ്ടാം പാഠം നിരീശ്വരത്വം പ്രോത്സാഹിപ്പിക്കുന്നവിധമാണ് തയ്യാറാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള മൂന്നാം പാഠം മിതവാദികളായ പല സ്വാതന്ത്ര്യ സമര നേതാക്കളെയും തമസ്കരിച്ച് തീവ്രസ്വാതന്ത്ര്യസമര സേനാനി കൾക്ക് മുൻഗണന നൽകുന്നു. ഈ പുസ്തകത്തിലെ സ്വാതന്ത്ര്യസമര ചരിത്രം വായിച്ചാൽ ഗാന്ധിജിയുടെയും ജവഹർലാൽ നെഹ്‌റുവി ന്റെയും സംഭാവനകൾ ഇടതുചിന്താഗതിക്കാരെക്കാൾ എത്രയോ നിസ്സാരമെന്നേ തോന്നൂ.
കേരളത്തിന് ആവശ്യമായ അരി ഇവിടെ ഉത്പാദിപ്പിക്കാനാവാ ത്തതിന്റെ കാരണം തേടിക്കൊണ്ടാണ് ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം ഒന്നാം പാഠം തുടങ്ങുന്നത്. കൃഷിക്കാരനു കൃഷിഭൂമിയുടെ അവകാശം ലഭിച്ചതെപ്പോഴാണ് എന്ന ചോദ്യമെറിഞ്ഞുകൊണ്ടു നൽകിയിട്ടുള്ള രണ്ടു ഖണ്ഡികകളിൽ ഒന്നജിയുടേതാണ്. മറ്റൊന്ന് ഇടതുപക്ഷ സഹയാത്രികൻ കെ. മാധവൻനായരുടെ “'പോക്കുവെയിൽ' എന്ന ഗ്രന്ഥത്തിൽനിന്ന് എടുത്തതും. പിന്നീട് 'വിത്തിട്ടവൻ വിള കൊയ്യും' എന്ന തലക്കെട്ടിൽ പറഞ്ഞിരിക്കുന്നതു കരിവെള്ളൂരിലെ കർഷകസമരത്തെയും പോലീസ് വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനെയും കുറിച്ചാണ്. കൂടാതെ, ജന്മിത്വ കാലത്തെക്കുറിച്ചും കർഷക പ്രക്ഷോഭങ്ങളെപ്പറ്റിയും വിവരം ശേഖരിക്കാൻ നിർദേശിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ ചെറുകാടിന്റെ 'നമ്മളൊന്ന്', മണ്ണിന്റെ മാറിൽ', കെ. ദാമോദരന്റെ 'പാട്ടബാക്കി', കെ.കെ.എൻ. കുറുപ്പിന്റെ 'കേരളത്തിലെ കർഷക സമരങ്ങൾ', ആണ്ടലാട്ടിന്റെ 'രേഖയില്ലാത്ത ചരിത്രം' എന്നിവയുമാണ്.
ഇതേ പുസ്തകത്തിലെ 'മനുഷ്യത്വം വിളയുന്ന ഭൂമി എന്ന യൂണിറ്റിലെ മതമില്ലാത്ത ജീവൻ' എന്ന തലക്കെട്ടിലുള്ള ഭാഗം നിരീ ശ്വരത്വം വളർത്താൻ ലക്ഷ്യമിട്ടുള്ളതാണ്. പ്രധാന അധ്യാപകനും രക്ഷിതാവുമായുള്ള സംഭാഷണത്തിലൂടെയാണ് ഈ ഭാഗം തുടങ്ങുന്നത്. സ്കൂളിൽ ചേർക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരകളിൽ ഇരുത്തി ഹെഡ്മാസ്റ്റർ അപേക്ഷ പൂരിപ്പിക്കാൻ തുടങ്ങി. 'മോന്റെ പേരേന്താ? ജീവൻ കൊള്ളാം. നല്ല പേര്. അച്ഛന്റെ പേര്? അൻവർ റഷീദ്. അമ്മയുടെ പേര്? ലക്ഷ്മീദേവി. ഹെഡ്മാസ്റ്റർ മുഖമുയർത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു. 'കുട്ടിയുടെ മതം ഏതാ ചേർക്കേണ്ടത്? ഒന്നും ചേർക്കണ്ട. മതമില്ലെന്ന് ചേർത്തോളൂ. ജാതിയോ? അതും വേണ്ട' ഹെഡ്മാസ്റ്റർ കസേരയിലേക്ക് ചാരിയിരുന്ന് അൽപം ഗൗരവത്തോടെ ചോദിച്ചു: 'വലുതാകുമ്പോൾ ഇവന് ഏതെങ്കിലും മതം വേണമെന്നു തോന്നിയാലോ? അങ്ങനെ വേണമെന്നു തോന്നുമ്പോൾ അവൻ ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കട്ടെ'. മതത്തെ തള്ളിപ്പറയാൻ പ്രേരിപ്പിക്കുന്ന രസകരമായ ചോദ്യങ്ങൾ തുടർന്നും പുസ്തകത്തിലുണ്ട്. താഴെപ്പറയുന്ന വിവിധ പ്രശ്നങ്ങൾ ഏതു മതത്തിൽപ്പെട്ടവരെയാണ് കൂടുതൽ ബാധിക്കുക?1. വിലക്കയറ്റം, 2. കുടിവെള്ളക്ഷാമം, 3. പകർച്ചവ്യാധികൾ, 4. ഭൂകമ്പം.'
ഈ പാഠഭാഗത്ത് ക്രൈസ്തവമതത്തെ വികലമായി ചിത്രീകരിച്ചിരിക്കുന്നു. 'അവർണജാതിയിൽനിന്നും ക്രിസ്തുമതത്തി ലേക്ക് മതപരിവർത്തനം ചെയ്തവർ തീണ്ടലിലും തൊടീലിലും വിധേയരാവേണ്ടിവന്നു.' ദൈനംദിന വ്യവഹാരങ്ങളിലും സംഭാഷണങ്ങ ളിലും മാത്രമല്ല, പള്ളികളിൽപ്പോലും വിവേചനം ഉണ്ടായിരുന്നു. ഭദളിത് ക്രിസ്ത്യാനികൾക്ക് സവർണപള്ളികളിൽ പ്രവേശനം നിഷേ ധിച്ചിരുന്നു.' ദളിത-സവർണ ക്രിസ്ത്യാനികൾ തമ്മിൽ വിവാഹം അനുവദിച്ചിരുന്നില്ല. അക്രമത്തെ മഹത്വവത്കരിക്കുകയും നീതിക്കുവേണ്ടി കൊലപാതകം ചെയ്യുന്നതിൽ തെറ്റില്ല എന്ന് കുട്ടികളെ പഠിപ്പിക്കുകും ചെയ്യുന്നു: ഏഴാം ക്ലാസ് വിദ്യാർഥികളായ ശാന്തിയും സുനിതയും തെരഞ്ഞെടുത്ത മാർഗം തോക്കിന്റേതായിരുന്നു. 1931 ഡിസംബർ 14ന് ശാന്തിയും സുനിതയും കോമില്ലയിലെ ജില്ലാ മജിസ്ട്രേറ്റ് സ്റ്റീവൻസിന്റെ വീട്ടിലെത്തി. സ്കൂൾ വിദ്യാർഥികളായി ഇവരെ ഒട്ടും സംശയിക്കാതെ കാവൽക്കാർ മജിസ്ടേറ്റിനെ കാണാൻ അനുവദിച്ചു. സ്റ്റീവൻസനെ കണ്ട ഉടൻ രണ്ടുപേരും ഉടുപ്പിനുള്ളിൽ നിന്നു തോക്കെടുത്ത് നിറയെഴിച്ചു'.
പുസ്തകത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ
1. സമൂഹത്തിലെ സംഭവങ്ങൾ വിലയിരുത്തി അനാരോഗ്യ വിമർശനങ്ങൾ നടത്തുക. 2. നന്മയ്ക്കുവേണ്ടി തിന്മ പ്രവർത്തിക്കുന്നത് ശരിയാണ് (മാർഗമേതായാലും ലക്ഷ്യം നന്നായാൽ മതി എന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം). 3. നിരീശ്വരവാദം വളർത്തുക, മതത്തെ തള്ളിപ്പറയുക. 4 മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുക. 5. കമ്യൂണിസ്റ്റ് നേതാക്കളെ മാതൃകകളായി ചിത്രീകരിച്ചിരിക്കുന്നു. 6. നിരീശ്വരവാദഗ്രന്ഥങ്ങൾ വായിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടി രിക്കുന്നു. 7. സ്വാതന്ത്ര്യ സമരചരിത്രത്തെ വളച്ചൊടിച്ചിരിക്കുന്നു. 8. കമ്യൂണിസ്റ്റ് സർക്കാരിന്റെ ഭരണപരിഷ്കാരങ്ങളെ മഹത്വവത്കരിച്ചി രിക്കുന്നു. 9. മതേതരത്വമെന്നാൽ മതമില്ലാത്ത അവസ്ഥ എന്ന് സമർത്ഥിച്ചിരിക്കുന്നു. 10. വിപ്ലവം കുത്തിനിറച്ചിരിക്കുന്നു. 11. ചൈനീസ് സംസ്ക്കാരത്തെ എടുത്തുപറഞ്ഞിരിക്കുന്നു. 12. ക്രൈസ്തവ വിശ്വാസത്തെ വികലമായി ചിത്രീകരിച്ചിരിക്കുന്നു. 13. മതത്തെ വിമർശിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു.
ഇനി നാം ചെയ്യേണ്ടത്
മതവിരുദ്ധവും നിരീശ്വരമനോഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും വർഗസമരത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ദേശീയ പ്രാദേശിക ചരിത്രസംഭവങ്ങളെ വ്യാഖ്യാനിക്കുന്നതും അനാരോഗ്യ ചരിത്രസംഭവങ്ങളെ വ്യാഖ്യാനിക്കുന്നതും അനാരോഗ്യകരമായ വിമർശന സംസ്ക്കാരം വളർത്തുന്നതുമായ പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നത് വരുംതലമുറയെ ഗുരുതരമായ വീഴ്ചകളിലേക്ക് നയിക്കുന്നതിനിടയാക്കും. ഈ സാഹചര്യത്തിൽ സമൂഹത്തിന്റെ പൊതുനന്മയ്ക്കായി മതമൂല്യങ്ങളിലുറച്ച് നമ്മുടെ സംസ്ക്കാരത്തിനുവേണ്ടി ശക്തമായ നിലപാടുകളും പ്രതികര ണങ്ങളുമായി നമ്മൾ രംഗത്തിറങ്ങിയേപറ്റൂ. നമ്മുടെ പൂർവപിതാ ക്കന്മാർ രക്തം ചിന്തിപ്പോലും സംരക്ഷിച്ച ദൈവവിശ്വാസം തകർക്കാൻ ശ്രമം നടക്കുമ്പോൾ അതിനെതിരെ ധീരമായി നിലകൊള്ളാൻ നമുക്ക് സാധിക്കണം. ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ ഞാൻ ഈറ്റുനോവ് അനുഭവിക്കുന്നു എന്ന പൗലോസ് അപ്പസ്തോലന്റെ ചിന്തയനുസരിച്ച് നമ്മുടെ മക്കളിൽ ദൈവത്തെ രൂപപ്പെടുത്തുവാൻ നമുക്ക് കടമയും ഉത്തരവാദിത്തവുമുണ്ട്. അതിനാൽ ഏഴാം ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കേണ്ടത് നമ്മുടെ അവകാശമാണ്. നമ്മുടെ കുട്ടികൾ ഈ പാഠപുസ്തകങ്ങൾ പഠിക്കാൻപാടുള്ളതല്ല. അതിനുവേണ്ടി നാം ധീരമായി മുന്നോട്ടുവരണം.
വിദ്യാഭ്യാസ ശുശ്രൂഷ സമിതി, കോട്ടപ്പുറം രൂപത
3 comments Labels: സ്പെഷ്യല്
പവർ കട്!
മൂന്നുനാലു വർഷത്തെ ഇടവേളയ്ക്കു ശേഷം ലവൻ വീണ്ടുമെത്തി.
ലോഡ്ഷെഡിംഗ് എന്ന പുന്നാരപ്പേരിൽ മന്ത്രി എ കെ ബാലനാണ് വീണ്ടും ഇരുട്ടിന്റെ ആത്മാവിനെ കുടത്തിൽ നിന്നും പുറത്തുവിട്ടത്.
