Friday, February 29, 2008

HATS OFF TO YOU...!

സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്ക്‌ കൊള്ളയായ ചേലേമ്പ്ര ബാങ്ക്‌ കവര്‍ച്ചാ കേസിലെ മുഖ്യ ആസൂത്രകനടക്കം നാലു പ്രതികളെ പിടിച്ച കേരള പോലീസിന്‌ ഞങ്ങളുടെ ഹാര്‍ദ്ദമായ അഭിനന്ദനം.

മുന്‍പ്‌ പലപ്പോഴും ഈ പംക്തിയില്‍ കേരള പോലീസിന്റെ കേസന്വേഷണ മികവിനെയും അവരുടെ സമര്‍പ്പണത്തെയും ജോലിയോടുള്ള ആത്മാര്‍ഥതയേയും തൊഴില്‍പരമായി അവര്‍ പുലര്‍ത്തുന്ന ആര്‍ജവത്തേയും ഞങ്ങള്‍ അഭിനന്ദിച്ചിട്ടുണ്ട്‌. ഒരിക്കല്‍കൂടി അഭിനന്ദനത്തിന്റെ തൂവലുകള്‍ പോലീസിന്റെ തൊപ്പിയില്‍ ഞങ്ങള്‍ അര്‍പ്പിക്കട്ടെ.

ശാസ്ത്രീയമായ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ അപാരമായ കണിശതയോടെ, നെടുനാളത്തെ ആസൂത്രണത്തിനുശേഷം, തെളിവുകള്‍ ഒന്നുപോലും അവശേഷിക്കാതെ അതീവ തന്ത്രശാലിയായ ഒരു മോഷ്ടാവ്‌ നടത്തിയ ഏറ്റവും വലിയ കവര്‍ച്ചയുടെ വിശദാംശങ്ങള്‍ അതിലും മികവാര്‍ന്ന അന്വേഷണ രീതിയിലൂടെ കണ്ടെത്തിയാണ്‌ കേരള പോലീസിലെ മിടുക്കന്മാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികളെ കുടുക്കിയത്‌.

ഭൗതിക സാഹചര്യവും ആവശ്യത്തിന്‌ സമയവും ഒത്തുവന്നാല്‍ ഏതു കേസും തെളിയിക്കാന്‍ കേരളത്തിലെ പോലീസിന്‌ കഴിയുമെന്ന്‌ ഈ സംഭവം വ്യക്തമാക്കുന്നു.

എഡിജിപി ജാംഗ്‌ പാംഗി, മലപ്പുറം എസ്പി പി. വിജയന്‍, മലപ്പുറം കമ്പ്യൂട്ടര്‍സെല്‍ എസ്‌ഐ എ. അന്‍വര്‍, തിരൂരങ്ങാടി എസ്‌ഐ ബാബു കെ. തോമസ്‌, തേഞ്ഞിപ്പാലം എസ്‌ഐ എ.ജെ. ജോണ്‍സണ്‍, തേഞ്ഞിപ്പാലം അഡീഷണല്‍ എസ്‌ഐ അയ്യപ്പുട്ടി, എഎസ്‌ഐ ഗോപിനാഥന്‍, കോണ്‍സ്റ്റബിള്‍മാരായ കൃഷ്ണന്‍കുട്ടി, ചന്ദ്രന്‍, കുര്യന്‍, കുമാരന്‍കുട്ടി, രാമനാരായണന്‍, ശിവരാമന്‍, ശശികുമാര്‍, കോണ്‍സ്റ്റബിള്‍മാരായ ബഷീര്‍, അബ്ദുള്‍ അസീസ്‌, മനോജ്കുമാര്‍, ശ്രീകുമാര്‍, പ്രമോദ്‌, സത്യനാരായണന്‍, അസൈനാര്‍, സന്തോഷ്കുമാര്‍, മുരളീധരന്‍, അബ്ദുള്‍റഷീദ്‌ തുടങ്ങിയവരടങ്ങിയ സംഘമാണ്‌ പ്രതികളെ കുടുക്കിയത്‌.

പോലീസ്‌ സേനയുടെ മാനം കാക്കാന്‍ കഠിനാധ്വാനമാണ്‌ ഇവര്‍ ചെയ്തത്‌. കുമാരന്‍കുട്ടിയും, അസൈനാറുമൊക്കെ ഈ കവര്‍ച്ച നടന്നതിനുശേഷം വീട്ടില്‍പോയിട്ടുണ്ടോ എന്നു തന്നെ സംശയമാണ്‌. 24 മണിക്കൂറും ഇവര്‍ സക്രിയരായി അന്വേഷണ പ്രക്രിയയുടെ ഭാഗമാകുകയായിരുന്നുവെന്ന്‌ അഭിമാനത്തോടെയാണ്‌ മലപ്പുറം എസ്പി പി. വിജയന്‍ പറഞ്ഞത്‌.

പഴയ മലയാള സിനിമയില്‍ കാണുന്നതുപോലെ ദിവസങ്ങളോളം വേഷം മാറി നടന്ന പോലീസുകാര്‍ 20 ലക്ഷം മൊബെയില്‍ കോളുകളാണ്‌ ഡി-കോഡ്‌ ചെയ്തത്‌. സിവില്‍ എഞ്ചിനീയര്‍മാര്‍ മുതല്‍ കോണ്‍ക്രീറ്റ്‌ മുറിക്കുന്ന തൊഴിലാളികള്‍ വരെ പതിനായിരത്തോളം പേരെയാണ്‌ ചോദ്യം ചെയ്തത്‌. സംസ്ഥാന പോലീസില്‍ സാധാരണ കാണാന്‍ സാധിക്കാത്ത ഐക്യവും പ്രൊഫഷണലിസവും പ്രകടമായ അന്വേഷണം കൂടിയായിരുന്നു ഇത്‌.

ചെറിയ തെളിവെങ്കിലും ശേഷിപ്പിക്കാതെ ഒരു കുറ്റകൃത്യവും ചെയ്യാനാവുകയില്ലായെന്ന പോലീസിന്റെ ദശാബ്ദങ്ങളായുള്ള ധാരണകളെ പിച്ചിച്ചീന്തുന്ന രീതിയിലായിരുന്നു കവര്‍ച്ച. പ്രത്യക്ഷമായി പ്രതിയിലേക്ക്‌ നയിക്കുന്ന തെളിവുകള്‍ ഒന്നുപോലും തുടക്കത്തില്‍ ലഭിച്ചിരുന്നില്ല.

അന്വേഷണത്തിന്റെ ഭാഗമായി എറണാകുളത്തെ അഞ്ച്‌ ആര്‍ടിഒ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്ത 2500 വാഹനങ്ങള്‍ പരിശോധിക്കുകയും അവയുടെ ഉടമകളെ ചോദ്യം ചെയ്യുകയും ചെയ്തിട്ടും കേസിന്‌ അനുകൂലമായ തുമ്പൊന്നും ലഭിച്ചില്ല. തമിഴ്‌നാട്‌, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലെ പോലീസിന്റെ സഹായവും അന്വേഷണത്തിന്‌ ഉപയോഗപ്പെടുത്തി.

തീര്‍ച്ചയായും കേരളത്തിലെ പോലീസ്‌ സേനയ്ക്ക്‌ എക്കാലവും അഭിമാനിക്കാവുന്ന നേട്ടമാണ്‌ ജാംഗ്‌ പാംഗിയുടെ നേതൃത്വത്തില്‍ കേസന്വേഷണം നടത്തിയ പോലീസ്‌ സംഘം കൈവരിച്ചിട്ടുള്ളത്‌. ഈ നേട്ടത്തില്‍ ഒരിക്കല്‍ കൂടി അവരെ അഭിനന്ദിക്കുമ്പോള്‍ കേരളത്തിലെ സാധാരണ ജനങ്ങളുടെ മനസില്‍ ഉയര്‍ന്നുവരുന്ന ചില ചോദ്യങ്ങള്‍ കാണാതെപോകാന്‍ കഴിയുകയില്ല.

ഇത്രയ്ക്ക്‌ സമര്‍ഥരാണ്‌ കേരളത്തിലെ പോലീസ്‌ ഉദ്യോഗസ്ഥരും കോണ്‍സ്റ്റബിള്‍മാരും എങ്കില്‍ എന്തുകൊണ്ടാണ്‌ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളുള്‍പ്പെടെയുള്ള പല സംഭവങ്ങളും തെളിയാതെ പോകുന്നത്‌? എന്തുകൊണ്ടാണ്‌ സാധാരണ ജനങ്ങളുടെ സമാധാന ജീവിതം തകര്‍ത്ത്‌ ഗുണ്ടകള്‍ക്കും മോഷ്ടാക്കള്‍ക്കും രാപകലില്ലാതെ, നഗര-നാട്ടിന്‍പുറ വ്യത്യാസമില്ലാതെ വിലസാന്‍ കഴിയുന്നത്‌? എന്തുകൊണ്ടാണ്‌ പെണ്‍വാണിഭ സംഘങ്ങള്‍ക്കും കുഴല്‍പ്പണ ഇടപാടുകാര്‍ക്കും സ്വതന്ത്രരായി നെഞ്ചുവിരിച്ച്‌ നടക്കാന്‍ കഴിയുന്നത്‌? എന്തുകൊണ്ടാണ്‌ നിരപരാധികള്‍ നിരന്തരം പോലീസ്‌ പീഡനത്തിന്‌ വിധേയരാകുന്നത്‌?

നീളുന്ന ഈ ചോദ്യങ്ങളുടെ ഒടുവില്‍ അവയുടെ ഉത്തരമുണ്ട്‌. ഭരിക്കുന്ന രാഷ്ട്രീയക്കാരുടെയും സമ്പന്ന വിഭാഗത്തിന്റെയും അധോലോക മാഫിയകളുടെയും വിടുപണി ചെയ്യാന്‍ കേരളത്തിലെ പോലീസ്‌ സേനയിലെ ചിലരെങ്കിലും ഉളുപ്പില്ലാത്തവരായി ഉള്ളതുകൊണ്ടാണ്‌ പല കേസുകളും തെളിയാതെ പോകുന്നത്‌.

എഡിജിപി ജാംഗ്‌ പാംഗിയുടെയും സംഘത്തിന്റെയും സമര്‍പ്പണവും ആത്മാര്‍ഥതയും ആര്‍ജവവും കേരളത്തിലെ എല്ലാ പോലീസുകാര്‍ക്കും ഉണ്ടാകട്ടെ എന്ന്‌ ആശക്ക്‌ വിരുദ്ധമായി ആശിക്കാന്‍മാത്രമേ ഇപ്പോള്‍ കഴിയുകയുള്ളു.

ഉദരം കാലിയാക്കുന്ന ഉദാര ബജറ്റ്‌ !

ഉദരത്തെ വല്ലാണ്ട്‌ ബാധിക്കുന്ന സംഗതിയാണ്‌ ഉദാരവല്‍ക്കരണമെന്ന്‌ പാവങ്ങള്‍ പൗരന്മാര്‍ പഠിച്ചുവരുന്നേയുള്ളൂ.

രാജ്യത്തെ ആകെ മൊത്തം ടോട്ടല്‍ ആഭ്യന്തര ഉത്പാദന വളര്‍ച്ച മുന്‍വര്‍ഷം 9.6 ശതമാനമായിരുന്നത്‌ ഇത്തവണ 8.7 ശതമാനമായും കാര്‍ഷിക വളര്‍ച്ച 3.8 ശതമാനത്തില്‍നിന്നും 2.6 ശതമാനമായും തലകുത്തി വീണിരിക്കുന്നു.

ഈ നിലക്ക്‌ അങ്ങു വികസിച്ചാല്‍ പാവങ്ങള്‍ പൗരന്മാര്‍ക്ക്‌ അരിയും തുണിയുമൊന്നുമില്ലാതെ ദിഗംബരന്മാരായി നടക്കേണ്ടിവരുമല്ലോ ചിദംബരമേ എന്നു ചോദിക്കാന്‍ ഒരു സാമ്പത്തിക വിദഗ്ധനുമില്ല. സകലഗതിയും മുട്ടിയ പാവങ്ങളാകട്ടെ സാമ്പത്തിക വിദഗ്ധരുമല്ല!

അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ ആഗോള പ്രത്യാഘാതമാണ്‌ ഇപ്പോഴുണ്ടായിട്ടുള്ള തളര്‍വാതത്തിനു കാരണമെന്നാണ്‌ പണ്ഡിതന്മാര്‍ പറയുന്നത്‌.

നമ്മുടെ വീട്ടില്‍ കഞ്ഞിവയ്ക്കാന്‍ അരിയില്ലാത്തത്‌ തെക്കേ വീട്ടുകാരന്‌ പണിയും വരുമാനവുമില്ലാത്തതിനാലാണെന്നു പറയുംപോലെ!

നല്ല വിസ്താരവും ആള്‍ബലവും ഉണ്ടായിട്ട്‌ എന്തുകൊണ്ട്‌ സ്വന്തം രാജ്യത്തെ സാമ്പത്തിക കാര്യങ്ങള്‍ സ്വന്തമായി സ്വതന്ത്രമായി കൊണ്ടുനടക്കാന്‍ ഇവന്മാര്‍ക്കാവുന്നില്ല എന്നു ചോദിക്കരുത്‌.

കാരണം ആഗോളതലത്തില്‍ ചിന്തിക്കാന്‍ ശേഷിയില്ലാത്ത വിഡ്ഢികൂശ്മാണ്ഡമായി മുദ്രകുത്തപ്പെട്ടുപോകും നമ്മള്‍.

ഇനിയിപ്പോ രക്ഷപെടാന്‍ കടം വാങ്ങുകയും കയ്യിലുള്ള കിണ്ടിയും പുട്ടുകുടവും വിറ്റുതുലക്കുകയുമാണ്‌ വേണ്ടതെന്നും ചിദംബരം വഴികാട്ടുന്നു.

കടം വാങ്ങി ജീവിച്ച ആരെങ്കിലും കരകേറിയ ചരിത്രം ഭൂമുഖത്തുണ്ടാവില്ല! അതുകൊണ്ടാണ്‌ പണ്ടുകാലത്ത്‌ നാട്ടിന്‍ പുറങ്ങളിലെ ചായക്കടകളില്‍ 'കടം - അപകടം' എന്ന്‌ കരിക്കട്ട കൊണ്ടെഴുതിവച്ചിരുന്നത്‌.

ചില്ലറവില്‍പ്പന സായിപ്പിന്‌ ഏല്‍പ്പിച്ചുകൊടുക്കുക, ഇന്‍ഷുറന്‍സ്‌ മേഖലയില്‍ പകുതിയോളം സായിപ്പിന്‌ കൊടുത്തേല്‍പ്പിക്കുക, ഗ്രാമീണ കാര്‍ഷിക ബാങ്കുകള്‍ മുഴുവന്‍ സായിപ്പിനു തുറന്നു കൊടുക്കുക, കഷ്ടകാലത്തിന്‌, ലാഭകരമായി പ്രവര്‍ത്തിക്കുന്ന നവരത്ന, പൊതുമേഖലാ സ്ഥാപനങ്ങളുടെ പത്തുശതമാനം ഓഹരി ഉടനെ വില്‍ക്കുക, പഴയ എണ്ണ ഖാനനമേഖലകള്‍ വിറ്റ്‌ പുട്ടടിക്കുക, വളം, മരുന്ന്‌, പഞ്ചസാര വില നിയന്ത്രണം ഘട്ടംഘട്ടമായി നിര്‍ത്തലാക്കുക തുടങ്ങി ഘട്ടംഘട്ടമായി രാജ്യംതന്നെ ഇല്ലാതാക്കി കളയാനുള്ള സകല ഉഡായിപ്പും ചിദംബരം മുന്നോട്ടുവച്ചിട്ടുണ്ട്‌.

മുന്നോട്ടുവച്ച കാല്‍ പിന്നോട്ടുവയ്ക്കാന്‍ പാടില്ല! പൗരന്മാര്‍ ഏതു പാതാളത്തിലെങ്കിലും വീണു ചാവട്ടെ! ആണവോര്‍ജം വരെ സ്വകാര്യമേഖലയുണ്ടാക്കട്ടെ. സ്വകാര്യ സ്വത്തുള്ളവര്‍ മാത്രം ഉണ്ണട്ടെ. അതില്ലാത്തവര്‍ പട്ടിണികിടന്നു ചാവട്ടെ.

സോഷ്യലിസം! മണ്ണാങ്കട്ട.

കമ്യൂണിസ്റ്റുകാര്‍ക്കുപോലും അതുവേണ്ട. ഉദരനിമിത്തം ബഹുകൃത വേഷങ്ങള്‍. ഇവിടെങ്ങും രക്ഷയില്ല. പൗരന്മാര്‍ ക്യൂബയ്ക്ക്‌ വണ്ടികയറുക!

Thursday, February 28, 2008

Shame Shame Vs....

വരിയുടയ്ക്കപ്പെട്ടാല്‍ പിന്നെ കാളകള്‍ക്ക്‌ നാല്‌ മാര്‍ഗ്ഗങ്ങളേ അവശേഷിക്കുന്നുള്ളൂ, അതിജീവനത്തിന്‌:
1) വണ്ടിക്കാള
2) ചക്കുകാള
3) ഉഴവുകാള
4) ഇറച്ചിക്കാള

മൂക്ക്കയറിടപ്പെട്ട,്‌ തെളിക്കുന്നവന്റെ ചാട്ടവാറടിയേറ്റ്‌ പുളഞ്ഞ്‌, ഔദാര്യം പോലെ കിട്ടുന്ന ഒരുപിടി ഉണക്ക വൈക്കോലും ഇടങ്ങഴി കാടിയും കുടിച്ച്‌, നുരയും പതയും തുപ്പി കിതച്ച്‌ നീങ്ങുന്ന ദുരിത മൃഗത്തിന്റെ നിസഹായതയിലേക്ക്‌ വിഎസിനെപ്പോലുള്ള ഒരു കമ്മ്യൂണിസ്റ്റിന്റെയും പൗരാവകാശവാദിയുടെയും മനുഷ്യസ്നേഹിയുടേയും വിപ്ലവകാരിയുടെയും മനസ്‌ പരിണമിക്കുമ്പോള്‍ അധിനിവേശ ശക്തികളുടെ ചാട്ടവാറടിയേറ്റ്‌ പുളയുന്നത്‌ വിഎസിനെ ബഹുമാനിക്കുന്ന ബഹുശതം ജനങ്ങളുടെ പ്രതീക്ഷകളാണ്‌.

എവിടെയെല്ലാം മനുഷ്യത്വം ചവിട്ടിയരക്കപ്പെട്ടിട്ടുണ്ടോ, എവിടെയെല്ലാം സ്ത്രീത്വം പിച്ചിച്ചീന്തപ്പെട്ടിട്ടുണ്ടോ, എവിടെയെല്ലാം ചൂഷകര്‍ പുളച്ചുമതിച്ചിട്ടുണ്ടോ, എവിടെയെല്ലാം കുടിയേറ്റ തെമ്മാടികളും വനം കയ്യേറ്റ മാഫിയകളും റിസോര്‍ട്ട്‌ ലോബിയും ഭൂമി മാഫിയയും തലയുയര്‍ത്തിയിട്ടുണ്ടോ അവിടെയെല്ലാം ഒറ്റയ്ക്കെത്തി, സ്വന്തം പാര്‍ട്ടിയുടെ നിലപാടുകളെപ്പോലും ലംഘിച്ച്‌ മര്‍ദ്ദിതനും ചൂഷിതനും വേണ്ടി പോരാടിയിട്ടുള്ള അനുപമമായ വിപ്ലവബോധമായിട്ടാണ്‌ കേരളം വിഎസിനെ വിലയിരുത്തുന്നത്‌. പുന്നപ്ര വയലാര്‍ രണഭൂമിയില്‍ നിന്നുയര്‍ന്ന അഗ്നിശലാകയായി ബഹുമാനിച്ചാണ്‌ വിഎസിനോട്‌ കേരളം അദ്ദേഹം മുഖ്യമന്ത്രിയാകുന്നതുവരെ പ്രതികരിച്ചിട്ടുള്ളത്‌.

ഈ ഒറ്റയാന്‍ സ്ഥൈര്യവും ധൈര്യവും പോരാട്ടവീര്യവും അവയുടെ പൂര്‍ണ്ണതയില്‍ അംഗീകരിച്ചുകൊണ്ടാണ്‌ വിഎസിനെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്നും ജയിപ്പിക്കണമെന്നും മുഖ്യമന്ത്രിയാക്കണമെന്നും പാര്‍ട്ടി വ്യത്യാസമില്ലാതെ കേരളം രണ്ടുവര്‍ഷം മുമ്പ്‌ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്‌. കോട്ടയത്തു നടന്ന സംസ്ഥാന സമ്മേളനത്തിലവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിഎസിനെ അധികാരക്കൊതിയനായി വിശേഷിപ്പിച്ചപ്പോള്‍, എന്തുകൊണ്ടാണ്‌ മത്സരിക്കാനും മുഖ്യമന്ത്രിയാകാനും വിഎസിനെ അനുവദിച്ചതെന്ന്‌ പ്രകാശ്‌ കാരാട്ട്‌ അസന്ദിഗ്ദമായി പാര്‍ട്ടി അണികള്‍ക്ക്‌ വിശദീകരിച്ച്‌ കൊടുത്തിരുന്നു. പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ നിന്നുള്ള ആവശ്യത്തേക്കാള്‍ ശക്തമായിരുന്നു പൊതുജീവിതത്തിന്റെ വിവിധ മേഖലകളില്‍നിന്ന്‌ വിഎസിനെ മത്സരിപ്പിക്കാനുള്ള താല്‍പ്പര്യം ഉയര്‍ന്നതെന്ന്‌ സമ്മതിക്കാന്‍ പ്രകാശ്‌ കാരാട്ടിന്‌ മടിയുണ്ടായിരുന്നില്ല.

ഇത്തരത്തില്‍ ജനകീയനായ, കറ തീര്‍ന്ന കമ്യൂണിസ്റ്റായിരുന്ന അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായതിനുശേഷം തികഞ്ഞ വരട്ടു തത്വവാദിയും കമ്യൂണിസ്റ്റ്‌ വിരുദ്ധനും പൗരാവകാശ നിഷേധിയുമായി മാറുന്നതാണ്‌ കേരളം കണ്ടുകൊണ്ടിരിക്കുന്നത്‌. സംസ്ഥാന സമ്മേളനം കഴിഞ്ഞതോടെ വിഎസിന്റെ ഈ ഗതികേട്‌ കൂടുതല്‍ ദുരിതപൂര്‍ണ്ണമായി എന്നതിന്റെ ദാരുണമായ തെളിവാണ്‌ മൂലമ്പിള്ളിയിലെ സമരത്തോട്‌ അദ്ദേഹം പുലര്‍ത്തുന്ന നിലപാട്‌.

വികസനത്തിന്റെ പേരില്‍ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ജപ്തി ചെയ്യപ്പെടരുതെന്ന്‌ ഇന്നും നിര്‍ബന്ധമുള്ള വ്യക്തിയാണ്‌ വിഎസ്‌ എന്ന്‌ ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു. എന്നാല്‍ അച്യുതാനന്ദനെന്ന മുഖ്യമന്ത്രി ഈ മൂല്യങ്ങളെയെല്ലാം അവസരത്തിനൊത്ത്‌ വിറ്റ്‌, അതില്‍ നിന്നും ലഭിക്കുന്ന ലാഭംകൊണ്ട്തന്നെ രാഷ്ട്രീയ നിലനില്‍പ്പിന്റെ ആധാരം ശക്തിപ്പെടുത്തുന്ന അധികാര വെറിയനാണെന്ന്‌ വിശ്വസിക്കാന്‍ കേരളീയരെ ദിവസം ചെല്ലുന്തോറും നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്‌.

എന്താണ്‌ മൂലമ്പിള്ളിയില്‍ സംഭവിച്ചതെന്നും എവിടെയൊക്കെയാണ്‌ സര്‍ക്കാരിന്‌ ഇക്കാര്യത്തില്‍ വീഴ്ച പറ്റിയതെന്നും അച്യുതാനന്ദനെന്ന മുഖ്യമന്ത്രിക്ക്‌ മറ്റാരെക്കാളും നന്നായറിയാം. വസ്തുതകളുടെ തികഞ്ഞ ബോധത്തോടെയാണ്‌ പക്ഷെ അദ്ദേഹം വിഡ്ഢിവേഷം കെട്ടുന്നതും വിടുവായിത്തം വിളമ്പുന്നതും.

വികസനത്തിനുവേണ്ടി ജനവാസപ്രദേശങ്ങള്‍ ഏറ്റെടുക്കേണ്ടിവരുമ്പോള്‍ തദ്ദേശവാസികളെ പുനരധിവസിപ്പിച്ച ശേഷം മാത്രമെ അവരെ അവിടെ നിന്നും കുടിയിറക്കാന്‍ പാടുള്ളൂ എന്ന സുപ്രീം കോടതിയുടെ നിര്‍ണായകമായ വിധിയെക്കുറിച്ചും അച്യുതാനന്ദനെന്ന മുഖ്യമന്ത്രിക്കറിയാം. ഭരണഘടനയില്‍ പ്രത്യേക സംരക്ഷണത്തോടെ എഴുതി ചേര്‍ത്തിട്ടുള്ള മൗലീക അവകാശങ്ങളെക്കുറിച്ചും മുഖ്യമന്ത്രിക്ക്‌ നല്ല ബോധ്യമുണ്ട്‌. എന്നിട്ടും എറണാകുളം ജില്ലാ കളക്ടര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും വികസനത്തിന്റെ പേരില്‍ കൊഴുത്തു വീര്‍ക്കാന്‍ കൊതിക്കുന്ന ഇടനിലക്കാരും പറയുന്ന വൃത്തികെട്ട സാങ്കേതിക 'ഞായങ്ങള്‍' തൊണ്ട തൊടാതെ വിഴുങ്ങി സൗകര്യം പോലെ ഛര്‍ദ്ദിച്ച്‌ വയ്ക്കുകയാണ്‌ അച്യുതാനന്ദന്‍. ആ ഛര്‍ദ്ദിലിലെ ഏറ്റവും നാറ്റം നിറഞ്ഞ ഭാഗമായിരുന്നു മൂലമ്പിള്ളിയില്‍ നക്സലൈറ്റുകളുടെ കുത്തിത്തിരുപ്പിന്‌ വിധേയരായിട്ടാണ്‌ കുടിയിറക്കപ്പെട്ടവര്‍ പ്രതികരിച്ചതെന്ന ഇന്നലത്തെ പ്രസ്താവന. മനുഷ്യനോടും അവന്റെ കേവലാവകാശങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട കമ്യൂണിസ്റ്റുകാര്‍ തേര്‍ഡ്‌ റേറ്റ്‌ കൂട്ടിക്കൊടുപ്പുകാരായി വേഷം മാറുമ്പോള്‍ പൗരന്റെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ നക്സലൈറ്റുകളെന്ന്‌ മുദ്ര കുത്തുന്നത്‌ വലതുപക്ഷ വൃത്തികേടാണ്‌. ആ വ്യതിയാനത്തിലേക്കാണ്‌ അച്യുതാനന്ദനെന്ന മുഖ്യമന്ത്രി ഇപ്പോള്‍ മുഖമടച്ച്‌ വീണിരിക്കുന്നത്‌. ഇതില്‍ കടുത്ത പ്രതിഷേധമുള്ളവരാണ്‌ കേരളത്തിലെ ജനങ്ങള്‍. വര്‍ഗ്ഗവഞ്ചകരോട്‌ ഒരിക്കലും ക്ഷമിക്കാത്ത മനസാണ്‌ പ്രബുദ്ധ കേരളത്തിനുള്ളത്‌. അതുകൊണ്ട്‌ തന്റെ നിവൃത്തികേടുകള്‍ ഇനിയെങ്കിലും ഇങ്ങനെ പരസ്യമാക്കാതിരിക്കാന്‍ അച്യുതാനന്ദനെന്ന മുഖ്യമന്ത്രി ശ്രമിച്ചാല്‍ അത്‌ അദ്ദേഹത്തിന്‌ ഗുണകരവും അതിജീവനത്തിന്‌ ശ്രേയസ്കരവുമായിരിക്കും.

നിങ്ങളെന്നെക്കൊണ്ട്‌ 'നക്സല്‍'എന്ന്‌ പറയിപ്പിച്ചു!

ഗതികെട്ടാല്‍ ഏതവനും സത്യം പറഞ്ഞുപോകും. അളമുട്ടിയാല്‍ മൂലമ്പിള്ളിക്കാര്‍വരെ വിപ്ലവകാരികളും ആകും.

ഓരോയിടത്തും വികസനത്തിന്റെ പേരില്‍ പാവപ്പെട്ടവര്‍ വഴിയാധാരമാവുമ്പോള്‍ അതവരുടെ കാര്യം എന്നോര്‍ത്ത്‌ കഴിഞ്ഞിരുന്ന നിര്‍ഗുണന്മാരൊക്കെയും അവനവനു പണികിട്ടുമ്പോള്‍ നീതിക്കായി പോരാടും!

പണ്ടൊക്കെ സത്യം പറയുന്നവരെയും നീതിക്കായി വാദിക്കുന്നവരെയും 'കമ്യൂണിസ്റ്റ്‌' എന്നു ചാപ്പകുത്തിയാണ്‌ ഭരണകൂടങ്ങള്‍ അടിച്ചൊതുക്കിയിരുന്നത്‌.

അങ്ങനെയാണ്‌ ചെങ്കൊടി ഇത്രയേറെ ചുവന്നത്‌.

തലപോയാലും സത്യം മാത്രം പറയില്ലെന്നും നീതിക്കായി ഒരക്ഷരം ഉരിയാടില്ലെന്നും ശപഥം ചെയ്ത നവലിബറല്‍ കമ്യൂണിസം എന്ന സാധനം പ്രാവര്‍ത്തികമായതോടെ ശത്രുക്കള്‍ പോലും സത്യം പറയുന്നവരെ 'കമ്യൂണിസ്റ്റ്‌' എന്നു വിളിക്കാതായി!

പണ്ട്‌ പണ്ട്‌ നീതിമാന്മാരുടെ തല കൊയ്തത്‌ രാജാക്കന്മാരും ജന്മിമാരുമൊക്കെയായിരുന്നു. അന്നാണ്‌ പാവങ്ങള്‍ക്ക്‌ കമ്യൂണിസ്റ്റുകാരെക്കൊണ്ട്‌ ആവശ്യം വന്നിരുന്നത്‌.

വന്നുവന്ന്‌ ജനായത്ത ഭരണം വന്നപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ നീതിമാന്മാരുടെ തലയെടുക്കാന്‍ നടക്കുന്നു!

