Rate Thariff
കടിക്കാത്ത പട്ടിയുടെ വായിൽ കോലിട്ടുകുത്തി കടിവാങ്ങിക്കുന്ന വികൃതിപ്പിള്ളേരേക്കാൾ ബുദ്ധിശ്യൂന്യരായിട്ടാണ് പലപ്പോഴും നമ്മുടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വങ്ങൾ, മതവും രാഷ്ട്രീയവും ഒരുപോലെ ഇഴപാകുന്ന പല പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നത്.
ഇന്ത്യ കണ്ട ഊർജ്ജസ്വലനും ചെറുപ്പക്കാരനുമായിരുന്ന രാജീവ്ഗാന്ധിയുടെ സമീപനവൈകല്യമാണ് അടഞ്ഞുകിടന്നിരുന്ന ബാബറി മസ്ജിദ് ആരാധനയ്ക്കായി തുറന്നുകൊടുക്കാനിടയായതും, പിന്നെ അതിന്റെ ഉന്മൂലനത്തിന് കാരണമായതും അത് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും നീചമായ വർഗീയ മുന്നേറ്റത്തിന് ആരൂഢമായതും.
കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നു ശഠിക്കുന്ന ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വങ്ങളുമാണ് ഭാരതീയരുടെ ശാപം. ആ ശാപം അയോധ്യവിട്ട് അമർനാഥിലെത്തിയിരിക്കുകയാണിപ്പോൾ. വിഎച്ച്പി അടക്കമുള്ള സംഘപരിവാർ സംഘടനകൾ ആ പ്രശ്നം അവരുടെ പ്രസ്റ്റീജ് ഇഷ്യുവാക്കിമാറ്റി അഖിലേന്ത്യാ ബന്ദ് വരെ നടത്തിക്കഴിഞ്ഞു. ഇതിനിടയിൽ രൂപം കൊണ്ട സംഘട്ടനത്തിൽ ആൾനാശവും സംഭവിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ദിവസങ്ങൾ അയോധ്യയ്ക്കുശേഷമുള്ള ചോരക്കളിയുടെ കിരാത ദിനങ്ങളായിരിക്കുമെന്നാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സൂചനകൾ.
അമർനാഥ് ക്ഷേത്രബോർഡിന് ഭൂമിനിഷേധിച്ച പ്രശ്നം രാജ്യമെമ്പാടും ആളിക്കത്തിക്കാൻ സംഘപരിവാർ തീരുമാനിച്ചുകഴിഞ്ഞുവെന്നതാണ് ഭീഷണമായ ഈ അവസ്ഥയിലേക്ക് ഭാരതം വഴുതിവീഴുമെന്ന ആശങ്കയ്ക്ക് കാരണം.
അയ്യായിരം വർഷം പഴക്കമുള്ളതാണ് അമർനാഥ് ക്ഷേത്രം. സമുദ്രനിരപ്പിൽനിന്ന് 3888 മീറ്റർ ഉയരത്തിൽ, ശ്രീനഗറിൽനിന്ന് 141 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ഗുഹാക്ഷേത്രത്തിൽ മഞ്ഞിൽ സ്വയംഭൂവാകുന്ന ശിവലിംഗം ദർശിച്ച് അനുഗ്രഹം നേടാൻ ലക്ഷക്കണക്കിന് ഭക്തന്മാരാണ് പ്രതിവർഷം എത്തുന്നത്. ഇവിടെ എത്തുന്ന ഭക്തന്മാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് 40 ഹെക്ടർ വനഭൂമി, ക്ഷേത്രബോർഡ് സർക്കാരിനോട് ആവശ്യപ്പെടുകയും സർക്കാർ അത് അനുവദിക്കുകയും ചെയ്തതാണ് പ്രശ്നത്തിന്റെ തുടക്കം.
ഈ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തെത്തുകയും ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സഖ്യകക്ഷി സർക്കാരിനുള്ള പിന്തുണ പിഡിപി (മുഫ്തിമുഹമ്മദ് സെയ്ദ്) പിൻവലിക്കുകയും ചെയ്തപ്പോൾ ഭൂമിനൽകാനുള്ള ഉത്തരവ് സർക്കാർ പിൻവലിച്ചു. ഇതാണ് പ്രശ്നം രൂക്ഷമാക്കിയത്.