"അരമണിക്കൂർ വൈദ്യുതി നിലച്ചാൽ കുട്ടികളുടെ പഠന നിലവാരം തകരും. അടുക്കളപ്പണികൾ മുടങ്ങും. സർവ്വോപരി ടീവീ സീരിയൽ അവതാളത്തിലാവും. പോരാത്തതിന് കള്ളന്മാർ അഴിഞ്ഞാടും...." മന്ത്രി ബാലനെതിരെ ഇന്നലെ ടീവീ ചാനലുകളിൽ മെയ്ക്കപ്പിടാത്ത ചേട്ടത്തിമാർ ആഞ്ഞടിച്ചത് നമ്മൾ കണ്ടതാണ്.
പറയുമ്പോൾ എല്ലാം പറയണമല്ലോ. മന്ത്രി എ കെ ബാലന്റെ കുറ്റം കൊണ്ടല്ല കാലവർഷം കാലുവാരിയത്. എന്നിരുന്നാലും നല്ലതോതിൽ വിളവുണ്ടായ കാലത്ത് വൈദ്യുതി വിറ്റ് കാശുണ്ടാക്കാൻ നോക്കാതെ എവിടെയെങ്കിലുമിത് സൂക്ഷിച്ചു വച്ചിരുന്നെങ്കിൽ ഇപ്പോഴെടുത്ത് 'കത്തി'ക്കാമായിരുന്നുവെന്നാണ് ഉമ്മൻ ചാണ്ടിയദ്ദേഹം ഇരുട്ടിൽ തപ്പിയത്!
സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന സൂത്രവാക്യം വച്ച് പവർകട്ടിനെ വരവേറ്റാൽ നമ്മൾ എ കെ ബാലനെ പൂവിട്ടു പൂജിച്ചുപോകും. അതെന്തുകൊണ്ടാണെന്നു പറയാം.
നമ്മുടെ കൊച്ചു കേരളത്തിൽ വ്യക്തിബന്ധങ്ങളും കുടുംബ ബന്ധങ്ങളും വലിയതോതിൽ തകർന്നുകൊണ്ടിരിക്കുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
മനോരോഗികൾ, അക്രമവാസനക്കാർ, മയക്കുമരുന്ന്, മദ്യം, മദിരാക്ഷി എന്നിവയുടെ അടിമകൾ, പെരുകുന്നു. അച്ചനെയും അമ്മയെയും കൊല്ലുന്ന മക്കൾ, മക്കളെ കിണറ്റിലിട്ടോ വിഷം കൊടുത്തോ കൊല്ലുന്ന അച്ചനമ്മമാർ, പരസ്പരം കുത്തിച്ചാകുന്ന സഹോദരങ്ങൾ, നിത്യവാർത്തകളാകുന്നു. 'മനുഷ്യൻ എത്ര സുന്ദരമായ പദം' എന്ന സങ്കൽപ്പത്തിന്റെ പതിനാറടിയന്തിരമാണ് ചുറ്റിലും നടമാടുന്നത്!
അതിനിടയിലേക്കാണ് ഇരുട്ടിന്റെ ആത്മാവ് ദിവസവും അരമണിക്കൂർ നേരത്തേക്ക് വിരുന്നുവരുന്നത്. അന്നേരം ചില നല്ല കാര്യങ്ങൾ സംഭവിക്കാം.
തിരക്കിനിടയിൽ മിണ്ടാൻ മറന്നു പോയ അച്ചനും അമ്മയ്ക്കും, മക്കൾക്കും മാതാപിതാക്കൾക്കും, ചേട്ടനും ചേച്ചിക്കും, അനിയനും അനിയത്തിക്കും തമ്മിൽ മനസ്സു തുറന്ന് എന്തെങ്കിലുമൊക്കെ വർത്തമാനങ്ങൾ പറയാം എന്നതാണ് ആ നല്ല കാര്യങ്ങളിൽ സുപ്രധാനം.
ഏറെക്കാലമായി ടെലിവിഷം സീരിയലുകളും റിയാലിറ്റി ഷോകളും കൂടി തകർത്തു കളഞ്ഞ സന്ധ്യാ പ്രാർത്ഥനകൾ വീണ്ടും തുടങ്ങാമെന്നതാണ് രണ്ടാമത്തെ നല്ല കാര്യം.
മൂന്നാമത്തെ നല്ല കാര്യം അത്രയും നേരം അന്തരീക്ഷം മലിനമാകില്ല എന്നതാണ്. അന്തരീക്ഷത്തിലേക്കു അരമണിക്കൂർ കാര്യമായി പുക ഉയരില്ല, ഘോര ശബ്ദങ്ങളും ഉയരില്ല.
പതിയെ മനസു തുറക്കൂ, തമാശ പറഞ്ഞു ചിരിക്കൂ, അമ്മയോട് സങ്കടം പറഞ്ഞ് ഒന്ന് വിതുമ്പി കരയൂ. പവർക്കട്ട് ആത്മസംഘർഷങ്ങൾക്ക് ഒരു മരുന്നായി മാറ്റാം!
ഇപ്പോൾ വ്യത്യസ്തനാമൊരു മന്ത്രിയാം ബാലനെ സത്യത്തിൽ നിങ്ങൾ തൊഴുതു പോകില്ലേ?
0 comments Labels: മഞ്ഞക്കണ്ണട
ഏഴാം ക്ലാസിലെ സാമുഹികപാഠപുസ്തകമെന്ന കച്ചിത്തുരുമ്പിൽ തൂങ്ങി പാതിരി-ചെന്നിത്തല-ചാണ്ടി-കാളി-കൂളി കൂട്ടങ്ങൾ ആരംഭിച്ച അരാജകത്വ സൃഷ്ടിപ്രവർത്തനത്തിന് ക്രിയാത്മകമായ പിന്തുണയാണ് കുഞ്ഞാലിക്കുട്ടിയിൽനിന്നും മുസ്ലീം ലീഗിൽനിന്നും അവരുടെ വിദ്യാർഥി വിഭാഗമായ എംഎസ്‌എഫിൽനിന്നും നിർലോപം ലഭിച്ചിട്ടുള്ളത്. എംഎസ്‌എഫ് എന്നൊരു വിദ്യാർഥി സംഘടന ജീവിച്ചിരിപ്പുണ്ടെന്ന് പൊന്നാനിക്ക് തെക്കുള്ളവർക്ക് ബോധ്യപ്പെടാനും ഈ അവസരം അവർ ബുദ്ധിപൂർവം വിനിയോഗിച്ചു. ഹൈബിയുടെ നേതൃത്വത്തിൽ കെഎസ്‌യു പിള്ളേർ വാർത്താപ്രധാന്യം നേടുന്നതിൽ അസൂയപൂണ്ടിട്ടൊന്നുമല്ല, എന്നാൽ തങ്ങൾ ആരെക്കാളും ചെറുതല്ലെന്ന് തെളിയിക്കാനാണ് അവർ ശ്രമിച്ചത്.
കമ്യൂണിസവും ഈശ്വരനിന്ദയും ഈശ്വരനിഷേധവും പ്രചരിപ്പിക്കാൻ ആരു ശ്രമിച്ചാലും അതിനെ എതിർക്കേണ്ടത് ജനാധിപത്യത്തിലും ഈശ്വരാസ്തിത്വത്തിലും അടിയുറച്ച് വിശ്വസിക്കുന്ന കോൺഗ്രസുകാരും അവരുടെ കുട്ടിപ്പടയായ കെഎസ്‌യുവും മുസ്ലീം ലീഗും അവരുടെ വിദ്യാർഥി വിഭാഗമായ എംഎസ്‌എഫുമൊക്കെയാണ്. അതൊക്കെതന്നെയാണ് തങ്ങൾ ചെയ്യുന്നതെന്ന് ഇവർ അവകാശപ്പെടുമ്പോഴും പുറത്തുനിൽക്കുന്നവർക്ക് കാണാൻ കഴിയുന്നത് തികഞ്ഞ അരാജകത്വ സൃഷ്ടിയും ജനാധിപത്യവിരുദ്ധമായ നടപടികളുമാണ്. അതാണ് എംഎസ്‌എഫ് പിള്ളേർ കാട്ടിക്കൂട്ടിയത്.
ഒരു പാഠപുസ്തകത്തിൽ തങ്ങൾ വിശ്വസിക്കുന്ന ചില മൂല്യങ്ങൾക്കെതിരായ പരാമർശമുണ്ടെന്ന് ആരൊക്കെയോ പറഞ്ഞുകേട്ടതിന്റെ പിന്നാലെ പന്തവുമായി തെരുവിലിറങ്ങിയ എംഎസ്‌എഫ് പിള്ളേരുടെ മുന്നിലേക്കെത്തിയത് മലബാറിലെ സ്കൂളുകളിലേക്ക് വിതരണത്തിന് കൊണ്ടുപോയ പാഠപുസ്തകങ്ങളാണ്. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല, വണ്ടി തടഞ്ഞുനിർത്തി പുസ്തകക്കെട്ടെല്ലാം റോഡിൽ വിതറി, അതിന് തീകൊടുത്ത്, പണ്ട് ഇരയെ വീഴ്ത്തി ചുട്ടുതിന്നുകൊണ്ടിരിക്കുമ്പോൾ കാട്ടാളവിഭാഗം നടത്തിയതുപോലെ അട്ടഹാസത്തോടെയുള്ള ആഹ്ലാദപ്രകടനമാണ് നാട്ടുകാർ കണ്ടത്.
അക്ഷരം ദൈവമാണെന്നും ഈശ്വരവിശ്വാസം അറിവിന്റെ ആരംഭമാണെന്നും എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. മുസ്ലീങ്ങൾ ഇക്കാര്യം പഠിപ്പിക്കാൻ പ്രത്യേക പാഠശാലകൾതന്നെ നൂറ്റാണ്ടുകളായി ആരംഭിച്ചിട്ടുണ്ട്. മുസ്ലീം വിദ്യാർഥികൾ ഈ പാഠശാലകളിൽ നിർബന്ധമായി പങ്കെടുത്ത് ഖുറാൻ അടക്കമുള്ള കിത്താബുകൾ ഓതണമെന്നത് കർശന നിയമമാണ്. ആ നിയമം അനുസരിച്ച് വളർത്തപ്പെട്ട വിദ്യാർഥികളാണ് തെരുവിൽ പാഠപുസ്തകങ്ങൾ കത്തിച്ച് ആഹ്ലാദിച്ചത്.
അറിവിനോടും ശാസ്ത്രീയബോധത്തോടും മുസ്ലീം മതവിഭാഗം അലസമായ സമീപനമാണ് സ്വീകരിച്ചതെന്ന് പറയുമ്പോൾ ആരും കോപാകുലരായിട്ട് കാര്യമില്ല. ഇത് ഈ സമൂഹത്തിലെ സാധാരണക്കാർ ആഗ്രഹിച്ച് നടപ്പിലാക്കിയ രീതിയൊന്നുമല്ല. മറിച്ച് കുഞ്ഞാലിക്കുട്ടിയേയും ഇ. അഹമ്മദിനെയും പാണക്കാട് തങ്ങളേയും പോലെയുള്ള മുതലെടുപ്പിന്റെ ശക്തികൾ അവരിൽ അടിച്ചേൽപ്പിച്ച അനാശാസ്യതയായിരുന്നു അത്. മദ്രസാ പഠനവും കിത്താബ് ഓതലും മതി ഖയാമത്ത് നാളിൽ പടച്ചതമ്പുരാന്റെ മുമ്പിൽ നേരോടെ നിൽക്കാൻ എന്നൊക്കെയാണ് ഈ നേതാക്കളും അവരുടെ ആജ്ഞപ്രകാരം പ്രവർത്തിക്കുന്ന മൊല്ലാക്കമാരും ഖത്തീബുമാരുമെല്ലാം മുസ്ലീം സമുദായത്തിലെ സാധുക്കളായ മനുഷ്യരോട് പറഞ്ഞുവച്ചിട്ടുള്ളത്. അവരത് അക്ഷരംപ്രതി വിശ്വസിക്കുകയും ചെയ്തു. കേരളത്തിലെ മുസ്ലീങ്ങളുടെ, വിശേഷിച്ച് മലബാറിലെ മുസ്ലീങ്ങളുടെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയുടെ ഏക കാരണവും ഇതുതന്നെയാണ്.