സത്യം പറയുന്നവന്റെ ഗതികണ്ടവരുണ്ടാകില്ലെന്നും വന്നിരിക്കുന്നു. നവാബിന്റെ അചേതന ശരീരംപോലും ഭരണാധികാരികള്‍ക്ക്‌ ഉറക്കം കെടുത്തിയെന്ന പാഠം നമ്മള്‍ കുത്തിരുന്നു തന്നെ പഠിക്കണമെന്നാണ്‌ ചരിത്രം പഠിപ്പിക്കുന്നത്‌.

മൂലമ്പിള്ളിയില്‍ നടന്ന കുടിയിറക്കപ്പെട്ടവരുടെ സമരം നക്സല്‍ ബാധയാണെന്ന്‌ കേരളം കണ്ട കമ്യൂണിസ്റ്റുകളില്‍ മുന്‍നിരക്കാരനായ സഖാവ്‌ അച്യുതാനന്ദന്‍ വരെ പറഞ്ഞിരിക്കുന്നു.

ഉമ്മന്‍ചാണ്ടിയായിരുന്നു ഈ ചതി ചെയ്തതെങ്കില്‍ മൂലമ്പിള്ളിയില്‍ സമരനായകന്‍ ഈ സഖാവ്‌ തന്നെയായിരുന്നേനെയെന്നു നമ്മള്‍ക്കുറപ്പാണ്‌, എന്നിട്ടും....

അധികാരം സഖാവ്‌ അച്യുതാനന്ദനെവരെ വല്ലാണ്ട്‌ ദുഷിപ്പിച്ചിരിക്കുന്നു. കുടിയിറക്കല്‍ പദ്ധതി നടപ്പാക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്ക്‌ ചില വീഴ്ചകള്‍ വന്നുപോയി എന്നാണ്‌ മുഖ്യന്റെ കുറ്റസമ്മതം. അപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു തന്നെയാവണം നക്സല്‍ ബാധ എന്നു മുഖ്യന്‍ മനസിലാക്കണം.

വെറുതെ പറഞ്ഞു പറഞ്ഞ്‌ ഇല്ലാത്ത നക്സലിനെ ഉണ്ടാക്കുകയാണ്‌ സര്‍ക്കാര്‍. കാക്കത്തൊള്ളായിരം ഗ്രൂപ്പുകളായി തിരിഞ്ഞ്‌ തങ്ങളില്‍ തങ്ങളിലുള്ള വൈരുദ്ധ്യം പറഞ്ഞു തീര്‍ക്കാന്‍ പറ്റാതെ, കേരളാ കോണ്‍ഗ്രസ്‌ പരുവത്തിലിരിക്കുന്ന സംഗതിയെയാണ്‌ നക്സലിസം എന്നു പറയുന്നത്‌.

ഈ നക്സലുകള്‍ വൈരുദ്ധ്യാത്മക ഭൗതികവാദം എന്നാല്‍ ചുക്കാണോ ചുണ്ണാമ്പാണോ എന്നുപോലും അറിയാത്ത മഹാപാവങ്ങളാണ്‌. ബക്കറ്റു പിരിവുനടത്തി അന്നന്നത്തെ അപ്പം ഒപ്പിക്കാന്‍ നടക്കുന്നവരെ, പ്ലീസ്‌, വെറുതെ വെള്ളത്തിലാക്കരുത്‌!

Wednesday, February 27, 2008

ഈ ചെറിയവര്‍ക്കുവേണ്ടി സഭ എന്തു ചെയ്യും?

അഞ്ചപ്പം കൊണ്ട്‌ അയ്യായിരംപേരെ പോഷിപ്പിച്ചത്‌ ക്രിസ്തുവിന്റെ അല്‍ഭുതപ്രവൃത്തികളില്‍ ഒന്നായിട്ടാണ്‌ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ളതും വിശ്വാസികള്‍ നൂറ്റാണ്ടുകളായി അംഗീകരിക്കുന്നതും. കേവലം ഒരു അല്‍ഭുതപ്രവൃത്തി എന്നതിലുപരി മനുഷ്യപുത്രനായി ജന്മമെടുത്ത ദൈവപുത്രന്‌ മനുഷ്യന്റെ കേവലാവസ്ഥകളോടുള്ള പ്രതിബദ്ധതയാണ്‌ ആ പ്രവൃത്തിയില്‍ മഹത്വവത്കരിക്കപ്പെട്ടത്‌. തന്റെ വചനം കേള്‍ക്കാന്‍ എത്തിയവരുടെ വിശപ്പിന്റെ കാര്യവും ക്രിസ്തു അതീവ പ്രാധാന്യത്തോടെ കണ്ടിരുന്നു എന്നാണ്‌ ഈ അല്‍ഭുതപ്രവൃത്തിക്കു പിന്നിലെ യഥാര്‍ഥ വസ്തുത.

ക്രിസ്തുവിന്റെ ജീവിതത്തിലുടനീളവും ഉദ്ബോധനങ്ങളിലും മനുഷ്യനും അവന്റെ നിലനില്‍പ്പിനും അതിജീവനത്തിനും അടിസ്ഥാനമായിട്ടുള്ള വസ്തുതകളുടെ ഉന്നിദ്രമായ അംഗീകാരവും അവ പ്രവൃത്തിയായി വിവര്‍ത്തനം ചെയ്യേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കിയിട്ടുണ്ട്‌. "ഈ ചെറിയവരില്‍ ഒരുവനു ചെയ്യുന്ന നന്മയ്ക്ക്‌ സ്വര്‍ഗത്തില്‍ പ്രതിഫലം ലഭിക്കുമെന്നും", "ധനവാന്റെ കാഴ്ചവയ്പുകളേക്കാള്‍ വിധവയുടെ രണ്ടുകാശിനാണ്‌ മഹത്വമെന്നും", "സീസറിനുള്ളത്‌ സീസറിനും ദൈവത്തിനുള്ളത്‌ ദൈവത്തിനും നല്‍കണ"മെന്നുമുള്ള ക്രിസ്തുവചനങ്ങളില്‍ പൊലിക്കുന്നത്‌ സാധാരണ മനുഷ്യനോടുള്ള അദ്ദേഹത്തിന്റെ കരുതലാണ്‌.

കുഷ്ഠരോഗിയെ സൗഖ്യമാക്കിയപ്പോഴും അന്ധന്‌ കാഴ്ച നല്‍കിയപ്പോഴും ഭൂതബാധിതനെ മോചിപ്പിച്ചപ്പോഴും ദൈവപുത്രനായി അല്‍ഭുതം പ്രവൃത്തിക്കുകയായിരുന്നില്ല, മറിച്ച്‌ മനുഷ്യന്റെ രോഗാവസ്ഥകളോടുള്ള പാരസ്പര്യവും അതില്‍നിന്ന്‌ അവനെ മോചിപ്പിക്കാനുള്ള കഠിനമായ ആഗ്രഹത്തിന്റെ പ്രതിഫലനവുമായിരുന്നു.

ഇതേ ആത്മാര്‍ഥതയോടെയായിരുന്നു യറുശലേം ദേവാലയത്തെ വാണിഭ കേന്ദ്രമാക്കിയവര്‍ക്കെതിരെ ചാട്ടവാര്‍ ചുഴറ്റിയപ്പോള്‍ ക്രിസ്തുവിനുണ്ടായിരുന്നത്‌. ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആണിക്കല്ലും ഈ മാനുഷിക ഭാവങ്ങളോടുള്ള തന്മയീഭാവമാണ്‌. തന്റെ ശിഷ്യന്മാരോട്‌ ലോകമെമ്പാടുംപോയി സുവിശേഷം അറിയിക്കാന്‍ ഉദ്ബോധിപ്പിച്ചപ്പോള്‍ കയ്യില്‍ സഞ്ചിയോ മറ്റ്‌ വരുമാന പ്രതീക്ഷകളോ ഉണ്ടാകരുതെന്ന്‌ നിര്‍ദേശിച്ചതും ഇതേ കാഴ്ചപ്പാടോടെയായിരുന്നു. ധനവാന്റെ സമ്പന്നതയ്ക്കല്ല, ദരിദ്രന്റെ നിലവിളികള്‍ക്കായിരിക്കണം ശ്രദ്ധ നല്‍കേണ്ടതെന്നും അത്‌ പരിഹരിക്കാനുള്ള ശ്രമം കൂടിയായിരിക്കണം സുവിശേഷ പ്രവര്‍ത്തനം എന്നുമായിരുന്നു ക്രിസ്തു ശിഷ്യന്മാരെ ഉപദേശിച്ചത്‌.

ഈ പശ്ചാത്തലത്തില്‍ ഇന്നത്തെ പ്രേഷിത പ്രവര്‍ത്തനങ്ങളെ താരതമ്യം ചെയ്താല്‍ എന്തായിരിക്കും ലഭിക്കുന്ന അനുമാനങ്ങള്‍? അധിനിവേശത്തിന്റെയും മൂലധനത്തിന്റെയും ശക്തികള്‍ ലോകമെമ്പാടും സാധാരണക്കാരായ മനുഷ്യരുടെ കേവലാവകാശങ്ങളെല്ലാം കവര്‍ന്നെടുത്ത്‌ സാമ്രാജ്യവത്കരണത്തിന്റെ പ്രക്രിയ ത്വരിതപ്പെടുത്തുമ്പോള്‍ കുടിയിറക്കപ്പെടുന്ന മനുഷ്യനുവേണ്ടി വാദിക്കാന്‍ എത്ര അജപാലകര്‍ തയ്യാറാകുന്നു? എത്ര പ്രേഷിത പ്രവര്‍ത്തകര്‍ മുനിട്ടിറങ്ങുന്നു? എത്ര സഭാ വിശ്വാസികള്‍ സംഘടിക്കുന്നു?

ഇല്ലാ എന്ന മറുപടിയാണ്‌ പൊതുവേ ലഭിക്കുന്നത്‌.

കേരളത്തിലെ സാധാരണക്കാരുടെ വിദ്യാഭ്യാസപരവും ചികിത്സാപരവുമായ ആവശ്യങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ ആദ്യകാലങ്ങളില്‍ മിഷണറിമാര്‍ നടത്തിയ ശ്രമങ്ങളും അതിന്‌ അവര്‍ അനുഭവിച്ച പ്രയാസങ്ങളും അതിനായി അവര്‍ സഹിച്ച ത്യാഗങ്ങളും അഭിമാനത്തോടെ മാത്രമേ ഏതൊരു വിശ്വാസിക്കും ചിന്തിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ മേല്‍ സൂചിപ്പിച്ച രംഗങ്ങളില്‍ മാത്രമല്ല, ജീവിതത്തിന്റെ സര്‍വ മേഖലകളിലും ചൂഷണത്തിന്റെയും മുതലെടുപ്പിന്റെയും ശക്തികള്‍ പിടിമുറുക്കുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന പ്രതിലോമകരവും ദൈവവിശ്വാസത്തെ ലംഘിക്കുന്നതും സുവിശേഷത്തിന്റെ മൂല്യങ്ങള്‍ ഇല്ലാതാക്കുന്നതുമായ നിലപാടല്ലേ സഭയും അതിനെ നയിക്കുന്ന അജപാലക ശ്രേഷ്ഠന്മാരും വിശ്വാസികളും സ്വീകരിക്കുന്നത്‌.

അതിന്റെ ഏറ്റവും വലിയ തെളിവായി മൂലമ്പിള്ളിയെ ചൂണ്ടിക്കാണിക്കാമെന്നു തോന്നുന്നു. വല്ലാര്‍പാടം പദ്ധതിയെന്ന വികസന പ്രക്രിയയുടെ അനിവാര്യത എന്നോണം അധികാര കേന്ദ്രങ്ങള്‍ അവിടത്തെ സാധാരണക്കാരെ അതിനീചവും ക്രൂരവുമായ രീതിയിലാണ്‌ കുടിയിറക്കിയത്‌. അതില്‍ ക്രൈസ്തവരും അക്രൈസ്തവരുമുണ്ട്‌. ഈ സാധാരണക്കാര്‍ക്കുവേണ്ടി വാദിക്കാന്‍ പക്ഷേ രംഗത്തെത്തിയത്‌ അജപാലക ശ്രേഷ്ഠന്മാരോ പ്രേഷിത പ്രവര്‍ത്തകരോ ആയിരുന്നില്ല. മറിച്ച്‌, ചില സന്നദ്ധ സംഘടനകളും അവയിലെ ആത്മാര്‍ഥതയുള്ള അംഗങ്ങളുമായിരുന്നു. അതേസമയം ബിഷപ്പ്‌ എടയന്ത്രത്തെപോലുള്ളവര്‍ ചില പ്രസ്താവനകള്‍ ഇറക്കിയ കാര്യം വിസ്മരിക്കുന്നുമില്ല. പ്രസ്താവനകളിലൂടെ പരിഹരിക്കേണ്ടതല്ല പ്രാന്തവല്‍ക്കരിക്കപ്പെടുന്ന ജനസമൂഹത്തിന്റെ പ്രശ്നങ്ങള്‍. മറിച്ച്‌, അവരെ ചൂഷണം ചെയ്യുന്ന ശക്തികള്‍ക്കെതിരെ വീറോടെ പൊരുതാന്‍ സഭയ്ക്കും അതിന്റെ സാരഥികള്‍ക്കും ഉത്തരവാദിത്തമുണ്ട്‌. അരമനകളിലെ സുഖശീതോഷ്ണമുറികളില്‍ നിന്ന്‌ പുറത്തിറങ്ങിയെങ്കില്‍ മാത്രമേ സാധാരണ മനുഷ്യന്റെ വേദനകളും വിങ്ങലുകളുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുകയുള്ളൂ.

ഇതുപോലെതന്നെ ഗൗരവം അര്‍ഹിക്കുന്നതാണ്‌ ഇന്നു മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികള്‍. വിദേശ ട്രോളറുകള്‍ ഇന്ത്യയുടെയും കേരളത്തിന്റെയും സമുദ്രങ്ങളില്‍ നിന്ന്‌ കടല്‍ വിഭവങ്ങള്‍ കൊള്ളയടിക്കുന്നതാണ്‌ മത്സ്യത്തൊഴിലാളികളും അവരുമായി ബന്ധപ്പെട്ട മറ്റുള്ളവരും അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്കും പ്രയാസങ്ങള്‍ക്കും കാരണം. ഈ വിഷയത്തില്‍ സഭ സ്വീകരിച്ചിട്ടുള്ള നിലപാട്‌ തീര്‍ച്ചയായും തീരദേശവാസികളുടെ ഉന്നമനത്തിനുതകുന്നതല്ല. മുന്‍പ്‌ ഇത്തരം വിഷയങ്ങളില്‍ എത്രയോ ശുഷ്കാന്തിയോടെ ഇടപെട്ട സഭയാണ്‌ ഇന്ന്‌ നാണംകെട്ട രീതിയില്‍ മൗനം പാലിക്കുന്നത്‌.

അതേപോലെതന്നെ ഇന്ന്‌ വിശ്വാസികളെ ഗ്രഹിച്ചിട്ടുള്ള ആഢംബരഭ്രമത്തില്‍ നിന്ന്‌ അവരെ മോചിപ്പിക്കുന്ന കാര്യത്തിലും സഭ ആശാവഹമായ നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്‌. മറിച്ച്‌, ആ സാമൂഹിക അനീതിയെ പ്രോല്‍സാഹിപ്പിക്കുന്ന നയങ്ങളാണ്‌ കൈക്കൊള്ളുന്നതെന്ന്‌ പറയാതിരിക്കാന്‍ കഴിയുകയില്ല.

സഭയുടെ ഇത്തരം നിലപാടുകള്‍ വിശ്വാസികളുടെ മനസില്‍ അതീവ ഗുരുതരമായ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്‌. ക്രിസ്തുവിശ്വാസത്തില്‍ നിന്ന്‌ തെറ്റിപ്പോകാന്‍പോലും ഒരുവേള ഈ നിലപാടുകള്‍ പ്രേരകമാകുന്നുണ്ട്‌. സഭ ഇത്തരത്തില്‍ അധഃപതിക്കുമെന്ന്‌ മുന്‍കൂട്ടി കണ്ടുകൊണ്ടാകണം 'മനുഷ്യപുത്രന്‍ വരുമ്പോള്‍ വിശ്വാസം കണ്ടെത്താനാവുമോയെന്ന്‌ ക്രിസ്തു ഒരിക്കല്‍ ചോദിച്ചത്‌'.

മൂലമ്പിള്ളിയും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും സഭാ നേതൃത്വങ്ങളുടെ നിലപാടുകള്‍ തിരുത്തിയെഴുതാന്‍ സഹായകമാകുമെങ്കില്‍ സുവിശേഷം അതിന്റെ തനത്‌ അര്‍ഥത്തില്‍ നടപ്പിലാക്കപ്പെടും. അല്ലാത്തപക്ഷം ........

കൂവിപ്പായും സ്വപ്നങ്ങള്‍

ലാലു പ്രസാദ്‌ എന്ന യാദവന്‍ വീണ്ടും കരുത്തു കാട്ടിയിരിക്കുന്നു. ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും കേളികളാടിയും കാലിത്തീറ്റ വെട്ടിച്ചും നടന്നവന്‍ എന്ന്‌ സവര്‍ണ്ണ മുഖ്യധാരാ മാധ്യമങ്ങള്‍ കരിപുരട്ടിയ ഒരു മനുഷ്യന്‍ മധുരമായി തിരിച്ചടിക്കുന്നു. നാണമില്ലാതെ ലാലുവിനെ വാനോളം പ്രകീര്‍ത്തിക്കുന്നു മുന്‍ പറഞ്ഞ മാധ്യമങ്ങള്‍!

റെയില്‍വെ ബജറ്റ്‌ കൂവി പായുമ്പോള്‍ കൊച്ചു കേരളത്തിനു വരെയുണ്ട്‌ ഇക്കുറി തെല്ലൊരാശ്വാസം.

ലാലുവും വേലുവും താന്താങ്ങളുടെ നാട്ടില്‍ വല്യതോതില്‍ പുരോഗതിയുണ്ടാക്കിയെന്ന ആക്ഷേപം നിലനില്‍ക്കെ കേരളത്തീന്നു പോയി ദില്ലിയിലെ തണുപ്പില്‍ മൂടിപ്പുതച്ചു മന്ദീഭവിച്ചിരിക്കുന്ന ധീരവീര പരാക്രമികളെ നാം ഓര്‍ക്കണം.

കേരളത്തീന്ന്‌ ഒരുപാടു പ്രമാണിമാര്‍ കേന്ദ്രമന്ത്രിമാരായി വന്നിട്ടുണ്ട്‌. ഇത്തവണയും രണ്ടു മൂന്നു ചേട്ടന്മാര്‍ ദില്ലി ദര്‍ബാറില്‍ ലാലുവിന്റെയും വേലുവിന്റെയും നൃത്തനൃത്ത്യങ്ങള്‍ കണ്ടു കയ്യടിച്ചും കുംഭ കുലുക്കി ചിരിച്ചും ഇരിപ്പുണ്ട്‌!

ഇടയ്ക്കിടെ കേരളത്തിലെത്തി നാലു ഗീര്‍വാണമടിച്ചും അച്ചുമ്മാന്റെ ഭരണ വീഴ്ചകളില്‍ പരിതപിച്ചും ദൈവം തമ്പുരാന്‍ വിചാരിച്ചാല്‍ പോലും നടക്കാത്ത ഐക്യം പാര്‍ട്ടിയിലുണ്ടാക്കാന്‍ ശ്രമിച്ചും നമ്മുടെ കേന്ദ്രമന്ത്രിസത്തമന്മാര്‍ നേരം കൊല്ലുന്നു.

ലാലുവിനെയും വേലുവിനെയും തെരഞ്ഞെടുത്തയച്ച നാട്ടുകാരോട്‌ അവര്‍ കൂടുതല്‍ നീതി ചെയ്യുന്നതില്‍ നമ്മള്‍ കേരളീയര്‍ വെറുതെ കെറുവിച്ചിട്ടെന്തു കാര്യം?

കേന്ദ്ര റെയില്‍വെ ലാഭത്തില്‍ നിന്നും ലാഭത്തിലേക്കാണ്‌ കുതിക്കുന്നത്‌. അടുത്തവട്ടം ആരു ഭരിക്കാന്‍ കേറിയാലും ലാലു ഭരണാധിപനായുണ്ടാകുമെന്ന്‌ അത്താഴപ്പട്ടിണിക്കാരായ പൗരന്മാര്‍ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു.

കുറെയേറെ സംവത്സരങ്ങള്‍ക്കു ശേഷം ഇന്ത്യയിലെ ഒരു ഭരണാധിപന്‍ പൗരന്മാര്‍ക്ക്‌ സ്വപ്നങ്ങള്‍ സമ്മാനിക്കുന്നത്‌ ഇതാദ്യമാണ്‌.

നിലവിലുള്ള പങ്കപ്പാടിനിയും കൂട്ടാതിരുന്നാല്‍ മതി ദുഷ്ടന്മാര്‍ എന്നു മാത്രമാണിപ്പോള്‍ ഭരണാധികാരികളെ കുറിച്ച്‌ പൗരന്മാരുടെ പ്രാര്‍ത്ഥന!

കട്ടുമുടിക്കുന്നതിന്‌, വെട്ടിപ്പിടിക്കുന്നതിന്‌, കൊടിയുടെയും പ്രത്യയ ശാസ്ത്രത്തിന്റെയും വേര്‍തിരിവുകളില്ലെന്നു തെളിയിക്കപ്പെടുന്ന പ്രബുദ്ധ കേരളത്തില്‍ നിന്ന്‌ എന്നാണൊരു ലാലുവുണ്ടാകുക എന്നു ജനങ്ങള്‍ കാത്തിരിക്കുന്നു.

സമ്മതിക്കാം, ലാലു എല്ലാം തികഞ്ഞ മര്യാദാ പുരുഷോത്തമനല്ല. എന്നാല്‍ നിര്‍ഗുണന്മാരുടെ കൂട്ടത്തില്‍ ലാലു മാത്രമിരുന്നു തിളങ്ങുമ്പോള്‍ പൗരന്മാര്‍ അങ്ങിനെയൊക്കെ ആശിക്കുന്നതില്‍ തെറ്റുണ്ടോ?

Tuesday, February 26, 2008

ജയശ്രീയുടെ മാന്യതയെങ്കിലും പോലീസ്‌ ഏമാന്മാര്‍ക്കുണ്ടായിരുന്നെങ്കില്‍

കേരളത്തിലെ പോലീസുകാര്‍ മിടുമിടുക്കന്മാരാണ്‌. കേസ്‌ തെളിയിക്കുന്ന കാര്യത്തിലും അന്വേഷണം അട്ടിമറിക്കുന്ന കാര്യത്തിലും ഈ മിടുക്ക്‌ അവര്‍ തരാതരം പോലെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌, പ്രദര്‍ശിപ്പിക്കാറുണ്ട്‌, പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

കാക്കിയിട്ടാല്‍ എന്തു തോന്ന്യാസവും ചെയ്യാമെന്ന ധാരണയുള്ള ഒരു കൂട്ടരുണ്ട്‌. ഡിജിപി മുതല്‍ സാദാ കോണ്‍സ്റ്റബിള്‍ വരെ ഇക്കൂട്ടത്തില്‍ പെടും. കാക്കിയിട്ട്‌ രാഷ്ട്രീയമേലാളന്മാര്‍ക്കും മാഫിയാ തലവന്മാര്‍ക്കും വേശ്യകള്‍ക്കും വരെ വിടുവേല ചെയ്യാന്‍ തയ്യാറുള്ള ഏമാന്മാരുമുണ്ട്‌. ഇവിടെയും റാങ്കിന്റെ വ്യത്യാസമില്ല. ഏതു ഭരണം വന്നാലും തന്റെ ജോലി കൃത്യമായി ചെയ്യുന്ന മാന്യന്മാരും ഇവരുടെ കൂട്ടത്തിലുണ്ട്‌. അത്തരം ചിലര്‍ ഉള്ളതുകൊണ്ടാണ്‌ കേരളാ പോലീസിന്റെ മാന്യത നിലനില്‍ക്കുന്നത്‌.

ഇതു പറയാന്‍ കാര്യമുണ്ട്‌. മല്ലരാജ റെഡ്ഡി എന്നൊരു മാവോയിസ്റ്റ്‌ നേതാവിനെ അല്‍പനാളുകള്‍ക്കുമുന്‍പ്‌ കേരളത്തില്‍ നിന്ന്‌ അറസ്റ്റു ചെയ്തു. ഈ അറസ്റ്റിന്‍ തുടര്‍ന്ന്‌ മാന്യന്മാരെന്ന്‌ അവകാശപ്പെടുന്ന ഏമാന്മാര്‍ കാട്ടിക്കൂട്ടിയ അമാന്യതകള്‍ക്ക്‌ കണക്കില്ല. ഗോവിന്ദന്‍കുട്ടിയെന്ന 'മാവോയിസ്റ്റിന്‍' അറസ്റ്റ്‌ ചെയ്ത്‌ പത്തെഴുപതു ദിവസം ജയിലിലിട്ടു. ജയശ്രീ ടീച്ചറുടെ വീട്ടില്‍ എല്ലാ ചട്ടങ്ങളും ലംഘിച്ച്‌ അമാന്യമായ രീതിയില്‍ റെയ്ഡ്‌ നടത്തി. എന്നിട്ടും ഏമാന്മാര്‍ കണ്ടെത്താന്‍ ശ്രമിച്ച തെളിവുകളൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല, കോടതിയില്‍ ഇളിഭ്യരായി നില്‍ക്കേണ്ട അവസ്ഥയും വന്നു.

എന്തിനായിരുന്നു ഈ കോലാഹലങ്ങള്‍ എന്ന്‌ ചിന്തിക്കുമ്പോഴാണ്‌ റിയല്‍ എസ്റ്റേറ്റ്‌-ഭൂമി മാഫിയയുടെ സേവകരായി കേരളത്തിലെ പോലീസ്‌ അധഃപതിച്ചതിന്റെ ചിത്രം വ്യക്തമാകുക. ഇന്ന്‌ ഇവിടെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന 'വ്യവസായ'മാണ്‌ നിര്‍മാണ മേഖല. അന്യ സംസ്ഥാനത്തു നിന്നുള്ള തൊഴിലാളികളാണ്‌ ഇന്ന്‌ കേരളത്തിലെ നിര്‍മാണമേഖലയെ സജീവമായി നിലനിര്‍ത്തുന്നത്‌. രാഷ്ട്രീയാവബോധവും സംഘടനാശേഷിയും കൂട്ടായി വിലപേശാനുള്ള കഴിവും നേടിയ കേരളത്തിലെ ട്രേഡ്‌ യൂണിയനുകളിലെ അംഗങ്ങള്‍ക്ക്‌ ലഭിക്കുന്നതിന്റെ പകുതിയില്‍ കുറവ്‌ കൂലി കൊടുത്ത്‌, കഠിനമായി ചൂഷണം ചെയ്താണ്‌ നിര്‍മാണമേഖലയിലെ വമ്പന്മാര്‍ ലാഭം കൊയ്യുന്നത്‌. എന്നെങ്കിലുമൊരിക്കല്‍ ഇവര്‍ സംഘടിതരാകുമെന്നും മാന്യമായി ജീവിക്കാനുള്ള അവകാശമുന്നയിച്ച്‌ സമരം ചെയ്യുമെന്നും കേരളത്തിലെ തൊഴിലാളിക്ക്‌ ലഭിക്കുന്ന കൂലിയും മറ്റ്‌ ആനുകൂല്യങ്ങളും അവകാശപ്പെടുമെന്നും തിരിച്ചറിഞ്ഞ്‌ ഇവര്‍ക്കിടയില്‍ മാവോയിസ്റ്റ്‌ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന്‌ ഭൂമി മാഫിയ നടത്തുന്ന പ്രചരണത്തിന്‌ ചുക്കാന്‍ പിടിക്കുന്ന വൃത്തികെട്ട നിയമപാലനമാണ്‌ ഈ ഏമാന്മാരില്‍ പലരും നടത്തുന്നത്‌.

അതിന്റെ ഏറ്റവും ഹീനമായ പ്രദര്‍ശനമായിരുന്നു മല്ലരാജ റെഡ്ഡിയുടെ ലാപ്ടോപ്‌ ജയശ്രീ ടീച്ചറുടെ വീട്ടിലുണ്ട്‌ എന്നു പറഞ്ഞ്‌ നടത്തിയ റെയ്ഡ്‌. അങ്കമാലി സിഐ സോണി, പെരുമ്പാവൂര്‍ സിഐ കെ.പി. ജോസ്‌ എന്നീ ഏമാന്മാരാണ്‌ ഈ തലതെറിച്ച നിയമപാലനത്തിന്‌ നേതൃത്വം നല്‍കിയത്‌.

ജയശ്രീ ടീച്ചറെ ടാര്‍ഗറ്റ്‌ ചെയ്യാന്‍ വ്യക്തമായ കാരണമുണ്ടായിരുന്നു. എരയാംകുടിയിലെ ഇഷ്ടിക മാഫിയ നടത്തുന്ന ചൂഷണങ്ങള്‍ക്കും കര്‍ഷക വിരുദ്ധ നടപടിക്കുമെതിരെ ഉയര്‍ന്ന ജനകീയ പ്രതിരോധത്തിനും പ്രതിഷേധത്തിനും ഒപ്പം നിന്നതാണ്‌ ജയശ്രീ ടീച്ചര്‍ ചെയ്ത പാതകം. റെയ്ഡിനു മുന്‍പെ തന്നെ ജയശ്രീ ടീച്ചര്‍ക്കെതിരെ ഇഷ്ടിക മാഫിയയുടെ വേതാളങ്ങള്‍ അശ്ലീല പ്രചരണങ്ങള്‍ നടത്തിയിരുന്നു. അപവാദ പോസ്റ്ററുകളും പതിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു സോണിയുടെയും കെ.പി. ജോസിന്റെയും വൃത്തികേടുകള്‍.

ഏറ്റവും ക്രൂരമായ കേസിലെ പ്രതിയെ പോലും അറസ്റ്റ്‌ ചെയ്യുമ്പോള്‍ പാലിക്കേണ്ട 11 നിയമങ്ങള്‍ സുപ്രീം കോടതി ഒരു ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ രാഷ്ട്രീയ മേലാളന്മാരുടെയും മാഫിയാ തലവന്മാരുടെയും ശിങ്കിടികളായി നിയമപാലനം നടത്തുന്ന ഏമാന്മാര്‍ ഒരിക്കല്‍പോലും ഈ അടിസ്ഥാന പെരുമാറ്റ രീതി പാലിക്കാറില്ല. ജയശ്രീ ടീച്ചറുടെ വീട്ടില്‍ നടത്തിയ റെയ്ഡും അത്തരത്തിലൊന്നായിരുന്നു. വാറണ്ടോ രേഖാമൂലമുള്ള പരാതിയോ ഇല്ലാതെയാണ്‌ സോണിയും കെ.പി. ജോസുമടക്കമുള്ളവര്‍ നിയമപാല ത്വര പ്രകടിപ്പിച്ചത്‌.