സർക്കാരിന്റെ പുതിയ തീരുമാനത്തെ ഹിന്ദുസംഘടനകൾ വൈകാരിക പ്രശ്നമാക്കിമാറ്റി പ്രക്ഷോഭം ആരംഭിച്ചതോടെ താഴ്വരയിൽ വീണ്ടും അശാന്തി പുകയാൻ തുടങ്ങി. ഇവിടെ ഏറെ ശ്രദ്ധേയമായ വസ്തുത, സംസ്ഥാന ഗവർണർ എൻ.എൻ. വോറയാണ് ക്ഷേത്രബോർഡ് ചെയർമാൻ. ഇദ്ദേഹം നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഗുലാംനബി ആസാദ് സർക്കാർ ക്ഷേത്രത്തിന് 40 ഏക്കർ സ്ഥലം വിട്ടുകൊടുക്കാൻ ആദ്യം തീരുമാനിച്ചത്. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകൾ രംഗത്തെത്തിയപ്പോൾ സ്ഥലം വേണമെന്ന ആവശ്യത്തിൽനിന്ന് ക്ഷേത്രബോർഡ് പിൻവാങ്ങുകയും ചെയ്തു. ഇതിനെ ഗവർണർ ബോധപൂർവം കളിച്ച രാഷ്ട്രീയ നാടകമാണെന്ന് വ്യാഖ്യാനിച്ചാണ് സംഘപരിവാർ സംഘടനകൾ ഇപ്പോൾ പുതിയ പ്രക്ഷോഭത്തിന് വഴിമരുന്നിട്ടിരിക്കുന്നത്. കാശ്മീർ പണ്ഡിറ്റുകളെ താഴ്വരയിൽനിന്ന് തുരത്തിയോടിക്കുന്നു എന്ന സംഘപരിവാറിന്റെ ആരോപണത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ആ തുരത്തലിന്റെ തുടർച്ചയാണ് ഇപ്പോൾ ഭൂമി നിഷേധിച്ച നടപടിയെന്ന് വ്യാഖ്യാനിച്ചാണ്, തെരഞ്ഞെടുപ്പ് വർഷത്തിൽ ബിജെപി അടക്കമുള്ളവർ പുതിയ രഥയാത്രയ്ക്ക് സാഹചര്യം സൃഷ്ടിക്കുന്നത്.
ക്ഷേത്രത്തിന് ഭൂമി ആവശ്യമുണ്ടെങ്കിൽ അത് വിലകൊടുത്തുവാങ്ങണം എന്ന് ഹുറിയത്ത് കോൺഫറൻസ് ചെയർമാൻ മിർവായിസ് ഉമർ ഫറൂഖ് പ്രസ്താവനയിറക്കിയതോടെ സർക്കാരിന്റെ ന്യൂനപക്ഷ പ്രീണന നടപടിയാണ് ഭൂമി നിഷേധിച്ചതെന്ന് വ്യാഖ്യാനിക്കാൻ സംഘപരിവാർ സംഘടനകൾക്ക് അവസരവും നൽകി.
ഇപ്പോൾ ഈ പ്രശ്നം സംഘപരിവാർ ഉയർത്തിക്കൊണ്ടുവന്നതിന്റെ പിന്നിൽ അമർനാഥ് തീർത്ഥാടക ഭക്തന്മാരോടുള്ള പ്രതിബദ്ധതയൊന്നുമല്ല ഉള്ളത്. മറിച്ച് ആണവപ്രശ്നത്തിൽ തട്ടി മൻമോഹൻസിംഗ് സർക്കാർ താഴെവീഴുമെന്നും ഉടനെ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നുമുള്ള പൊതുവായ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലുള്ള വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ നീചമായ മാനിഫെസ്റ്റോയാണിത്.
രാമജന്മഭൂമി പ്രശ്നത്തിന് ഇനി ഓളം സൃഷ്ടിക്കാൻ കഴിയുകയില്ലായെന്ന് പ്രവീൺകുമാർ തൊഗാഡിയ അടക്കമുള്ള സംഘപരിവാർ ശിങ്കങ്ങൾക്കും അദ്വാനിയുൾപ്പെടെയുള്ള ബിജെപി നേതൃത്വത്തിനും അറിയാം. ഇടയ്ക്കുയർത്തികൊണ്ടുവന്ന രാമസേതുപ്രശ്നം ക്ലച്ചുപിടിച്ചതുമില്ല. ഇതിനിടയിൽ നേപ്പാൾ പ്രശ്നം ചൂടുപിടിച്ച ചർച്ചയാക്കാൻ ആർഎസ്എസ് സർസംഘചാലക് കെ.എസ്. സുദർശൻ നടത്തിയ നീക്കങ്ങൾ പാളിപ്പോകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അമർനാഥ് പ്രശ്നം ആളിക്കത്തിക്കാൻ സംഘപരിവാർ തീരുമാനിച്ചിട്ടുള്ളതും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രക്ഷോഭങ്ങൾ ആരംഭിച്ചിട്ടുള്ളതും. ഓർക്കണം അമർനാഥ് തീർത്ഥാടകർക്കുനേരെ ഭീകരാക്രമണം ഉണ്ടായപ്പോൾ നിശബ്ദത പാലിച്ചവരാണ് ഇപ്പോൾ അഖിലേന്ത്യാ ബന്ദ് അടക്കമുള്ള സമരപരിപാടികളുമായി ഈ പ്രശ്നം ഉയർത്തിക്കൊണ്ടുവന്നിട്ടുള്ളത്.