ഈ സത്യം പാണക്കാട് ശിഹാബ് തങ്ങളിനറിയാം. ജനാബുമാരായ കുഞ്ഞാലിക്കുട്ടി സാഹിബിനറിയാം. അഹമ്മദ് സാഹിബിനറിയാം. മുനീർ സാഹിബിനറിയാം. ഇ.ടി. മുഹമ്മദ് ബഷീർ സാഹിബിനറിയാം. അങ്ങനെ പല പല സാഹിബുമാർക്കുമറിയാം. എന്നിട്ടും തങ്ങളുൾപ്പെടുന്ന സമുദായത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനുവേണ്ടി, തങ്ങൾ കൈയാളുന്ന രാഷ്ട്രീയ വിലപേശൽ ശക്തി ഇതുവരെ അവർ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടാണ് വിദ്യാർഥിസമരങ്ങളിലെ ഏറ്റവും നികൃഷ്ടമെന്ന് വിശേഷിപ്പിക്കപ്പെടേണ്ട, എംഎസ്‌എഫ് പിള്ളേരുടെ പാഠപുസ്തകം കത്തിക്കലിനെ ഈ സാഹിബുമാരൊന്നും അപലപിക്കാതിരുന്നത്. അതായത് അറിവും വിവേകവും ശാസ്ത്രീയബോധവും നൽകുന്ന ഒരു സ്രോതസും നിലനിൽക്കരുത് എന്നാണ് ഇവരുടെയോക്കെ മനസിലിരിപ്പ്. ബോധം തെളിഞ്ഞാൽ, ശാസ്ത്രീയാവബോധം ശക്തമായാൽ വെള്ളം ഓതിയും ചരട് ഓതിയും തങ്ങൾമാർ നടത്തുന്ന മുതലെടുപ്പിന് മുസ്ലീം സമുദായം കൂട്ടുനിൽക്കുകയില്ലെന്നും കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരുടെ സ്വകാര്യസുഖ-ധന സമ്പാദന ത്വരകളെ അംഗീകരിക്കുകയില്ലെന്നും ഇവർക്കറിയാം. നാനോ ടെക്നോളജിയുടെ ഈ കാലഘട്ടത്തിലും മുസ്ലീം സമുദായത്തിലെ സാധാരണക്കാരെ അറിവിന്റെ മേഖലകളിൽനിന്ന് ആട്ടിപ്പായിക്കുന്ന വർത്തമാനകാല മനുമാരാണ് ഇവരെല്ലാം.
എന്നാൽ എല്ലാ മുസ്ലീം സഹോദരങ്ങളും ഇത്തരത്തിൽപെട്ടവരല്ല എന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി സാഹിബിനും കൂട്ടർക്കും മനസിലായതാണ്. അതിന്റെ പേരിൽ ആര്യാടൻ അടക്കമുള്ളവരോട് ഇപ്പോഴും കൊമ്പുകോർത്തുകൊണ്ടിരിക്കുകയാണ് ഈ ജനാബുമാരെല്ലാം. പുസ്തകം കത്തിക്കാൻ പിള്ളേർക്ക് മൗനാനുവാദം നൽകിയതിന്റെ തിരിച്ചടി വരാൻപോകുന്നതേയുള്ളൂ. പ്രത്യേകിച്ച് ബനാത്ത്‌വാല അടക്കമുള്ള വിവേകത്തിന്റെ സാന്നിധ്യം ഇല്ലാതായ സാഹചര്യത്തിൽ.
ഇവിടെ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. അത് വിവാദപരമായ പാഠപുസ്തകത്തിന്റെ പേരിൽ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയും മറ്റു ചില മാർക്ക്സിസ്റ്റ് സഖാക്കളും സർവോപരി സർക്കാർ പുലർത്തുന്ന ജനവിരുദ്ധ നിലപാടാണത്. ഇന്നലെ ഈ പംക്തിയിൽ ചൂണ്ടിക്കാണിച്ചതുപോലെ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയപാർട്ടിക്ക് അവരുടെ മൂല്യബോധം അനുസരിച്ച് വിദ്യാഭ്യാസമേഖല അടക്കമുള്ള ജനവ്യാപാരമേഖലകളിൽ ഇടപെടാൻ അവകാശമുണ്ട്. എന്നാൽ അത്, ഭരണീയരെ ബോധ്യപ്പെടുത്തിയതിനുശേഷം നടത്തിയെടുക്കേണ്ട ഒന്നാണ്. അല്ലാതെ അധികാരത്തിന്റെ ഹുങ്കോടെ അടിച്ചേൽപ്പിക്കാനുള്ളതല്ല.
ഏഴാം ക്ലാസിലെ സാമുഹികപാഠപുസ്തകത്തിന്റെ പേരിൽ ഉയർന്നിട്ടുള്ള വിവാദങ്ങളോട് അച്യുതാനന്ദൻ സർക്കാരിന്റെ സമീപനം ജനഹിതമനുസരിച്ചായിരുന്നില്ല എന്ന കാര്യത്തിൽ ഞങ്ങൾക്ക് തർക്കമില്ല. വിവാദമുയർന്നപ്പോൾതന്നെ എതിർക്കുന്നവർ അടക്കമുള്ളവരെ ഒരു മേശയ്ക്കുചുറ്റും വിളിച്ചിരുത്തി പ്രശ്നം രമ്യമായി പരിഹരിക്കാൻ കഴിയുമായിരുന്നു. വിവാദമുണ്ടാക്കിയ പാഠപുസ്തകങ്ങൾ പിൻവലിച്ച നിരവധി അനുഭവങ്ങൾ എല്ലാവർക്കും ഓർമയുണ്ട്. ചില പരാമർശങ്ങളുടെ പേരിൽ സാഹിത്യ സമ്രാട്ടായ ഷെയ്ക്സ്പിയറുടെ ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന നാടകം ഡിഗ്രി വിദ്യാർഥികളുടെ സിലബസിൽനിന്ന് മാറ്റിയ ചരിത്രം കേരള യൂണിവേഴ്സിറ്റിക്കുണ്ട്. ഒരു പാഠപുസ്തകം പിൻവലിച്ചു എന്നതുകൊണ്ട് ആകാശമൊന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ല. ആ അർഥത്തിൽ അച്യുതാനന്ദൻ സർക്കാർ എടുത്ത നിലപാട് തികച്ചും പ്രതിലോമകരം തന്നെയാണ്. ബേബിയടക്കമുള്ളവരുടെ കടുംപിടുത്തം മൂലം എത്രയെത്ര അനിഷ്ടസംഭവങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കേരളത്തിലുണ്ടായത്. എത്രയെത്ര ഹർത്താലുകളാണ് നടന്നത്. ഹർത്താലുകൾക്കെതിരെ ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കെ അത് ലംഘിക്കുന്നവർക്ക് കൂട്ടുനിന്നുകൊണ്ട് കോടതിയലക്ഷ്യ പ്രവർത്തനമാണ് ഈ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.
കുഞ്ഞാലിക്കുട്ടിമാർക്കും ബേബിമാർക്കും ഇതു ഭൂഷണവും അവരുടെ രാഷ്ട്രീയ നിലനിൽപ്പിന് അനിവാര്യവുമായിരിക്കാം. എന്നാൽ അവരേക്കാൾ വിദ്യാസമ്പന്നരും രാഷ്ട്രീയ പ്രബുദ്ധരുമായ കേരളീയർക്ക് ഇതെല്ലാം അസഹ്യവും അംഗീകരിക്കാൻ സാധിക്കാത്ത അരാജകത്വവും അരാഷ്ട്രീയവുമാണ്.
0 comments Labels: മുഖപ്രസംഗം
ഏഴാം ക്ലാസിലെ സാമുഹിക പാഠപുസ്തകത്തിലെ ഒരു പാഠത്തിന്റെ പേരിൽ മതന്യൂനപക്ഷങ്ങളും പ്രതിപക്ഷവും ഇളക്കിവിട്ട പ്രക്ഷോഭത്തിൽ, അക്ഷരാർത്ഥത്തിൽ ഉരുകുകയാണിപ്പോൾ കേരളം. കെ.എസ്.യു. പിള്ളേരെ തെരുവിലിറക്കി ആരംഭിച്ച സമരം കഴിഞ്ഞ നാലുദിവസമായി സംസ്ഥാനത്തൊട്ടാകെ പൊതുജീവിതത്തിന് ഭീഷണിയായി കഴിഞ്ഞു. ഇപ്പോൾ ഏറ്റുമുട്ടൽ ഡിവൈഎഫ്‌ഐയും യുവമോർച്ചയും തമ്മിലായി. ഇന്നലെ തലസ്ഥാന നഗരിതന്നെ ചോരക്കളമായി മാറി. പോലീസ് പക്ഷപാതിത്വം കാണിച്ചപ്പോൾ യുവമോർച്ച പ്രവർത്തകർക്ക് ചുട്ട അടികിട്ടി. അതിന്റെ പേരിൽ ഇന്ന് തിരുവനന്തപുരം ജില്ലയിൽ അവർ ഹർത്താൽ ആചരിക്കുകയാണ്. എന്തൊക്കെ അത്യാഹിതങ്ങളുണ്ടായെന്ന് ഇത് എഴുതുമ്പോൾ ഊഹിക്കാനാവാത്തവിധം സർക്കാരിന്റെയും പോലീസിന്റെയും രാഷ്ട്രീയപാർട്ടികളുടെയും നിയന്ത്രണത്തിൽനിന്ന് പ്രശ്നം വഴുതിപ്പോയി വല്ലാതെ വഷളായിക്കഴിഞ്ഞു.
ഒരു പാഠപുസ്തകത്തിലെ പരാമർശമല്ല, മറിച്ച് മറ്റുചില അജണ്ടകളാണ് പ്രസ്താവനകൾ ഇറക്കുന്നവർക്കും പ്രക്ഷോഭങ്ങൾ നടത്തുന്നവർക്കും എന്ന് ഇപ്പോൾ ബോധ്യമായി. പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തങ്ങളുടെ അടിത്തറ ശക്തമാക്കാനുള്ള അതിജീവന രാഷ്ട്രീയക്കാരുടെ അതിഗർഹണീയമായ നീക്കങ്ങളാണ് പ്രശ്നം ഇത്ര വഷളാക്കിയതെന്നാണ് ഞങ്ങളുടെ അഭിപ്രായം.
"മതമില്ലാത്ത ജീവൻ" എന്ന ശീർഷകത്തിലുള്ള പാഠമാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം. മിശ്രവിവാഹിതരായ ദമ്പതികളുടെ കുട്ടിയെ സ്കൂളിൽ ചേർക്കാൻ കൊണ്ടുവന്നപ്പോൾ ഉണ്ടായ, സാധാരണയുണ്ടാകുന്ന ചില സ്ഥിരം നടപടിക്രമങ്ങളാണ് പാഠത്തിലെ പരാമർശം. മതവിശ്വാസത്തോടെ ഇന്ത്യയിൽ ജീവിക്കാമെന്നതുപോലെ മതവിശ്വാസമില്ലാതെയും ഇന്ത്യൻ പൗരനായി കഴിയാം എന്നത് ആരെല്ലാം നിഷേധിച്ചാലും യാഥാർത്ഥ്യമായ വസ്തുതയാണ്. മിശ്രവിവാഹത്തെ ആരൊക്കെ എതിർത്താലും അത് മറ്റൊരു യാഥാർത്ഥ്യമായി നമുക്കു ചുറ്റുമുണ്ട്. ഈ യാഥാർത്ഥ്യം സൃഷ്ടിക്കുന്ന അല്ലെങ്കിൽ ഈ യാഥാർത്ഥ്യം വിസ്മരിക്കുന്നതുമൂലം സൃഷ്ടിക്കപ്പെടുന്ന, മതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പാഠപുസ്തകത്തിൽ വിവരിക്കുന്നത്.
എന്നാൽ പാഠത്തിന് നൽകിയ ശീർഷകമാണ് മതന്യൂനപക്ഷ പുരോഹിതന്മാരെ ആദ്യം എതിർപ്പുമായി രംഗത്തെത്തിച്ചത്. സെമിനാരിയിലും മറ്റ് മതപാഠശാലകളിലും പഠിക്കുന്ന സമയത്തല്ലാതെ മതഗ്രന്ഥങ്ങൾ വായിക്കാത്ത മതാധ്യക്ഷന്മാരാണ് ഭൂരിപക്ഷവും. ആ പ്രതിലോമത്വം ഈ പുസ്തക പാഠത്തോടും അവർ കാണിച്ചു. കാരണം അവരാരും ഈ പുസ്തകം വായിച്ചിരുന്നില്ല. ജീവൻ എന്നത് സ്കൂളിൽ അഡ്മിഷൻ തേടിവന്ന വിദ്യാർഥിയുടെ പേരാണ്. എന്നാൽ അതിനെ പരമാത്മാവിന്റെ ഭാഗമെന്നു പറയുന്ന ജീവാത്മാവായി തെറ്റിദ്ധരിച്ചും തെറ്റിദ്ധരിപ്പിച്ചുമാണ് ബഹുമാന്യരായ നമ്മുടെ മതപുരോഹിതന്മാർ പ്രശ്നം ഇത്ര വഷളാക്കിയത്. ഇവരുടെ ഈ വൃത്തികെട്ട സ്വഭാവം കൊണ്ടാണ് മതവും മതനേതാക്കളും സമാധാനപൂർണമായ ജനജീവിതത്തിന് പാരയാണെന്ന് പറയേണ്ടിവരുന്നതും ഈ ഹീനതാൽപര്യങ്ങളേയും അത് സംരക്ഷിക്കുന്നവരേയും ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്യേണ്ടിവരുന്നതും.