തനിക്കുണ്ടായ മാനഹാനിക്കെതിരെ ജയശ്രീ ടീച്ചര്‍ മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ആലുവ പാലസില്‍ നടന്ന സിറ്റിംഗില്‍ മനുഷ്യാവകാശ കമ്മീഷനംഗം ജസ്റ്റിസ്‌ മോഹന്‍കുമാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ 'കമാന്ന്‌' ഒരക്ഷരം മറുപടി പറയാനാവാതെ നട്ടെല്ലില്ലായ്മയുടെ നാണക്കേടോടെ സോണിയും കെ.പി. ജോസും നില്‍ക്കുന്ന കാഴ്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ കാണേണ്ടിവന്നു.

ജയശ്രീ ടീച്ചറുടെ വീട്ടില്‍ നടത്തിയ റെയ്ഡിന്‌ രാഷ്ട്രീയ സമ്മര്‍ദ്ദവും ഭൂമി മാഫിയയുടെ നിര്‍ബന്ധവുമുണ്ടായിരുന്നുവെന്ന്‌ പകല്‍ പോലെ വ്യക്തമാണ്‌. ഇക്കാര്യം കമ്മീഷനംഗം സോണിയോടും ജോസിനോടും ചോദിച്ചപ്പോള്‍ ഇളിഭ്യരായി ചിരിക്കാന്‍ മാത്രമായിരുന്നു ഈ ഏമാന്മാര്‍ക്ക്‌ കഴിഞ്ഞത്‌. തങ്ങള്‍ക്ക്‌ ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്‌ എന്നു പറഞ്ഞു ഫലിപ്പിക്കാന്‍ അവര്‍ ഒത്തിരി വിയര്‍ക്കുകയും ചെയ്തു. രഹസ്യ വിവരം ലഭിച്ചാല്‍ അതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുന്നതിനുമുന്‍പ്‌ ഇത്തരം റെയ്ഡ്‌ നടത്താമോ എന്ന ചോദ്യത്തിനും സോണിക്കും ജോസിനും മറുപടിയുണ്ടായിരുന്നില്ല. അതേസമയം, തന്നെ സമൂഹ മധ്യത്തില്‍ അപമാനിച്ച ഈ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്നും മേലാല്‍ ഒരു സ്ത്രീക്കും ഇത്തരം ഒരനുഭവം ഉണ്ടാകാതിരുന്നാല്‍ മതിയെന്നുമായിരുന്നു ജയശ്രീ ടീച്ചര്‍ മനുഷ്യാവകാശ കമ്മീഷനോട്‌ പറഞ്ഞത്‌.

അറിയാം, സോണിയും കെ.പി. ജോസും അടങ്ങുന്നവര്‍ വ്യക്തിപരമായ താല്‍പ്പര്യങ്ങളോടെ ആയിരുന്നില്ല ആ റെയ്ഡ്‌ നടത്തിയത്‌. എന്നാല്‍ ഇവരെപ്പോലെ മിടുക്കന്മാരായ പോലീസ്‌ ഓഫീസര്‍മാര്‍ മൂന്നാംകിട ക്വട്ടേഷന്‍ അംഗങ്ങളെപോലെ രാഷ്ട്രീയ മേലാളന്മാര്‍ക്കുവേണ്ടി നിയമവും നിയമപാലന രീതികളും വ്യഭിചരിക്കുന്നതിലാണ്‌ ഞങ്ങള്‍ക്ക്‌ എതിര്‍പ്പുള്ളത്‌. ഇത്രയും പറഞ്ഞതിന്റെ പേരില്‍ നാളെ മാവോയിസ്റ്റ്‌ മുദ്രചാര്‍ത്തി ഞങ്ങളെയും വലിച്ചിഴക്കാന്‍ ചില കാക്കി ധാരികളെങ്കിലും ഉണ്ടാകുമെന്ന്‌ ഞങ്ങള്‍ക്കറിയാം. എന്നുവച്ച്‌ വാസ്തവം വാസ്തവമല്ലെന്നു പറയാന്‍ ഞങ്ങള്‍ തയ്യാറല്ല.

കണ്‍ട്രി ഓഫ്‌ ഓള്‍ഡ്‌ മെന്‍

ഇത്‌ 'ഓള്‍ഡ്‌ മാന്‍'മാരുടെ കാലമാണ്‌!

'നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍' നാല്‌ ഓസ്കാര്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നു. കേരളത്തില്‍ ഒരു ഓള്‍ഡ്മാന്‍ രണ്ട്‌ ഡിസിസികള്‍ സ്വന്തമാക്കാന്‍ പോകുന്നു. കോണ്‍ഗ്രസിലേക്ക്‌ ഒടിഞ്ഞുമടങ്ങിയെത്തിയ ഓള്‍ഡ്മാന്റെ സഹയാത്രികരായ രണ്ടുപേരെ തിരുവനന്തപുരം, തൃശൂര്‍ ഡിസിസി പ്രസിഡന്റുമാരാക്കാനാണ്‍്‌ ധാരണയായിരിക്കുന്നത്‌.

ഓള്‍ഡ്മാനെ യാതൊരു കാരണവശാലും തറവാടിന്റെ പടി കയറ്റരുതെന്നും പറഞ്ഞ്‌ ഡല്‍ഹിയില്‍പോയി 'ധര്‍ണ' നടത്തിയ ചാണ്ടിയെ വെട്ടി നിരത്തിയാണ്‌ കിഡ്വായി-ചെന്നിനായകന്‍ സഖ്യം ലീഡറുമായി ധാരണയുണ്ടാക്കിയത്‌!

'നോ കണ്‍ട്രി'ക്കു നാല്‌ ഓസ്കാര്‍ കിട്ടിയ സാഹചര്യത്തില്‍ കോഴിക്കോട്‌, കാസര്‍കോഡ്‌ ഡിസിസികളും തനിക്കുവേണമെന്ന്‌ ആ 'ഓള്‍ഡ്മാന്‍' ആവശ്യപ്പെട്ടിട്ടുണ്ട്‌!

കൊച്ചു കേരളത്തെ നയിക്കുന്ന ഒരു 'ഓള്‍ഡ്മാന്‍' കോട്ടയത്തുനിന്നും ഒരു പ്ലാസ്റ്റിക്‌ കുപ്പിയും യംഗ്‌ ആന്റ്‌ സ്ട്രോംഗ്‌ മാന്‍ പിണറായിയുടെ പരസ്യ ശാസനയും പുരസ്കാരമായി ഏറ്റുവാങ്ങി ഒതുങ്ങിയിരിക്കുന്നതും ഓസ്കാര്‍ അവാര്‍ഡ്‌ പശ്ചാത്തലത്തില്‍ തന്നെ കാണണം.

കൊല്ലം സ്വദേശിയായ ഒരു വിപ്ലവ പാര്‍ട്ടിയുടെ സംസ്ഥാന നായകനായ ഓള്‍ഡ്മാനെ സംസ്ഥാന സമ്മേളനത്തില്‍ വേറൊരു ഓള്‍ഡ്മാന്‍ തറപറ്റിച്ചതിന്റെ ഞെട്ടല്‍ ഞെട്ടിത്തീരുംമുന്‍പേ ചന്ദ്രനെ ചൂടിയ ഓള്‍ഡ്മാന്‍ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരികെയെത്തി പിണറായിയെവരെ ഞെട്ടിച്ചിരിക്കുന്നു!

വേറൊരു ഓള്‍ഡ്മാനുണ്ട്‌. ആള്‍ സര്‍ക്കാരാപ്പീസുകളില്‍ മാറാലയില്‍ മൂടി ഇരിപ്പായിരുന്നു. അന്നേരം ഹൈബി ഈഡന്‍ എന്നൊരു പയ്യന്‍ പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന ആ ഓള്‍ഡ്മാനെ പൊടിതട്ടി പുറത്തെടുത്തിരിക്കുന്നു.

ഇന്ത്യയെന്ന കണ്‍ട്രിയുടെ ആത്മാവ്‌ വെറും കണ്‍ട്രികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമങ്ങളില്‍ ചത്തുമലച്ചു കിടക്കുന്നുവെന്ന്‌ തോന്നിയതിനാലല്ല; കമ്യൂണിസ്റ്റ്‌ പാഠപുസ്തകങ്ങളെ ചെറുക്കാനാണ്‌ ഓള്‍ഡ്മാനെഴുതിയ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' ഹൈബിയും കൂട്ടരും പ്രചരിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയതെന്നും ആള്‍ തുറന്നു പറഞ്ഞിരിക്കുന്നു. കൊടുക്കൂ ഹൈബിക്കൊരു ഓസ്കാര്‍!

ഒരിക്കല്‍ ചരിത്രപരമായ മണ്ടത്തരം പറ്റിയതിനെ തുടര്‍ന്ന്‌ പാര്‍ട്ടിക്കും തനിക്കും രാജ്യത്തിനും ഒരുപാടു കെടുതികള്‍ പറ്റിയെന്ന വൈക്ലബ്യത്തില്‍ കഴിയുന്ന വംഗനാട്ടിലെ ഒരു ഓള്‍ഡ്മാന്‍ താനിനി പൊളിറ്റ്ബ്യൂറോയിലേക്കില്ലായെന്ന നിലപാടെടുത്തിരിക്കുന്നു!

ലോകത്തെ കിടുകിട വിറപ്പിക്കുന്ന അമേരിക്കയെ കിടുകിട വിറപ്പിച്ചുപോന്ന കമ്യൂണിസ്റ്റ്‌ ക്യൂബയില്‍ മഹാനായ ഓള്‍ഡ്മാന്‍ നായകസ്ഥാനമൊഴിഞ്ഞ്‌ സഹോദരനായ ഓള്‍ഡ്മാനെ നായകനാക്കിയിരിക്കുന്നു.

ആലോചിച്ചു നോക്കൂ... ഓള്‍ഡ്മാന്മാരുടെ കാലമാണിനി.

വെറുതെ നരച്ചമുടിയില്‍ ബ്ലാക്ക്‌ ജപ്പാനടിച്ച്‌ പ്രായം കുറച്ചുകാണിച്ചു നടക്കേണ്ട കാര്യമില്ല. വെറുതെ ഒരു ഓസ്കാര്‍ കളയേണ്ട! അഖില ലോക ഓഡ്മെന്‍സ്‌ അസോസിയേഷന്‍ സിന്ദാബാദ്‌!

Monday, February 25, 2008

എരയാംകുടി ഒരു പ്രതീകമാകുമ്പോള്‍

പൊതുവിപണിയില്‍ അരി കിട്ടാതിരിക്കുകയും ആന്ധ്രയില്‍ നിന്നെത്തുന്ന അരിക്ക്‌ വന്‍വില നല്‍കേണ്ടിവരികയും ചെയ്തിട്ടും കേരളത്തില്‍ നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരോ ബന്ധപ്പെട്ട മറ്റുള്ളവരോ തയ്യാറാകത്തത്‌ വിരോധാഭാസം തന്നെയാണ്‌.

അതേസമയം നെല്‍വയലുകള്‍ നിരത്തി വന്‍കിട ഫ്ലാറ്റുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും പണിയാനും നെല്‍വയലുകളെ ഇഷ്ടിക കളങ്ങളാക്കാനുമുള്ള സംഘടിതവും കൗശലപൂര്‍വ്വവുമായ നീക്കങ്ങള്‍ കേരളത്തില്‍ എല്ലായിടത്തും വിജയം കണ്ടിട്ടുമുണ്ട്‌.

ഈ രണ്ട്‌ വൈരുധ്യങ്ങള്‍ക്കിടയില്‍ കേരളീയന്റെ വിശപ്പ്‌ ഞെരിഞ്ഞമരുന്നത്‌ തിരിച്ചറിഞ്ഞ്‌ നെല്‍വയലുകള്‍ സംരക്ഷിക്കാനും പാടശേഖരങ്ങളില്‍നിന്ന്‌ ഇഷ്ടിക-ഭൂമി മാഫിയകളെ ഉച്ചാടനം ചെയ്യാനും അവിടെ നെല്‍കൃഷി നടത്താനും കര്‍ഷകര്‍ തയ്യാറായി മുന്നോട്ടുവരുന്നത്‌ ശുഭോദര്‍ക്കമായ പരിണാമമാണ്‌. മൂരിയാടും എരയാംകുടിയും ഈ മുന്നേറ്റത്തിന്റെ പതാകവാഹകരായി നില്‍ക്കുന്നു. മൂരിയാട്‌ കൃഷിഭൂമി തിരികെ കിട്ടാന്‍ കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും നടത്തിയ പോരാട്ടം അവിസ്മരണീയമാണ്‌. ഇതിനെ തകര്‍ക്കാന്‍ ഭൂമി മാഫിയയും പോലീസും നടത്തിയ ഹീനമായ നീക്കങ്ങള്‍ നാം കണ്ടതുമാണ്‌. എന്നാല്‍ നട്ടെല്ലുറപ്പോടെ ഇച്ഛാശക്തിയോടെ മൂരിയാട്ടെ കര്‍ഷകര്‍ സംഘടിതരായി നിന്നപ്പോള്‍ മാഫിയ സംഘങ്ങള്‍ക്ക്‌ മുട്ടുമടക്കേണ്ടിവന്നു.

ഇതേ സ്ഥൈര്യത്തോടെയാണ്‌ എരയാംകുടി പാടശേഖരത്തില്‍ ഇഷ്ടിക വ്യവസായികള്‍ തരിശിട്ടിരിക്കുന്ന കൃഷിഭൂമി പിടിച്ചെടുത്ത്‌ വിത്തിറക്കുവാന്‍ ജനകീയ സമരസമിതി ശ്രമിച്ചത്‌. നാടിനും നാട്ടാര്‍ക്കും ഏറെ പ്രയോജനപ്രദമായ ഈ നീക്കത്തെ പക്ഷെ പോലീസ്‌ അവരില്‍ നിക്ഷിപ്തമായ അധികാരത്തിന്റെ ബലത്തില്‍ തടയുകയാണുണ്ടായത്‌.

എറണാകുളം ജില്ലയിലും തൃശൂര്‍ ജില്ലയിലുമായിട്ടാണ്‌ എരയാംകുടിയിലെ 700ഓളം ഏക്കര്‍ വരുന്ന പാടശേഖരം പരന്നുകിടക്കുന്നത്‌. മൂന്ന്‌ പുഞ്ചകൃഷി ചെയ്തിരുന്ന ഈ പാടശേഖരം ഇന്ന്‌ ഇഷ്ടിക മാഫിയയുടെ കൈകളിലാണ്‌. പാടശേഖരത്ത്‌ നടക്കുന്ന മണ്ണെടുപ്പും ഇഷ്ടിക നിര്‍മാണവും ഈ പ്രദേശത്തിന്റെ പരിസ്ഥിതിയാകെ അട്ടിമറിച്ചു. ഇപ്പോള്‍ പതിനാറ്‌ ഇഷ്ടിക ചൂളകളാണ്‌ ഇവിടെ പ്രവര്‍ത്തിക്കുന്നത്‌. കളിമണ്ണ്‌, ചുവന്നമണ്ണ്‌, പാറപ്പൊടി, ഗന്ധകം, ഉമിക്കരി എന്നിവയാണ്‌ ഇവിടെ ഇഷ്ടിക നിര്‍മാണത്തിന്‌ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍. ഇവയുണ്ടാക്കിയ പരിസ്ഥിതി മലിനീകരണം മൂലം കിണറുകളിലെ ജലം പോലും ഉപയോഗിക്കാന്‍ പറ്റാത്തവിധം മലിനമായിക്കഴിഞ്ഞു. കരിപ്പൊടിയും ഗന്ധകപ്പൊടിയും നിറഞ്ഞ വായുവും ശ്വസിക്കാന്‍ കൊള്ളാത്തവിധം മലിനമായി. 3500 ഓളം വരുന്ന ഈ പ്രദേശവാസികള്‍ അവരുടേതല്ലാത്ത കുറ്റംകൊണ്ട്‌ ഇങ്ങനെ നിത്യരോഗികളായി മാറ്റപ്പെട്ടു എന്നുമാത്രമല്ല, പാടശേഖരത്ത്‌ നെല്‍കൃഷിയിറക്കാന്‍ കഴിയാത്തവിധം ഇഷ്ടിക മാഫിയയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ ഇരയാവുകയും ചെയ്തു.

ഇതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍, നെല്‍കൃഷിയല്ലാതെ എരയാംകുടി പാടശേഖരത്ത്‌ മറ്റൊന്നും പാടില്ലെന്ന്‌ 1998ല്‍ ഹൈക്കോടതി ഉത്തരവിട്ടതാണ്‌. ഈ ഉത്തരവ്‌ കാറ്റില്‍ പറത്തിയാണ്‌ എരയാംകുടിയില്‍ ഇഷ്ടിക മാഫിയ കൊടിപാറിച്ച്‌ വാഴുന്നത്‌. ഇതിനെതിരെ ജനകീയ സമര സമിതി നല്‍കിയ കേസില്‍ ഇതുവരെ തീര്‍പ്പുകല്‍പ്പിച്ചിട്ടുമില്ല. ഇതേത്തുടര്‍ന്ന്‌ 2007 നവംബര്‍ 29ന്‌ പുതിയ ജനകീയ സമരം ആരംഭിക്കുകയും ചെയ്തു. ഉടമസ്ഥരെക്കൊണ്ട്‌ പാടശേഖരങ്ങളില്‍ കൃഷി ഇറക്കിക്കുക, അല്ലെങ്കില്‍ കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്‌ പാടശേഖരം വിട്ടുകൊടുക്കുക എന്നതാണ്‌ ജനകീയ സമര സമിതിയുടെ ആവശ്യം. ലളിതവും ജനോപകാരപ്രദവുമായ ഈ നിലപാടിനെ പിന്തുണക്കാനോ എരയാംകുടി നിവാസികള്‍ക്ക്‌ ഭീഷണിയായ ഇഷ്ടിക മാഫിയയെ അവിടെ നിന്ന്‌ തുരത്താനോ ഇടതുപക്ഷ സര്‍ക്കാരിനുപോലും മനസില്ലെന്നാണ്‌ ഇതുവരെയുള്ള അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്‌. അതേസമയം ഹൈക്കോടതി വിധി നഗ്നമായി ലംഘിച്ച്‌ പ്രദേശവാസികളുടെ ആരോഗ്യത്തെയും പാടശേഖരത്തെയും ക്രൂരമായി ചൂഷണം ചെയ്യുന്ന ഇഷ്ടിക മാഫിയയ്ക്ക്‌ എല്ലാവിധ സംരക്ഷണവും സര്‍ക്കാര്‍ നല്‍കുന്നുമുണ്ട്‌. അതുകൊണ്ടായിരുന്നല്ലോ ഇന്നലെ പാടശേഖരത്ത്‌ വിത്ത്‌ വിതക്കാനെത്തിയ ജനകീയ സമരസമിതി പ്രവര്‍ത്തകരെ പോലീസ്‌ തടഞ്ഞത്‌.

ജനകീയ സമര സമിതി ഉയര്‍ത്തുന്ന പ്രശ്നം എരയാംകുടിയുടേതു മാത്രമല്ല, മറിച്ച്‌ കേരളത്തില്‍ ആകമാനമുണ്ടായിട്ടുള്ള കൃഷിത്തകര്‍ച്ചയെ കുറിച്ചുള്ളതാണ്‌. പുരോഗതിയുടെയും വികസനത്തിന്റെയും സ്മാര്‍ട്ട്‌ സിറ്റികളും ഹൈടെക്‌ വീഥികളും സൃഷ്ടിക്കുമ്പോഴും വിശപ്പ്‌ ഒരു മാറ്റവുമില്ലാതെ തുടരുകയാണ്‌. ഈ വിശപ്പ്‌ ശമിപ്പിക്കാന്‍ അരി ഉള്‍പ്പെടെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലഭിച്ചേ തീരൂ. അല്ലെങ്കില്‍ വിശപ്പില്ലാത്തവരായി, ഭക്ഷണമില്ലാതെ ജീവിക്കുന്നവരായി കേരളീയര്‍ മാറണം. അതിനുള്ള സാധ്യത തുലോം വിരളമായിരിക്കെ കൃഷിഭൂമി വീണ്ടെടുത്ത്‌ നെല്‍കൃഷി അടക്കമുള്ളവ ആരംഭിക്കേണ്ടതുണ്ട്‌. ആ വലിയ സത്യത്തിലേക്കാണ്‌ എരയാംകുടി വിരല്‍ ചൂണ്ടുന്നത്‌.

'തൊഴിലറപ്പ്‌' പദ്ധതി അഥവാ വല്യവല്യ സൊപ്പനങ്ങള്‍!

മെയ്യനങ്ങി തൊഴിലെടുക്കണമെങ്കില്‍ മലയാളി ഗള്‍ഫില്‍ ചെല്ലണമെന്നാണിപ്പോള്‍ സ്ഥിതി.

കേരളത്തില്‍ നിര്‍മാണമേഖലയിലും കാര്‍ഷിക മേഖലയിലും തുടങ്ങി വിയര്‍പ്പൊഴുക്കി പണിയെടുക്കേണ്ടിവരുന്ന സകല മേഖലകളിലും തൊഴിലാളികളെ കിട്ടാനില്ല.

കാക്കത്തൊള്ളായിരം ഇന്‍ഷുറന്‍സ്‌ കമ്പനികളും മൊബെയില്‍ കമ്പനികളും മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്‌ കമ്പനികളും പത്താംക്ലാസ്‌ തോറ്റ കൊച്ചുകുമാരനെ വരെ ടൈ കെട്ടിച്ച്‌ ഫീല്‍ഡ്‌ 'ആപ്പീസറാക്കാന്‍' കച്ചകെട്ടിയിറങ്ങിയിരിക്കെ വെയിലത്ത്‌ പണിയെടുക്കാന്‍ ആര്‍ക്കുണ്ട്‌ നേരം?

അതുകൊണ്ടാണ്‌ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികള്‍ ഇവിടെ വന്നു നിറയുന്നത്‌.

ആ നേരത്താണ്‌ കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ്‌ പദ്ധതിയെന്ന ഉഡായിപ്പുമായി വന്നിരിക്കുന്നത്‌. വര്‍ഷത്തില്‍ നൂറു ദിവസത്തേക്കാണ്‌ ഈ ഉറപ്പ്‌ നല്‍കുന്നത്‌.

ഒരുദിവസത്തെ കൂലി നൂറ്റിയിരുപത്തിയഞ്ച്‌ രൂപ!

റിയാലിറ്റി ഷോകളിലേക്ക്‌ എസ്സെമ്മസ്‌ അയക്കാന്‍ തികയില്ല, ഈ പെരുത്ത ശമ്പളം!

ആസൂത്രകന്മാര്‍ക്കൊരു വിവരവുമില്ല. കേരളത്തില്‍ കാക്കയാട്ടാന്‍ നിന്നാല്‍ പോലും വൈകുന്നേരമാകുമ്പോള്‍ പത്തിരുന്നൂറ്റമ്പതു രൂപ കിട്ടുന്ന സ്ഥിതിയുണ്ട്‌. പറവൂരില്‍ വാട്ടര്‍ കണക്ഷന്‌ വെറുതേ ക്യൂ നിന്നാല്‍ കിട്ടും ഡെയ്‌ലി 300 രൂപ. അന്നേരമാണ്‌ നൂറ്റിരുപത്തിയഞ്ചു രൂപയുടെ കേന്ദ്രസര്‍ക്കാര്‍ ജോലി കൊണ്ടുവന്നിരിക്കുന്നത്‌!

മലയാളികള്‍ക്കിപ്പോള്‍ തൊഴിലെടുക്കാന്‍ അറപ്പാണ്‌. അതിനാലാണ്‌ തൊഴിലറപ്പ്‌ എന്നു പറയുന്നത്‌.

തൊഴിലിനോട്‌ അറപ്പുണ്ടാക്കിയത്‌ സര്‍ക്കാരുകള്‍ തന്നെയാണ്‌. രാഷ്ട്രപതിയായിരുന്ന അബ്ദുള്‍കലാം മുതല്‍ പഞ്ചായത്ത്‌ മെമ്പര്‍ കുഞ്ഞിരാമന്‍ ചേട്ടന്‍ വരെ മൈക്കുകൈയില്‍ കിട്ടിയാല്‍ 'വല്യവല്യ സൊപ്പനങ്ങള്‍ കാണണമെന്നാണ്‌ പുതു തലമുറയെ ഉപദേശിക്കുന്നത്‌!

വല്യവല്യ സൊപ്പനങ്ങള്‍ കണ്ടുവളര്‍ന്ന പിള്ളേര്‍ എങ്ങിനെയാണ്‌ കുട്ടയും മണ്‍വെട്ടിയും കയ്യിലെടുക്കുന്നത്‌.

നൂറ്റിയിരുപത്തഞ്ചുരൂപ കൊണ്ട്‌ വല്യവല്യ സൊപ്പനങ്ങള്‍ പോയിട്ട്‌ വിനീത്‌ ശ്രീനിവാസന്റെ സൈക്കിള്‍ ചവിട്ട്‌ കാണാന്‍ പോലും തികയുമോ?

സൊപ്പനങ്ങള്‍ സാക്ഷാത്കരിക്കാന്‍ കക്കാന്‍ തന്നെ പോണം. കക്കാന്‍ പോകാന്‍ മുതല്‍മുടക്ക്‌ യാതൊന്നുമില്ല. വിദ്യഭ്യാസ യോഗ്യത വേണ്ട, സൗന്ദര്യം വേണ്ട. അഞ്ചുപൈസ കൊടുക്കാതെയും ഒരു മോട്ടോര്‍ ബൈക്ക്‌ ലോണായി കിട്ടും. ഒരു ഹെല്‍മറ്റ്‌ സംഘടിപ്പിച്ചാല്‍ ഇടവഴികളിലൂടെ ചീറിപ്പാഞ്ഞ്‌ ചേച്ചിമാരുടെ മാലപൊട്ടിക്കാം!

ഒരു പവന്റെ മാലപൊട്ടിച്ചാല്‍ മിനിമം പതിനായിരം രൂപ കയ്യിലിരിക്കും!

ചേച്ചിമാര്‍ വല്യവല്യ സൊപ്പനങ്ങള്‍ കണ്ടുകണ്ട്‌ കഴുത്തില്‍ പത്തമ്പതു പവന്‍ വരെ ധരിച്ച്‌ സ്വപ്നലോകത്തിലാണ്‌ നടപ്പ്‌!

ഒത്താല്‍ ഒറ്റയടിക്ക്‌ ഒരു കോടിവരെ ചുള്ളന്മാര്‍ക്ക്‌ കിട്ടിയെന്നും വരും!

കേരളത്തിലെ ഒട്ടുമിക്ക പഞ്ചായത്തിലും ഒറ്റൊരാള്‍ പോലും കേന്ദ്രസര്‍ക്കാരിന്റെ തൊഴിലുറപ്പ്‌ പദ്ധതിയില്‍ പേരു നല്‍കാത്തതിന്റെ ഗുട്ടന്‍സ്‌ പുടികിട്ടിയോ?

Friday, February 22, 2008

കോഴിയെക്കൂടി കിട്ടാതായാല്‍ ഭഗവാനെ, സി ദിവാകരാ...

പതിവായുള്ള ചിട്ട ആഹാരത്തോടൊപ്പം മുട്ട എന്നത്‌ കേന്ദ്രമുട്ടവികസന കോര്‍പ്പറേഷന്റെ പരസ്യവാചകമായിരുന്നു. അക്കാലത്ത്‌ ആരും മുട്ട കാശുകൊടുത്ത്‌ വാങ്ങിക്കഴിച്ചിരുന്നില്ല. വീടിന്റെ പിന്നാമ്പുറത്തെ മരക്കൊമ്പില്‍ ഒരഞ്ചാറ്‌ കോഴികളെങ്കിലും പാര്‍ത്തിരുന്ന കാലമായിരുന്നു അത്‌. മുട്ട പുഴുങ്ങിത്തിന്നാന്‍ പാങ്ങില്ലാത്ത ദരിദ്രന്മാര്‍ മുട്ടവിറ്റ്‌ മരച്ചീനി വാങ്ങിത്തിന്നും ജീവിച്ചിരുന്നു.

പൊടുന്നനെ കൊച്ചുകേരളം ഗള്‍ഫില്‍പോയി പുരോഗമിച്ചതോടെ എന്തുതിന്നിട്ടും പോരാതെവന്ന മനുഷ്യന്മാര്‍ തന്നെപ്പിടിച്ച്‌ തിന്നുകളയുമോ എന്ന ലക്ഷണം കണ്ടപ്പോഴാണ്‌ ദൈവംതമ്പുരാന്‍ ഇറച്ചിക്കോഴികളെ സൃഷ്ടിച്ചത്‌. ഈ സംഭവം നടന്നിട്ട്‌ കൂടിയാല്‍ പത്തുമുപ്പത്‌ കൊല്ലമേ ആയിട്ടുള്ളൂ.

മുട്ടയിടാന്‍ മാത്രം സൃഷ്ടിക്കപ്പെട്ട പല വര്‍ണ്ണക്കാരും സ്വഭാവക്കാരുമായ നാടന്‍കോഴികള്‍ അങ്ങനെ ഔട്ട്‌ ഓഫ്‌ ഫാഷന്‍ ആകുകയും കൊന്നുതിന്നാന്‍ മാത്രമായി സൃഷ്ടിക്കപ്പെട്ട ഒരേനിറക്കാരും ഒരേ സ്വഭാവക്കാരുമായ ബ്രോയിലര്‍ ബലിക്കോഴികള്‍ ഫാഷനാവുകയും ചെയ്തതിനെയാണ്‌ നവോത്ഥാന കാലമെന്ന്‌ പറയുന്നത്‌!

കോഴിയിറച്ചി മാത്രം മൂന്ന്നേരം തിന്നുതിന്ന്‌ ആണ്‍പിള്ളേര്‍ക്ക്‌ മുല വളരുകയും പെണ്‍പിള്ളേരുടെ സകലപരിധികളും ലംഘിക്കുകയും ചെയ്യുന്നതിനെയാണിപ്പോള്‍ ഉത്തരാധുനിക കാലം എന്ന്‌ പറയുന്നത്‌.

കോഴിപുരാണത്തിന്റെ ഭൂതകകാലം, വര്‍ത്തമാനകാലം, എന്നിവയുടെ സംക്ഷിപ്ത വിവരണമാണ്‌ മേല്‍ കാണുന്നത്‌.