ഒരു നൂറ്റാണ്ടുമുൻപ് ഈസ്റ്റ് ഇന്ത്യാ കമ്പനി 60 ലക്ഷം രൂപയും, കാശ്മീർ പർവതനിരകളിൽ മേഞ്ഞുനടന്നിരുന്ന ആടുകളുടെ കഴുത്തിൽനിന്നു മുറിച്ചെടുത്ത ലോലമായ 'പഷ്മിന' രോമം കൊണ്ടുതുന്നിയ ആറ് ഉത്തരീയങ്ങളും കപ്പമായി നിശ്ചയിച്ച് രാജ ഹരിസംഗിന് വിട്ടുകൊടുത്തതാണ് കാശ്മീർ. മുസ്ലീങ്ങൾ ബഹുഭൂരിപക്ഷം വരുന്ന ഒരു പ്രദേശത്തിന്റെ ഭരണനേതൃത്വം ഒരു ഹിന്ദുവിന് വിട്ടുകൊടുത്തപ്പോൾ സായിപ്പിന്റെ മനസിൽ വിഭജിച്ചുഭരിക്കുന്ന വൃത്തികേടായിരുന്നു ആളിക്കത്തിയത്. അതിന്റെ ജ്വാലകൾ ഇനിയും അടങ്ങിയിട്ടില്ല. ഭാരതം സ്വതന്ത്രമാകുകയും ഒരു ഭരണഘടനയ്ക്കുകീഴിൽ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്തപ്പോഴും കാശ്മീർ ഒരു പ്രത്യേക പ്രദേശമായി നിലനിൽക്കുകയും അവിടത്തെ പൗരന്മാർ വേറിട്ട ഇന്ത്യക്കാരായി ജീവിക്കുകയും അവർക്ക് വ്യത്യസ്തമായ അവകാശാധികാരങ്ങൾ അനുവദിച്ചുകൊടുക്കുകയും ചെയ്തതിന്റെയൊക്കെ തിരിച്ചടിയാണ് താഴ്വരയിൽനിന്ന് ഭീകരവാദത്തിന്റെ രൂപത്തിൽ ഇന്ത്യയുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നത്.
കൂനിന് മുകളിൽ കുരുവെന്നപോലെ ഇപ്പോൾ അമർനാഥ് പ്രശ്നവും രൂക്ഷമായിരിക്കുന്നു. വിവരം കെട്ട രാഷ്ട്രീയ നേതൃത്വവും ബുദ്ധിയില്ലാത്ത ഉദ്യോഗസ്ഥ സംഘവും ഒന്നിച്ചുചേരുമ്പോൾ എന്തെല്ലാം അപാകങ്ങളും അപായങ്ങളും ഉണ്ടാകാമോ അതാണിപ്പോൾ അമർനാഥ് പ്രശ്നമായി ആളിക്കത്താൻപോകുന്നത്. ഗവർണർ ക്ഷേത്രബോർഡിന്റെ ചെയർമാനായതാണ് ഏറ്റവും ബുദ്ധിശൂന്യമായ നടപടി. അദ്ദേഹം ഒരു അപേക്ഷ മുന്നോട്ടുവയ്ക്കുകയും സർക്കാർ അത് അനുവദിക്കുകയും മുസ്ലീങ്ങൾ അതിനെതിരെ പ്രതികരിക്കുകയും അപ്പോൾ അപേക്ഷ പിൻവലിക്കുകയും ചെയ്തതൊക്കെ ശീർഷകത്തിൽ പറഞ്ഞ സ്റ്റുപ്പിഡ് പൊളിറ്റീഷ്യൻസിന്റെയും ഇഡിയോട്ടിക് ബ്യൂറോക്രാറ്റ്സിന്റെയും രാഷ്ട്രബോധവും പൗരസ്നേഹവുമില്ലാത്ത അവസരവാദ നടപടികളായിരുന്നു.
സംഘപരിവാർ വടിവെട്ടാൻ പോയിട്ടേയുള്ളൂ. അടിവരാൻ ഇരിക്കുന്നതേയുള്ളൂ.
Grey Press by Dan S, inspired by PressRow. See more Blogger Templates