പാതിരിമാരും മൊല്ലാക്കമാരും പിന്നെ സർവ മതതാന്തോന്നികളും 'ജീവനെ' പൊക്കിപ്പിടിച്ചപ്പോൾ അത് വോട്ടുനേടാനുള്ള ഏറ്റവും ആയാസരഹിതമായ കുറുക്കുവഴിയാണെന്ന് ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും മാണിയുമടക്കമുള്ള അധികാരക്കൊതിയന്മാർ മനസിലാക്കി. ഹൈബി ഈഡനെ തല്ലുകൊള്ളിച്ചുകൊണ്ട് അവർ തങ്ങളുടെ അജണ്ട നടപ്പിലാക്കി. അപ്പോൾ ജനശ്രദ്ധ അവരിലേക്ക് തിരിയുന്നു എന്നു മനസിലാക്കി ഡിവൈഎഫ്‌ഐ സഖാക്കൾ തനതുഗുണ്ടായിസവുമായി രംഗത്തെത്തി. മേഷയുദ്ധത്തിലെ സൃഗാലനെപോലെ അവിടേക്ക് സംഘപരിവാറിന്റെ കുട്ടിശിങ്കങ്ങളും ചാടിവീണപ്പോൾ സാധാരണക്കാർക്ക് സമാധാനപൂർണമായി ജോലിക്കുപോകാൻപോലും കഴിയാത്ത അവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തു.
അതേസമയം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ, അവരുടെ പ്രത്യയശാസ്ത്രപരമായി എടുത്ത ഒരു നിലപാടിനെ ചോദ്യം ചെയ്യാൻ പ്രതിപക്ഷത്തിനും മറ്റുള്ളവർക്കും അവകാശമുണ്ട് എന്നതുനേര്. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് അവരുടെ പ്രത്യയശാസ്ത്രപരമായ നയങ്ങളും പരിപാടികളും നടപ്പിലാക്കാൻ അവകാശമില്ലായെന്നു പറയുന്നത് പമ്പരവിഡ്ഢിത്തവും ശുദ്ധ വിവേകമില്ലായ്മയുമാണ്. കമ്യൂണിസ്റ്റ് മൂല്യങ്ങളിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും ആ മൂല്യങ്ങളെ മുൻനിർത്തിയായിരിക്കും സർക്കാരിന്റെ എല്ലാ നയങ്ങളും രൂപീകരിക്കുകയെന്നും ജനങ്ങളോട് പറഞ്ഞിട്ടാണ് ഇടതുപക്ഷം വോട്ട് തേടിയത്. ജനങ്ങൾ അത് അംഗീകരിച്ചതുകൊണ്ടാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. സാമ്പത്തിക-സാമുഹിക-സാംസ്ക്കാരിക മേഖലകളിൽ, ഉദ്യോഗസ്ഥരംഗത്ത് കമ്യൂണിസ്റ്റുകൾക്ക് അവരുടെ മൂല്യബോധമനുസരിച്ചുള്ള ഇടപെടൽ ആകാമെങ്കിൽ വിദ്യാഭ്യാസമേഖലയിലും ആകാം. അത് നിഷേധിക്കാൻ ജനാധിപത്യഭരണക്രമത്തിൽ ഒരു പാതിരിക്കും മൊല്ലാക്കയ്ക്കും ചെന്നിത്തലയ്ക്കും ചാണ്ടിക്കും അവകാശമില്ല.
മതത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളിൽ നടക്കുന്ന കൊള്ളരുതായ്മകൾ എല്ലാവരുടെയും മനസിലുണ്ട്. അതുകൊണ്ടുതന്നെ ആ കൊള്ളരുതായ്മകൾക്കെതിരായുള്ള സമരം കൂടിയാണ് കമ്യൂണിസ്റ്റുകളുടെ ജീവിതമെന്ന് മാർക്ക്സ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടാണ് കമ്യൂണിസ്റ്റുകൾ നിരീശ്വരവാദികളായി തുടരുന്നത്. ചാർവാകനും ബുദ്ധനും പ്രചരിപ്പിച്ചതും നിരീശ്വരത്വം തന്നെയായിരുന്നു. അവർക്കും അണികളെകിട്ടി, ശിഷ്യഗണങ്ങളെ കിട്ടി. അതുകൊണ്ട് മാത്രം ആർഷഭാരതത്തിന്റെ സംസ്ക്കാരത്തിനോ പൈതൃകത്തിനോ ഒരു കോട്ടവും സംഭവിച്ചിരുന്നില്ല.
ഗാന്ധിജി ചർക്കയും നൂൽനൂൽക്കലും സസ്യാഹാരരീതിയും സഹനസമരവും വിദ്യാർഥികളിൽ അടിച്ചേൽപ്പിച്ചപ്പോൾ എന്തുകൊണ്ട് ആരും അന്ന് ചോദ്യം ചെയ്തില്ല? സംഘപരിവാർ അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിൽ അവരും പാഠപുസ്തക നിർമാണത്തിൽ ഇടപെട്ടിട്ടുണ്ട്. ഇതെല്ലാം രാജ്യത്തെ അല്ലെങ്കിൽ പ്രദേശത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വം കാലാകാലങ്ങളിൽ അനുവർത്തിക്കുന്ന നയങ്ങൾ തന്നെയാണ്.
ഈ സത്യമാണ് പാതിരിമാരും മൊല്ലാക്കമാരും ചാണ്ടി - ചെന്നിത്തല പ്രഭൃതികളും തമസ്ക്കരിച്ച് ഇന്ന് കേരളത്തിന്റെ തെരുവുകളെ യുദ്ധക്കളമാക്കിയത്. തിരിച്ചറിയേണ്ടത് കമ്യൂണിസ്റ്റുകളുടെ അജണ്ട നടപ്പാക്കുന്ന രീതികളല്ല, മറിച്ച് ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കള്ളനാണയങ്ങളെയാണ്.
ഇതു പറയുമ്പോൾ മറ്റൊരു വസ്തുത കാണാതിരുന്നുകൂടാ. നാലുദിവസമായി കേരളത്തിൽ അക്രമങ്ങൾ മുടിയഴിച്ചാടുന്നത് കണ്ടിട്ടും കൃത്യമായി ഇടപെടാനോ നടപടികളെടുത്ത് ആ വിപത്തിനെ ഇല്ലായ്മ ചെയ്യാനോ അച്യുതാനന്ദൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. കഴിവുകെട്ട ഒരു സർക്കാർ. ഷണ്ഡീകരിക്കപ്പെട്ട പോലീസ് സേന. പാദസേവകർ മാത്രമായ ഉദ്യോഗസ്ഥവൃന്ദം. എന്തു തോന്ന്യാസത്തിനും ആഹ്വാനം ചെയ്യുന്ന മതനേതൃത്വം. അകിടിൽനിന്ന് ചോരമാത്രം കുടിക്കുന്ന പ്രതിപക്ഷ പാർട്ടികൾ ഇവരുടെയെല്ലാം അവിഹിതമായ രാഷ്ട്രീയ ഇടപെടലാണ് പ്രശ്നം ഇത്ര രൂക്ഷമാക്കിയത്. ഇവരെ എന്തുചെയ്യണമെന്ന് കേരളം തീരുമാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
5 comments Labels: മുഖപ്രസംഗം
5 comments Labels: മുഖപ്രസംഗം
രാഷ്ട്രീയം എന്നാലെന്താണെന്ന് നമ്മുടെ പിള്ളേരോടു ചോദിച്ചാൽ എന്തായിരിക്കും ഉത്തരം? ഉത്തരം പലതായിരിക്കും. എസ്‌എഫ്‌ഐക്കാരൻ നൽകുന്ന ഉത്തരമാവില്ല കെഎസ്‌യുക്കാരൻ നൽകുന്ന ഉത്തരം. രണ്ടിനും നേർവിപരീതമാകും എബിവിപിക്കാർ നൽകുക. എസ്‌ഐഒ, കാമ്പസ് ഫ്രണ്ട് തുടങ്ങി കെഎസ്സി (എ ടു സെഡ്) ഗ്രൂപ്പുകാരുടെ ഉത്തരങ്ങളും പരസ്പര വിരുദ്ധം തന്നെയാകും!
ഒരു ചോദ്യത്തിനിങ്ങനെ പല ഉത്തരങ്ങൾ വരുന്നതെന്തുകൊണ്ടാവാം?
പിള്ളേരെ രാഷ്ട്രീയം പഠിപ്പിക്കുന്നത്, അല്ലെങ്കിൽ പഠിപ്പിക്കാതിരിക്കുന്നത് ശരിയായ, അല്ലെങ്കിൽ ശാസ്ത്രീയമായ രീതിയിലല്ല എന്നതുതന്നെ. ശാസ്ത്രം സത്യമാണെന്നാണ് പണ്ടൊക്കെ പഠിപ്പിച്ചിരുന്നത്. ഒരു കല്ലെടുത്ത് മുകളിലേക്കെറിഞ്ഞാൽ ആ കല്ല് എറിയുന്നവന്റെ തിരുമണ്ടയിൽ തന്നെ വന്നുവീഴുന്നത് ഗുരുത്വാകർഷണബലം എന്ന ശാസ്ത്രീയ സത്യത്തിന്റെ ബലത്തിലാണെന്ന് കല്ലെറിഞ്ഞ 'ഗുരുത്വം' കെട്ടവനു വരെ മനസിലാവും!
'ഗുരുത്വം' കെട്ട പിള്ളേരുടെ കയ്യാങ്കളികൾക്ക് കൈനീട്ടം വയ്ക്കുന്ന പരിപാടിയെയാണിപ്പോൾ വിദ്യാർഥി രാഷ്ട്രീയം എന്നു പറയുന്നത്. നാട്ടിൽ എന്തുനടക്കുന്നു, രാജ്യത്ത് എന്തുനടക്കുന്നു, ലോകത്ത് എന്തു നടക്കുന്നു എന്നൊന്നും തിരിച്ചറിയാത്ത 'ഗുരുത്വം' കെട്ട കല്ലേറുകാരെ വളർത്തിയെടുക്കലാണോ രാഷ്ട്രീയം?
എസ്‌എഫ്‌ഐ അക്രമത്തിനെതിരെ എന്നു പറഞ്ഞു നടത്തിയ സമരം മനോരമയെന്ന പത്രമാധ്യമത്തെ ആക്രമിക്കാൻ വേണ്ടിയായിരുന്നുവെന്നാണ് ഇന്നലെ കേരളത്തിനു മനസിലായത്. പൗരസ്വാതന്ത്ര്യം പോലെതന്നെ ജനാധിപത്യ സംവിധാനത്തിന്റെ സവിശേഷതയാകേണ്ട പത്രസ്വാതന്ത്ര്യത്തിൽതന്നെ കല്ലെറിഞ്ഞു കളിക്കാൻ എസ്‌എഫ്‌ഐക്കാർവരെ തുനിഞ്ഞിറങ്ങുമ്പോൾ, ഇവന്മാരൊക്കെ വളർന്ന് വലിയ നേതാക്കന്മാരാകുന്ന ഭീകരമായൊരു കാലത്ത് എന്തൊക്കെയാവും നടക്കാനിരിക്കുന്നത് എന്ന ആശങ്കയാണ് ഉയരുന്നത്.
വിദ്യാർഥി രാഷ്ട്രീയം വേണ്ട എന്ന് ലോകമെമ്പാടും ഈ കൊച്ചു കേരളത്തിലും വൻതോതിൽ പ്രചാരണങ്ങൾ നടക്കുന്നു. വിദ്യാർഥികൾ രാഷ്ട്രീയം പഠിച്ചാൽ, രാഷ്ട്രീയത്തിൽ പ്രവർത്തിച്ചാൽ നിലവിലുള്ള വ്യവസ്ഥിതികൾ അവർ സമൂലമായി അഴിച്ചുപണിയുകതന്നെ ചെയ്യും. അക്കാര്യം ലോകത്തെ സകല ഭരണകൂടങ്ങളുടെയും ഉറക്കം കെടുത്തും.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവും ലോകത്തെങ്ങുനിന്നും ഉയരുന്ന വിദ്യാർഥി മുന്നേറ്റങ്ങളും നൽകുന്ന പാഠമതാണ്. ഈ പാഠം മനസിലാക്കിയ അതിബുദ്ധിമാന്മാർ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളിൽ അവതരിച്ചതോടെയാണ് എല്ലാ അർത്ഥത്തിലും നാളെയുടെ നിയന്താക്കളാകേണ്ട വിദ്യാർത്ഥികളെ, അവരുടെ രാഷ്ട്രീയത്തെ ചുടുചോറുവാരിക്കുന്ന കുട്ടിക്കുരങ്ങാക്കി മാറ്റുന്നത്!