കോഴിപുരാണത്തിന്റെ ഭാവികാലം കഷ്ടകാലമാണ്‌. പക്ഷിപ്പനിയാണ്‌ ഈ കഷ്ടകാലത്തിന്‌ പിന്നിലെന്ന്‌ കരുതരുത്‌. ഇപ്പോള്‍ കേരളം കഴിച്ചുകൊണ്ടിരിക്കുന്നത്‌ തമിഴ്മാത്രം സംസാരിക്കുന്ന ഇറച്ചിക്കോഴികളെയാകുന്നു. കേരളത്തിലെ കാലാവസ്ഥയില്‍ നെല്ല്‌ പച്ചക്കറി തുടങ്ങിയ ഒരുമാതിരി തീസാധനങ്ങളൊന്നും വേരുപിടിക്കാത്തതുപോലെ കോഴിവളര്‍ത്തലും ക്ലച്ച്പിടിക്കാത്തതിനാലാണ്‌ തമിഴ്കോഴിസംഘം ചാവേറായി കേരളത്തിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നത്‌. തമിഴ്‌നാട്ടിലെ കോഴിഫാമുകളില്‍നിന്നും അതിര്‍ത്തിയിലെ നടപ്പുണി ചെക്ക്പോസ്റ്റ്‌ വഴി പ്രതിദിനം 200 ലോറി നിറയെ ഇറച്ചിക്കോഴികളാണ്‌ എത്തിക്കൊണ്ടിരുന്നത്‌. രണ്ടുദിവസമായി കോഴി ഒരെണ്ണം പോലും ഈ വഴി വരുന്നില്ല. പ്രവേശനനികുതി കുറയ്ക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ കോഴികള്‍ ഇങ്ങോട്ട്‌ വരാതായത്‌. പ്രവേശനനികുതി പ്രശ്നം എം എ ബേബിമാഷ്‌ വന്നതിനുശേഷമുള്ള പ്രവേശനപരീക്ഷ പോലെ അതിസങ്കീര്‍ണ്ണമായിരിക്കുകയാണ്‌. കേരളസര്‍ക്കാര്‍ കോഴിക്കുമേല്‍ 12.5 ശതമാനം നികുതി ഏര്‍പ്പെടുത്തിയതിനാലാണ്‌ കോഴിവില കൂടിയതെന്നും അല്ലെങ്കില്‍ വെറുതെ തരാന്‍ പറ്റിയേനെ എന്നുമാണ്‌ കോഴി അസോസിയേഷന്‍ പത്രപരസ്യം നല്‍കിയിരിക്കുന്നത്‌. കോഴിയെക്കൂടി തിന്നാന്‍ കിട്ടാതായാല്‍ ഭഗവാനെ, സി ദിവാകരാ, ഞങ്ങള്‍ എന്തുകഴിക്കും?

ഭാവി ഭൂതം കൊണ്ടുപോകാതിരിക്കുമോ?

വേണോ ഇത്തരം ദൈവങ്ങളും വിശ്വാസങ്ങളും?

ദൈവത്തിനെന്തിന്‌ പാറാവ്‌ എന്ന്‌ നര്‍മ്മബോധത്തോടെ ഒരിക്കല്‍ ഇ കെ നായനാര്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിനുനേരെ കുരച്ച്‌ ചാടിയ വേട്ടപ്പട്ടികളെ നാം കണ്ടതാണ്‌. ആ പട്ടികളില്‍ ആരൊക്കെയാണ്‌ യഥാര്‍ത്ഥത്തില്‍ അമ്പലം വിഴുങ്ങികളെന്ന്‌ ദേവപ്രശ്നം നടത്താതെതന്നെ വിശ്വാസികളല്ലാത്തവര്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയുന്നതാണ്‌ കലികാലവൈഭവം. എന്നാല്‍ ഈശ്വരവിശ്വാസമെന്ന മായയാല്‍ കണ്ണുകെട്ടപ്പെട്ട ലക്ഷോപലക്ഷങ്ങള്‍ക്ക്‌ ഈ സത്യം തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ്‌ കലികാല വൈചിത്ര്യം!

എവിടെയെല്ലാം ക്ഷേത്രങ്ങളും പൂജാവിഗ്രഹങ്ങളും ഉണ്ടോ അവിടെയെല്ലാം മോഷ്ടാക്കള്‍ക്ക്‌ പുറമേ അമ്പലം വിഴുങ്ങികളും തഴച്ചുവളരുന്നു. കേരളത്തിലെ മഹാക്ഷേത്രങ്ങളായ ഗുരുവായൂര്‍, ചോറ്റാനിക്കര, ഹരിപ്പാട്‌ തുടങ്ങി തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വരെ ഈ കള്ളക്കൂട്ടങ്ങള്‍ ദേവസ്വം അംഗങ്ങളെന്ന പേരില്‍ ഇന്നും ദേവനെ വിഴുങ്ങി കാലയാപനം നടത്തുന്നുണ്ട്‌. പക്ഷെ ഈ കള്ളന്മാരെ പിടിക്കാന്‍ ഈശ്വരനുപോലും കെല്‍പ്പില്ലാതെ പോകുന്നിടത്താണ്‌ വിശ്വാസത്തിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുന്നത്‌. പറയുമ്പോള്‍ ആരും മുഖംചുളിച്ചിട്ട്‌ കാര്യമില്ല. സ്വന്തം ആരൂഢം പൊളിച്ചുവില്‍ക്കുന്ന അമ്പലംവിഴുങ്ങികളെ പുറത്തുകൊണ്ടുവരുവാനോ വിശ്വാസികള്‍ക്ക്‌ ചൂണ്ടികാണിച്ചുകൊടുക്കാനോ നിലവിലിരിക്കുന്ന നിയമങ്ങളനുസരിച്ച്‌ മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാനോ കഴിയില്ലെങ്കില്‍ ദേവന്മാരും ദേവികളുമടങ്ങുന്ന ഈ 'ഈശ്വരവൃന്ദ'ത്തിന്റെ പ്രസക്തി എന്താണ്‌? വിശ്വാസികളെ വഞ്ചിക്കാനും അമ്പലം വിഴുങ്ങികളെ സംരക്ഷിക്കാനും ഇത്തരം ഈശ്വരന്മാര്‍ ഇനി നമുക്ക്‌ വേണമോ എന്ന്‌ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഒന്നര ദശാബ്ദം മുമ്പ്‌ കേരളത്തെ പിടിച്ചുലച്ചതാണ്‌ ഗുരുവായൂരപ്പന്റെ തിരുവാഭരണം മോഷണം പോയ സംഭവം. ഇതേത്തുടര്‍ന്ന്‌ ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ ജ്യോതിഷി കൈമുക്ക്‌ പരമേശ്വരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഷ്ടമംഗലപ്രശ്നം നടന്നു. തിരുവാഭരണം നഷ്ടപ്പെട്ടത്‌ പ്രശ്ന വിചാരണത്തിലെ വിഷയമായി.

തിരുവാഭരണം മോഷ്ടിച്ചത്‌ ക്ഷേത്രവുമായി ബന്ധമുള്ള വ്യക്തി തന്നെയാണെന്ന്‌ ദൈവജ്ഞന്‍ വെളിപ്പെടുത്തി. ആളുടെ പേരുപറയണോ എന്ന ചോദ്യത്തിന്‌ ഭരണകര്‍ത്താക്കളില്‍നിന്ന്‌ ഒരേ സ്വരത്തില്‍ വേണ്ട എന്ന ആവശ്യമാണ്‌ ഉയര്‍ന്നത്‌. അന്ന്‌ ആ കള്ളന്റെ പേരു പറഞ്ഞില്ലെങ്കിലും ലക്ഷണം കൈമുക്ക്‌ വെളിപ്പെടുത്തി. മാത്രമല്ല ഭഗവാന്‍ അയാളെ ശിക്ഷിച്ചുവെന്നും ഇപ്പോള്‍ ഒരുകാല്‍ മുറിച്ചുമാറ്റിയ അവസ്ഥയിലാണെന്നും കൂട്ടിചേര്‍ത്തു. ആ പെരുങ്കള്ളനെ ഭഗവാന്‍ ശിക്ഷിച്ചു എന്ന ആശ്വാസത്തിലാണ്‌ ഇന്നും ഗുരുവായൂരപ്പന്റെ ഭക്തജനങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും എന്നാല്‍ ആരാണ്‌ പ്രതിയെന്നോ എവിടെയാണ്‌ ആ മാന്യന്‍ കഴിയുന്നതെന്നോ ദൈവത്തിന്‌ മാത്രമേ അറിയൂ.

ഇത്തരം ഭഗവദ്‌ ശിക്ഷകളൊന്നും അമ്പലംവിഴുങ്ങികളെ അവരുടെ സഹജമായ വെട്ടിപ്പ്‌ പരിപാടിയില്‍നിന്ന്‌ പിന്തിരിപ്പിച്ചിട്ടില്ല എന്നതാണ്‌ തൃപ്പൂണിത്തുറയിലെ പുതിയ മോഷണം വ്യക്തമാക്കുന്നത്‌. എട്ടുമാസം മുമ്പ്‌ ഭഗവാന്റെ സ്വര്‍ണ്ണകിരീടത്തില്‍നിന്നും നവരത്ന കല്ലുകള്‍ സഹിതം എട്ട്‌ പവനോളം 'അപ്രത്യക്ഷ'മായിരുന്നു. അതേത്തുടര്‍ന്ന്‌ നാടിളക്കി കാടിളക്കി അന്വേഷണം പൊടിപൊടിച്ചെങ്കിലും നഷ്ടം സംഭവിച്ചു എന്ന്‌ തീര്‍ച്ചപ്പെടുത്താന്‍ മാത്രമെ ആ കോലാഹലം ഉപകരിച്ചുള്ളൂ. അതിന്‌ രണ്ടുവര്‍ഷം മുമ്പാണ്‌ ലക്ഷങ്ങള്‍ വിലമതിക്കുന്ന രണ്ട്‌ സ്വര്‍ണ്ണകോലങ്ങള്‍ അപ്പാടെ ക്ഷേത്രത്തില്‍ നിന്ന്‌ 'അപ്രത്യക്ഷ'മായത്‌. അന്വേഷണം മുഴുകിയപ്പോള്‍ ഭഗവാന്റെ ലീലാവിലാസത്തിനു പകരം കള്ളന്റെ ലീലാവിലാസമാണ്‌ ഭക്തജനങ്ങള്‍ കണ്ടത്‌- സ്വര്‍ണ്ണകോലങ്ങളിലൊന്ന്‌ ആലിന്‍കൊമ്പത്ത്‌ ഊഞ്ഞാലാടുന്നു.

ചോറ്റാനിക്കര ദേവിക്ക്‌ സ്വര്‍ണ്ണകോലമുണ്ടാക്കാന്‍ ഒരു ഭക്തന്‍ മൂന്ന്‌ വര്‍ഷംമുമ്പ്‌ അധികൃതരെ ഏല്‍പ്പിച്ച 80,000 രൂപ എതിലേ പോയി എന്ന്‌ സര്‍വ്വസംഹാരിണിയായ ദേവിക്കുപോലും ഇന്നും പിടയില്ല.

തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ആറുമാസം മുമ്പ്‌ നടന്ന പരിശോധനയില്‍ എട്ട്‌ കിലോ സ്വര്‍ണ്ണത്തിന്റെ കുറവാണ്‌ കണ്ടെത്തിയത്‌. വടക്കുംനാഥനും ഇക്കാര്യത്തില്‍ കള്ളനെക്കുറിച്ച്‌ ഒരു ഊഹവുമില്ല.

മാളയിലെ ഒരു ക്ഷേത്രത്തില്‍ ഭഗവാന്റെ ഗോളകയും തിരുവാഭരണവും കൗശലപൂര്‍വ്വം അടിച്ചുമാറ്റിയത്‌ പൂജാരിയാണ്‌. ഇത്‌ കണ്ടെത്തിയത്‌ ദേവനൊന്നുമല്ല, മിടുക്കരായ പോലീസുകാരാണ്‌.

ഈ കളിയാണ്‌ ഭഗവാന്മാരുടെയും ഭഗവതിമാരുടെയും പേരില്‍ ക്ഷേത്രങ്ങളില്‍ നടക്കുന്നത്‌. ഇതിനെ തോല്‍പ്പിക്കുന്ന വെട്ടിപ്പുകളാണ്‌ പള്ളികളിലും മോസ്കുകളിലും അനുസ്യൂതം അരങ്ങേറുന്നത്‌. ശിഷ്ടരെ സംരക്ഷിച്ച്‌ ദുഷ്ടരെ നിഗ്രഹിക്കുകയാണ്‌ ദൈവങ്ങളുടെ പ്രധാന ചുമതലയെന്ന്‌ വിശ്വസിക്കുന്ന പരസഹസ്രം വിശ്വാസികളെ വിഢികളാക്കാന്‍ ദൈവത്തിനു ദേവസ്വം അംഗങ്ങള്‍ക്കും പുരോഹിതര്‍ക്കും പള്ളികമ്മറ്റിക്കാര്‍ക്കും മൊല്ലാക്കമാര്‍ക്കും മഹല്ല്‌ കമ്മറ്റി അംഗങ്ങള്‍ക്കും ഒരു ഉളുക്കുമില്ല. അപ്പോള്‍ അവശേഷിക്കുന്ന ചോദ്യമിതാണ്‌ വേണോ ഇത്തരം ദൈവങ്ങളും ദൈവവിശ്വാസവും നമുക്ക്‌?

Thursday, February 21, 2008

കനകം മൂലം...

നമ്മള്‍ മനുഷ്യന്മാരുടെ സങ്കടങ്ങളൊന്നും വലിയ സങ്കടങ്ങളല്ല!

പെരുവഴിയേ നടന്നുപോവുമ്പോള്‍ ബൈക്കില്‍ ചീറിപ്പാഞ്ഞെത്തുന്ന ഹെല്‍മറ്റ്‌ തലയന്‍ നാണിയമ്മയുടെ ഒരു പവന്റെ താലിമാല കവര്‍ന്നുകൊണ്ടുപോകുമ്പോള്‍ നാണിയമ്മക്കുണ്ടാവുന്ന സങ്കടത്തിന്‌ പതിനായിരം രൂപ വിലവരും.

അന്നേരം നാണിയമ്മ കരുതും ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവതി താനാണെന്ന്‌. സത്യം പറഞ്ഞാല്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങളില്‍ വല്യ കഴമ്പില്ല. നാലുകെട്ടിന്റെ സുവര്‍ണജൂബിലി അടിച്ചുപൊളിച്ച്‌ ആഘോഷിച്ച എംടിയെ കണ്ടപ്പോള്‍ എംടി എന്തൊരു ഭാഗ്യവാന്‍ എന്നു തോന്നിയവരാണു നമ്മള്‍ മലയാളികള്‍.

എന്നാലിപ്പോള്‍ വെറും അഞ്ചു വോട്ടിന്‌ കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനം ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ടുപോയ എംടി എന്തൊരു നിര്‍ഭാഗ്യവാന്‍ എന്നും നമുക്കുതന്നെ തോന്നും.

കുറെനാളുകഴിഞ്ഞ്‌ ഇപ്പോള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുനില്‍ ഗംഗോപാധ്യായ എന്ന ബംഗാളി പ്രസിഡന്റ്‌ സ്ഥാനത്തിരുന്ന്‌ ചീഞ്ഞ തക്കാളിപോലെ നാറുന്നതും നമ്മള്‍ കാണും. അന്നേരം എംടി എന്തൊരു ഭാഗ്യവാന്‍ എന്നു തോന്നും.

ഒക്കെയും ഒരു തോന്നലാണ്‌.

ലക്ഷക്കണക്കിന്‌ ഭക്തജനങ്ങളുടെ അഭയവും ആശാകേന്ദ്രവുമായ ശ്രീപൂര്‍ണത്രയീശന്റെ സങ്കടം ആരറിയുന്നു.

പത്തും പതിനായിരവുമല്ല പത്തു ലക്ഷത്തില്‍പ്പരം രൂപയുടെ സങ്കടമാണ്‌ ഭഗവാനെ മഥിക്കുന്നുണ്ടാവുക. ഭഗവാനെ എഴുന്നുള്ളിക്കുന്ന സ്വര്‍ണക്കോലത്തില്‍നിന്നും ഒരു കിലോ 56 ഗ്രാം 374 മില്ലിഗ്രാം സ്വര്‍ണമാണ്‌ ചില ഭക്തന്മാര്‍ അടിച്ചുമാറ്റിയിരിക്കുന്നത്‌.

പകരം സ്വര്‍ണം മുക്കിയ മകുടം സ്ഥാപിച്ച്‌ ഭഗവാനെ പറ്റിക്കുകയും ചെയ്തു പഹയന്മാര്‍!

എന്തായാലും ഭഗവാന്‌ വളരെ വേണ്ടപ്പെട്ടവര്‍ എന്നു നമ്മള്‍ കരുതിയിരുന്ന ആരെങ്കിലുമാവും ഭഗവാന്റെ സ്വര്‍ണം അടിച്ചുമാറ്റിയതെന്ന്‌ കണ്ടുപിടിക്കാന്‍ ക്രൈംബ്രാഞ്ചുകാര്‍ വേണ്ട!

സ്വര്‍ണം പോയതിലും ഭഗവാനു സങ്കടം കൂടെ നിന്നവര്‍ പാരപണിത കാര്യമോര്‍ത്തു തന്നെയാവണം! ഭഗവാന്റെ നിര്‍ഭാഗ്യം എന്നു പറയാന്‍വരട്ടെ. ഒരു കാര്യത്തില്‍ ഭഗവാന്‍ ഭാഗ്യവാനാണ്‌. സ്വര്‍ണത്തിലാണ്‌ ഭഗവാന്റെ വിഗ്രഹം സ്ഥാപിച്ചിരുന്നതെങ്കില്‍ എന്തായിരുന്നേനെ സ്ഥിതി? ഇപ്പോള്‍ സ്വര്‍ണമകുടമല്ലേ അടിച്ചുമാറ്റിയുള്ളൂ. ഭഗവാനെതന്നെ അടിച്ചുമാറ്റാന്‍ വേണ്ടും ശക്തന്മാരല്ലോ ഭക്തന്മാര്‍!

നയമില്ലാത്ത സര്‍ക്കാരും നാണംകെട്ട പ്രഖ്യാപനവും

നിയസഭ സമ്മേളനത്തിന്‌ മുന്നോടിയായി നടക്കുന്ന ഔപചാരികമായ ഒരു ചടങ്ങാണ്‌ നയപ്രഖ്യാപനപ്രസംഗം. സര്‍ക്കാര്‍ നടപ്പു വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന നയങ്ങളുടെയും നടപടികളുടെയും സംക്ഷിപ്ത രൂപം ഗവര്‍ണ്ണറെക്കൊണ്ട്‌ നിയമസഭയില്‍ വായിപ്പിക്കുന്നതിനെയാണ്‌ നയപ്രഖ്യാപന പ്രസംഗം എന്ന്‌ പറയുന്നത്‌.

ഇത്‌ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളില്‍ ഒന്നാണ്‌. ഇതിന്റെ അടിസ്ഥാനത്തില്‍ നടപ്പു നിയഭസഭ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടത്തി വോട്ടിനിട്ടോ അല്ലാതെയോ നയപ്രഖ്യാപനത്തിന്‌ നിയമസഭ സാമാജികരുടെ അംഗീകാരം നേടി മുന്നോട്ടുപോകുന്നതും പതിവ്‌ പരിപാടി.

സര്‍ക്കാരിന്റെ സക്രിയവും ജനക്ഷേമപരവുമായ നിലപാടും അവ നടപ്പിലാക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളുടെ രൂപരേഖയുമാകേണ്ടതാണ്‌ ഈ നയപ്രഖ്യാപന പ്രസംഗം. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആവര്‍ത്തനവിരസവും ആത്മാര്‍ത്ഥതാരഹിതവുമായ ജഡിലപദങ്ങള്‍ കുത്തിനിറച്ച ഒരു വായനാചടങ്ങായി നയപ്രഖ്യാപന പ്രസംഗത്തെ അധപതിപ്പിച്ചെടുത്തു മാറിമാറി വന്ന സര്‍ക്കാരുകള്‍. ആര്‍ക്കോവേണ്ടി ഓക്കാനിക്കുക എന്ന്‌ പറയുന്ന ചടങ്ങ്‌ ഇത്ര കൃത്യമായി ഭംഗിയായി മറ്റാരും മറ്റൊരിടത്തും ചെയ്യാറില്ല. 101 ആവര്‍ത്തിച്ചാല്‍ ക്ഷീരബലയുടെ രോഗശമനശക്തി വര്‍ദ്ധിക്കുമെന്ന ആയുര്‍വേദ തത്വം കടമെടുത്തുകൊണ്ടാണ്‌ ഇപ്പോള്‍ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്‌. സര്‍ക്കാരിന്റെ നയമോ സാന്നിദ്ധ്യമോ ഈ പ്രസംഗത്തിലെ ഒരു വാക്യത്തില്‍ പോലും ഉണ്ടാകാന്‍ പാടില്ല എന്ന നിര്‍ബന്ധം പ്രസംഗം തയ്യാറാക്കുന്നവര്‍ക്കും പ്രസംഗം വായിക്കുന്ന അതാതുകാലത്തെ ഗവര്‍ണര്‍മാര്‍ക്കും ഉണ്ടെന്നുവേണം വിശ്വസിക്കാന്‍. വോട്ടുചെയ്ത്‌ ജയിപ്പിച്ച സമ്മതിദായകരെയും ജനപ്രതിനിധികളായ നിയമസഭ സാമാജികരെയും ഒറ്റയടിക്ക്‌ വിഢികളാക്കാന്‍ ഉതകുന്ന ഒറ്റമൂലിയാക്കി ഈ പ്രസംഗത്തെ മാറ്റിയെടുക്കാനും മിടുക്കന്മാരായ ബ്യൂറോക്രാറ്റുകള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

നയങ്ങളിലും നടപടികളിലും നിലപാടുകളിലും അവയുടെ വിവര്‍ത്തനങ്ങളിലും യുഡിഎഫില്‍ നിന്ന്‌ എന്നും വേറിട്ട പാത സ്വീകരിക്കുന്നവരാണ്‌ എല്‍ഡിഎഫ്‌ എന്ന ധാരണയെ തിരുത്തിക്കുറിച്ചുകൊണ്ടിരിക്കുകയായിരുന്നു കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ള നയപ്രഖ്യാപന പ്രസംഗങ്ങള്‍. ആ വഞ്ചനയുടെ ഏറ്റവും വികൃതമായ മുഖമാണ്‌ ഇന്നലെ ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്ടിയ, 12-ാ‍ം നിയമസഭയുടെ 7-ാ‍ം സമ്മേളനത്തിന്റെ മുന്നോടിയായി നിയമസഭ സാമാജികര്‍ക്കുമുന്നില്‍ അവതരിപ്പിച്ച പ്രസംഗം. നട്ടെല്ലില്ലാത്ത ഒരു സര്‍ക്കാരിന്റെ നയരഹിതമായ ഇടപെടലുകളാണ്‌ സാങ്കേതിക പദങ്ങള്‍ കുത്തിനിറച്ച്‌ ഇന്നലെ ഭാട്ടിയയെകൊണ്ട്‌ വായിപ്പിച്ചത്‌.

കേരളം നേരിടുന്നതും അതിശീഘ്രം നടപടികളുണ്ടാവേണ്ടതുമായ നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിട്ടും അവയെക്കുറിച്ച്‌ പരാമര്‍ശിക്കപോലും ചെയ്യാതെ ഒഴുക്കന്‍ മട്ടില്‍ കഴിഞ്ഞ വര്‍ഷത്തെ നയങ്ങളും വാഗ്ദാനങ്ങളും പുതിയ വാക്കുകളിലൂടെ അവതരിപ്പിക്കുക മാത്രമായിരുന്നു ഇന്നലെ ഭാട്ടിയ ചെയ്തത്‌. വിലക്കയറ്റം മുതല്‍ തൊഴിലില്ലായ്മ വരെയുള്ള നീറുന്ന ഒരായിരം പ്രശ്നങ്ങളുണ്ടായിട്ടും അവ കണ്ടില്ലെന്ന്‌ നടിക്കാനും നിയമസഭ സാമാജികരുടെ ശ്രദ്ധ ആ പ്രശ്നങ്ങളില്‍നിന്ന്‌ അകറ്റി വിലകുറഞ്ഞ തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കാന്‍ ഉതകുന്ന വിഷയങ്ങള്‍ കണ്ടെത്താനുമാണ്‌ ഇത്തവണ നയപ്രസംഗം തയ്യാറാക്കിയവര്‍ മനസുവച്ചത്‌. അത്‌ വിജയിക്കുകയും ചെയ്തു. എന്നുമാത്രമല്ല അതീവ രഹസ്യമായിരിക്കേണ്ട നയപ്രഖ്യാപനത്തിലെ വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തികൊടുക്കുകയും ചെയ്ത്‌ പുതിയൊരു വിവാദത്തിനും ബഹളത്തിനും കളമൊരുക്കി യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്ന്‌ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയും താല്‍പ്പര്യവും തിരിച്ചുവിടുന്നതിലും ബന്ധപ്പെട്ടവര്‍ വിജയിച്ചിട്ടുണ്ട്‌.

യുഡിഎഫ്‌ ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ അവര്‍ക്കെതിരെ കഠിനമായി പ്രയോഗിച്ച ആയുധങ്ങളില്‍ ചിലതായിരുന്നു യുവാക്കളുടെ തൊഴിലില്ലായ്മയും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും പരമ്പരാഗത മേഖലയോട്‌ പുലര്‍ത്തിയിരുന്ന അവഗണനയും.

ഇടതുപക്ഷം അധികാരത്തിലേറിയപ്പോള്‍ ഏറ്റവും കുറഞ്ഞത്‌ ഈ പ്രശ്നങ്ങളിലെങ്കിലും ജനായത്തവും ജനക്ഷേമകരവുമായ ഇടപെടലുകളും നടപടികളും ഉണ്ടാകുമെന്നായിരുന്നു, രാഷ്ട്രീയമായി ഇടതുപക്ഷത്തെ എതിര്‍ക്കുന്നവര്‍ പോലും വിശ്വസിച്ചിരുന്നത്‌. എന്നാല്‍ വോട്ടുചെയ്ത പാര്‍ട്ടി അണികളെയും വിട്ടുനിന്ന രാഷ്ട്രീയ എതിരാളികളെയും ഒരേപോലെ കുപ്പിയിലിറക്കുന്ന നയമാണ്‌ അച്യുതാനന്ദന്റെ നേതൃത്വത്തില്‍, പിണറായി വിജയന്റെ മേല്‍നോട്ടത്തില്‍ ഇടതുപക്ഷം സ്വീകരിച്ചത്‌. അതിന്റെ ജീര്‍ണ്ണതയും അതുമൂലമുള്ള അസ്വസ്ഥതകളും പൊതുജീവിതത്തെ അസഹ്യമാക്കിക്കൊണ്ടിരിക്കെ ഒരിക്കല്‍കൂടി വഞ്ചനയുടെ കോമളപദങ്ങളുമായി ഒരു നയപ്രഖ്യാപനം ഇന്നലെ നടത്തിയിരിക്കുകയാണ്‌. നട്ടെല്ലില്ലായ്മയും രാഷ്ട്രീയ ഇച്ഛാശക്തിക്കുറവും ഇത്തരം വയാഗ്രകള്‍കൊണ്ടോ മുസ്ലിപ്പവറുകള്‍ കൊണ്ടോ പരിഹരിക്കാന്‍ കഴിയുകയില്ലെന്ന്‌ കേരളത്തിലെ ജനങ്ങള്‍ക്കറിയാം. എന്നിട്ടും വെറുതെ കിതക്കാന്‍ ഒരു ആവരണവും ഒരു ഗുളികയുമായി എന്തിനിങ്ങനെ പ്രഖ്യാപനങ്ങള്‍ നടത്തി നാണം കെടുന്നു എന്ന്‌ അച്യുതാനന്ദനെങ്കിലും ചിന്തിക്കേണ്ടതായിരുന്നു.

Wednesday, February 20, 2008

ഹര്‍ത്താല്‍ദിന പ്രത്യേക പരിപാടികള്‍ sponsored by...

സംഭവിച്ചതെല്ലാം നല്ലതിന്‌. സംഭവിക്കാനിരിക്കുന്നതും നല്ലതിന്‌. പിന്നെന്തിന്‌ ഹര്‍ത്താലിനെതിരെ ജനവികാരം ഉയര്‍ന്നുവരണം?
തിരക്കുപിടിച്ചതും ആക്രാന്തം നിറഞ്ഞതുമായ പുതിയ ജീവിതശൈലി മലയാളിക്ക്‌ സമ്മാനിച്ച മാനസിക സംഘര്‍ഷങ്ങള്‍ക്ക്‌ ഒരിടവേളയാകുന്നു ഹര്‍ത്താല്‍!

ആറുനാള്‍ ജോലിയെടുക്കുകയും ഏഴാം നാള്‍ വിശ്രമിക്കുകയും ചെയ്യണമെന്ന യഹോവയുടെ കല്‍പ്പനയുടെ ഭാഗമായാണ്‌ സണ്‍ഡേ ഹോളിഡേയാക്കിയത്‌.

കല്യാണങ്ങള്‍, പുരതാമസം തുടങ്ങി നൂറുനൂറ്‌ ആഘോഷങ്ങള്‍, നെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിംഗുകാരുടെ ആവേശദായക യോഗങ്ങള്‍ തുടങ്ങി അറുബോറന്‍ സാംസ്ക്കാരിക സമ്മേളനങ്ങള്‍ വരെയുള്ള നൂറുകൂട്ടം പരിപാടികള്‍ ഒക്കെയും സണ്‍ഡേ സാധാരണ ഡേയേക്കാളും തിരക്കേറിയതാക്കിയിരിക്കുന്നു നമ്മുടെ നാട്ടില്‍.

ഇനിയിപ്പോള്‍ എല്ലാവരെയും വിശ്രമിപ്പിക്കാന്‍ ഹര്‍ത്താലല്ലാതെ വേറെന്തു വഴിയുണ്ട്‌?

ഇന്നലത്തെ ഹര്‍ത്താല്‍ തന്നെയെടുക്കുക. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ചാണ്ടിയും കൂട്ടരും മുതല്‍ ഹര്‍ത്താലിനെ എതിര്‍ത്ത മുഖ്യനും കൂട്ടരും വരെ സ്വസ്ഥമായി വീട്ടിലിരുന്നു. സകല പാര്‍ട്ടികളിലും പെട്ടവരും ഒന്നിലും പെടാത്തവരും എല്ലാരും വീട്ടിലിരിക്കുന്ന ദിവസമായതിനാല്‍ ഇനിമുതല്‍ ചാനലുകള്‍ക്ക്‌ ഹര്‍ത്താല്‍ ദിന പ്രത്യേക പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന്റെ സാധ്യത ആരായാവുന്നതാണ്‌.

'സ്ട്രെസ്‌ മാനേജ്മെന്റ്‌' എന്ന വിഷയത്തില്‍ പ്രഗല്‍ഭന്മാരുടെ പ്രഭാഷണ വെടികള്‍, ധ്യാനപരിപാടികള്‍, രണ്ടോ മൂന്നോ തമാശപ്പടങ്ങള്‍, മിമിക്സ്‌ പരേഡുകള്‍ എന്നിങ്ങനെ സകല മനോസംഘര്‍ഷക്കാരനെയും സംഘര്‍ഷരഹിതനാക്കാനുള്ള പരിപാടികള്‍ ഹര്‍ത്താല്‍ ദിനത്തില്‍ പ്രയോജനം ചെയ്യും (സീരിയല്‍ ഒഴിവാക്കണം, പ്ലീസ്‌).

ഓണം, വിഷു, ക്രിസ്മസ്‌, ഈസ്റ്റര്‍, റംസാന്‍, ബക്രീദ്‌ തുടങ്ങിയ ആഘോഷാവസരങ്ങളിലേതുപോലെ കേരളീയരായ ദരിദ്രന്മാര്‍ക്ക്‌ ഹര്‍ത്താല്‍ പ്രമാണിച്ച്‌ സൗജന്യ റേഷന്‍ അനുവദിച്ച്‌ സര്‍ക്കാരുകള്‍ക്ക്‌ ജനക്ഷേമം നടത്താവുന്നതുമാണ്‌.

തലേ ദിവസത്തെ തിരക്ക്‌ നിയന്ത്രിക്കാന്‍ ഹര്‍ത്താല്‍ സ്പെഷ്യല്‍ കൗണ്ടറുകള്‍ തുറക്കാന്‍ ബീവറേജസുകാര്‍ക്ക്‌ നടപടികള്‍ എടുക്കാവുന്നതാണ്‌.

പത്രമാധ്യമങ്ങള്‍ക്ക്‌ ഹര്‍ത്താല്‍ ദിനത്തില്‍ വാലന്റൈന്‍സ്‌ ഡേ ആശംസാ പരസ്യംപോലെ ഹര്‍ത്താല്‍ ആശംസാ പരസ്യങ്ങള്‍ അടിച്ച്‌ കാശുവാരാവുന്നതാണ്‌.

ഹര്‍ത്താല്‍ദിന സമ്മാനങ്ങള്‍ എന്നൊരു കലാപരിപാടികൂടി പുതിയതായി നാട്ടുനടപ്പാക്കാവുന്നതുമാണ്‌. വാലന്റൈന്‍സ്‌ ഡേ, കൗമാരക്കാരും കാമുകീകാമുകന്മാരും ഭാര്യാഭര്‍ത്താക്കന്മാരുംകൂടി 3000 കോടി രൂപയുടെ സമ്മാനം കൊടുത്ത്‌ അടിപൊളിയാക്കിയ സാഹചര്യത്തില്‍ ഹര്‍ത്താല്‍ഡേ ഗിഫ്റ്റ്‌ ഒരു പതിനായിരം കോടിയുടെ കച്ചവടത്തിനുള്ള സാധ്യതയെങ്കിലും തുറക്കും.

ഹര്‍ത്താല്‍ ദിനത്തില്‍ ചികിത്സ കിട്ടാതെ ചത്തുപോകുന്ന പൗരന്മാരെ രക്തസാക്ഷികളായി പ്രഖ്യാപിച്ച്‌ സ്മാരകങ്ങള്‍ പണിയാവുന്നതാണ്‌. ആയിനത്തില്‍ വാര്‍ഡുകള്‍ തോറും ഓരോ സ്മാരക നിര്‍മാണ കമ്മറ്റി രൂപീകരിക്കാവുന്നതുമാണ്‌. ഒരുപാടു തൊഴില്‍രഹിതരായ നേതാക്കള്‍ക്ക്‌ സ്ഥിരവരുമാനമേകാന്‍ ഈ കമ്മറ്റികള്‍ക്കാവും എന്ന സാധ്യതയും തെളിഞ്ഞുവരുന്നുണ്ട്‌.

ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന നേതാവിന്‌ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്ക്കാരം കൂടി സമര്‍പ്പിക്കാവുന്നതാണ്‌. ഭൗതികമായി എന്തൊക്കെ നേടിയാലും മനഃശാന്തിയില്ലാത്ത സമൂഹത്തിന്‌ ഒരു ചുക്കും ചെയ്യാനാവില്ല.

മനഃശാന്തിയാണ്‌ പ്രധാനം.
ഹര്‍ത്താല്‍ മനഃശാന്തി നല്‍കുന്ന കഷായമാണ്‌. ആദ്യം അത്‌ കയ്ക്കുമെങ്കിലും പിന്നീട്‌ ജീവിതം മധുരതരമാക്കും!

പൂന്താനത്തിന്റെ പിതാമഹന്മാരെ തേടുന്ന പിതൃരാഹിത്യം

ഭക്തകവി പൂന്താനം നമ്പൂതിരി ജീവിച്ചിരുന്നതിന്‌ തെളിവില്ല എന്ന്‌ പെരുന്തല്‍മണ്ണ മുന്‍സിഫ്‌ കോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രനും അഡ്മിനിസ്ട്രറേറ്റര്‍ പി രതീശനും തയ്യാറായത്‌ സംസ്കൃതത്തില്‍ പറഞ്ഞാല്‍ തികഞ്ഞ പിതൃരാഹിത്യമാണ്‌.

മഹാനായ ഈ രവീന്ദ്രന്റെയും മഹാനായ രതീശന്റെയും ഇവരോടൊപ്പം ദേവസ്വം ഭരിക്കുന്ന മറ്റ്‌ മഹാന്മാരുടെയും ദേവസ്വം മന്ത്രി ജി. സുധാകരന്റെയും 200 തലമുറ മുന്‍പുള്ള പൂര്‍വ്വികന്മാര്‍ ജീവിച്ചിരുന്നതിന്‌ എന്ത്‌ തെളിവാണ്‌ ഇവര്‍ക്ക്‌ ഹാജരാക്കാനുള്ളത്‌. ഈ 'പൂര്‍വ്വസൂരികളില്‍' ആരെങ്കിലും കായംകുളം കൊച്ചുണ്ണിയുടെയും ഇത്തിക്കര പക്കിയുടെയും ജംബുലിംഗം നാടാരുടെയും കള്ളിയങ്കാട്ട്‌ നീലിയുടെയും താത്രിക്കുട്ടിയുടെയും ജാനസില്‍ പെട്ടവരായിരുന്നെങ്കില്‍, വായ്മൊഴിയായിട്ടെങ്കിലും ചില മാഹാത്മ്യങ്ങള്‍ പാടി കേട്ടേനെ. തല്‍ക്കാലം ആ രീതിയിലോ പൂന്താനത്തിന്റെയും മേല്‍പ്പത്തൂരിന്റെയും ജീവിതശൈലിയിലോ ഇവരുടെ ആരുടെയും പൂര്‍വ്വികരെക്കുറിച്ച്‌ പറഞ്ഞു കേട്ടിട്ടില്ല. അത്രയ്ക്ക്‌ അല്‍പ്പന്മാരായവരാണ്‌ പൂന്താനം നമ്പൂതിരിയുടെ കുടുംബവും ബന്ധങ്ങളും തെരഞ്ഞതും പിന്നെ അങ്ങനെയൊന്ന്‌ സ്ഥാപിക്കാന്‍ തെളിവില്ലെന്ന്‌ കോടതിയില്‍ ബോധിപ്പിച്ചതും.

ഈ ബോധക്കേട്‌ വിവേകമുള്ളവര്‍ ചൂണ്ടികാണിച്ചപ്പോള്‍ മഹാന്മാരായ തോട്ടത്തില്‍ രവീന്ദ്രനും രതീശനും ജി.സുധാകരനും വെളിവ്‌ വീഴുകയും പെരുന്തല്‍മണ്ണ മുന്‍സിഫ്‌ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സമസ്താപരാധവും ഏറ്റുപറഞ്ഞ്‌ പിന്‍വലിക്കുകയും ചെയ്തു.

നാക്കിന്‌ എല്ലില്ലാത്ത ഒരു മന്ത്രിക്കും ആ മന്ത്രിയുടെ മൂട്‌ താങ്ങി സ്ഥാനം നിലനിര്‍ത്തുന്ന നട്ടെല്ലില്ലാത്ത ദേവസ്വം ചെയര്‍മാനും വട്ടുതട്ടാനുള്ളതല്ല പൂന്താനത്തെ പോലെയുള്ള സമര്‍പ്പിത ചേതസുകളുടെ ജീവിതവും തേജസാര്‍ന്ന അവരുടെ സാഹിത്യ പ്രവര്‍ത്തനവും കാലാധിവര്‍ത്തിയായ ഭക്തിപ്രകര്‍ഷങ്ങളും.

സംസ്കൃത പണ്ഡിതനായിരുന്ന മേല്‍പ്പത്തൂരിന്റെ സമകാലികനായി ഗുരുവായൂരില്‍ ഭജനമിരുന്ന പൂന്താനം നമ്പൂതിരിയുടെ ഭാഷാപ്രാവീണ്യമില്ലായ്മയെ അംഗീകരിക്കാന്‍ ഗുരുവായൂരപ്പന്‍ തയ്യാറായെങ്കില്‍, താന്‍ മരപ്രഭുകൂടിയാണെന്ന്‌ അംഗീകരിക്കാന്‍ മനസുകാട്ടിയെങ്കില്‍ വ്യക്തമാകുന്നത്‌ പൂന്താനം നമ്പൂതിരിയെന്ന സാധാരണ മലയാളിയുടെ അസാധാരണമായ സിദ്ധിവൈഭവമാണ്‌. അതിന്റെ പതിനായിരം അയലത്തെങ്കിലുമെത്താനുള്ള വൈഭവമില്ലാത്ത മഹാന്മാരായ സുധാകരനും രവീന്ദ്രനും രതീശനും പൂന്താനത്തിന്റെ തന്തയെത്തേടിയെങ്കില്‍ അതവരുടെ സഹജസ്വഭാവമായി കണ്ട്‌ നമുക്ക്‌ ക്ഷമിക്കാം; അതാണ്‌ മാന്യത.

ഇത്‌ യാദൃശ്ചികമായി സംഭവിച്ചതോ നോട്ടപ്പിശകുകൊണ്ട്‌ വന്നുചേര്‍ന്ന പിഴയോ അല്ല. മറിച്ച്‌ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അനുവര്‍ത്തിച്ചുപോരുന്ന തീര്‍ത്തും ഗര്‍ഹണീയമായ ഒരു ഹിഡന്‍ അജണ്ടയുടെ തുടര്‍ നടപടി മാത്രമാണ്‌. പൊതുവെ പറയുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഈശ്വരവിശ്വാസികളല്ല. എന്നാല്‍ അവര്‍ അധികാരത്തിലെത്തുമ്പോള്‍ ഈശ്വരവിശ്വാസികള്‍ അടക്കമുള്ളവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വീഴ്ചകൂടാതെ നടത്താന്‍ ബാധ്യസ്ഥരുമാണ്‌. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കവുമില്ല.

എന്നാല്‍ മഹാനായ സുധാകരന്റെ നേതൃത്വത്തില്‍ ഹൈന്ദവ ആരാധനാലയങ്ങളെ അഴിമതിയില്‍ നിന്ന്‌ മുക്തമാക്കാനുള്ള 'ഹെര്‍ക്യൂലിയന്‍ ടാസ്കാ'ണ്‌ ഏറ്റെടുത്തിട്ടുള്ളത്‌. ശബരിമലയും ഗുരുവായൂരും ചോറ്റാനിക്കരയും അടക്കമുള്ള ആരാധന കേന്ദ്രങ്ങളെ ഈജിയന്‍ തൊഴുത്തായി കണ്ട്‌ അത്‌ വൃത്തിയാക്കാനുള്ള ഹെര്‍ക്കുലീസായി സ്വയം അവരോധിച്ചിരിക്കുകയാണ്‌ മഹാനായ സുധാകരന്‍. വെളിവുകേടിന്റെ ഈ അഹന്തക്ക്‌ കൂട്ടുനില്‍ക്കാന്‍ മഹാന്മാരായ ഗുപ്തനും രവീന്ദ്രനും രതീശനും അടക്കം നിരവധി കുട്ടിവേഷങ്ങളുമുണ്ട്‌. കഴിഞ്ഞ മണ്ഡല-മകരവിളക്ക്‌ കാലത്ത്‌ ഇവര്‍ കാട്ടിക്കൂട്ടിയ ശുദ്ധീകരണ പ്രക്രിയ എത്രമാത്രം ദുസ്സഹമായിരുന്നുവെന്ന്‌ അന്ന്‌ മലചവിട്ടിയ അയ്യപ്പഭക്തന്മാരോട്‌ ചോദിച്ചാല്‍ മനസിലാകും. അരവണയും അപ്പവുമില്ലാതെ മലയിറങ്ങേണ്ട ഗതികേട്‌ ഇത്തവണ ഉണ്ടായത്‌ ഇവരുടെയൊക്കെ അനാവശ്യ ഇടപെടല്‍ മൂലമായിരുന്നുവെന്ന്‌ ഈശ്വരവിശ്വാസികളല്ലാത്തവരും ഒറ്റസ്വരത്തില്‍ അംഗീകരിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ സംശയമില്ല.

ഈശ്വരവിശ്വാസം വ്യക്തിനിഷ്ഠമായ സംഗതിയാണ്‌. എങ്കിലും ഈശ്വരവിശ്വാസികള്‍ക്ക്‌ അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സ്വാതന്ത്ര്യത്തോടെ ആരാധന നടത്താനുള്ള സൗകര്യം ഒരുക്കേണ്ടത്‌ അതാതുകാലത്തെ ഭരണകൂടമാണ്‌. എന്നുവച്ച്‌ ആ വിശ്വാസികളുടെ ആരാധനാലയങ്ങളുടെ നടത്തിപ്പിനോ ആരാധന ക്രമത്തിനോ കൈകടത്താന്‍ അധികാരം ഉണ്ട്‌ എന്നല്ല അര്‍ത്ഥം. എന്നാല്‍ മഹാനായ സുധാകരനും സംഘവും ഹൈന്ദവ വിശ്വാസങ്ങളിലും ഹൈന്ദവ ആരാധന ക്രമങ്ങളിലും അനാവശ്യമായ കൈകടത്തലുകളും നിര്‍ദ്ദേശങ്ങളും അവസംബന്ധിച്ച പ്രഖ്യാപനങ്ങളുമാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. എന്തുകൊണ്ടാണ്‌ ഈ മഹാന്മാര്‍ ക്രൈസ്തവ-ഇസ്ലാമിക ആരാധന ക്രമത്തിലോ ആരാധനാലയങ്ങളുടെ കാര്യത്തിലോ ഇടപെടാത്തതും അഭിപ്രായ പ്രകടനം നടത്താത്തതും. ശബരിമല അടക്കമുള്ള ഹൈന്ദവ ആരാധനകേന്ദ്രങ്ങളില്‍ ഭക്തര്‍ കാണിക്കയായി അര്‍പ്പിക്കുന്ന പണം ആര്‍ഭാടത്തിന്‌ ഉപയോഗിക്കുന്നവര്‍ എന്തുകൊണ്ട്‌ ക്രൈസ്തവ ഇസ്ലാമിക ആരാധന കേന്ദ്രങ്ങളില്‍ കുമിഞ്ഞുകോടുന്ന കോടികളില്‍ കൈവയ്ക്കുന്നില്ല.

ഇപ്പോള്‍ വ്യക്തമായിക്കാണും നേരത്തേ സൂചിപ്പിച്ച ഹിഡന്‍ അജണ്ട. ആ ദുര്‍വൃത്തിയുടെ തുടര്‍ പ്രക്രിയയായിരുന്നു പൂന്താനത്തിന്റെ തന്തയെത്തേടിയത്‌. ഇതിനെ പിതൃരാഹിത്യമെന്ന സംസ്കൃതപദത്തില്‍ ഒതുക്കേണ്ടിവന്നതില്‍ ഖേദമുണ്ട്‌. പച്ചമലയാളത്തില്‍ ഇതിനുള്ള പദം അച്ചടിക്കാന്‍ ഞങ്ങളുടെ മാന്യത അനുവദിക്കുന്നില്ല; വായനക്കാര്‍ ക്ഷമിക്കുക.

Monday, February 18, 2008

മാറാപ്പ്‌ ഭവാന്റെ നെഞ്ചത്തും!!

'മാളിക മുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പുകേറ്റുന്നതും ഭവാന്‍....'

പണ്ട്‌ പണ്ട്‌, പത്തുനാന്നൂറുകൊല്ലം പണ്ട്‌,
പൂന്താനം പാടിയ ഈ വരികള്‍ അന്നുമുതലിന്നുവരെ നാടുവാണുവന്ന സകല മന്നന്മാരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്‌. എന്നാണ്‌ ആ മാറാപ്പ്‌ തന്റെ തോളില്‍ കേറ്റുന്നതെന്നോര്‍ത്ത്‌ പരമാവധി പൊന്നും പണവും ഭാര്യയുടേയും മക്കളുടെയും സ്വന്തക്കാരുടെയും ബന്ധുക്കാരുടെയും ബിനാമികളുടെയും ഒക്കെയൊക്കെ പേരുകളില്‍ സ്വന്തമാക്കിവയ്ക്കാന്‍ മന്നന്മാര്‍ ഉത്സാഹിച്ചും പോന്നിട്ടുണ്ട്‌.

കേരളം വാഴുന്ന മന്നന്മാരുടെ തോളില്‍ അഞ്ചുകൊല്ലത്തിലൊരിക്കല്‍ മാറാപ്പുവച്ചു കൊടുക്കുന്ന ഭവാന്‍ ആളു ചില്ലറക്കാരനല്ലായെന്ന്‌ സകല മന്നന്മാരും അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്‌.

അങ്ങനെയിരിക്കണ നേരത്ത്‌ ഭവാനും ഭവാന്റെ ഭക്തനായ പൂന്താനത്തിനും ഒരു പണിവെച്ചു കൊടുക്കാന്‍ അവസരം കിട്ടിയാല്‍ മന്നന്മാര്‍ വെറുതെയിരിക്കുമോ? പൂന്താനം എന്നൊരാള്‍ ജീവിച്ചിരുന്നതായി സര്‍ക്കാര്‍ രേഖകളില്ലെന്നു കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ മഹാനുഭാവന്‌ വേറൊരു ദുരുദ്ദേശവും ഉണ്ടായിക്കാണില്ല.

ഇത്രനാളും ഭഗവാന്റെ ഭക്തന്മാരുടെയെല്ലാം മനസില്‍ മന്നനായി വാണ പൂന്താനത്തിന്റെ തോളില്‍ മാറാപ്പുകേറ്റി പടിയിറക്കിവിട്ടിരിക്കുന്നു ദേവസ്വം മന്നന്മാര്‍! മന്നന്മാരോട്‌ കളിച്ചാല്‍ ഇങ്ങനെയിരിക്കും!

പെറ്റതള്ളയും പോറ്റിയ തന്തയും കഞ്ഞികുടിക്കുന്നുണ്ടോ, ജീവിച്ചിരിപ്പുണ്ടോ എന്നൊക്കെ തിരക്കാന്‍പോലും നേരമില്ലാതാവുന്ന 'പ്രൊഫഷണലുകള്‍' ഏറിവരുന്നൊരു നാട്ടില്‍ പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച പൂന്താനത്തിന്റെ ക്ഷേമമന്വേഷിക്കുന്നതിന്‌ ആര്‍ക്കുണ്ട്‌ നേരം?

പണി വരാനിരിക്കുന്നേയുള്ളൂ. കാളിദാസന്‍, എഴുത്തച്ചന്‍ തുടങ്ങി ബഷീറും പൊന്‍കുന്നവും വരെയുള്ള സകല പ്രതിഭകളും ജീവിച്ചിരുന്നുവെന്നതിന്‌ തെളിവു ഹാജരാക്കിയില്ലെങ്കില്‍ കാണാം കളി!

പറഞ്ഞും, ചെയ്തും കൂട്ടുന്ന മണ്ടത്തരങ്ങളല്ലാതെ, തങ്ങള്‍ ജീവിച്ചിരുന്നു എന്നതിന്‌ യാതൊരു തെളിവും ശേഷിപ്പിക്കാന്‍ കഴിയാത്ത കഴുതരാമന്മാര്‍ മന്നന്മാരായി വാഴുന്ന നാട്ടില്‍നിന്നും സകല എഴുത്തുകാരും ഓടി രക്ഷപ്പെട്ടുകൊള്ളുക.

"സുരലോകത്തില്‍നിന്നൊരു ജീവന്‍പോയ്‌
നരലോകേ മഹീസുരനാകുന്നു;
ചണ്ടകര്‍മ്മങ്ങള്‍ ചെയ്തവര്‍ ചാകുമ്പോള്‍
ചണ്ഡാലകുലത്തിങ്കല്‍പ്പിറക്കുന്നു.
അസുരന്മാര്‍ സുരന്മാരായീടുന്നു;
അമരന്മാര്‍ മരങ്ങളായീടുന്നു;
അജം ചത്തു ഗജമായ്‌ പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു;

നരി ചത്തു നരനായ്‌ പിറക്കുന്നു
നാരി ചത്തുടനോരിയായ്പോകുന്നു;
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപന്‍ ചത്തു കൃമിയായ്പിറക്കുന്നു;
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ."

എന്നു പാടിയ പൂന്താനം

"കഴുത ചത്തു
തോട്ടത്തില്‍ രവീന്ദ്രനായിടും"
എന്നുകൂടി പാടിയിരുന്നെങ്കില്‍...

ടി ബാലകൃഷ്ണന്‍ വീണ്ടും കുട്ടിക്കുരങ്ങാകുന്നു

വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍ ഒരിക്കല്‍ കൂടി ഭൂമി മാഫിയയുടെയും അവരെ സംരക്ഷിക്കുന്ന ചില ഇടതുപക്ഷ മന്ത്രിമാരുടെയും കുട്ടിക്കുരങ്ങനായി.

ഭൂപരിഷ്കരണ നിയമം റദ്ദാക്കിയാല്‍ ഒന്നും നഷ്ടപ്പെടാനില്ലെന്നും ഇന്നത്തെ സാഹചര്യത്തില്‍ ഭൂപരിഷ്കരണ നിയമം തുടര്‍ന്നാല്‍ വ്യവസായ മുരടിപ്പായിരിക്കും ഫലമെന്നും ഇപ്പോള്‍ത്തന്നെ അതിന്റെ ലക്ഷണം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും ഇത്തരം നിയമങ്ങള്‍ ഭൂമി മാഫിയ ശക്തിപ്പെടാനാണ്‌ പരിസരം ഒരുക്കുന്നതെന്നും ടി ബാലകൃഷ്ണന്‍ പറഞ്ഞുവെച്ചു; അല്ല ബാലകൃഷ്ണനെക്കൊണ്ട്‌ എളമരം കരീം അടക്കമുള്ള കമ്യൂണിസ്റ്റ്‌ മന്ത്രിമാര്‍ പറയിപ്പിച്ചു.

ശനിയാഴ്ച എറണാകുളത്ത്‌ ബോധാനന്ദ റിസര്‍ച്ച്‌ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അബാദ്പ്ലാസയില്‍ കെസി മാമന്‍ മാപ്പിള സ്മാരക പ്രഭാഷണം നടത്തുന്നതിനിടയിലാണ്‌ ബാലകൃഷ്ണന്റെ പുതിയ വെളിപാട്‌ പുറത്തുവന്നത്‌.

കേരളം നേടിയ ഏറ്റവും അഭിമാനാര്‍ഹമായ നേട്ടവും ഇന്ത്യക്കാകെ മാതൃകയായ നിയമവുമായിരുന്നു ഭൂപരിഷ്കരണ നിമയം. ബാലകൃഷ്ണന്‍ അവകാശപ്പെടുന്നതുപോലെ ഈ നിയമത്തിലൂടെ ലക്ഷക്കണക്കിന്‌ പാവപ്പെട്ടവര്‍ക്ക്‌ ഭൂമിയിന്മേല്‍ അവകാശം ലഭിച്ചു. എന്നാല്‍ 65ലെ ഈ നിയമം അതിന്റെ ലക്ഷ്യം ഇതുവരെ പൂര്‍ണ്ണമായും നേടിയിട്ടില്ല. ഇപ്പോഴും സര്‍ക്കാരിനവകാശപ്പെട്ട മിച്ചഭൂമി ടാറ്റയും പോബ്സണും അടക്കമുള്ള വന്‍കിട തോട്ടമുടമകളുടെ കൈവശമാണിരിക്കുന്നത്‌. ഈ മിച്ചഭൂമി പിടിച്ചെടുത്ത്‌ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗത്തിന്‌ ഇനിയും വീതിച്ചുകൊടുക്കേണ്ടതുണ്ട്‌. മിച്ചഭൂമിയുടെ 87 ശതമാനം ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക്‌ നല്‍കണമെന്നും ഇതില്‍തന്നെ 50 ശതമാനം ഭൂമി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന്‌ നീക്കി വയ്ക്കണമെന്നും ലക്ഷ്യമിട്ടിരുന്നു. ആ സദുദ്ദേശ്യം രാഷ്ട്രീയവും സാമ്പത്തികവും സമ്മര്‍ദ്ദപരവുമായ കാരണങ്ങളാല്‍ ഇതുവരെ പൂര്‍ണ്ണമായി നടപ്പിലാക്കിയിട്ടില്ല. ഇന്നും ഒരുതുണ്ട്‌ ഭൂമിക്കുവേണ്ടി ആദിവാസികള്‍ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുകയാണ്‌.

പശ്ചാത്തലം ഇതായിരിക്കെ സംസ്ഥാനത്ത്‌ ഭൂപരിഷ്കരണ നിയമം റദ്ദാക്കിയാല്‍ ഒന്നും നഷ്ടപ്പെടാന്‍ ഇല്ലെന്ന്‌ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെക്കൊണ്ട്‌ അച്യുതാനന്ദന്‍ മന്ത്രിസഭയിലെ ചിലര്‍ പറയിപ്പിക്കുമ്പോള്‍ അതിനു പിന്നിലെ ഗൂഢോദ്ദേശ്യം സുവ്യക്തമാണ്‌. എച്ച്‌എംടി ഭൂമി ഇടപാടില്‍ എളമരം കരീമടക്കമുള്ളവര്‍ പിടിച്ച പുലിവാലില്‍ നിന്ന്‌ രക്ഷപെടാനുള്ള ഏറ്റവും ഗര്‍ഹണീയമായ നീക്കമാണ്‌ ബാലകൃഷ്ണനിലൂടെ നടത്തിയത്‌. ഇതിനുമുമ്പ്‌ വ്യവസായ സെക്രട്ടറിയായിരിക്കെ ചീഫ്‌ സെക്രട്ടറിക്ക്‌ സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടിലും ബാലകൃഷ്ണന്‍ ഇതേ ആവശ്യം ഉന്നയിച്ചതാണ്‌. അന്ന്‌ വിഷയം വിവാദമായപ്പോള്‍ ഉന്നത ഉദ്യോഗസ്ഥതലത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച ഉണ്ടാകാന്‍ വേണ്ടിയാണ്‌ അങ്ങനെ അഭിപ്രായപ്പെട്ടതെന്നായിരുന്നു ബാലകൃഷ്ണന്റെ വിശദീകരണം. ശനിയാഴ്ചയിലെ പ്രഖ്യാപനത്തിന്‌ ഇപ്പോള്‍ നല്‍കുന്ന വിശദീകരണം മറ്റൊന്നാണ്‌. ഭൂപരിഷ്കരണ നിയമത്തെക്കുറിച്ച്‌ വ്യക്തിപരമായ അഭിപ്രായമാണ്‌ താന്‍ പ്രകടിപ്പിച്ചതെന്ന നിലപാടിലാണ്‌ ബാലകൃഷ്ണന്‍.

ഇവിടെ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്ക്‌ പുലര്‍ത്തേണ്ട ഉത്തരവാദിത്തവും നിയന്ത്രണവുമാണ്‌ ബാലകൃഷ്ണന്‍ ലംഘിച്ചിരിക്കുന്നത്‌. ഭൂപരിഷ്കരണ നിയമം സര്‍ക്കാരിന്റെ നയപരമായ വിഷയമാണ്‌. ഇതില്‍ അഭിപ്രായം പറയേണ്ടത്‌ മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിയോ ആണ്‌. നയപരമായ കാര്യങ്ങളില്‍ വ്യതിയാനം വരുത്തുന്നതിനുമുമ്പ്‌ നിയമസഭയില്‍ വിഷയം അവതരിപ്പിച്ച്‌ ജനപ്രതിനിധികളുടെ അഭിപ്രായം ആരായേണ്ടതുമുണ്ട്‌. ഈ ഔദ്യോഗിക നടപടി ക്രമങ്ങളാണ്‌ ബാലകൃഷ്ണന്‍ രണ്ടുതവണയായി ലംഘിച്ചിരിക്കുന്നത്‌. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരുന്ന്‌ സര്‍ക്കാരിന്റെ നയപരമായ കാര്യത്തില്‍ ഇത്തരം പ്രതിലോമകരമായ അഭിപ്രായം പറയണമെങ്കില്‍ ബാലകൃഷ്ണന്‌ മന്ത്രിസഭയിലേയും ഇടതുമുന്നണിയിലേയും ഉന്നതന്മാരില്‍ ചിലരുടെ പിന്‍തുണ ഉണ്ടെന്നുതന്നെയാണ്‌ ഞങ്ങള്‍ വിശ്വസിക്കുന്നത്‌.

എച്ച്‌എംടി ഭൂമി ഇടപാട്‌ വിവാദമായ സാഹചര്യത്തില്‍ ഒരുമുഴം മുന്നിലെറിയുകയായിരുന്നു, ബാലകൃഷ്ണന്റെ അഭിപ്രായപ്രകടനത്തിലൂടെ, എളമരം കരീമും കൂട്ടരും. ലാന്റ്‌ റിഫോംസ്‌ ആക്ടും ലാന്റ്‌ അക്വിസിഷന്‍ ആക്ടും കടലും കടലാടിയും പോലെ വ്യത്യസ്തമാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ തന്നെയാണ്‌ ബാലകൃഷ്ണന്‍ ഈ പ്രസ്താവന നടത്തിയതെന്ന്‌ ഞങ്ങള്‍ക്ക്‌ സംശയമില്ല. മൂലധന സമാഹരണത്തിനും നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കാനും നിലവിലിരിക്കുന്ന പല നിയമങ്ങളും ചട്ടങ്ങളും എളമരം കരീം അടക്കമുള്ള മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഉന്നതന്മാര്‍ക്ക്‌ സഹായകമല്ല. അതുകൊണ്ട്‌ ആ നിയമങ്ങളെയും ചട്ടങ്ങളെയും മറികടക്കാന്‍ ചില ഗൂഢതന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ട്‌. ആ നിലയ്ക്കുള്ള നീക്കമാണ്‌ ബാലകൃഷ്ണന്‍ എന്ന കുട്ടിക്കുരങ്ങനിലൂടെ ബന്ധപ്പെട്ടവര്‍ നടത്തുന്നത്‌.