ഈ ആരോപണം ശരിയല്ലെന്നു സ്ഥാപിക്കാൻ അക്രമത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന കോടിയേരി മന്ത്രിയുടെ പ്രസ്താവന മാത്രം പോര!
1 comments Labels: മഞ്ഞക്കണ്ണട
0 comments Labels: കവര് സ്റ്റോറി
ഏഴാം ക്ലാസിലെ സാമൂഹികപാഠപുസ്തകത്തിലെ ഒരു പാഠത്തിന്റെ പേരിൽ ക്രമസമാധാനനില വഷളാക്കിക്കൊണ്ടിരിക്കുകയാണ് പ്രതിപക്ഷവും പാതിരിമാരുമടങ്ങുന്ന മത-രാഷ്ട്രീയ മാഫിയാസംഘം. കെഎസ്‌യു പിള്ളേരെ തെരുവിലിറക്കി ചെന്നിത്തലയും ചാണ്ടിയും ജനജീവിതം സ്തംഭിപ്പിക്കുമ്പോൾ പ്രസ്താവനകളിലൂടെ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് കത്തോലിക്കാ വൈദികരും മുസ്ലീം മൊല്ലാക്കമാരും പിന്നെ സർവ കാളികൂളി ചാത്തന്മാരും.
അധികാരമില്ലാതെ ജീവിക്കാൻ കോൺഗ്രസുകാർക്കും അധികാരദല്ലാളുമാരായി സാമ്പത്തിക ലൈംഗിക മുതലെടുപ്പ് നടത്താതെ കഴിഞ്ഞുകൂടാൻ മതാധ്യക്ഷന്മാർക്കും അവരുടെ ശിങ്കിടികൾക്കും കഴിയുകയില്ല. ഈ സുഖമോഹങ്ങൾക്ക് എന്നും ഇടതുപക്ഷ സർക്കാരുകൾ വിഘാതമാണെന്ന് തിരിച്ചറിഞ്ഞാണ് പഴയ വിമോചനസമര സ്വപ്നങ്ങൾ പൊടിത്തട്ടിയെടുത്ത് ഈ മാഫിയാ സംഘം ഇപ്പോൾ കേരളത്തിലെ സാധാരണക്കാരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നത്.
എം.എ. ഡിഗ്രി പാസായില്ലെങ്കിലും പേരിൽ എം.എ. ഉള്ള, രണ്ടാം മുണ്ടശേരിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബേബിമന്ത്രി കഴിഞ്ഞ രണ്ടുവർഷമായി വിദ്യാഭ്യാസ വാണിക്കുകൾക്കും മതന്യൂനപക്ഷത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്ന വൃത്തികെട്ടവന്മാർക്കും വിടുപണി ചെയ്യുകയായിരുന്നു. ആ ദുർവൃത്തിയുടെ തുടർച്ചയാണ് ഇപ്പോൾ, ഏഴാം ക്ലാസിലെ സാമൂഹികപാഠത്തിന്റെ പേരിൽ അദ്ദേഹം നടത്തുന്ന തലക്കനം ബാധിച്ച പ്രഖ്യാപനങ്ങൾ. ബേബിയുടെ ചെയ്തികളിലും ചൊല്ലുകളിലും തൂങ്ങിയാണ് കഴിഞ്ഞ രണ്ടുവർഷമായി മതന്യൂനപക്ഷ നേതാക്കന്മാരും ചാണ്ടി-ചെന്നിത്തല പ്രഭൃതികളും വിദ്യാഭ്യാസത്തെ മറയാക്കി നാട് 'കൊള'മാക്കിക്കൊണ്ടിരിക്കുന്നത്.
'മാനത്തോടെ ഇരിക്കുന്ന മനുഷ്യന് ബുദ്ധി നഷ്ടപ്പെട്ടാൽ അവൻ മൃഗത്തേക്കാൾ അധഃപതിക്കും' എന്ന ബൈബിൾ വാക്യമാണ് പാതിരിമാരും സംഘവും ഇപ്പോൾ സാർത്ഥകമാക്കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 50 വർഷത്തിനിടയിൽ പലവട്ടം കമ്യൂണിസ്റ്റ് പാർട്ടികൾ കേരളത്തിൽ അധികാരത്തിൽ എത്തിയിട്ടും യുക്തിവാദികളുടെയും കമ്യൂണിസ്റ്റുകാരുടെയും എണ്ണം കുറഞ്ഞതല്ലാതെ കൂടിയിട്ടില്ല. ഈ രണ്ടുകൂട്ടരും കൊണ്ടുപിടിച്ച് ശ്രമിച്ചിട്ടും കേരളീയന്റെ മനസിലെ ഈശ്വരവിശ്വാസത്തിന് ഇടിവ് തട്ടിക്കാനുമായിട്ടില്ല.
വസ്തുത ഇതായിരിക്കെ ഒരു പാഠപുസ്തകത്തിലെ ചില പരാമർശങ്ങളുടെ പേരിൽ വിദ്യാർഥി സമൂഹത്തെ ഒന്നാകെ നിരീശ്വരവാദികളും കമ്യൂണിസ്റ്റുകളുമാക്കിതീർക്കുമെന്നു പറയുന്നതിൽപരം തട്ടിപ്പ് മേറ്റ്ന്താണുള്ളത്. സാമൂഹികപാഠത്തോടൊപ്പം ഭാഷയും സയൻസും കണക്കും ദശാബ്ദങ്ങളായി കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. കഴിഞ്ഞ 50 വർഷമായി സയൻസിന്റെ അടിസ്ഥാനതത്വങ്ങൾ ഒരു മാറ്റവും കൂടാതെയാണ് കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് കത്തോലിക്കരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാലും നായന്മാരുടെ സ്കൂളിലായാലും ഈഴവരുടെ വിദ്യാലയങ്ങളിലായാലും മുസ്ലീങ്ങളുടെ പള്ളിക്കൂടങ്ങളിലായാലും ഒരുപോലെതന്നെയാണ്.
ദൈവമാണ് മനുഷ്യൻ അടക്കമുള്ള പ്രപഞ്ചസൃഷ്ടികളുടെ സ്രഷ്ടാവ് എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ എല്ലാ സ്കൂളുകളിലും പഠിപ്പിക്കുന്നത് പരിണാമത്തിലൂടെയാണ് അമീബ മുതൽ മനുഷ്യൻവരെയുള്ള ജീവജാലങ്ങൾ ഉണ്ടായതെന്നാണ്. ഇത് അച്ചന്മാരും കന്യാസ്ത്രീമാരും മുസ്ലീം-ഹൈന്ദവ മതപ്രഭാഷകരായ അധ്യാപകരുമടക്കമുള്ളവർ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സയൻസിന്റെ അടിസ്ഥാന തത്വമാണ്. ഈരേഴുപതിനാല് ലോകങ്ങളും മുപ്പത്തിമുക്കോടി ദൈവങ്ങളും ഉണ്ടെന്നാണ് ഹൈന്ദവ വിശ്വാസം. എന്നാൽ പ്രപഞ്ചത്തിൽ കോടാനുകോടി നക്ഷത്രസമൂഹങ്ങളുണ്ടെന്നും അതിൽ സൂര്യൻ എന്ന നക്ഷത്രം കേന്ദ്രസ്ഥാനത്തുവരുന്ന സൗരയൂഥത്തിൽ ഒൻപത് ഗ്രഹങ്ങളാണുള്ളതെന്നും അതിൽതന്നെ ഇപ്പോൾ ജീവൻ നിലനിൽക്കുന്നത് ഭൂമിയിൽ മാത്രമാണെന്നും, മറ്റു ഗ്രഹങ്ങളിൽ ജീവജാലങ്ങളുണ്ടോ എന്നു കണ്ടെത്താനുള്ള ശാസ്ത്രീയ പരീക്ഷണങ്ങൾ നടക്കുകയാണെന്നും ഇവരൊക്കെതന്നെയാണ് വിദ്യാർഥികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും ഈശ്വരവിശ്വാസത്തിനും ദൈവഭയത്തിനും ഒരു മാറ്റവും വന്നിട്ടില്ല. ദൈവത്തിൽ വിശ്വസിക്കുകയും ആ വിശ്വാസത്തിന് കടകവിരുദ്ധമായ ശാസ്ത്രസത്യങ്ങൾ പഠിപ്പിക്കുകയും ചെയ്തവരാണ് ഇപ്പോൾ ഒരു പാഠത്തിന്റെ പേരിൽ ഈശ്വരവിശ്വാസം നഷ്ടപ്പെടുമെന്ന ഭീതിയുമായി തെരുവിലിറങ്ങിയിരിക്കുന്നത്. മതത്തിന്റെയും മതവസ്ത്രങ്ങളുടെയും മറവിൽ ഇവരെല്ലാം ഇക്കാലമത്രയും നടത്തിയിരുന്ന തട്ടിപ്പിനേക്കാൾ വലിയ തട്ടിപ്പാണ്, ഏഴാം ക്ലാസിലെ സാമൂഹികപാഠപുസ്തകത്തിന്റെ പേരിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
കേരളത്തിൽ മാറിമാറിവന്ന മന്ത്രിസഭകളിൽ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്തവരിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമൊക്കെയുണ്ട്. അവർക്കാർക്കും അന്ന് പാഠപുസ്തകങ്ങളിലെ മേൽസൂചിപ്പിച്ച ഈശ്വരനിഷേധമായ ശാസ്ത്രവിവരങ്ങൾ അസ്വസ്ഥത സൃഷ്ടിക്കുകയോ അവരുടെ ഉറക്കം നശിപ്പിക്കുകയോ ചെയ്തിട്ടില്ല. അപ്പോൾ ടി.എം. ജേക്കബും കെ.എം.മാണിയും കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് ബഷീറുമൊക്കെ ഇപ്പോൾ ഈശ്വരവിശ്വാസത്തിന്റെ പേരിൽ അസ്വസ്ഥത സൃഷ്ടിക്കാൻ പ്രസ്താവനകളിറക്കുന്നതിന്റെ പിന്നിലെ ചേതോവികാരം അധികാരക്കൊതിമാത്രമാണെന്ന് തിരിച്ചറിയാനുള്ള വിവരവും വിദ്യാഭ്യാസവും വിവേകവും കേരളീയർക്കുണ്ട്. തുമ്മിയാൽ തെറിക്കുന്ന മൂക്ക് ഇല്ലാതിരിക്കുന്നതാണ് ഭംഗിയും അഭിമാനവും. ഒരു പാഠപുസ്തകത്തിലെ പരാമർശത്തിന്റെ പേരിൽ ഈശ്വരന് അസ്തിത്വം നഷ്ടപ്പെടുമെങ്കിൽ അത്തരമൊരു ഈശ്വരൻ ഇല്ലാതിരിക്കുന്നതാണ് മലയാളികൾക്ക് മാത്രമല്ല, മാനവരാശിക്കാകെ ഗുണകരം. അതുകൊണ്ട് ഈ ചെപ്പടാച്ചികളിൽനിന്ന് പിന്മാറി കഴിഞ്ഞ ദിവസം ഈ പംക്തിയിൽ ചൂണ്ടിക്കാണിച്ച ആരോഗ്യരംഗത്തെ കെടുകാര്യസ്ഥത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പാതിരിമാർ അടക്കമുള്ളവർ മുന്നോട്ടുവരുമ്പോൾ അവിടെ ഈശ്വരനും ഈശ്വര സാന്നിധ്യം അനുഭവിച്ചറിയാനാകും. ഇപ്പോൾ ഇവരിലെല്ലാം ഉറഞ്ഞുതുള്ളുന്നത് സാത്താന്റെ താൽപര്യങ്ങൾതന്നെയാണ,് സംശയമില്ല.
2 comments Labels: മുഖപ്രസംഗം
രാഷ്ട്രീയമായ ആർജവം, വ്യക്തിപരമായ സത്യസന്ധത, സാമൂഹിക പ്രതിബദ്ധത, ദേശീയബോധം, ചൂഷണത്തിനെതിരായ പോരാട്ടം - ഇവയുടെ അടയാളപ്പെടുത്തലായിരുന്നു മുൻപ്, വെളുത്ത ഖദർ വസ്ത്രവും അത് ധരിക്കുന്നവരും.
എന്നാൽ ചാണ്ടിയുടെയും ചെന്നിത്തലയുടേയും കാലമായപ്പോഴേയ്ക്കും പാരവയ്പിന്റെയും മുതലെടുപ്പിന്റെയും ജനവഞ്ചനയുടെയും സമൂഹത്തിൽ, സാമുദായിക സ്പർദ്ധ വളർത്തുന്ന തന്ത്രങ്ങളുടെയും സൂത്രവാക്യമായി അധഃപതിച്ചു ഖദറും അത് ധരിക്കുന്നവരും.
അതല്ലെങ്കിൽ, കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നില്ലാതെ സാധാരണക്കാരായ രോഗികൾ വലയുമ്പോൾ, ആ പ്രശ്നത്തിന് പരിഹാരം കാണേണ്ടതിന് പകരം, ഒരു പാഠപുസ്തകത്തിന്റെ പേരിൽ ഇവർ, തെരുവിൽ സമരം നടത്തുമായിരുന്നില്ല; സമരക്കാരെ നേരിട്ട പോലീസിന്റെ സ്ഥിരം ശൈലി ഉയർത്തിക്കാട്ടി നിയമ സഭ സ്തംഭിപ്പിക്കുമായിരുന്നില്ല.
പി.കെ. ശ്രീമതി എന്ന ഒരു അശ്രീകരത്തെ ആരോഗ്യമന്ത്രിയാക്കിയ നിമിഷം മുതൽ ആരംഭിച്ചതാണ്, കേരളത്തിലെ സാധാരണക്കാരായ രോഗികളുടെ ഗതികേട്. ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ടൈഫോയിഡുമെല്ലാം, ശ്രീമതിയുമായി തട്ടിച്ചുനോക്കുമ്പോൾ എത്ര നിരുപദ്രവകാരികളാണെന്ന് കഴിഞ്ഞ രണ്ടു വർഷത്തെ അനുഭവം കേരളീയരെ പഠിപ്പിക്കുന്നു. ഈ മൺസൂൺ കാലത്ത് ചിക്കുൻഗുനിയ ഉൾപ്പെടെയുള്ള പകർച്ചപ്പനികൾ 'പൂർവാധികം ശക്തിയോടെ' ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പ് കാറ്റിൽപ്പറത്തി ശ്രീമതി മന്ത്രിമന്ദിരത്തിൽ വാഴുമ്പോഴാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ മരുന്നില്ലാതെ നിർധനരായ രോഗികൾ നരകിക്കുന്നത്.
മെഡിക്കൽ കോളേജുകളെ മരുന്നുക്ഷാമം ബാധിച്ചിട്ടില്ലെങ്കിലും ജില്ലാ-താലൂക്ക് ആശുപത്രികൾ, കമ്യൂണിറ്റി ഹെൽത്ത് സെന്റർ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജീവൻ രക്ഷാമരുന്നുകൾ പോലുമില്ല! പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പാരസെറ്റമോൾ ഗുളികകൾപോലും സ്റ്റോക്കില്ല!! ഗ്ലൂക്കോസ്, ഐവി ഫ്ലൂയിഡ്, അത്യാവശ്യ ആന്റിബയോട്ടിക്കുകൾ തുടങ്ങിയവയെല്ലാം ജില്ലാ ആശുപത്രികളിൽനിന്നുവരെ പുറത്തേക്ക് എഴുതിക്കൊടുക്കുകയാണ്.
മെഡിക്കൽ കോളേജുകളിലാകട്ടെ ഡിഫ്ത്തീരിയ, ടൈറ്റനസ്, വില്ലൻചുമ എന്നിവയെ യഥാക്രമം പ്രതിരോധിക്കുന്ന ഓക്സിട്രയോൺ നാഫ്തേ, മീഥൈൽ ഓക്സോനൈഡ്, പോളിട്രയോൺ കാർബോമൈറ്റ് തുടങ്ങിയ മരുന്നുകൾ കേട്ടുകേൾവിപോലുമില്ലാത്ത അവസ്ഥയിലാണ്. ഡിഫ്ത്തീരിയയും ടെറ്റനസും വില്ലൻചുമയും പൂർണമായും നിർമാർജനം ചെയ്തുവെന്ന അഹങ്കാരത്തിലാണ് മരുന്നുത്പാദനം കമ്പനികൾ നിർത്തിവച്ചിട്ടുള്ളതും, ഡോക്ടർമാർ ആ മരുന്നുകളെ വിസ്മരിക്കുന്നതും.
എന്നാൽ ഏതാനും ദിവസം മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിഫ്ത്തീരിയ ബാധിച്ച് ഒരു കുട്ടി മരിച്ചതോടെ ആ രോഗമടക്കമുള്ളള മരണങ്ങൾ നമ്മുടെ ചുറ്റും എപ്പോൾ വേണമെങ്കിലും ആക്രമിച്ച് നമ്മേ കീഴ്പ്പെടുത്താൻ അവസരം പാർത്തിരിക്കുകയാണെന്ന് വ്യക്തമായി.
1952 ആദ്യ സർക്കാരിന്റെ കാലത്ത്, ആരോഗ്യമന്ത്രിയായിരുന്ന ഡോ.എ.ആർ. മേനോൻ ദീർഘവീക്ഷണത്തോടെ നടപ്പാക്കിയതായിരുന്നു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെവരെ കണക്കെടുത്ത്, ജില്ലാ മെഡിക്കൽ സ്റ്റോറുകളിലൂടെയുള്ള മരുന്നുവിതരണ സംവിധാനം. എന്നാൽ അശ്രീകര മന്ത്രി അധികാരമേറ്റതോടെ ആ സംവിധാനം തകർത്ത്, തമിഴ്‌നാട് മോഡൽ മെഡിക്കൽ കോർപ്പറേഷൻ പകരം വച്ചതാണ് മരുന്നുക്ഷാമത്തിന്റെ യഥാർത്ഥ കാരണം. പാർട്ടിക്കുള്ളിൽനിന്നുപോലും എതിർപ്പുയർന്നിട്ടും ശ്രീമതി പുതിയ പദ്ധതി നടപ്പിലാക്കിയതിനുപിന്നിൽ സ്വകാര്യ ലാഭത്തിന്റെ ലക്ഷ്യം മാത്രമാണുണ്ടായിരുന്നതെന്ന് ആരോപിക്കേണ്ടിവരും. 17000 രൂപ ശമ്പളത്തിന് സ്വന്തം മരുമകളെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച ഒരു അഹങ്കാരത്തിന് അത്തരം ദുഷ്ടലാക്കില്ലാതെ പോയെങ്കിൽ മൂക്കത്ത് വിരൽവച്ചാൽ മതി.
മരുന്നുക്ഷാമം തെക്കൻ കേരളത്തേക്കാർ രൂക്ഷമായിട്ടുള്ളത് മലബാർ മേഖലയിലാണ്. തെക്കൻ ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തനത് ഫണ്ടിൽനിന്ന് തുക മുടക്കി ഔഷധങ്ങൾ വാങ്ങുന്നതുകൊണ്ടാണ് പ്രശ്നം അത്രയ്ക്കൊന്നും രൂക്ഷമായി അനുഭവപ്പെടാത്തത്. മുതിർന്നവരുടെ ഈ അവസ്ഥയെക്കാൾ ഭീകരമാണ് നവജാതശിശുക്കളുടെ പ്രശ്നം. നവജാത ശിശുക്കൾക്ക് പ്രാഥമികമായി നൽകേണ്ട പ്രതിരോധ കുത്തിവയ്പുകൾ സർക്കാർ ആശുപത്രികളിൽ നിർത്തിവച്ചിട്ട് ഒരു മാസത്തോളമായി. ജനിച്ച ഉടനെ നൽകുന്ന ബിസിജി കുത്തിവയ്പ് കഴിഞ്ഞ ഒരു മാസമായി, പൂർണമായി നിർത്തിവച്ചിരിക്കുകയാണ്. ഒന്നര മാസത്തിലും രണ്ടര മാസത്തിലും മൂന്നു മാസത്തിലും ഒന്നരവയസിലും നൽകുന്ന ഡിപിടിക്കുള്ള മരുന്നും, പത്താം മാസത്തിൽ നൽകുന്ന മീസിൽസ്, നാലുവയസിൽ കൊടുക്കുന്ന ടിടി, ഡിടി തുടങ്ങിയ കുത്തിവയ്പുകളും മുടങ്ങിക്കിടക്കുകയാണ്.
നൂറുകണക്കിന് കുഞ്ഞുങ്ങളാണ് പ്രതിദിനം സർക്കാർ ആശുപത്രികളിൽ ജനിക്കുന്നത്. ഈ കുഞ്ഞുങ്ങളെ നിത്യരോഗികളാക്കുന്നതിൽ ശ്രീമതിക്ക് ഒരു മനസാക്ഷികുത്തുമില്ല! "നിങ്ങളും ഒരു സ്ത്രീയല്ലെ, അമ്മയല്ലേ" എന്നാരെങ്കിലും നെഞ്ചുരുകി ചോദിച്ചാൽ അവർക്കുനേരെ കണ്ണുരുട്ടാനും സഖാക്കളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും പക്ഷെ അശ്രീകര മന്ത്രിക്ക് മിടുക്കുണ്ടുതാനും. ഗൗരവമുള്ള, രൂക്ഷമായ, ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഒരു പ്രശ്നം സമൂഹത്തിലുണ്ടായിട്ടും അതു കാണാനും, അത് പരിഹരിക്കാനുമുള്ള പ്രക്ഷോഭം നടത്താനും ചാണ്ടിക്കും ചെന്നിത്തലയ്ക്കും പ്രതിപക്ഷത്തെ മറ്റു പാർട്ടികൾക്കും സമയമില്ല; സൗകര്യമില്ല.
കത്തോലിക്ക അച്ചന്മാർക്കും മുസ്ലീം മൊല്ലാക്കമാർക്കും ഏഴാം ക്ലാസിലെ പാഠപുസ്തകം ഉയർത്തിപ്പിടിച്ച് കുരച്ചേ മതിയാകൂ. അതവരുടെ ഭോഷ്ക്ക് നിറഞ്ഞ നിലനിൽപ്പിന്റെ പ്രശ്നമാണ്. അത് കേരളത്തിലെ സാധാരണക്കാരുടെ പ്രശ്നമല്ല. എന്നിട്ടും അതേറ്റുപിടിക്കാനും കെഎസ്‌യു പിള്ളേരെ പോലീസിന്റെ തല്ലുകൊള്ളിക്കാനും അതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പുനടത്താനുമാണ് ഷണ്ഡത്വം ബാധിച്ച യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്. മരുന്നുകിട്ടാതെ ആരെങ്കിലും മരിച്ചുകഴിഞ്ഞ് പ്രശ്നം ഉയർത്തി പ്രക്ഷോഭം ആരംഭിക്കാനാണ് ചെന്നിത്തലയും ചാണ്ടിയും കാത്തിരിക്കുന്നതെന്നു തോന്നുന്നു. ഇവരീ നാട്ടിലൊന്നുമില്ലേ; ഏതു കോത്താഴത്താണ് കഴിയുന്നതെന്ന് ചോദിച്ചുപോകുന്നത് അതുകൊണ്ടാണ്. അശ്രീകരമന്ത്രിക്ക് ഇണങ്ങുന്ന മരപ്പട്ടികളും ഈനാംപേച്ചികളുമായി, ഏതായാലും ചാണ്ടിയും ചെന്നിത്തലയും ഇപ്പോൾ വാർത്തകളിൽ നിറയുന്നുണ്ട്. അവരതിൽ സംതുലതരാണ് താനും.
കേരളീയന്റെ ഓരോ വിധികൾ...
0 comments Labels: മുഖപ്രസംഗം
പുതിയ നിയമങ്ങളും പുതിയ പാഠങ്ങളും ഉണ്ടാക്കാൻ നടക്കുകയും അതിന്റെ പേരിലുള്ള വിവാദങ്ങളുടെ വാലിന്മേൽതൂങ്ങി നടക്കേണ്ടിവരികയും ചെയ്യുന്ന ഇടതു മന്ത്രിമാർ 'ലൈഫ്ബോയ് എവിടെയോ അവിടെയാണാരോഗ്യം' എന്ന പഴയനിയമം മറന്നുപോയതിന്റെ ശിക്ഷയാണനുഭവിക്കുന്നത്!
നവമുതലാളിത്തത്തിന്റെ സോപ്പിട്ടാൽ ഇങ്ങനിരിക്കും; സഖാക്കളെ! കഴിഞ്ഞൊരു വർഷം നമ്മുടെ മന്ത്രിമാരുടെ ആരോഗ്യം തിരികെ പിടിക്കാൻ പത്തൊമ്പത് ലക്ഷത്തി പത്തൊമ്പതിനായിരത്തി അറുന്നൂറ്റിപത്തൊമ്പത് രൂപയുടെ മരുന്നാണ് അവന്മാർ തിന്നുതീർത്തത്!
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂവെന്നാണ് പണ്ടൊക്കെ ഉസ്കൂളിൽ പഠിപ്പിച്ചിരുന്നത്. ബേബിമാഷിന്റെ മാഷ്മ്മാർ അതും തിരുത്തിക്കുറിച്ചോ എന്നറിയില്ല.