ബ്ലൂസ്റ്റാര്‍ റിയല്‍ടേഴ്സിന്‌ എച്ച്‌എംടി വിറ്റ 70 ഏക്കര്‍ സ്ഥലത്തിന്റെ പോക്കുവരവ്‌ റദ്ദാക്കണമെന്ന്‌ ചീഫ്‌ സെക്രട്ടറി പിജെ തോമസിന്റെ നേതൃത്വത്തില്‍ റവന്യൂ സെക്രട്ടറിയും നിയമ വകുപ്പ്‌ സെക്രട്ടറിയും നല്‍കിയ ശിപാര്‍ശ മറികടക്കാന്‍ അഡ്വക്കേറ്റ്‌ ജനറല്‍ സുധാകരപ്രസാദിന്റെ ഉപദേശം തേടിയതും ബാലകൃഷ്ണനെക്കൊണ്ട്‌ ഭൂപരിഷ്കരണ നിയമത്തെക്കുറിച്ച്‌ അഭിപ്രായപ്രകടനം നടത്തിയതും ഒരേ ലക്ഷ്യത്തോടെയാണ്‌. വികസനത്തിന്റെ പേരില്‍ കേരളത്തിന്റെ ഈടുവയ്പ്പുകള്‍ മൂലധന ശക്തികള്‍ക്ക്‌ വിറ്റുതുലച്ച്‌ അതിന്റെ കമ്മീഷന്‍ പറ്റാനുള്ള നിന്ദ്യവും നികൃഷ്ടവുമായ നീക്കങ്ങളാണ്‌ ഇതിനെല്ലാം പിന്നിലുള്ളത്‌.

Saturday, February 16, 2008

ആരാന്റെ 'മാക്സിമ കുള്‍പ'!

പൊന്നുരുക്കുന്നിടത്ത്‌ ഇവര്‍ക്കെന്തു കാര്യം?

'കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ വേദികളില്‍ മാര്‍ക്സ്‌, ചെഗുവേര, എ.കെ.ജി., കൃഷ്ണപിള്ള എന്നീ സഖാക്കളുടെ ചിത്രം കാണുമ്പോള്‍ ഒരു പന്തികേട്‌. ഇടതുപക്ഷ മനസുകള്‍ക്ക്‌ ഉള്ളില്‍ നൊമ്പരവും.' പറയുന്നത്‌ ഒരു മെത്രാപ്പോലീത്ത. അദ്ദേഹത്തിന്റെ നാമം ഗീവര്‍ഗീസ്‌ മാര്‍ കുറിലോസ്‌. ആ നാമം വാഴ്ത്തപ്പെടട്ടെ!

മെയാ കുള്‍പ, മെയാ കുള്‍പ, മെയാ മാക്സിമാ കുള്‍പ എന്ന്വച്ചാല്‍ ലത്തീന്‍ ഭാഷയില്‍ എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ.

പറഞ്ഞതത്രയും സത്യം. പറയാത്ത സത്യങ്ങള്‍ വിചിത്രം.

ബാവാകക്ഷിയെന്നും മെത്രാന്‍കക്ഷിയെന്നും ചേരിതിരിഞ്ഞ്‌ മെത്രാനച്ചന്മാരും പള്ളീലച്ചന്മാരും കുഞ്ഞാടുകളും ചേര്‍ന്നുനടത്തുന്ന തെരുവുയുദ്ധങ്ങളില്‍ കര്‍ത്താവീശോമിശിഹായുടെ ചിത്രം ഇരിക്കുന്നതുകണ്ടാലം വിവരമുള്ളവര്‍ക്ക്‌ ഇതൊക്കെതന്നെ തോന്നണം!

തൃക്കുന്നത്‌ സെമിനാരി തര്‍ക്കം തണുപ്പിക്കാന്‍ കമ്യൂണിസ്റ്റുകാരനായ സഖാവ്‌ കോടിയേരി ഇന്നലെ ദേവലോകം അരമനയില്‍ പോയിരിക്കയായിരുന്നുവെന്നോര്‍ക്കണം.

സമാധാനം ലോകത്തിലേവര്‍ക്കും വരാന്‍ ജീവന്‍ കൊടുത്തവന്റെ അനുയായികള്‍ നാട്ടുകാരുടെ ഉള്ള സമാധാനം കൂടി കെടുത്താന്‍ നടക്കുന്ന കാണുമ്പോള്‍ 'യൂദന്മാര്‍ എന്തൊരു പാവങ്ങളായിരുന്നു ദൈവമേ' എന്ന്‌ കുരിശില്‍ കിടന്ന്‌ തമ്പുരാന്‍ ഓര്‍ക്കുന്നുണ്ടാവണം!

അമ്മ തന്റെ പുന്നാരമക്കളെ കിണറ്റിലെറിഞ്ഞു കൊന്നും, ഭര്‍ത്താവ്‌ ഭാര്യയെ വെട്ടിക്കൊന്നും, അച്ഛനമ്മമാരെ മക്കള്‍ തല്ലിക്കൊന്നും വാര്‍ത്തകളില്‍ നിറയുന്ന കാലത്ത്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും ക്രൈസ്തവ സഭകളും ഇങ്ങനെയൊക്കെ ആയില്ലങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

തമ്മില്‍ അടിച്ചുപിരിയുകയും ചോരയൊഴുക്കുകയും ചെയ്യുന്ന നമ്മുടെ മാതൃകാ കുടുംബങ്ങളില്‍നിന്നുതന്നെയാണല്ലോ പാര്‍ട്ടികളിലും മതങ്ങളിലും അനുയായികള്‍ ഉണ്ടാകുന്നത്‌, നേതാക്കള്‍ ഉണ്ടാകുന്നത്‌! അപ്പോള്‍പിന്നെ, കോട്ടയം സമ്മേളനവും തൃക്കുന്നത്‌ സെമിനാരി പ്രശ്നവും ഇങ്ങനെയല്ലാതെ എങ്ങനെ വരാനാണ്‌.

കത്തനാരന്മാര്‍ കമ്യൂണിസ്റ്റുകാരെയും കമ്യൂണിസ്റ്റുകാര്‍ കത്തനാരന്മാരെയും അഴീക്കോട്‌ സാര്‍ ഇവര്‍ രണ്ടുപേരെയും ഒ. രാജഗോപാല്‍ പി.പി. മുകുന്ദനെയും, പി.പി. മുകുന്ദന്‍ ഒ. രാജഗോപാലിനെയും കുറ്റം പറഞ്ഞു നടന്നിട്ടെന്തു കാര്യം?

അവനവന്റെ കുറ്റം കണ്ടുപിടിക്കാനും അവനവന്‍ നീതി പ്രവര്‍ത്തിക്കാനും തുടങ്ങിയാല്‍ തീരാവുന്ന സിംപിള്‍ പ്രശ്നമാണ്‌ ആരാന്റെ 'പിഴ'യെണ്ണി വഷളാക്കുന്നത്‌.

പാക്കിസ്ഥാന്‌ പറ്റിയ പരാജയം എന്തുകൊണ്ടാണെന്നു കണ്ടുപിടിച്ചിരിക്കുന്നു, ജീവന കലാകാരന്‍ ഡബിള്‍ ശ്രീ രവിശങ്കര്‍! അവിടെ ന്യൂനപക്ഷ സംവരണമില്ലാത്തതാണത്രെ

പ്രശ്നം! ഇന്ത്യക്കുപറ്റിയ പ്രശ്നമെന്താണെന്നു കണ്ടുപിടിക്കാന്‍ പാക്കിസ്ഥാനില്‍ വല്ല മൗലവിമാരും പരിശ്രമിക്കുന്നുണ്ടോ ആവോ?

കുരുവിളയെക്കാള്‍ എന്തു മേന്മയാണ്‌ കരീമിനുള്ളത്‌?

അനധികൃത ഭൂമി ഇടപാടിന്റെ പേരില്‍ വിഎസ്‌ മന്ത്രിസഭയില്‍നിന്ന്‌ പുറത്താക്കിയ ജോസഫ്‌ ഗ്രൂപ്പിന്റെ മന്ത്രി ടി യു കുരുവിളയെക്കാള്‍ എന്തുമേന്മയാണ്‌ എച്ച്‌എംടി ഇടപാടില്‍ കളങ്കിതനായ എളമരം കരീമിനുള്ളത്‌?

കരീമിനെ ന്യായീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ധനമന്ത്രി തോമസ്‌ ഐസക്കും രോഷാകുലരാകുമ്പോള്‍, ഡെന്‍മാര്‍ക്കിലല്ല കളമശേരിയില്‍തന്നെ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്ന്‌ വ്യക്തം.

ആ നാറ്റമാണ്‌ ദിവസേന പുറത്തുവരുന്ന വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. ഇടപാടില്‍ There are some irregularities എന്ന്‌ ഹൈക്കോടതിയില്‍ സമ്മതിച്ച അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ വെങ്ങാനൂര്‍ ചന്ദ്രശേഖരന്‍ നായരെ അന്നുതന്നെ എളമരം കരീം ഫോണിലൂടെ ശാസിച്ചതും തുടര്‍ന്നുള്ള നിയമ നടപടികളുടെ ഉത്തരവാദിത്വത്തില്‍നിന്ന്‌ അദ്ദേഹത്തെ മാറ്റിയതും വ്യക്തമാക്കുന്നത്‌ പരവതാനിക്കടിയിലേക്ക്‌ എന്തൊക്കെയോ തള്ളിവയ്ക്കാന്‍ ഈ സര്‍ക്കാരിനും എച്ച്‌എംടി ഭൂമി ഇടപാടുമായി ബന്ധപ്പെട്ടിട്ടുള്ള മന്ത്രാലയങ്ങള്‍ക്കും മന്ത്രിമാര്‍ക്കും ഉണ്ടെന്നതാണ്‌.

ഒരു സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന ടി യു കുരുവിളയെ തല്‍സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്തത്‌. പരാതിയെക്കുറിച്ച്‌ അന്വേഷിക്കുക പോലും ചെയ്യാതെ, ഇടപാടില്‍ തനിക്ക്‌ പങ്കില്ലെന്നും തന്റെ മകനാണ്‌ പങ്കുള്ളതെന്നുമുള്ള ടി യു കുരുവിളയുടെ വിശദീകരണം കേള്‍ക്കാന്‍ പോലും തയ്യാറാകാതെ പിടിച്ച പിടിയാലെ അദ്ദേഹത്തെ രാജിവയ്പ്പിക്കുകയായിരുന്നു.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനാണ്‌ ഏറ്റവും കടുത്ത നിലപാടെടുത്തതെന്നാണ്‌ പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കിയത്‌. അഴിമതിക്കെതിരായി വിഎസ്‌ എടുത്ത ആ നിലപാടിനെ ഇടതുമുന്നണിയും കേരളത്തിലെ ജനങ്ങളും ഒരുപോലെ ശ്ലാഘിച്ചതാണ്‌. പി ജെ ജോസഫ്‌ സംഭവത്തിലും മുഖ്യമന്ത്രിയുടെ നിലപാട്‌ പരക്കെ അംഗീകരിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്തതാണ്‌. എന്നാല്‍ മൂന്നാര്‍ ഒഴിപ്പിക്കല്‍ ആരംഭിച്ചതോടെ മുഖ്യമന്ത്രിയുടെ നിലപാടില്‍ വെള്ളം ചേര്‍ക്കപ്പെടുന്നതാണ്‌ കേരളം കണ്ടത്‌. റിസോര്‍ട്ട്‌ മാഫിയയുടെയും ഭൂമാഫിയയുടെയും സമ്മര്‍ദ്ദത്തിനും ഇവരുടെ അഞ്ചാംപത്തിയായി വര്‍ത്തിക്കുന്ന സിപിഎം-സിപിഐ നേതാക്കളുടെ ആവശ്യത്തിനും വഴങ്ങിക്കൊടുക്കുന്ന വ്യക്തിയായി അച്യുതാനന്ദന്‍ പരിണമിക്കുന്നതാണ്‌ കേരളം കണ്ടത്‌.

ഈ വഞ്ചനാത്മക നിലപാടാണ്‌ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ വില്‍പ്പനയില്‍ ധൈര്യപൂര്‍വ്വം ഇടപെടാന്‍ ബിനോയ്‌ വിശ്വം അടക്കമുള്ളവര്‍ക്ക്‌ കരുത്ത്‌ പകര്‍ന്നത്‌. ആ ഇടപാടിന്റെ വിവാദങ്ങള്‍ അവസാനിക്കും മുമ്പാണ്‌ സൈബര്‍ സിറ്റിക്കുവേണ്ടി എച്ച്‌എംടി ഭൂമി ബ്ലൂസ്റ്റാര്‍ റിയല്‍ടേഴ്സിനു വേണ്ടി കൈമാറിയ സംഭവം പുറത്തുവന്നത്‌.

സംസ്ഥാന ഐടി വകുപ്പിന്റെയോ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടേയോ അറിവുകൂടാതെ അതീവ കൗശലത്തോടെ നടത്തിയ നീക്കങ്ങളിലൂടെയാണ്‌ ഭൂമി വില്‍പ്പന നടത്തിയത്‌. ആഗോള ടെന്‍ഡര്‍ വിളിച്ച്‌, എല്ലാ ഔപചാരികതകളും പാലിച്ചാണ്‌ തങ്ങള്‍ക്ക്‌ അവകാശപ്പെട്ട ഭൂമി വിറ്റതെന്നാണ്‌ ഇപ്പോള്‍ എച്ച്‌എംടി അധികൃതല്‍ വാദിക്കുന്നത്‌. ഇതാകട്ടെ ലാന്റ്‌ അക്വിസിഷന്‍ ആക്ടിനും സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിവിധ ഉത്തരവുകള്‍ക്കും ഘടകവിരുദ്ധവും അവയുടെ ലംഘനവുമായിരുന്നു. എന്നിട്ടും ഭൂമി വില്‍പ്പനയ്ക്ക്‌ കൂട്ടുനില്‍ക്കാനാണ്‌ വ്യവസായ മന്ത്രി എളമരം കരീമും റവന്യൂ മന്ത്രി കെ പി രാജേന്ദ്രനും ശ്രമിച്ചതെന്ന്‌ ഇതുസംബന്ധിച്ച്‌ പുറത്തുവന്നിട്ടുള്ള മീറ്റിങ്ങുകളുടെയും കൂടിക്കാഴ്ചകളുടെയും മിനിറ്റ്സുകള്‍ വ്യക്തമാക്കുന്നു.

എന്നിട്ടും ഇക്കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനത്തിലെത്താന്‍ മന്ത്രിസഭയ്ക്ക്‌ കഴിയുന്നില്ല എന്നുമാത്രമല്ല ഇതുസംബന്ധിച്ച്‌ സിപിഐ-സിപിഎം മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുകയുമാണ്‌. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഈ തര്‍ക്കം പൊട്ടിത്തെറിക്കുകയും ഭൂമി വീണ്ടെടുക്കുന്നത്‌ സംബന്ധിച്ച്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം തേടാനും പ്രശ്നം ഇടതുമുന്നണിയുടെ തീര്‍പ്പിന്‌ വിടാനുമാണ്‌ തീരുമാനമായത്‌.

ഇവിടെ ഒരു ചോദ്യം ഉയരുന്നുണ്ട്‌. പ്രശ്നം ഹൈക്കോടതിയുടെ മുന്നിലെത്തിയപ്പോള്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറലാണ്‌ ചില ക്രമക്കേടുകള്‍ സംഭവിച്ചു എന്ന്‌ സമ്മതിച്ചത്‌. തീര്‍ച്ചയായും ഇങ്ങനെ ഒരു സമ്മതം അദ്ദേഹം ഹൈക്കോടതിയില്‍ നടത്തിയത്‌ ബന്ധപ്പെട്ട ഉന്നതന്മാരെല്ലാവരുടെയും അഭിപ്രായം ആരാഞ്ഞശേഷം ആയിരിക്കും. അപ്പോള്‍ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം വീണ്ടും തേടുമെന്ന്‌ പറയുന്നതിന്റെ അര്‍ത്ഥം ചീഫ്‌ സെക്രട്ടറി അടക്കമുള്ളവര്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിനെയും ഉപദേശങ്ങളെയും അട്ടിമറിക്കാനും അതിലൂടെ എച്ച്‌എംടി ഭൂമി വില്‍പ്പനയ്ക്ക്‌ നിയമ പ്രാബല്യം നല്‍കാനുമാണെന്ന്‌ തീര്‍ച്ച. സ്വകാര്യ വ്യക്തിയുമായുള്ള ഭൂമി ഇടപാടും സര്‍ക്കാര്‍ ഭൂമി വിറ്റുതുലയ്ക്കുന്നതും ഒരേ തരത്തിലുള്ള കുറ്റമായി കാണാനാണ്‌ മാര്‍ക്സിസ്റ്റുപാര്‍ട്ടിയിലെ ഉന്നതന്മാര്‍ ശ്രമിക്കുന്നതെന്ന്‌ തീര്‍ച്ച. ഇത്‌ കടുത്ത ജനവഞ്ചനയും കേരളത്തില്‍ നന്ദിഗ്രാം സൃഷ്ടിയുടെ നാന്ദിയുമാണ്‌.

Friday, February 15, 2008

ഹാട്രിക്‌ വിജയന്‍

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയന്‍ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്‌ അദ്ദേഹത്തിന്റെ അനുയായികള്‍ക്ക്‌ ഏറെ അഭിമാനത്തിന്‌ വകനല്‍കുന്നു. കണ്ണൂരിലും മലപ്പുറത്തും പയറ്റിയ തന്ത്രങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തവും കണിശതയുമാര്‍ന്ന നീക്കങ്ങളിലൂടെയാണ്‌ കോട്ടയത്ത്‌ പിണറായി വിജയന്‍ സെക്രട്ടറിസ്ഥാനം നിലനിര്‍ത്തിയത്‌. വിഭാഗീയതയ്ക്ക്‌ ഈ സമ്മേളനത്തോടെ അറുതിയായി എന്ന പ്രകാശ്കാരാട്ടിന്റെയും പിണറായി വിജയന്റെയും മറ്റ്‌ നേതാക്കന്മാരുടെയും അവകാശവാദത്തിന്‌ അക്ഷരങ്ങളുടെ വിലപോലും ഇല്ലെന്ന്‌ സംസ്ഥാന സമ്മേളനത്തിന്റെ ഒടുവില്‍നടന്ന പൊതുസമ്മേളനം വ്യക്തമാക്കി.

സമ്മേളന നഗരിയിലേക്കുള്ള തുറന്ന ജീപ്പ്പിലെ സവാരിയില്‍നിന്ന്‌ അച്യുതാനന്ദനെ ഒഴിവാക്കിയപ്പോള്‍ തന്നെ അണികള്‍ക്ക്‌ മനസിലായി, വിഭാഗീയതയ്ക്ക്‌ അറുതി വന്നുവെന്നും അത്‌ പ്രകാശ്‌ കാരാട്ട്‌ ഉദ്ബോധിപ്പിച്ചതുപോലെ മേല്‍ത്തട്ടില്‍ നിന്നും ആരംഭിച്ചു എന്നും!

അതോടെ വിഎസിന്റെ അനുയായികള്‍ ചില തീരുമാനങ്ങള്‍ എടുക്കുകയും അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധനചെയ്ത്‌ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മുദ്രാവാക്യം മുഴക്കി അദ്ദേഹത്തിനുള്ള പിന്‍തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഏതാണ്ട്‌ പത്ത്‌ മിനിറ്റോളം ഈ മുദ്രാവാക്യം വിളി തുടരുകയും അച്യുതാനന്ദന്റെ പ്രസംഗം ആരവത്തില്‍ മുങ്ങിപ്പോകുകയും ചെയ്തു. ഇതിനിടയിലാണ്‌ ഒരു പ്ലാസ്റ്റിക്‌ കുപ്പി അച്യുതാനന്ദനുനേരെ 'പറന്നു'വന്നത്‌.

അതോടെ വിഭാഗീയത പൂര്‍ണ്ണമായും ഇല്ലാതായി എന്ന്‌ മാലോകര്‍ക്കും മനസിലായി. ഇതേത്തുടര്‍ന്ന്‌ പിണറായി വിജയന്‍ അണികളെ ശാസിച്ചത്‌ ഏറെ ശ്രദ്ധേയമായി. ശാസനക്കായി അദ്ദേഹം ഉപയോഗിച്ച വാക്കുകളില്‍ മൂന്നാമൂഴത്തിന്റെ കരുത്തുമുഴുവനും ഉണ്ടായിരുന്നു. അച്ചടക്കമാണ്‌ കമ്മ്യൂണിസ്റ്റുകാരന്റെ അടിസ്ഥാന സ്വഭാവമെന്ന്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ അദ്ദേഹം പറഞ്ഞത്‌ വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു. പാര്‍ട്ടിക്ക്‌ മുകളിലല്ല അണികളുടെ ആവേശവും ആ ആവേശത്തില്‍ ഊറ്റം കൊള്ളുന്ന വിഎസും എന്നായിരുന്നു ആ സന്ദേശം.

വിഎസിനുവേണ്ടി ഇനി ആരും പ്രകടനത്തിനോ ആവേശ പ്രദര്‍ശനത്തിനോ ഒരുങ്ങേണ്ടതില്ല എന്ന താക്കീതും ആ സ്വരത്തിലുണ്ടായിരുന്നു. മാത്രമല്ല, വോളണ്ടിയര്‍മാര്‍ക്ക്‌ അദ്ദേഹം നല്‍കിയ വ്യക്തമായ നിര്‍ദ്ദേശം തല്‍ക്ഷണം നടപ്പിലാകുന്നതും കണ്ടു. കൊടികെട്ടിയ വടികൊണ്ട്‌ അച്യുതാനന്ദനുവേണ്ടി ആവേശം കൊണ്ടവര്‍ക്ക്‌ പൊതിരെ തല്ലുകിട്ടിയപ്പോള്‍ അത്‌ ഇനി പാര്‍ട്ടിയില്‍ എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്നതിന്റെ വ്യക്തമായ സൂചനയായി.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി തൃപ്തമല്ലെന്നും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുമെന്നും കോട്ടയം സമ്മേളനം വ്യക്തമാക്കി. അപ്പോള്‍ ഒരു ചോദ്യം- ഇതുവരെ യാതൊരു മാര്‍ഗ്ഗനിര്‍ദ്ദേശവും കൂടാതെയായിരുന്നോ രണ്ടുവര്‍ഷം ഭരണം നടത്തിയത്‌? അതിന്റെ ഉത്തരം, ഇനിയുള്ള കാലം പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമായിരിക്കും ഭരണം നടക്കുകയെന്നാണ്‌. അതിന്റെ ഉദാഹരണമാണ്‌ എച്ച്‌എംടി പ്രശ്നത്തില്‍ പാര്‍ട്ടിയുടെ നിലപാട്‌ എന്ന രീതിയില്‍ അദ്ദേഹം നടത്തിയ പ്രസ്താവന. എച്ച്‌എംടി പ്രശ്നം പാര്‍ട്ടിയും സര്‍ക്കാരും ചര്‍ച്ചചെയ്യുമെന്ന്‌ പറഞ്ഞ വിജയന്‍, ഈ വിഷയത്തില്‍ എളമരം കരീം കുറ്റക്കാരനല്ലെന്ന്‌ അസന്ദിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തു. അതായത്‌ വ്യവസായ വികസനം ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ഇതുവരെ അച്യുതാനന്ദന്‍ പുലര്‍ത്തിയിരുന്ന നിലപാടുകളൊന്നും അനുവദിക്കപ്പെടുകയില്ല എന്നാണ്‌ സന്ദേശം.

പിണറായി മുണ്ടയില്‍ കോരന്റെയും ഭാര്യ കല്ല്യാണിയുടെയും പതിനാല്‌ മക്കളില്‍ ജീവിച്ചിരുന്ന മൂന്ന്‌ പേരില്‍ ഇളയവനായിരുന്നു വിജയന്‍. കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും കമ്മ്യൂണിസം നിറഞ്ഞുനിന്ന പിണറായിയില്‍ നിന്ന്‌, കമ്മ്യൂണിസം ശ്വസിച്ചും കമ്മ്യൂണിസം കഴിച്ചും വളര്‍ന്ന പിണറായി വിജയന്‍, പാര്‍ട്ടിയില്‍ താന്‍ മഹാമേരുവാണെന്ന്‌ കഴിഞ്ഞ ആറു വര്‍ഷം കൊണ്ട്‌ തെളിയിച്ചെടുത്തു. ഇനിയുള്ള മൂന്ന്‌ വര്‍ഷം തന്റെ നിര്‍ദ്ദേശപ്രകാരമായിരിക്കും പാര്‍ട്ടിയും സര്‍ക്കാരും മുന്നോട്ട്‌ പോവുക എന്നാണ്‌ പിണറായി വിജയന്റെ വാക്കുകളും ശരീരഭാഷയും വ്യക്തമാക്കുന്നത്‌.

പിണറായി വിജയന്റെ മൂന്നാമൂഴവും അദ്ദേഹം പാര്‍ട്ടിയില്‍ നേടുന്ന സ്വാധീനവുമെല്ലാം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ്‌ പ്രാധാന്യമുള്ള വിഷയം. കേരളീയരെ സംബന്ധിച്ചിടത്തോളം അവര്‍ വോട്ടുനല്‍കി വിജയിപ്പിച്ച സര്‍ക്കാര്‍ എത്രമാത്രം ജനക്ഷേമപരമായി ഭരണം നടത്തുന്നു എന്നതാണ്‌ പ്രാധാന്യം. വികസനത്തിന്റെ പേരിലായാലും പുരോഗതിയുടെ പേരിലായാലും ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നയങ്ങള്‍ സാധാരണക്കാരനെ അവന്റെ കിടക്കപ്പായയില്‍നിന്ന്‌ കുടിയിറക്കുന്ന തരത്തിലാവരുത്‌ എന്നകാര്യത്തില്‍ കേരളീയര്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌. മാത്രമല്ല വികസനത്തിന്റെ പേരില്‍ കേരളത്തിന്റെ ഈടുവയ്പ്പുകള്‍ വിറ്റുതുലക്കാനും പാടില്ല. ഒപ്പംതന്നെ എല്ലാവിധ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കും കടിഞ്ഞാണ്‍ ഇടേണ്ടതുണ്ട്‌. ഈ വിഷയങ്ങളില്‍ കരുത്തോടെ തീരുമാനമെടുത്ത്‌, ജനഹിതമനുസരിച്ച്‌ ഭരണത്തെ നിയന്ത്രിക്കാന്‍ സാധിച്ചാല്‍ പിണറായി വിജയന്‌ പാര്‍ട്ടിക്കതീതമായ ബഹുമാനം ലഭിക്കും. മറിച്ചാണ്‌ നീക്കമെങ്കില്‍ അടുത്തതെരഞ്ഞെടുപ്പില്‍ അതിന്റെ തിരിച്ചടി ലഭിക്കുകയും ചെയ്യും.

കള്ളുകുടി, കുപ്പിയേറ്‌, കുടംതല്ലല്‍...

പാഠം മാസിക മാര്‍ക്സിസ്റ്റുപാര്‍ട്ടിയെ ഒരു പാഠവും പഠിപ്പിച്ചില്ല. എന്നാല്‍ ഇന്നലെ നടന്ന കുപ്പിയേറും കുടം തല്ലലും പാര്‍ട്ടിയെ എന്തെങ്കിലും ഗുണപാഠം പഠിപ്പിക്കുമോ എന്നാണ്‌ ഇനി കാണാനുള്ളത്‌.

നേരം വെളുത്തപ്പോള്‍ മുതല്‍ വെള്ളം കോരിയിട്ട്‌ വൈകുന്നേരമായപ്പോള്‍ കുടം തല്ലി എന്ന്‌ പറഞ്ഞ പോലെ പാര്‍ട്ടി സമ്മേളനത്തിന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്തിയവരുടെ ഉള്ളില്‍ കമ്യൂണിസമല്ല; കള്ളായിരുന്നുവെന്ന്‌ തുറന്നടിച്ചത്‌ പിണറായി തന്നെയാണ്‌. കള്ള്‌ എന്നുവച്ചാല്‍ കള്ള്‌ മാത്രമല്ല; സകല ഇനം മദ്യവും ആ പ്രയോഗത്തില്‍വരും.

കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി ആഗോളവല്‍ക്കരണമല്ല ആഗോള താപനവുമല്ല. ഭൂഗോളം കയ്യിലിട്ടമ്മാനമാടിക്കാന്‍ തോന്നിക്കുന്ന മദ്യലഹരിയാണ്‌.

ചാരായ നിരോധനത്തോടെ നാടെങ്ങും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ഇന്ത്യന്‍ നിര്‍മിത വ്യാജമദ്യവും ഇന്ത്യന്‍ നിര്‍മിത മേശക്കള്ളും വ്യാപകമായിക്കഴിഞ്ഞു.

രണ്ടെണ്ണം അകത്തുചെന്നാല്‍ അന്നേരം തോന്നുന്നതെന്താണോ അതൊക്കെ ചെയ്തുകളയും കുടിയന്മാര്‍.

പണ്ട്‌ കമ്യൂണിസ്റ്റുകാര്‍ കള്ളുകുടിച്ചിരുന്നില്ല. അഥവാ കള്ളുകുടിച്ച കമ്യൂണിസ്റ്റുകാര്‍ വീടിനുപുറത്തിറങ്ങിയിരുന്നില്ല.

കാലം വല്ലാണ്ടു സങ്കീര്‍ണമായതോടെ കമ്യൂണിസ്റ്റുകാരും കുടി തുടങ്ങി. അമ്മായിയമ്മയും മരുമോളും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടത്തില്‍ മനം നൊന്തവര്‍, തലതിരിഞ്ഞുപോയ സന്താനങ്ങളെയോര്‍ത്ത്‌ ഉള്ളുരുകിയവര്‍, ലോട്ടറിയടിക്കാത്തതില്‍ നിരാശരായവര്‍ എന്നുവേണ്ട സന്നിധാനന്ദന്‍ ഐഡിയ സ്റ്റാര്‍സിംഗറില്‍ നിന്നു പുറത്തുപോയതില്‍ മനം തകര്‍ന്നവര്‍ തുടങ്ങി സകല പുരുഷകേസരികളും കുടിക്കാന്‍ ഓരോരോ കാരണങ്ങള്‍ കണ്ടെത്തി.

മദ്യവില്‍പ്പനക്കാരുടെ സ്വന്തം നാടായി കേരളം ആടിക്കുഴയുന്നതുകണ്ട്‌ മദ്യവിരുദ്ധ സമിതിക്കാര്‍ നാളിതുവരെ നടത്തിയ ധര്‍ണകളും പ്രസ്താവനകളും ആരും ചെവിക്കൊണ്ടില്ല!

കേരളത്തെ പലയിനത്തിലും നവീകരിച്ച കമ്യൂണിസ്റ്റ്‌ പാര്‍ട്ടി തൊഴിലാളികള്‍ക്കിടയിലെ മദ്യബാധയ്ക്കെതിരെ രംഗത്തുവരണമെന്നാണ്‌ ഇന്നലത്തെ കുപ്പിയേറുനല്‍കുന്ന പാഠം.

കുടിയന്മാര്‍ ഇനി പാര്‍ട്ടിയിലുണ്ടാവില്ലെന്നു ശഠിക്കാന്‍ പിണറായിക്കുമാത്രമേ കഴിയൂ. കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്ത്‌ വിറ്റഴിഞ്ഞ മദ്യത്തിന്റെ കണക്ക്‌ അച്ചായന്മാരുടെ ക്രിസ്മസ്‌ കുടിയെ കടത്തിവെട്ടിയ സ്ഥിതിയാണ്‌. മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ വിചാരിച്ചിടത്തല്ല പാര്‍ട്ടിയെന്നു തെളിയിക്കാന്‍ കഴിഞ്ഞ പിണറായിക്ക്‌ ഇക്കാര്യത്തില്‍ മെത്രാനച്ചന്മാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ഒരു വഴി തുറന്നുകിട്ടിയിരിക്കുന്നു.

ഒരു വെടിക്ക്‌ രണ്ടു പക്ഷികളാണ്‌ നിലംപൊത്താന്‍ പോകുന്നത്‌. കമ്യൂണിസ്റ്റുകാര്‍ കള്ളടിച്ചു പിമ്പിരിയായി 'വഷള'ന്മാരാവുകയുമില്ല; മെത്രാനച്ചന്മാര്‍ പാര്‍ട്ടിക്കൊപ്പം പോരാട്ടത്തിനിറങ്ങേം ചെയ്യും.

ഒരു കാര്യം സമ്മതിച്ചേ തീരൂ! ലോകം മുഴുവനും കേള്‍ക്കേ തന്റെ അണികളെ കണിശമായി, പരസ്യമായി ശാസിക്കാന്‍ കെല്‍പ്പുള്ള ഒരേയൊരു നേതാവ്‌ പിണറായി മാത്രമാണ്‌!

Thursday, February 14, 2008

അദര്‍ ഡ്യൂട്ടി എന്ന അടിമപ്പണി അവസാനിപ്പിക്കണം

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഏര്‍പ്പെടുത്തിയ ഓര്‍ഡര്‍ലി സമ്പ്രദായമെന്ന അടിമപ്പണി അദര്‍ ഡ്യൂട്ടി എന്ന പേരില്‍ കേരള പോലീസില്‍ ഇന്നും തുടരുന്നത്‌ കേരളീയര്‍ക്കെല്ലാം അപമാനമാണ്‌.

ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്റെ വീട്ടിലെ പട്ടിയെ കുളിപ്പിക്കാനും കുട്ടികളെ സ്കൂളില്‍ കൊണ്ടുപോകാനും വീട്ടുസാധനങ്ങള്‍ വാങ്ങാനും വീട്ടുകാരുടെ വസ്ത്രങ്ങള്‍ അലക്കിത്തേക്കാനും കോണ്‍സ്റ്റബിള്‍ തലത്തിലുള്ളവരെ നിയോഗിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാകും. എന്നാല്‍ അതാണ്‌ സത്യം. ഐപിഎസ്‌ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ വീടുകളിലാണ്‌ പോലീസുകാര്‍ ഇങ്ങനെ ആത്മാഭിമാനം പണയപ്പെടുത്തി അടിമപ്പണി ചെയ്യുന്നത്‌.

ക്രമസമാധാനപാലനത്തോടുള്ള അദമ്യമായ ആഗ്രഹം കൊണ്ടൊന്നുമല്ല യുവാക്കള്‍ പോലീസിലെത്തുന്നത്‌. ജീവിക്കാന്‍ ഒരു തൊഴില്‍ വേണം. മുട്ടാവുന്ന വാതിലുകളെല്ലാം മുട്ടിയിട്ടും മാന്യമായ തൊഴില്‍ ലഭിക്കാതെ വരുമ്പോഴാണ്‌ കാക്കിയണിയാന്‍ ഭൂരിപക്ഷം പേരും തയ്യാറാകുന്നത്‌. സമൂഹത്തില്‍ മറ്റുള്ളവരെപ്പോലെ മാന്യമായി തലയുയര്‍ത്തിപ്പിടിച്ച്‌ ജീവിക്കാനുള്ള ആഗ്രഹവുമായി പോലീസിലെത്തി കഠിന പരിശീലനം നേടിക്കഴിയുമ്പോള്‍ ഇവരെ വീട്ടുവേലക്കാരാക്കി മാറ്റുന്ന സമ്പ്രദായം ആധുനിക സമൂഹത്തിന്‌ ഒരിക്കലും നിരക്കുന്നതല്ല.

മര്‍ദ്ദിതരുടെയും ചൂഷിതരുടെയും ദുര്‍ബലരുടെയും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെയും മോചന പ്രത്യയശാസ്ത്രം ജീവിതവ്രതമായി സ്വീകരിച്ചവര്‍ ഭരണം നടത്തുമ്പോഴും മാനവരാശിക്ക്‌ തന്നെ അപമാനമായ ഇത്തരം അടിമപ്പണി തുടരുന്നു എന്ന്‌ പറയുമ്പോള്‍ നാം ആര്‍ജ്ജിച്ചു എന്ന്‌ പറയുന്ന വിവേകവും സാക്ഷരതയും ഒക്കെ എത്രമാത്രം പൊള്ളയായതാണെന്ന്‌ വ്യക്തമാകുന്നു.

അദര്‍ ഡ്യൂട്ടിയില്‍ ജില്ലതോറും നൂറുകണക്കിന്‌ പേരാണ്‌ നിയമിക്കപ്പെട്ടിട്ടുള്ളത്‌. പോലീസുകാര്‍ക്ക്‌ സംഘടനാസ്വാതന്ത്ര്യം ഉണ്ടെങ്കിലും അദര്‍ ഡ്യൂട്ടിയില്‍ നിയമിക്കപ്പെടുന്നവര്‍ക്ക്‌ തങ്ങള്‍ അനുഭവിക്കുന്ന നീചമായ അനുഭവങ്ങള്‍ പോലും പുറത്തറിയിക്കാനുള്ള സ്വാതന്ത്ര്യമില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. പോലീസ്‌ യൂണിയനുകളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക്‌ ഈ ചൂഷിതരെക്കുറിച്ച്‌ ബോധമുണ്ടെങ്കിലും ഇവരുടെ മോചനത്തിനുവേണ്ടി, ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി ചെറുവിരല്‍ അനക്കാന്‍ അവരും തയ്യാറല്ല.

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായി ചാര്‍ജെടുത്തുകഴിഞ്ഞപ്പോള്‍ ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുകയും അദര്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിക്കാനുള്ള ഉത്തരവിടാന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയ്ക്ക്‌ നിര്‍ദ്ദേശം നല്‍കുകയും ചെയ്തതാണ്‌. അതിന്റെ അടിസ്ഥാനത്തില്‍ ഒരു ഉത്തരവ്‌ ഇറങ്ങിയെങ്കിലും ഡിജിപി തന്നെ ആ ഉത്തരവ്‌ മുക്കി പോലീസിലെ അടിമപ്പണിക്ക്‌ പ്രോത്സാഹനം നല്‍കുകയായിരുന്നു.

പോലീസ്‌ സേനയെ സംബന്ധിച്ച്‌ പൊതുവില്‍ പറഞ്ഞാല്‍ സിഐ മുതല്‍ താഴോട്ടുള്ളവരെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മേലുദ്യോഗസ്ഥരുടെ അടിമകളാണ്‌. ഡിവൈഎസ്പി മുതലുള്ള ഏമാന്മാരുടെ ഏതാജ്ഞയും ശിരസ്സാവഹിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാണ്‌. ഇതിനു പുറമെയാണ്‌ അദര്‍ ഡ്യൂട്ടിക്ക്‌ നിയോഗിക്കപ്പെടുന്നവരുടെ നരകജീവിതം.

കോടിയേരി ബാലകൃഷ്ണന്‍ പ്രശ്നത്തില്‍ ഇടപെട്ടതും ഉത്തരവിറക്കാന്‍ നിര്‍ദ്ദേശം നല്‍കിയതും മാതൃകാപരമായ നടപടിയായിരുന്നെങ്കിലും തന്റെ നിര്‍ദ്ദേശപ്രകാരം ഇറക്കിയ ഉത്തരവ്‌ പൂര്‍ണ്ണമായും നടപ്പിലാക്കിയോ എന്ന്‌ ശ്രദ്ധിക്കാന്‍ അദ്ദേഹവും തയ്യാറായില്ല. അതായത്‌ പ്രശ്നം പുറംലോകം അറിയുകയും വഷളാകുകയും ചെയ്തപ്പോള്‍ എല്ലാവരുടെയും കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമായിരുന്നു ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശവും ഡിജിപിയുടെ ഉത്തരവും എന്ന്‌ വ്യക്തമാകുന്നു.

നാട്ടില്‍ പട്ടി വണ്ടിയിടിച്ച്‌ ചത്താല്‍ അത്‌ പ്രശ്നമാക്കി കോടതികളില്‍ ഹര്‍ജി നല്‍കുന്ന നിരവധി സന്നദ്ധസംഘടന പ്രവര്‍ത്തകരും പൗരാവകാശ വിദഗ്ദരുമുള്ള നാടാണ്‌ കേരളം. എന്നാല്‍ ഇവരും അദര്‍ ഡ്യൂട്ടിക്കാരുടെ നരകജീവിതം കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. അതായത്‌ ഒരു സമൂഹം മുഴുവനും ചേര്‍ന്നുകൊണ്ട്‌ നടത്തുന്ന മനുഷ്യാവകാശ ധ്വംസനമാണിത്‌. ഇനിയെങ്കിലും ഇതിനെതിരെ സമൂഹ മനസാക്ഷി ഉണര്‍ന്നേ തീരൂ. ഈ നിസഹായരുടെ മോചനം എത്രയും പെട്ടെന്ന്‌ നടപ്പിലാക്കാന്‍ കൂട്ടായി യത്നിക്കേണ്ടതുണ്ട്‌. പൊതുവില്‍ പോലീസ്‌ ജനങ്ങളുടെ സുഹൃത്തല്ല, മറിച്ച്‌ ഭരണകൂടത്തിന്‌ അതിന്റെ ഭീകരത നടപ്പിലാക്കാനുള്ള ഒരു ഏജന്‍സി മാത്രമാണെന്ന ധാരണയാണുള്ളത്‌. ഒരു പരിധിവരെ അത്‌ ശരിയാണുതാനും. എല്ലാ അനാശാസ്യ പ്രവര്‍ത്തനങ്ങളും പോലീസിന്റെ സഹായത്തോടെ നടക്കുന്നു എന്നു മാത്രമല്ല, പോലീസ്‌ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഇതില്‍ പങ്കാളികളുമാണ്‌. ഈ യാഥാര്‍ത്ഥ്യങ്ങള്‍ അതേപടി അംഗീകരിച്ചു കൊണ്ടുതന്നെ പറയട്ടെ ഏമാന്മാരുടെ വീട്ടില്‍ അടിമപ്പണിക്ക്‌ നിയോഗിക്കപ്പെട്ട പോലീസുകാരുടെ മോചനത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയേ തീരൂ. കാരണം പാരതന്ത്ര്യം മാനികള്‍ക്ക്‌ മൃതിയേക്കാള്‍ ഭയാനകമാണ്‌.

വസന്തം ചെറിമരങ്ങളോട്‌ ചെയ്ത ചതി!

അമ്മാമ്മ ചത്തതിന്റെ 'ചെലവ്‌' ചോദിക്കുന്ന കാലത്ത്‌, പ്രണയദിനത്തിന്‌ ചെലവുകുറയുമോ?

അംഗന്‍വാടി വിദ്യാര്‍ഥിനി മൂന്നുവയസുകാരി പുന്നാരമ്മിണ്ണി തൊട്ടടുത്തിരിക്കുന്ന കിങ്ങിണിക്കുട്ടന്‌ വാലന്റൈന്‍സ്‌ ഡേ സമ്മാനം കൊടുക്കാന്‍ കൂലിപ്പണിക്കാരനായ തന്തപ്പടി കോമളനോട്‌ വായ്പ ചോദിച്ചത്‌ വെറും അഞ്ഞൂറു രൂപ!

വാലന്റൈന്‍സ്‌ ഡേയുടെ ആഘാതത്തില്‍ തരിച്ചിരുന്നുപോയ കോമളന്റെ മുന്നില്‍ ഇയാളെന്തൊരു കോന്തന്‍, അപരിഷ്കൃതന്‍, എന്റെ ജീവിതം കട്ടപ്പൊകയായിപ്പോയല്ലോയെന്ന മുഖഭാവത്തില്‍ നില്‍ക്കുന്നു കടിഞ്ഞൂര്‍ സന്തതി പുന്നാരമ്മിണി!

കഴിഞ്ഞവര്‍ഷം ദരിദ്ര നാരായണന്മാരുടെ ഇന്ത്യാ മഹാരാജ്യത്ത്‌ വാലന്റൈന്‍സ്‌ ഡേ സമ്മാനങ്ങളായി വിറ്റഴിഞ്ഞത്‌ 1400 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍.

ഇത്തവണ മൂവായിരം കോടി രൂപയുടെ സമ്മാനങ്ങളാണത്രെ വിറ്റഴിച്ചത്‌! എങ്ങനുണ്ട്‌ പ്രണയപ്പനി?

പ്രണയം എന്നു പറയുന്ന സാധനം ഇതുവരെ ആരും കണ്ടിട്ടില്ല. ദൈവം, ചെകുത്താന്‍ എന്നീ സംഗതികള്‍ പോലെ ആരും കാണാത്തൊരു സംഗതി.

ദൈവമുണ്ടെന്നതൊരു വിശ്വാസം. ചെകുത്താനുണ്ടെന്നതും ഒരു വിശ്വാസം. പ്രണയമുണ്ടെന്നതും വെറുമൊരു വിശ്വാസം!

പെരുവഴിയിലൂടെ വെറുതെ നടക്കുമ്പോള്‍ തൊട്ടരികില്‍, മുട്ടി-മുട്ടിയില്ല എന്ന മട്ടില്‍ ഒരോലമടല്‍ വീഴുമ്പോള്‍ തോന്നുന്ന സാധനമാണ്‌ ദൈവ വിചാരം!

കുടി നിര്‍ത്തിയ കുമാരന്‍ വൈകുന്നേരം വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ അറിയാതെ കാലുകള്‍ കള്ളുഷാപ്പിലേക്ക്‌ നടന്നു കയറാന്‍ വെമ്പുന്നതാണ്‌ ചെകുത്താന്‍ വിചാരം!

അയല്‍വക്കത്തെ അമ്മിണി തനിക്കുവേണ്ടി ഭഗവതീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി നടത്തിയെന്നറിയുമ്പോള്‍ രാമകൃഷ്ണന്റെ ലോലമനസില്‍ വിരിയുന്നതാണ്‌ പ്രണയ വിചാരം!

ഒക്കെയും ഒരു തോന്നലായിരുന്നുവെന്നറിയാന്‍ ചിലപ്പോള്‍ ഒരാഴ്ച, ചിലപ്പോള്‍ ഒരു മാസം, ചിലപ്പോള്‍ ഒരു കൊല്ലം, ചിലപ്പോള്‍ ഒരായുസ്സുവരെ എടുത്തെന്നുവരാം!

മുന്തിയ ഇനം പ്രണയം എന്നു പറയുന്നത്‌ ചീറ്റിപ്പോയ പ്രണയമാണ്‌. പ്രണയം ചീറ്റിപ്പോയവന്‍ എന്തു കടുംകൈയും ചെയ്യും. കവിത വരെ എഴുതിക്കളയും.

'ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖ
മെന്താനന്ദമാണെനിക്കോമനേ...
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ
നിന്‍ അസാന്നിധ്യം പകരുന്ന വേദന..'
എന്ന്‌ ഒരു പ്രണയം ചീറ്റിയ ദിനത്തില്‍ ചുള്ളിക്കാട്‌ വരെ പാടിപ്പോയിട്ടുണ്ട്്‌. '

അയല്‍വാസിയെ സ്നേഹിക്ക' എന്ന സത്യവേദപുസ്തകത്തിലെ കല്‍പ്പന പാലിച്ച്‌ അയല്‍ക്കാരിയെ പ്രണയിച്ച്‌ കെട്ടിയവനോട്‌ ആദ്യരാത്രിയില്‍ പ്രണയിനി പറഞ്ഞു 'ശത്രുവിനെ സ്നേഹിക്ക' എന്ന കല്‍പ്പനയാണവള്‍ പാലിച്ചതെന്ന്‌! വാലന്റൈന്‍സ്‌ ദിനത്തില്‍ കിട്ടാവുന്നവരില്‍ നിന്നൊക്കെ കിട്ടാവുന്നിടത്തോളം ഗൃഹോപകരണങ്ങള്‍ സമ്മാനമായി വാങ്ങിയെടുക്കുക എന്നതുമാത്രമാണ്‌ ബുദ്ധി.

വസന്തം ചെറിമരങ്ങളോട്‌ ചെയ്ത തോന്ന്യാസം ഇനിയത്തെ കാലത്ത്‌ നടക്കണ കാര്യമാണോ!

Wednesday, February 13, 2008

കാട്ടിലെ ആന; നാട്ടിലെ നിയമം

ആന ആനയാകുന്നത്‌ മദമിളകുമ്പോള്‍ മാത്രമാണ്‌. സിനിമാ നടന്‍ കൃഷ്ണന്‍കുട്ടിനായരുടെ ആരോഗ്യശേഷിപോലുമില്ലാത്ത ഈര്‍ക്കിലിപോലത്തെ പാപ്പാന്റെ കാരക്കോലിനുകീഴില്‍ വിറച്ചുനില്‍ക്കുന്ന ആന സത്യത്തില്‍ നോര്‍മലല്ല!

അതിരുകളില്ലാത്ത കാട്ടിലെ സ്വാതന്ത്ര്യത്തില്‍നിന്ന്‌ അടിമത്വത്തിന്റെ ചങ്ങലപ്പൂട്ടില്‍ ആനയെ തളച്ചത്‌ ആനയുടെ വാലിനോളം പോന്ന മനുഷ്യനാണ്‌. നാട്ടിലെ ആന കാട്ടിലെ ആനയുടെ തനി സ്വഭാവം എടുക്കുമ്പോഴാണ്‌ ഇടത്താനേ.... വലത്താനേ......... എന്നൊക്കെ കല്‍പ്പിക്കുന്ന കള്ളുകുടിയന്‍ പാപ്പാനെ ചെവിക്കുപിടിച്ച്‌ വലിച്ചെറിയുന്നത്‌.

ആനയെ കണ്ടാല്‍ അന്നത്തെ പണിയുപേക്ഷിച്ച്‌ വാപൊളിച്ച്‌ ദിവസം മുഴുവന്‍ നിന്നനില്‍പ്പില്‍ നിന്നുപോകുന്ന ആനപ്രേമികളാണ്‌ ആനയ്ക്ക്‌ ഏറ്റവും വലിയ പാര!

ഇവര്‍ക്കാര്‍ക്കും ആനയുടെ വിഷമം അറിയില്ല. ഒരു ഭഗവാനും ആനയുടെ പക്ഷത്തല്ല. എല്ലാ ഭഗവാന്മാരും ആനയുടെ തലയില്‍കേറിയാണ്‌ കളിക്കുന്നത്‌.

പണ്ട്‌ തമിഴ്‌നാട്ടിലും ഇപ്പോള്‍ കൊച്ചുകേരളത്തിലും തെരുവോരങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നപോലെ നാടെങ്ങും പ്രശസ്തരായ ആനകളുടെ കട്ടൗട്ടുകള്‍ മുട്ടിയിട്ട്‌ നടക്കാന്‍വയ്യാ എന്നായിരിക്കുന്നു.

പ്രതിഷ്ഠയേക്കാള്‍ പ്രാധാന്യം പ്രതിഷ്ഠ ചുമക്കുന്ന ആനക്കാണെന്നതാണ്‌ സ്ഥിതി.

മന്നത്തുപത്മനാഭന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിങ്ങനെ മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ പ്രശസ്തന്മാരേക്കാളും പ്രശസ്തന്മാരാണ്‌ മംഗലാംകുന്ന്‌ കര്‍ണന്‍, തിരുമാറാടി കൃഷ്ണന്‍, പെരുമ്പാവൂര്‍ ദേവനാരായണന്‍ എന്നിങ്ങനെയുള്ള ആനകള്‍.

ഇന്നലെ ലോറിയില്‍ കൊണ്ടുപോയ മംഗലാംകുന്ന്‌ കര്‍ണന്‍ എന്ന ആനയുടെ ബുക്കും പേപ്പറും ശരിയല്ലെന്ന്‌ കണ്ട്‌ പോലീസ്‌ പിടിച്ചതായി വാര്‍ത്ത. പോലീസ്‌ ആനയെ സ്റ്റേഷനുമുന്നില്‍ നിര്‍ത്തിയത്‌ ഏഴു മണിക്കൂര്‍!

മംഗലാംകുന്ന്‌ കര്‍ണന്‍ ആരുടെയും ഒന്നും മോഷ്ടിച്ചിട്ടില്ല. ഒരു പെണ്ണിനേയും പീഡിപ്പിച്ചിട്ടില്ല. പിന്നെന്തിനാണ്‌ തന്നെയിങ്ങനെ നിന്നനില്‍പ്പില്‍ നിര്‍ത്തി പോലീസ്‌ പീഡിപ്പിക്കുന്നതെന്ന്‌ വിളിച്ചുചോദിക്കാന്‍ ആനയ്ക്കാണെങ്കില്‍ മലയാളം അറിയില്ല. ആനയുടെ ഭാഷയാണെങ്കില്‍ പോലീസിനും അറിയില്ല. അസോസിയേഷനില്‍ വിളിച്ചുചോദിക്കാമെന്നുവച്ചാല്‍ ആനയുടെ കൈയിലെ മൊബൈല്‍ഫോണില്‍ ചാര്‍ജും ഇല്ല!

മനുഷ്യന്മാര്‍ നേരെചൊവ്വേയാകാന്‍ മനുഷ്യന്മാരുണ്ടാക്കിയ നിയമങ്ങള്‍ നടപ്പാക്കുന്നതും മനുഷ്യന്‍, ലംഘിക്കുന്നതും മനുഷ്യന്‍. ആനയെ നേരെചൊവ്വേയാക്കാന്‍ മനുഷ്യന്മാരുണ്ടാക്കിയ നിയമങ്ങള്‍ നടപ്പാക്കുന്നതും മനുഷ്യന്‍, ലംഘിക്കുന്നതും മനുഷ്യന്‍. ഇവിടെയാണ്‌ പ്രശ്നത്തിന്റെ വേരുകിടക്കുന്നത്‌. ആനയ്ക്ക്‌ ആനയുടേതായ നിയമമുണ്ട്‌. അത്‌ കാട്ടിലെ നിയമമാണ്‌. ആ നിയമമനുസരിച്ച്‌ ജീവിക്കാന്‍ സമ്മതിക്കാത്ത മനുഷ്യനെ താപ്പുകിട്ടിയാല്‍ ചെവിക്കുപിടിച്ച്‌ വലിച്ചെറിയുകയല്ലാതെ ആനയുടെ മുന്നില്‍ നോ വഴി!

ആര്‍ഭാടത്തിന്റെ; കാപട്യത്തിന്റെ; സംസ്ഥാന സമ്മേളനം

"കമ്മ്യൂണിസ്റ്റ്കാരെക്കുറിച്ച്‌ ചിലര്‍ക്കെല്ലാം ചില ധാരണയുണ്ട്‌. കുളിക്കാതെ, നനയ്ക്കാതെ; താടിയും മുടിയും വളര്‍ത്തി, കട്ടന്‍ചായയും കുടിച്ച്‌ ഒരു പരിപ്പുവടയും തിന്ന്‌.... അങ്ങനെ പാര്‍ട്ടി വളര്‍ത്തിയാല്‍ ഒരാളെയും ഇന്ന്‌ കിട്ടില്ല." സഖാവ്‌ ഇ.പി. ജയരാജന്‍ കുറേ നാളുകള്‍ക്കുമുമ്പ്‌ ഇങ്ങനെ രോഷം കൊണ്ടത്‌ തല്‍സമയം കാണാന്‍ കേരളീയര്‍ക്കെല്ലാം ഭാഗ്യമുണ്ടായി. അന്നത്തെ ആ രോഷത്തിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള വിവര്‍ത്തനമാണ്‌ കോട്ടയം നഗരത്തില്‍ ഇപ്പോള്‍ ദൃശ്യമായിട്ടുള്ളത്‌.

19-ാ‍ം പാര്‍ട്ടികോണ്‍ഗ്രസിനോടനുബന്ധിച്ച്‌ കോട്ടയത്ത്‌ നടക്കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം, ആഡംബരത്തിന്റെയും ആഘോഷങ്ങളുടെയും പണക്കൊഴുപ്പിന്റെയും വിനോദങ്ങളുടെയും സമാനതകളില്ലാത്ത പ്രദര്‍ശനമാണ്‌. തോരണം മുതല്‍ വാര്‍ത്തകള്‍ ചോരാതിരിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മൊബെയില്‍ ജാമറുകളില്‍ വരെ ഈ പണക്കൊഴുപ്പ്‌ പ്രത്യക്ഷത്തില്‍തന്നെ ദൃശ്യമാണ്‌.

നഗരഹൃദയം ഇപ്പോള്‍ കടുംചുവപ്പണിഞ്ഞ്‌ പരിലസിക്കുകയാണ്‌. പ്രതിനിധിസമ്മേളനം നടക്കുന്ന മാമ്മന്‍ മാപ്പിള ഹാളില്‍ കേന്ദ്രീകൃത ശീതീകരണ സംവിധാനമാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. വിയര്‍ക്കാതെ പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള പുതിയ തന്ത്രങ്ങളാണ്‌ ഇവിടെ ആവിഷ്കരിക്കപ്പെടുന്നത്‌. മാറിയ കാലത്തിനനുസരിച്ച്‌ കോലം കെട്ടിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഒരു പട്ടിപോലും അംഗമാവില്ലെന്ന സഖാവ്‌ ജയരാജന്റെ തിരിച്ചറിവ്‌ ഇത്രയ്ക്ക്‌ കണിശമായി നടപ്പിലാക്കുമെന്ന്‌ ആരും കരുതിയതല്ല.

ഇന്ത്യയില്‍ ഏറ്റവുമധികം മൂലധനമുള്ള (4000 കോടിയിലധികം) ഒരു വിപ്ലവപാര്‍ട്ടിയുടെ സംസ്ഥാനസമ്മേളനം ഇങ്ങനെയെങ്കിലും ആയിരിക്കണമെന്നതില്‍ സംശയമില്ല. മാറ്റത്തിന്റെ ഈ പാതയിലേക്ക്‌ പാര്‍ട്ടി ഇറങ്ങിയതുകൊണ്ടാണ്‌ 20,000 ത്തിലധികം അംഗങ്ങളെ ലഭിച്ചതെന്ന്‌ പിണറായി വിജയന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ അഭിമാനപൂവ്വം എടുത്തുപറയുന്നുണ്ട്‌.

മാറ്റത്തിന്റെ ഈ കാറ്റ്‌ ഏല്‍ക്കാനോ അതിന്റെ സ്രോതസ്‌ അംഗീകരിക്കാനോ മനസില്ലാത്ത അച്യുതാനന്ദനെ സമ്മേളന പ്രതിനിധികള്‍ നിര്‍ത്തിപ്പൊരിച്ചത്‌ അതുകൊണ്ടാണ്‌. അധ്വാനവര്‍ഗ്ഗ സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രപരമായ സുതാര്യതയൊന്നും പാര്‍ട്ടിക്ക്‌ പഥ്യമായ കാര്യങ്ങളല്ല. ഫാരിസ്‌ അബുബക്കറും സാന്റിയാഗോ മാര്‍ട്ടിനും എളമരം കരീമുമൊക്കെയാണ്‌ പുതിയ 'മൂലധന' സിദ്ധാന്ത രചയിതാക്കള്‍. അതുകൊണ്ടാണ്‌ ഫാരിസ്‌ അബുബക്കറെ വേണ്ടപ്പെട്ടവനും ഫാരിസിനെ വെറുക്കപ്പെട്ടവനെന്ന്‌ വിശേഷിപ്പിച്ച അച്യുതാനന്ദനെ വിഭാഗിയതയുടെ ആശാനുമായി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പിണറായി അവതരിപ്പിച്ചത്‌.

അച്യുതാനന്ദന്റെ നടപടികള്‍ പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ അവമതിച്ചു എന്ന്‌ വിലപിക്കുന്ന പിണറായിയുടെ കണ്ണ്‌ ഇ.പി.ജയരാജനിലും സാന്റിയാഗോ മാര്‍ട്ടിനിലും ഫാരിസിലുമൊന്നും പതിക്കാതിരുന്നത്‌ ബോധപൂര്‍വ്വമാണ്‌. കാരണം എസ്‌എന്‍സി ലാവ്ലിന്‍ അഴിമതിയുടെ നാലയലത്തെത്തുകയില്ല കുട്ടിവേഷങ്ങളുടെ ഈ ഇളകിയാട്ടം. അഗ്നിശുദ്ധി നേടിയവരായി, അലക്കിത്തേച്ച വസ്ത്രങ്ങളും ഡൈ ചെയ്ത തലകളുമായി ശീതീകരിച്ച മുറിയിലിരുന്ന്‌ ഈ വിപ്ലവാചാര്യന്മാര്‍ക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌ പഴിയെല്ലാം അച്യുതാനന്ദന്റെ തലയില്‍ ചാര്‍ത്തിക്കൊടുക്കാന്‍ മാത്രമാണ്‌.

വിനോദങ്ങളുടെയും ആഘോഷങ്ങളുടെയും ഹൈടെക്‌ വിഭവങ്ങളാണ്‌ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ ഒരുക്കിയിട്ടുള്ളത്‌. പൊതുജനങ്ങള്‍ അവയെല്ലാം ശരിക്ക്‌ ആസ്വദിക്കുന്നുമുണ്ട്‌. വര്‍ഗ്ഗസമരത്തിലൂന്നിയ സമര-പ്രക്ഷോഭങ്ങളെക്കാള്‍, അധിനിവേശ ശക്തികള്‍ ജനങ്ങളെ മയക്കാന്‍ ഉപയോഗിക്കുന്ന ഇത്തരം കറുപ്പുതന്നെയാണ്‌ പാര്‍ട്ടി വളര്‍ത്താന്‍ ഗുണകരമെന്ന തിരിച്ചറിവും ഈ സമ്മേളനവേദിയിലും നഗരിയിലും വ്യക്തമാണ്‌.