ആരോഗ്യമന്ത്രിമാരുടെ ആരോഗ്യമില്ലാത്ത മനസുകൾ ആരോഗ്യമില്ലാത്ത തീരുമാനങ്ങളെടുത്തു നടപ്പാക്കും. ആ തീരുമാനങ്ങളെ ആരോഗ്യം ഒട്ടുമില്ലാത്ത കെഎസ്‌യുവിനും അത്രപോലും ആരോഗ്യമില്ലാത്ത യുവമോർച്ചക്കുംവരെ ചെറുത്തു തോൽപ്പിക്കാനാവും!
ചുരുക്കത്തിൽ കേരളത്തിൽ രണ്ടു കൊല്ലമായി ഭരിക്കുന്ന ഇടതുസർക്കാരിന്റെ ആരോഗ്യക്കുറവിനും വിളർച്ചക്കും കാരണമെന്തെന്ന് പുറത്തായിരിക്കുന്നു. ആരോഗ്യപരമായി പരിതാപകരമായ അവസ്ഥയിൽ തുടരുന്ന വൈദ്യുതിവകുപ്പിന്റെ മന്ത്രി എ.കെ. ബാലൻ ഒരു വർഷം തിന്നുതീർത്തത് ഒരു ലക്ഷത്തി അറുപത്തിരണ്ടായിരത്തി നൂറ്റെഴുപത്തിയഞ്ചു രൂപയുടെ മരുന്നാണ്. കെഎസ്‌ഇബി അടുത്ത കാലത്തെങ്ങും ആരോഗ്യം വീണ്ടെടുക്കുമെന്നു തോന്നുന്നുണ്ടോ?
പണ്ടേ ആരോഗ്യം കട്ടപ്പുറത്തായ ഗതാഗതവകുപ്പിന്റെ മന്ത്രി മാത്യു ടി. തോമസ് തിന്നുതീർത്തത് ഒരു ലക്ഷത്തി അമ്പത്തൊമ്പതിനായിരത്തിഅഞ്ഞൂറ്റിമുപ്പത്തിനാലുരൂപയ്ക്ക് മരുന്ന്. കെ.എസ്.ആർ.ടി.സിയുടെ ഭാവി ഭൂതം കൊണ്ടുപോയില്ലേ?
സകല പൗരന്മാരുടെയും ആരോഗ്യത്തെ ബാധിക്കുന്ന പൊതുവിതരണവകുപ്പു മന്ത്രി സി. ദിവാകരൻ കഴിച്ചുതീർത്തത് ഒരു ലക്ഷത്തിമുപ്പത്തിയെണ്ണായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിരണ്ട് രൂപയുടെ മരുന്ന്. എന്താവും റേഷൻകടയുടെ ഗതി?
പിന്നെങ്ങിനെ സർക്കാർ ആശുപത്രിയിൽ മരുന്നുണ്ടാകുമെന്ന് ആത്മഗതം ചെയ്യുന്നുണ്ടാവും. സർക്കാരാശുപത്രിയിൽപ്പോയി മരുന്നു ചീട്ടുമാത്രം കിട്ടിയ പാവങ്ങൾ രോഗികൾ!
സർക്കാർ ആശുപത്രിയിൽനിന്നും മരുന്നു കിട്ടാത്ത രോഗികൾക്ക് മന്ത്രിണി ശ്രീമതിയുടെ ഉപദേശനിർദേശങ്ങൾ, പ്രസ്താവനകൾ എന്നിവ ആസ്വദിച്ചു വേദനയകറ്റാം. ഇതിനെയാണ് സാന്ത്വന ചികിത്സ എന്നുപറയുന്നത്!
മരുന്നു കഴിച്ചുല്ലസിക്കുന്ന മന്ത്രിസത്തമന്മാരും കഴിക്കാൻ മരുന്നു കിട്ടാത്ത പാവങ്ങളും ഒരു നാൾ മരിക്കും. മന്ത്രിമാർക്ക് അവരുടെ രോഗങ്ങൾക്കൊപ്പം പാവങ്ങളുടെ പ്‌രാക്കും കൂടെയുള്ളതിനാൽ അവന്മാർ നീറിനീറി മരിക്കും. പാവങ്ങൾക്ക് മരുന്നുകഴിച്ചുണ്ടാകാവുന്ന നീറ്റലില്ലാതെ മരിക്കാനാവും എന്നതു മാത്രമാണ് പ്രത്യാശയ്ക്ക് വകനൽകുന്നത്.
0 comments Labels: മഞ്ഞക്കണ്ണട
ഈശ്വരന് ഏറ്റവും ഇഷ്ടം ആരെയായിരിക്കും?
ഈശ്വരവിശ്വാസിയായ ഒരു ഉഡായിപ്പുകാരനെയോ നിരീശ്വരവാദിയായ ഒരു മര്യാദക്കാരനെയോ?
എല്ലാ ഒന്നാം തീയതിയും ഗുരുവായൂരപ്പനെ നേരിൽക്കണ്ടു തൊഴുന്ന സാക്ഷാൽ ലീഡറെയോ, പള്ളിയിലേക്ക് തിരിഞ്ഞുനോക്കാത്ത അന്തോണിച്ചനെയോ?
അബ്കാരിയായ നടേശഗുരുവിനെയോ സകല ദൈവങ്ങളെയും വെല്ലുവിളിച്ചു നടക്കുന്ന അഴീക്കോടിനെയോ?
വിദേശപ്പണം പറ്റി ഭൂസ്വത്തുണ്ടാക്കുന്ന സുവിശേഷകരെയോ നീതിക്കായി സായുധസമരം പ്രചരിപ്പിക്കുന്ന നക്സലൈറ്റുകളെയോ?
നിങ്ങൾ ഏതു ജാതി/മതക്കാരനായിരുന്നാലും ശരി മുൻപറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ 'ചിരിക്കാനുള്ള' വകയുണ്ടാക്കും.
ഇടതു സർക്കാരിന്റെ ഏഴാം ക്ലാസ് സാമൂഹ്യപാഠം വായിച്ചുപഠിച്ച് ആരെങ്കിലും കമ്മ്യൂണിസ്റ്റായി പോകും എന്ന് വിശ്വസിക്കണമെങ്കിൽ അസാമാന്യമായ വിവരദോഷം തന്നെ വേണമെന്നാണ് ആ 'ചിരി'യുടെ പൊരുൾ!
ഇപ്പോൾ നിലനിൽക്കുന്ന സകല മതവിഭാഗങ്ങളുടെയും ആത്മീയ നേതൃത്വങ്ങൾ വിശ്വാസികൾക്ക് നൽകുന്ന പാഠപുസ്തകങ്ങൾ ഏതെങ്കിലും ഒരു നിരീശ്വരവാദിയെ/കമ്മ്യൂണിസ്റ്റുകാരെ ഈശ്വരവിശ്വാസിയാക്കിയതായി വെളിപ്പെട്ടിട്ടില്ല.
യഥാർത്ഥത്തിൽ ഈശ്വരനില്ല എന്ന് പറഞ്ഞുനടക്കുന്നവരുടെ ഉള്ളിലാണ് ഈശ്വരനുണ്ട് എന്ന് വിശ്വസിക്കുന്നവരേക്കാൾ ഈശ്വരവിശ്വാസമിരിക്കുന്നത്.
ഈശ്വരനിലുള്ള വിശ്വാസം എന്നു പറയുന്നത്, സത്യത്തിലുള്ള വിശ്വാസമാണ് എന്ന് പൊതുവായി നിർവചിച്ചാൽ മതാധിഷ്ഠിതമായ സംസ്കാരമുണ്ടെന്ന് കൊണ്ടാടപ്പെടുന്ന കേരളത്തിൽ വിരലിലെണ്ണാവുന്നരേ ഈശ്വരവിശവാസികളായുള്ളൂ എന്ന് കണ്ടെത്താനാവും!
കൈക്കൂലി വാങ്ങുന്നവരും, കൈക്കൂലി കൊടുക്കുന്നവരും കോപ്പിയടിച്ച് പരീക്ഷ ജയിക്കുന്നവരും, രേഖതിരുത്തി ജോലി തേടുന്നവരും, ആരാനെ കബളിപ്പിച്ച് കാശുതട്ടുന്നവരും, സ്വജനങ്ങൾക്കായി പക്ഷഭേദം കാട്ടുന്നവരും, ചിട്ടിക്കമ്പനി പൊളിച്ച് നാടുവിടുന്നവരും, ഒരു ജോലിയും ചെയ്യാത്ത അലസന്മാരും, ജോലിസമയത്ത് സംഘടനാ പ്രവർത്തനത്തിന് പോകുന്നവരും, സത്യപ്രതിജ്ഞ ലംഘിച്ച് സ്ഥാനമാനങ്ങൾ ദുരുപയോഗം ചെയ്യുന്നവരും, വാഗ്ദാനങ്ങൾ പാലിക്കാത്തവരും, തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നവരും, അനീതി ചെയ്യാൻ അവസരമുണ്ടാക്കുന്നവരും..... അങ്ങനെയങ്ങനെ സകല അധർമ്മികളും പ്രഘോഷിക്കുന്നത് തങ്ങൾ ഈശ്വരവിശ്വാസികളാണെന്നത്രെ!
ഈയിനങ്ങളിൽപ്പെട്ട സകലമനുഷ്യരും അവരുടെ വീടിന്റെ കട്ടിളപ്പടിയിൽ 'യേശുക്രിസ്തു ഈ ഭവനത്തിന്റെ നാഥൻ', 'ഗുരുവായൂരപ്പൻ ഈ വീടിന്റെ ഐശ്വര്യം' എന്നൊക്കെ ബോർഡ് തൂക്കിയിട്ടിരിക്കും! ഇവന്മാർ ചെയ്യുന്ന സകല തെമ്മാടിത്തരത്തിനും ഈശ്വരനാണ് ഉത്തരവാദിത്വം എന്ന് ചുരുക്കും.
പത്തിരുപത് കൊല്ലക്കാലം സന്യാസിനീ വേഷം ധരിച്ച് പരപുരുഷനുമായി അവിഹിതബന്ധത്തിൽ ഏർപ്പെട്ട്, അതിന്റെ വീഡിയോ ചിത്രം ലോകത്തിനായി പ്രദാനം ചെയ്ത ആലുവായിലെ ഒരു 'കന്യാസ്ത്രീ'യുടെയും തൊള്ളായിരം കോടിയുടെ സ്വത്തുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ട ബിലീവേഴ്സ് ചർച്ചിലെ ബിഷോപ്പ് തിരുമേനിയേയും ഉഡായിപ്പുകളുടെ രാജാവായിരുന്ന സന്തോഷ് മാധവൻ മുതൽ തരികിട തങ്ങൾമാരെ വരെയും ഈശ്വര വിശ്വാസികളായി തന്നെ പരിഗണിക്കുകയും, പരസ്യമായി ഇതുവരെ ഇവരെ തള്ളിപ്പറയാതിരിക്കുകയും ചെയ്യുന്ന മതനേതൃത്വങ്ങൾ എം.എ. ബേബിയുടെ ഏഴാം പാഠപുസ്തകത്തിനെ ഇത്രമാത്രം ഭയക്കുന്നതെന്തിന്
2 comments Labels: മുഖപ്രസംഗം
ഷണ്ഢത്വം ബാധിച്ച പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് കോൺഗ്രസിന്റെ നാണക്കേട് മാറ്റാനാണെന്നു തോന്നുന്നു, കെഎസ്‌യു പിള്ളേരിപ്പോൾ തെരുവിൽ കൂത്താടുന്നതും പോലീസിന്റെ തല്ലുകൊണ്ട് ആശുപത്രിയിലാകുന്നതും.
ഇന്നലെവരെ കഴിവുകേടിന്റെ ഖദർപര്യായങ്ങളായിരുന്ന ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇപ്പോൾ എത്ര ആവേശത്തോടെയാണ് പ്രസ്താവനകളിറക്കുന്നതെന്ന് ശ്രദ്ധിക്കുക. കെഎസ്‌യു പിള്ളേരെ തെരുവിൽതല്ലി ഹിറ്റ്ലർ ആകാൻ കോടിയേരി ശ്രമിക്കേണ്ട എന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകുമ്പോൾ, പഴയ കെഎസ്‌യുവിന്റെ പടക്കുതിരയായിരുന്ന ഉമ്മൻചാണ്ടി 'ശക്തിമത്തായ' ഭാഷയിലാണ് ആഭ്യന്തരമന്ത്രിക്കും സർക്കാരിനുമെതിരെ പ്രസ്താവനകളിറക്കുന്നത്. എന്തിനധികം കെ.കരുണാകരൻ പോലും കെഎസ്‌യു പ്രശ്നമേറ്റെടുത്ത് അച്യുതാനന്ദനെതിരെ ആഞ്ഞടിക്കുകയാണ്.
എന്തിനാണ് യഥാർത്ഥത്തിൽ ഇപ്പോൾ കെഎസ്‌യുവിന്റെ ഈ സമരമെന്ന് ചിന്തിക്കുമ്പോഴാണ്, വിദ്യാർഥി സമരത്തിലൂടെ നേതൃസ്ഥാനത്തെത്താനും എംഎൽഎയും എംപിയുമൊക്കെ ആകാനുമുള്ള ചില നീലക്കുറുക്കന്മാരുടെ കൗശലങ്ങൾ വ്യക്തമാകുന്നത്. കെഎസ്‌യു പ്രസിഡന്റ് ഹൈബി ഈഡന് എറണാകുളം പാർലമെന്റ് സീറ്റും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സിദ്ധിഖിന് തിരുവനന്തപുരം എംഎൽഎ സീറ്റും സംവരണം ചെയ്യാനുള്ള ബോധപൂർവമായ നീക്കമാണ്, കെഎസ്‌യു സമരമായി തെരുവിൽ പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്നത്.
വിദ്യാർഥികളുടെ പ്രശ്നമേറ്റെടുത്ത് മുൻപ് കെഎസ്‌യു അടക്കമുള്ള വിദ്യാർഥി സംഘടനകളും സമാനതകളില്ലാത്ത സമരങ്ങൾ ചെയ്തിട്ടുണ്ട്. ഒരണ സമരവും ഫീസ് ഏകീകരണവുമെല്ലാം അത്തരത്തിലുള്ളതായിരുന്നു. എന്നാൽ ഇന്ന് കെഎസ്‌യു അടക്കമുള്ള വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലിരുന്ന് സമരപരിപാടികൾക്ക് രൂപം നൽകുന്ന നേതാക്കന്മാരെല്ലാം സ്ഥാനമാനങ്ങൾക്കും സുഖസൗകര്യങ്ങൾക്കും പിന്നാലെ ആർത്തിയോടെ പായുന്ന വേട്ടപ്പട്ടികൾ മാത്രമാണ്. അധികാരവും മൂലധന സമാഹരണവും ലൈംഗിക തൃപ്തിയുമൊക്കെ മുന്നിൽകണ്ടുകൊണ്ടുള്ള സമരാഭാസങ്ങൾക്കാണ് യഥാർത്ഥത്തിൽ ഈ യുവനേതാക്കന്മാർ നേതൃത്വം നൽകുന്നത്.
ഏഴാം ക്ലാസിലെ സാമൂഹിക പാഠപുസ്തകത്തിലെ ഒരു പാഠത്തിന്റെ പേരിലാണ് ഇപ്പോൾ ഈ പുകിലെല്ലാം നടക്കുന്നത്. നെഹ്‌റുവിന്റെ ഉദ്ധരണികൾ അടങ്ങിയ 'മതവിശ്വാസത്തിന്റെ ജീവൻ' എന്ന പാഠമാണ് ഇവരെയെല്ലാം പ്രകോപിതരാക്കിയിരിക്കുന്നത്. ഇടതുപക്ഷ സർക്കാർ മതന്യൂനപക്ഷങ്ങൾക്കും അവരുടെ ഈശ്വരവിശ്വാസത്തിനും എതിരെ പാരപണിയുകയാണ് ഈ പാഠത്തിലൂടെ എന്ന കത്തോലിക്ക സഭാ നേതൃത്വത്തിന്റെ, അജണ്ടകൾ നിറഞ്ഞ ആശങ്കകളാണ് ഇപ്പോൾ ഹൈബിയും സിദ്ധിഖുമടക്കമുള്ളവർ എടുത്തുയർത്തി പിള്ളേരെ പോലീസിന്റെ ലാത്തിയടിക്ക് വിട്ടുകൊടുത്തിരിക്കുന്നത്.
കത്തോലിക്ക സഭയ്ക്ക് ഇത്തരമൊരു ആരോപണം ഉന്നയിക്കേണ്ടത് അവരുടെ വിദ്യാഭ്യാസ കച്ചവടത്തിന് അനിവാര്യമാണ്. ഇടതുപക്ഷ സർക്കാരുകൾ എന്നും കത്തോലിക്ക സഭയടക്കമുള്ള മതന്യൂനപക്ഷങ്ങളിലെ വിദ്യാഭ്യാസ ചൂഷകർക്ക് കടിഞ്ഞാണിടാൻ ശ്രമിച്ചിട്ടുണ്ട് ശ്രമിക്കുന്നുമുണ്ട്. അതാണ് സഭാ നേതൃത്വത്തെ ഭീതിയിലാഴ്ത്തുന്നത്. എം.എ. ബേബിയെപോലെ ഒരു പാര മന്ത്രിസഭയിലിരുന്ന് ഈ വിദ്യാഭ്യാസ വാണിക്കുകൾക്ക് വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നുണ്ടെങ്കിലും തങ്ങളുടെ അജണ്ടകൾ എല്ലാം പരിക്കുകൂടാതെ നടത്തിയെടുക്കാൻ കഴിയുമെന്ന് അവർക്ക് വിശ്വാസമില്ല. അപ്പോൾ വീണുകിട്ടിയ കച്ചിത്തുരുമ്പാണ് ഏഴാം ക്ലാസിലെ ഈ പാഠപുസ്തകം.
മതന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന് ബോധ്യപ്പെടുത്തി അധികാരത്തിന്റെ ഉന്നതങ്ങളിലെത്താൻ എന്നും കോൺഗ്രസ് കൗശലം പ്രകടിപ്പിച്ചിട്ടുണ്ട്. വിമോചനസമരമെന്ന സമരാഭാസം ഓർക്കുക. അതേ ശൈലി തന്നെയാണ് ഇപ്പോൾ കോൺഗ്രസ് അനുവർത്തിക്കുന്നത്. അതിന് പരിസരമൊരുക്കാൻ കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചോറുവാരിക്കുന്നതാണ് ഇപ്പോൾ നടക്കുന്ന കെഎസ്‌യു സമരം. സഭയുടെ ഈ എതിർപ്പിനൊപ്പം നിന്ന് ഒരു എംഎൽഎ സ്ഥാനവും എംപി സ്ഥാനവും ഒപ്പിച്ചെടുക്കാമെന്ന് സിദ്ധിഖും ഹൈബിയും സ്വപ്നം കാണുന്നു.
ഇന്ന് ഈ പാഠത്തിനെതിരെയും പാഠപുസ്തകത്തിനെതിരെയും കുരച്ചു പ്രതിഷേധിക്കുന്ന ചെന്നിത്തലയോ ഹൈബിയോ സിദ്ധിഖോ ആ പാഠം മുഴുവനും വായിച്ചിട്ടുണ്ടാകില്ല എന്ന കാര്യത്തിൽ ഞങ്ങൾക്ക് സംശയമില്ല. വായനയും അക്ഷരങ്ങളോടുള്ള കൂറും മുൻപേ കോൺഗ്രസുകാർക്ക് പറഞ്ഞിട്ടുള്ളതല്ല. അതല്ലായിരുന്നെങ്കിൽ ലോകം മുഴുവൻ ആദരിക്കുന്ന ചിന്തകനായ നെഹ്‌റുവിന്റെ ഉദ്ധരണികൾ അടങ്ങുന്ന ഒരു പാഠഭാഗം മതന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് ഇവർ വാദിക്കുമായിരുന്നില്ല. നെഹ്‌റുവും ഗാന്ധിജിയും അടങ്ങിയ ആദ്യകാല കോൺഗ്രസ് നേതൃത്വം വായനയിലൂടെ വിളഞ്ഞുവന്നവരാണ്. എന്നാൽ ചെന്നിത്തല മുതൽ ഹൈബി വരെയുള്ള ഇപ്പോഴത്തെ നേതൃത്വം വായിക്കാതെ വളഞ്ഞവരും. അതാണ് അടിസ്ഥാന പ്രശ്നം.
എന്നും വിദ്യാർഥി സമരം അക്രമാസക്തമേ ആയിട്ടുള്ളൂ. പോലീസിനുനേരെയുള്ള കല്ലേറും പോലീസിന്റെ ലാത്തിയടിയും അതിന്റെ അവിഭാജ്യ ഘടകങ്ങളുമാണ്. വാർത്തകൾ സൃഷ്ടിച്ച് ജനമനസിൽ കയറിപ്പറ്റാനുള്ള നേതാക്കന്മാരുടെ ഹീനലക്ഷ്യങ്ങളാണ് ഇങ്ങനെ തെരുവിൽ ചോരക്കളങ്ങൾ സൃഷ്ടിക്കുന്നത്. ഇപ്പോൾ ചാനലുകളും ചാനലുകളിൽ തൽസമയ ചർച്ചകളും വന്നതോടെ ഈ ലക്ഷ്യം എളുപ്പം നേടാമെന്ന് ഇവർ തിരിച്ചറിയുന്നു. അതുകൊണ്ട് അടിസ്ഥാനമില്ലെങ്കിൽ പോലും ചില പ്രശ്നങ്ങൾ ഉന്നയിച്ച് പ്രക്ഷോഭങ്ങൾ ഉണ്ടാക്കുക ഇവരുടെയൊക്കെ രീതിശാസ്ത്രമാണ്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും നടത്തിയ സമരങ്ങളോർക്കുക. ലാത്തിയടി മാത്രമല്ല ഗ്രനേഡ് പ്രയോഗം വരെ കുട്ടിസഖാക്കൾക്കുനേരെയുണ്ടായി. അതിൽ അന്ന് എസ്‌എഫ്‌ഐ പ്രസിഡന്റായിരുന്ന സിന്ധുജോയിയുടെ കാൽപ്പാദത്തിന് മാരകമായ പരിക്കേൽക്കുകയും ചെയ്തു. ഓർക്കുക അന്ന് അവർ ഉന്നയിച്ച പ്രശ്നങ്ങൾ ഒന്നുപോലും ഇന്ന് അവരുടെ സർക്കാർ ഭരിക്കുമ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. അതേസമയം സിന്ധുജോയിക്ക് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കാനുള്ള സീറ്റ് തരപ്പെടുകയും ചെയ്തു.
ഇതൊക്കെതന്നെയാണ് ഹൈബി ഈഡന്റെയും സിദ്ധിഖിന്റേയും മനസിലുള്ളത്. അതിനുവേണ്ടിയാണ് കെഎസ്‌യു പിള്ളേരെ എരിവുകേറ്റി ഇപ്പോൾ തെരുവിലിറക്കിയിരിക്കുന്നത്.
ഇവിടെ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. വിദ്യാർഥി സമരങ്ങളിലൂടെയാണ് കമ്യൂണിസ്റ്റ് പാർട്ടികളിലെ നേതാക്കന്മാരെല്ലാം വളർന്നു വന്നിട്ടുള്ളത്. കോടിയേരി ബാലകൃഷ്ണനും അത്തരത്തിലൊരു നേതാവാണ്. സ്വാഭാവികമായും വിദ്യാർഥികളോടും അവരുടെ സമരത്തോടും അനുഭാവപൂർവകമായ ഒരു നിലപാട് അദ്ദേഹത്തിൽനിന്നുണ്ടാകേണ്ടതാണ്. അത് ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, കെഎസ്‌യു പിള്ളേർ ഇന്നു നടത്തുന്ന സമരം നക്സൽ മോഡലിലുള്ള ആക്രമണമാണെന്ന മഹാവിഡ്ഢിത്തം ആഭ്യന്തരമന്ത്രി എഴുന്നള്ളിക്കുകയും ചെയ്തു. ചക്കിക്കൊത്ത ഈ ചങ്കരന്മാരുടെ അജണ്ടകൾ തിരിച്ചറിയാനുള്ള വിവേകമാണ് വിദ്യാർഥികൾക്കുണ്ടാകേണ്ടത്. അതിനുതകുന്ന രാഷ്ട്രീയ പ്രവർത്തനമാണ് കലാലയങ്ങളിൽ സജീവമാകേണ്ടത്. അല്ലാതെ ഹൈബിയേയും സിദ്ധിഖിനേയും പോലെയുള്ള അവസരവാദികൾക്ക് എംപിയും എംഎൽഎയുമാകാനുള്ള കുറുക്കുവഴി ഉണ്ടാക്കാൻ പോലീസിന്റെ തല്ലുമേടിക്കുന്ന വിവരക്കേടിന്റെ രാഷ്ട്രീയമല്ല കെഎസ്‌യു പിള്ളേർ പ്രദർശിപ്പിക്കേണ്ടത്.
3 comments Labels: മുഖപ്രസംഗം
Grey Press by Dan S, inspired by PressRow. See more Blogger Templates