ക്രൈസ്തവസഭകളുമായി പ്രത്യേകിച്ച്‌ കത്തോലിക്ക സഭയുമായി തുറന്ന ഏറ്റുമുട്ടലിലാണ്‌ പാര്‍ട്ടിയും പാര്‍ട്ടിപത്രവും പിണറായി വിജയനും. എന്നാല്‍ സമ്മേളന നഗരി അലങ്കരിക്കാനും സമ്മേളനവേദിയുടെ മോടികൂട്ടാനും സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ്‌ ബോര്‍ഡുകളിലിരുന്ന്‌ മദര്‍തെരേസ മന്ദഹസിക്കുന്നതു കാണുമ്പോള്‍ സഖാക്കളുടെ കറതീര്‍ന്ന കാപട്യമാണ്‌ ജനങ്ങള്‍ മനസിലാക്കുന്നത്‌. മദര്‍തെരേസക്കൊപ്പം സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവും അയ്യങ്കാളിയുമൊക്കെ സഖാക്കളുടെ പുതിയ വളര്‍ച്ചക്ക്‌ അഭിവാദ്യമര്‍പ്പിക്കാന്‍ നഗരവീഥികളില്‍ അണിനിരന്നിട്ടുണ്ട്‌. വാര്‍ത്താപ്രാധാന്യം നേടാനും പ്രകോപനങ്ങള്‍ നിരന്തരം സൃഷ്ടിക്കാനും മതത്തെയും അതിന്റെ ആചാര്യന്മാരെയും നിരന്തരം ആക്രമിക്കുകയും വോട്ടും പിന്‍തുണയും നേടാന്‍ അവരുടെ ചിത്രങ്ങള്‍ ബഹുവര്‍ണ്ണത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന വൈരുദ്ധ്യാധിഷ്ഠിത അടവുനയമാണ്‌ പിണറായിയും കൂട്ടരും കൗശലപൂര്‍വ്വം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്‌.

പാര്‍ട്ടിയെ തകര്‍ക്കുന്ന കമ്മിസാര്‍മാരെക്കുറിച്ചും അവരുടെ കപടവിപ്ലവ ഭാവങ്ങളെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചും ലെനിന്‍ നല്‍കിയ മുന്നറിയിപ്പുകളെല്ലാം എക്സ്പയറി ഡേറ്റ്‌ കഴിഞ്ഞ പ്രതിരോധ ഔഷധങ്ങളാണെന്ന്‌ ഈ സഖാക്കള്‍ തിരിച്ചറിഞ്ഞു എന്നതിന്റെ വിവര്‍ത്തനം കൂടിയാണ്‌ ആര്‍ഭാടത്തിന്റെയും കാപട്യത്തിന്റെയും ഈ സംസ്ഥാനസമ്മേളനം.

ലാല്‍ സലാം സഖാക്കളെ....

Tuesday, February 12, 2008

ഭാഗ്യം പ്രസവിക്കുമ്പോള്‍

പ്രസവിക്കണമെങ്കില്‍ ഭാഗ്യവാനെ പ്രസവിക്കണം. ശൂരനെയോ പണ്ഡിതനെയോ പ്രസവിച്ചാല്‍ അമ്മയ്ക്ക്‌ വയസാംകാലത്ത്‌ കഞ്ഞികിട്ടണമെന്നില്ല എന്നാണ്‌ പാഠം.

കേരളത്തില്‍ കുറെയധികം പൗരന്മാര്‍ ദരിദ്രനാരായണന്മാരായി പോയത്‌ അവന്മാരുടെ ഭാഗ്യകേട്‌ ഒന്നുകൊണ്ടുമാത്രമാണ്‌. ഇക്കാര്യത്തില്‍ തര്‍ക്കമുള്ളവര്‍ക്ക്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്കുമായി തര്‍ക്കിക്കാവുന്നതാണ്‌.

കേരളത്തിലെ നിര്‍ഭാഗ്യവാന്മാരെ കരയ്ക്കുകയറ്റണമെന്ന്‌ ആദ്യം തോന്നിച്ചത്‌ സാക്ഷാല്‍ ഇഎംഎസിനാണ്‌. അതുകൊണ്ടാണ്‌ കേരള സര്‍ക്കാര്‍ ഭാഗ്യക്കുറി ആരംഭിച്ചത്‌.

കാലം ഒരുപാട്‌ മുന്നോട്ടുപോയി. ഒരുപാട്‌ അത്താഴപട്ടിണിക്കാര്‍ ലക്ഷാധിപതികളായി. ഒരുപാട്‌ കള്ളപ്പണം കയ്യിലുള്ളവര്‍ ലോട്ടറി അടിച്ച പട്ടിണിക്കാരന്‌ മുഴുവന്‍ തുക നല്‍കി ടിക്കറ്റ്‌ തങ്ങളുടെപേരില്‍ മാറ്റി വെള്ളപ്പണമാക്കി!

അതിനിടെ കേരളീയരെ ഭാഗ്യവാന്മാരാക്കാന്‍ ഓണ്‍ലൈന്‍, ഒറ്റനമ്പര്‍ ലോട്ടറി നമ്പറുകളുമായി അന്യസംസ്ഥാനങ്ങളും രംഗത്തുവന്നു. കൂലിവേല ചെയ്തുകിട്ടിയ കാശുമുഴുവനും കൊണ്ടുകൊടുത്ത്‌ ഭാഗ്യക്കുറി വാങ്ങി ചിലര്‍. ബ്ലേഡില്‍നിന്ന്‌ കടമെടുത്ത്‌ ഒറ്റനമ്പര്‍ എടുത്തു മറ്റുചിലര്‍. ഭാര്യയുടെ കെട്ടുത്താലി വിറ്റും ഭാഗ്യം ഉരച്ചുനോക്കി വേറെ ചിലര്‍.

സോഷ്യലിസം വിചാരിച്ചപോലെ എളുപ്പത്തില്‍ നടപ്പാക്കാനാവില്ലെന്ന്‌ ജ്യോതിബസു മുതല്‍ എളമരം കരീം വരെ കണ്ടുപിടിച്ചുകഴിഞ്ഞു. ഇനിയിപ്പോള്‍ മുതലാളിത്തത്തെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ ഒരൊറ്റ നമ്പറേയുള്ളൂ. എല്ലാവരും മുതലാളിമാരാകുക എന്നതാണ്‌ ആ നമ്പര്‍. അതിന്‌ സര്‍ക്കാരിനുമുന്നില്‍ ഒറ്റ വഴിയേയുള്ളൂ. ഭാഗ്യക്കുറി തന്നെയാണ്‌ ആ വഴി!

വൈകിയാണെങ്കിലും ഈ ബുദ്ധി ഉദിച്ചതിന്‌ തോമസ്‌ മാഷിനെ നാം സ്തുതിക്കണം. ചത്തുമണ്ണടിഞ്ഞതിനുശേഷം മോക്ഷം കിട്ടുമെന്ന്‌ പള്ളീലച്ചന്മാര്‍ പട്ടിണിപാവങ്ങളെ ഉപദേശിക്കുംപോലെ 'കിട്ടാനുള്ളത്‌ പുതിയൊരു ലോകം' എന്ന്‌ മുദ്രാവാക്യം വിളിപ്പിച്ച്‌ അണികളെ?എത്രകാലം കൂടെ നടത്താനാകും!

കട്ടന്‍ചായയും പരിപ്പുവടയും കൊടുത്താല്‍ ആരും ആരുടെ കൂടെയും ഇറങ്ങിച്ചെല്ലില്ല. മാസങ്ങള്‍ക്കുമുന്‍പേ സഖാവ്‌ ജയരാജന്‍ പറഞ്ഞതാണ്‌ ശരി. നാട്ടാരെല്ലാം ദിവസവും ചിക്കന്‍സൂപ്പ്‌ കഴിക്കുന്ന നല്ല കാലത്തിനുവേണ്ടി സൗകര്യംപോലെ പ്രാര്‍ഥിക്കുകയോ പ്രവര്‍ത്തിക്കുകയോ ആകാം!

നിലവിലുള്ള ഭാഗ്യക്കുറികള്‍കൊണ്ടുമാത്രം കേരളീയരെ മൊത്തം ഭാഗ്യവാന്മാരാക്കാനാവില്ലെന്ന്‌ കണ്ടെത്തിയിരിക്കുകയാണിപ്പോള്‍ നമ്മുടെ സര്‍ക്കാര്‍. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അക്ഷയ, ഐശ്വര്യ, അമൃത എന്നിങ്ങനെ പുതിയ മൂന്ന്‌ ഭാഗ്യക്കുറികള്‍കൂടി ഈയാഴ്ചമുതല്‍ പിറവിയെടുത്തിരിക്കുന്നു.

മൂലമ്പിള്ളിയില്‍ കുടിയിറക്കപ്പെട്ടവര്‍ അടക്കം നാനാജാതിമതസ്ഥരും പാര്‍ട്ടിക്കാരുമായ സകലദരിദ്രവാസികള്‍ക്കുമായി ഭാഗ്യദേവത തുനിഞ്ഞിറങ്ങിക്കഴിഞ്ഞു!

'നിന്നെയോക്കെ പഠിപ്പിക്കാന്‍വിട്ട നേരത്ത്‌ രണ്ടു വാഴവയ്ക്കാന്‍ തോന്നിയില്ലല്ലോ' എന്ന്‌ വയസാന്‍കാലത്ത്‌ മക്കളെനോക്കി തലയില്‍കൈവച്ച്‌ പ്രാകേണ്ടിവരാതിരിക്കാന്‍ ഇന്നുതന്നെ മക്കളുടെ പഠിത്തം നിറുത്തുക!

കൈയിലുള്ള കാശിന്‌ ഭാഗ്യക്കുറിയെടുക്കുക! ഭാഗ്യദേവത മാടിവിളിക്കുന്നു! നാളെയാണ്‌...നാളെയാണ്‌....നാളെയാണ്‌... നിങ്ങള്‍ ഒരു കോടീശ്വരനാകാന്‍ പോകാന്‍ തുടങ്ങുന്നത്‌!

സമ്മേളനം പൊടിപൊടിക്കുമ്പോള്‍ ഭരണകേന്ദ്രം നിശ്ചലം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ അവരുടെ താഴെത്തട്ടില്‍ നിന്ന്‌ തെരഞ്ഞെടുപ്പ്‌ നടത്താനും അവര്‍ ആഗ്രഹിക്കുന്ന തലത്തിലുള്ള സമ്മേളനങ്ങള്‍ നടത്താനും ജനാധിപത്യ ഭരണക്രമത്തില്‍ അവകാശവും സ്വാതന്ത്ര്യവുമുണ്ട്‌.

ഈ പാര്‍ട്ടികള്‍ ഭരണകക്ഷിയായാലും പ്രതിപക്ഷകക്ഷിയായാലും ഈ സ്വാതന്ത്ര്യത്തില്‍ വേര്‍തിരിവുകളില്ല. എന്നാല്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ അധികാരത്തിലേറുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ അവരുടെ പ്രത്യയശാസ്ത്രത്തിനോടും അണികളോടും പുലര്‍ത്തുന്ന ഉത്തരവാദിത്തത്തെക്കാള്‍ വലിയ ധാര്‍മിക ഉത്തരവാദിത്തം ജനങ്ങളോടാണ്‌. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക്‌ ഭരണപരമായി, നിയമാനുസൃതം പരിഹാരം കാണുന്നതിനു വേണ്ടിയാണ്‌ സമ്മതിദാനാവകാശം വിനിയോഗിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികളെ ഭരണകക്ഷികളാക്കുന്നതും അതിന്റെ തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ ജനപ്രതിനിധികളാക്കി ഭരണാധികാരത്തിന്റെ ചുക്കാന്‍ ഏല്‍പ്പിക്കുന്നതും.

എന്നാല്‍ ഭരണത്തിലേറിക്കഴിയുമ്പോള്‍ ജനങ്ങളോടുള്ള ഉത്തരവാദിത്തവും ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്ദാനവും അവരുടെ പ്രശനങ്ങളോട്‌ പുലര്‍ത്തേണ്ട പ്രതിബദ്ധതയും വിസ്മരിച്ച്‌ തന്നിഷ്ടപ്രകാരം ഭരണം നടത്തുന്ന രീതിയാണ്‌ കണ്ടുപോരുന്നത്‌. എന്നാല്‍ ഈ പതിവ്‌ ശൈലിക്ക്‌ അപവാദമായിരുന്നു കഴിഞ്ഞ കുറെ നാള്‍ മുമ്പുവരെ ഇടതുപക്ഷ പാര്‍ട്ടികള്‍.

ആഗോളീകരണത്തിന്റെയും നവലിബറല്‍ സാമ്പത്തിക ആശയങ്ങളുടെയും പ്രലോഭനങ്ങള്‍ക്ക്‌ ഈ വിപ്ലവകാരികളും വശംവദരായപ്പോള്‍ ജനകീയപ്രശ്നങ്ങളെക്കാള്‍ പാര്‍ട്ടി വളര്‍ത്തുന്നതിലും മൂലധനം സമാഹരിക്കുന്നതിലുമായി ശ്രദ്ധയും ശ്രമവും. ജനവികാരം തമസ്കരിച്ച്‌ അധികാരത്തിന്റെ സുഖലോലുപതയില്‍ വിലസാനുള്ള വലതുപക്ഷ ത്വര ഇന്ന്‌ ഇടതുപക്ഷപാര്‍ട്ടികളിലാണ്‌ പ്രതിഷേധാര്‍ഹമായ രീതിയില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്‌.

അതിന്റെ ഏറ്റവും ദൂഷിതമായ തെളിവാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും സിപിഐയുടെയും ആര്‍എസ്പിയുടെയും ലോക്കല്‍ മുതല്‍ സംസ്ഥാനം വരെയുള്ള സമ്മേളനങ്ങളുടെ പേരില്‍ ഭരണം വിസ്മരിച്ചുകൊണ്ടുള്ള പാര്‍ട്ടി പ്രതിബദ്ധതാ പ്രദര്‍ശനം. സിപിഎമ്മിന്റെയും സിപിഐയുടെയും ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ മന്ത്രിമാരെല്ലാം ആ സമ്മേളനങ്ങളുടെ വിജയത്തിനായി അവരവരുടെ മണ്ഡലങ്ങളിലും അവരെ ഭരമേല്‍പ്പിച്ചിട്ടുള്ള സ്ഥാനങ്ങളിലും അതീവ ശുഷ്കാന്തിയോടെ ഇടപെട്ടുകൊണ്ടിരിക്കുകയാണ.്‌ ഏതാണ്ട്‌ രണ്ടുമാസത്തിലധികമായി, അതുകൊണ്ടുതന്നെ സെക്രട്ടേറിയേറ്റും മന്ത്രാലയങ്ങളും നിശബ്ദവും നിര്‍ജീവവും നിശ്ചലവുമാണ്‌. ഇക്കാര്യം മുമ്പൊരിക്കല്‍ ഈ പംക്തിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്‌.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം കോട്ടയത്ത്‌ ആഘോഷമായി നടക്കുമ്പോള്‍ തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രം തികഞ്ഞ അവശതയില്‍ തളര്‍ന്നുകിടക്കുകയാണ്‌. മന്ത്രിമാര്‍ക്ക്‌ അവരവരുടെ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പോലും സമയം കിട്ടുന്നില്ല. പോളിറ്റ്‌ ബ്യൂറോയില്‍ പങ്കെടുക്കാന്‍ വേണ്ടി മുഖ്യമന്ത്രി പതിവായി നടത്തേണ്ട മന്ത്രിസഭായോഗം നീട്ടിവയ്ക്കുകയോ നേരത്തേ നടത്തുകയോ ചെയ്ത്‌ ഭരണപ്രക്രിയയെ നിശ്ചലമാക്കുന്ന കാഴ്ചയാണ്‌ കേരളത്തില്‍ ഇപ്പോള്‍ കാണാനുള്ളത്‌. എമ്പ്രാനല്‍പ്പം കട്ടുമുടിച്ചാല്‍ അമ്പലവാസികളൊക്കെക്കക്കു'മെന്ന്‌ പറഞ്ഞതുപോലെയാണ്‌ അവസ്ഥ. കേള്‍വിയും കേള്‍പ്പോരുമില്ലാത്ത അവസ്ഥ. നാഥനും നായകനുമില്ലാത്ത അനാസ്ഥ.

ഈ അനാസ്ഥയുടെ ഏറ്റവും ക്രൂരമായ മുഖമാണ്‌ ധനമന്ത്രാലയത്തില്‍ നിന്ന്‌ ദൃശ്യമായിട്ടുള്ളത്‌. വിവിധ വകുപ്പുകള്‍ ആവിഷ്കരിച്ചിട്ടുള്ള ക്ഷേമപദ്ധതികള്‍ വിലയിരുത്താന്‍ പോലും മന്ത്രി തോമസ്‌ ഐസക്കിന്‌ സമയം ലഭിക്കുന്നില്ല. അതിന്റെ ഭീകരമായ തിരിച്ചടി നേരിടുകയാണ്‌ വയനാട്ടിലെ കര്‍ഷകര്‍. കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നും അവരടക്കേണ്ട നാമമാത്രമായ തുക ബാങ്കുകളില്‍ അടച്ചാല്‍ വായ്പയ്ക്ക്‌ ഈടായി നല്‍കിയ ആധാരവും സ്വര്‍ണ്ണാഭരണങ്ങളും അടക്കമുള്ള രേഖകള്‍ തിരിച്ചുനല്‍കുമെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍ കര്‍ഷകര്‍ തങ്ങള്‍ അടച്ചുതീര്‍ക്കേണ്ട തുകയുമായി കഴിഞ്ഞദിവസങ്ങളില്‍ ബാങ്കുകളില്‍ ചെന്നപ്പോള്‍ തികച്ചും നിരാശാജനകമായ അനുഭവമാണ്‌ നേരിടേണ്ടി വന്നത്‌. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തുക ബാങ്കുകളില്‍ എത്തിച്ചേരാത്തതുകൊണ്ട്‌ കര്‍ഷകര്‍ ഈടായി നല്‍കിയ ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ തിരിച്ചുനല്‍കാന്‍ കഴിയുകയില്ല എന്നാണ്‌ ബാങ്ക്‌ അധികൃതര്‍ അറിയിച്ചത്‌. ഇവിടെ ധനമന്ത്രാലയവും സഹകരണ വകുപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനമില്ലായ്മയാണ്‌ വ്യക്തമാകുന്നത്‌.

ഇതിലും ഭീഷണമാണ്‌ സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതി. ഇത്തവണ പൊതുബജ്ജറ്റ്‌ അവതരിപ്പിക്കുകയില്ലെന്നാണ്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌ അറിയിച്ചിട്ടുള്ളത്‌. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കേണ്ടി വന്നതുകൊണ്ട്‌ ബജ്ജറ്റ്‌ തയ്യാറാക്കല്‍ പ്രക്രിയയില്‍ ഇടപെടാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്‌ അതിന്‌ ധനമന്ത്രി നല്‍കിയ വിശദീകരണം. ഒരു സംസ്ഥാനത്തെയും അതിലെ ജനങ്ങളുടെയും നിത്യനിദാന ചെലവ്‌ അടക്കമുള്ള വാര്‍ഷിക പദ്ധതിയുടെ രൂപം നല്‍കേണ്ട വ്യക്തിയാണ്‌ ഇത്തരത്തില്‍ നിസാരമായ ഒരു കാരണം ചൂണ്ടിക്കാട്ടി ഉത്തരവാദിത്തത്തില്‍നിന്ന്‌ ഒഴിഞ്ഞുമാറിയിട്ടുള്ളത്‌. ഈ മന്ത്രി അടക്കമുള്ള ഇടതുപക്ഷമുന്നണിയിലെ മേറ്റ്ല്ലാ മന്ത്രിമാരെയും കഴുതപ്പുറത്തു കയറ്റി നാടുകടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളം പോലൊരു സാക്ഷര സമൂഹത്തോട്‌ ഇത്ര ധാര്‍ഷ്ട്യത്തോടെ പെരുമാറാന്‍ അവസരവും സ്വാതന്ത്ര്യവും അനുവദിച്ചുകൊടുത്ത സമ്മതിദായകരും നികുതിദായകരുമായ നാമൊക്കെത്തന്നെയാണ്‌ കുറ്റക്കാര്‍. എന്തിനു വെറുതെ മന്ത്രിമാരെ കുറ്റപ്പെടുത്തണം.

Monday, February 11, 2008

തെമ്മാടിത്തരത്തിന്‌ ഒരതിരുണ്ട്‌

രാഷ്ട്രീയ ഗുണ്ടായിസത്തിന്റെ പര്യായമായി പലപ്പോഴും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ എതിരാളികള്‍ വിശേഷിപ്പിക്കാറുണ്ട്‌. പ്രത്യേകിച്ച്‌ ഇടതുമുന്നണി അധികാരത്തിലെത്തിക്കഴിയുമ്പോള്‍. മുന്‍പ്‌ ഈ ആരോപണം ഉയര്‍ത്തിയിരുന്നത്‌ ബിജെപിയും ആര്‍എസ്‌എസും അടങ്ങുന്ന വലതുപക്ഷ പാര്‍ട്ടികളും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളുമായിരുന്നുവെങ്കില്‍ സിപിഐ അടക്കമുള്ള ഇടതുമുന്നണിയിലെ ഘടകകക്ഷികളും അതേ അഭിപ്രായം പ്രകടിപ്പിച്ചുതുടങ്ങി. ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ സിപിഐ- സിപിഎം സംഘട്ടനം പതിവുവാര്‍ത്തയായതോടെയാണ്‌ ഗത്യന്തരമില്ലാതെ അവരും ഈ അഭിപ്രായപ്രകടനത്തിന്‌ നിര്‍ബന്ധിതരായത്‌.

എന്നാല്‍ ഞങ്ങള്‍ക്ക്‌ പറയാനുള്ളത്‌ അതല്ല. പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം കാസര്‍കോട്‌ ജില്ലയിലെ ഉദുമയില്‍ നടത്തിയ യോഗത്തിനു നേരെ ഉണ്ടായ മാര്‍ക്സിസ്റ്റ്‌ അക്രമത്തെക്കുറിച്ചാണ്‌. ജില്ലാ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ മാര്‍ക്സിസ്റ്റ്‌ അണികള്‍ പ്രതിപക്ഷനേതാവിന്റെ യോഗം കലക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ പോലീസിന്‌ ഗ്രനേഡ്‌ പ്രയോഗിച്ച്‌ ഇരുകൂട്ടരെയും പിരിച്ചുവിടേണ്ടി വന്നു.

മുഖ്യമന്ത്രിക്ക്‌ തുല്യമായ പദവിയാണ്‌ പ്രതിപക്ഷ നേതാവിന്റേത്‌. സര്‍ക്കാരിന്റെ പരാജയങ്ങള്‍ ചൂണ്ടിക്കാട്ടി ജനങ്ങളെ ഉദ്ബുദ്ധരാക്കാന്‍ പ്രതിപക്ഷ നേതാവ്‌ ബാധ്യസ്ഥനാണ്‌. ഉമ്മന്‍ചാണ്ടി ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്‌. കാരണം യുഡിഎഫ്‌ ജനഹിതമനുസരിച്ചല്ല എന്ന്‌ ബോധ്യപ്പെട്ടപ്പോഴാണ്‌ സമ്മതിദായകര്‍ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്‌. എന്നാല്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണ വേളയില്‍ അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ജനങ്ങള്‍ക്കുനല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നുപോലും പാലിക്കാതെ ഗ്രൂപ്പുവഴക്കിലും അഴിമതിയിലും ആറാടുകയായിരുന്നു കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഈ ഭരണക്കാര്‍. അതുകൊണ്ടുതന്നെ ഭരണത്തിന്റെ സമസ്ത തലത്തിലും തികഞ്ഞ പരാജയമാണ്‌ ഈ സര്‍ക്കാരെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും സര്‍ക്കാരിനെ കൂടുതല്‍ ജാഗ്രത്താക്കുകയും ചെയ്യേണ്ടത്‌ പ്രതിപക്ഷനേതാവിന്റെ കടമയാണ്‌. അദ്ദേഹം ചൂണ്ടിക്കാട്ടുന്ന ഭരണപരാജയ വിഷയങ്ങള്‍ സഹിഷ്ണുതയോടെ സ്വീകരിക്കാനും തിരുത്തലുകള്‍ വരുത്തേണ്ടിടത്ത്‌ അത്‌ വരുത്തുകയും ചെയ്യുമ്പോഴാണ്‌ ജനാധിപത്യം അതിന്റെ പുഷ്കലതയില്‍ എത്തുന്നുന്നതും സഹകരണത്തിലൂന്നിയ രാഷ്ട്രീയ സംസ്കാരം സാര്‍ത്ഥകമാകുന്നതും.

ഇത്‌ തിരിച്ചറിയാനുള്ള രാഷ്ട്രീയബോധം തീര്‍ച്ചയായും മാര്‍ക്സിസ്സ്‌ പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും മറ്റാരെക്കാളുമുണ്ടെന്ന്‌ ഞങ്ങള്‍ക്കറിയാം. എന്നാല്‍ അധികാരത്തിന്റെ മത്തുപിടിക്കുമ്പോള്‍ ഈ ഉത്തരവാദിത്തത്തില്‍നിന്ന്‌, തിരിച്ചറിവില്‍നിന്ന്‌ അവര്‍ അകന്നുപോകുന്നതാണ്‌ പ്രശ്നങ്ങളുടെ ആധാരവും അവയെ വഷളാക്കുന്ന ചോദനയും.

ഉമ്മന്‍ചാണ്ടിയും എകെ ആന്റണിയും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാരിന്റെ വീഴ്ചകളെ എത്ര കഠിനമായിട്ടാണ്‌ അന്ന്‌ പ്രതിപക്ഷനേതാവായിരുന്ന വിഎസ്‌ അച്യുതാനന്ദനും പ്രതിപക്ഷ പാര്‍ട്ടികളും ആക്രമിച്ചിരുന്നത്‌. അന്നൊന്നും ഒരു യുഡിഎഫ്‌ പ്രവര്‍ത്തകനും ഇവരുടെ യോഗങ്ങള്‍ അലങ്കോലപ്പെടുത്താന്‍ ചെറു വിരല്‍പോലും അനക്കിയിട്ടില്ല. ഇന്ന്‌ ഉമ്മന്‍ചാണ്ടി പ്രകടിപ്പിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങളും അവ ജനങ്ങളിലെത്തിക്കാനുപയോഗിക്കുന്ന വാക്കുകളും എത്രയോ നിരുപദ്രവകരങ്ങളാണ്‌. എന്നിട്ടും അത്‌ സഹിക്കാനുള്ള മനസാന്നിദ്ധ്യം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും ഇല്ലാതെ പോകുമ്പോള്‍ തീര്‍ച്ചയായും മുമ്പ്‌ വലതുപക്ഷപാര്‍ട്ടികളും മാധ്യമങ്ങളും ഉയര്‍ത്തിയിരുന്ന ആരോപണങ്ങള്‍ ശരിയാണെന്ന്‌ തെളിയിക്കപ്പെടുകയാണ്‌.

എതിരാളികളെ ആശയപരമായി നേരിടുമ്പോഴാണ്‌ ജനാധിപത്യ രാഷ്ട്രീയ പ്രവര്‍ത്തനം സത്ക്രിയമാകുന്നത്‌. ഇടപെടലുകളും നേരിടലുകളും കായികമാകുമ്പോള്‍ അത്‌ ഭീഷണവും ഭീകരവുമാകും. ഈ ദുര്‍വിധിയില്‍നിന്നും കണ്ണൂര്‍ ഇനിയും മോചിതമായിട്ടില്ലെന്നോര്‍ക്കണം. വെട്ടിയും കുത്തിയും അരിഞ്ഞുവീഴ്ത്തിയും എതിരാളിക്കുമേല്‍ വിജയം ആഘോഷിക്കുമ്പോള്‍ അതേ അനുഭവമാണ്‌ തൊട്ടടുത്ത്‌ വിജയശ്രീലാളിതര്‍ക്കും ഉള്ളതെന്ന്‌ കാലമെത്രയോ തവണ തെളിയിച്ചിട്ടുള്ളതാണ്‌. എന്നിട്ടും പാഠം പഠിക്കാന്‍ നേതാക്കളും അണികളും തയ്യാറാകാത്തത്‌ കേരളത്തിന്റെ ദുര്‍വിധിയാണെന്നല്ലാതെ എന്തുപറയാന്‍.

രാഷ്ട്രീയ അസഹിഷ്ണുതയുടെ കാര്യത്തില്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിക്ക്‌ ഒപ്പം നില്‍ക്കുന്നവരാണ്‌ ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സെന്ന്‌ കഴിഞ്ഞദിവസം ആലുവായിലുണ്ടായ അനുഭവം വ്യക്തമാക്കുന്നു. ഒരു പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പിന്റെ തെരഞ്ഞൈടുപ്പ്‌ പ്രചാരണത്തിനെത്തിയ എംഎല്‍എയെയാണ്‌ കോണ്‍ഗ്രസ്സുകാര്‍ ആക്രമിച്ചത്‌. ഇതുമൂലമുണ്ടായ ഹര്‍ത്താലും തുടര്‍ന്നുണ്ടായ ആക്രമണങ്ങളും ആലുവാ നിവാസികള്‍ക്കും പൊതുസമൂഹത്തിനും വരുത്തിവച്ച നഷ്ടങ്ങള്‍ അപരിഹാര്യമാണ്‌.

ഇതിന്‌ സമാനമായ ഗുണ്ടായിസമാണ്‌ കഴിഞ്ഞയാഴ്ച പാലക്കാട്‌ ബിജെപിയുടെ ഹര്‍ത്താലില്‍ സംഭവിച്ചതും. ബിജെപി അനുകൂലികളുടെ കല്ലേറില്‍ നിരപരാധിയായ ഒരു ലോറി ഡ്രൈവറുടെ കണ്ണ്‌ തകര്‍ന്നപ്പോള്‍ ആര്‍ക്കാണ്‌ നേട്ടമുണ്ടായത്‌. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരാണ്‌ കേരളീയര്‍. എന്നാല്‍ ഈ പാര്‍ട്ടി നേതാക്കളുടെയും അണികളുടെയും തെമ്മാടിത്തരത്തെ ഒരിക്കലും ആരും അംഗീകരിക്കുന്നില്ല എന്ന്‌ ഇവരെല്ലാം ഇനി എന്നാണ്‌ മനസിലാക്കുക.